സാഹിത്യപഠനം
എൻസൈക്ലോപീഡിയ എന്നാണ് എസ്.ഗുപ്തൻനായർ കേസരി എ.ബാലകൃഷ്ണപിള്ളയെ വിശേഷിപ്പിച്ചത്. ഇതിൽ ഒരു ലളിതവൽക്കരണമുണ്ട്. നിർമമതയോടെ വിവരങ്ങൾ കൈമാറുന്ന ഒരു വിക്കിപീഡിയ ആയിരുന്നില്ല കേസരി. മറിച്ച്, താൻ ആർത്തിയോടെ സമാർജ്ജിച്ച വസ്തുതകൾ തീവ്രമായ മനുഷ്യസ്നേഹത്തോടെ വിശകലനം ചെയ്യുകയും അതുവഴി പുതിയ അറിവു നിർമ്മിക്കുകയും ചെയ്തു കൊണ്ട് നിലവിലെ യാഥാസ്ഥിതിക പൊതുബോധത്തെയും അധികാരവ്യവസ്ഥയെയും പ്രകോപിപ്പിക്കുകയും പുതിയ കാലത്തിൻ്റെ വഴിവെട്ടുകയും ചെയ്ത പ്രവാചകൻ ആയിരുന്നു.രാജ്യസ്നേഹിയായ പത്രാധിപര്‍, വിശ്വസാഹിത്യത്തിലെ നവീനപ്രവണതകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിത്തന്ന വിമര്‍ശകന്‍, തന്‍റേതായ ഗവേഷണപദ്ധതിയിലൂടെ പുതിയ ചരിത്രം സൃഷ്ടിച്ച ചരിത്രകാരന്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുണ്ട്. ചരിത്രം, പുരാവസ്തുവിജ്ഞാനീയം, നരവംശശാസ്ത്രം വിശേഷിച്ച് സാമൂഹികനരവംശശാസ്ത്രം, രാഷ്ട്രതന്ത്രം, ഹസ്തരേഖാശാസ്ത്രം, ജ്യോതിശാസ്ത്രം, സാമൂഹിക മനഃശാസ്ത്രം, സാമൂഹികവിജ്ഞാനം, വൈദ്യവിജ്ഞാനം, നിയമം, ഭാഷാശാസ്ത്രം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കേസരിയുടെ വിജ്ഞാനമണ്ഡലം വ്യാപിച്ചുകിടക്കുന്നു. ഇവിടെയെല്ലാം ആ പ്രവാചകത്വവും അലിഞ്ഞുചേർന്നിരിക്കുന്നു.
കുറ്റിപ്പുഴയുടെ അഭിപ്രായത്തില്‍, 'പഠിക്കാനും ചിന്തിക്കാനുമുള്ള ഒരു ഗഹനവിഷയമാണ് കേസരി'. കേസരിയുടെ കൂടെ എന്ന പുസ്തകത്തില്‍ എം. അച്ചുതന്‍ പറയുന്നത്, "ഏതാനും വരികളിലൂടെ ആ വ്യക്തിത്വത്തിന്‍റെ സിദ്ധികളെല്ലാം വരച്ചുകാണിക്കാമെന്ന് വിചാരിക്കുന്നത് ഇരമ്പിയടിക്കുന്ന സമുദ്രത്തെ കൈക്കുള്ളിലൊതുക്കി നിര്‍ത്താമെന്നു വ്യാമോഹിക്കുന്നതുപോലെയാണ്" എന്നാണ്. ഇത് മനസ്സിലാക്കി എം. അച്യുതന്‍ സായന്തനവേളകളില്‍ കേസരിയുടെ വീട്ടിലെത്തി അദ്ദേഹത്തിൽ നിന്നും അറിവുകള്‍ സ്വീകരിച്ചിരുന്നു. അത് തന്റെ ദിനചര്യയുടെ തന്നെ ഭാഗമായിരുന്നതായി എം. അച്യുതൻ പറയുന്നു. കേസരി ഒരു ജീവിതരേഖ എന്ന പുസ്തകത്തില്‍ പറവൂര്‍ ശിവന്‍ ആമുഖത്തിനു ശേഷം 'അല്‍പം സ്വകാര്യം' എന്ന തലക്കെട്ടില്‍ കേസരി തന്നെക്കുറിച്ചുതന്നെ പറഞ്ഞ ഒരു വാചകം ചേര്‍ക്കുന്നു; "എന്‍റെ മരണശേഷമേ ആളുകള്‍ എന്നെപ്പറ്റി അറിഞ്ഞുതുടങ്ങൂ. മരിച്ച് മൂന്നു വ്യാഴവട്ടം കഴിയുമ്പോള്‍ മികവുകളെക്കുറിച്ച് കുറേശ്ശെ ശ്രദ്ധിക്കാന്‍ ആരംഭിക്കും. അമ്പതു വര്‍ഷമാകുമ്പോഴേക്കും പ്രശസ്തന്‍".