top of page

പറങ്ങോടീപരിണയം എന്ന പ്രതിനോവൽ

സാഹിത്യപഠനം
ഡോ.രവിശങ്കർ എസ്.നായർ

നമ്മുടെ കൂട്ടർക്ക് ഇംഗ്ലീഷിന്റെ ഗന്ധം പോലുമില്ലാത്തതിനാൽ സ്ത്രീപുരുഷന്മാരുടെ അനുരാഗാതിശയങ്ങൾ ഗ്രഹിപ്പാൻ ബുദ്ധിവികാസം ഇല്ല. എന്തു ചെയ്യട്ടെ. എന്നാൽ ഇംഗ്ലീഷുനോവൽ പോലെ അതിവിശേഷമായ ചില പുസ്തകങ്ങൾ മലയാളത്തിൽ ഇയ്യിടെ എഴുതിയിട്ടുള്ളവയെങ്കിലും വായിച്ചുനോക്കിയാൽ എന്താണ് അവർക്കു ചേതം?


പകുതി മനുഷ്യാകൃതിയായും പകുതി മൃഗരൂപമായും ഒരു ജീവി നിരത്തിൽക്കൂടി പോകുന്ന കാഴ്ച കണ്ട് നായികാനായകന്മാരായ (?) പറങ്ങോടീപറങ്ങോടന്മാർ ഭയപ്പെട്ട് ഓടുകയാണ് കിഴക്കേപ്പാട്ട് രാമൻകുട്ടി മേനോന്റെ ‘പറങ്ങോടീപരിണയം’ എന്ന നോവലിന്റെ ആരംഭത്തിൽ. കുതിരപ്പുറത്തു സവാരി ചെയ്യുന്ന തുക്കിടി സായ്പ് മാത്രമാണ് അത് എന്ന് പറങ്ങോടിയുടെ അച്ഛൻ പങ്ങ മാരാർ അവരെ പറഞ്ഞു സമാധാനപ്പെടുത്തുകയാണ്. പല നോവലുകളുടെയും പാരഡിയായി എഴുതപ്പെട്ട പറങ്ങോടീപരിണയത്തിലൂടെ രാമൻകുട്ടി മേനോൻ സൃഷ്ടിച്ച ഏറ്റവും മികച്ച പാരഡിയാണ് പകുതി മനുഷ്യരൂപവും പകുതി മൃഗരൂപവുമുള്ള ഈ ജീവി. നോവൽ എന്ന ഇംഗ്ലീഷ് കുതിരയിൽ സവാരിചെയ്യുന്ന മലയാളി മനസ്സിന്റെ അപഹാസ്യതയെയാണ് മേനോൻ തന്റെ നോവലിലൂടെ വിചാരണ ചെയ്യുന്നതും. ഇന്ദുലേഖ, മീനാക്ഷി, കുന്ദലത, സരസ്വതീവിജയം എന്നീ നോവലുകളുടെ പാരഡിയായി സൃഷ്ടിക്കപ്പെട്ടതെങ്കിൽപ്പോലും നമ്മുടെ ചിന്തയിൽ അടിച്ചേൽപ്പിക്കപ്പെടുന്ന കൊളോണിയൽ ജീവിതവീക്ഷണങ്ങളിലേക്കാണ് പറങ്ങോടിപരിണയത്തിലെ പരിഹാസത്തിന്റെ മുന നീളുന്നത്.  ഇംഗ്ലീഷിൽ നിന്ന്  മലയാളത്തിലേക്കു പറിച്ചുനട്ട നോവൽ, മലയാളി സമൂഹത്തിന്റെ സാംസ്കാരിക പരിസരങ്ങളിൽ ഒരു വിചിത്ര സൃഷ്ടിയായി നിൽക്കുന്ന കാഴ്ച പറങ്ങോടീപരിണയത്തിലൂടെ നാം കാണുന്നു. അക്കാലത്തെ നോവലിന്റെ രൂപഭാവങ്ങളും ഭാഷയും പ്രമേയങ്ങളുടെ പരിമിതികളും ആവർത്തനങ്ങളും എല്ലാം രൂക്ഷമായ ആക്ഷേപഹാസ്യത്തിനു വിധേയമാക്കുന്ന ഈ നോവൽ, വെറുമൊരു പാരഡി എന്നതിനപ്പുറത്ത് ഒരു പ്രതിനോവലായിത്തന്നെ വളരുന്നു. 1892 ൽ, നോവൽ പ്രസ്ഥാനം മലയാളത്തിൽ വേരുറച്ചുകഴിയുന്നതിനു മുൻപുതന്നെ ഇങ്ങനെ ഒരു പ്രതിനോവൽ പുറത്തുവന്നു എന്നത്, ഒരു വിസ്മയം തന്നെയാണ്.


