top of page

എം.എൻ. വിജയൻ പറഞ്ഞത്

( പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാത്തത്)

സംസ്കാരവിമർശനം


1.യുദ്ധവും സമാധാനവും

(പ്രഭാഷണം)


യുദ്ധത്തെ സംബന്ധിച്ച് എന്റെ ബുദ്ധിമുട്ട് അതിനെ സംബന്ധിച്ച് ഒരു തീരുമാനവും ഞാൻ എടുക്കുന്നതല്ല എന്നതാണ്.യുദ്ധത്തെപ്പറ്റി കുറെ റൊമാന്റിക് ആശയങ്ങളാണ് നമ്മുടെ സമൂഹത്തിലുള്ളത്.


അനുരാഗഗായകനായ കാളിദാസനും യുദ്ധത്തിൻ്റെ സൗന്ദര്യം വർണിച്ചിട്ടുണ്ട്.യുദ്ധത്തിൻ്റെ പ്രോത്സാഹകർ കവികളായിരുന്നു. അനുരാഗകവികൾ നാടുവിട്ടുപോകണമെന്നും യുദ്ധകവികൾ പോകണ്ട എന്നുമാണ് പ്ലേറ്റോ പറഞ്ഞത്. രാജ്യത്തിൻ്റെ നിലനിൽപ്പിനുവേണ്ടി ചെയ്ത സാഹസികതയായിരുന്നു യുദ്ധം.


യുദ്ധം ബാഹ്യപ്രേരണയല്ല നമ്മുടെ മനസ്സിലുള്ളതാണ്. സ്നേഹം എന്നതുപോലെ അഗ്രഷനും നമ്മുടെ മനസ്സിലുണ്ട്.ഈച്ചയെ നമ്മൾ കൊല്ലുന്നു, മത്സ്യത്തെ തിന്നുന്നു. യുദ്ധം ആഗ്രഹിക്കുന്നത് രാജാവ് മാത്രമല്ല ഒരു ജനതകൂടിയാണ് എന്നത്രെ സമീപകാലമന:ശാസ്ത്രനിഗമനങ്ങൾ. ദേശത്തിന് ഒരു മനുഷ്യനെ മാനിക്കാൻ കഴിയുന്നത് തോക്കുകൊണ്ടും പീരങ്കികൊണ്ടുമാണ്.


കരുത്തില്ലാത്തപ്പോൾ യുദ്ധം വേണ്ടെന്നും കരുത്ത് ഉണ്ടാകുമ്പോൾ യുദ്ധമാകാം എന്നതുമാണ് നമ്മുടെ രീതി.നമ്മുടെ എല്ലാ വകുപ്പുകളും, ഒഫൻസ് വകുപ്പുകളും ഡിഫൻസ് വകുപ്പുകൾ കൂടിയാണ്. വിവാഹാലോചന വരുന്നതുവരെ എനിക്ക് വിവാഹം വേണ്ട എന്ന നാടൻപെണ്ണിൻ്റെ അഭിപ്രായം പോലെയാണ് ഇന്ത്യയുടെ സമാധാനവാദം.


ഞണ്ടിനെ തിന്നുന്ന ജപ്പാൻകാർ തങ്ങളുടെ മുഖത്തോട് സാദൃശ്യമുള്ള സന്യാസ്സിഞണ്ടുകളെ തിന്നാറില്ല.നമ്മുടെ നാട്ടിലും സന്യാസ്സിമുഖമുള്ളവർ മാത്രം രക്ഷപ്പെടുന്നു.

( യുദ്ധവിരുദ്ധസെമിനാറിൽ ചെയ്ത പ്രസംഗത്തിൽ നിന്നും ഡോ. തോന്നയ്ക്കൽ വാസുദേവൻ രേഖപ്പെടുത്തിയത്)


2.മതനിരപേക്ഷത ഹൈന്ദവ ഔദാര്യമല്ല

(പത്രവാർത്ത)


