ഭാഷാശാസ്ത്ര പഠനം
ഡോ. ബ്രിൻസി മാത്യു
മാനവചരിത്രത്തിൽ സമൂഹജീവിതം ആരംഭിച്ച കാലഘട്ടം മുതലാണ് വിവിധ ഭാഷകൾക്ക് വികാസവും പരിണാമവും ഉണ്ടായത്. സാമൂഹികജീവിതത്തിന്റെ മുഖ്യ ഉപാധിയായ ഭാഷയാണ് സമൂഹത്തിന്റെ സ്വത്വം നിർണയിക്കുന്നതും സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതും. അമ്മയുടെ ഭാഷയാണ്, അഥവാ കുടുംബത്തിൽ സംസാരിക്കുന്ന ഭാഷയാണ് ഒരു കുട്ടിയുടെ ഭാഷയായി വികസിക്കുന്നത്. കുടുംബത്തിലെ ഭാഷാശൈലി കുട്ടികളുടെ ഭാഷാശൈലിയായി മാറുന്നു. ലിംഗം, മതം, അധികാരം, ജാതി, സാമ്പത്തികനില ഇവയെല്ലാം ഒരാളുടെ ഭാഷാരൂപീകരണത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നുണ്ട്. കുടുംബത്തിലും സമൂഹത്തിലുമുൾപ്പെടെ ഭാഷ പ്രയോഗിക്കപ്പെടുന്ന എല്ലായിടങ്ങളിലും ഏറ്റവും പ്രകടമായിട്ടുള്ള ഒന്നാണ് പുരുഷമേൽക്കോയ്മ സൃഷ്ടിച്ച ലിംഗവിവേചനം. ഓട്ടോ ജസ്‌പേഴ്‌സൺ 'ലാംഗ്വേജ് ഇറ്റ്‌സ് നേച്ചർ, ഡെവലപ്പ്‌മെന്റ് ആന്റ് ഒറിജിൻ' എന്ന പുസ്തകത്തിൽ പുരുഷഭാഷയെ മാനകമായി സ്വീകരിക്കുകയും സ്ത്രീഭാഷയെ അതിൽനിന്നുള്ള വ്യതിചലനമായി കണക്കാക്കുകയും ചെയ്യുന്നു. (2022:133). ശരീരഘടനയിലും മാനസികനിലയിലും പെരുമാറ്റരീതികളിലുമെല്ലാം സ്ത്രീ-പുരുഷവ്യത്യാസം പ്രകടമായിരിക്കുന്നതുപോലെ അവർ ഉപയോഗിക്കുന്ന ഭാഷയിലും ഭാഷണത്തിലും വ്യത്യസ്തതകളും സവിശേഷതകളും കണ്ടെത്താനാവും. പുരുഷാധിപത്യം ഭാഷയിൽ പുലർത്തുന്ന അധീശത്വം സുവ്യക്തമാണ്. 'സ്ത്രീകളുടെ ഭാഷ' എന്ന സവിശേഷമായ ഒരു പ്രയോഗംതന്നെ ഭാഷയിൽ കടന്നുവന്നതിന്റെ കാരണവും മറ്റൊന്നല്ല.
സ്ത്രീകൾ സംസാരിക്കുന്ന ഭാഷ, സ്ത്രീകളുടേതുമാത്രമായ ചില ഭാഷണസവിശേഷതകൾ, സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ മറ്റുള്ളവർ ഉപയോഗിക്കുന്ന ഭാഷ ഇവയെല്ലാം സ്ത്രീകളുടെ ഭാഷയെന്ന ശീർഷകത്തിൽ ഉൾപ്പെടുത്തുവാനാകും. ശരീരഘടനാപരമായി വ്യത്യസ്ത സ്വത്വങ്ങളാണ് സ്ത്രീക്കും പുരുഷനുമുള്ളത്. ആവിഷ്‌കാരത്തിലും സ്ത്രീയുടെയും പുരുഷന്റെയും ഭാഷയ്ക്ക് തമ്മിൽ വ്യത്യാസമുണ്ട്. ''കൃകത്തിന്റെ വലിപ്പച്ചെറുപ്പമാണ് സ്ത്രീകളുടേതിൽനിന്ന് പുരുഷന്റെ ശബ്ദം വ്യത്യസ്തമാകാനുള്ള കാരണം. പുരുഷന്റെ കൃകം സ്ത്രീയുടെ കൃകത്തെ അപേക്ഷിച്ച് വലുപ്പം കൂടുതലുള്ളതാണ്. സ്ത്രീകളുടെതിനെ അപേക്ഷിച്ച് താഴ്ന്ന ആവൃത്തിയിലുള്ളതാകുന്നു പുരുഷന്റെ നാദതന്തുകളുടെ കമ്പനം'' (2013:24). 1712 ൽ ജോനാഥൻ സ്വിഫ്റ്റ് എഴുതിയ പ്രബന്ധത്തിൽ വ്യഞ്ജനങ്ങൾ പുരുഷഭാഷണത്തിന്റെയും സ്വരങ്ങളും പ്രവാഹികളും സ്ത്രീഭാഷണത്തിന്റെയും സവിശേഷതയാണെന്ന് പറയുന്നു. റോബിൻ ലാക്കോഫ് 'ലാംഗ്വേജ് ആൻഡ് വിമൻസ് പ്ലേസ്' എന്ന കൃതിയിൽ അഭിപ്രായപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: ''വാക്കുകൾ തിരഞ്ഞെടുക്കുന്നതിലും വാക്യഘടനാനിയമത്തിലും ഈണത്തിലും സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണ്'' (1994:88).
