top of page

അടയാളങ്ങൾ

കവിത

മണലിലാണ്ടുപുതഞ്ഞലച്ചു

ചായം മങ്ങിയ വള്ളത്തിന്നുടലഴക്

തുരുമ്പിച്ച ചങ്കിൽ ചോരവറ്റി

ചിതലരിച്ച് വിണ്ടുമലർന്നു


മണൽനാണം പൊതിഞ്ഞുകേറിയ

നെയ്തൽവള്ളികൾ മാർത്തട്ടിലേറ്റി

നോവാറ്റി

പച്ചപ്പഴമ്പായ തെറുത്ത്

ഒറ്റയ്ക്കും തെറ്റയ്ക്കുമായി കണ്മിഴിച്ചു

അടുമ്പുവള്ളിപ്പൂക്കൾ

മൂക്കുപിഴിഞ്ഞു കൈനാറികൾ

കണ്ടതൊന്നും മിണ്ടാനാവാതെ

തലകുമ്പിട്ട ചീലാന്തിമഞ്ഞച്ചന്തങ്ങൾ

അന്തിയായെന്ന് വിങ്ങിച്ചുവന്നു


(ആഴങ്ങളിൽ നിന്ന് ഓർമകൾ

ആർത്തരായ് മുട്ടിവിളിച്ചു)

ചാകരകൾ കോരിയ കാലം


വലമുറിച്ച വൻചൂരകൾ

വേളാപ്പെട്ട തുറച്ചെത്തം

കരമടിയിൽ കിടച്ചതുമായി

വേച്ചുനടന്ന കടൽക്കിഴവന്മാർ

മുന്തിരിനട്ടതും മുന്തിരിച്ചാറൊരുക്കിയതും

പാടിത്തേങ്ങിയ വെള്ളിക്കിളമയ്കളെങ്ങോ

കെട്ടുമന്തിരം ജപിച്ച് കടലാവിയെ

തുരത്തിയ മൂപ്പന്മാരുമൊടുങ്ങി


വള്ളം മറിച്ച് ഉയിരെടുത്ത്

കടൽ വാഴ്‌വുകൾ ഉഴുതുമറിച്ച്

മീൻപാടമുണക്കി കടലേറ്റി കുടില് തകർത്ത്

മീനവരെച്ചതിച്ച ഒറ്റുകാലം


കാശെറിഞ്ഞ് കടല് വരുതിയിലാക്കിയ

പെരുംനുണക്കാലം

ഇനിയാരെക്കണികാണാൻ

ഇനിയെങ്ങനെ ഏലം പോടാൻ

തിരതൊടാനാവാത്ത വലിയ ശനിക്കാലമെന്ന്

മത്രാക്ക് കറക്കി* എല്ലിൻകൂടുകൾ


മായുകയായി ഭൂപടത്തിൽ നിന്ന് ഒരു തിണ

തിരയെഴുതിയ പോലെ




*മത്രാക്ക്കറക്കുക : പള്ളിമണി മുഴങ്ങാത്ത ദുഃഖവാരത്തിൽചടങ്ങുകൾക്ക് അകമ്പടിയാകുന്ന തടികൊണ്ടുള്ള ഒച്ചപ്പെടുത്തൽ

 

ഐറിസ്
റിട്ട. മലയാളം കോളേജ് അധ്യാപിക

0 comments
bottom of page