പാലക്കാട് മേയ് 13: മതനിരപേക്ഷത എന്നത് ഹൈന്ദവ ഔദാര്യമല്ല എന്ന് പ്രൊഫസർ എം.എൻ വിജയൻ പറഞ്ഞു.പാലക്കാട് എൻ.എഫ്. പി.ടി.ഇ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരികസമ്മേളനത്തിൽ 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മതവുമായി പൊരുത്തപ്പെടാത്ത വാക്കാണ് സഹിഷ്ണുത. ഇന്ത്യക്കാർ മതസഹിഷ്ണുക്കളാകാൻ കാരണം സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ തെരുവുകളിൽ ഒഴുകിയ ചോരപ്പുഴയാണ്. ആ സമയത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നത് ദേശീയ മുസ്‌ലിങ്ങളാണ്. 'ഹരി' സെക്കുലർ പദം അല്ലാത്തതുകൊണ്ടും 'ഹരിജൻ' സെക്കുലർ പദം അല്ലാത്തതുകൊണ്ടുമാണ് അതിനെ ചൊല്ലി അംബേദ്കറും ഗാന്ധിജിയും തമ്മിൽ വിവാദം ഉണ്ടായത്. അതുകൊണ്ടുതന്നെ ഭരണഘടന സെക്കുലർ ആകണമെന്ന് അംബേദ്കർ വാശിപിടിച്ചു. രാമരാജ്യമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മഹാത്മാഗാന്ധി പറഞ്ഞത് വലിയ തെറ്റാണ്. രാമരാജ്യം ആഗ്രഹിക്കുന്നുവെന്ന് ഹിന്ദുവായ നേതാവ് പറയുമ്പോൾ ഏത് മുസൽമാനാണ് സുരക്ഷിതത്വം ഉണ്ടാവുക.ഐക്യത്തിന്റെ സൂചനയായാണ് ഗാന്ധിജി ' രാമരാജ്യം' എന്ന വാക്ക് പ്രയോഗിച്ചതെങ്കിലും അത് തിരിച്ചടിച്ചു. രാഷ്ട്രീയനേതാവ് തെറ്റ് ചെയ്യുമ്പോൾ അത് ഹിമാലയൻ വങ്കത്തമാകും. രാമൻ്റെ പേര് പറഞ്ഞുതന്നെയാണ് ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ചുകൊന്നതും .


മതത്തിന്റെ ആശീർവാദത്തോടെ രാഷ്ട്രീയം കൈകാര്യം ചെയ്തിരുന്ന ശക്തി നൂറ്റാണ്ടുകളായുണ്ട്.' സാരേ ജഹാം സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാര ' എന്നു പാടിയ മുഹമ്മദ് ഇഖ്ബാൽ പിന്നീട് പാകിസ്ഥാൻവാദിയാകേണ്ടി വന്നു. സമരത്തിന് ശേഷം ലഭിച്ച സ്വാതന്ത്ര്യം ഇന്ത്യൻ തെരുവുകൾ ഏറ്റവും കൂടുതൽ ചുവക്കുന്നതിനാണ് വഴിതെളിച്ചത്. ഭരണഘടനയിൽ പലതും ഉറപ്പിച്ചു പറയുന്നില്ല. രാജ്യത്തിൻ്റെ പേരിനുതന്നെ ഉറപ്പില്ല. ഇന്ത്യ അഥവാ ഭാരതം എന്നാണ് പറയുന്നത്.


എളുപ്പവഴിയിലൂടെ സൗഭാഗ്യം ആഗ്രഹിക്കുന്ന ഇടത്തട്ടുകാരെയാണ് ഹിന്ദുത്വവാദികൾ ഇപ്പോൾ വിലക്കെടുത്തിരിക്കുന്നത്. ഇടത്തട്ടുകാരുടെ പണംകൊണ്ടാണ് ഗുരുവായൂരപ്പന്റെ ഉപജീവനം. അറേബ്യയിലെ എണ്ണനിക്ഷേപം ഇസ്ലാം മതത്തെ പ്രോത്സാഹിപ്പിക്കുന്ന ഭൂമിശാസ്ത്രഘടകമായി മാറി. വാക്കുകൾ അർദ്ധവൈപരീത്യത്തിനിരയാവുകയാണ്.അതിലൊന്നാണ് രാമൻ. രാമൻ ചരിത്ര പ്രശ്നമല്ല. ഇന്ത്യയിൽ അത് രാഷ്ട്രീയ പ്രശ്നമാണ്. പള്ളി പൊളിക്കുന്നത് മുഷ്കിനെയാണ് കാണിക്കുന്നത്. പള്ളിപൊളിക്കലൂടെ അവർ നോക്കുന്നത് ദൈവത്തെയല്ല. ബാലറ്റ് പെട്ടിയെയാണ്.