അധികാരവും ലിംഗവിവേചനവും
സാമൂഹികശ്രേണീകരണം കേരളത്തിൽ ഭാഷാവിവേചനത്തിന് കാരണമായിട്ടുണ്ട്. സമ്പത്തും അധികാരവും ഇല്ലാത്ത സ്ത്രീകളുടെ ശബ്ദം അപ്രസക്തമാവുകയും അവരുടെ ഭാഷ വില കുറഞ്ഞതായി കണക്കാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ''ഭാഷയില്ലാത്ത സ്ത്രീ അധികാരമില്ലാത്ത സ്ത്രീയാണ്'' (2014:107). സ്ത്രീകളുടെ സാമൂഹികജീവിതപങ്കാളിത്തം കുറഞ്ഞുപോയതിന്റെ കാരണങ്ങളിലൊന്ന് ഭാഷയിൽ ആധിപത്യം ലഭിക്കാതെ പോയതാണ്. പുരുഷനെ കേന്ദ്രീകരിച്ചുമാത്രമേ സ്ത്രീയ്ക്ക് നിലനില്പുള്ളൂ എന്ന് സൂചിപ്പിക്കുന്നതാണ് സ്ത്രീകളുടെ വ്യക്തിനാമത്തിനുശേഷം അച്ഛന്റെയോ ഭർത്താവിന്റെയോ പേര് ചേർക്കുന്നത്. അമ്മയുടെ പേര് ചേർക്കുന്ന രീതി വളരെ അപൂർവ്വമായിട്ടേ ഉള്ളൂ. ''പുല്ലിംഗമില്ലാത്ത പദമായ 'മിസ്സ്' എന്നത് പുരുഷമേധാവിത്വപരമായ ലിംഗവിവേചനത്തിന്റെ സൂചകമാണ്. കന്യകയാണ് മിസ്സ്. മറിച്ചൊരവസ്ഥയെ കുറിക്കാൻ ഒരു പദം പുരുഷനില്ലാതെപോയത് സമൂഹത്തിൽ ലിംഗവിവേചനത്തിന്റെ ഭാഷാസാക്ഷ്യമാണ്'' (2015:126) എന്ന് പി. എം. ഗിരീഷ് രേഖപ്പെടുത്തുന്നു. ഭാഷ പ്രയോഗിക്കുന്ന വ്യക്തിയുടെ ശൈലികൾ, ചിഹ്നവ്യവഹാരങ്ങൾ ഇവയെല്ലാം സൂക്ഷ്മമായി പഠനവിധേയമാക്കുമ്പോൾ ഭാഷയ്ക്കുപിന്നിൽ മറഞ്ഞിരിക്കുന്ന അധികാരവും ആധിപത്യമനോഭാവവും സുവ്യക്തമാകും.
ഈണം അധികാരത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. സംബോധനകളുടെ അവസാനം അവരോഹണസ്ഥായിയാണെങ്കിൽ വിളികൾ അധികാരമുള്ളവരുടെതാണ്. നീട്ടിക്കുറുക്കി മധ്യസ്ഥായിയിൽ അവരോഹണ ക്രമത്തിലാണ് സ്ത്രീകളുടെ സംസാരം. എന്നാൽ പുരുഷനാകട്ടെ ഓരോ പദാംഗത്തിനും ദ്രുതസ്ഥായികൊടുക്കുന്നു. സ്ത്രീകളുടെ സംബോധനയും നിമ്‌ന-മധ്യസ്ഥായിൽ ആരോഹണസമതയിലാണ്. കുടുംബത്തിലുള്ള പുരുഷമേധാവിത്വം അവരുടെ ഭാഷയുടെ ഈണത്തിൽ പ്രകടമാണ്. സ്ത്രീകൾ സംസാരിക്കുന്നതിനിടയിൽ പുരുഷന്മാർ ഇടപെടുന്നത് അധിനിവേശമായി കരുതാം. 'നീ മിണ്ടരുത്' 'അടുക്കളഭാഷ' തുടങ്ങിയ പ്രയോഗങ്ങൾ സ്ത്രീകളുടെ മേൽ ഭാഷകൊണ്ട് പുരുഷന്മാർ നടത്തുന്ന ആധിപത്യത്തിന് ഉദാഹരണമാണ്. സ്ത്രീകളാകട്ടെ തന്നോടു സംസാരിക്കുന്ന പുരുഷനോടു ബഹുമാനം സൂക്ഷിച്ചുകൊണ്ടാണ് ഇടപെടുക. എന്നാൽ പലപ്പോഴും പുരുഷന്റെ ഭാഷാപ്രയോഗത്തിലും പെരുമാറ്റത്തിലും സ്ത്രീയോടുള്ള ആദരവ് പ്രകടമാകുന്നില്ല.
ഭാഷ പുരുഷന്മാരുടെ അധീശത്വത്തിലാണെന്നും സ്ത്രീകൾ അവിടെ നിശ്ശബ്ദമാക്കപ്പെടുന്നുവെന്നും സൂചിപ്പിക്കുന്ന ചില സിദ്ധാന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ആശയങ്ങളുടെ ആവിഷ്‌കാരം സാധിക്കാതെ പോകുമ്പോൾ സ്ത്രീകൾ പലപ്പോഴും നിശ്ശബ്ദമാകുന്നു. പൊതുഭാഷണങ്ങൾക്ക് സ്ത്രീകൾ അധികം മുന്നോട്ടുവരാത്തതിന്റെയും ഫലിതബോധം സ്ത്രീഭാഷണത്തിൽ കുറയുന്നതിന്റെയും കാരണം ഭാഷയിലെ ആൺകോയ്മ ആണെന്ന് 'കെറിസ് ക്രാമറേ' നിരീക്ഷിക്കുന്നു. ഡെയ്ൻ സ്‌ലെന്റിന്റെ 'മാൻമേഡ് ലാംഗ്വേജ്' എന്ന ഗ്രന്ഥത്തിൽ പുരുഷമേൽക്കോയ്മയാണ് ഭാഷയിലുള്ളതെന്നും അതിൽ സ്ത്രീകൾ നിശ്ശബ്ദമാക്കപ്പെടുകയോ അന്യവൽക്കരിക്കപ്പെടുകയോ ചെയ്യുന്നുവെന്ന കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. ''പിതൃമേധാവിത്വവ്യവസ്ഥയ്ക്കകത്ത് അടിച്ചമർത്തൽ ഇല്ലാത്തിടത്തെല്ലാം സ്ത്രീകളുടെ ഭാഷ കാണാ'' (2022:166)മെന്നാണ് ഇറിഗറിയുടെ അഭിപ്രായം.
