top of page

മലയാളസാഹിത്യവിമര്‍ശനചരിത്രം(നവോത്ഥാനകാലവിമർശനം വരെ )

ഭാഗം - 1

ഡോ. ഷൂബ കെ.എസ്സ്.



ജന്മിത്തവ്യവസ്ഥയും രാജവാഴ്ചയും മുന്നോട്ടുവച്ച സാംസ്കാരികമൂല്യങ്ങളുടെ വിമർശനമായിരുന്നു നവോത്ഥാനകാലമലയാളസാഹിത്യവിമർശനം.

ആമുഖം


"വലിയ വിമര്‍ശകര്‍ സംഭാവന ചെയ്യുന്നവരല്ല, ഭംഗം വരുത്തുന്നവരാണ്" എന്നുപറഞ്ഞത് ജോര്‍ജ്ജ് വാട്സണ്‍ ആണ്. കവി തന്‍റെ സ്ഥലകാലങ്ങളെ മുന്‍നിര്‍ത്തി നിലവിലിരിക്കുന്ന അനുഭവങ്ങളെ പുന:ക്രമീകരിക്കുകയാണ് ചെയ്യുന്നതെന്നു പറയുന്നത് സാഹിത്യവിമര്‍ശനത്തെ സംബന്ധിച്ചും ശരിയാണ്. കവിയില്‍ സൗന്ദര്യപരത മുന്നിട്ട് നില്‍ക്കുമ്പോള്‍ വിമര്‍ശകനില്‍ യുക്തിപരത ഏറിനില്‍ക്കുന്നു എന്നുമാത്രം. "സരസ്വത്യാസ്തത്ത്വം കവിസഹൃദയാഖ്യം വിജയതേ" എന്നു അഭിനവഗുപ്തന്‍ പറഞ്ഞതിനേയും "ഭാവയിത്രീപ്രതിഭ നിരൂപകനുണ്ട്" എന്ന് രാജശേഖരന്‍ പറയുന്നതിനേയും ഏകദേശം ഈ അര്‍ത്ഥത്തില്‍ സ്വീകരിക്കാം. അതുകൊണ്ടുതന്നെ കൃതിയുടെ നിലവിലിരിക്കുന്ന അനുഭവലോകത്തോട് വിമര്‍ശകന്‍റെ സ്ഥലകാലങ്ങള്‍ പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന ഒരു പുതിയ സൃഷ്ടിയാണ് സാഹിത്യവിമര്‍ശനം. നിലവിലിരിക്കുന്ന അര്‍ത്ഥത്തെ തമസ്കരിക്കുന്ന (Death of the Author) ബാര്‍ത്തിനെപ്പോലുള്ള ഉത്തരാധുനികസാഹിത്യവിമര്‍ശകരുടെ വാദം ആശാസ്യമല്ല. അതുപോലെ "വര്‍ണ്ണനീയവസ്തുവുമായി തന്മയീഭവിക്കാന്‍ കഴിവുള്ളവരാണ് സഹൃദയന്‍" എന്ന ധ്വന്യാലോകലോചന ത്തിലെ അഭിപ്രായവും സ്വീകാര്യമല്ല. സാധാരണീകരണം വഴി കൃതിയിലെ കേവലാനുഭവവുമായി തന്മയീഭവിക്കുന്നതാണ് വായനയെന്ന രസധ്വനിസിദ്ധാന്തനിലപാട് നവോത്ഥാനകാലനിരൂപകര്‍ തിരസ്കരിക്കുന്നുണ്ട്. കാന്തയുടെ ഉപദേശം ഏറ്റുവാങ്ങുന്ന രീതിയല്ല കാലോചിതമായി പുതിയ അര്‍ത്ഥങ്ങള്‍ അനുമാനിക്കുന്ന (മാരാര്) പുതിയ സാംസ്കാരികമൂല്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന (മുണ്ടശ്ശേരി) പദ്ധതിയാണ് സാഹിത്യവിമര്‍ശനമെന്ന് ഇവര്‍ സ്ഥാപിച്ചു.

ജോർജ് ഗ്രിംസ് വാട്സൺ

ജന്മിത്തവ്യവസ്ഥയും രാജവാഴ്ചയും മുന്നോട്ടുവച്ച സാംസ്കാരികമൂല്യങ്ങളുടെ വിമർശനമായിരുന്നു നവോത്ഥാനകാലമലയാളസാഹിത്യവിമർശനം. ആയിരത്തിത്തൊള്ളായിരത്തിഅറുപതുകളുമെഴുപതുകളുമെത്തുമ്പോൾ വ്യാവസായികമൂല്യങ്ങളോട് സന്ധിചേരുംവിധം ജന്മിത്തമൂല്യങ്ങളുടെ പുനരുദ്ധാരണമുണ്ടാകുന്നു. അത് കവിത, നോവൽ, ചെറുകഥ തുടങ്ങിയ എല്ലാ ആഖ്യാനരൂപങ്ങളിലും ഉണ്ടാകുന്നുണ്ട്. വ്യാവസായികമാധ്യമങ്ങൾ അതിനാണ് പ്രാമുഖ്യം നൽകിയത്. എന്നാൽ അതിൻ്റെ നിഷേധങ്ങൾ വലിയ അളവിൽ സംഭവിക്കുന്നുണ്ടായിരുന്നു. ആധുനികതയുടെ വ്യാവസായികധാര സ്ത്രീവിരുദ്ധവും അധ:സ്ഥിതവിരുദ്ധവും സമൂഹ -സംസ്കാരബാഹ്യവുമായിരുന്നു. എന്നാൽ അതിൻ്റെ മറുപുറം എന്ന നിലയിൽ സാംസ്കാരികവിമർശനവും ദളിത്- സ്ത്രീവിമർശനങ്ങളും വ്യാവസായിക ആധുനികതയുടെ രണ്ടാംഘട്ടമെന്നോ ഉത്തരാധുനികതയെന്നോ വ്യവഹരിക്കപ്പെട്ട ഘട്ടത്തിൽ പരിമിതരീതിയിൽ ഉണ്ടാകുന്നുണ്ട്. എന്തായാലും നവോത്ഥാനാനന്തരഘട്ടത്തിൽ വ്യാവസായികമാധ്യമങ്ങൾ ആഘോഷിച്ച രാഷ്ട്രീയബാഹ്യമായ അസ്തിത്വം കൃതിക്ക് നഷ്ടപ്പെടുകയും കൃതിയുടെ അധികാരപഠനം സംശയരഹിതമായി സ്ഥാപിക്കപ്പെടുകയും ചെയ്തു. എങ്കിലും മലയാളത്തിൽ നടന്ന സാംസ്കാരിക-സാഹിത്യപഠനങ്ങൾ കൂടുതലും സംസ്കാരവ്യവസായത്തിൻ്റെ ഭാഗമായുള്ളതായിരുന്നു. എന്നാൽ നവോത്ഥാനകാലമാധ്യമപ്രവർത്തനം സ്വയം നഷ്ടപ്പെട്ടുകൊണ്ടുള്ള അധിനിവേശവിരുദ്ധപ്രവർത്തനമായിരുന്നു; ലാഭം ലക്ഷ്യമാക്കിയുള്ള വിവാദവ്യവസായമല്ലായിരുന്നു.


നവോത്ഥാനപത്രമാസികാകാലം പരിശോധിക്കാം.


പത്രമാസികാനിരൂപണം

വചനങ്ങള്‍ മുകളില്‍ നിന്നുമാത്രം വരികയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിന്‍റെ ജീര്‍ണ്ണഭാവുകത്വത്തില്‍നിന്നും കുതറിമാറിക്കൊണ്ട് വാക്കുകള്‍ നിര്‍മ്മിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന ജനാധിപത്യബോധത്തിലേക്ക് നീങ്ങിയ നവോത്ഥാനകാലഘട്ടത്തിലാണ് പത്രമാസികകള്‍ രൂപംകൊള്ളുന്നത്. അക്ഷരസംയുക്തനായ ശൂദ്രന്‍റെ തലതല്ലിപ്പൊളിക്കുന്ന ദുര്‍നീതിയില്‍നിന്നുമുള്ള ഒരു താല്‍ക്കാലിക രക്ഷാകേന്ദ്രമെന്ന നിലയില്‍, സമരോന്മുഖരായ കേരളജനതയ്ക്ക് ആശ്രയിക്കേണ്ടിവന്ന മിഷണറിപ്രവര്‍ത്തകരാണ് പത്രപ്രവര്‍ത്തനത്തിലൂടെ അക്ഷരജാലകം തുറന്നത്. തുടര്‍ന്ന് രാജാക്കന്മാരും തമ്പുരാക്കന്മാരും പിന്നീട്, വിമര്‍ശനം എന്ന ചരിത്രമനോഭാവം രൂപപ്പെടുത്തിയ ജനങ്ങളും പത്രനേതൃത്വം ഏറ്റെടുക്കുമ്പോള്‍ മതവ്യാഖ്യാനമെന്ന നിലയില്‍ നിന്നും പത്രമാസികകള്‍ രാഷ്ട്രീയവും സാഹിത്യപരവുമായ വിമര്‍ശനസ്ഥലമായി രൂപപ്പെടുന്നു. രാജ്യസമാചാരം (1847 ജൂണ്‍), പശ്ചിമോദയം (1847 ഒക്ടോബര്‍), ജ്ഞാനനിക്ഷേപം (1848)തുടങ്ങിയവയാണ് ആദ്യകാലമാസികകള്‍.

രാജ്യസമാചാരം
ഗുണ്ടർട് രാജ്യസമാചാരം

അഭിജാതവര്‍ഗ്ഗത്തിന്‍റെ ഇരുട്ടറകളില്‍ നിന്നും പല പൗരാണികകൃതികളും മോചിപ്പിക്കപ്പെടുകയും മുന്‍വ്യാഖ്യാനങ്ങളെ അപ്രസക്തമാക്കികൊണ്ട് സ്വതന്ത്രമായി ചര്‍ച്ചചെയ്യപ്പെടുകയും വിവര്‍ത്തനങ്ങളിലൂടെ വ്യത്യസ്തസങ്കേതങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് വിവിധ ഗദ്യമാതൃകകള്‍ (ചെറുകഥ, നോവല്‍, ഗദ്യനാടകം) രൂപപ്പെടുകയും ചെയ്തു. വിദ്യാസംഗ്രഹത്തില്‍ (1864) പ്രത്യക്ഷപ്പെട്ട 'നാനാര്‍ത്ഥം'മെന്ന പുസ്തകനിരൂപണ(ജോര്‍ജ്ജ് മാത്തന്‍)ത്തില്‍ത്തന്നെ ഭാഷയും സമീപനരീതിയും ജനകീയമാകണമെന്ന അഭിപ്രായം ഉണ്ടായിരുന്നു. വെളിച്ചം പൂര്‍വദിക്കില്‍ നിന്നും മാത്രമല്ല പശ്ചിമദിക്കില്‍ നിന്നും വരുന്നുണ്ടെന്ന് ആദ്യലക്കത്തിലേ ഉണര്‍ത്തിച്ച പശ്ചിമോദയം പൂര്‍വദിക്കിലെ ജ്യോതിഷംപോലുള്ള അന്ധാചാരങ്ങളെ എതിര്‍ത്തുകൊണ്ട് 'കാണ്ണാലേ കാണുന്ന' സത്യങ്ങളിലേക്ക് ശ്രദ്ധതെളിച്ചു. ജനകീയസ്വഭാവമുള്ള പല ഗദ്യകൃതികളുടേയും തുടക്കം ഇത്തരം മാസികകളില്‍ തന്നെയായിരുന്നു. ഉത്തമഗദ്യത്തിനു മാതൃകയെന്ന് ഉള്ളൂര്‍ വിശേഷിപ്പിച്ച ആര്‍ച്ചുഡീക്കന്‍ കോശിയുടെ പുല്ലേലിക്കുഞ്ചു ജ്ഞാനനിക്ഷേപത്തിലാണ് വന്നത്. പദ്യമാത്രവിഭവമായി തുടങ്ങിയ കവനകൗമുദി യില്‍പ്പോലും പിന്നീട്, 'ഞങ്ങളുടെ വായനാമുറി' എന്ന ഗ്രന്ഥവിമര്‍ശനങ്ങള്‍ വരുന്നുണ്ട്. ആദ്യത്തെ സാഹിത്യമാസികയായി കരുതപ്പെടുന്ന വിദ്യാവിലാസിനി (1881-വിശാഖം തിരുനാള്‍ പത്രാധിപര്‍)യിലാണ് കേരളവര്‍മ്മയുടെ ശാകുന്തളം വിവര്‍ത്തനം പ്രസിദ്ധീകരിക്കുന്നത്. പി.ഗോവിന്ദപിള്ളയുടെ മലയാളഭാഷാചരിത്രവും ഇതിലാണ് പ്രസിദ്ധികരിച്ചത് . സി.പി. അച്യുതമേനോന്‍റെ വിദ്യാവിനോദിനി (1889) വിദ്യയേയും വിനോദത്തേയും മാത്രമല്ല രാജ്യതന്ത്രവിഷയത്തെക്കൂടി സംബന്ധിച്ചതാണെന്ന് പ്രഖ്യാപിച്ചു. കാവ്യവ്യാപാരം കേവലം ആത്മനിഷ്ഠപ്രവര്‍ത്തനമാണ് എന്ന നിലയില്‍ നിന്നും സംഘടിതയജ്ഞം എന്ന രീതിയില്‍ ഭാഷാപോഷിണിസഭ പ്രവര്‍ത്തിച്ചതും കാണാം (കവിസമാജം-1891).സഭയുടെ മുഖപത്രമായി ആരംഭിച്ച ഭാഷാപോഷിണി (1892), സാഹിത്യത്തില്‍ അര്‍ത്ഥപരമായ മുന്നേറ്റത്തിന്‍റെ അബോധാത്മകപ്രതിനിധാനമെന്ന് പറയാവുന്ന പ്രാസവാദത്തിനും മറ്റും വേദിയായിക്കൊണ്ട് വിമര്‍ശനസ്വഭാവം പ്രകടിപ്പിച്ചു.