ഭീഷണികൊണ്ട് സാംസ്കാരികനായകരെ അടക്കാമെന്നും അവർ വ്യാമോഹിക്കുന്നു. വിജയൻമാസ്റ്റർ പറഞ്ഞു. 1991 ഡിസംബർ 6 കൊണ്ടുണ്ടായത് പള്ളി പൊളിച്ചു എന്നതാണ്. പള്ളി പൊളിക്കും എന്ന ഭീഷണി അതോടെ ഇല്ലാതായി. അത് ആയുധമല്ലാതെയായി. വെടിയുണ്ട പൊട്ടുന്നത് വരെ അത് ആയുധമാവുകയുള്ളൂ.


വിവേകാനന്ദനെ ഉയർത്തിപ്പിടിച്ച് ഹൈന്ദവതയെ പൊക്കി കാണിക്കാനുള്ള ശ്രമം അവർ ഉപേക്ഷിച്ചു. ഇപ്പോൾ ഹിന്ദുത്വം ദേശീയതയാണ് എന്ന് പറയുന്നു. ഇന്ത്യയിൽ സവർണ്ണഫാസിസത്തെ ഒരു പരിധിവരെ തടഞ്ഞുനിർത്തിയത് ജാതിവ്യവസ്ഥയാണ്. ഇപ്പോഴവർ ഓരോ ജാതിയെയും ഹൈന്ദവദേശീയതയിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു.

(ദേശാഭിമാനി റിപ്പോർട്ട് ചെയ്തത് )



3. ഗാന്ധിജിയെ അഭയാർത്ഥിയാക്കി

(പത്രവാർത്ത)


തലശ്ശേരി ആഗസ്റ്റ് 7 :മഹാത്മാഗാന്ധിയെ ഇന്നത്തെ ഗാന്ധിയന്മാർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അഭയാർത്ഥിയാക്കി മാറ്റിയിരിക്കുന്നുവെന്ന് പ്രൊഫസർ എം.എൻ വിജയൻ പറഞ്ഞു. ഗാന്ധിസത്തെ മ്യൂസിയത്തിലെ പ്രദർശനവസ്തുവാക്കി മാറ്റിയവരാണ് ഗാന്ധിയുടെ ഗുണദോഷങ്ങൾ തുറന്നുപറഞ്ഞ ഇ.എം.എസിനെതിരെ ഇന്ന് പ്രമേയം പാസാക്കുന്നത്. ഈ അവസ്ഥയിൽ നിന്ന് ഗാന്ധിജിയെ മോചിപ്പിക്കുവാൻ ഗാന്ധിജിയുടെ ഗുണദോഷചർച്ചയും എതിർക്കേണ്ട വശങ്ങളെ എതിർക്കലും മാത്രമാണ് ചെയ്യേണ്ടത് എന്ന് എം.എൻ വിജയൻമാസ്റ്റർ പറഞ്ഞു.


ഇ.എം.എസ് എഴുതിയ 'ഗാന്ധിയും ഗാന്ധിസവും' എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പ് സി. കണ്ണന് നൽകി പ്രകാശനം ചെയ്ത ശേഷം പ്രസംഗിക്കുകയായിരുന്നു വിജയൻ മാസ്റ്റർ. കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടിനിടയിൽ ഗാന്ധിജി ഇന്ത്യൻ മനസ്സുകളിൽ എങ്ങനെ രൂപപ്പെട്ടുവെന്നും ഗാന്ധിയന്മാർ എന്ന് അവകാശപ്പെടുന്നവർ എന്തായി തീർന്നിട്ടുണ്ടെന്നുമുള്ളതിന്റെ സാക്ഷ്യമാണ് കഴിഞ്ഞ രണ്ടു മൂന്നാഴ്ചയായി നടക്കുന്ന വിവാദം.ഗാന്ധിജി അവർക്ക് കേട്ടറിവ് മാത്രമാണ്.