ഭാഷയിലെ പുരുഷാധിപത്യപ്രയോഗങ്ങൾ
സാമൂഹിക ഇടങ്ങളിലും അധികാരമില്ലാത്ത ഇടങ്ങളിലും സ്ത്രീ തഴയപ്പെടുകയും അവളുടെ വാക്ക് അപ്രസക്തമാവുകയും ചെയ്യുന്നു. ജാതിപ്പേരുകൾ ചേർത്ത് സ്ത്രീകളുടെ പേര് പരാമർശിക്കുമ്പോൾപോലും സ്ത്രീലിംഗത്തിനുപകരം പുല്ലിംഗമാണ് ഉപയോഗിച്ചുകാണുന്നത്. ഉദാ:രാജശ്രീ വാര്യർ, പ്രിയ വാര്യർ. ഇവിടെ 'വാരസ്യാർ' എന്ന സ്ത്രീലിംഗം ഉപയോഗിച്ചുകാണുന്നില്ല. ഒന്നാമൻ, രണ്ടാമൻ എന്നല്ലാതെ ഒന്നാമി, രണ്ടാമി എന്ന പ്രയോഗം കാണാറില്ല. 'മനുഷ്യൻ' എന്ന പ്രയോഗത്തിൽ സാധാരണ പുരുഷനെ മാത്രമാണ് സൂചിപ്പിക്കുന്നത്. മനുഷ്യവർഗ്ഗത്തെ പൊതുവായി ചൂണ്ടിക്കാണിക്കുന്ന പദങ്ങളിൽ പുല്ലിംഗമാണ് പ്രയോഗിച്ചുകാണുന്നത്. ഉദാ: ചരിത്രപുരുഷൻ, ആദർശപുരുഷൻ തുടങ്ങിയവ. അതുപോലെതന്നെ സമൂഹത്തിലെ ശ്രദ്ധേയമായ ചില പദങ്ങൾക്ക് സ്ത്രീലിംഗം ഉപയോഗിച്ചുകാണുന്നില്ല. ഉദാഹരണമായി സാമൂഹിക പരിഷ്‌കർത്താവ്, വിപ്ലവകാരി, അധികാരി, നേതാവ്, മന്ത്രി തുടങ്ങിയ പദങ്ങൾ ഉദാഹരണങ്ങളാണ്. അവനവന്റെ കാര്യം എന്നതിനുപകരം 'അവളവളുടെ കാര്യം' എന്ന ഒരു പ്രയോഗവും മലയാളഭാഷയിൽ കാണുന്നില്ല.
മലയാളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ആംഗലപദങ്ങളിൽ പലതിലും പുരുഷസൂചനയാണുള്ളത്. പോലീസ്, ഡോക്ടർ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സ്ത്രീകളെ സൂചിപ്പിക്കാൻ വനിതാപോലീസ്, വനിതാഡോക്ടർ എന്നിങ്ങനെ പദങ്ങൾ കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. ആംഗലഭാഷയിലെ പുരുഷമേധാവിത്വസൂചന നല്കുന്ന പദങ്ങളാണ് ചെയർമാൻ, ഹെഡ്മാസ്റ്റർ, പോസ്റ്റ്മാൻ തുടങ്ങിയവ. അടുത്തകാലത്താണ് സ്ത്രീകളെ സൂചിപ്പിക്കാൻ സവിശേഷമായി ചെയർവുമൺ, പോസ്റ്റ്‌വുമൺ എന്നിങ്ങനെ പ്രയോഗിച്ചുകാണുന്നത്. എന്നാൽ 'ചെയർപേഴ്‌സൺ' പോലുള്ള ലിംഗസൂചനയില്ലാത്ത പദങ്ങളാണ് കൂടുതൽ കരണീയം.
സ്ത്രീകൾ പുരുഷനെക്കാൾ ശാരീരികമായും മാനസികമായും ബലഹീനയാണെന്ന മനോഭാവം പലപ്പോഴും ഭാഷാപദങ്ങളിൽ തെളിഞ്ഞുകാണുന്നു. ദുർബ്ബല, ദു:ഖപുത്രി, അബല, അലസാംഗി, ചപല തുടങ്ങിയ പദങ്ങൾ ഉദാഹരണങ്ങളാണ്. സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന ബിംബസൂചകപദങ്ങളും മറ്റ് പദങ്ങളുമുണ്ട്. തൊട്ടാവാടി, അസ്പൃശ്യ, അനാഘ്രാത തുടങ്ങിയ പദങ്ങളിൽ സമൂഹത്തിന് സ്ത്രീയോടുള്ള മനോഭാവം വ്യക്തമാണ്. സ്ത്രീകളുമായി മാത്രം ബന്ധപ്പെടുത്തി പറയുന്ന മറ്റ് ചില പദങ്ങളുമുണ്ട്. തീണ്ടാരി, രജസ്വല, ചാരിത്ര്യം, പാതിവ്രത്യം എന്നിവ ഉദാഹരണങ്ങളാണ്.
