top of page

വി.കെ.എന്‍.ഇതിഹാസങ്ങളോട് ചെയ്തത് വി.കെ.എന്നിന്റെ മോക്ക് എപ്പിക്കുകളെക്കുറിച്ച്

ഭാഗം-2
മനു എം.

നായകന്മാരും ദൈവങ്ങളും ട്രാവസ്റ്റിയില്‍ സാധാരണക്കാരും കോമാളിക ളുമായിത്തീരുന്നു.


ഇതിഹാസനായകന്മാര്‍ വീരനായകന്മാരാണ്. ഇതിഹാസ ദൈവങ്ങള്‍ അമാനുഷിക ശക്തിയുള്ളവരും അത്ഭുതങ്ങള്‍ കാണിക്കുന്നവരുമാണ്. ഇവരുടെ പ്രവൃത്തികള്‍ക്കു മഹാഭാരതത്തില്‍ യുക്തിപരമായ ന്യായീകരണങ്ങളില്ല. എന്നാല്‍ അത്ഭുതപ്രതിഭാസങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും യുക്തിപരമായ ന്യായീകരണങ്ങള്‍ നല്‍കാന്‍ വി.കെ.എന്‍ തന്റെ മഹാഭാരത പ്രമേയകഥകളിലൂടെ ശ്രമിക്കുന്നുണ്ട്. വീര നായകന്മാര്‍ സാധാരണ മനുഷ്യരാവുകയാണ് വി.കെ.എന്‍ കഥകളില്‍, ദൈവങ്ങളുടെയും നായകന്മാരുടെയും പ്രവൃത്തികള്‍ കോമാളിത്തരങ്ങളുമായിത്തീരുന്നു.


യുധിഷ്ഠിരന്‍ - ധര്‍മ്മപുത്രന്‍ - ധര്‍മ്മോത്തര്


ധര്‍മ്മത്തെ മുറുകെ പിടിക്കുന്ന വീരനായകനാണ് ഇതിഹാസത്തിലെ യുധിഷ്ഠിരന്‍.ധര്‍മ്മപുത്രര്‍ എന്നാണ് യുധിഷ്ഠിരന്‍ അറിയപ്പെടുന്നത്. യുധിഷ്ഠിരനെ മോക്ക് എപ്പിക്കാക്കുന്നതിലൂടെ പ്രഖ്യാതമായ വ്യവസ്ഥാപിത ധാര്‍മ്മികമൂല്യ സങ്കല്പങ്ങളെക്കൂടി മറിച്ചിടാനാണ് വി.കെ.എന്‍. ശ്രമിക്കുന്നത്.

''മറ്റുപൂച്ചെടി ചെന്നു തിന്നാന്‍' എന്ന കഥയില്‍ യുധിഷ്ഠിരന്‍ 'ധര്‍മ്മോത്തര്' ആണ്. ധര്‍മ്മത്തെ ഭോഗിച്ചവന്‍ എന്നര്‍ത്ഥം വരുന്ന തെറിപ്പദമാണ് ധര്‍മ്മോത്തര് (ധര്‍മ്മത്തെ ഓത്തവന്‍ ഓക്കുക - ഭോഗിക്കുക), ധര്‍മ്മം മാത്രം പാലിക്കുന്നവന്‍

അസത്യം പറയാത്തവന്‍ തുടങ്ങിയ ഗുണങ്ങളോടുകൂടിയ യുധിഷ്ഠിരന്‍ കോമാളി യായി മാറുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊന്നും സ്വാഭാവികമല്ല എന്ന തിരിച്ച റിവിലൂടെയാണ് യുധിഷ്ഠിരന്‍ എന്ന സര്‍വ്വഗുണ സമ്പന്നനായ നായകനെ ട്രാവസ്റ്റി സങ്കേതത്തിലൂടെ വി.കെ.എന്‍ കോമാളിയാക്കുന്നത്. അഥവാ ഇങ്ങനെ അങ്ങേയറ്റം സത്യസന്ധനും ധര്‍മ്മചിത്തനുമായ കഥാപാത്രത്തിന് സാമൂഹിക ജീവിതത്തില്‍ സംഭ വിക്കാവുന്ന അമളികള്‍ വി.കെ.എന്‍ യുധിഷ്ഠിരനിലൂടെ ആവിഷ്‌കരിക്കുകയാണ്. യുധിഷ്ഠിരന്റെ ധാര്‍മ്മിക ചിന്ത അയാളെ സ്വയം കോമാളിയാക്കുന്നു. മാത്രമല്ല കൂടെയുള്ളവര്‍ക്കു അയാളുടെ വ്യക്തിത്വം ഒരു ബാദ്ധ്യതയുമാകുന്നു.

'മറ്റുപൂച്ചെടി ചെന്നു തിന്നാന്‍' എന്ന കഥയില്‍ അര്‍ജ്ജുനന്‍ വനവാസത്തിന് പോകാന്‍ തീരുമാനിക്കുകയും അതിനുവേണ്ടി ഭട്ടന്മാരെ ചട്ടംകെട്ടി കഥയുണ്ടാക്കുകയുമൊക്കെ ചെയ്യുന്നത് യുധിഷിഠിരന്റെ ധര്‍മ്മബോധത്തെ മനസ്സിലാക്കി ഉപയോഗിച്ചുകൊണ്ടാണ്. അര്‍ജുനന്‍ ധര്‍മ്മബോധം പ്രസംഗിച്ച് വനവാസയാത്രയ്ക്ക് പോകാന്‍ തുനിയുമ്പോള്‍ യുധിഷ്ഠിരന് തടയാന്‍ കഴിയാതെ പോകുന്നത് ധര്‍മ്മ ബോധം ഒരു ബാധ്യതയായി അയാളോടൊപ്പം നില്‍ക്കുന്നതുകൊണ്ടാണ്.


'ചൂതാട്ടം' എന്ന ധര്‍മ്മബോധമുള്ളവന്‍, വാക്കുപാലിയ്ക്കുന്നവന്‍ എന്നിങ്ങനെയുള്ള തന്റെ സ്വത്വം വളരെ അപകടം നിറഞ്ഞതാണെന്ന് തിരിച്ചറിയുന്ന യുധിഷ്ഠിരനെയാണ് വി.കെ.എന്‍ അവതരിപ്പിക്കുന്നത്.' ചൂതുകളിയ്ക്കാനായി ധ്യതരാഷ്ട്രര്‍ വിളിക്കുമ്പോള്‍ താന്‍ ചതിയ്ക്കപ്പെടാന്‍ പോവുകയാണെന്ന ബോധ്യം യുധിഷ്ഠിരന് ഉണ്ട്. ഈ കഥയില്‍ യുധിഷ്ഠിരന്‍ വിദൂരരോട് പറയുന്നു. * ചീട്ടുകളി എന്നു പറഞ്ഞാല്‍ കള്ളക്കളിയാണ്. ബുദ്ധിയുള്ളവരാരും ചിട്ടുകളിക്കില്ല.'' തുടര്‍ന്ന് ശകുനിയും കൂട്ടരും ചീട്ടുകളിക്കാന്‍ ഉണ്ട് എന്നറിയുമ്പോള്‍ ഭൂധിഷ്ഠിരന്‍ പറയുന്നു. ' എന്നു പറഞ്ഞാല്‍ എല്ലാ കള്ളന്മാരുമുണ്ടെന്നര്‍ത്ഥം ധൃതന്റെ ക്ഷണം എനിക്കു നിരസിക്കാനും വയ്യ. അതുകൊണ്ട് താങ്കള്‍ വന്ന് ക്ഷണിച്ച സ്ഥിതിയ്ക്ക് ഞാനും വരാം. പക്ഷെ ശകുനി വെല്ലുവിളിച്ചല്ലാതെ ഞാന്‍ ഓനുമായി കളിക്കില്ല. ചീട്ടുകളി എന്റെ മുന്തിയ ദൗര്‍ബല്യമാണെന്ന് താങ്കള്‍ക്കറിയാമല്ലോ ആ നിലയ്ക്ക് ആരു വിളിച്ചാലും ഞാന്‍ നാലുകൈ കളിച്ച് തോല്ക്കും!''