1891-ൽ കൊല്ലത്തെ പരവൂരിൽ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് സുജനാനന്ദിനി.കവിതാവിലാസിനിയെന്ന പേരിലൊരു ഉപപത്രവും സുജനാനന്ദിനിയോടൊപ്പം ഓരോ ലക്കത്തിലും പ്രസിദ്ധീകരിച്ചിരുന്നു. മൂലൂർ എസ്. പത്മനാഭപണിക്കരുടെ കവിരാമായണത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം പൊട്ടിപ്പുറപ്പെട്ട സാഹിത്യസംവാദം കവിതാവിലാസിനിയിലായിരുന്നു സംഭവിച്ചത്. അഴകത്തു പത്മനാഭക്കുറുപ്പ്, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഉള്ളൂർ, സി.എസ്. സുബ്രഹ്മണ്യൻ പോറ്റി, മൂലൂർ, സി.വി.കുഞ്ഞുരാമൻ,കുമാരനാശാൻ, കെ.സി. കേശവപിള്ള എന്നിവരൊക്കെ ഇതിൽ കവിതകൾ എഴുതിയിരുന്നു. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട കലാപത്തിൽ അധ:സ്ഥിതപക്ഷനിലപാട് സ്വീകരിച്ചതിന് കേരളഭൂഷണംപ്രസും സുജനാനന്ദിനിപത്രമോഫീസും അഗ്നിക്കിരയാക്കപ്പെടുന്നു. ഇങ്ങനെ സാഹിത്യത്തിന്റെയും സമൂഹത്തിൻ്റെയും ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി സ്വയമില്ലാതായിക്കൊണ്ടുള്ള സമരങ്ങളായിരുന്നു പത്രപ്രവർത്തനം.


പുതിയകാലവ്യാവസായികമാധ്യമങ്ങൾ കണ്ണാലെ കാണുന്ന സത്യത്തെ മാത്രം അവതരിപ്പിച്ചും നിർമ്മിച്ചും ജനങ്ങളുടെ രാഷ്ട്രീയമനസ്സിനെ മറച്ചുപിടിക്കുന്നു. കുത്തകവ്യവസായികൾ നടത്തുന്ന മാധ്യമങ്ങൾ അവർക്കുവേണ്ടിയുള്ള മിഷണറിപ്രവർത്തനമാക്കി മാധ്യമങ്ങളെ മാറ്റുന്നു.


കേരളവര്‍മ്മ
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

'ഈ ദേശത്തില്‍ ഇപ്പോള്‍ ജനസാമാന്യം അധിവസിക്കുന്ന ഭവനങ്ങളെക്കുറിച്ചും അവ ഏതു വിധത്തിലായിരിക്കണമെന്നതിനെക്കുറിച്ചും'മെന്ന ലേഖനത്തില്‍ നാലുകെട്ടുകളുടെ ഇരുട്ടറകൾ ഇല്ലാതാക്കുന്ന ഭവനനിര്‍മ്മാണത്തെക്കുറിച്ച് കേരളവര്‍മ്മ ചര്‍ച്ചചെയ്യുന്നുണ്ട്. ജന്മിത്തത്തിന്‍റെ ഇരുട്ടറയില്‍ നിന്ന് ജനാധിപത്യത്തിന്‍റെ വെളിച്ചത്തിലേക്കുള്ള സംക്രമണഘട്ടത്തിലെ ഒരു നിരൂപകനായിരുന്നു കേരളവര്‍മ്മ. സംസ്കൃതനിരൂപണപാരമ്പര്യത്തിലെ ജനാധിപത്യഘടകങ്ങളെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങളൊന്നുമില്ലെങ്കിലും ഭാഷയേയും സാഹിത്യത്തേയും പോഷിപ്പിക്കാനുള്ള ഒരു ചാലകശക്തിയായിരുന്നു കേരളവര്‍മ്മ. കേവലരസനീയതയേയും കാവ്യദോഷങ്ങളേയും മുന്‍നിര്‍ത്തി രസധ്വനിവായനാരീതിയില്‍ നിരൂപണങ്ങള്‍ ചെയ്യുമ്പോള്‍ത്തന്നെ (ഉദാ:-പരവൂര്‍ കെ.സി.കേശവപിള്ളയുടെ നാരായണീയ പരിഭാഷ) ആ വായനാപദ്ധതിയെ തിരസ്കരിക്കുന്ന ചില ധാരണകളുമുണ്ട്. വെണ്മണിയുടെ ഭൂതിഭൂഷചരിതത്തെക്കുറിച്ചുള്ള വിവരണത്തില്‍ 'ഗ്രാമ്യമോ അഗ്രാമ്യമോ എന്നും മറ്റുമുള്ള വിചാരം കൂടാതെ തോന്നിയത് പറയുന്ന രീതിയെ' പ്രശംസിക്കുന്നത് 'ഗ്രാമ്യം' കാവ്യദോഷമാണെന്ന ധാരണയെ തിരുത്തുന്നുണ്ട്. ഇത് അഭിജാത സൗന്ദര്യസങ്കല്‍പ്പനത്തിനെതിരെയുള്ള അബോധമായ പ്രതിഷേധമാണ്. എന്നാല്‍, "പുസ്തകം മുഴുവനും നോക്കിയാല്‍ നീരസമോ അഭംഗിയോ ആയ ഒരു ശ്ലോകപാദം പോലുമില്ല" എന്നിങ്ങനെയുള്ള കേവല രസധ്വനി നിരീക്ഷണങ്ങളുമുണ്ട് (ഉമാകേരളം-അവതാരിക).

കെ.സി.കേശവപിള്ളയുടെ ലക്ഷ്മീകല്ല്യാണം നാടകം അന്ധവിശ്വാസം ഇല്ലാതാക്കുമെന്ന് കേരളവര്‍മ്മ പറഞ്ഞതിനെ മുന്‍നിര്‍ത്തി ജോണ്‍സണെ ഉദ്ധരിച്ചുകൊണ്ട് കേരളവര്‍മ്മ, തത്വാധിഷ്ഠിതവിമര്‍ശകനാണെന്നും മലയാളവിമര്‍ശനം പിന്നീട് അതാണ് പിന്തുടര്‍ന്നതെന്നും മലയാളഗദ്യത്തിന്‍റേയും വിമര്‍ശനത്തിന്‍റേയും പിതാവാണദ്ദേഹമെന്നും അഴീക്കോട് നിരീക്ഷിക്കുന്നത് ശരിയല്ല. ജീവിതം സ്വന്തം മനസിലേല്‍പ്പിച്ച ആഘാതങ്ങളെ മുന്‍നിര്‍ത്തിയുള്ള തത്വാന്വേഷണമോ, കൃതി സ്വന്തം മനസിലേല്‍പ്പിച്ച ആഘാതങ്ങളെക്കുറിച്ചന്വേഷിക്കുന്ന സാഹിത്യവിമര്‍ശനമോ കേരളവര്‍മ്മയിലില്ല. അദ്ദേഹത്തിന്‍റെ നിരൂപണങ്ങള്‍ രാജകീയമായ ഔദാര്യങ്ങളായിരുന്നു.


സി.പി. അച്യുതമേനോൻ
സി.പി. അച്യുതമേനോൻ

"...നിലവിലുള്ള ഒരു സമ്പ്രദായത്തെ യുക്തസഹമായി നവീകരിക്കുന്നതിനേക്കാളേറെ അതിനൊരു പവിത്രത നല്‍കി കൂടുതല്‍ ദൃഢീകരിക്കാനായിരിക്കണം ഐതീഹ്യത്തെ കൂട്ടുപിടിച്ചത്..." പരശ്ശുരാമന്‍റെ കല്‍പ്പനയാല്‍ മരുമക്കത്തായം ആവിര്‍ഭവിച്ചു എന്ന സിദ്ധാന്തത്തെ കൊച്ചിന്‍ സ്റ്റേറ്റ് മാന്വലില്‍ സി.പി.അച്യുതമേനോൻ ഇങ്ങനെയാണ് വിലയിരുത്തുന്നത്. ബ്രാഹ്മണമതത്തിന്‍റെ പവിത്രമായ വിശ്വാസങ്ങളെ തുറന്നുകാട്ടിക്കൊണ്ട് നിലവിലുള്ള സമ്പ്രദായങ്ങളെ യുക്തിസഹമായി നവീകരിക്കുന്ന ഒരു കാലമായിരുന്നു സി.പി.യുടേത്. രാജകീയവും വ്യവസ്ഥാപിതവുമായ മൂല്യസങ്കല്‍പ്പങ്ങള്‍ക്ക് ഉലച്ചില്‍ തട്ടുകയും മുമ്പ് രസനീയവും ഭാവാത്മകവുമായിരുന്ന പല കാര്യങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെടുകയും ചെയ്തു. രാജാവിന്‍റെ ദാനശീലം കണ്ട് കാമധേനുവിന്‍റെ സ്തനം ശോഷിച്ചുവെന്നും മറ്റും പറയുന്നതില്‍ ഇനി ചമത്കാരമില്ലെന്നും അപൂര്‍വകല്‍പ്പനകള്‍ വേണമെന്നും നളിനിയുടെ അവതാരികയ്ക്കും മുമ്പ് കൊച്ചുണ്ണിത്തമ്പുരാന്‍റെ കല്യാണീനാടകനിരൂപണത്തില്‍ സി.പി.പറഞ്ഞു. വചനങ്ങള്‍ എവിടെ നിന്നു വരുന്നു എന്നതല്ലയതിന്‍റെ സ്വീകാര്യതയ്ക്കു നിദാനമെന്ന ബോധ്യം സുഭദ്രാര്‍ജ്ജുനം(ഇക്കാവമ്മ) നിരൂപണവേളയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഒരു രചന നന്നോയെന്ന് നോക്കാന്‍ കര്‍ത്താവ് പെണ്ണോ, തടിച്ചിയോ, വെളുത്തിട്ടോ എന്നൊന്നും പരിശോധിക്കേണ്ട കാര്യമില്ലെന്ന് സി.പി. പറഞ്ഞത്. അഭിപ്രായങ്ങള്‍ ധ്വനിമര്യാദയില്‍ സൂക്ഷിക്കേണ്ടതുണ്ടെന്ന് കരുതാതിരുന്ന സി.പി. ,വയക്കര നാരായണന്‍ മൂസതിന്‍റെ മനോരമാവിജയത്തേയും വാസുദേവപ്രഭുവിന്‍റെ രതിസുന്ദരിയേയും പി.എന്‍. ശങ്കുണ്ണിവാര്യരുടെ കഥാമഞ്ജരിയേയും നിശിതമായി വിമര്‍ശിച്ചു. കേവല അലങ്കാരങ്ങളെ അംഗീകരിക്കുന്ന രസധ്വനിസിദ്ധാന്തമാണ് സി.പി. പിന്തുടര്‍ന്നത് എന്നതിനാല്‍ സി.പിയുടെ എതിര്‍പ്പുകള്‍ക്ക് സൈദ്ധാന്തികമായ പിന്‍ബലമില്ലായിരുന്നു. ഒന്നാമതും രണ്ടാമതും മൂന്നാമതും അര്‍ത്ഥപുഷ്ടിയ്ക്ക് ശ്രമിച്ചശേഷം പ്രാസശ്രദ്ധയ്ക്ക് ഒരുമ്പെടാമെന്ന് പറയുമ്പോള്‍ (പ്രാസം) കേവല അലങ്കാരശബളതയ്ക്ക് ശ്രമിക്കുന്നതിനെ അറിയാതെ അംഗീകരിക്കേണ്ടിവരുന്നു. പ്രാസഭംഗി അറിയണമെങ്കില്‍ കാളിദാസനെയല്ല ഭവഭൂതിയെ വായിക്കണമെന്ന് സിപി.പറയുന്നത് അതുകൊണ്ടാണ്. സാഹിത്യചിന്തയിലെ രസധ്വനിയുടെ അഭിജാതബോധമാണ് അധഃസ്ഥിതന്‍റെ സമത്വപ്രശ്നം ആവിഷ്കരിക്കുന്ന സരസ്വതീവിജയം പ്രകോപനപരമായി തോന്നിപ്പിച്ചത്.


എന്നാല്‍ കെ.സി.കേശവപിള്ളയുടെ രാഘവമാധവം നിരൂപണം ചെയ്യുമ്പോള്‍ രസധ്വനിപ്രകാരം രസനീയവും ദോഷഭാവവുമൊക്കെയാണെങ്കിലും ഇംഗ്ലീഷ്-സംസ്കൃതനാടകങ്ങള്‍ വായിക്കുമ്പോഴത്തെ രസം ഈ നാടകത്തില്‍ തോന്നാത്തതെന്താണെന്ന് സിപി. ചിന്തിക്കുന്നുണ്ട്. സാഹിത്യത്തില്‍ രസവും 'കാന്താ ഉപദേശ'വു (കൃത്യകൃത്യവിവേകമെന്ന് സി.പി.)മല്ലാതെ സൃഷ്ടിപരമായ അര്‍ത്ഥതലമുണ്ടെന്ന നവോത്ഥാനവീക്ഷണം അതിന്‍റെ ബീജരൂപത്തില്‍ സി.പി.യിലുണ്ടായിരുന്നു.