ഗാന്ധിജി ഇഷ്ടാനിഷ്ടങ്ങളും എതിർപ്പുകളുമുള്ള ഒരു സാധാരണ പൗരനായിരുന്നു. ഗാന്ധിജിയെ ആരും എതിർത്തു കൂടെന്ന ബോധം ഗാന്ധിസമാണോ? സുഭാഷ് ചന്ദ്രബോസും പിന്നീട് ഏറ്റവും വലിയ ഗാന്ധിസ്റ്റായി അറിയപ്പെട്ട ജയപ്രകാശ് നാരായണനുമാണ് ഗാന്ധിജിയുടെ ശക്തരായ ആദ്യകാല വിമർശകർ എന്ന് ഇന്നത്തെ ഗാന്ധിയന്മാർ മറന്നു. പട്ടാഭി സീതാരാമയ്യ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് തോറ്റപ്പോൾ ഗാന്ധിജി പറഞ്ഞത് അത് തൻ്റെ തോൽവിയാണെന്നാണ്. ജനകീയമായ ഈ അഭിപ്രായം ഇന്നത്തെ ഗാന്ധിമാർ ഓർക്കാറില്ല. മധുരാശി കോൺഗ്രസിൽ വലിയ പ്രശ്നമുണ്ടായപ്പോൾ ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ രാജാജിയെ അബ്രാഹ്മണർ എതിർത്തു. ഈ എതിർപ്പിനെ ക്ലിക്ക് എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ക്ലിക്ക് എന്ന പദം അങ്ങനെയാണ് ആദ്യം വന്നത്. കാമരാജിന്റെ ക്ലിക്കിനെ കുറിച്ച് ഹരിജനിൽ ഗാന്ധിജി എഴുതിയത് ഇന്ന് മറന്നു പോയിരിക്കുന്നു.


ഇങ്ങനെ ഇഷ്ടാനിഷ്ടങ്ങളുള്ള ഗാന്ധിജി തന്റെ തെറ്റുകളെ കുറിച്ച് ഹിമാലയൻ വങ്കത്തങ്ങളെന്ന് ആത്മകഥയിൽ തന്നെ സ്വയം വിമർശനം നടത്തിയിട്ടുണ്ട്. ആ ആർജ്ജവം ഗാന്ധിയന്മാർക്ക് നഷ്ടപ്പെട്ടു.


രണ്ടാം ലോകമഹായുദ്ധം ജയിച്ചു വന്ന ഇൻസ്റ്റന്റ് ചർച്ചിൽ വേണ്ടെന്നു പറഞ്ഞ് ആറ്റ്ലിയെ ബ്രിട്ടീഷുകാർ പ്രധാനമന്ത്രിയാക്കി. ആ ജനാധിപത്യബോധത്തിന്റെ ഒരംശമെങ്കിലും ഇന്ത്യക്കാരിൽ ഇല്ലാതായിപ്പോയി. നന്മയുടെ മൂടുപടം അണിഞ്ഞ് തിന്മ മൂടിവെയ്ക്കുകയും ഉപദേശങ്ങൾ കയറ്റി അയക്കുകയും ചെയ്യുക ഇന്ത്യയുടെ പണ്ടേയുള്ള പതിവാണ്. ഭരണഘടന പൂജിക്കാനുള്ള പുസ്തകമാവുകയും പ്രയോഗിക്കാനുള്ള ആശയം അല്ലാതെയാവുകയും ചെയ്തു. അഹിംസയെക്കുറിച്ച് പറയുകയും ലോകത്തിൽ വച്ച് ഏറ്റവും വലിയ ഹിംസയിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കുകയും ചെയ്തു. ഗാന്ധിജിയെ ശുചീകരണവാരമാക്കുകയും ഗാന്ധിയൻ വിദ്യാഭ്യാസ ഉപകരണമായ ചർക്ക ലേലത്തിൽ വിൽക്കുകയും ചെയ്തു. ചർക്കയുടെ ഉപയോഗം അടുപ്പിലാണെന്ന് പണ്ടേ തെളിയിച്ച പുതിയ ഗാന്ധിയന്മാരാണ് ഇപ്പോൾ ഗാന്ധിജിയുടെ തെറ്റും ശരിയും പറഞ്ഞുമനസ്സിലാക്കുന്നതിന് ഇ.എം.എസിനെ ചീത്ത വിളിക്കുന്നത്.യഥാർത്ഥത്തിൽ ഗാന്ധിയെ സ്വീകരിക്കാനുള്ള മാർഗ്ഗം ഗാന്ധിജിയെ തിരുത്തുകയാണ്. ഒരർത്ഥത്തിൽ എതിർക്കലാണെന്ന് വിജയൻ മാസ്റ്റർ പറഞ്ഞു.