ശകുനി വെല്ലുവിളിക്കണം എന്ന ദുര്‍ബലമായ വാദഗതിയാണ് യുധിഷ്ഠിരന്‍ മുന്നോട്ട് വയ്ക്കുന്നത്. ശകുനിയാണ് ഈ ചീട്ടുകളിയുടെ സൂത്രധാരന്‍ എന്ന ഉത്ത മബോധ്യത്തോടെയാണ് യുധിഷ്ഠിരന്‍ ഇത് പറയുന്നത്. താന്‍ തോല്‍ക്കും എന്ന ഉറപ്പും യുധിഷ്ഠിരനുണ്ടായിരുന്നു. അങ്ങനെയാണ് ചൂതാട്ടത്തിന് ചെല്ലുന്നത്. അതായത് സ്വാഭാവിക ജീവിതത്തില്‍ യുധിഷ്ഠിരന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കു യാതൊരു പ്രസക്തിയുമില്ല എന്ന് അടയാളപ്പെടുത്തുകയാണ് വി.കെ.എന്‍ ചെയ്യുന്നത്.


ദുഷ്യന്തന്‍ - ദുഷ്യന്തന്‍ മാഷ്


ഇതിഹാസ കഥാപാത്രമായ ധീരോദാത്തനായകനാണ് ദുഷ്യന്തന്‍.ഈ കഥാ പാത്രത്തെ മോക്ക് എപ്പിക്കാക്കുകയാണ് ട്രാവസ്റ്റി സങ്കേതത്തിലൂടെ വി.കെ.എന്‍ ചെയ്യുന്നത്. ദുഷ്യന്തനെ നല്ലൊരു നടനായിട്ടാണ് വി.കെ.എന്‍ അവതരിപ്പിക്കുന്നത്.

''അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്ന് നാടക രാഷ്ട്രമീമാംസയില്‍ ഒന്നാം റാങ്കില്‍ ഒന്നാംക്ലാസ്സില്‍ മുന്‍ബഞ്ചിലിരുന്ന് പഠിച്ച് ജയിച്ച് ദുഷ്യന്തന്‍ യഥാകാലം ബിരുദമെടുത്തു.'' വളരെ സാധാരണക്കാരുടെ ഭാഷയില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ദുഷ്യന്തന് ശകുന്തളയെ പാട്ടിലാക്കുക എന്ന ലൈംഗികമോഹം മാത്രമാണ് കഥയിലുടനീളം നല്‍കുന്നത്. സമയവും തരവും കണ്ട് അഭിനയിക്കാന്‍ പ്രാപ്തിയുള്ള ദുഷ്യന്തന് ഒരു വിടനായ രാജാവിന്റെ അസ്തിത്വമാണ് കഥയില്‍. പ്രഖ്യാതമായ വീരനായക സങ്കല്പത്തില്‍നിന്ന് വ്യതിരിക്തമായ മാനുഷിക ബോധം ദുഷ്യന്തന് കൈവരുന്നു.


ശകുന്തള മകനെയും കൂട്ടി കൊട്ടാരത്തിലെത്തുമ്പോള്‍ 'ശകുന്തളയാണ് നിന്റെ പേര് എന്നല്ലേ പറഞ്ഞത്? എങ്കില്‍ കേള്‍ ഒരു കുന്നു കാള്‍ഗേളായ ശകുന്തളേ, ഞാന്‍ നിന്നില്‍ യാതൊരുവിധം ചെക്കനേയും ഉത്പാദിപ്പിച്ചിട്ടില്ല. കൊച്ചീരാജാവിനും എനിക്കും ആ പണിയില്ല. എനിക്ക് ഒരു ചുക്കും ഓര്‍മ്മയില്ലെന്ന് നേരത്തെ പറഞ്ഞില്ലേ? പൊളി ഞാന്‍ ആവര്‍ത്തിക്കുന്നു നീ എന്തോ ചെയ്യും.? പെണ്ണുങ്ങള്‍ പണ്ടേ നുണച്ചിക്കോതകളാണ് കോതയ്ക്ക് തോന്നിയത് വായ്പാട്ടാണവര്‍ക്ക്.. ഏതായാലും മണികെട്ടിയ നുണപറയുന്ന നിന്നെ ഞാന്‍ അറിയില്ല. നീ അപ്രത്യക്ഷയാവ് ഗെറ്റ്‌ലോസ്റ്റ്' ഇങ്ങനെ ആദ്യം പറയുകയും ഒടുവില്‍ അശരീരി ശകുന്തള പതിവ്രതയാണെന്നു പറയുമ്പോള്‍ 'കേള്‍പ്പിന്‍ ജനമേ! അശരീരിയും എന്റെ ചെക്കനും പറയുന്നതാണ് ശരി' എന്നുപറഞ്ഞ് വീണ്ടും അഭിനയിക്കുകയും ചെയ്യുന്ന ദുഷ്യന്തനെയാണ് വി.കെ.എന്‍ അവതരിപ്പിക്കുന്നത്.


ജീര്‍ണ്ണിച്ച വ്യവസ്ഥയുടെ പ്രതിരൂപമായാണ് വി.കെ എന്‍ ദുഷ്യന്തനെ അവതരിപ്പിക്കുന്നത്. വ്യവസ്ഥാപിതമായ നായകസങ്കല്പത്തെ മോക്ക് എപ്പിക്ക് ആക്കു ന്നതിലൂടെ സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഒരു സാമൂഹികഘടനയെ ചോദ്യം ചെയ്യാന്‍ വി.കെ. എന്നിന് സാധിക്കുന്നു.


നളന്‍


മഹാഭാരതത്തിലെ നളോപാഖ്യാനപര്‍വ്വത്തിലാണ് നളകഥ പറയുന്നത്.ധീരോദാത്തനായ നായകനാണ് ഇതിഹാസകഥയിലെ നളന്‍.

''എടവപ്പാതിക്കും വേനല്‍ക്കും ഭാരതവര്‍ഷത്തില്‍ എക്കാലവും ധാരാളം രാജാക്ക ന്മാരുണ്ടായിരുന്നു. പുറമെ നളനും ഇയാളാണ് പിന്നീട് കലിയായത്.'' ഇങ്ങനെയാണ് 'നളചരിതം മൂലം' എന്ന കഥയിലെ നളന്‍ അവതരിപ്പിക്കപ്പെടുന്നത്.''

'കലിയായ നളനെ' ക്കുറിച്ചാണ് വി.കെ.എന്‍ ചിന്തിക്കുന്നത്. സങ്കീര്‍ണ്ണമായ മാനസിക പ്രശ്‌നങ്ങളുള്ള മനുഷ്യനായിട്ടാണ് നളന്‍ അവതരിപ്പിക്കപ്പെടുന്നത്. നളന്റെ ദുരന്തത്തില്‍ കാരണങ്ങളാണ് 'നളചരിതം മൂലം' എന്ന കഥയിലൂടെ വി.കെ.എന്‍ കണ്ടെത്തുന്നത്.

'64000 ഡോളറിന് ജാമ്യം കെട്ടാവുന്ന കോമളരൂപമാണ് നളന്‍, ' ദമയന്തിയുടെ പക്കലേക്ക് ഒരു മുണ്ടയ്ക്കല്‍ സന്ദേശം കൊണ്ടുപോകാമോ എന്ന ഇന്ദ്രന്റെ ചോദ്യത്തിന് പറ്റില്ല എന്ന് പറയാതെ ' 'നിങ്ങളാര്? സന്ദേശമെന്ത്? വൃത്തമോ? ചതുരമോ? എന്തുഭാരം വരും?* ഇങ്ങനെ മറുചോദ്യം ചോദിക്കുകയും ഒടുവില്‍ അവരുടെ സന്ദേശം കൊണ്ടുപോവുകയും ചെയ്യുന്നത് നളന്റെ മാനസിക പ്രശ്‌നം കാരണമാണെന്ന് കഥ തിരിച്ചറിയുന്നു.