ഏ.ആര്‍. രാജരാജവര്‍മ്മ(1863-1918)
ഏ.ആര്‍. രാജരാജവര്‍മ്മ

'ജനപ്രതിനിധി രാജ്യഭാരമോ രാജകീയഭരണമോ നന്ന്' എന്ന ഉപന്യാസവിഷയം സാഹിത്യസാഹ്യ(1911)ത്തിനൊടുവില്‍ ഏ.ആര്‍ ചേര്‍ക്കുന്നുണ്ട്. മാറുന്ന കാലത്തെക്കുറിച്ചുള്ള ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് രൂപപ്രധാനമായ വ്യാകരണബോധത്തില്‍ നിന്നും വ്യത്യസ്തമായി അര്‍ത്ഥം നിയാമകമായ വ്യാകരണശാസ്ത്രം നിര്‍മിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞത്. ഭാഷ ഒരു ചരിത്രപരമായ പ്രക്രിയയെന്ന നിലയില്‍ വീക്ഷിക്കാനും ആഗമികാത്മകഭാഷാവ്യാകരണഗ്രന്ഥം (കേരളപാണിനീയം ഒന്നാം പതിപ്പില്‍ നിന്നും വ്യത്യസ്തമായി രണ്ടാംപതിപ്പ് 1917) രചിക്കാനും സാധിച്ചു."അഭ്യൂഹികവ്യാകരണം രാജാധിപത്യത്തിന്‍റേയും ആഗമികവ്യാകരണം പൗരാധിപത്യത്തിന്‍റേയും സ്ഥാനം വഹിക്കും" എന്ന് കേരളപാണിനീയത്തിന്റെ മുഖവുരയില്‍ അദ്ദേഹം കുറിച്ചിടുന്നുണ്ട്. എന്നാല്‍ ചരിത്രരഹിതവായന സാധിക്കുന്ന രസധ്വനിസിദ്ധാന്തത്തെ പിന്തുടര്‍ന്നുകൊണ്ട് കേവലരസം/കേവലവര്‍ണ്ണന (പ്രാസം) എന്നീ ദ്വന്ദ്വങ്ങളില്‍ മാറിമാറി നിലകൊള്ളുകയായിരുന്നു സാഹിത്യനിരൂപണത്തിൽ എ ആർ . അതുകൊണ്ടാണ് പ്രാസവാദത്തില്‍ രസപക്ഷത്ത് നിലകൊള്ളുന്നുവെന്നു പറയുമ്പോള്‍ത്തന്നെ അലങ്കാരജടിലമായ രാമചന്ദ്രവിലാസം(1907), മയൂരസന്ദേശം (1894) എന്നീ കാവ്യങ്ങളെ സ്വീകരിക്കുന്നത്. ശബ്ദഭംഗിയുള്ളതിനാല്‍ മയൂരസന്ദേശം കാളിദാസകാവ്യത്തെ അതിശയിക്കുമെന്നും രാമചന്ദ്രവിലാസത്തിനു വിശേഷാല്‍ ഒരഴകുണ്ടെന്നും പറയുന്നു. രസപക്ഷത്തുനിലകൊള്ളുന്ന നളിനിയുടെ അവതാരികയും പില്‍ക്കാലവിമര്‍ശനത്തിനു മാതൃകയാവുന്നില്ല. നവനവോല്ലേഖകല്‍പ്പനയുടെ ആവശ്യകതയും കല്‍പ്പിതകഥാവസ്തുവിന്‍റെ അപൂര്‍വ്വതയും എടുത്തുപറഞ്ഞത് ഏ.ആറിന് മുമ്പ് സി.പിയാണ്. രസവിശ്രാന്തിക്കുവേണ്ടി സംഭോഗശൃംഗാരത്തില്‍ അവസാനിക്കുന്ന കാവ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് നളിനി എന്ന് സൂചിപ്പിക്കുന്നത് അര്‍ത്ഥവത്താണ്. എന്നാല്‍ ഒടുവില്‍ സംഭോഗശൃംഗാരത്തിന്‍റേയും ബ്രഹ്മാനന്ദസഹോദരത്തിന്‍റേയും കഥ തന്നെയാണ് ഈ കാവ്യവും എന്ന രീതിയില്‍ അവതാരിക അവസാനിപ്പിക്കുകയാണ്. ചരിത്രപരവും ദാര്‍ശനികവുമായ സംഘര്‍ഷം എന്നനിലയില്‍ പില്‍ക്കാലത്ത് വായിക്കപ്പെട്ട ആശാന്‍കവിതാപഠനത്തിന്‍റെ മാതൃകയാവുന്നില്ല ഈ അവതാരിക. എന്നാല്‍ പ്രാസവാദത്തിലെന്നപോലെ ഈ നിരൂപണങ്ങളിലും അബോധമായി പുരോഗമനസ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ടാണ് നായകന് ശൃംഗാരമില്ലാത്തിനാല്‍ രസധ്വനിവാദപ്രകാരം ശൃംഗാരാഭാസമാകേണ്ട ഒരു കൃതിയെ ഏ.ആറിന് സ്വീകാര്യമായിത്തോന്നിയത്. എന്നാല്‍ പ്രത്യക്ഷത്തില്‍ നിരൂപണത്തിന് വ്യാഖ്യാനത്തിന്‍റേയോ കേവല അനുഭവതന്മയീഭാവത്തിന്‍റേയോ തലമല്ലാതെ സൃഷ്ടിയുടേയോ മാറ്റിമറിക്കലിന്‍റേയോ അര്‍ത്ഥം ഏ.ആര്‍ നല്‍കിയിരുന്നില്ല. സാഹിത്യസാഹ്യത്തില്‍ സര്‍വസമ്മതമായ ഒരു സംഗതി വിശദപ്പെടുത്തുന്ന 'വിവരണം' എന്ന വിഭാഗത്തിലാണ് നിരൂപണത്തെപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഭാഷാഭൂഷണം (1902) കേവലം അലങ്കാര-രസവിവരണഗ്രന്ഥമായിപ്പോയത്.


പ്രാസവാദം

ബ്രഹ്മാനന്ദത്തിന്‍റെ പേരില്‍ സമൂഹത്തെ സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും വിഭജിച്ച ബ്രാഹ്മണമതത്തിന്‍റെ പ്രത്യയശാസ്ത്രമാണ്, രസം ബ്രഹ്മാനന്ദസഹോദരമാണ് എന്നു പറഞ്ഞുകൊണ്ട് കാവ്യത്തെ രസധ്വനി, ഗുണീഭൂതവ്യംഗ്യം(അലങ്കാരം) എന്നിങ്ങനെ വെട്ടിമുറിച്ചത്. കേവലരസത്തിനായി വാദിച്ചവരുടെ സ്വാഭാവികമായ നിലപാടായിരുന്നു ജടിലമായ അലങ്കാരങ്ങളെ അംഗീകരിക്കുകയെന്നത്. ആനന്ദവര്‍ദ്ധനനും ഏ.ആറിനുമൊക്കെ ചിത്രകാവ്യം പോലും സ്വീകാര്യമായിരുന്നു. എന്നാല്‍ പാരമ്പര്യപ്രതിഷ്ഠകള്‍ക്ക് ഇളക്കംത്തട്ടുന്ന 19-ാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ രസത്തിനും അലങ്കാരത്തിനും സവര്‍ണ്ണര്‍ക്കും അവര്‍ണ്ണര്‍ക്കും മാറ്റം സംഭവിച്ചതുപോലെ സങ്കല്‍പ്പവ്യതിയാനങ്ങള്‍ ഉണ്ടായി. 'പ്രാസവാദം' അത്തരത്തിലുണ്ടായതാണ്. കേരളവര്‍മ്മയുടെയും ഏ.ആറിന്‍റെയും നേതൃത്വത്തിലുണ്ടായ ഈ വാദപ്രതിവാദങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ വൈരുധ്യങ്ങളുണ്ടെന്ന് തോന്നാം. 1891-ല്‍ ഭര്‍തൃഹരിയുടെ "ആബദ്ധകൃത്രിമസടാ…" എന്ന ശ്ലോകത്തിനു മലയാളമനോരമയില്‍ ദ്വിതീയാക്ഷരപ്രാസമില്ലാത്ത ഒരു തര്‍ജ്ജ പ്രത്യക്ഷപ്പെട്ടു. അതിനെക്കുറിച്ച് ഉദയവര്‍മ്മതമ്പുരാനും മറ്റും എഴുതിയ കത്തിന് ഏ.ആറിന്‍റെ മറുപടി എന്ന നിലയിലാണ് പ്രാസവാദം ആരംഭിക്കുന്നത്. ഇതിനിടയില്‍ ഈ പ്രാസത്തെ എതിര്‍ത്തുകൊണ്ട് 'കൃത്യകൃത്ത്' മനോരമയില്‍ തന്നെ 'മലയാളഭാഷ' എന്ന ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കവിതാസാമര്‍ത്ഥ്യത്തിന്‍റെ പ്രതീകമായാണ് കേരളവര്‍മ്മയും മറ്റും പ്രാസത്തെ കണ്ടത്.


"ഈ നാലക്ഷരത്തെ രക്ഷിക്കാന്‍ വേണ്ടി കവികുഞ്ജരന്മാര്‍ കാട്ടിക്കൂട്ടുന്ന ഗോഷ്ടികള്‍ കാണുമ്പോള്‍ കോപത്തിലും തുലോം താപമാണുണ്ടാകുന്നത്" എന്ന് ഭാഷാഭൂഷണത്തില്‍ ഏ.ആര്‍. എഴുതി. എന്നാല്‍ ഈ വാദങ്ങള്‍ക്ക് പിന്നില്‍ സൈദ്ധാന്തികനിലപാടൊന്നും പ്രത്യക്ഷത്തിലില്ലായിരുന്നു. കേരളവര്‍മ്മ പ്രാസമില്ലാതെ ദൈവയോഗം എഴുതുകയും ഏ.ആറിന് ഈ പ്രാസത്തോട് മാത്രമാണ് ഉദാസീനബുദ്ധിയെന്നും (മേഘസന്ദേശം) മറ്റ് അലങ്കാരജടിലകാവ്യങ്ങളോട് (മയൂരസന്ദേശം, രാമചന്ദ്രവിലാസം) താല്‍പ്പര്യക്കുറവില്ലെന്ന് വെളിവാക്കുകയും ചെയ്യുന്നു. 1903-ലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് മലയാളസമാജവാര്‍ഷികത്തിനു കേരളവര്‍മ്മ അധ്യക്ഷനായുള്ള സദസ്സില്‍ കേശവപിള്ള പ്രാസത്തിനെതിരായി പ്രസംഗിച്ചത് വീണ്ടും ഒച്ചപ്പാടുണ്ടാക്കുകയും ഏ.ആറിന്‍റെ 'മധ്യസ്ഥവിധി' യോടെ അതവസാനിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ വാദപ്രതിവാദക്കാരുടെ നിലകള്‍ക്ക് പൂരണസ്വഭാവമുണ്ടായിരുന്നത്. സത്യത്തിൽ, ഏ ആറിൻ്റെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും വിമർശനങ്ങൾക്കാണ് വൈരുധ്യമുണ്ടായിരുന്നത്. കൃതിയിലെ ജീവിതം അന്വേഷിച്ചുതുടങ്ങുന്നത് അക്കാലത്ത് സ്വദേശാഭിമാനിയാണ്. യഥാർത്ഥത്തിലത് മറയ്ക്കപ്പെടാൻ രൂപപ്പെട്ടതാണ് ഏ.ആർ / കേരളവർമ്മ ദ്വന്ദ്വം. കേവലം ദ്വിതീയാക്ഷരപ്രാസത്തോടുള്ള വിരോധം മാത്രം നിമിത്തം ഏ ആർ പുരോഗമനപക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടു. എന്നാൽ അഴീക്കോട് അഭിപ്രായപ്പെടുംപോലെ പ്രാസവാദം 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' അല്ലായിരുന്നു. ദ്വിതീയാക്ഷരപ്രാസം ഇന്നും അസുഖപ്രദമല്ലാത്ത രീതിയില്‍ പിന്തുടരുന്നതിനാല്‍, "അന്നത്തെ ആ വാദപ്രതിവാദങ്ങളില്‍ ഏതുപക്ഷമായിരുന്നു കൂടുതല്‍ ശരി". (ഇങ്ങുനിന്നങ്ങോളം) എന്ന് മാരാര് ചിന്തിക്കുന്നുണ്ട്. എന്നാല്‍ അലങ്കാരങ്ങളെ ഇല്ലാതാക്കുകയല്ലായിരുന്നു പ്രാസവാദത്തിന്‍റെ ലക്ഷ്യം ;മറിച്ച് രസത്തേയും അലങ്കാരത്തേയും ഉച്ചനീചത്വഭാവത്തില്‍ (സവര്‍ണ്ണാവര്‍ണ്ണ) മാറ്റിനിര്‍ത്തുന്ന രസധ്വനിപദ്ധതിയെ തകര്‍ക്കുകയായിരുന്നു. ആശാന്‍ അബോധമായി അതറിഞ്ഞതുകൊണ്ടാണ് പ്രാസം ഉപയോഗിച്ചുകൊണ്ടുതന്നെ ഏ.ആറിന്‍റെ പക്ഷത്ത് നിന്നത്. ശബ്ദഭംഗിയില്‍ ദീക്ഷ കുറയ്ക്കണമായിരുന്നുവെന്ന് പറഞ്ഞ (നളിനിയുടെ അവതാരിക) ഏ.ആര്‍ പ്രത്യക്ഷത്തില്‍ യാന്ത്രികമായാണ് ഈ വാദത്തെ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കലയുടേയും ജീവിതത്തിന്‍റെയും ഭാവത്തിന്‍റേയും രൂപത്തിന്‍റേയും യുക്തിബോധത്തിന്‍റേയും സൗന്ദര്യബോധത്തിന്‍റേയും പ്രതിഭയുടേയും ലോകവ്യവഹാരവ്യുല്‍പ്പത്തിയുടെയും അയിത്തശങ്കകള്‍ ഭേദിച്ച മാരാര്‍ക്കും മുണ്ടശ്ശേരിയ്ക്കുമുള്ള ഭൂമികയായിരുന്നു പ്രാസവാദം. അതായത് പ്രാസവാദം അര്‍ത്ഥപരമായ മുന്നേറ്റത്തിന്‍റെ അബോധാത്മകപ്രതിനിധാനമായിരുന്നു.