വെളുപ്പിന് അഞ്ചരമണിയോടുകൂടി ഉറക്കമുണര്‍ന്നു ഒരു സന്യാസിയെപ്പോലെ ബാഹ്യസുഖങ്ങള്‍ വെടിഞ്ഞ് പൊതുസ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി പറവൂരിലെ ചെറിയ വീട്ടില്‍ കിടക്കയും മരുന്നു കുപ്പികളുമായി മാറാരോഗങ്ങളോട് മല്ലിട്ട് അരക്കയ്യന്‍ ഷര്‍ട്ടും ചരടിട്ടുകെട്ടിയിരിക്കുന്ന പഴയ കണ്ണടയും ആസ്മയിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായം എന്ന നിലയ്ക്കു വളര്‍ത്തിയ നീണ്ട താടിയുമായി, ഞാനില്ലാതായാലും ഈ ഗവേഷണങ്ങളിലൂടെ എനിക്ക് ജീവിക്കണം എന്ന് സ്വപ്നം കണ്ട് കഷ്ടിച്ച് അഞ്ച് മണിക്കൂര്‍ മാത്രം ഉറങ്ങി ബാക്കി സമയം തന്‍റെ പഠനമനനങ്ങളിലൂടെ ഗവേഷണരചനയില്‍ ഏര്‍പ്പെട്ടിരുന്ന ആ മനുഷ്യൻ നമ്മെ ഇന്നും പ്രകോപിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
തിരുവനന്തപും വിമന്‍സ് കോളേജില്‍ ചരിത്രാധ്യാപകനായിരുന്ന അദ്ദേഹം അവിടെ നിന്ന് പിരിഞ്ഞത് പത്രപ്രവർത്തനത്തോടുള്ള അതിയായ താല്പര്യംകൊണ്ടായിരുന്നു. സ്വര്‍ണ്ണമെഡല്‍ നേടി നിയമബിരുദം നേടിയ അദ്ദേഹം ഹൈക്കോടതി വക്കീലായി. 1922 ല്‍ അന്ന് ഹൈക്കോര്‍ട്ടു വക്കീലായിരുന്ന സമയം അദ്ദേഹം സമദര്‍ശിയുടെ പത്രാധിപത്യം ഏറ്റെടുത്തു. ബി.എല്‍. ബിരുദധാരിയായ ഒരു വക്കീല്‍ മാന്യമായി കരുതപ്പെട്ടിരുന്ന ആ തൊഴില്‍ ഉപേക്ഷിച്ച് പത്രാധിപസ്ഥാനം സ്വീകരിക്കുന്നത് അന്നത്തെ തിരുവിതാംകൂറില്‍ ഒരപൂര്‍വ്വമായ സംഭവമായിരുന്നു. 100 രൂപയെങ്കിലും കിട്ടാതെ ജോലി സ്വീകരിക്കരുതെന്ന് ടി. കെ. വേലുപ്പിള്ളയെപ്പോലുള്ള വക്കീല്‍സുഹൃത്തുക്കള്‍ ഉപദേശിച്ചത് ബാലകൃഷ്ണപിള്ള വകവച്ചില്ല. അങ്ങനെ അദ്ദേഹം സമദര്‍ശിയുടെ പത്രാധിപരായി. എല്ലാ വിഷയങ്ങള്‍ക്കും ആനുപാതികമായ സ്ഥാനം നല്‍കുന്ന ധൈഷണിക പ്രസിദ്ധീകരണമായിരുന്നു സമദർശി. സമകാലികസംഭവങ്ങളെ വിമര്‍ശിക്കുമ്പോള്‍ ചിന്താപരമായ ഉയര്‍ന്നനിലവാരം പുലര്‍ത്താന്‍ കേസരി എപ്പോഴും ശ്രദ്ധിച്ചിരുന്നു. ലോകസംഭവങ്ങളുടെ പുരോഗതി ഏതുവഴിക്കെന്നു കണ്ടറിയാനുള്ള കഴിവ് കേസരിക്കുണ്ടായിരുന്നു. രാഷ്ട്രീയസംഭവങ്ങളുടെ നിരീക്ഷണത്തിനിടയില്‍ ഒരു പരിഷത് വാര്‍ഷികമോ യുവജനസാഹിത്യസമ്മേളനമോ നടക്കുന്ന സന്ദര്‍ഭമാണെങ്കില്‍ അവയുടെ നയപരിപാടികളെപ്പറ്റി സ്വാധികാരബോധത്തോടെ അദ്ദേഹം മുഖപ്രസംഗമെഴുതും. സ്വന്തം ഉത്തരവാദിത്വത്തില്‍ ഒരാള്‍ പത്രാധിപരാകുമ്പോള്‍ അയാളുടെ പത്രത്തിന് എഡിറ്ററുടെ മുദ്ര ഉണ്ടായിരിക്കണമെന്ന് പത്രം തുടങ്ങുന്ന ഒരു യുവപത്രാധിപര്‍ക്ക് അദ്ദേഹം എഴുതിയയച്ചു. പത്രാധിപമുദ്രയില്ലാത്ത ഒരുലക്കം പോലും ബാലകൃഷ്ണപിള്ള പുറപ്പെടുവിച്ചിട്ടില്ല എന്നതാണ് അലപായുസ്സുകളായ ആ പത്രങ്ങള്‍ക്ക് നാം കല്‍പ്പിക്കുന്ന വലിയ വില.