''നളന്‍ നളിനിയോട് പറഞ്ഞു നന്ദിനി, കുലനന്ദിനി, വിദര്‍ഭകൂലനന്ദിനി, പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദ സുഖം എന്ന പദം നിനക്കു ആടാറായി ല്ലെങ്കിലും വിനാവിളംബം നീ അങ്ങനെ ചെയ്തു തുടങ്ങുമെന്ന് ഞാന്‍ പ്രത്യാശി ക്കുന്നു. മരണത്തിലേയ്ക്കുള്ള ഈ യാത്രയില്‍ നിന്റെ ഏതാഗ്രഹവും ഞാന്‍ സാധിപ്പിച്ച് തരുന്നതാരുന്നു. എന്നെക്കൊണ്ടായില്ലെങ്കില്‍ വേറെ ഏര്‍പ്പാടാക്കാം. ഇനി ഞാന്‍ വേറെ പെണ്ണിനെ കെട്ടില്ലതാനും, മതിയായി. നശിച്ചു '

ഇവിടെ നളനെ ട്രാവസ്റ്റി സങ്കേതത്തിലൂടെ വി.കെ.എന്‍ മോക്ക് എപ്പിക്കാക്കുന്നു. ഇതിഹാസ നായകനില്‍ നിന്ന് തികച്ചും വ്യത്യസ്തനായ, സാധാരണക്കാരനായ മനുഷ്യവ്യക്തിത്വം വി.കെ.എന്‍ രൂപപ്പെടുത്തുന്നു. വളരെ സങ്കീര്‍ണ്ണമായ മാനസിക പ്രശ്‌നങ്ങള്‍ പ്രകടമാക്കുന്ന സാധാരണ മനുഷ്യനാണ് വി.കെ.എന്നിന്റെ നളന്‍. നളന്റെ അപകര്‍ഷതാബോധവും ആത്മവിശ്വാസക്കുറവും വളരെ രസകരമായി വി.കെ.എന്‍ രൂപപ്പെടുത്തിയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട് കാട്ടില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ *സുശലേ, നീ എന്നെ ഉപേക്ഷിച്ചാലും ഞാന്‍ നിന്നെ ഉപേക്ഷിക്കുകയോ വഴിയാധാ രമാക്കുകയോ രജിസ്ട്രാപ്പിസില്‍ കയറ്റുകയോ മറ്റും ചെയ്യുകയില്ല'' എന്ന് വീമ്പിളക്കുകയാണ് നളന്‍. തുടര്‍ന്ന് വിദര്‍ഭത്ത് തന്റെ കൊട്ടാരത്തിലേക്ക് പോകാം എന്ന് ദമയന്തി പറയുന്ന സന്ദര്‍ഭത്തില്‍,

'പ്രിയദര്‍ശനീ, വിദര്‍ഭം എന്ന രാജ്യം നിന്റെ പിതാവിന്റേതുപോലെ എന്റേതുമാകുന്നു. ഹിന്ദുപിന്‍തുടര്‍ച്ചാവകാശനിയമവും ആ വിധം അനുശാസിക്കുന്നു. പക്ഷേ ഞാന്‍ എങ്ങനെ വരും? ഒരു ഹെന്റി ഫോര്‍ഡിനറെ വേഷത്തില്‍ വന്നാണ് ഞാന്‍ നിന്നെ വേട്ടത്. ഇപ്പോള്‍ ഒരു ചണ്ഡാലഭിക്ഷുവായ ചുറ്റുപാടില്‍ കാര്യം തലതിരിഞ്ഞാണ്.''

നളന്റെ ഈ അപകര്‍ഷതാബോധം ഇതിഹാകഥയില്‍ നിന്ന് സൂക്ഷ്മമായി വായിച്ചെടുക്കാനാണ് വി.കെ.എന്‍ ശ്രമിക്കുന്നത്. നളന് ദമയന്തിയോടുള്ള ബന്ധം കേവലം സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രമുള്ളതാണെന്ന് വി.കെ.എന്‍ സ്ഥാപിക്കുന്നു. ദമയന്തിയെ ഹെന്റി ഫോര്‍ഡായിരിക്കുമ്പോള്‍ മാത്രം സ്‌നേഹിക്കാന്‍ കഴിയുന്നത് നളന്റെ അപകര്‍ഷതാബോധം കൊണ്ടാണെന്ന് വി.കെ.എന്‍ വരച്ചു കാണിക്കുന്നു. ഇതിഹാത്തില്‍ രൂഢമായിരിക്കുന്ന നളന്റെ അപകര്‍ഷതാബോധത്തെ പ്രത്യക്ഷവത്കരിക്കുകയാണ് മോക്ക് എപ്പിക്ക് സങ്കേതത്തിലൂടെ വി.കെ.എന്‍ ചെയ്യുന്നത്.


മൂലകൃതിയേക്കാള്‍ വലിപ്പക്കൂടുതലായിരിക്കും ട്രാവസ്റ്റി സ്വഭാവമുള്ള കൃതികള്‍ക്ക് മൂലകഥയോടൊപ്പം ധാരാളം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.


മഹാഭാരതകഥയ്ക്കു സമാനമായ പ്രമേയ ഘടനയെ പിന്‍തുടരുമ്പോഴും ബാഹ്യമായ ധാരാളം സംഭവങ്ങളെയും ആഖ്യാന തന്ത്രങ്ങളെയും ഉള്‍പ്പെടുത്തുവാന്‍ വി.കെ.എന്‍ തന്റെ കഥകളിലെല്ലാം ശ്രമിക്കുന്നുണ്ട്. നര്‍മ്മപ്രധാനമായി ശ്ലോകങ്ങളെ അവതരിപ്പിക്കുക, ചൊറിച്ചുമല്ലലുകള്‍ ഉള്‍പ്പെടുത്തുക, രാഷ്ട്രീയ സംഭവവികാസങ്ങള്‍ കൂട്ടിച്ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ വി.കെ.എന്‍ ചെയ്യുന്നു. സമകാലിക സിനിമ, സാഹിത്യം, ക്രിക്കറ്റ്, ഭക്ഷണം, രാഷ്ട്രീയ പ്രവര്‍ത്തനം പത്രപ്രവര്‍ത്തനം, കഥാപാത്രങ്ങളുടെ ആത്മഗതങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങളെ കഥാഘടന യില്‍ കോര്‍ത്തിണക്കുന്നു. കഥയെ കാലിക പ്രസക്തമാക്കുന്നതിനാണ് വി.കെ.എന്‍ ഇങ്ങനെ ചെയ്യുന്നത്.


പത്രപ്രവര്‍ത്തനം


ടൂര്‍പ്രോഗ്രാം എന്ന സമാചാരം, ധൃതവിദൂര സംവാദം, പാത്രാന്ന പൂര്‍ണ്ണേശ്വരി, തുടങ്ങിയ കഥകളില്‍ പത്രപ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചാണ് ഇതിഹാസകഥയെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. മഹാഭാരത കഥകളെ മാധ്യമ സംസ്‌ക്കാരവുമായി

ബന്ധിപ്പിച്ച് സമകാലിക കേരളീയ സംസ്‌ക്കാരത്തെ കഥയിലേയ്ക്ക് കൊണ്ട് വരാന്‍ വി.കെ. എന്നിന് കഴിയുന്നു. പത്രപ്രവര്‍ത്തനത്തിലെ കുതന്ത്രങ്ങളും കച്ചവടമനോഭാവവുമൊക്കെ രസകരമായി വി.കെ.എന്‍ ആവിഷ്‌കരിക്കുന്നു.


