മഴയമ്മ
- GCW MALAYALAM
- Aug 12, 2024
- 1 min read
സുനിത ഗണേഷ്
Assistant Professor in Physics
Govt. Victoria college
Palakkad

നിൻ്റെ പുഞ്ചിരിക്ക് എന്തൊരു ചന്തമാണ്!
ഇരുള് പുതഞ്ഞ
മഴയാകാശത്തു നിന്നും
പാഞ്ഞു വന്നു
ജീവനെ പുൽകുന്ന
സൂര്യനാളം പോലെ...
തെളിഞ്ഞ ചിന്തയിൽ,
ഏറ്റവും വേഗത്തിൽ,
ഉള്ളു തൊടുന്ന,
മഞ്ഞുരുക്കുന്ന,
ആഴത്തിൽ
ഇറ്റിറ്റു കിനിയുന്ന
സ്നേഹത്തുള്ളികൾ...
പച്ചയിൽ പച്ചയാർന്നു
നീലിച്ചു ചുവക്കുന്നു
വെള്ള കയറിപ്പിഞ്ഞിയ
അബോധരസരാസ മുകുളങ്ങൾ...
മൈലാഞ്ചിക്കൈകൾ നീട്ടുന്നു നര പോലും...
മഴ,
ചില നേരമവൾ
ദംഷ്ട്രയക്ഷിയും!
പിന്നെയും
പെയ്തെടുക്കുന്നു, ജീവനുകൾ...
ഉള്ളുരുക്കുന്നു
കാഴ്ചകൾ !
യക്ഷിയാട്ടം കാണെ, കൊതിച്ചു പോകുന്നു...
എന്നീ മഴ
വീണ്ടുമെന്നമ്മയാവും?
സസ്‌നേഹമൊരു കുഞ്ഞിനെപ്പുൽകുമ്പോൽപൊലിഞ്ഞുപോകാതെജ്ജീവനെ
ചേർത്തണയ്ക്കും!
Comments