കേസരി പത്രം വിദൂരമായ ഒരു മധുരസ്മരണയായിരുന്നപ്പോഴും 'കേസരി പത്രാധിപര്‍' എന്നെഴുതി ഒപ്പിടുന്നതില്‍ എ. ബാലകൃഷ്ണപിള്ള വലിയ സംതൃപ്തി അനുഭവിച്ചിരുന്നു. ഒരു പ്രൗഢപ്രബന്ധം രചിക്കുന്ന തയ്യാറെടുപ്പോടുകൂടി പ്രസക്തമായ ഉദ്ധരണികളും സ്ഥിതിവിവരക്കണക്കുകളും എല്ലാം ചേര്‍ത്ത് പ്രതിപത്തിയോടുകൂടിയാണ് അദ്ദേഹം എഴുതിയത്. അനുവാചകരെ ആവേശഭരിതരാക്കുകയല്ല വിജ്ഞാനധനികരാക്കുകയാണ് അദ്ദേഹം ചെയ്തുപോന്നത്. ഒന്നിലധികം ലക്കങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ദീര്‍ഘ മുഖപ്രസംഗങ്ങള്‍ ഇടയ്ക്കിടെയുണ്ടാകും. കൂടാതെ ഹ്രസ്വങ്ങളായ ഉപമുഖപ്രസംഗങ്ങളും ഉണ്ടാകും. വാര്‍ത്താവിതരണത്തെക്കാള്‍ വാര്‍ത്താവിശകലനത്തിന് പ്രാധാന്യം നല്‍കുന്ന ഫ്രഞ്ച് പത്രപ്രവര്‍ത്തനരീതിയാണ് കേസരി സ്വീകരിച്ചത്. ലഭിക്കുന്ന വാര്‍ത്തയുടെ പൊരുള്‍ അന്വേഷിക്കുന്നതിലൂടെ വിമര്‍ശനാത്മകചിന്തയ്ക്ക് വിത്തു പാകുകയാണ് ചെയ്യുന്നത്. പറവൂര്‍ ശിവന്‍ എഴുതിയ കേസരി ഒരു ജീവിതരേഖ എന്ന പുസ്തകത്തില്‍ സമദര്‍ശിയെക്കുറിച്ച് പറയുന്നത്, "സമദര്‍ശിയിലെ മുഖലേഖനങ്ങളില്‍ നിര്‍ഭയനും രാഷ്ട്രമീമാംസകനുമായ പത്രപ്രവര്‍ത്തകനെ കേരളം ദര്‍ശിച്ചു. തുടക്കംകൊണ്ടുതന്നെ അനുവാചകര്‍ക്ക് ഷോക്കേറ്റ അനുഭവം. അക്കാലത്ത് മിതാഹാരങ്ങള്‍ മാത്രം കണ്ടു ശീലിച്ചിരുന്ന അവര്‍ക്ക് വാക്കുകള്‍ ആഴത്തില്‍ പൊള്ളിപ്പിക്കുമെന്നുള്ളത് ഒരു പുത്തന്‍ അനുഭവമായിരുന്നു" എന്നായിരുന്നു. നിശ്ചലവും അചിന്തവുമായി കിടന്ന ഹൃദയങ്ങളിലേക്ക് അവ ആവേശവും ഉന്മേഷവും പകര്‍ന്നുകൊണ്ടിരുന്നു. ഭരണരംഗത്തെ അഴിമതികള്‍ക്കും നയവൈകല്യങ്ങള്‍ക്കുമെതിരെ പോരാടാനും ഭരണനേതൃത്വത്തെ വിമര്‍ശിക്കാനും അല്‍പംപോലും മടികാട്ടാതിരുന്ന ബാലകൃഷ്ണപിള്ളയിലെ പൗരന്‍ സമദര്‍ശി എന്ന പത്രത്തിന്‍റെ പത്രാധിപപദവിയിലൂടെ ലക്ഷ്യം നേടി. സമദര്‍ശി പത്രത്തിലൂടെ തിരുവിതാംകൂര്‍ പത്രപ്രവര്‍ത്തനറെഗുലേഷനെതിരെ മുഖപ്രസംഗമെഴുതുകയും അത് പത്രമുടമയുടെ അനിഷ്ടത്തിനു കാരണമാവുകയും ചെയ്തു. ആ പദവി വിട്ട് സ്വതന്ത്രനായ കേസരി പ്രബോധകന്‍ എന്നൊരു വാരിക തുടങ്ങി. പ്രബോധകന്‍റെ ഗതിയും മറ്റൊന്നായിരുന്നില്ല. കേസരി പത്രത്തിന്‍റെ ലൈസന്‍സ് സമ്പാദിച്ച് അതിന്‍റെ പുനഃപ്രസിദ്ധീകരണമാരംഭിച്ച ബാലകൃഷ്ണപിള്ള രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക രംഗങ്ങള്‍ക്ക് പുതിയ ഉണര്‍വു പകര്‍ന്നെങ്കിലും അതധികകാലം തുടരാനായില്ല. എ. ബാലകൃഷ്ണപിള്ളയുടെ കേസരിയുടെ മുഖപ്രസംഗങ്ങൾ എന്ന പുസ്തകത്തിന്‍റെ പ്രസ്താവനയില്‍ കേസരിയുടെ ഭാര്യ ഗൗരി ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്‍റെ പത്രപ്രവര്‍ത്തനത്തെക്കുറിച്ച്, "മരണശയ്യയില്‍ കിടക്കുമ്പോഴും ഒപ്പിടുമ്പോള്‍ എഡിറ്റര്‍ കേസരി എന്ന പ്രയോഗം ഉപേക്ഷിച്ചിരുന്നില്ല. അത്രമാത്രം അതുമായി താദാത്മ്യം പ്രാപിച്ചു പോയിരുന്നു. പത്രം നടത്തിയ വകയിലുണ്ടായ കടംവീട്ടുന്നതിനായി പ്രസ്സും സാമഗ്രികളും വില്‍ക്കുകയും അതും മതിയാകാഞ്ഞിട്ട് അദ്ദേഹത്തിനു ചെറുപ്പം മുതല്‍ ഉപയോഗിച്ചുവന്നിരുന്ന മേശ, കസേര, അലമാര തുടങ്ങിയ വസ്തുക്കളും ഉപേക്ഷിക്കേണ്ടി വന്നു." എന്ന് രേഖപ്പെടുത്തുന്നു.
