പുരാവൃത്ത പരാമർശങ്ങൾ മാത്രം ഉദാത്തമായിത്തീരുന്ന വർത്തമാനരാഷ്ടീയ സന്ദർഭങ്ങളിൽ ജീവിതം ചിതറിപ്പോകുന്നു. സങ്കല്പങ്ങളും യാഥാർത്ഥ്യങ്ങളും ഏറ്റുമുട്ടി രക്തം ഒഴുകുന്ന വ്യക്തി മനസ്സുകൾ… സന്ധ്യാപ്രദീപിൻ്റെ കവിത.
വൃത്തമെത്താത്ത കവിത
വിവർത്തനം ചെയ്ത് ആത്മാവ് നഷ്ടപ്പെട്ടുപോയൊരു കവിതയാണ് ദാമ്പത്യം.
വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ചു മടുത്തു പോയൊരു കാവ്യം.
കാരണങ്ങൾ നിരത്തിയും കണക്കുകൾ പറഞ്ഞും കാവ്യഗുണം കൈമോശം വന്ന് സൗന്ദര്യം ചോർന്നു പോയ വരികൾ,
മാസാദ്യലിസ്റ്റിലെ വീട്ടുസാമാന പേരിലൊടുങ്ങുന്ന പ്രണയാക്ഷരങ്ങൾ,
ഇഴയടുപ്പമില്ലാതെ ഭാവം മറന്ന് കൂടിച്ചേർന്നു നിൽക്കുന്ന അർഥം മരിച്ച വാക്കുകൾ,
പരസ്പരം ദംഷ്ട്രകാണിച്ചു ഭയപ്പെടുത്തുന്ന ചിഹ്നങ്ങൾ,
അർദ്ധവിരാമങ്ങളിൽ തുടർച്ച നഷ്ടപ്പെടുന്ന ആശയങ്ങൾ,
പുരാവൃത്ത പരാമർശങ്ങളിൽ മാത്രം അഭിരമിക്കും അലങ്കാരങ്ങൾ,
സ്വന്തം ശരികൾ മാത്രം അളന്നു തിട്ടപ്പെടുത്തുന്ന ഛന്ദസുകൾ,
എന്നിട്ടും വൃത്തം മാത്രമൊപ്പിച്ച് ഇനിയുമീ കവിത പൂർത്തിയാക്കാൻ നാമിനി എത്ര ഖണ്ഡങ്ങൾ കൂടി തുടരണം??
സന്ധ്യാ പ്രദീപ്
ഹയർ സെക്കൻ്ററി ഭൗതിക ശാസ്ത്രം അധ്യാപിക, ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മാരായമുട്ടം, നെയ്യാറ്റിൻകര