സാഹിത്യപഞ്ചാനനന്‍ പി. കെ. നാരായണപിള്ള (1878-1938)

"യാതൊന്നും പൊതിഞ്ഞുവയ്ക്കാതെ സകലതും തുറന്നു പറയണമെന്നുള്ള പച്ചപരമാര്‍ഥകാലമാണിത്" എന്ന് 1931-ല്‍ കൊല്ലത്തുവച്ചുനടന്ന സമസ്തകേരളസാഹിത്യപരിഷത്തില്‍ സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള ചെയ്ത അധ്യക്ഷപ്രസംഗത്തില്‍ പ്രസ്താവിക്കുന്നുണ്ട്. കാലത്തിന്‍റെ ചലനാത്മകതയോട് ബന്ധപ്പെടാന്‍ പരിശ്രമിക്കുകയും എന്നാല്‍ പലപ്പോഴും അതിനാകാതെ ബദ്ധപ്പെടുകയും ചെയ്യുന്ന നിരൂപകനെയാണ് പി.കെയില്‍ കാണുന്നത്. എന്നാല്‍ നിതാന്തമായ ശ്രമബുദ്ധിയുണ്ട്. "മഹത്തായ കലയുടെ ലക്ഷണം ദുര്‍ലഭത്വമാണ്. എന്നാല്‍ ഇന്നത്തെ കാലത്തിന്‍റെ രുചി അത് വകവച്ച് കൊടുക്കുന്നില്ല" എന്ന് അദ്ദേഹം പരിഭവിക്കുന്നു. ജനകീയപ്രാമാണ്യം കലകള്‍ക്കു വിരുദ്ധമാണ് എന്നു വിശ്വസിക്കുമ്പോഴും,

"പാട്ടുകേട്ടാലാര്‍ക്കുസൗഖ്യം പട്ടിണിയായ് കിടക്കുമ്പോള്‍

ഊട്ടുകേട്ടാല്‍ തലപൊക്കും അതു കേള്‍പ്പാനുമില്ലെങ്ങും"-എന്ന നമ്പ്യാരുടെ വരികളിലെ വാസ്തവികത പി.കെയെ അലോസരപ്പെടുത്തുന്നു. രസത്തിന് തത്തുല്യമായ സ്ഥാനം വസ്തുവിനും രീതിയ്ക്കും നല്‍കുന്നു എന്നത് പി.കെയുടെ ദാര്‍ശനികമായ അപൂര്‍വ്വതയാണ്. അരിസ്റ്റോട്ടിലിന്‍റേയും

വേര്‍ഡ്സ്വര്‍ത്തിന്‍റേയും മാത്യു ആര്‍നോള്‍ഡിന്‍റേയും ചിന്തകള്‍ പരിശോധനവിധേയമാക്കുകയും കേവലരസവിചാരത്തിനുപരിയുള്ള വായനാസാധ്യതകള്‍ ആരായുകയും ചെയ്യുന്നുണ്ട്. (സാഹിത്യകലയുടെ ചിലമൂലതത്വങ്ങള്‍) കവനങ്ങളില്‍ കവിയുടെ കാലത്തെ മാനസികാവസ്ഥ കാണാം എന്ന അര്‍നോള്‍ഡിന്‍റെ ചിന്തയെ നമ്പ്യാരുടെ കൃതിയുമായി ബന്ധിപ്പിക്കുന്നുണ്ട്. 'പഞ്ചാനനന്‍റെ വിമര്‍ശനത്രയ'ത്തില്‍ നമ്പ്യാരെ തന്‍റേടത്തോടെ സമീപിക്കാന്‍ ഇത്തരം ചിന്തകള്‍കൊണ്ട് വിസ്തൃതമായ മനസ്സിന് കഴിയുന്നുണ്ട്. നമ്പ്യാരുടെ ബഹുമാനഹേതു പൂര്‍വകവി സങ്കേതങ്ങളേയും മാമൂലുകളെയും വിട്ട് 'ചുറ്റുമുള്ള അവസ്ഥകളെ നിരങ്കുശമായി പ്രതിപാദിച്ച'താണെന്ന് എഴുതുന്നു. ചെറുശ്ശേരിയ്ക്കും എഴുത്തച്ഛനും അതില്ലായിരുന്നു എന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ധ്വനിമര്യാദ സൂക്ഷിക്കുന്ന കുലീനസ്ത്രീകളെ തട്ടിമറിച്ചിടുന്ന നമ്പ്യാരുടെ സ്ത്രൈണ കഥാപാത്രാവതരണവും ശൃംഗാരാവതരണവും പി.കെയ്ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. നമ്പ്യാര്‍ക്കവിതയിലെ ആക്ഷേപഹാസ്യ(സറ്റയര്‍)ത്തിന്‍റെ സവിശേഷത സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കൃഷ്ണഗാഥയെ കേവലം അലങ്കാരത്തിന്‍റേയും മനോധര്‍മ്മത്തിന്‍റേയും പേരില്‍ പുകഴ്ത്തുകയും കേവലം സന്മാര്‍ഗ്ഗോപദേശത്തിന്‍റെ പേരില്‍ എഴുത്തച്ഛനെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് തന്‍റെ രസധ്വനിയുടെ പഴയ സൗന്ദര്യബോധത്തെ പ്രകടീകരിക്കുന്നു. അര്‍നോള്‍ഡ് ജീവിതവിമര്‍ശനമെന്ന് കൃതിയെ മുൻനിർത്തി പറഞ്ഞത് പി.കെ. ജീവിതവ്യാഖ്യാനമായി പരിഗണിക്കുന്നു. കാന്തയുടെ മൗനത്തില്‍നിന്നും ധ്വനിച്ചുകിട്ടുന്നതാണ് അല്ലാതെ മാറ്റിമറിക്കപ്പെടുന്നതല്ല പുതിയ അര്‍ത്ഥോത്പത്തി എന്നു പി.കെ. വിശ്വസിക്കുന്നു(പുതിയ പത്നിമാര്‍ മൗനികളാകണമെന്നില്ല എന്നു മനസിലാക്കുമ്പോഴും) അതിനാല്‍ മൗനത്തിന്‍റേയും അകര്‍മ്മണ്യതയുടേയും മോഹചിന്ത അവതരിപ്പിക്കുന്ന കുചേലവൃത്തം ഒന്നാംകിടയാവുകയും ദുരന്താനുഭവം കൊണ്ട് ജീവിതം മാറ്റിമറിക്കപ്പെടുന്ന കരുണ അതിന്‍റെ അനുകരണമായി വായിക്കപ്പെടുകയും ചെയ്തു. മാത്രമല്ല കരുണ ഒരു മതപരിവര്‍ത്തന കഥയായി വായിച്ച് വാസവദത്ത ഇസ്ലാം മതസ്ഥയായിരുന്നെങ്കില്‍ സമൂഹം അസ്വസ്ഥമാകുമായിരുന്നു എന്നു പറഞ്ഞ് തന്‍റെ മതപരമായ ജടില അസ്തിത്വം പി. കെ. വെളിപ്പെടുത്തുകയും ചെയ്യുന്നു. (കുചേലവൃത്തം വഞ്ചിപ്പാട്ട് അതിനുമുന്‍പും പിന്‍പും)


സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (1878-1916)
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

'സ്വര്‍ഗ്ഗത്തേക്കാള്‍ മികച്ച സ്ഥലമാണ് നരകം' എന്നൊരു ദര്‍ശനം സ്വദേശാഭിമാനി തന്‍റെ നരകത്തില്‍ നിന്ന് (1914) എന്ന നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. സാഹിത്യത്തിലേയും സമൂഹത്തിലേയും രാജകീയധാരണകളുടെ നരകപ്രദേശങ്ങള്‍ അദ്ദേഹം മനസിലാക്കിയിരുന്നു. ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ ജനാധിപത്യത്തെക്കുറിച്ചും സെക്കുലറിസത്തെക്കുറിച്ചും സംസാരിക്കാനും മാര്‍ക്സിന്‍റെ ജീവചരിത്രമെഴുതാനും പ്രവാചകസ്വഭാവമുള്ള ആ വ്യക്തിത്വത്തിനു കഴിഞ്ഞു. പി.കെയുടെയും ഏ.ആറിന്‍റെയും കാലഘട്ടം പങ്കിടുമ്പോള്‍ തന്നെ സ്വദേശാഭിമാനിയില്‍ രസധ്വനിയുടെ നിരൂപണരീതിയല്ല ഉണ്ടായിരുന്നത്. സാഹിത്യകൃതിയ്ക്ക് അകത്തും പുറത്തുമുള്ള അധീശത്വത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയുകയും ശക്തിയായി പ്രകടിപ്പിക്കുകയും ചെയ്തു. കവിതാമത്സരത്തിനു സമ്മാനാര്‍ഹമായ കൃതിയില്‍ പരിശോധകരുടെ പേരിലെ 'അവര്‍കള്‍' എന്ന ബഹുമാനവും 'കേശവ വൈദ്യര്‍ അവര്‍കള്‍' എന്നതിലെ ഇരട്ടി ബഹുമാനവും ഗ്രന്ഥകാരന്മാര്‍ക്ക് ആ ബഹുമാനം നല്‍കായ്കയും ചൂണ്ടിക്കാട്ടി ഗ്രന്ഥകാരന്മാര്‍ പരിശോധകരില്‍നിന്നും നികൃഷ്ടരല്ല എന്ന വാസ്തവം പ്രസാധകന്‍റെ തലച്ചോറില്‍ കടക്കാത്തതില്‍ ആശ്ചര്യം സ്വദേശാഭിമാനി പ്രകടിപ്പിക്കുന്നു. ആസന്നമരണചിന്താശതകമെന്ന കാവ്യം നിരൂപണം ചെയ്തുകൊണ്ട് കാവ്യം സ്വാനുഭാവാവിഷ്കാരമായിരിക്കണമെന്ന് തറപ്പിച്ചുപറയുന്നു.


'സാഹിത്യസംബന്ധമായ ഒരു വ്യാജപ്രമാണ'ത്തില്‍ എഴുത്തച്ഛന്‍റേതല്ലയെന്ന നിലയില്‍ പരിചയപ്പെടുത്തുന്ന പി.കെയുടെ ഭാഗവതപ്രസാധനത്തെ സ്വദേശാഭിമാനി വിമര്‍ശിച്ചു. അഴീക്കോട് പറയുംപോലെ അയുക്തികമോ പി.കെ. പറയുംപോലെ 'അസംബന്ധ പ്രലാപഡിണ്ഡിമ'മോ അല്ല ഈ ലേഖനം. ഭാഗവതത്തില്‍ ഒരുപാടുതെറ്റുകളുണ്ട്, അതിനാല്‍ അത് എഴുത്തച്ഛന്‍റേതല്ല എന്നും മറ്റും വിശദീകരിക്കുന്ന യുക്തിയെയാണ് "മനുഷ്യവര്‍ഗ്ഗത്തില്‍ ജനിച്ച എഴുത്തച്ഛന് വലിയ തെറ്റുകള്‍ വരില്ലെന്ന് വിശ്വസിക്കാന്‍ ഒരു ആധാരവുമില്ല" എന്നു പറഞ്ഞ് നേരിടുന്നത്. സദാരാമയെന്ന സംഗീതനാടകത്തിന്‍റെ ഇതിവൃത്തത്തില്‍ വന്നുചേര്‍ന്ന യുക്തിഭംഗത്തേയും അദ്ദേഹം കണ്ടെത്തുന്നുണ്ട്. പുഷ്പാംഗദന്‍ സ്വപ്നത്തില്‍ കണ്ട യുവതി ആരെന്നറിയാന്‍ രാജാവും മന്ത്രിയും രാജ്യവാസികള്‍ക്ക് ഒരു വിശേഷാല്‍ സദ്യ നടത്തുന്നതായാണ് തമിഴ് കഥയിലുള്ളത്. കെ.സി കേശവപിള്ള അത് ഹൃദയംഗമമല്ലെന്ന് കരുതി ഉത്സവം സംഘടിപ്പിക്കുന്നതായി മാറ്റിയെഴുതുന്നു. ഇതിലെ അസ്വാഭാവികത യുക്തിപൂര്‍വം സ്ഥാപിച്ചുകൊണ്ട് സദാരാമ ലോകസ്വഭാവത്തെ അനുസരിക്കുന്നില്ല എന്നദ്ദേഹം നിരീക്ഷിക്കുന്നു. ധര്‍മ്മരാജാ 'ഭീമന്‍കെട്ടാ'കുന്നു എന്ന് അപലപിച്ചത്, ''വായിച്ചുതീരുമ്പോള്‍ ആശയം എന്തെന്നു ഉള്ളില്‍ തോന്നാതെയുള്ള വേദന" അനുഭവമാകുന്നതുകൊണ്ടാണ്. അഴീക്കോട് പറയുംപോലെ വ്യക്തിവിദ്വേഷമല്ല സ്വദേശാഭിമാനിയുടെ വിമർശനങ്ങൾക്ക് പിന്നിലുള്ളത്. കുന്നത്തു ജനാര്‍ദ്ദനമേനോന്‍റെ കുചേലൻ , പുരാണകഥാപുരുഷന്മാരുടെ ജീവിതത്തെ നവീനലോകഗതിയോട് ഇണക്കുന്നതിനുദാഹരണമായി പറയുന്നു. രസധ്വനിയുടെ വായനാപദ്ധതി നിലവിലിരുന്ന കാലത്ത് ജീവിതത്തിന്‍റെ യുക്തിപരതയെ മുന്‍നിര്‍ത്തി കൃതിയെ വിലയിരുത്തുന്ന സ്വദേശാഭിമാനി ആവിഷ്കരിച്ച രീതിയാണ് പിന്നീട് വിമര്‍ശനലോകത്ത് മുഴങ്ങിയത്. അതുകൊണ്ട് ആധുനികനിരൂപണത്തിൻ്റെ ആദ്യമാതൃക എന്നു സ്വദേശാഭിമാനിയുടെ നിരൂപണത്തെക്കുറിച്ചു പറയാം. ഏ ആറിൽ നിന്നും കേരളവർമ്മപാരമ്പര്യത്തിൽ നിന്നും വ്യത്യസ്തമായി ഉള്ളടക്കത്തെയും കൃതിയിലെ ജീവിതത്തെയും മുൻനിർത്തിയുള്ള വിമർശനം അദ്ദേഹത്തിൽ കാണാം; എന്നാൽ ദാർശനികനിലപാടുകളിൽ പരിമിതികളും അധ:സ്ഥിതവിരുദ്ധമായ നിലപാടുകളും അദ്ദേഹത്തിന്റെ വിമർശനത്തിൽ കാണാം. ഉദാഹരണമായി 'കുചേലന്‍' നിരൂപണം ചെയ്യുമ്പോള്‍ കൃഷ്ണനെപ്പോലുള്ള പ്രഭുക്കന്മാര്‍ വര്‍ദ്ധിക്കേണ്ടതുണ്ട് എന്ന മൂല്യനിരീക്ഷണം ദാര്‍ശനികമായ പരിമിതിയെ സാക്ഷ്യപ്പെടുത്തുന്നു.