കന്യക, ചാരിത്ര്യവതി, പതിവ്രത എന്നീ പദങ്ങൾക്ക് പുല്ലിംഗം ഉപയോഗിച്ചുകാണുന്നില്ല. സാധാരണയായി ഭാഷയിൽ ഉപയോഗിച്ചുകാണുന്ന 'ഇലയും മുള്ളും' എന്ന ഇരട്ടരൂപകം ധ്വനിപ്പിക്കുന്നത് സംസ്‌കാരത്തിൽ ഒരു പെണ്ണിനെ മെരുക്കി കീഴിലാക്കി ഭരിക്കുന്ന ആൺകോയ്മയെയാണ്. തെലുങ്ക് ഭാഷയിൽ 'അവൻ' എന്നതിന്റെ എതിർലിംഗം 'അത്' (അതി) എന്നാണ്. 'അത്' എന്നതിൽ 'അവൾ' കൂടി ഉൾപ്പെട്ടിരിക്കുന്നു. ഇവിടെ സ്ത്രീയെ അചേതനത്തിന്റെ കൂട്ടത്തിലാണ് പരിഗണിച്ചിരിക്കുന്നത്. 'വേശ്യ' എന്ന പദത്തിന് എതിർലിംഗമായി വേശ്യാപതി, വേശ്യാപരൻ, വേശ്യാരതൻ എന്നീ പുല്ലിംഗപദങ്ങൾ ഉണ്ടെങ്കിലും അവ സാധാരണ പ്രയോഗത്തിൽ കാണുന്നില്ല. പുരുഷനെ തേടി ചെല്ലുന്നവൾ എന്ന അർത്ഥത്തിൽ 'അഭിസാരിക' പുരുഷനെ തേടി അന്യഭവനങ്ങളിൽ ചെല്ലുന്നവൾ എന്ന അർത്ഥത്തിൽ 'കുടല' എന്നീ പദങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയുടെ പുല്ലിംഗപദങ്ങൾ ഉപയോഗിച്ചുകാണുന്നില്ല. പുല്ലിംഗപദങ്ങൾ ഉപയോഗിച്ചുകാണാത്ത മറ്റുചില പദങ്ങളാണ് മച്ചി, കുലസ്ത്രീ തുടങ്ങിയവ.
ചില ഭാഷകളിൽ വ്യാകരണപരമായ ലിംഗഭേദത്തെ ശാരീരികമായ ലിംഗഭേദവുമായി ബന്ധിപ്പിക്കാറുണ്ട്. കൊങ്കണിഭാഷയിൽ വിവാഹിതരായ സ്ത്രീകളെ സൂചിപ്പിക്കാൻ പൗരുഷമുള്ള പദവും അവിവാഹിതകളെ സൂചിപ്പിക്കാൻ നപുംസകലിംഗവും ഉപയോഗിക്കുന്നു. '' 'സ്‌ലാവോണിക്' ഭാഷയിൽ ചേതനത്വം കൂടിയവയെ പുല്ലിംഗമായും അല്ലാത്തവയെ സ്ത്രീലിംഗമായും പരിഗണിക്കുന്നു.'' (2022:143). ഇംഗ്ലീഷ് ഭാഷയിൽ മനുഷ്യവംശത്തെ സൂചിപ്പിക്കാൻ ആദ്യകാലങ്ങളിൽ 'they' എന്നാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് ആ സ്ഥാനത്ത് ബോധപൂർവ്വം 'he' എന്ന് ഉറപ്പിച്ചെടുക്കുകയായിരുന്നുവെന്നും ഇതിനുപിന്നിൽ ആൺകോയ്മാബോധമാണെന്നും 'ആൻബോഡൈൻ' നിരീക്ഷിക്കുന്നു. സ്ത്രീശരീരത്തെയോ സ്ത്രീയെയോ ചുറ്റിപ്പറ്റിയാണ് ഭാഷയിലെ ഒട്ടുമിക്ക തെറിപ്പദങ്ങളും. കൂത്തിച്ചി, തേവിടിശ്ശി, പുലയാടി തുടങ്ങിയ പദങ്ങൾ ഉദാഹരണങ്ങളാണ്.
സാഹിത്യഭാഷയിലെ ലിംഗവിവേചനം
സാഹിത്യകൃതികളിൽ പലതിലും സ്ത്രീഭാഷയെ രണ്ടാംകിട ഭാഷയായി കരുതുന്നു. പഠിപ്പുള്ള പുരുഷന്മാരും വിരളമായി ചില സ്ത്രീകളും മാത്രമാണ് സംസ്‌കൃതനാടകത്തിൽ സംസ്‌കൃതം പറയുക. കാളിദാസാദികൾ സംസ്‌കരിക്കാത്ത പ്രാകൃതഭാഷയാണ് സ്ത്രീകൾക്ക് നൽകിയിരിക്കുന്നത്. 'ആദ്യകാല സംസ്‌കൃതനാടകങ്ങളിൽ രാജാക്കന്മാർ, ദേവന്മാർ മുതലായ ഉന്നതർ സംസ്‌കൃതം സംസാരിക്കുന്നവരും സ്ത്രീകളും താഴെക്കിടയിലുള്ള പുരുഷന്മാരും പ്രാകൃതം സംസാരിക്കുന്നവരും ആയിരുന്നു. ആയത് ഭാഷാസാഹിത്യത്തിൽ സാമൂഹിക ശ്രേണീകരണം പ്രതിഫലിക്കുന്നതിന്റെ ഉത്തമ നിദർശനങ്ങളാണ്''(1998:25).