മഹാഭാരത്തതിലെ ധര്‍മ്മപക്ഷപാതിയായ വിദുരരെ വി.കെ.എന്‍ വളരെ പുതുമയോടെ അവതരിപ്പിക്കുന്നു. കൗരവ പക്ഷത്തു നിന്നുകൊണ്ട് പാണ്ഡവര്‍ക്കു അനുകൂലമായി പ്രവര്‍ത്തിച്ചിരുന്നയാളാണ് മഹാഭാരത കഥയിലെ വിദുരര്‍.നിക്ഷ്പക്ഷത വിദുരരുടെ മുഖമുദ്രയാണ്. എന്നാല്‍ വിദുരരെ പത്രപ്രവര്‍ത്തകനാക്കി അവതരിപ്പിക്കുന്നതിലൂടെ നിക്ഷ്പക്ഷത എന്ന വിദുരരുടെ തന്ത്രം കപടത നിറഞ്ഞതാണെന്ന് വി.കെ. എന്‍ തെളിയിക്കുന്നു. പത്രധര്‍മ്മങ്ങളില്‍ മുഖ്യമായി പറയാറുള്ള നിക്ഷ്പക്ഷതയുടെ പ്രശ്‌നങ്ങളെ വിദൂരരിലൂടെ ആവിഷ്‌കരിച്ചുകൊണ്ട് സമകാലിക സാമൂഹിക പ്രശ്‌ന ങ്ങളെ വിമര്‍ശിക്കാനും വി.കെ.എന്നിന് സാധിക്കുന്നു.


'എന്ന സമാചാരം?' എന്ന കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ് ' യമണ്ടന്‍ പത്രപ്രവര്‍ത്തകനായിരുന്നു വിദുരര്‍. 'എന്ന സമാചാരം?' എന്ന പേരില്‍ അദ്ദേഹം ആധിപത്യം സഹിച്ചിരുന്ന പത്രത്തിന്റെ പതിപ്പുകള്‍ 'ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ്‌ട്രൈബ്യൂണല്‍ എന്നു പേരായ കടലാസുമാതിരി ലോകരാഷ്ട്രതലസ്ഥാ നങ്ങളില്‍ നിന്നെല്ലാം പ്രസിദ്ധം ചെയ്തിരുന്നു. വെളിച്ചാമ്പ്‌ളും മോന്തിക്കും നിത്യേന രണ്ട് എഡിഷന്‍. 'ഹൈറാള്‍ഡ് ട്രൈ ബ്യൂണി'ന്റെ മുതലാളിമാര്‍ 'എന്ന സമാചാര' ത്തെ വിലയ്ക്കു വാങ്ങി തങ്ങളുടെ ഗ്രൂപ്പില്‍ ലയിപ്പിക്കാന്‍ നടത്തിയ ശ്രമം ഫലിച്ചില്ല. വിദുരന്റെ പത്രധര്‍മ്മം, പത്രസ്വാതന്ത്ര്യം എന്നിവ പ്രസിദ്ധമായിരുന്നു. 'മഹാഭാരതം' വാറുപീസാവുന്നതുവരെ അദ്ദേഹം സമാചാരത്തിന്റെ നാലാം പേജില്‍ രണ്ടുകോളം മുഖപ്രസംഗവും ബാക്കി ആറുകോളം രാഷ്ട്രീയ ലേഖനവും ഇരവുപകലെ

മഹാഭാരതയുദ്ധത്തില്‍ വിദുരരുടെ നിക്ഷ്പക്ഷതയുടെ റോള്‍ എന്തായിരുന്നു എന്ന അന്വേഷണം ഈ ഭാഗത്തുണ്ട്. 'എന്ന സമാചാരം' എന്ന കഥയില്‍ കള്ളച്ചൂതില്‍ തോറ്റ പാണ്ഡവര്‍ വനവാസത്തിനായി യാത്രയായ സന്ദര്‍ഭത്തെയാണ് ആഖ്യാനം ചെയ്യുന്നത്. പാണ്ഡവരും കൗരവരുമൊക്കെ വായിക്കുന്ന പത്രത്തിലെ വാര്‍ത്ത എന്ന നിലയിലാണ് 'എന്ന സമാചാരം' കഥ ആവിഷ്‌കരിച്ചിരിക്കുന്നത്. പാണ്ഡവരെ കള്ളച്ചൂതില്‍ കൗരവര്‍ തോല്പിച്ച കഥ പത്രത്തിലെ പ്രധാന കവര്‍‌സ്റ്റോറിയാണ്. പത്രവാര്‍ത്ത പാണ്ഡവരെ കൗരവര്‍ കള്ളച്ചൂതില്‍ മനഃപൂര്‍വ്വം തോല്പിച്ചു എന്ന രീതിയില്‍ വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. വളരെ നിക്ഷ്പക്ഷമായി നിന്ന് കഥപറയുമ്പോഴും പാണ്ഡവരും കൗരവരും തമ്മില്‍ വഴക്കുണ്ടാകേണ്ടത് തങ്ങളുടെ ആവശ്യകതയാണെന്ന ബോധ്യം വിദുരരുടെ പത്രധര്‍മ്മത്തിനു പിന്നിലുണ്ട്. മഹാഭാരതം വാറുപീസാകുന്നതുവരെ രാഷ്ട്രീയ ലേഖനവും മുഖപ്രസംഗവുമെഴുതുന്ന പത്രധര്‍മ്മത്തിന്റെ ആവശ്യകത തന്റെ പത്രത്തിന്റെ വരുമാനം കൂട്ടുക എന്നതുമാത്രമായി തീരുകയാണിവിടെ.


സിനിമാ നടിയുടെ പിന്‍ഭാഗത്തു വെടിയേറ്റതിനെക്കുറിച്ചുള്ള ചര്‍ച്ചയും അവര്‍ക്കു വേണ്ടിയുള്ള ഫണ്ടുപിരിവുമൊക്കെയായിത്തീരുന്ന പത്രത്തിലെ മറ്റുള്ള കവര്‍ സ്റ്റോറികള്‍ക്കും കൗരവപാണ്ഡവ പ്രശ്‌നങ്ങള്‍ക്കും സമാനമായ പ്രധാന്യമാണ് വി.കെ.എന്‍ നല്‍കുന്നത്.രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുഖ്യധാരാ പ്രശ്‌നമായി അവതരിപ്പിക്കുകയും ഗോസിപ്പുകഥകള്‍ വാര്‍ത്തകളായി ആഘോഷിക്കുകയുമൊക്കെ ചെയ്യുന്ന പത്രധര്‍മ്മത്തിന്റെ സമകാലികാവസ്ഥയെ ആവിഷ്‌കരിക്കാനുള്ള ഇടമായി ഈ കഥകളെ ഉപയോഗിക്കുന്നുണ്ട്. കഥാപാത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വിധത്തിലാണ് ഈ കഥാതന്തുക്കളെ കഥയിലേക്ക് വി.കെ.എന്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്.


സാഹിത്യം


മഹാഭാരത കഥ പറയുമ്പോഴും സമകാലികസാഹിത്യകാരന്മാരെ പരാമര്‍ശിക്കുകയും അതിനോടൊക്കെയുള്ള തന്റെ നിലപാടിനെ വിമര്‍ശനാത്മകമായും ഹാസ്യാത്മകമായും അവതരിപ്പിക്കുകയും ചെയ്യുന്നത് വി.കെ.എന്‍ കഥയുടെ ഘടനയെ കൂടുതല്‍ വലിപ്പമുള്ളതാക്കുന്നു.


ദുഷ്യന്തന്‍ മാഷ് എന്ന കഥയില്‍ ദുഷ്യന്തനെക്കുറിച്ചുള്ള മുണ്ടശ്ശേരിയു ടെയും കുട്ടികൃഷ്ണമാരാരുടെയും ലേഖനങ്ങള്‍ പരാമര്‍ശ വിധേയമാക്കി യിരിക്കുന്നു. |


.''സാഹിത്യാദി സര്‍ക്കസ്സുകളില്‍ ദുഷ്യന്തന്‍ മാഷ്‌ക്കുണ്ടായിരുന്ന കമ്പം കലശലായിരുന്നു. കുശാലായിരുന്നു. അക്കാലം പ്രത്രപംക്തികളില്‍ കുട്ടികൃഷ്ണമാരാരും മുണ്ടശ്ശേരിമാഷും 'ദുഷ്യന്തനെ പറ്റിത്തന്നെ' എന്ന് പരസ്പരം മത്സരിച്ചെഴുതിയ ലേഖനപരമ്പര ആശാന് മനഃപാഠമായിരുന്നു. മാരാരുടെയും മുണ്ടശ്ശേരിയുടെയും വ്യാഖ്യനങ്ങളെ ഇട്ടുപ്പിന്റെ പെരുക്കപ്പട്ടികയോടാണ് വി. കെ.എന്‍ ഉപമിക്കുന്നത്. ദുഷ്യന്തനെക്കുറിച്ച് തങ്ങളുടെതായ നിലപാടുകള്‍ വിശദീ കരിക്കുന്ന പ്രസ്തുത ലേഖനങ്ങള്‍ അവര്‍ തമ്മിലുള്ള സാഹിത്യ സംവാദങ്ങള്‍ കൂടി