ക്രാന്തദർശിയായ ഒരു സാമൂഹികവിമർശകൻ്റെ സാന്നിധ്യം കേസരിയുടെ എഴുത്തിലുണ്ടായിരുന്നു. 1930 ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ 'തിരുവിതാംകൂറിലെ ജനസംഖ്യാപ്രശ്നം' എന്നൊരു നീണ്ട മുഖപ്രസംഗം രണ്ടു ലക്കങ്ങളിലായി അദ്ദേഹം എഴുതി. 'സംഗതികള്‍ ഇതേ രീതിയില്‍ തുടര്‍ന്നു പോകുകയാണെങ്കില്‍ നാല്‍പതുകൊല്ലം കഴിയുമ്പോള്‍ തിരുവിതാംകൂറിലെ ജനസംഖ്യ ഒരു കോടിയാകുമെന്നും അത് ഭീകരമായ ഒരവസ്ഥ സൃഷ്ടിക്കു'മെന്നും പറഞ്ഞുകൊണ്ട് ജനസംഖ്യാവര്‍ദ്ധനവിന്‍റെ ശാസ്ത്രീയവശങ്ങളിലേക്കു കേസരി കടക്കുന്നു. 'സന്താനനിയന്ത്രണം നിര്‍ബന്ധമാക്കണമെന്നും ഒരു കുടുംബത്തിനു ശരാശരി രണ്ടു സന്താനത്തിലധികം പാടില്ലായെന്നും ഇതിനു തയ്യാറാകുന്നവര്‍ക്ക് പ്രത്യേക സൗജന്യങ്ങള്‍ അനുവദിക്കണ'മെന്നും എല്ലാം കേസരി അതിശക്തമായി വാദിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി കാല്‍നൂറ്റാണ്ടു കഴിഞ്ഞിട്ടാണ് 'നാം രണ്ട് നമുക്ക് രണ്ട് ' എന്ന മുദ്രാവാക്യം ഇവിടെ പ്രചരിപ്പിച്ചു തുടങ്ങിയത്. 1933 ഫെബ്രുവരി 15 ന് കേസരിയില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു, "ജനസംഖ്യ വര്‍ദ്ധിക്കുന്നതുകൊണ്ടു പേടിക്കാനൊന്നുമില്ല. ദൈവം വാ കീറിയിട്ടുണ്ടെങ്കില്‍ ഇരയും കല്പിച്ചിട്ടുണ്ട് എന്ന് വാദിക്കുന്ന മതവിശ്വാസികളുണ്ടെങ്കിലും ഒരു ഗവണ്‍മെന്‍റിന് ഈ മനഃസ്ഥിതി ഒരിക്കലും യോജിച്ചിരിക്കുന്നതല്ല. ജനസംഖ്യാവര്‍ദ്ധനവ് എന്ന രോഗം ഭയങ്കരമായി ഇവിടെ ബാധിച്ചിരിക്കുന്നതിനാല്‍ കഠിനമായ ഔഷധപ്രയോഗം തന്നെ ഇവിടെ ഗവണ്‍മെന്‍റ് ചെയ്യേണ്ടിയിരിക്കുന്നു".
കലയെ സംബന്ധിച്ചിടത്തോളം ഒരു ലിബറല്‍ മനോഭാവമാണ് കേസരി വച്ചുപുലര്‍ത്തിയിരുന്നത്. യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകതയെ ഊന്നിപറഞ്ഞു. സാഹിത്യത്തില്‍ നല്ലത്, മോശം എന്നിങ്ങനെ അതിര്‍വരമ്പുകള്‍ കല്പിക്കുന്നതിനെതിരെ കേസരി ശബ്ദമുയര്‍ത്തി. ബഷീര്‍കൃതികളെ ഗുപ്തനായരെ പോലുള്ള നിരൂപകര്‍ വിമര്‍ശിച്ചപ്പോള്‍ 'ബഷീറിനെ വിഴുങ്ങിയ തിമിംഗലത്തിന്‍റെ വായ് വലുതായിരുന്നു'വെന്ന് പറഞ്ഞ് അനുഭവസമ്പന്നമായ ബഷീര്‍കൃതികളെ അദ്ദേഹം പ്രശംസിച്ചു. മലയാളസാഹിത്യത്തിലെ എക്കാലത്തെയും അതുല്യ പ്രതിഭകളായ കവികളായി നമ്പ്യാരെയും ചങ്ങമ്പുഴയെയും കേസരി വിലയിരുത്തി. മലയാളികളുടെ നരവംശപ്രകൃതത്തില്‍ നാല് അടിസ്ഥാനഘട്ടങ്ങള്‍ ഉണ്ട്. 1. വിഷാദാത്മകം 2. സംഗീതപ്രിയത്വം 3. ചടുലത 4. ഫലിതബോധം. ആദ്യത്തെ മൂന്നെണ്ണം ചങ്ങമ്പുഴയിലും സംഗീതപ്രിയത്വവും ചടുലതയും ഫലിതബോധവും നമ്പ്യാരിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് കേസരി പറയുന്നു.