മലയാളി സമൂഹത്തിന്റെ ജീവിതവിക്ഷണങ്ങളും മൂല്യങ്ങളും കാണാൻ നോവലെഴുത്തുകാർക്ക് കഴിയുന്നില്ല എന്നതാണ് പറങ്ങോടീപരിണയത്തിന്റെ കാതൽ. ഇംഗ്ലീഷിന്റെ ഗന്ധം പോലുമില്ലാത്തവർക്ക് സ്ത്രീപുരുഷന്മാരുടെ അനുരാഗാതിശയങ്ങൾ ഗ്രഹിപ്പാൻ ബുദ്ധിവികാസം  ഉണ്ടാവുകയില്ല എന്ന് കളിയാക്കുന്നതിൽ  ഇത് വ്യക്തമാകുന്നുണ്ട്. ഇംഗ്ലീഷ് അറിയാതെ അനുരാഗം അനുഭവപ്പെടുമോ എന്ന ചോദ്യത്തിലൂടെ പുറത്തുകൊണ്ടുവരുന്നത് കേരള സമൂഹം മാത്രമല്ല, ഭാരതീയ സമൂഹം ആകെ അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധിയെയാണ്. അധിനിവേശ സംസ്കാരം ഒരു മോഹവസ്തുവായി നമ്മിൽ ചെലുത്തുന്ന ആകർഷണത്തിനും, അതിലേക്ക് ഭാഗികമായിപ്പോലും സ്വാംശീകരിക്കപ്പെടാത്ത സാധാരണ മനുഷ്യർക്കും ഇടയിൽ രൂപപ്പെടുന്ന ആ പ്രതിസന്ധി മനസ്സിലാക്കാൻ ഇന്ദുലേഖയെപ്പോലെയുള്ള നോവലുകൾക്ക് കഴിയുന്നില്ല. അധിനിവേശ സംസ്കാരത്തിന്റെ അംശങ്ങൾ ആധുനികതയുടെയും പുരോഗതിയുടെയും നിദർശനങ്ങളായി പ്രത്യക്ഷമായും പരോക്ഷമായും ഈ നോവലുകൾ എടുത്തുകാണിക്കുമ്പോൾ നമ്മുടെ സമൂഹവും സംസ്കാരവും ആ ചിത്രീകരണങ്ങളിൽ നേർത്തുപോകുന്നു. രാജാറാം മോഹൻ റോയിയുടെ രണ്ടു വീടുകളെ ഇവിടെ ഓർക്കാതിരിക്കാൻ കഴിയുന്നില്ല. പ്രാദേശിക സംസ്കാരത്തിന്റെ രീതികൾ എല്ലാ കാര്യങ്ങളിലും- വാസ്തുവിദ്യയിലും, വേഷവിധാനത്തിലും  ഭക്ഷണത്തിലും - പിൻതുടരുന്ന ഒരു വീടും, പൂർണമായും പാശ്ചാത്യ രീതിയിലുള്ള മറ്റൊരു വീടും അദ്ദേഹം നിർമിച്ചു. അദ്ദേഹത്തിന്റെ ഭാരതീയ ഭവനത്തിൽ ഭാരതീയത ഇല്ലാത്തത് മോഹൻറോയിക്കു മാത്രമായിരുന്നത്രേ. അദ്ദേഹത്തിന്റെ പാശ്ചാത്യ ഭവനത്തിൽ പാശ്ചാത്യമല്ലാത്തതും അദ്ദേഹം തന്നെയായിരുന്നു. ഇങ്ങനെ രണ്ടിടത്തും ചേരാത്ത ഒരു സമൂഹമാണ് ആധുനികതയുടെ പ്രതിസന്ധി. “ … ഒരു ലോകതയും പാകതയും അങ്ങാടിമരുന്നോ പറിമരുന്നോ എന്നുകൂടി അറിവില്ലാതെ കാട്ടിൽനിന്നു പിടിച്ചുകൊണ്ടുവന്ന ഒരു ജന്തുവിനെപ്പോലെ മദിരാശി പഠിപ്പും കഴിച്ചു മടങ്ങിവരുന്നതതു കണ്ടാൽ കഷ്ടം തോന്നും.  