യായിരുന്നു. ഇത് വിശദീകരിക്കുമ്പോള്‍ വി.കെ.എന്‍ ചെയ്യുന്നതും ദുഷ്യന്തനെക്കു റിച്ചുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കാനാണ്. പൂര്‍വ്വ പഠനങ്ങളില്‍ നിന്ന് വിരു ദ്ധമായി ദുഷ്യന്തന്‍ നല്ലൊരു അഭിനേതാവായിരുന്നു എന്നും ദുഷ്യന്തനെയും ശകുന്തളയെയും രൂപപ്പെടുത്തുന്ന ഘടനയുടെ ദുരന്തമാണ് ശകുന്തളോപാഖ്യാനം കഥ എന്നുമുള്ള പുതിയ പാഠം വി.കെ.എന്‍ രൂപപ്പെടുത്തുന്നു. വ്യവസ്ഥാപിതമായ മൂല്യ സങ്കല്പങ്ങളെ നവീകരിക്കാനല്ല മറിച്ച് ഉടച്ചുവാര്‍ക്കാനാണ് വി.കെ.എന്‍ ഈ കഥ യിലൂടെ ശ്രമിക്കുന്നത്.


ശകുന്തളയുടെ വളര്‍ത്തച്ഛനായ കശ്യപമഹര്‍ഷിയെ സി.വി. രാമന്‍പിള്ളയുടെ കഥാപാത്രമായ ചന്ദ്രക്കാരനോടാണ് സാമ്യപ്പെടുത്തുന്നത്.

ടി പത്മനാഭന്റെ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെക്കുറിച്ച് മറ്റേ ചങ്ങാതി കഥയ്ക്കു തലവാചകം കൊടുത്ത മാതിരി 'ടോര്‍ച്ചടിച്ചുനോക്കുന്ന പെണ്‍കുട്ടി' എന്നു പറയുന്നു.

'കുഞ്ഞുണ്ണി മാഷ് പറഞ്ഞ മാതിരി, സത്യത്തിന് അതിനൊരു സമ്മന്തക്കാരനുമുണ്ടത്രേ

പിതാമഹിളാളികള് എന്ന കഥയില്‍ 'വിക്ടര്‍ ഹ്യൂഗോ പറഞ്ഞ മാതിരി ഞാന്‍ ഒരു പാവമാകുന്നു. ലെമിസറാബ്ല് പുറത്തുകണ്ടാല്‍ നാലപ്പാടന്‍ എന്നെ പിടിച്ച് ഭാഷയാക്കി മാറ്റും.'


നാലപ്പാട്ട് നാരായണമേനോന്റെ പാവങ്ങള്‍ എന്ന വിവര്‍ത്തന കൃതിയെക്കുറിച്ചുള്ള ഈ പരാമര്‍ശം ശ്രദ്ധേയമാണ്. ഗംഗാദേവിയോടേ വ്യവസ്ഥ ലംഘിച്ച് പുത്രനായ ഭീഷ്മരെ നേരിടുന്ന സന്ദര്‍ഭത്തിലാണ് ഈ പ്രയോഗം. ഏഴുകുട്ടികളെ കടലിലെറിഞ്ഞ് കൊന്നിട്ടും ശന്തനു യാതൊന്നും പറയാതിരുന്നു. എട്ടാമത്തെ കുട്ടിയെ സമുദ്രത്തിലെറിയാന്‍ തുനിഞ്ഞ സമയത്ത് ശന്തനു എതിര്‍ക്കുന്നു. ഈ രംഗം വിവര്‍ത്തന സാഹിത്യത്തെക്കുറിച്ചുള്ള വി.കെ.എന്നിന്റെ വിമര്‍ശനമായി തീരുന്നു. ഈ ഭാഗം വിവര്‍ത്തന സാഹിത്യം ജീവനുള്ള കുട്ടിയെ വെള്ളത്തിലെറിഞ്ഞ് കൊല്ലുന്നതിന് തുല്യമാണെന്നാണ് ഈ കഥ തെളിയിക്കുന്നത്. തുടര്‍ന്ന് കുഞ്ചന്‍ കൃതിയുടെ വിവര്‍ത്തനം പുറത്തുവന്നതിനെക്കുറിച്ച് ശന്തനുപറയുന്നു.

''വേറൊരു നേരമ്പോക്ക്, കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി ഈയിടെ പണ്ഡിതനായ ഒരടുത്തൂണ്‍ ഇംകരിയസ്സ് അധ്യാപകന്‍ കുഞ്ചന്‍ നമ്പ്യാരുടെ സ്യമ തകം ഓട്ടന്‍തുള്ളല്‍ ഹൂണവാണിയിലാക്കിയിരിക്കുന്നു.' പെന്‍ഷനായ അധ്യാപകര്‍ക്ക് വേറെ പണിയൊന്നുമില്ലേ എന്ന അര്‍ത്ഥത്തിലാണ് വി.കെ.എന്‍ ഈവാക്കു കള്‍ പറയുന്നത്. വിവര്‍ത്തന സാഹിത്യത്തെക്കുറിച്ചുള്ള വി.കെ.എന്നിന്റെ മനോഭാവം പ്രകടമാവുന്ന ഈ ഭാഗങ്ങള്‍ കഥാഗതിയില്‍ നിര്‍ണായകമാകുന്നതൊടൊപ്പം കൃതിയെ കാലിക പ്രസക്തമാക്കുകയും ചെയ്യുന്നു.


ഇതുപോലെ മറ്റനവധി വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പ്രമേയഘടനയെ വി.കെ.എന്‍.പുനര്‍നവീകരിക്കുന്നു. ഇത് മോക്ക് എപ്പിക്കിന്റെ സവിശേഷസ്വഭാവമാണ്.


ട്രാവസ്റ്റിയില്‍ കൃതി സമകാലികമായിത്തീരുന്നു. എഴുത്തുകാരന്‍ തന്റെ കാലഘട്ടത്തെക്കൂടി കൃതിയിലേക്ക് സവിശേഷമായി സന്നിവേശിപ്പിക്കുന്നു.


എഴുത്തിന്റെ കാലഘട്ടം, ചുറ്റു പാടുകള്‍, പരിതോവസ്ഥകള്‍ എന്നിവ കൃതിയില്‍ അടയാളപ്പെടുത്തുന്നത് ട്രാവസ്റ്റി സങ്കേതത്തിന്റെ സവിശേഷതയാണ്. മഹാഭാരത പ്രമേയങ്ങളെ സ്വീകരിക്കുമ്പോള്‍ സവിശേഷമായ അര്‍ത്ഥത്തില്‍ തന്റെ ചുറ്റുപാടുകളെയും പരിതോവസ്ഥകളെയും വി.കെ.എന്‍ കൃതിയിലേക്ക് ബോധപൂര്‍വ്വം സന്നിവേശിപ്പിക്കുന്നു. ചില ഘടകങ്ങളിലൂടെ ഇത് വിശദമാക്കാം.


ഇംഗ്ലീഷിന്റെ പ്രയോഗം


'പിതാമഹിളാളികള് ' എന്ന കഥയില്‍ എട്ടാമത്തെ കുട്ടിയെ ശന്തനുവിനെ ഏല്പിച്ച് മടങ്ങാന്‍ നില്‍ക്കുന്ന ഗംഗയുടെ വാക്കുള്‍ ശ്രദ്ധേയമാകുന്നത് ഈ സാഹ ചര്യത്തിലാണ്.

'എട്ടാം നമ്പായ ഈ സണ്ണിയെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലയച്ചു വളര്‍ത്തി യാലും '

സണ്ണി എന്ന പദം ഇവിടെ മകന്‍, പുത്രന്‍ എന്നീ അര്‍ത്ഥങ്ങളിലാണ് പ്രയോ ഗിച്ചിരിക്കുന്നത്.