തിരുവനന്തപുരത്തുള്ള ഇപ്പോഴത്തെ കേസരി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ചെറിയ മുറിയില്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ താമസം. അവിടെ വച്ച് അദ്ദേഹം നടത്തിയിരുന്ന ഒരു സദസ്സുണ്ടായിരുന്നു. ഒട്ടുമിക്ക സാംസ്കാരിക നായകന്മാരും ഈ സദസ്സില്‍ എത്തുകയും സര്‍ഗ്ഗാത്മകസംവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. അങ്ങനെ 'പുളിമൂട്ടിലെ സന്യാസി' എന്ന അപരനാമത്തില്‍ കേസരി അറിയപ്പെട്ടു. കേസരി സദസ്സില്‍ അംഗമായിരുന്ന പി. ശ്രീധരന്‍പിള്ളയുടെ (സീതാരാമന്‍) പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം. "ചില സായാഹ്നങ്ങളില്‍ സദസ്സ് അംഗസംഖ്യയാല്‍ പീനവും വാദകോലാഹലങ്ങളില്‍ മുഖരിതവുമായിരിക്കും. ആള്‍ പെരുകുന്ന അവസരങ്ങളില്‍ പിള്ള അധികം സംസാരിക്കാറില്ല. വാദത്തിനായോ പര്യാലോചനയ്ക്കായോ എന്തെങ്കിലുമൊരു വിഷയമവതരിപ്പിച്ചിട്ട് മറ്റുള്ളവര്‍ അതിനെ ആസ്പദമാക്കി കടിപിടികൂടുന്ന വാദങ്ങള്‍ കേട്ടു രസിച്ചുകൊണ്ടിരിക്കും. മറ്റുചില അവസരങ്ങളില്‍ ഒരു തത്വത്തെയോ പ്രസ്ഥാനത്തെയോ പ്രമാണമാക്കി സദസ്യരുടെ ഏതു സംശയങ്ങളും ആവുംവിധം തീര്‍ത്തുകൊടുക്കുന്നതിന് അദ്ദേഹം എപ്പോഴും സന്നദ്ധനായിരിക്കും. സാഹിത്യം, കല, രാജകാര്യം, സമുദായം, നരവംശം ശാസ്ത്രം, മനഃശാസ്ത്രം, ജ്യോതിഷം, സയന്‍സ് എന്നിങ്ങനെ സദസ്സിന്‍റെ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വിഷയമാകാത്ത വിജ്ഞാനകോടികള്‍ യാതൊന്നുമുണ്ടായിരുന്നില്ല." വൈകുന്നേരങ്ങളില്‍ അഞ്ചു മണിക്കാരംഭിച്ച് എട്ടോ ഒമ്പതോ മണിവരെ നീണ്ടുനില്‍ക്കുന്ന സമ്മേളനങ്ങളായിരുന്നു ഇതെല്ലാം. ഡോ. ഡി. ബഞ്ചമിന്‍റെ വാക്കുകളില്‍ 'ആകാശത്തിനു താഴെ ഭൂമിക്കു മുകളിലുള്ള എല്ലാം കേസരിസദസ്സിനു വിഷയമായിരുന്നു.'
കേസരിയുടെ മുന്നില്‍ ഒരു നവലോകസങ്കല്‍പ്പമുണ്ടായിരുന്നു. ആ നവലോകം നിര്‍മ്മിക്കുന്നതിന് പരിശ്രമിക്കുന്ന പലരില്‍ ഒരാളാണ് അദ്ദേഹത്തിന്‍റെ സങ്കല്‍പ്പത്തില്‍, സാഹിത്യകാരന്‍. നവലോകം എന്ന പുസ്തകത്തിന്‍റെ ഒന്നാം പതിപ്പിന്‍റെ മുഖവുരയില്‍ കേസരി ബാലകൃഷ്ണപിള്ള എഴുതുന്നു, 'ഇന്ന് സൃഷ്ടിയിലിരിക്കുന്ന നവലോകത്തിന്‍റെ രൂപവല്‍ക്കരണത്തില്‍ കലയ്ക്ക് പല വിലയേറിയ സഹായങ്ങള്‍ ചെയ്യുവാന്‍ കഴിയും.' ഈ നവലോകത്തിന്‍റെ സൃഷ്ടിയില്‍ പാശ്ചാത്യകലാലോകം എന്തെല്ലാം ചെയ്തെന്നു കേരളീയര്‍ മനസ്സിലാക്കിയാല്‍ മാത്രമേ അവര്‍ക്കും അതിനെ യഥാശക്തി സഹായിക്കാന്‍ സാധിക്കുകയുള്ളൂ. കല ഭാരതീയരുടെ ജീവിതത്തില്‍ സജീവവും മാര്‍ഗ്ഗദര്‍ശകവുമായി പ്രവര്‍ത്തിക്കണമെങ്കില്‍ അവരുടെ ജാത്യാലുള്ള സ്വഭാവമായ ആദ്ധ്യാത്മിക പ്രതിപത്തിയില്‍ നിന്നും അതിനെ വളര്‍ത്തിക്കൊണ്ടു പോകുന്ന റൊമാന്‍റിക്, മിസ്റ്റിക് എന്നീ പ്രസ്ഥാനങ്ങളില്‍ നിന്നും അവര്‍ക്ക് മുക്തി നേടിക്കൊടുത്തേ മതിയാകൂ എന്ന നിലപാടാണ് കേസരിക്കുണ്ടായിരുന്നത്.