കുറ്റിപ്പുഴ കൃഷ്ണപിള്ള (1900-1971)
കുറ്റിപ്പുഴ കൃഷ്ണപിള്ള

"ആരാണ് മതം സൃഷ്ടിച്ചത്" എന്നതിന് വോള്‍ട്ടയറെ ഉദ്ധരിച്ചുകൊണ്ട്, "ഒന്നാമത്തെ മണ്ടനെ കണ്ടെത്തിയ ഒന്നാമത്തെ കള്ളന്‍" എന്ന് കുറ്റിപ്പുഴ ഉത്തരം നല്‍കുന്നു. വിശ്വാസത്തില്‍നിന്നും യുക്തിബോധത്തിലേയ്ക്കുള്ള ഒരു പരിവര്‍ത്തനം അദ്ദേഹത്തിന്‍റെ ലേഖനങ്ങളില്‍ കാണാം. ഫാസിസത്തെ ഓര്‍മ്മിപ്പിക്കുന്ന ഗാന്ധിജിയുടെ പ്രവര്‍ത്തനരീതികളേയും മാരാരുടെ സനാതനധര്‍മ്മത്തിനുള്ളിലെ ബ്രാഹ്മണപൗരോഹിത്യത്തിന്‍റെ ചാതുര്‍വര്‍ണ്ണ്യനിലപാടുകളേയും കുറ്റിപ്പുഴ ആദ്യമേ തിരിച്ചറിയുന്നില്ല. യുക്തിചിന്തയുടെ അനിവാര്യതയെക്കുറിച്ചും ഒരു വിചാരവിപ്ലവത്തിന്‍റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞ അദ്ദേഹം പൂര്‍വ്വഭാരത്തിലെ ചാര്‍വാക-ബൗദ്ധപാരമ്പര്യങ്ങളെ അന്വേഷിച്ചു. എന്നാല്‍ സൗന്ദര്യബോധത്തിന്‍റെ തലത്തില്‍ പുരോഗാമിയായ ചിന്തകനെ കുറ്റിപ്പുഴയില്‍ കാണുന്നില്ല. എല്ലാം സൗന്ദര്യമയം, മനഃസ്ഥിതി മാറുന്നതല്ലാതെ വസ്തുവിനു മാറ്റമുണ്ടാകുന്നില്ല എന്ന ആത്മീയവാദത്തിന്‍റെ നിലപാടായിരുന്നു അദ്ദേഹത്തിന് (സൗന്ദര്യബോധം). സാഹിത്യചിന്ത രീതിരസാദികളില്‍ തന്നെ കുടുങ്ങിക്കിടന്നു. ആശാന്‍കവിതയിലെ ദര്‍ശനത്തെക്കുറിച്ചന്വേഷിച്ച് വിരുദ്ധസ്വഭാവങ്ങളുള്ള അദ്വൈതത്തിലും ബൗദ്ധദര്‍ശനത്തിലും അഭയം തേടുന്നു (ആശാന്‍-ദാര്‍ശനികകവി) 'മൂര്‍ച്ഛ കൊണ്ട് ശ്വാസം മുട്ടിക്കുന്ന നാടകം' എന്ന ലേഖനത്തില്‍ ഉത്തരരാമചരിതത്തിലെ നായികാനായകന്മാരുടെ മൂര്‍ച്ഛയും വിലാപവും രസദോഷത്തിന് കാരണമാകുന്നു എന്നുചൂണ്ടിക്കാട്ടുന്നു. ഇവിടെയൊന്നും കൃതിയില്‍ മൂല്യപരമായ ആഘാതമേല്‍പ്പിക്കുന്ന നിലപാടുകളില്ല. എന്നാല്‍, "നമ്മെയെല്ലാവരേയും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ബാധിച്ചിരിക്കുന്ന അന്തഃകരണഭീരുതയുടെ നേരെ പൊക്കിപ്പിടിച്ച കണ്ണാടിയാണ് റിയലിസ്റ്റ് സാഹിത്യം" എന്നെഴുതുമ്പോള്‍ ഒരപൂര്‍വ്വതയുണ്ട്. പാരമ്പര്യത്തെയും വിശ്വാസത്തെയും തിരസ്കരിച്ചുകൊണ്ട് യുക്തിയുടെ ലോകത്തെ കൊണ്ടുവരാനുള്ള തീവ്രമായ ശ്രമം നവോത്ഥാനകാലത്ത് കാണുന്നുണ്ട്. അതിൻ്റെ സൂചകമായിരുന്നു കുറ്റിപ്പുഴ. എന്നാൽ സൗന്ദര്യവിശകലനത്തിൽ അത് വേണ്ടത്ര വ്യാപിപ്പിക്കാൻ കഴിഞ്ഞില്ല.


എം.പി.പോള്‍(1904-1952)

"വന്ദിക്കണം, വന്ദിക്കണം എന്ന് വിചാരിക്കുന്നതുതന്നെ ഭയചകിതമായ ഒരു ജീവിതത്തിന്‍റെ അനുസ്മരണമല്ലേ" ഗദ്യഗതി യുടെ ആമുഖമായി ഇങ്ങനെയൊരു വാക്യം എം.പി.പോള്‍ കുറിച്ചിടുന്നുണ്ട്. ഭയരഹിതമായ ഒരു ജനകീയ ജീവിതത്തിനുവേണ്ടിയുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ജനങ്ങളുടെ വ്യവഹാരഭാഷയില്‍ അവതരിപ്പിക്കുന്ന ഗദ്യസാഹിത്യത്തിലേയ്ക്ക് അദ്ദേഹത്തിന്‍റെ ശ്രദ്ധ തിരിഞ്ഞത്; നോവല്‍ ചെറുകഥാനിരൂപണങ്ങളും ലക്ഷണകൃതികളും അങ്ങനെ ഉണ്ടായതാണ്.


വെറും കഥയില്‍ നിന്നും ഇതിവൃത്തത്തെ വേര്‍തിരിക്കുന്നത് യുക്തിബോധമാണെന്ന് പറഞ്ഞപ്പോള്‍ നവോത്ഥാനപൂര്‍വ്വസാഹിത്യത്തില്‍നിന്നും നവോത്ഥാനകാലസാഹിത്യത്തെ വേര്‍തിരിക്കുകകായിരുന്നു. (നോവല്‍ സാഹിത്യം-1930) പല നവോത്ഥാനകാല എഴുത്തുകാരില്‍ നിന്നും വ്യത്യസ്തമായി ഭാവരൂപങ്ങളുടെ ഐക്യത്തെക്കുറിച്ചുള്ള ശരിയായ ധാരണ പോളിനുണ്ടായിരുന്നു. ആഹാരം നന്നായാല്‍പോരാ നല്ല പാത്രത്തില്‍ വിളമ്പണമെന്ന് വള്ളത്തോള്‍ പറയുമ്പോള്‍ ആഹാരവും പാത്രവും തമ്മിലുള്ള ബന്ധമല്ല ഭാവരൂപങ്ങള്‍ക്കുള്ളതെന്ന് വിശദീകരിക്കുന്നു. അലങ്കാരമുണ്ട് ആശയപുഷ്ടിയില്ല, ആശയമുണ്ട് ശബ്ദഭംഗിയില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നിങ്ങനെയുള്ള രണ്ടഭിപ്രായങ്ങളേയും എതിര്‍ത്തുകൊണ്ട് രണ്ടിടത്തും 'ഇതുകവിതയല്ല' എന്നാണ് പറയേണ്ടത് എന്ന് എഴുതുന്നു (സാഹിത്യ വിചാരം). എന്നാല്‍ ഈ അദ്വൈതഭാവം ചലനരഹിതമായ ആത്മീയവാദത്തിന്‍റെ തലത്തിലെത്തി കാര്യങ്ങളെ വിശദീകരിക്കുന്ന സന്ദര്‍ഭങ്ങളാണ് മറ്റ് നിരൂപണസന്ദർഭങ്ങളിലധികവും. സൗന്ദര്യനിരീക്ഷണ ത്തിലെ ചിന്തകള്‍

തികഞ്ഞ ആത്മീയനിലപാടും ആത്മനിഷ്ഠഭാവവും പുലര്‍ത്തുന്നത് അതുകൊണ്ടാണ്. സൗന്ദര്യത്തിന്‍റെ അധിഷ്ഠാനത്തെക്കുറിച്ചുള്ള ചിന്തയില്‍ വസ്തുനിഷ്ഠ ആത്മനിഷ്ഠവാദങ്ങളെ സമന്വയിക്കുന്ന രീതിയിലാണ്, "....അനുഭവ വിശേഷത്തെപ്പറ്റി നമ്മിലുള്ള ഒരു മൗലികശക്തി ചെയ്യുന്ന വിധിതീര്‍പ്പാണ് സൗന്ദര്യം. ഈ ശക്തി യുക്തിക്കതീതമാണ്..." എന്നെഴുതുന്നത്. എന്നാല്‍ ഇതിനെ പ്രശംസിക്കുന്ന സന്ദര്‍ഭത്തില്‍ മാരാര് "മി.പോള്‍ ചെന്നെത്തിയ ഈ സ്ഥാനത്ത് നിന്ന് ഒരടികൂടി മുന്നോട്ടുവച്ചാല്‍, അവിടെ സൗന്ദര്യം വസ്തുപ്രതീതമോ എന്നു സംശയിക്കാന്‍ വസ്തു (വിഷയം)തന്നെയുമില്ല ആത്മാവ്(വിഷയി)മാത്രമേയുള്ളൂ" (കൈവിളക്ക്‌) എന്ന് പറയുന്നുണ്ട്. അതായത് ആത്മനിഷ്ഠ ആത്മീയവാദത്തില്‍ തന്നെ പോള്‍ എത്തിച്ചേരുന്നു. ബാഹ്യലോകവുമായുള്ള പ്രതിപ്രവര്‍ത്തനത്തെയും യുക്തിയേയും നിരസിക്കുന്ന നിലപാടാണ് ഇവിടെയുള്ളത്. അതായത് നിലവിലിരിക്കുന്ന സൗന്ദര്യചിന്തയെ ചലിപ്പിക്കുന്ന ഒരു ദാര്‍ശനികനിലപാട് പോളിലില്ലായിരുന്നു. ധര്‍മ്മരാജയെ നായര്‍ മഹാകാവ്യമെന്ന് വിളിക്കുമ്പോഴും ഏഴടിപൊക്കമുള്ള കുഞ്ചുതമ്പിയെ ചൂണ്ടിക്കാട്ടി കൃതിയിലെ അതിശയോക്തിയെക്കുറിച്ചുപറയുമ്പോഴും (ഗദ്യഗതി) ചില വാസ്തവങ്ങളെ സ്പര്‍ശിക്കുന്നുണ്ടെങ്കിലും കൃതിയെ സംബന്ധിക്കുന്ന സമഗ്രമായ നിലപാടുകൾ എം. പി. പോളിൽ കാണാൻ കഴിയുന്നില്ല. ലക്ഷണഗ്രന്ഥങ്ങളില്‍ കുരുങ്ങിപ്പോയ ഒരു സൗന്ദര്യചിന്തയായിരുന്നു അത്. "നവീനതയുടെ അംഗരക്ഷകനാകാനാണ്, മാര്‍ഗ്ഗദര്‍ശകനാകാനല്ല പോള്‍ വിധിക്കപ്പെട്ടിരുന്നത്" എന്ന് എം.എന്‍. വിജയന്‍ ചൂണ്ടിക്കാട്ടുന്നത് (ചിതയിലെ വെളിച്ചം) അതുകൊണ്ടാണ്. ജീവിതത്തില്‍ ഉദ്ധതമായ ഒരു നിലപാട്, പക്ഷേ പോള്‍ സൂക്ഷിച്ചിരുന്നു. "നമ്മള്‍ വലിയ അഭിമാനികളാണ് ആര്‍ക്കും അടിമകളാക്കാന്‍ നമ്മളെ കിട്ടില്ല" എന്ന് പോള്‍ പറയുമായിരുന്നു എന്ന് റോസിതോമസ് അനുസ്മരിക്കുന്നു. (ഉറങ്ങുന്ന സിംഹം)


കേസരി എ ബാലകൃഷ്ണപിള്ള
കേസരി എ ബാലകൃഷ്ണപിള്ള

"കണ്ടുവോ? മുന്നോട്ടൊരാളീ വഴികടന്നുപോയ്

രണ്ടുകാല്‍ച്ചുവടങ്ങോര്‍ നീട്ടിവച്ചിരിക്കണം" (കേസരിയെകുറിച്ച് വയലാര്‍)