ബഷീറിന്റെ കുഞ്ഞിപ്പാത്തുമ്മയും പ്രാകൃതത്തിലാണ് സംസാരിക്കുക. ഒ. ചന്തുമേനോന്റെ 'ഇന്ദുലേഖ'യിൽ 'ഞാൻ' എന്ന് ഇന്ദുലേഖ പ്രയോഗിക്കുമ്പോൾ സൂരിനമ്പൂതിരിപ്പാട് ഞെട്ടിത്തരിക്കുന്നു. ഒരു കീഴ്ജാതി പെൺകുട്ടി സാമൂഹിക ആചാരം ലംഘിച്ച് സംസാരിക്കുന്നതിലുള്ള മേൽജാതിയുടെ അമർഷവും ഞടുക്കവുമാണ് സൂരിനമ്പൂതിരിപ്പാടിൽ കാണുക.
പഴഞ്ചൊല്ലുകൾ
സ്ത്രീകളെ അപമാനിക്കുന്നതോ അനാദരിക്കുന്നതോ ആയ രീതിയിൽ ധാരാളം പഴഞ്ചോല്ലുകൾ മറ്റുഭാഷകളിൽ എന്നപോലെ മലയാളത്തിലും നിലവിലുണ്ട്. ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.
പെൺചൊല്ലുകേൾക്കുന്നവനു പെരുവഴി
പെണ്ണുകെട്ടിയാൽ കാലുകെട്ടി
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ
പെണ്ണു നിൽക്കുന്നിടത്തു പിഴവരും
പെണ്ണിന്റെ ഭാഗ്യം പെരുവഴിയിൽ
പെണ്ണിന്റെ കോട്ടം പൊന്നിൽ തീരും
പെണ്ണിനു പൊന്നിട്ടുനോക്കുക, ചുവരിനു മണ്ണിട്ടുനോക്കുക.
കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം
പെണ്ണും കടവും നിർത്തി താമസിപ്പിക്കരുത്
പെണ്ണായാൽ മണ്ണാത്തിക്കല്ലിൽ
പെണ്ണാവുന്നതിൽ ഭേദം മണ്ണാവുന്നത്
പെണ്ണാശയില്ലെങ്കിൽ മണ്ണാശയില്ല
പെണ്ണുങ്ങൾ എഴുതുന്നതും മണ്ണാൻ പയറ്റുന്നതും ഒരുപോലെ
പെണ്ണു മുറിച്ചാൽ മണ്ണു മുറിയുമോ
പെൺപട ഒരു പടയല്ല, ചിരട്ടത്തീ ഒരു തീയല്ല
പെൺബുദ്ധി പിൻബുദ്ധി
ഈ ഉദാഹരണങ്ങളിലെല്ലാം സ്ത്രീയോടുള്ള അവജ്ഞയും പുച്ഛവും പരിഹാസവും എല്ലാം നിറഞ്ഞുനിൽക്കുന്നു. ഇവ പുരുഷമേൽക്കോയ്മയുടെ സൃഷ്ടിയാണെന്നതിൽ തർക്കമില്ല.
ഭാഷണപെരുമാറ്റങ്ങളിലെ വൈവിധ്യം
പുരുഷനിൽനിന്ന് തികച്ചും വ്യത്യസ്തമായ ഭാഷണപെരുമാറ്റമാണ് സ്ത്രീകൾക്കുള്ളത്. സംസാരിക്കുമ്പോൾ പാലിക്കുന്ന അകലം, ശബ്ദം, മുഖഭാവം, ആംഗ്യം, തീവ്രത എന്നിവയിലെല്ലാം സ്ത്രീയുടെയും പുരുഷന്റെയും ഭാഷണത്തിൽ വ്യത്യാസമുണ്ട്. പണ്ടുകാലങ്ങളിൽ സ്ത്രീകൾ ഉമ്മറത്തുവന്നുനിന്ന് സംസാരിച്ചിരുന്നില്ല. വാതിലിൽ ചാരിനിന്നോ, മുഖം മറച്ചോ സംസാരിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. ശബ്ദം കുറച്ച്, വലിയ ആംഗ്യചേഷ്ടകൾ ഇല്ലാതെയാണ് സ്ത്രീകൾ സംസാരിച്ചിരുന്നത്. എന്നാൽ ഈ രീതിക്ക് മാറ്റംവരികയും സ്ത്രീകൾ തുറന്നുസംസാരിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന രീതി ഇന്ന് കടന്നുവന്നിട്ടുണ്ട്. എങ്കിലും സ്ത്രീകളുടെ സംസാരത്തിൽ പ്രകടമായ ചില പ്രത്യേകതകൾ കാണാം. സാധാരണ തങ്ങളെക്കാൾ പ്രായംകുറഞ്ഞ വ്യക്തികളോടാണ് വിധിമട്ടിലുള്ള വിധായകപ്രകാരം കൂടുതലായി ഉപയോഗിക്കുന്നത്. ബഹുമാനദ്യോതകമായ അനുജ്ഞായകപ്രകാരമാണ് സ്ത്രീകൾ കൂടുതലായി പുരുഷന്മാരോടുള്ള സംസാരത്തിൽ സ്വീകരിക്കുന്നത്. ''പുരുഷമേധാവിത്വത്തിന്റെതായ ഒരു ചട്ടക്കൂടിൽ സ്ത്രീകൾ ഇന്നും ഒതുങ്ങുന്നുവെന്നും അവർ പുരുഷന്മാരോട് സംസാരിക്കുമ്പോൾ കൂടുതൽ കുലീനരാകണമെന്നുമുള്ള കാര്യമാണ് അനുജ്ഞായകപ്രകാരത്തിലൂടെ പ്രകടിതമാകുന്നത്''. (2015:143)