നവലോകത്തില്‍ കേസരി വിശ്വമാനവസങ്കല്‍പ്പമാണ് അവതരിപ്പിച്ചത്. ഭാഷാവൈവിധ്യംമൂലം വിശ്വസാഹിത്യമെന്ന സങ്കല്പം സാക്ഷാൽകരിക്കപ്പെട്ടിട്ടില്ലെങ്കിലും സര്‍വ്വസാഹിത്യസൃഷ്ടിയും അവ ഗദ്യത്തിലായാലും പദ്യത്തിലായാലും മനുഷ്യരുടെ വികാരങ്ങളുടെയും ചിന്തകളുടെയും ആദര്‍ശങ്ങളുടെയും ഐക്യമാണ് കാണിക്കുന്നത്. വര്‍ഗ്ഗങ്ങളും രാജ്യങ്ങളും ജാതികളും മതങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളെ ഇല്ലാതാക്കി സാഹിത്യം മനുഷ്യരെ ആത്മപോഷണം എന്ന ജീവിതദര്‍ശനത്തിലേക്ക് നയിക്കുന്നു. മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും ഭിന്നിപ്പിക്കുന്നവരെ സാഹിത്യം ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. വള്ളത്തോള്‍ ഖദര്‍ ധരിച്ച് കലാമണ്ഡലത്തിന്‍റെ പിരിവിനിറങ്ങിയപ്പോള്‍ 'ഖദര്‍ ദേശീയതയുടെ വസ്ത്രമാണ് കലകള്‍ക്ക് ദേശീയത ഇല്ലാ'യെന്ന് കേസരി പറയുകയുണ്ടായി. കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ എം.എന്‍. വിജയന്‍ പറയുന്നത് "പുതിയതായ ഏകലോകത്തിലേക്ക് മനുഷ്യവര്‍ഗ്ഗത്തിന്‍റെ കണ്ണുതുറപ്പിക്കുവാന്‍ നിയുക്തനായ ഒരാള്‍ താനാണെന്നു കേസരി വിചാരിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. കേസരിയുടെ ജീവിതത്തിലെ മിശിഹാതത്വം എന്നതിനെ വിളിക്കാം" എന്നാണ്. ഈ മിശിഹാതത്വം നിറവേറ്റുന്നതിനായി അദ്ദേഹം ബലിയായി നല്‍കിയത് സ്വന്തം ജീവിതം തന്നെയായിരുന്നു. 'ഈ ലോകത്തെ മുഴുവനായി സ്നേഹിച്ചതു കൊണ്ട് എന്‍റെ ഭാര്യയെയോ കുഞ്ഞിനെയോ പ്രത്യേകമായി സ്നേഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല' എന്ന് വിലപിക്കുന്ന ഒരു മനുഷ്യനും കേസരിയുടെ ഉള്ളിലുണ്ടായിരുന്നു. കേസരിയുടെ 37-ാം പിറന്നാളിന്‍റെ തലേ ദിവസം തന്‍റെ ഏകമകള്‍ ശാരദ മരിക്കുന്നു. "എന്‍റെ മകളെ ഞാന്‍ നിറഞ്ഞ ഹൃദയത്തോടെ ആദ്യമായി ചുംബിച്ചത് അവളുടെ തണുത്ത് മരവിച്ച ശരീരത്തിലാണ്." എന്നു കേസരി പറയുന്നു.
കേസരിയുടെ കൂടെ എന്ന എം.അച്യുതന്‍റെ പുസ്തകത്തില്‍ കേസരിയുടെ ഭാര്യ ഗൗരിയെക്കുറിച്ച് ഇപ്രകാരം പറയുന്നു, "ശ്രീ. ബാലകൃഷ്ണപിള്ളയുടെ സഹധര്‍മ്മിണിയെപ്പറ്റി അനുസ്മരിക്കുമ്പോള്‍ എന്‍റെ ഹൃദയം ആദരനിര്‍ഭരമാകുന്നു. മിക്കവാറും മുഷിഞ്ഞ ഡ്രസ്സിലേ ഞാനവരെ കണ്ടിട്ടുള്ളു. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കരുതുന്ന ആ സാദ്ധ്വി ഭര്‍ത്തൃശുശ്രൂഷയ്ക്കായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരിക്കുകയാണ്."
വിവര്‍ത്തനത്തിന്‍റെ ആവശ്യകത
നവലോകം എന്ന പുസ്തകത്തില്‍ വിവര്‍ത്തനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിക്കുന്നു. "മറ്റു ഭാഷയിലെ മാതൃകാകൃതികളെ സൂക്ഷ്മമായി പഠിച്ച് അവയെ അപഗ്രഥിച്ചു നോക്കിയാല്‍ ജന്മനാല്‍ സാഹിത്യവാസനയുള്ള ഒരു മലയാളിക്ക് ഒരു സ്വതന്ത്രമായ ഉത്തമസാഹിത്യകൃതികള്‍ രചിക്കാന്‍ അനായാസേന സാധിച്ചു എന്നു വന്നേക്കാം. മഹാഗ്രന്ഥങ്ങളുടെ ശരിയായ തര്‍ജ്ജമകള്‍ പ്രസിദ്ധപ്പെടുത്തുന്നത് സര്‍വ്വസാധാരണത്രേ. ഇതുമൂലം ആ ഭാഷകള്‍ക്ക് പ്രത്യേകിച്ച് അവ ബാല്യദശയില്‍ ഇരുന്നാല്‍ അഭിവൃദ്ധിയും ഉണ്ടാകുന്നുണ്ട്." പ്രസ്തുത തര്‍ജ്ജമകളുടെ അഭാവമാണ് ഇതരഭാഷകളെ അപേക്ഷിച്ച് മലയാള ഭാഷാസാഹിത്യത്തിന്‍റെ പിന്നോക്കമുള്ള സ്ഥിതിക്ക് പ്രധാന കാരണവും.
മലയാളഭാഷയുടെ ഈ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന മഹത് ലക്ഷ്യവുമായിട്ടാണ് അദ്ദേഹം തര്‍ജ്ജമയില്‍ ഏര്‍പ്പെട്ടത്.