(ദേശാഭിമാനി പത്രം 1994 ആഗസ്റ്റ് 8 )


4.സാറ്റലൈറ്റ് വിദ്യാഭ്യാസകാലത്ത് അധ്യാപകർ എന്തിന്?

(പത്രവാർത്ത)



കോഴിക്കോട്, മെയ് 16:

വളരെ വേഗം ചലിക്കുന്ന, ലോകത്തിനു വേണ്ടി വഴിമാറുന്ന, ലോകത്തിനുവേണ്ടി പിന്തള്ളപ്പെടുന്ന ജനതയായി ഇന്ത്യക്കാർ മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രൊഫസർ എം.എൻ വിജയൻ അഭിപ്രായപ്പെട്ടു.


അനുദിനം കമ്പോളവല്കരിക്കപ്പെടുന്ന ലോകവ്യാവസായികദുഷ്പ്രഭുത്വത്തിന്റെ ഇരയായും ഹൈന്ദവഫാസിസ്റ്റ് മനോഭാവത്തിന്റെ ഇരകളായും നാം സാംസ്കാരികമായി മലിനീകരിക്കപ്പെടുകയാണ്.രണ്ടിനെയും തിരിച്ചറിയുക എന്നതാണ് ഇന്നത്തെ ആവശ്യം. ജീവിതം ഉപഭോഗമാണെന്നും നിർമ്മാണം അല്ലെന്നുമാണ് വ്യവസായിക മുതലാളിത്തം പ്രചരിപ്പിക്കുന്നത്. ബുദ്ധി അപകടമാണെന്ന് മനസ്സിലാക്കിയാൽ ഫാസിസ്റ്റുകൾ കലയെയും സംസ്കാരത്തെയും നശിപ്പിക്കും. ഹിന്ദുത്വം എന്നത് അനേകം ജാതികളുടെ സമാഹാരമാണ്. ജാതിയെ സമാഹരിച്ച് പടനയിക്കാൻ സാധ്യമല്ല എന്നു വരുമ്പോൾ ഹിന്ദുത്വം ഫാസിസത്തെ ഉയർത്തി പിടിക്കും.


യഥാർത്ഥ കലയ്ക്ക് പകരം ഇലക്ട്രോണിക് മീഡിയകൾ നമ്മെ വിഭ്രമലോകത്തേക്ക് നയിക്കുകയാണ്. കലാരൂപങ്ങളെ തുണ്ടം തുണ്ടമായി തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ അവതരിപ്പിക്കുകയാണ് സ്റ്റാർ ടിവി പോലുള്ള മാധ്യമങ്ങൾ ചെയ്യുന്നത്. കല ഉത്പാദിപ്പിക്കുന്ന രസത്തിന്റെ സ്ഥാനത്ത് വിഭ്രമമാണ് അഭികാമ്യമെന്ന് ധരിപ്പിക്കുകയാണ് ആഗോളപരസ്യശൃംഖലകൾ. പതിഞ്ഞ പാട്ടിനും ആട്ടത്തിനും പകരം ദ്രുതഗതിയിലുള്ള വിഭ്രമനൃത്തം പകരംവയ്ക്കുകയാണിവർ ചെയ്യുന്നത് .


നമ്മെ ബുദ്ധിപരമായി നിരായുധരാക്കുകയും ലക്ഷ്യബോധമില്ലാത്ത കൺസ്യൂമർസമുദായം സൃഷ്ടിക്കുകയുമാണ് ഇതിൻ്റെ ലക്ഷ്യം. നിരായുധരായ ജനതയെ എന്തും വാങ്ങിപ്പിക്കാം എന്ന തന്ത്രം ലോകത്തിൽ രൂപപ്പെടുത്തിയിരിക്കുകയാണ്. പാശ്ചാത്യരെപ്പോലും രക്ഷിക്കാത്ത ജീവിതശൈലി ഇവിടെ അടിച്ചേൽപ്പിക്കുകയാണ്.