ശാസനയുടെ അർത്ഥം നൽകുന്ന നിയോജകപ്രകാരം പുരുഷന്മാരാണ് കൂടുതൽ ഉപയോഗിക്കുന്നത്. എന്നാൽ ഒരോ സമൂഹത്തിലും സ്ത്രീകൾക്ക് നൽകുന്ന ആദരവിന്റെയും അംഗീകാരത്തിന്റെയും ഏറ്റക്കുറച്ചിലനുസരിച്ച് പ്രകാരങ്ങൾ ഉപയോഗിക്കുന്നതിൽ വ്യത്യാസം കാണാം. സ്ത്രീകൾ വിധായക, നിയോജക പ്രകാരങ്ങൾ ഉപയോഗിക്കുന്നതിനെ പൊതുവേ സമൂഹം അനുകൂലിക്കുന്നില്ല. അധികാരമോ, പ്രായമോ കൂടുതലുണ്ടെങ്കിലും സാമൂഹികഭാഷണത്തിൽ അവജ്ഞ, വെറുപ്പ്, ദ്വേഷ്യം, ശാസന ഇവ സൂചിപ്പിക്കുന്ന രീതിയിൽ സ്ത്രീകൾ സംസാരിച്ചാൽ സ്ത്രീകളോട് സമൂഹത്തിന് അത്ര മതിപ്പുണ്ടാവില്ല. ധിക്കാരി, അഹങ്കാരി, കുലീനത്വമില്ലാത്തവൾ തുടങ്ങിയ വിശേഷണങ്ങളായിരിക്കും അവർക്ക് സമൂഹം കല്പിച്ചുകൊടുക്കുന്നത്. സ്ത്രീകളാകട്ടെ എല്ലായ്‌പ്പോഴും തന്നോടു സംസാരിക്കുന്ന പുരുഷനോട് ബഹുമാനം സൂക്ഷിച്ചുകൊണ്ട് ഇടപെടാനാണ് ശ്രമിക്കാറുള്ളത്.
സംബോധനാപദങ്ങളിലെ വിവേചനം
അധികാരബന്ധങ്ങളെ കൃത്യമായി വെളിപ്പെടുത്തുന്നവയാണ് ഭാഷയിലെ സംബോധനാപദങ്ങൾ. മലയാളത്തിലെ സംബോധനാപദങ്ങളിൽ ഇവിടെ നിലനിൽക്കുന്ന ലിംഗവിവേചനവും ഉച്ചനീചത്വങ്ങളും ജാതി വിവേചനവും പ്രതിഫലിക്കുന്നുണ്ട്. ''വ്യത്യസ്തമായ സാഹചര്യത്തിലെ 'എടീ' എന്ന സംബോധനാപദം ലിംഗവിവേചനാത്മകമായ അധികാരത്തിന്റെ ഏറ്റക്കുറിച്ചിലുകൾ കാണിക്കുന്നു''. (2011:119)
സ്ത്രീകൾ പൊതുവെ ഭർത്താവിനെ നീ, പോടാ, വാടാ എന്നൊന്നും സംബോധന ചെയ്യാറില്ല. ഇപ്പോൾ ഭർത്താവിനും ഭാര്യയ്ക്കും തമ്മിൽ വലിയ പ്രായവ്യത്യാസമില്ലാത്തതുകൊണ്ടാവാം ഈ രീതി മാറിവരുന്നുണ്ട്. മുൻകാലങ്ങളിൽ ഭാര്യമാർ ഭർത്താക്കന്മാരുടെ പേര് ചൊല്ലിവിളിക്കാറില്ല. 'ദേ, പിള്ളേരുടെ അച്ഛൻ, മോന്റച്ഛൻ, മോളുടെ അച്ഛൻ, പുള്ളിക്കാരൻ, എന്റെ കെട്ട്യോൻ, ഹസ്ബൻഡ്, നായര്, എന്റെ മാപ്പിള തുടങ്ങിയ സംബോധനാപദങ്ങളാണ് ഉപയോഗിച്ചുവന്നിരുന്നത്. സുലു സ്ത്രീകൾ ഭർതൃപിതാവിന്റെയോ ഭർതൃസഹോദരന്റെയോ പേർ പറയാറില്ല. അതിനുപകരം അതേ അർത്ഥംവരുന്ന മറ്റൊരു വാക്കുപയോഗിച്ച് ആശയവിനിമയം നടത്തും. പുരുഷന്മാർ മാത്രം ഉപയോഗിക്കുന്ന സംബോധനാപദങ്ങൾക്ക് ഉദാഹരണമാണ് പെങ്ങൾ, ഓപ്പോൾ തുടങ്ങിയവ. സ്ത്രീകൾ മാത്രം ഉപയോഗിക്കുന്ന സംബോധനാപദങ്ങളാണ് ആങ്ങള, നാത്തൂൻ തുടങ്ങിയവ. ഉടപ്പിറന്നോൻ, ഉടപ്പിറന്നോൾ എന്നീ ചാർച്ചപ്പേരുകളും ലിംഗപരമായ സ്വത്വഭേദത്തെ പ്രകടിപ്പിക്കുന്നു. 'നീ', 'താൻ' എന്നീ സംബോധനകൾ സാധാരണ ഭർത്താവ് ഭാര്യയെ വിളിക്കുന്നതാണ്. ചില സമുദായങ്ങളിൽ കുട്ടികൾ പരസ്പരം 'നീ' എന്ന് വിളിക്കാറുണ്ടെങ്കിലും മുതിർന്നുകഴിയുമ്പോൾ ആൺകുട്ടികൾ പെൺകുട്ടികളെ വിളിക്കാൻ മാത്രം 'നീ' എന്ന പദം ഉപയോഗിക്കുന്നു. എന്നാൽ ഈ രീതിക്ക് ഇപ്പോൾ മാറ്റംവന്നിട്ടുണ്ട്.