"ഒരു വ്യക്തിയുടെ ജീവിതത്തിലെന്നപോലെ ഒരു ജനതയുടെ ജീവിതത്തിലും ഭാവിയെ പാടേ ഭേദപ്പെടുത്തുന്ന അതിപ്രധാനമായ ഒരു മുഹൂര്‍ത്തം വന്നേയ്ക്കാവുന്നതാണ്. ഈ വേളയിലുള്ള പ്രവൃത്തിയനുസരിച്ചായിരിക്കും ആ വ്യക്തിയോ ജനതയോ കെടുകയോ നന്നാവുകയോ ചെയ്യുന്നത്." ('മുഹൂര്‍ത്തവും ആളും', കേസരി യുടെ പ്രഥമലക്കം മുഖപ്രസംഗാരംഭം 1930 സെപ്തംബര്‍) ഒരു ജനതയുടെ ഭാവിയെഭേദപ്പെടുത്തുന്ന മുഹൂര്‍ത്തത്തെ തിരിച്ചറിയുകയും ആകുലപ്പെടുകയും ആരോഗ്യകരമായ ഭാവിയെ നിര്‍മ്മിക്കാന്‍ രണ്ടുകാല്‍ച്ചുവട് മുന്നോട്ട് വച്ചുനടക്കുകയും ചെയ്ത പ്രവാചകസ്വഭാവമുള്ള വ്യക്തിത്വമായിരുന്നു കേസരി ഏ.ബാലകൃഷ്ണപിള്ള. വ്യാഖ്യാനത്തിന്‍റെ സ്വഭാവമുള്ള രസധ്വനിസിദ്ധാന്തത്തിന്‍റെ നിരൂപണമാര്‍ഗത്തില്‍ നിന്നും നിര്‍മ്മാണപരമായ ഒരസ്തിത്വം ബോധപൂര്‍വ്വം മലയാളവിമര്‍ശനത്തിനു നേടിക്കൊടുക്കുകയാണ് കേസരി ചെയ്തത്. രസധ്വനിസിദ്ധാന്തത്തിലെ കേവല ആത്മനിഷ്ഠതയെ തകര്‍ക്കാന്‍ അതിവാദത്തിന്‍റെ സ്വഭാവമുള്ള പ്രസ്താവനയാണ് കേസരി ചെയ്തത്. ഒരു പുസ്തകം വായിക്കുന്നയാള്‍ വ്യക്തിപരമായ അഭിപ്രായം ബലികഴിച്ചുകൊണ്ട് മാതൃകാസഹൃദയന്‍റേതായ നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് രൂപമഞ്ജരിയില്‍ രേഖപ്പെടുത്തുന്നുണ്ട്. ('നിരൂപണം' എന്ന ലേഖനം) 'മാതൃകാവായന' എന്ന പൂര്‍വ്വനിശ്ചിതമായ അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നതിനാല്‍ ഈ സങ്കല്‍പ്പത്തില്‍ രസധ്വനിസങ്കല്‍പ്പത്തിലെന്നപോലെ സ്ഥായിഭാവത്തിന്‍റെ പ്രകാശം അഥവാ ഒരു പ്രസ്ഥാനലക്ഷണത്തിന്‍റെ വെളിവാകല്‍ മാത്രമായി തീരുന്നു വായനയും വിമര്‍ശനവും. സാങ്കേതികത രസനീയമായി കരുതുന്ന ഈ ആത്മീയദര്‍ശനം കേസരിയില്‍ ചിലയിടങ്ങളില്‍ പ്രത്യക്ഷമാകുന്നുണ്ട്. എന്നാല്‍ സാഹിത്യപ്രസ്ഥാനങ്ങളെ മലയാളത്തില്‍ പരിചയപ്പെടുത്തുന്നത് വ്യത്യസ്ത ജീവിതവീക്ഷണങ്ങള്‍ എന്ന നിലയിലാണ്. മാത്രമല്ല കൃതിക്ക് കാലവുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള ഉപാധിയെന്ന രീതിയിലും സാഹിത്യപ്രസ്ഥാനചർച്ചകൾ വികസിപ്പിക്കുന്നു.


കോൺഗ്രസുകാർ റൊമാൻ്റിക് പ്രസ്ഥാനക്കാരും കോൺഗ്രസിലെ മിതവാദികൾ ക്ലാസിക് പ്രസ്ഥാനക്കാരും കമ്യൂണിസ്റ്റുകാർ ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനക്കാരും ആണെന്നും ഫ്യൂച്ചറിസമാണ് ഇനി ഉണ്ടാകേണ്ടതെന്നും പറയുമ്പോൾ എഴുത്തിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ് (കേരളകലകളും ഫ്യൂച്ചറിസവും). തെക്കേ ഇന്ത്യയിലെ കരിങ്കല്ലിൻ്റെ കാഠിന്യമാണ് ദ്രാവിഡശില്പകലയിലെ ബാഹ്യാലങ്കാരസമൃദ്ധിക്ക് കാരണമെന്നും ബംഗാളിലെ കല്ലില്ലാത്ത സമതലങ്ങളാണ് ശില്പവേലകളേക്കാൾ ചിത്രമെഴുത്തിലും കാവ്യനിർമ്മാണത്തിലും മികവുപുലർത്താൻ കാരണമെന്നും പറഞ്ഞുകൊണ്ട് കലയ്ക്കു പിന്നിലെ ഭൂമിശാസ്ത്രസവിശേഷതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി(സുന്ദരകല പാശ്ചാത്യവും പൗരസ്ത്യവും). കേസരി പ്രസ്ഥാനങ്ങളെ നിരൂപണങ്ങളില്‍ സ്വീകരിക്കുന്നത് വൈയക്തികമായ അപൂര്‍വതയോടെയാണ്, യാന്ത്രികമായല്ല. ദുരവസ്ഥയെ സങ്കുചിതഹിന്ദുവീക്ഷണകോടിയായി കണ്ടുകൊണ്ട് ചണ്ഡാലഭിക്ഷുകിയെ ആശാന്‍റെ മികച്ചകൃതിയായി സ്വീകരിക്കുകയും ഇതിലെ 'ചണ്ഡാല' എന്നപദം ഒരു സിംബലാണെന്നും അത് നാനാമതസ്ഥരടങ്ങിയ തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ വീക്ഷണകോടിയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും (ഇവിടെ സിംബല്‍ എന്ന പദത്തിന്‍റെ അര്‍ത്ഥാന്തരം ശ്രദ്ധിക്കുക) അദ്ദേഹം വിശദീകരിക്കുന്നു. അതുപോലെ ചങ്ങമ്പുഴയെക്കുറിച്ച് പറയുമ്പോള്‍ ഏതെങ്കിലും പ്രസ്ഥാനത്തിന്‍റെ ലക്ഷണമെണ്ണി അത് ചങ്ങമ്പുഴയിലുണ്ട് എന്നുപറയുകയല്ല കേസരി ചെയ്യുന്നത്. കാല്‍പ്പനികതയുടേയും റിയലിസത്തിന്‍റേയും കൂട്ടത്തില്‍ ചങ്ങമ്പുഴയെ ഉൾപ്പെടുന്നു. പല പ്രസ്ഥാനങ്ങളിലും ചില സവിശേഷതകളെ സ്വീകരിച്ചുകൊണ്ട് പുതിയ പ്രസ്ഥാനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ആണ് കേസരിയിൽ കാണുന്നത്. സമുദായം വൈയക്തികവികസനത്തെ തടയുന്നു എന്നതാണ് ചങ്ങമ്പുഴയുടെ തത്വശാസ്ത്രമെന്നും കണ്ടെത്തുന്നു(സാഹിത്യവിമര്‍ശനം).അതായത്, വ്യക്തിബോധത്തെ ബലികൊടുക്കുന്നതല്ല കേസരിയുടെ ദര്‍ശനം മറിച്ച് കേവലം ആത്മനിഷ്ഠസ്വഭാവത്തെ പറിച്ചെറിഞ്ഞുകൊണ്ട് വൈയക്തികതയുടെ സ്ഥായിഭാവങ്ങളെ ക്രൂരമായി പുനഃപരിശോധിച്ചും നോവിച്ചും കാലോചിതമായി പരിവര്‍ത്തിപ്പിക്കുക എന്നതാണ്. അതുകൊണ്ടാണ് പുരോഗമനസാഹിത്യകാരന്‍ ഒരേസമയം വിഷം lതീനികളും പൂവന്‍കോഴികളുമാകുന്നത്. കാലഘട്ടത്തിനും പ്രസ്ഥാനങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കിയത് നിമിഷങ്ങളെ മറക്കുന്ന സനാതനമൂല്യസങ്കല്‍പ്പത്തിന്‍റെ നിലപാടിനെ എതിര്‍ക്കാനായിരുന്നു. അതൂകൊണ്ടാണ് നിമിഷങ്ങളുടെ നൈരന്തര്യമായി കാലത്തെ കാണുന്ന ജി.യുടെ നിമിഷമെന്ന കവിതയെ അംഗീകരിക്കുകയും ജി.യുടെ തന്നെ സനാതന മൂല്യപ്രശംസയ്ക്ക് എതിരാണ് ഈ കാവ്യമെന്ന് വിലയിരുത്തുകയും ചെയ്തത്. "ഒരു നിരൂപകന്‍റെ കര്‍ത്തവ്യം കൃതികളെക്കുറിച്ച് നല്ലതും ചീത്തയുമായ അഭിപ്രായം പറഞ്ഞ് വെറുതെയിരിക്കുകയല്ല തന്‍റെ കാലത്തിന്‍റേയും സാഹിത്യത്തിന്‍റേയും ഭാവി സൃഷ്ടിക്കുകയാണ് എന്ന് നാം മനസിലാക്കുന്നു. ഈ അര്‍ത്ഥം, ഇതില്‍ കുറഞ്ഞ ഒരര്‍ത്ഥം തീര്‍ച്ചയായും കേസരിക്ക് ഇല്ലതന്നെ-" എം.എൻ.വിജയന്‍. മനുഷ്യന്‍റെ ഇച്ഛാശക്തിയെ നിരസിക്കുന്ന ഉത്തരാധുനികര്‍ക്ക് ഈ അഭിപ്രായം സ്വീകാര്യമാവണമെന്നില്ല. (വിജയന്‍റെയും ശ്രീജന്‍റെയും ലേഖനങ്ങള്‍; വി.സി.ശ്രീജന്‍. ഭാഷാപോഷിണി ജൂലൈ 1997) എന്നാൽ കലയെ മറ്റ് ജ്ഞാനമേഖലകളുമായി ബന്ധിപ്പിച്ചുകൊണ്ട് അനുഭവങ്ങൾക്ക് പിന്നിലെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും ചരിത്രവും അന്വേഷിക്കുകയും ചരിത്രത്തിൻ്റെയും കലയുടെയും പുനർനിർമ്മാണപരമായ അസ്തിത്വം അന്വേഷിക്കുകയും ചെയ്ത സാംസ്കാരികവിമർശകനായിരുന്നു കേസരി. മിത്തുകളിൽ നിന്നും സാഹിത്യത്തിൽ നിന്നും ചരിത്രത്തെ അന്വേഷിച്ച നവചരിത്രവിമർശകനുമായിരുന്നു അദ്ദേഹം.


ജോസഫ് മുണ്ടശ്ശേരി

കാവ്യപീഠിക

"പറയുന്നതെന്തും വൈകാരികമായി സ്പര്‍ശിക്കണമെങ്കില്‍ ജീവിത്തിലൂടെ പറയണം" (നാടകാന്തം കവിത്വം) എന്നു മുണ്ടശ്ശേരി പറയുമ്പോള്‍ ജീവിതത്തിനു നവോത്ഥാനകാലത്തെ അര്‍ത്ഥമാണുള്ളത്. അതായത് സ്വാതന്ത്ര്യമാണ് ജീവിതം എന്ന അര്‍ത്ഥം. രസധ്വനിസിദ്ധാന്തം മുന്നോട്ടുവയ്ക്കുന്ന കേവലവൈകാരികത മുണ്ടശ്ശേരിയ്ക്ക് രസനീയമാകുന്നില്ല. കാവ്യപീഠികയില്‍ ഭരതന്‍റെ 'കര്‍മ്മ ഭാവാനുകീര്‍ത്തനം' എന്ന പ്രയോഗം ഉദ്ധരിച്ചുകൊണ്ട് രസധ്വനിസിദ്ധാന്തത്തിന്‍റെ കേവലം സ്ഥലകാലാതീതമായ (സാധാരണീകൃതമായ) ആസ്വാദകസിദ്ധാന്തം തിരസ്കരിക്കുന്നു(ബോധപൂര്‍വമല്ലെങ്കിലും). അതുകൊണ്ടുതന്നെ ഉദ്ദീപനവിഭാവങ്ങളെ പരിതോവസ്ഥകളായി കാണുകയും രസവിഘ്നം പദവാക്യ അലങ്കാരദോഷങ്ങളിലന്വേഷിക്കാതെ വിഭാവാദികളില്‍ അന്വേഷിക്കണമെന്നു പറയുകയും ചെയ്തിരിക്കുന്നു. ഔചിത്യത്തെ യുക്തിബോധത്തോട് ബന്ധിപ്പിക്കുകയും ചെയ്യുന്നു. പറയുന്ന കാര്യവുമായി (രസവുമായി) നേരിട്ട് ബന്ധം കല്‍പ്പിക്കാത്ത ധ്വാന്യാലോകകാരന്‍റെ അലങ്കാരസങ്കല്‍പ്പത്തില്‍നിന്നും വ്യത്യസ്തമായി തക്കസ്ഥാനത്ത് സാമ്യോക്തികള്‍ പ്രയോഗിക്കുന്ന കവി കുറേയേറെ കാര്യങ്ങള്‍ പറയുന്ന കവിയായിരിക്കുമെന്നു പറയുന്നു. അതിശയ-വാസ്തവങ്ങളെ അലങ്കാരങ്ങളായി ചുരുക്കുന്നത് നിലാവിനെ അകത്തിട്ടടയ്ക്കുന്നതുപോലിരിക്കുമെന്നും പറയുന്നുണ്ട്.