മിത്തുകള്‍ : ആദിപ്രരൂപങ്ങള്‍
മിത്തുകളും ചരിത്രവും പഠിക്കുന്നതിനു പിന്നിൽ മനുഷ്യനെ പരസ്പരം അകറ്റുന്ന മൂഢവിശ്വാസങ്ങളെ ഇല്ലാതാക്കുകയും മനുഷ്യവർഗ്ഗത്തെ ഒന്നിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. അതിവാദങ്ങളെന്നോ അബദ്ധങ്ങളെന്നോ പിന്നീടുള്ളവർ വിലയിരുത്തിയ പല കണ്ടെത്തലുകൾക്കും ഉള്ളിൽ പ്രവർത്തിച്ചിരുന്നത് മേൽപ്പറഞ്ഞ ഏകതാ ബോധമാണ്. വിഷ്ണുവിനാല്‍ പാതാളത്തിലേക്കു അയയ്ക്കപ്പെട്ട മഹാബലി ആണ്ടിലൊരിക്കല്‍ പണ്ടു താന്‍ ഭരിച്ചിരുന്ന ഭൂമിയെ സന്ദര്‍ശിക്കുന്ന അവസരത്തിന്‍റെ സ്മരണയ്ക്കായാണ് ഓണം ആഘോഷിക്കുന്നതെന്നാണല്ലോ സാധാരണമായ ഐതീഹ്യം. എന്നാല്‍ വാസ്തവത്തില്‍ ഓണാഘോഷത്തിന്‍റെ ഉത്ഭവം ഇതല്ലെന്നും ഇത് ഏറ്റവും ഒടുവിലായി അതിനോട് ഘടിപ്പിച്ച കഥയാണെന്നും ഈ ലേഖകൻ വിലയിരുത്തുന്നു. കൊയ്ത്ത് അവസാനിച്ച ഉടനെയുണ്ടാകുന്ന ഒരു ആഘോഷമാണ് ഓണം. തിരുവോണം നക്ഷത്രത്തിലാണ് വിഷ്ണു ജനിച്ചതും. ഈ രണ്ടു സംഗതികളെയും മഹാബലിയുടെ കഥയേയും വച്ചുകൊണ്ട് ഓണാഘോഷത്തിന്‍റെ സംഭവവുമായി ഒരു ചരിത്രം രൂപീകരിക്കാവുന്നതാണ്. പല പ്രാചീനവര്‍ഗ്ഗങ്ങളും കൊയുത്തുകഴിഞ്ഞതില്‍ ഉണ്ടാകുന്ന ആഹ്ലാദത്തെ പ്രകടിപ്പിക്കാനായി ആഘോഷങ്ങള്‍ നടത്താറുണ്ട്. ഇതുപോലെ കേരളീയരും തങ്ങളുടെ കൊയ്ത്ത് അവസാനിച്ചതില്‍ നിന്നുണ്ടായ സന്തോഷം പ്രകടിപ്പിക്കാനായിരിക്കണം ഓണം ആദ്യം തുടങ്ങിയത്. വൈഷ്ണവമതം കേരളീയരുടെ ഇടയ്ക്ക് പ്രചരിച്ചു തുടങ്ങിയപ്പോള്‍ വിഷ്ണുവിന്‍റെ പിറന്നാളും ചിങ്ങമാസത്തിലെ തിരുവോണമാണെന്നു മനസ്സിലാക്കി ആ സംഭവത്തേയും കേരളീയര്‍ തങ്ങളുടെ പ്രാചീനാഘോഷത്തോടു ബന്ധിപ്പിക്കുകയുണ്ടായി. വൈഷ്ണവമതം തമിഴകത്തെ മറ്റു രണ്ടു രാജ്യങ്ങളായ പാണ്ഡ്യരാജ്യത്തിലും ചോളരാജ്യത്തിലും പരന്നതോടുകൂടി അവിടെയും ചിങ്ങമാസത്തിലെ തിരുവോണം വിഷ്ണുവിന്‍റെ ജന്മനക്ഷത്രദിവസമായി കൊണ്ടാടിയിരുന്നു എന്നു മധുരൈകാഞ്ചിയില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. ആര്യന്മാര്‍ ഭാരതത്തില്‍ പ്രവേശിച്ചപ്പോള്‍ അവരുടെ പൂര്‍വ്വവാസസ്ഥാനങ്ങളില്‍ ഒന്നായ കാസ്പിയൻ തീരങ്ങളില്‍ വച്ചു സംഭവിച്ച കഥകളും കൂട്ടിക്കൊണ്ട് വന്നതിന്‍റെ ഫലമായിട്ടാണ് കേരളീയരുടെ ഓണത്തിന് മഹാബലിയുമായി അവസാനത്തില്‍ ബന്ധമുണ്ടായത്.
മഴുവിന്‍റെ കഥ : കേരള കഥ
ഗരുഡപ്രളയകാലത്തു നിന്ന് 480 വര്‍ഷം കഴിഞ്ഞപ്പോള്‍ ഗണേശപരശുരാമന്‍റെ മന്വന്തരാരംഭമായ ബി.സി. 5556 ല്‍ മറ്റൊരു പ്രളയവും അറേബ്യയില്‍ സംഭവിക്കുകയുണ്ടായി. ശെരാ (ഹെജന്‍) തലസ്ഥാനമായിരുന്ന അതല (കൈലാസ) ദേശത്താണ് അതുനടന്നത്. റോമാക്കഥകള്‍ രണ്ടു യമന്മാരില്‍ ഇളയവനായ ശിവന് കേരനെന്നു പേരിട്ടിട്ടുണ്ട്. മൂത്ത യമനായ മഹിഫന്‍ ശിവപിതാവ് സോമബ്രഹ്മാവാണ് പരശുരാമനു പിതാവിന്‍റെ കേരനെന്ന പേരില്‍ നിന്നും കേരളന്‍ (സുമേറിയന്‍ ഭാഷയില്‍ കേര - ലു, കേരന്‍റെ ആള്‍, കേരള പുത്രന്‍) എന്ന നാമം ലഭിച്ചു. ബി.സി. 6036 ലെ പ്രളയം നനവേറുന്ന ഒരു ഭൂപ്രദേശമാക്കിത്തീര്‍ന്നു. വെള്ളം വറ്റിച്ചു നികത്തി ഇതിനെ മനുഷ്യയോഗ്യമാക്കിയവനും സപ്തര്‍ഷിയെന്നും ഖണ്ഡ പരശുവെന്നും പേരുള്ള പിതാവിന്‍റെ സ്മരണാര്‍ത്ഥം പ്രസ്തുത സപ്തര്‍ഷി അബദം സ്ഥാപിക്കുകയും ലാബറിന്ത് (പരശുകൊട്ടാരം) എന്ന പേരുള്ള ഒരു ശിവക്ഷേത്രം പ്രതിഷ്ഠിക്കുകയും ഈ പ്രതിഷ്ഠ സംബന്ധിച്ചു മാമാങ്കഘോഷം ഏര്‍പ്പെടുത്തുകയും ചെയ്തവനുമാണ് പരശുരാമന്‍. കൊച്ചുയമപുത്രന്‍ പരശുരാമകേളത്തില്‍ നിന്ന് ഈ ദേശത്തിനു യമാമ എന്നും കേരളന്‍ എന്നും പേരു കിട്ടി മഹേന്ദ്ര പര്‍വ്വതത്തില്‍ കേറി മഴുവെറിഞ്ഞു കടലില്‍ നിന്നും ഗോകര്‍ഞ്ഞനം മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലം പരശുരാമന്‍ വീണ്ടെടുത്തു എന്ന കഥയില്‍ അടങ്ങിയിരിക്കുന്ന ചരിത്ര സംഭവം ഇതാണ്.