എട്ടാത്തെ കുട്ടി എന്ന് പ്രയോഗിക്കുന്നതിന് പകരം എട്ടാം നമ്പ് എന്ന് പ്രയോ ഗിച്ചിരിക്കുന്നു. നമ്പരായ എന്ന് സാധാരണ ഉപയോഗിക്കാറുണ്ടെങ്കിലും 'നമ്പ്രായ' എന്നു വരുമ്പോള്‍ ഇംഗ്ലീഷിനും മലയാളത്തിനും പുറമേ സംസ്‌കൃതത്തിന്റെ സ്വഭാവവും ഭാഷയിലേക്ക് കൊണ്ടുവരാന്‍ വി.കെ.എന്നിന് സാധിക്കുന്നു.

മറ്റൊരവസരത്തില്‍ ശന്തനുമഹാരാജാവ് മുക്കുവത്തിയോട് സംസാരിക്കുന്നത് ഇപ്രകാരമാണ്.

''മോള്‍സ് നിന്റെ മേല്‍വിലാസമെന്ത്? പോസ്റ്റല്‍ പിന്‍.എസ്.ടി.ഡി കോഡുകളേവ? ഒരു മുക്കുപണ്ടമായ നിന്റെ പേരെന്ത്?

അതോ വല്ലതും തടയുമോ എന്നു നോക്കി ലൂസായി നടക്കയാണോ നീയും? എ ഫുലാജ് ഓണ്‍ ദലൂസ്?'' ഇംഗ്ലീഷ് ഭാഷ വളരെ സമര്‍ത്ഥമായി ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നു. ഇംഗ്ലീഷിനെ സ്വീകരിക്കുമ്പോള്‍ തന്നെ തന്റേതായ ശൈലിയില്‍ മലയാള ഭാഷയാക്കി പരിവര്‍ത്തിപ്പിക്കാന്‍ വി.കെ.എന്‍. ശ്രമിക്കുന്നു.

മോളെ എന്ന മലയാളപദത്തിനോടൊപ്പം ഇംഗ്ലീഷിലേതുപോലെ ബഹുമാന സൂചകമായി എസ് (S) ചേര്‍ത്ത് പ്രയോഗിച്ചിരിക്കുന്നു. എന്നാല്‍ ഇവിടെ മോള്‍സ് എന്ന് പ്രയോഗിക്കുമ്പോള്‍ ഹാസ്യമാണ് ജനിക്കുന്നത്. ഇതിഹാസ കഥയിലെ മുക്കു വത്തിയോട് എസ്.ടി ഡി കോഡും പോസ്റ്റല്‍ അഡ്രസ്സുമെല്ലാം ചോദിക്കുന്ന ശന്തനു മഹാരാജാവ് സമകാലികനായിത്തീരുന്നു. ഇംഗ്ലീഷ് ഭാഷയോടൊപ്പം മലയാളവും സംസ്‌കൃതവുമെല്ലാം കൂട്ടിച്ചേര്‍ത്ത് പുതിയൊരു സാംസ്‌കാരികാന്തരീക്ഷത്തെ വി.കെ.എന്‍ കഥയില്‍ സൃഷ്ട്ടിച്ചെടുക്കുന്നു. 'കേണല്‍ കര്‍ണന്‍' എന്ന കഥയില്‍ കര്‍ണന്‍ എന്ന ഇതിഹാസകഥാപാത്രം സമകാലികനായിത്തീരുന്നത് 'കേണല്‍' എന്ന പദത്തിലൂടെയാണ്. യോദ്ധാവായ കര്‍ണന്‍ മിലിട്ടറി ഓഫീസറായി മാറുമ്പോഴാണ് കര്‍ണനെക്കുറിച്ചുള്ള സങ്കല്പങ്ങളും തകിടം മറിയുന്നത്. കേണല്‍ കര്‍ണന്‍ സമ കാലികനായ പട്ടാള ഉദ്യോഗസ്ഥനായിത്തീരുന്നു. മാത്രമല്ല കര്‍ണന് ഒരു ചാവേറിന്റെ അസ്തിത്വമാണ് കൃതിയില്‍ കൈവരുന്നത്.


രാഷ്ട്രീയ പാര്‍ട്ടികളും കേരളീയ ജീവിതവും


കര്‍ണനും ദുര്യോധനനും തമ്മിലുള്ള സംഭാഷണം കേണല്‍ കര്‍ണന്‍ എന്ന കഥയില്‍ ഇപ്രകാരം ആവിഷ്‌കരിച്ചിരിക്കുന്നു.

''കര്‍ണ്ണന്‍ പറഞ്ഞു.


- താങ്കളെ ഒരു സഖാവായി കിട്ടിയതില്‍ എനിക്കുള്ള സന്തോഷം ചില്ലറയല്ല.

ഈന്‍കിലാബ് സിന്ദാബാദ്! ഒരു ദ്വന്ദ്വയുദ്ധത്തില്‍ പാര്‍ത്ഥനെ മറിച്ചിടാനാണ് ഞാന്‍

വന്നിരിക്കുന്നത്.'


ഇവിടെ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സംഭാഷണം ഇടതുപക്ഷ രാഷ്ട്രീയ ശൈലിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സഖാവ്, സഖ്യം, മറിച്ചിടല്‍ തുടങ്ങിയ രാഷ്ട്രീയ പ്രയോഗങ്ങളിലൂടെ കൃതി സമകാലികമായിത്തീരുന്നു.

വാചകവധം എന്ന കഥയില്‍ ഇന്ത്യന്‍ രാഷ്ട്രീയം സവിശേഷമായി ചര്‍ച്ച ചെയ്തിരിക്കുന്നു. ഈ കഥയില്‍ കീചകനും ഹിഡുംബിയും ആദിവാസികളാണ്. ആദിവാസികളുടെ ഭൂമി കൈയ്യേറി താമസിക്കുന്ന ബ്രാഹ്മണരാണ് ഈ കൃതിയിലെ പ്രതിനായകര്‍. ബ്രാഹ്മണരില്‍ നിന്ന് കീചകന് ഭൂമി തിരികെ വാങ്ങിക്കൊടുക്കുന്ന തായാണ് കഥ അവസാനിക്കുന്നത്. ഈ കഥ നെഹ്‌റുവിന്റെ രാഷ്ട്രീയത്തെ പരി ഹസിക്കുന്നു. കഥയില്‍ ഹിഡുംബി ഹേഡിനിയാണ്.


'ഹേഡിനി പറഞ്ഞു.

'നിങ്ങളുടെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ആസൂത്രണ ബോര്‍ഡിന്റെ ഒരു യോഗത്തില്‍ ഞങ്ങളെ ഭാരതീയ ജനജീവിതത്തിന്റെ മുഖ്യധാരയില്‍ ലയിപ്പിക്കാന്‍ എന്തു വഴിയെന്നു തിരക്കി. അപ്പോള്‍ ഒരംഗം പറഞ്ഞു സിനിമകളെ, ടൂറിങ്ങ് ടോക്കികളെ ആദിവാസികള്‍ക്കിടയില്‍ കൊണ്ടിടാന്‍, വല്ല സന്ദേശവുമുള്ള സിനിമ കളാണോ?'


'സന്ദേശം നിഷിദ്ധം,ഇപ്പോള്‍ പിടിച്ച സിനിമകള്‍ അപ്പാടെ, അതേപടി കത്തി ശണ്ഠയും മറ്റും കണ്ടാല്‍ നിങ്ങള്‍ നാട്ടിലിറങ്ങി വരും. നാട്ടുകാരുമായി ഇടപഴകും. ചങ്ങാത്തത്തിലാവും. ആദിവാസിക്കും ആര്യന്‍ ദരിദ്രവാസിക്കുമിടയ്ക്കുള്ള അതിര്‍വരമ്പ് മുറിയും ജാതിമതഭേദമന്യേ അദ്ധ്വാനിക്കുന്ന ജനവിഭാഗവും ദുഷ്പ്രഭുമുതലാളിമാരും വിഭിന്ന വര്‍ഗ്ഗങ്ങളാവും.'