നാടാകാന്തം കവിത്വം

സ്ഥലകാലരഹിതമായ വായനയുടെ രസധ്വനിസിദ്ധാന്തത്തിന്‍റെ എതിര്‍പക്ഷമെന്ന രീതിയിലാണ് കൃതിയില്‍ 'ജീവിതം' വേണം, നാടകീയതവേണം എന്നൊക്കെ മുണ്ടശ്ശേരി പറയുന്നത്. ജീവിതമെന്നുവച്ചാല്‍ സോദ്ദേശ്യമായ ചലനമാണെന്നും അതിനെ നാടകീയമാക്കുക എന്നുവച്ചാല്‍ സംഘട്ടനാത്മകമാക്കുക എന്നാണെന്നും പറയുന്നു (നാടകാന്തം കവിത്വം). "ദൃശ്യകാവ്യത്തിലായാലും ദൃശ്യേതരകാവ്യത്തിലായാലും ജീവിതത്തെ നാടകീയമായി അവതരിപ്പിക്കുക-അതിന്‍റെ പരമാവധിയാണ് കവിത്വം" എന്നാണ് നാടാകാന്തം കവിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കാവ്യത്തെ സംഗീതത്തോടടുപ്പിക്കുന്ന രസധ്വനിസിദ്ധാന്തത്തിന്‍റെ എതിരാണ് മുണ്ടശ്ശേരിയുടെ ഈ സിദ്ധാന്തം. അതാണ് അതിന്‍റെ മൗലികത. അഴീക്കോട് പറയുംപോലെ രസധ്വനിസിദ്ധാന്തത്തില്‍ ഗര്‍ഭിതമായികിടക്കുന്ന ചിന്താഗതിയല്ല ഇത്. സംഗീതത്തിന്‍റെ സ്വഭാവത്തെ കാവ്യകലയില്‍ നിന്നും വ്യതിരിക്തമാക്കിക്കിട്ടാന്‍ മാരാരും ശ്രമിച്ചിട്ടുണ്ട്.(സാഹിത്യവിദ്യ)

രൂപഭദ്രത

ജീവിതത്തിനു മുണ്ടശ്ശേരി കൊടുത്ത പ്രാധാന്യമാണ് ഭാവത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിന്തയിലേക്ക് മുണ്ടശ്ശേരിയെ എത്തിച്ചത്. "ഭാവത്തില്‍ നിന്നാണ് രൂപമുണ്ടാകുന്നത്, ഭാവരൂപങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവിധം ഒന്നായിട്ടാണിരിപ്പ്" (രൂപഭദ്രത) എന്നദ്ദേഹം പറഞ്ഞു. കല പ്രചാരണത്തിനുള്ളത് തന്നെ എന്നദ്ദേഹം കരുതി. പക്ഷേ ശുദ്ധകലാവാദകാലത്തെപ്പോലെ പൊന്നുതമ്പുരാന്‍റെ തിരുനാള്‍ സദ്യയുടേയും തൃത്താലിചാര്‍ത്തലിന്‍റെയും പ്രചരണമല്ല എന്നും അദ്ദേഹം എഴുതി. എന്നാല്‍ ഭാവത്തേയും രൂപത്തേയും, കലയേയും ജനകീയ ഇതിവൃത്തത്തേയും വെട്ടിമുറിച്ചരീതിയില്‍ പരിചയപ്പെടുത്തുന്ന സൈദ്ധാന്തികനിലപാടും മുണ്ടശ്ശേരിയില്‍ അറിയാതെ ഉണ്ടായിരുന്നു. തോട്ടിയുടെ മകനെ നിരൂപണം ചെയ്യുമ്പോള്‍ (വായനശാലയില്‍) ഇങ്ങനെ പറയുന്നു. "നല്ല നല്ല വാക്യങ്ങളും പോരാ,ജനകീയകാര്യങ്ങളും പോരാ, ആ രണ്ടിലും കവിഞ്ഞ് ഒന്നുകൂടി വേണം-രൂപഭദ്രത." ഇതിവൃത്തം (ഭാവം) വേറേ രൂപംവേറേ എന്ന ഒരു നിലപാട് ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ 'സ്ഥൂലത്തില്‍നിന്നും സൂക്ഷ്മത്തിലേക്ക് പോകണം' എന്ന മുണ്ടശ്ശേരി പലപ്പോഴും ആവര്‍ത്തിക്കുന്ന പ്രസ്താവം ജീവിതപ്രാധാന്യം ആകുന്നതിനുപകരം സ്ഥലകാലനിര്‍മുക്തിയിലേയ്ക്ക് പോകണം എന്ന ആത്മീയാര്‍ത്ഥം ഉത്പാദിപ്പിക്കുന്നു. സൈദ്ധാന്തികനിരൂപണത്തില്‍ കാണുന്ന ഈ വൈരുദ്ധ്യങ്ങൾ പ്രായോഗികനിരൂപണത്തിലും പ്രതിഫലിച്ചു.

അതുകൊണ്ടുതന്നെ സ്ഥൂലത്തേയും ആത്മീയാര്‍ത്ഥത്തിലുള്ള സൂക്ഷ്മത്തേയും മുണ്ടശ്ശേരിയ്ക്ക് അംഗീകരിക്കേണ്ടിവന്നു. ആശാനെ ഒന്നാമത്തെ കവിയായി അടയാളപ്പെടുത്തുമ്പോള്‍ തന്നെയും അതിനുപറഞ്ഞ കാരണങ്ങള്‍ അസൂക്ഷ്മങ്ങളായിരുന്നു. രാമന്‍റേയും രാമബാണമേറ്റവരുടേയും ദുരന്തകാരണങ്ങളറിഞ്ഞുകൊണ്ട് അതെല്ലാം സ്വയം ഏറ്റുവാങ്ങിക്കൊണ്ട് പ്രതിഷേധംപോലെ തീപിടിച്ച ഹൃദയവുമായി ഭൂമി പിളര്‍ന്ന് ലോകംവെടിയുന്ന സീതയെ കേവലം സംസാരത്തിന്‍റെ അതിര്‍ത്തികടക്കുന്ന അരാഷ്ട്രീയമായ അര്‍ത്ഥത്തിലാണ് പ്രക്ഷേപിക്കുന്നത്(അന്തരീക്ഷം).അതുപോലെ ആശാനിലെ വിപ്ലവത്തെ സ്പര്‍ശിക്കുമ്പോള്‍ ആശാന്‍കവിതയെ വളരെ സ്ഥൂലമായി ഉദ്ധരിക്കുക മാത്രം ചെയ്യുന്നു. (ആശാന്‍ വിപ്ലവത്തിന്‍റെ ശുക്രനക്ഷത്രം, മനുഷ്യകഥാനുഗായികള്‍) മറ്റൊരു സന്ദര്‍ഭത്തില്‍, ലീലയിലെ സൂക്ഷ്മപ്രണയത്തെ മുന്‍നിര്‍ത്തി ചെമ്മീനിലെ പ്രണയം ലൈംഗികബന്ധത്തിന്‍റെ ദശയില്‍ നിന്നുമുയര്‍ന്നിട്ടില്ലെന്ന് വിമര്‍ശിക്കുകയും ചെയ്യുന്നു. (വായനശാലയില്‍ ) എന്നാല്‍ സൂക്ഷ്മപ്രണയത്തിനു പിന്നിലെ സ്ഥൂലകാപട്യങ്ങള്‍ മുണ്ടശ്ശേരി കണ്ടെത്തുന്ന മൂഹൂര്‍ത്തങ്ങളാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനജീവിതത്തിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍. ശാകുന്തളത്തില്‍ പ്രണയം സ്ഥൂലത്തില്‍നിന്ന് സൂക്ഷ്മത്തിലേയ്ക്ക് ആത്മീയപരിവര്‍ത്തനം സംഭവിക്കുമ്പോള്‍ സ്ത്രീ എങ്ങനെ ഉപഭോഗവസ്തുവായിത്തീരുന്നുവെന്ന് വിശദീകരിക്കുന്നു. "ഈശ്വരനെപ്പോലും പുല്ലിംഗത്തിലാക്കിയിട്ടുള്ള പുരുഷനെക്കൊണ്ട് സ്ത്രീയെ തന്‍റെ ഉപഭോഗവിഭവങ്ങളില്‍ ഒന്നായി ഏറ്റവും മികച്ചതെന്ന് വെച്ചോളൂ-വെട്ടിക്കുറപ്പിച്ച സാമൂഹ്യനീതിയുടെ സൃഷ്ടിയാണ് ശകുന്തള" (കാളിദാസനും കാലത്തിന്‍റെ ദാസന്‍ , കാലത്തിന്‍റെ കണ്ണാടി ) എന്നു വിലയിരുത്തുന്നു. സന്ദേശഹരന്‍റേതുപോലെ അമാനുഷികവ്യക്തിത്വത്തിലേയ്ക്ക് സന്ദേശം കൊടുത്തയ്ക്കുന്ന ആളെയും (യക്ഷന്‍) സങ്കല്‍പ്പിച്ചതാണ് മേഘസന്ദേശത്തിന്‍റെ മികവിനും അനന്യതയ്ക്കും കാരണമെന്ന് മുണ്ടശ്ശേരി കണ്ടെത്തുന്നു. ('സന്ദേശം അതൊന്നേയുള്ളൂ', മാനദണ്ഡം) വ്യക്തിയുടെ കാമം സൂക്ഷ്മതയിലേക്ക് കടക്കുമ്പോള്‍ (അമാനുഷികം) എങ്ങനെ ലൈംഗികകേന്ദ്രിതമാകുന്നു എന്നു മേഘസന്ദേശം പഠിപ്പിക്കുന്നു. അമാനുഷികമെന്നും വിശുദ്ധമെന്നും മഹത്വവത്കരിക്കപ്പെട്ടിരുന്ന അനുഭവങ്ങളെ അതിന്‍റെ മേഘപഥങ്ങളില്‍നിന്നും വലിച്ചിറക്കുകയും ചരിത്രവത്കരിക്കുകയും പുരോഗമനപരമായി പുനര്‍നിര്‍മ്മിക്കുകയുമായിരുന്നു മുണ്ടശ്ശേരി.


കുട്ടികൃഷ്ണമാരാർ
സാഹിത്യഭൂഷണം

രാമനെപ്പോലെയും യുധിഷ്ഠിരനെപ്പോലെയും ആകണം രാവണനെപ്പോലെയും ദുര്യോധനനെപ്പോലെയും ആകരുത്-ഇത്തരത്തില്‍ ഉപദേശകസ്വഭാവമുള്ള ഗുണദോഷനിരൂപണത്തില്‍ നിന്നും പൂര്‍വധാരണകളെ മാറ്റിമറിക്കുന്ന കണ്ടെത്തലിലേക്ക് വളരുന്ന ജനാധിപത്യബോധമാണ് മാരാരുടെ സാഹിത്യവിമര്‍ശനത്തെ മിക്കവാറും നിയന്ത്രിച്ചത്. രസധ്വനിയുടെ സ്ഥലകാലാതീതമായ കേവല അനുഭവത്തിന്‍റെ സിദ്ധാന്തത്തേയും കാന്തയെപ്പോലെ ഉപദേശിക്കുന്നു എന്ന ഗുണപാഠസ്വഭാവമുള്ള കാവ്യപ്രയോജനസിദ്ധാന്തത്തേയും മാരാര് ഖണ്ഡിച്ചു. ഗുണീഭൂതവ്യംഗ്യത്തെ എതിര്‍ത്തുകൊണ്ട് രസത്തിന്‍റെ കാവ്യശരീരനിര്‍മുക്തമായ ആത്മീയാനുഭവത്തിന്‍റെ തലത്തെ എതിര്‍ക്കുകയും മഹിമഭട്ടന്‍റെ അനുമാനസിദ്ധാന്തത്തിനു കൂടുതല്‍ സ്ഥാനം കൊടുക്കുകയും ചെയ്തു. (സാഹിത്യഭൂഷണം) സാഹിത്യം നിഗൂഢവും വ്യംഗ്യവുമാണെന്ന രസധ്വനിയുടെ നിലപാടുകളെ ധ്വംസിച്ചുകൊണ്ട് ലാക്ഷണികാര്‍ത്ഥം സാധാരണക്കാര്‍ക്കും അറിയാമെന്നും ലക്ഷ്യാര്‍ത്ഥവും അഭിധകൊണ്ടാണ് സാധിക്കുന്നതെന്നും പറഞ്ഞു. (സാഹിത്യഭൂഷണം 182, 183) രസത്തിന്‍റെ ആത്മീയാര്‍ത്ഥത്തെ നിരസിക്കുന്ന ഈ നിലപാടിനെ ദാര്‍ശനികമായി വളര്‍ത്തിയെടുക്കാന്‍ ആത്മീയവാദിയെന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ച മാരാര് മുതിര്‍ന്നില്ല. അതുകൊണ്ട് തന്നെ മാരാര് രൂപപ്പെടുത്തിയ സിദ്ധാന്തങ്ങളിലെല്ലാം ഈ വൈരുധ്യം ഉണ്ടായിരുന്നു.