ഈ മനുഷ്യന് ഇംഗ്ലീഷുഭാഷാപരിജ്ഞാനംകൊണ്ട് ഉണ്ടായ ഗുണം എന്താണ്? ഇംഗ്ലീഷു വെള്ളം പോലെ വശം. ബുദ്ധിക്കു പാകതയും ലോകപരിജ്ഞാനവും  വേണമെങ്കിൽ ഇനി ആദ്യം വല്ലതും നോക്കണം. എല്ലാ ജാതിക്കാർക്കും അവരുടെ സംഘത്തിൽ അനുഷ്ഠിക്കേണ്ടതായ അനേകമര്യാദകളും മുറകളും ഉണ്ടായിരിക്കും.  മൂപ്പര് ഇംഗ്ലീഷുപഠിപ്പുനിമിത്തം രണ്ടുംകെട്ടതായിത്തീർന്നു. ഇംഗ്ലീഷു സംസാരിപ്പാൻ അറിയാത്തവരെല്ലാം പാമരന്മാരാണെന്ന് മൂപ്പരു മുൻകൂട്ടി ധരിച്ചതുകൊണ്ട് നാട്ടുനടപ്പും മര്യാദയും വളരെ പുച്ഛമാണ്. ഇംഗ്ലീഷുകാരുടെ കൂട്ടത്തിൽ കൂടാൻ മൂപ്പർക്കു ബഹുമോഹമാണെങ്കിലും  അവർ അടുപ്പിക്കാത്തതുകൊണ്ട് വെള്ളക്കാരുടെ ഇടയിൽ നടപ്പുള്ള മര്യാദകൾ അറിവാൻ നിവൃത്തിയും ഇല്ല.” () [p 60] അധിനിവേശ സംസ്കാരത്തിന്റെ മോഹിപ്പിക്കുന്ന ഗുണങ്ങൾ ചാലിച്ചാണ് ഇന്ദുലേഖയെയും അതുപോലുള്ള നായികമാരെയും അക്കാലത്തെ നോവലെഴുത്തുകാർ വരച്ചിരിക്കുന്നത് എന്നാൽ ഈ നായികമാരെല്ലാം അയഥാർഥ സൃഷ്ടികളാണ്. “ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടു നമ്മുടെ നായകനോട് സാമ്യന്മാരായ പറങ്ങോടന്മാർ ഇപ്പോൾ നമ്മുടെ ഇടയിൽ സുലഭമായി ഉണ്ടെങ്കിലും ആവിധത്തിലുള്ള പറങ്ങോടിമാർ ഒന്നു രണ്ടു പുസ്തകങ്ങളിൽ സവിസ്തരമായി വർണിച്ചുകാണുന്നതല്ലാതെ അനുഭവത്തിൽ ദുർല്ലഭമാകകൊണ്ട് ദുർല്ലഭവസ്തുവിന് പ്രാധാന്യത നൽകുന്നത് ഉചിതമെന്നു വിചാരിക്കുമ്പോഴും പറങ്ങോടിക്ക് അഗ്രാസനം വേണ്ടതാകുന്നു.” () [അവതാരിക, p 29] എന്ന് രാമൻകുട്ടിമേനോൻ പറയുന്നതിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നതുപോലെ, അദ്ദേഹത്തിന്റെ പാരഡിയുടെ പ്രധാനലക്ഷ്യം ഈ അയഥാർഥ വ്യക്തിത്വങ്ങളെ മോഹവസ്തുക്കളായി നമ്മുടെ മുന്നിൽ വയ്ക്കുന്ന നോവലെഴുത്തുകാരിൽ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രമാണ്.