'പക്ഷേ നെഹ്‌റു സമ്മതിച്ചില്ല. കാരണം ആദിവാസികള്‍ ഇല്ലാതായാല്‍ റിപ്പ ബ്ലിക് ദിനാഘോഷവേളയിലും മറ്റവസരങ്ങളിലും ഞങ്ങള്‍ ആദിവാസിസ്ത്രീകളുടെ തോളില്‍ കൈയിട്ട് ഓന് നൃത്തം ചെയ്യാനാവില്ല. അതിന്റെ പടങ്ങള്‍ പത്രത്തില്‍ വരില്ല. ആദിവാസികളെ അവരുടെ സംസ്‌കാരത്തിനും ജീവിത രീതിക്കും വിടുകയാണ് നല്ലതെന്ന് ആശാന്‍ ശഠിച്ചു.' '


ഇവിടെ ആദിവാസികളെ അവരുടെ തനിമയിലും സംസ്‌കാരത്തിലും ഒതുക്കി നിര്‍ത്തുന്നതിന്റെ പിന്നില്‍ ഗൂഢലക്ഷ്യങ്ങളാണുള്ളതെന്ന സത്യം വി.കെ.എന്‍ വരച്ചു കാണിക്കുന്നു. ഈ ആശയം ഇന്നും പ്രസക്തമാണ്.

സമൂഹത്തിലെ താഴേതട്ടിലുള്ളവരുടെ പഴഞ്ചൊല്ലുകളും സംഭാഷണശൈലിയും ട്രാവസ്റ്റി സങ്കേതത്തില്‍ ഉപയോഗിക്കപ്പെടുന്നു. വി.കെ.എന്‍ കഥകളില്‍ ഈ ഘടകങ്ങള്‍ക്കു സവിശേഷമായ പ്രാധാന്യം തന്നെയുണ്ട്. താഴ്ന്ന രീതിയിലുള്ള ഭാഷാശൈലിയും പ്രയോഗങ്ങളും വി.കെ.എന്‍ തന്റെ കഥകളില്‍ ഉപയോഗിക്കുന്നു.


ദുഷ്യന്തന്‍ വനത്തിനുള്ളില്‍ ഒറ്റപ്പെടുകയും തുടര്‍ന്ന് ആശ്രമത്തില്‍ എത്തിച്ചേരുകയും ചെയ്യുന്ന സന്ദര്‍ഭത്തെ വി.കെ.എന്‍ അവതരിപ്പിക്കുന്നത് നോക്കുക.

' തുറുക്കെപ്പിടിച്ച് പാഞ്ഞ് എത്തപ്പെട്ടത് സുന്ദരമായ ഒരു വനത്തിന് നടുക്കായിരുന്നു.'ഇതിഹാസകഥയില്‍ വളരെ കുലീനമായിട്ടാണ് ദുഷ്യന്തന്റെ വരവ് അവ തരിപ്പിച്ചിരിക്കുന്നത്, അതിനെ തരംതാഴ്ത്താനാണ് 'തുറുക്കെപ്പിടിച്ച്' എന്ന ശൈലി ഉപയോഗിച്ചിരിക്കുന്നത്.


കണ്വമുനി എവിടെപ്പോയി എന്ന ദുഷ്യന്തന്റെ ചോദ്യത്തിന് ശകുന്തളയുടെ മറുപടി ഇതാണ്. 'ചന്ദ്രക്കാരന്‍ മാമ്പഴം കൊണ്ടുവരാന്‍ അദ്ദേഹം കാട്ടിലേക്കു പോയിരിക്കുകയാണ്. വേണ്ടത്ര പെറുക്കിക്കഴിഞ്ഞാല്‍ ഉടനിങ്ങെത്തും. അദ്ദേഹത്തെ കണ്ടച്ചുവച്ചു പോകാം ഉണ്ടേച്ചും ! ' ഇത് മഹാഭാരത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെ യാണ്. ''താതന്‍ ഫലങ്ങള്‍ കൊണ്ട് വരാന്‍ പോയിരിക്കുകയാണ്. മുഹൂര്‍ത്ത സമയം കാക്കുക. ഉടനെ വരുന്നതാണ് ' ഇവിടെ കണ്വമഹര്‍ഷിയെ വളരെ താഴ്ന്ന നില യില്‍ ചിത്രീകരിച്ചിരിക്കുന്നു. ഫലങ്ങള്‍ കൊണ്ട് വരിക എന്നതിന് 'കാപെറുക്കുക' പുനരാഖ്യാനം ചെയ്യുമ്പോള്‍ ഇതിഹാസത്തിന്റെ ഉദാത്തശൈലിയെ ഉടച്ചു വാര്‍ക്കാനാണ് വി.കെ.എന്‍ ശ്രമിക്കുന്നത്.


വിശ്വമിത്രന്റെ തപസ്സിളക്കാനെത്തിയ മേനകയുടെ നൃത്തത്തെക്കുറിച്ച് 'മോളൂട്ടി നേരെ മുനി തപസ്സു ചെയ്യുന്നിടത്തുപോയി അര്‍ദ്ധനഗ്‌നന്റെ മുന്നില്‍ തെരുക്കൂത്ത് തുടങ്ങി'ഇന്ദ്രന്‍ നേരത്തേ ഏര്‍പ്പാട് ചെയ്തതനുസരിച്ച് മേനകയുടെ തോര്‍ത്ത് മുണ്ടിനെ മേലോട്ടും വലത്തോട്ടും വീശികയറ്റി

ഇവിടെ തെരുക്കൂത്ത്, തോര്‍ത്ത്മുണ്ട് തുടങ്ങിയ പദങ്ങളിലൂടെ മേനകയെ

വളരെ സാധാരണ സ്ത്രീയാക്കി മാറ്റാന്‍ വി.കെ.എന്നിന് സാധിക്കുന്നു.

'വിഭക്ത ഭാരതം' എന്ന കഥയില്‍ ''തന്റെ അനുജനായ ദുശ്ശാസ്സനന്‍ പന്തത്തെ കണ്ട പെരുച്ചാഴിയെപ്പോലെ ദുര്യോധനന്‍ സെന്റര്‍ സ്റ്റേജില്‍ അന്തം വിട്ടുനിന്നു പന്തം കണ്ട പെരുച്ചാഴി എന്ന ഗ്രാമീണ ശൈലി വളരെ മനോഹരമായി വി.കെ.എന്‍ ആവിഷ്‌കരിച്ചിരിക്കുന്നു.


നായക കഥാപാത്രങ്ങളുടെ വീരത്വത്തെ ഹാസ്യവല്‍ക്കരിക്കുന്നു.


കഥാപാത്രങ്ങളുടെ ആവിഷ്‌കരണത്തിലെ വൈവിധ്യം അവരുടെ സംഭാഷണ ശൈലിയിലെ വൈവിധ്യങ്ങള്‍ എന്നിവയിലൂടെ കഥാപാത്രങ്ങളുടെ വീരത്വത്തെ ഹാസ്യാത്മകമാക്കി മാറ്റുന്നത് മോക്ക് ഓപ്പിക്ക് സവിശേഷതയാണ്.


കഥാപാത്രസൃഷ്ടി


ചൂതുകളിച്ച് തോറ്റ പഞ്ചപാണ്ഡവരെ അവതരിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ''തലയില്‍ മുണ്ടിട്ടാണ് യുധിഷ്ഠിരന്‍ മുന്‍നടന്നത്. എല്ലാവര്‍ക്കും കീഴടങ്ങും വിധം രണ്ടുകയ്യും പൊക്കിയാണ് ഭീമന്‍ പോയത്. പാര്‍ത്ഥന്‍ മണലും സിമന്റും മിക്‌സ് ചെയ്ത് അതു തലച്ചുമടാക്കിയാണ് മാര്‍ച്ച് ചെയ്തത്. മുഖത്ത് തേപ്പുമായി കഥകളിയിലെ സൂര്യനെ മാതിരി അലറിനാന്‍ സഹദേവന്‍, തറയിലുരുണ്ട് ദേഹത്ത് പൊടി പാറ്റി ഒരു പിരാന്തനെ മാതിരി പോയി നകുലന്‍, പാഞ്ചാലി അലറി കരയുന്നതായി അഭിനയിച്ചു.'