സാഹിത്യവിദ്യ

ഗുണദോഷനിരൂപണത്തെ എതിര്‍ത്ത മാരാര് സാഹിത്യത്തെ ജ്ഞാനവിജ്ഞാനപ്രദമായ വിദ്യയായാണ് കണ്ടത്. (സാഹിത്യവിദ്യ) ജീവിതചിന്ത കലയിലെ കലര്‍പ്പാണെന്ന ഡോ.കെ ഭാസ്കരന്‍നായരുടെ (കലയും കാലവും) അഭിപ്രായത്തിനു പ്രതികരണമെന്ന നിലയിലാണ് 'കല, സാഹിത്യവിദ്യയിലെ കലര്‍പ്പാണ്' എന്നു പറഞ്ഞത്. സൗന്ദര്യബോധവും യുക്തിബോധവും, രൂപവും ഭാവവും ആസ്വാദവും വ്യുല്‍പ്പത്തിയും ഒന്നാണെന്ന് സമര്‍ത്ഥിച്ച മാരാര് കലയേയും വിദ്യയേയും ഇങ്ങനെ വേര്‍തിരിച്ച് പറഞ്ഞത് പാരമ്പര്യഭാരം നിമിത്തമാണ്. 'കന്നിക്കൊയ്ത്തി'ന്‍റെ അവതാരികയില്‍ പഴയ ഗുണദോശനിരൂപണരീതിയില്‍ 'മാമ്പഴ'ത്തെ വിലയിരുത്തിയത് അതുകൊണ്ടാണ്. വ്യംഗ്യമില്ലെന്നും, ലാക്ഷണികാര്‍ത്ഥം ഏവര്‍ക്കും മനസ്സിലാകുമെന്നും 'സാഹിത്യഭൂഷണ'ത്തില്‍ പറഞ്ഞെങ്കിലും പരോക്ഷയാഥാര്‍ത്ഥ്യമാണ് മുഖ്യമെന്ന് പറഞ്ഞ് റിയലിസ്റ്റ് സാഹിത്യത്തെ അവഗണിച്ചു. ('ജീവിതയാഥാര്‍ഥ്യം', സാഹിത്യവിദ്യ) എന്നാല്‍ 'സാഹിത്യവിദ്യ'യ്ക്ക് ഉപദേശപരമായ അര്‍ത്ഥം അട്ടിമറിക്കുപ്പെടുകയും നിര്‍മ്മിതപരമായ അര്‍ത്ഥം ലഭിക്കുകയും ചെയ്യുന്ന അനേകം സന്ദര്‍ഭങ്ങള്‍ മാരാരുടെ നിരൂപണത്തിലുണ്ട്. രാമായണകാവ്യം എന്തു പഠിപ്പിക്കുന്നു എന്നല്ല 'വാല്മീകിയുടെ രാമന്‍' എന്ന 1930 കളിലെഴുതിയ ലേഖനത്തില്‍ അന്വേഷിച്ചത്. രാമന്‍റെ ദൗര്‍ബല്യത്തെ ചൂണ്ടികാട്ടിക്കൊണ്ട് രാമായണത്തെ മറ്റൊരു മൂല്യപരിസരത്തില്‍ പ്രതിഷ്ഠിക്കുന്നു. രാമബിംബത്തിൻ്റെ പൊതുബോധനിർമ്മിതിക്ക് പിന്നിലുള്ള മൂല്യങ്ങൾ (ത്യാഗം, പിതൃഭക്തി, ഏകപത്നീവ്രതം) പുന:പരിശോധിക്കുകയും അതിന് പിന്നിലെ അധികാരതാല്പര്യങ്ങൾ കണ്ടെത്തുകയുമായിരുന്നു മാരാര്.ഈ മൂല്യങ്ങളെല്ലാം തന്നെ ജന്മിത്തവ്യവസ്ഥയുടെ ഹെജിമണികളായിരുന്നു. അത്തരത്തിൽ ജന്മിത്തനിർമ്മിതമൂല്യവ്യവസ്ഥയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിച്ച മലയാള നിരൂപകനായിരുന്നു മാരാര്.എന്നാല്‍ 1970 കളില്‍ എഴുതിയ ലേഖനത്തില്‍ (വാല്മീകിയുടെ രാമന്‍) സീതയെ അധ്യാത്മവിദ്യയായും സ്ത്രീയെ, പുരുഷനു പുരുഷാര്‍ത്ഥസാധിതോപകരണമായും കണ്ട് രാമായണത്തെ ഒരു ഉപദേശകാവ്യമായി കാണുന്നു. (രാജാങ്കണം) ആശാന്‍റെ സീതയെക്കുറിച്ച് എഴുതുമ്പോള്‍ സീത "രാമരാജാവിന്‍റെ ഉടുപ്പോ ചെരിപ്പോ പട്ടിയോ കുറിഞ്ഞിപ്പൂച്ചയോ അല്ലാ, ഒരു മനുഷ്യവ്യക്തിയാണ്"എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കല ജീവിതംതന്നെ

'കല ജീവിതംതന്നെ' എന്ന മാരാരുടെ നിലപാടിലും ഈ വൈരുധ്യം ഉണ്ടായിരുന്നു. കലയേയും ജീവിതത്തേയും നിശ്ചലമാക്കുന്ന ചലനരഹിതമായ ആദ്വൈതവാദമാണ് കലയെ ഉപരിവര്‍ഗ്ഗമൂല്യത്തെ പ്രതിഫലിക്കുന്ന ഉപഭോഗവസ്തുവാക്കിയത്. 'കലയ്ക്കുവേണ്ടി' എന്നതിനര്‍ത്ഥം ഇതാണ്. 'കലജീവിത്തിനുവേണ്ടി' എന്നു വാദിച്ചവര്‍ കലയേയും ജീവിതത്തേയും പരിവര്‍ത്തിക്കാന്‍ ശ്രമിച്ചവരായിരുന്നു. 'കല ജീവിതംതന്നെ' എന്ന അദ്വൈതനിലപാടിനെ സ്വീകാര്യമാക്കുന്നത് ജീവിതത്തിനും കലയ്ക്കും ചലനാത്മകമായ ഒരസ്തിത്വം നല്‍കുന്നുണ്ടോ എന്നതിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ്. ആദ്യത്തെ സൗന്ദര്യബോധം പാടെമാറി വ്യുല്‍പ്പത്തി തല്‍സ്ഥാനത്ത് വരുന്നുവെന്നും മറ്റും പറഞ്ഞ് സൗന്ദര്യബോധത്തേയും യുക്തിബോധത്തേയും ഭാവത്തേയും രൂപത്തേയും അഭിന്നമാക്കുമ്പോള്‍ ചലനാത്മക അദ്വൈതവാദമാണ് ഉള്ളത്. 'ഭാരതപര്യടന'ത്തിലെ ലേഖനങ്ങളെ സജീവമാകുന്നത് ഈ മൂല്യബോധമാണ്. പാഞ്ചാലീവസ്ത്രാക്ഷേപസന്ദര്‍ഭത്തില്‍ യുധിഷ്ഠിരന്‍റെ ദൗര്‍ബല്യം ചൂണ്ടിക്കാട്ടിക്കൊണ്ട് "ഒരാത്യന്തികഘട്ടം വരുമ്പോള്‍ ധര്‍മ്മാധര്‍മ്മചിന്തയില്‍ കാലം കളയാതെ യാഥാര്‍ഥ്യം കണ്ടറിഞ്ഞ് കാലദേശോചിതമായി" കാര്യം നടത്തണമെന്നു പറയുന്നു.


എന്നാല്‍ "പ്രപഞ്ചം ശാശ്വതമൂല്യങ്ങളെ ലക്ഷ്യം വച്ച് സനാതനധര്‍മ്മമാര്‍ഗ്ഗത്തിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്" എന്നാണ് മാരാര് ബോധപൂര്‍വം വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മഹാഭാരതത്തിലെ ഭീമനും നമ്പ്യാരുടെ ഭീമനും ഒരേ വ്യക്തിത്വം പ്രകടിപ്പിക്കണമെന്ന് കരുതിക്കൊണ്ട് നമ്പ്യാരുടെ ഹാസ്യത്തെ തിരസ്കരിക്കേണ്ടിവന്നു. ('നമ്മുടെ സംസ്കാരലോപം', രാജാങ്കണം)

നിഷ്പക്ഷനിരൂപണം

സ്ഥലകാലങ്ങളെ മറന്ന് നിഷ്പക്ഷമായി കൃതിയെ വായിക്കുന്ന നിലപാട് കേവലം ഗുണദോഷനിരൂപണം മാത്രമേ ആകൂ എന്നറിയാമായിരുന്നതുകൊണ്ടാണ് മാരാര് നിഷ്പക്ഷനിരൂപണം എന്നൊന്നില്ല എന്നുപറഞ്ഞത്. ഒരു കൃതിയുടെ വായനാസാധ്യതകള്‍ അടയ്ക്കുന്ന വിധികര്‍ത്താവല്ല ഒരഭിഭാഷകനാണ് വിമര്‍ശകന്‍ എന്ന് അദ്ദേഹം എഴുതി. നിഷ്പക്ഷത എന്ന് പറയുന്നത് ഭരിക്കുന്ന പൊന്നുതമ്പുരാക്കന്മാരോടുള്ള വിധേയത്വമാണെന്നറിയാവുന്നതുകൊണ്ടാണ് നവോത്ഥാനകാലത്ത് തൊഴിലാളിവര്‍ഗ്ഗ പക്ഷപാതസാഹിത്യത്തിനായി മുറവിളിയുണ്ടായത്. മാരാര് പുരോഗമനസാഹിത്യപ്രസ്ഥാനത്തോട് പ്രകടമായി വിയോജിച്ചുവെങ്കിലും പുതിയ ചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിക്കുകതന്നെ ചെയ്തു. എന്നാല്‍ മാരാര് ഗുണപക്ഷപാതം എന്നുവിളിച്ച ഈ പക്ഷപാതം നിലവിലിരിക്കുന്ന ജീര്‍ണ്ണവ്യവസ്ഥയോടുള്ള പക്ഷപാതം ആകാത്ത സന്ദര്‍ഭങ്ങളിലേ സര്‍ഗ്ഗാത്മകമാകുന്നുള്ളൂ. അധികാരത്തിന്‍റെ ഏറ്റവും വൃത്തികെട്ട തന്ത്രങ്ങളില്‍പ്പെട്ട് വലയുന്ന ഭാസൻ്റെ വാസവദത്തയുടെ അവസ്ഥയെ ഗതികേടായി കാണാതെ മഹത്വവത്കരിക്കുന്നത് വ്യവസ്ഥാനുകൂലപക്ഷപാതമാണ്. (സ്വപ്നവാസവദത്തവും ഈനക് ആര്‍ഡനും) എന്നാല്‍ നിലവിലിരിക്കുന്ന ധര്‍മ്മവ്യവസ്ഥയാല്‍ പുറന്തള്ളപ്പെട്ട കര്‍ണ്ണനോട് പക്ഷപാതം കാണിക്കുന്നത് പുരോഗമനപരവും സര്‍ഗ്ഗാത്മകവുമാണ്. മാരാരുടെ എല്ലാ സിദ്ധാന്തങ്ങളിലും നിലവിലിരിക്കുന്ന മൂല്യക്രമത്തെ അട്ടിമറിക്കുന്ന ജ്വലനശക്തി അറിയാതെ ഉണ്ടായിരുന്നു.

പുരോഗമനസാഹിത്യപ്രസ്ഥാനം

"കലയുടെ ഉദ്ദേശ്യമെന്താണ്? പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പ്രചോദനം നല്‍കുക എന്നതുതന്നെ" എന്ന് 1945-ലെ കോട്ടയം പുരോഗമനസാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹരീന്ദ്രനാഥ ചതോപാദ്ധ്യായ ഉറച്ച സ്വരത്തില്‍ പറഞ്ഞു. കല സ്ഥലകാലാതീതമായ കേവലരസം നല്‍കുന്നുവെന്ന പാരമ്പര്യനിലപാടുകളെ എതിര്‍ത്തുകൊണ്ട് കല ചരിത്രപരവും രാഷ്ട്രീയവുമായ പ്രചോദനമാണ് എന്ന് ഉദ്ഘോഷിച്ചു. കലയിലെ ഏകാര്‍ത്ഥരസവാദത്തെ തിരസ്കരിച്ചുകൊണ്ട് എത്തിയ ഈ പ്രസ്ഥാനം ആഗോളതലത്തില്‍ ജര്‍മ്മന്‍ ഏകാധിപത്യ(ഫാസിസത്തിന്)ത്തിനെതിരായി രൂപംകൊണ്ടതായിരുന്നു. 1935-ല്‍ പാരീസില്‍വച്ച് 'അഖിലലോക പുരോഗമനസാഹിത്യസംഘടന' എന്ന പേരില്‍ രൂപംകൊണ്ട സംഘടനയെത്തുടര്‍ന്നു ഇന്ത്യയിലും, 'ജീവല്‍സാഹിത്യം' എന്ന പേരില്‍ 1937-ല്‍(തൃശ്ശൂര്‍) കേരളത്തിലും രൂപം നേടി. ഇ.എം.എസ്, കെ. ദാമോദരന്‍, പി.കേശവദേവ് തുടങ്ങിയവര്‍ 1944-ലെ ഷൊര്‍ണ്ണൂര്‍ സമ്മേളനത്തിലാണ് 'പുരോഗമനസാഹിത്യം' എന്ന പേര് സ്വീകരിക്കുന്നത്. കേരളത്തിലെ നവോത്ഥാനത്തിന്‍റെ അന്തരീക്ഷത്തില്‍ മാരാരെപ്പോലെയുള്ള എതിരാളികളെപ്പോലും സ്വാധീനിക്കുകയും ഒരു കൃതിയെ സംബന്ധിച്ച് ജീവിതത്തിനുവേണ്ടി എന്തുണ്ട് എന്നു ചോദിക്കാന്‍ ഏവരേയും പ്രേരിപ്പിക്കുകയും ചെയ്തു ഈ പ്രസ്ഥാനം. മാര്‍ക്സിന്‍റെ, പ്രപഞ്ചത്തിന്‍റെ മാറ്റിമറിയ്ക്കലിനെ സംബന്ധിക്കുന്ന സൈദ്ധാന്തികനിലപാടാണ് നിലവിലിരിക്കുന്ന അര്‍ത്ഥത്തെ വ്യാഖ്യാനിക്കുന്ന ഗുണദോഷനിരൂപണത്തില്‍ നിന്നും ചരിത്രരഹിതരസധ്വനി നിരൂപണത്തില്‍ നിന്നും രചയിതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മുണ്ടശ്ശേരിയും മാരാരുമെല്ലാം വിമര്‍ശനത്തിലെ സദ്ഫലങ്ങളും തകഴി ബഷീര്‍, ദേവ്, വര്‍ക്കി തുടങ്ങിയവര്‍ കഥാസാഹിത്യത്തിലെ നേട്ടങ്ങളുമായിരുന്നു. എന്നാല്‍ ഈ പ്രസ്ഥാനത്തിലെ പല നിരൂപകരും മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രത്തിനുള്ള സങ്കീര്‍ണ്ണവും ചലനാത്മകവുമായ അര്‍ത്ഥം നഷ്ടപ്പെടുത്തുകയും മാര്‍ക്സിയന്‍ നിരൂപണത്തെ പഴയ ഗുണദോഷനിരൂപണമാക്കുകയും ചെയ്തു. രാഷ്ട്രീയലക്ഷ്യങ്ങളിൽ നിന്നുമകന്ന ഇന്നത്തെ പുരോഗമനസാഹിത്യസംഘടനയ്ക്ക് മേൽപ്പറഞ്ഞ അസ്തിത്വം ഇല്ല.


(തുടരും )

856 views3 comments
bottom of page