ഏകലോകം എന്ന ഏകാധിപത്യലോകം ഇന്ന് അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്. നമ്മുടെ തനിമയെ നശിപ്പിച്ച്,പ്രാദേശികസംസ്കാരത്തെ നശിപ്പിച്ച് സാർവ്വലോകസംസ്കാരം കടന്നുവരികയാണ്.വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്ക് പകരം നമ്മുടേതല്ലാത്ത സാർവ്വലൗകികസംസ്കാരം കടന്നുവരികയാണ്. സാറ്റലൈറ്റ് വിദ്യാഭ്യാസവും കമ്മ്യൂണിക്കേഷനും കമ്പ്യൂട്ടറുകളും ഉള്ളപ്പോൾ എന്തിനാണ് അധ്യാപകരും എൻജിഒക്കാരും തപാൽ ജീവനക്കാരും എന്നുവരുന്നു. ഈ ലോകം ആർക്കുവേണ്ടിയാണെന്നും ഭൂമിയുടെ അവകാശികൾ ആരാണെന്നുമുള്ള മൗലികമായ ചോദ്യം ഇവിടെ ഉയരുന്നു.



ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങുന്നവർക്ക് മാത്രമേ ഈ പ്രതിസന്ധി മുറിച്ച് കടക്കാൻ കഴിയൂ.പരാജയം ഏറ്റുവാങ്ങിയവർക്ക് മാത്രമേ ജീവിതവും സംസ്കാരവും നിലനിർത്താൻ കഴിയൂ - വിജയൻ മാസ്റ്റർ പറഞ്ഞു

( ദോശഭിമാനി )


5.ഇനിയീ മനസ്സിൽ മനുഷ്യരില്ലേ

(പത്രവാർത്ത)


ധർമ്മടം, ഫെബ്രുവരി 18: സുകുമാർ അഴീക്കോടിന്റെ നാവരിയുന്നതും സിംഹവാലൻ കുരങ്ങിൻ്റെ കാലരിയുന്നതും തുല്യമായി കാണുന്ന സമദർശികൾ അല്ല പുരോഗമനകലാസാഹിത്യകാരന്മാർ എന്ന് പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന പ്രസിഡൻറ് എം.എൻ വിജയൻ പറഞ്ഞു. പറശ്ശിനിക്കടവ് സ്നേക്പാർക്ക് സംഭവത്തെക്കുറിച്ച് പുരോഗമനസാംസ്കാരികപ്രവർത്തകരുടെ അഭിപ്രായം എന്തെന്ന ചിലരുടെ വെല്ലുവിളിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



ലോക്കപ്പുകളിൽ ജീർണ്ണിക്കുന്ന മൃഗമാംസത്തെക്കുറിച്ച് വിലപിക്കുന്നവർ അതേ ജില്ലയിലെ ലോകകപ്പുകളിൽ ദ്രവിക്കുന്ന മനുഷ്യശരീരത്തെക്കുറിച്ച് ദുഃഖിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിജയൻ മാസ്റ്റർ ചോദിച്ചു.


മനുഷ്യർ മൃഗങ്ങൾക്കായി നിർമ്മിച്ച ലോക്കപ്പാണ് പറശ്ശിനിക്കടവിലെ സ്നേക് പാർക്ക്. പറശിനിക്കടവിലെ ആ ജന്തുക്കൾക്ക് പരിക്കു പറ്റിയപ്പോൾ കവികൾ വിഷാദിച്ചു. പക്ഷേ മനുഷ്യർ മനുഷ്യർക്ക് ഒരുക്കിയ ലോക്കപ്പുകളിൽ ക്രൂരമായ പീഡനം നടക്കുന്നതിൽ അതേ കവികൾ വിഷാദിക്കുന്നില്ല. ഇതെന്തു കൊണ്ടാണെന്ന് സ്വയം മനസ്സിലാക്കേണ്ട ചുമതല അവർക്ക് തന്നെയാണ്.