ആംഗലസ്വാധീനമുള്ള ബന്ധസൂചകപദങ്ങളാണ് മമ്മി, ആന്റി, സിസ്റ്റർ തുടങ്ങിയവ. അമ്മ എന്ന പദത്തിനുപകരം ബഹുമാനക്കുറവ് സൂചിപ്പിക്കുന്ന പദമായി 'തള്ള' ഉപയോഗിക്കുന്നു. മൂത്തസഹോദരിയെ സൂചിപ്പിക്കാൻ ചേച്ചി, അക്കൻ, ഏടത്തി, താത്ത, അമ്മാമ്മ, ഓപ്പോൾ എന്നീ പദങ്ങളും വല്യമ്മയെ വിളിക്കാൻ മുത്തശ്ശി, അച്ഛന്റമ്മ എന്നീ പദങ്ങളും ഉപയോഗിക്കുന്നു.
നമ്പൂതിരി സമുദായത്തിൽ കല്യാണം കഴിച്ചുകൊണ്ടുവന്ന സ്ത്രീളെ 'കുഞ്ഞാത്തോല്' എന്നും കൊടുത്തയച്ച കുട്ടികളെ 'മാളാത്തോല്' എന്നും വിവാഹം കഴിക്കാത്ത കുട്ടികളെ 'കുട്ടിക്കാവ്' എന്നും ചോമാതിരി (യാഗമുള്ള നമ്പൂതിരി)യുടെ ഭാര്യയെ 'പത്തനാടി' എന്നുമാണ് സംബോധന ചെയ്യുന്നത്.
സ്ത്രീജിവിതത്തിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട് ചില പദങ്ങൾ പ്രത്യേകമായി ഉപയോഗിക്കുന്നുണ്ട്. ജാതിപരമായ വേർതിരിവ് ഇവിടെ വ്യക്തമാണ്. നമ്പൂതിരി കുടുംബങ്ങളിൽ പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുക്കുന്ന ചടങ്ങ് 'പെൺകൊട' എന്നും തമ്പുരാട്ടിയുടെ പ്രസവം 'പള്ളിപ്പേറ്' അല്ലെങ്കിൽ 'തിരുവയറൊഴിയൽ' എന്നും ഉണ്ണികൾ പിറക്കുന്ന ദിവസം 'തിരുനാൾ' എന്നും രാജപത്‌നിയുടെ രോഗം 'ശീലായ്മ' എന്നും കീഴ്ജാതിക്കാരുടെ പ്രസവം 'കുലം പെഴയ്ക്കൽ' എന്നും അടിയ കിടങ്ങളുടെ പിറന്നാൾ 'പഴന്നാൾ' എന്നുമാണ് അറിയപ്പെടുന്നത്.
സ്ത്രീഭാഷയുടെ പൊതുവായ സവിശേഷതകൾ
വിവിധ ഭാഷാപണ്ഡിതരുടെ അഭിപ്രായങ്ങളെ ക്രോഡീകരിക്കുമ്പോൾ സ്ത്രീകളുടെ ഭാഷയുടെ സവിശേഷതകൾ താഴെപറയും പ്രകാരമാണ്.
1. സ്ത്രീകളുടെ ഭാഷ പുറംമോടിയുള്ളതാണ്.
2. നർമ്മപരിഹാസങ്ങൾ കുറഞ്ഞ പദാവലിയാണ്.
3. വിശേഷണങ്ങൾ പ്രത്യേകിച്ച് ശൂന്യവിശേഷണങ്ങൾ (Empty Adjectives) ധാരാളമായി കാണാം.
ഉദാ: വളരെ, ഭയങ്കരം.
4. അതി പരിഷ്‌കരണത്തോടുകൂടിയ ഉച്ചാരണം ഉപയോഗിക്കുന്നു.
5. അനുബന്ധചോദ്യങ്ങൾ (Tag Questions) ധാരാളമായി ഉപയോഗിക്കുന്നു. ഉദാ: അല്ലേ? ഇല്ലേ? അതെയോ?
6. ശക്തി കുറഞ്ഞതും തീർച്ചയില്ലാത്തതുമായ വാക്യങ്ങൾ ഉപയോഗിക്കുന്നു.
7. അലങ്കാരങ്ങളും വിനയവും അടങ്ങിയ തർക്കിക്കാത്ത ഭാഷ.
8. അപൂർണ്ണമായ വാക്കുകൾ, വാക്യങ്ങൾ, യുക്തിരഹിതമായ സംസാരം, നിയന്ത്രണത്തോടെയുള്ള ഇടപെടൽ.
9. വ്യാക്ഷേപകങ്ങൾ കൂടുതലായി ഉപയോഗിക്കുന്നു.
10. നിറങ്ങളുടെ സൂചകങ്ങൾ ഭാഷാവ്യവഹാരത്തിൽ കൂടുതലായി സ്ത്രീകൾ ഉപയോഗിക്കുന്നു.
11. അഭ്യർത്ഥന (Appealing) പ്രയോഗങ്ങൾ (ഉദാ: കേട്ടോ, ദേ, പിന്നെയ്, അതേയ്) ഊഹോക്തികൾ (Euphemism) ഉദാ: (അദ്ദേഹം ഇപ്പോൾ ഇല്ല) എന്നിവ ഭാഷണത്തിൽ കൂടുതലായി കാണാം.