അധികാരിവർഗത്തിന്റെ സംസ്കാരം ഒരു മോഹവസ്തുവായി രൂപം പ്രാപിക്കുക അന്നത്തെ സാഹചര്യത്തിൽ വളരെ സ്വാഭാവികമായി തോന്നിയേക്കാം. എന്നാൽ അതുമാത്രമല്ല ഇവിടെ സംഭവിക്കുന്നത്; പാശ്ചാത്യ സംസ്കാരം അധിനിവേശ ജനതയുടെ തലച്ചോറിലേക്ക് കുത്തിവയ്ക്കാനുള്ള ബോധപൂർവമായ ശ്രമം- വളരെ വ്യക്തമായ ലക്ഷ്യങ്ങളോടെ- ആസൂത്രിതമായിത്തന്നെ നടന്നിരുന്നു എന്ന് ചരിത്രമെഴുത്തുകാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പാശ്ചാത്യ സംസ്കാരത്തിന്റെ അളവുകോലുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യ എന്നതിന് അർഥം സിദ്ധിക്കുന്നുള്ളൂ എന്ന പൊതുബോധം ജനിപ്പിക്കാൻ കൊളോണിയൽ ശക്തികൾ പരിശ്രമിച്ചിരുന്നതായി കെ.എൻ പണിക്കർ നിരീക്ഷിക്കുന്നുണ്ട്.