കഥാപാത്രഘടനയില്‍ വരുത്തിയ ഈ മാറ്റങ്ങള്‍, കഥാപാത്രങ്ങളെ വളരെ സാധാരണ മനുഷ്യരാക്കി തീര്‍ക്കുന്നു. പിരാന്തനെപ്പോലെ നകുലനും തലയില്‍ മുണ്ടിട്ടു നടക്കുന്ന ഭീമനുമൊക്കെ നമുക്ക ചുറ്റിലുമുള്ള സാധാരണ മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു.


സംഭാഷണ ശൈലിയിലെ വൈവിധ്യങ്ങള്‍


പാണ്ഡവരുടേയും കൗരവരുടേയും ആയോധന വിദ്യാപാടവം പ്രദര്‍ശിപ്പി ക്കുന്നതിനെക്കുറിച്ച് ധൃതരാഷ്ട്രരോട് സംസാരിക്കുന്ന വിദുരര്‍ പറയുന്നത് ഇങ്ങ നെയാണ്. ''ചക്രവര്‍ത്തി ജയിച്ചാലും കോലോത്തെ കുയിലുണ്ണികളെല്ലാം ഒരു

ക്ലാസ്സിലും തോല്‍ക്കാതെ ആയോധനവിദ്യ പഠിച്ചു പാസ്സായിരിക്കുന്നു.

വിദ്യാഭാരം കൊണ്ട് അവരുടെ തലകനത്തിരിക്കുന്നു. ഹെഡ്വെയിറ്റാണ് ക്യാ. പഠിച്ചപണി അവറ്റയെ വിട്ട് ഒരു വട്ടം കാണിക്കാന്‍ ഉത്തരവാകണം.ഒരു ഡ്രസ്സ് റിഹേഴ്‌സല്‍

കോലോത്തെ കുയിലുണ്ണികള്‍, വിദ്യാഭാരം കൊണ്ട് തലകുനിഞ്ഞിരിക്കുന്നു. അവറ്റ് തുടങ്ങിയ പദവാക്യങ്ങളിലൂടെ ആയോധനാഭ്യാസത്തെ ഒരു ഹാസ്യപരിപാടിയാക്കി പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നു. മഹാഭാരതം ഏറ്റവും ഗൗരവതരമായി പരിഗണിക്കുന്ന ഒരു രംഗത്തെ അതിന്റെ ആസൂത്രണ സന്ദര്‍ഭത്തെ അവതരിപ്പിച്ച് ഹാസ്യാത്മകമാക്കി മാറ്റാന്‍ വി.കെ.എന്‍. ശ്രമിക്കുന്നു.


കലയിലെ ഉച്ചനീചത്വങ്ങളും വര്‍ഗ്ഗവ്യത്യാസങ്ങളും മാറ്റി മറിക്കാന്‍ ട്രാവസ്റ്റി സങ്കേതത്തിലൂടെ ശ്രമിക്കാറുണ്ട്.


മീന്‍ കച്ചവടക്കാരനെയോ തൊഴിലാളിയേയോ മാത്രം തമാശ സൃഷ്ടിക്കുന്നതിനുള്ള സങ്കേതമായി ഉപയോഗിച്ചിരുന്ന രീതി മാറിമറിയുന്നത് ട്രാവസ്റ്റി സങ്കേതത്തിലൂടെയാണ്. സമൂഹത്തിലെ ഉന്നത ശ്രേണിയി ലുള്ളവരെ കോമാളികളാക്കി തമാശ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്.


ദുഷ്യന്തന്‍ സ്വന്തം രൂപത്തെ കണ്ണാടിയില്‍ നോക്കിയ ശേഷം ശകുന്തളയോട് പറയുന്നത് ഇങ്ങനെയാണ്. ''നീ പറയുന്നതില്‍ എന്തോ കാര്യമുള്ളതായി ഈ കണ്ണാടി പറയുന്നു. ഒരു ശരാശരി സുന്ദരനെങ്കിലും ഞാന്‍ ഒരു ചരക്കല്ല തീര്‍ച്ച. ഇരുമുലയനായ എന്നെ അടുപ്പത്തു കയറ്റിയാല്‍ ഞാന്‍ അവിടെ ഇരിക്കയുമില്ല. വെട്ടടുപ്പിന് മൂല മൂന്നാകുന്നു. എന്തോ എവിടെയോ അല്പം പിഴച്ചാണ്. പക്ഷേ, അതു കാര്യമാക്കാനില്ല. കള്ളി പൊളിച്ചാല്‍ നീയും അത്ര വലിയ സുന്ദരിയൊന്നുമല്ല.'' ഇതിഹാസ കഥയില്‍ ദുഷ്യന്തനെ അവതരിപ്പിക്കുന്നത് ഇപ്രകാരമാണ്. 'പൗരവന്മാരുടെ വംശകാരനും സാഹസികനുമായ ദുഷ്യന്തരാജര്‍ഷി ആഴി ചുഴുന്ന ഭൂമിയെല്ലാം ഭരിച്ചു. ആ പരാക്രമിയായ നരേന്ദ്രന്‍ ശത്രുക്കളെ മര്‍ദ്ദിച്ച് സല്‍ഭരണം നടത്തി. പാപരഹിതമായ സാമ്രാജ്യമായിരുന്നു അദ്ദേഹത്തിന്റേത്. യുവാവും വജ്രകായനും അതിശക്തനുമായ ദുഷ്യന്ത മഹാരാജാവ് വനസാന്ദ്രമായ മന്ദരപര്‍വ്വം പോലും ഉയര്‍ത്താന്‍ പോന്ന കായിക ബലത്തിന്റെ ഉടമയായിരുന്നു.


ധീരോദാത്ത നായകനായ ദുഷ്യന്തമഹാരാജാവിനെ ഇവിടെ കോമാളിയാക്കി യിരിക്കുന്നു. വജ്രകായന്‍ എന്ന് ഇതിഹാസം വിശേഷിപ്പിക്കുന്ന ദുഷ്യന്തന്‍ വി.കെ. എന്നിന്റെ കഥയിലെക്കെത്തുമ്പോള്‍ ചരക്കല്ലാത്ത, ശരാശരിക്കാരനായി തരം താഴു ന്നു. വീരനായകനും രാജാവുമായ ദുഷ്യന്തനെ കോമാളിയാക്കിയാലും തമാശ സൃഷ്ടിക്കാം ബോധം വി.കെ.എന്‍ കൃതിയില്‍ പ്രകടമാകുന്നു.


ധൃതരാഷ്ട്രരെ അവതരിപ്പിക്കുന്നതിങ്ങനെയാണ്. 'ധര്‍ത്തരാഷ്ട്രന്‍ എന്ന ധൃതന്‍ ഒരു ശുദ്ധഗതിക്കാരനാണ്. ചൂഴ്ന്നു നോക്കിയാല്‍ കള്ളനുമാണ്

പാഞ്ചാലി തനിക്കുണ്ടാകാന്‍ പോകുന്ന കുട്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഇങ്ങനെയാണ്.

'അപ്പോള്‍ പാഞ്ചാലി ചിരിക്കും

ചെക്കന്‍ നന്ന്. പക്ഷേ ധര്‍മ്മോത്തെ പണിക്കരട്യോ ഭീമനച്ചന്റെയോ എന്ന് പറക വയ്യ ട്ടോ . ക്രീഡാവേളയില്‍ ഒന്നിലധികം പോക്കന്മാര്‍ എന്റെ മനോരഥമേറി സവാരി ചെയ്തിരുന്നല്ലോ!'

നല്ലത്ത് / ചീത്ത, ഉയര്‍ന്നത് / താഴ്ന്നത് തുടങ്ങിയവര്‍ഗ്ഗ വ്യത്യാസങ്ങള്‍, ഉച്ചനീചത്വങ്ങള്‍ എല്ലാം ട്രാവസ്റ്റിയില്‍ തകിടം മറിയുന്നു.






1 comment
bottom of page