12. ഒരേ പ്രായത്തിലും തരത്തിലുമുള്ള സുഹൃത്തുക്കളുടെ ഇടയിൽ നർമ്മപരിഹാസങ്ങൾ നിറഞ്ഞ നിയന്ത്രണങ്ങളില്ലാത്ത ഭാഷ ഉപയോഗിക്കുന്നു.
13. വ്യംഗ്യമായ പ്രയോഗങ്ങൾ, ലൈംഗികചുവ കുറഞ്ഞ പ്രയോഗങ്ങൾ, പരുഷമല്ലാത്ത പദങ്ങൾ എന്നിവയും സ്ത്രീഭാഷയുടെ പ്രത്യേകതകളാണ്.
ഉപസംഹാരം
സ്ത്രീമുന്നേറ്റങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നുമുണ്ടാകുമ്പോഴും അകത്തളങ്ങളിൽ ഞെരിഞ്ഞമരുകയാണ് ഇന്നും സ്ത്രീകളുടെ ഭാഷ. ഭാഷയിലെ ലിംഗവിവേചനമവസാനിപ്പിക്കാൻ കൂട്ടായ ശ്രമം കൂടിയേ തീരൂ. അധികാരസൂചകമെന്ന നിലയിൽ ഭാഷയിൽ പുരുഷന്മാർ ഉപയോഗിക്കുന്ന ഈണങ്ങളിലും പ്രകാരങ്ങളിലും സംബോധനകളിലും നിറയുന്ന സ്ത്രീവിരുദ്ധത സൂക്ഷ്മവിശകലനത്തിൽ ബോധ്യമാകും. ലിംഗസമത്വം നിറഞ്ഞ ഒരു സമൂഹസൃഷ്ടിയിൽ ഭാഷ മുഖ്യപങ്കുവഹിക്കുന്നതിനാൽ എല്ലാം ലിംഗഭേദങ്ങളും ഉൾക്കൊള്ളുന്ന ഭാഷ ഉണ്ടാകേണ്ടിയിരിക്കുന്നു. പാഠപുസ്തകങ്ങളിൽ ലിംഗസൂചനയില്ലാത്ത ഭാഷ കടന്നുവരണം. നിഷ്പക്ഷമായതോ എല്ലാ ലിംഗഭേദങ്ങളെയും ഉൾക്കൊള്ളുന്നതോ ആയ ഭാഷ ഉണ്ടാവണം. നിഘണ്ടുക്കളിലും വ്യാകരണകൃതികളിലും പുരുഷകേന്ദ്രിതം മാത്രമായ അർത്ഥമോ, ഭാഷയോ നല്കുന്ന രീതിക്ക് മാറ്റമുണ്ടാകണം. കൂടുതൽ പ്രാതിനിധ്യസ്വഭാവമുള്ള നിഘണ്ടുക്കൾ ഉണ്ടാകണം. പത്രഭാഷയും മറ്റ് മാധ്യമഭാഷകളും പരസ്യഭാഷകളും എല്ലാ ലിംഗഭേദത്തെയും ഉൾക്കൊള്ളുന്നതാവണം. എഴുത്തിന്റെ മേഖലകളിലേക്ക് കൂടുതൽ സ്ത്രീകളുടെ ബോധപൂർവ്വമായ ഇടപെടൽ സംഭവിച്ചേ തീരൂ. വ്യവഹാരഭാഷയിലും ഇതര ഭാഷാശൈലികളിലും കടന്നുകൂടിയിരിക്കുന്ന അധികാരസൂചകങ്ങൾക്കുപകരം പുതിയ ഭാഷ രൂപപ്പെട്ടുവരേണ്ടത് ലിംഗസമത്വത്തിന്റെ മുഖ്യഘടകമാണ്. പുരുഷ കേന്ദ്രിതഭാഷയ്ക്ക് സമാന്തരമായ ഒരു സാഹിത്യഭാഷയും വാമൊഴിയും രൂപപ്പെടുത്താൻ സ്ത്രീകൾതന്നെ മുഖ്യപങ്കുവഹിക്കേണ്ടിയിരിക്കുന്നു.
സഹായകഗ്രന്ഥങ്ങൾ
1. അച്യുതൻ റ്റി. കെ., ഭാഷാകേളി, ഡി. സി. ബുക്‌സ്, കോട്ടയം: 2003.
2. ഉഷാനമ്പൂതിരിപ്പാട്, മലയാളത്തിലെ സംബോധനാപദങ്ങളുടെ സാമൂഹിക പശ്ചാത്തലം, കേരളസാഹിത്യഅക്കാദമി, തൃശ്ശൂർ: 1990.
3. ............................., സാമൂഹിക ഭാഷാവിജ്ഞാനം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 1994.
4. കാരശ്ശേരി എം. എൻ., തെളിമലയാളം, ഡി. സി. ബുക്‌സ്, കോട്ടയം: 2005.
5. ഗിരീഷ് പി. എം., അധികാരവും ഭാഷയും, ഐ ബുക്‌സ്, കേരള : 2015.
6. ........................., മലയാളം : സ്വത്വവും വിനിമയവും, നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം: 2013.
7. ............................, കേരളത്തിലെ ആചാരഭാഷ, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 1998.
8. മിനി ആലീസ്, ഷിമി പോൾ ബേബി (എഡിറ്റേഴ്‌സ്), ഉത്തരവാദസ്ത്രീവാദസിദ്ധാന്തങ്ങൾ, ഡി. സി. ബുക്‌സ്, കോട്ടയം: 2022.
9. ശശി കെ. വി., എഴുത്ത്, ഇസഡ് ലൈബ്രറി, പിരിധി ഗ്രൂപ്പ്, തിരുവനന്തപുരം: 2014.