മഹാവിഷ്ണു
ഹിന്ദുക്കളുടെ ദേവന്മാരുടെ വാഹനങ്ങള്‍ അവരുടെ പിതാക്കളുടെ പേരുകളാണെന്ന് പ്രസിദ്ധ ഫ്രഞ്ചുപണ്ഡിതനായ സില്‍വെയിന്‍ ലെവിയുടെ ശിഷ്യനായ ജെ. പ്രസിലൂസ്കി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗരുഡവാഹനനായ വിഷ്ണു ഗരുഡന്‍റെ പുത്രനാണ്. ഹംസവാഹനനായ ബ്രഹ്മാവ് ഹംസന്‍ എന്നു പേരു കൂടിയുള്ള ബ്രഹ്മാവിന്‍റെ പുത്രനും വൃഷഭവാഹനനായ ശിവന്‍ വൃഷഭന്‍ എന്നു പേരുകൂടിയുള്ള ബ്രഹ്മാവിന്‍റെ പുത്രനും മൂഷികവാഹനനായ ഗണേഷനും മയില്‍ വാഹനായ സ്ക്കന്ദനും മൂഷികന്‍, മയൂരന്‍ എന്നീ നാമങ്ങളും കൂടിയുണ്ടായിരുന്ന ശിവന്‍റെ പുത്രന്മാരാകുന്നു. വാഹനന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം വഹിക്കുന്നവന്‍ എന്നാണ്. ഇതിനെ ആസ്പദമാക്കി പില്‍ക്കാലങ്ങളില്‍ അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളുടെ ശിരസ്സുകളില്‍ അവരുടെ പിതാക്കന്മാരുടെ ചെറിയ വിഗ്രഹങ്ങൾ വെക്കുക പതിവായിരുന്നു. ഉദാഹരണമായി ശിവവിഗ്രഹങ്ങളില്‍ ചന്ദ്രക്കലയും പാമ്പും കാണുന്നത് ആ ദേവന്‍റെ പിതാവായ ബ്രഹ്മാവിനു സോമന്‍, അഹി എന്നീ പേരുകള്‍ ഉണ്ടായിരുന്നതിനാലാണ്. മഹാവിഷ്ണു കൃത്രിമമായി അഗ്നി കടഞ്ഞെടുത്തതിന് പുറമെ വാഹനം നിര്‍മ്മിക്കുന്നതിനും നക്ഷത്രങ്ങൾ നിരീക്ഷിക്കുന്നതിനും കാലം നിര്‍ണ്ണയിക്കുന്നതിനും മനുഷ്യരെ ആദ്യമായി പഠിപ്പിച്ചു. വേദം ആദ്യമായി വ്യസിച്ചതു നിമിത്തം വിഷ്ണുവിനു വ്യാസന്‍ എന്ന ബിരുദം കിട്ടി. സാംഖ്യം ആദിയില്‍ സ്ഥാപിച്ച കപിലവസ്തുവിലെ ദേവനാണ് വിഷ്ണു. ലോകത്ത് ഇദം പ്രഥമമായി കൃത്രിമ അഗ്നി കടഞ്ഞെടുത്തു മനുഷ്യവംശത്തിന്‍റെ ആണിക്കല്ല് സ്ഥാപിച്ചതു നിമിത്തമാണ് വിഷ്ണുവിനു പ്രഥമന്‍ എന്ന പേരു കിട്ടിയത്. ഇങ്ങനെ വ്യത്യസ്തവും പ്രകോപനപരവുമായ ആശയങ്ങളാണ് കേസരി മുന്നോട്ടുവച്ചത്.
ബഷീറിനെപ്പോലെ, കേസരിയെ വിഴുങ്ങിയ തിമിംഗിലത്തിൻ്റെ വായും വയറും മഹാപ്രപഞ്ചത്തോളം വലുതായിരുന്നു. അതിനുള്ളിലിരുന്ന് ആ മനുഷ്യൻ ഭൂതവും വർത്തമാനവും വിശകലനം ചെയ്തു. ഒരു മഹത്തായ ഭാവി സ്വപ്നം കാണുകയും അതിൻ്റെ നിർമ്മാണം തുടങ്ങി വയ്ക്കുകയും ചെയ്തു.
സൗമ്യ ജെ.
ഗവേഷക, മലയാളവിഭാഗം
സര്‍ക്കാര്‍ വനിതാ കോളേജ്
തിരുവനന്തപുരം.