Incorporation of colonial cultural elements was marked in textbooks in the Indian languages produced by the government, Christian missionaries, voluntary organizations and private individuals. These books, both through diction and content, guided the impressionable minds of young children to a cultural universe alien to their life experience. It appears, colonialism, like fascism, believed in 'catching them young'. This was not always achieved through a dismissal or denigration of indigenous culture, but by locating the cultural ideal in the achievements of western society. The west, therefore, loomed large in the cultural productions promoted by the colonial rule. For instance, in textbooks and other reading materials for children a shift to the 'western' was pronounced, both in text and illustrations. A good example of this is some of the Hindi books prescribed in the schools of the North-Western Provinces. In one of them a popular Indian tale is illustrated with the sketch of a boy wearing a coat, trousers and a top-hat. This was not an aberration, but an expression of the larger colonial project, which sought to make India meaningful only when related to the west. () [K.N. Panikkar, Essays on The History and society of Kerala,Kerala Council for Historical Research, Thiruvananthapuram, 2016,p33] ഈ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടിലാണ് ഇന്ദുലേഖ പോലെയുള്ള നോവലുകൾ നിർമിക്കപ്പെട്ടത് എന്നു  നാം കാണാതിരുന്നുകൂടാ. അക്കാലത്ത് ഉണ്ടായിക്കൊണ്ടിരുന്ന നോവലുകളിലെ നായികാ-നായക സങ്കല്പങ്ങളുടെ വൈദേശിക സ്വഭാവം പറങ്ങോടീപരിണയത്തിൽ തിരിച്ചറിയപ്പെടുന്നു. അവ കൊളോണിയൽ നിർമിതികളാണ്  എന്ന ഇന്നിന്റെ തിരിച്ചറിവിനോട് വളരെ അടുത്തുനിൽക്കുന്നു അത്. “The cultural ideal in literature, theatre, painting, music, dress, food, conversation, etiquette, and so on, was drawn from the coloniser’s world. The new literacy thus tried to transform India into a cultural province of the colonial metropolis, and neoliterate Indians into cultural compradors.” () [32] എന്ന് കെ.എൻ പണിക്കർ പറയുന്നു. തന്റെ നോവലിൽ അന്തർലീനമായ വൈദേശിക പ്രത്യയശാസ്ത്രം ‘ശാരദ’യിൽ ചന്തുമേനോൻതന്നെ കുറച്ചൊക്കെ തിരിച്ചറിയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. “ഇംഗ്ലീഷുപഠിച്ചു ബി.എ., ബി.എൽ. പരീക്ഷകൾ ജയിച്ചവർ എല്ലാവരും വളരെ പഠിപ്പുള്ളവരും ബുദ്ധിമാന്മാരും ആണെന്നു സാധാരണ ഇപ്പോൾ വിചാരിച്ചുവരുന്നുണ്ടല്ലോ. അത് എത്രയോ അബദ്ധമായ ഒരു വിചാരമാണെന്നു സൂക്ഷ്മമായി ആലോചിച്ചാൽ നമ്മൾക്ക് അറിയാം” എന്ന് ശാരദയിൽ നാം വായിക്കുന്നുണ്ട്. പറങ്ങോടീപരിണയവും ശാരദയും 1892 ൽ തന്നെയാണ് പുറത്തുവന്നത്. ഏത് ആദ്യം പുറത്തുവന്നു എന്നും ചന്തുമേനോൻ പറങ്ങോടീപരിണയം വായിക്കുകയുണ്ടായോ എന്നും നമുക്ക് അറിഞ്ഞുകൂടാ.


മനസ്സുകൊണ്ടു ഒന്നാമതു മലയാളത്തിൽ നോവൽ ഉണ്ടാക്കിയതു താനാണെന്നും അതുകൊണ്ട് ‘ആദിമലയാളഭാഷാനോവൽകർത്താവ്’ താനാണെന്നു തന്റെ വായനക്കാർ സമ്മതിക്കണം എന്നും മേനോൻ തന്റെ അവതാരികയിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിലെ നർമം മാറ്റിനിർത്തിയാൽ, ഇന്ദുലേഖ, കുന്ദലത തുടങ്ങിയ നോവലുകളുടെ രചയിതാക്കളെക്കാൾ എന്താണ് നോവൽ എന്ന സങ്കല്പം രാമൻകുട്ടിമേനോന്  ഉണ്ടായിരുന്നു എന്നതാണ് വാസ്തവം.


“ ‘ഇന്ദുലേഖ’യിലെ വികലനായകത്വത്തിൽ വങ്കത്തത്തിന്റെ മഹാശൂന്യതകളുണ്ടെന്നു വെളിപ്പെടുത്തിക്കൊണ്ട് രചനാകൗശലത്തിന്റെ മൂർച്ചകൊണ്ട് ‘ഇന്ദുലേഖ’യെ അതിശയിക്കുന്ന കൃതിയായിമാറുകയാണ് ‘പറങ്ങോടീപരിണയം’. നാം ഉൽകൃഷ്ടമെന്നും ശ്രേഷ്ഠമെന്നും കാലാകാലങ്ങളിൽ കരുതിപ്പോവുന്ന പല കാര്യങ്ങളിലും അസംബന്ധാത്മകതയുടെ പടുകുഴികളുണ്ടെന്നു നമ്മളെ ബോധ്യപ്പെടുത്തുക എന്നത് കലയുടെ മൗലികധർമമാണ്. പുത്തൻ പരിഷ്കാരപ്പൊങ്ങച്ചത്തിലെ ബുദ്ധിശൂന്യതയുടെ ഇടങ്ങൾ നമുക്കു കാണിച്ചുതരാൻ വേണ്ടി രാമൻകുട്ടിമേനോൻ ഉപജീവിക്കുന്നത്, കാലത്തിന്റെ വിശിഷ്ടകൃതികളെയാണ്. നവഭാവുകത്വത്തിന് വികലമെന്നു തോന്നുന്ന പല അലങ്കാരഭാവനകളും സങ്കല്പങ്ങളും ഭൂതകാല രചനകളിലുണ്ടാവാം. എന്നാൽ ‘ഇന്ദുലേഖ’ പുറത്തുവന്ന കാലത്തുതന്നെ അതിലെ ബാലിശഭാവനയുടെ ഇഷ്ടങ്ങളെ പരിഹസിച്ചുകൊണ്ടു രചന നടത്താന് ആളുണ്ടായി എന്നതാണ്  ഇവിടത്തെ സവിശേഷത.” () [p13 , എസ്.സുധീഷ്, ചരിത്രവും ഭാവനയും നോവൽകലയിൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2016)


ഇന്ദുലേഖ, കുന്ദലത, മീനാക്ഷി എന്നീ നോവലുകളെയാണ് തന്റെ അവതാരികയിൽ രാമൻകുട്ടി മേനോൻ പരാമർശിക്കുന്നതെങ്കിലും, “രജതേശ്വരന്റെ അഹിതനഗരങ്ങളിൽ സഞ്ചരന്തിയായ കിരാതി, കീർണ്ണങ്ങളായ രത്നങ്ങളെ അംഗാരഭ്രാന്ത്യാ ആദാനംചെയ്തിട്ടു ശ്രീഖണ്ഡങ്ങളെ തദുപരിക്ഷേപിച്ചു മുകളീഭൂതനേത്രനായി ഊതുമ്പോൾ അവളുടെ ശ്വാസമോദാനുധാവം ഹേതുവായിട്ട് അളികലനിവഹം ധൂമശങ്കയെ ചെയ്തു എന്നുമാത്രമല്ല, ഈ മഹാരാജാവിന്റെ യശസ്സുകൊണ്ടു ജഗത്തിനെ ധവളമാക്കിച്ചെയ്തപ്പോൾ പരമപുരുഷൻ ക്ഷീരാബ്ധിയെയും ശിവൻ കൈലാസത്തെയും ഇന്ദ്രൻ ഐരാവതത്തെയും രാഹു കലാനാഥനെയും ബ്രഹ്മാവ് ഹംസത്തെയും മൃഗിക്കേണ്ടിവന്നു.” എന്ന് മേനോൻ പാരഡി ചെയ്യുന്നത് കുന്ദലതയെ മാത്രമല്ല, അറിഞ്ഞോ അറിയാതെയോ സി.വിയുടെ ഭാഷയെയുമാണ്.


അതേ കാലത്ത് രൂപമെടുക്കുന്ന പ്രാസവാദത്തെ ചലിപ്പിച്ച ആധുനികതയുടെ കിരണങ്ങൾ തന്നെയാണ് പറങ്ങോടീപരിണയത്തിലും നാം കാണുന്നത്. നോവൽ എന്ന വിദേശ സാഹിത്യരൂപം നമ്മുടെ ഭാഷയിൽ ആവിഷ്കരിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന അനുഭവം നമ്മുടെ സമൂഹത്തിന്റേതുതന്നെ ആയിരിക്കണം എന്ന ബോധമാണല്ലോ ആത്യന്തികമായി പറങ്ങോടീപരിണയം പ്രകടമാക്കുന്നത്.


 


0 comments

Related Posts

bottom of page