കവിയുടെ വൈകാരികഭൂപടത്തിൽ നിന്ന് മനുഷ്യർ അപ്രത്യക്ഷമാവുകയും ദേവന്മാരും പ്രകൃതികളും മാത്രം ബാക്കിയാവുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് സുഗതകുമാരി തന്നെയാണ് തിരിച്ചറിയേണ്ടത്. രാമനും കൃഷ്ണനും അമ്പലമണികളും അടങ്ങിയ ദേവലോകവും ഹരിതവിപ്ലവം തുടങ്ങിയവ മാത്രം ഉൾക്കൊള്ളുന്ന പുതിയൊരു രാഷ്ട്രീയലോകവും എന്ന ധ്രുവീകരണത്തിനാണ് ചിലർ താല്പര്യപ്പെടുന്നത്.


ഇതിനിടയിൽ ഈ ലോകത്തെ മുഴുവൻ ലോകമാക്കിത്തീർക്കുന്നത് മനുഷ്യനാണ് എന്നത് മറന്നുപോയിരിക്കുന്നു. കവിയുടെ വൈകാരിക ഭൂപടത്തിലും മനുഷ്യന് സ്ഥാനം നഷ്ടപ്പെടുന്നു. ഇത് പുത്തൻ ധ്രുവീകരണം കാരണമാണ്. കണ്ണനെയും കാളിയനെയും കുറിച്ച് വികാരം കൊള്ളുമ്പോൾ മനുഷ്യനെ കുറിച്ചുള്ള വികാരം താൻ അറിയാതെ എവിടെയോവെച്ച് നഷ്ടപ്പെടുന്നു. തന്റെ കഥയിൽ ഇങ്ങനെയൊരു രൂപാന്തരണം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം.


പറശ്ശിനിക്കടവ് സ്നേക്പാർക്കിൽ മരിച്ചത് സി.പി.എം കാരായ പാമ്പുകൾ അല്ല എന്ന് സുഗതകുമാരി പറയുകയുണ്ടായി. ജനാധിപത്യധ്വംസനവും മർദ്ദനവും നടത്തിയതിനെതിരായ അണപൊട്ടിയ ജനകീയരോഷം മനുഷ്യർക്ക് നേരെ തിരിഞ്ഞില്ല എന്നാണ് അവർ അർത്ഥമാക്കിയിട്ടുണ്ടാവുക. അത് ആശ്വാസകരമല്ലേ - എം.എൻ വിജയൻ മാസ്റ്റർ ചോദിച്ചു.


എവിടെയോവെച്ച് മനുഷ്യത്വം അന്യമായി പോവുകയും അതിൻ്റെ സ്ഥാനത്ത് ദേവത്വവും വന്യത്വവും പ്രതിഷ്ഠിക്കപ്പെടുകയുമാണ് ഇവിടെ. ബോംബെയിലെ കുടിലുകളിൽ മനുഷ്യർ വെന്തുതീർന്നപ്പോഴും ഈ മനോഭാവമാണ് പല കവികൾക്കും ഉണ്ടായിരുന്നത്. എല്ലാ ചർച്ചകളിലും മനുഷ്യത്വത്തെ ഒഴിവാക്കുകയാണ് കുമാരനാശാൻ്റെ പരമ്പരയിൽപ്പെട്ട കവികൾ പോലും. ഇത് ചെയ്യുന്നു എന്നത് അഭിമാനകരമല്ല. കവിതയിൽ പക്ഷിമൃഗാദികൾ നിറഞ്ഞ ഒരു ഭൂഭാഗചിത്രത്തെ കൊണ്ടുവരുമ്പോൾ അതിലേക്ക് മനുഷ്യനെ ഇറക്കിക്കൊണ്ടു വരികയായിരുന്നു ആശാൻ. എന്നാൽ ആ കവി പരമ്പരയിൽപ്പെട്ട ചില കവികൾ ഭൂമിയുടെ ചിത്രപടത്തിൽ നിന്ന് മനുഷ്യനെ നിഷ്കാസനം ചെയ്തു മറ്റെല്ലാറ്റിയും രക്ഷിക്കണമെന്നു തീരുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. കവിക്ക് പ്രിയം ഒന്നുകിൽ ശ്രീകൃഷ്ണനും ദേവദാരുവും കൈലാസവും അല്ലെങ്കിൽ മൃഗങ്ങളും പാമ്പുമൊക്കെയാണ്.എന്നാൽ ഇതെല്ലാം അടങ്ങുന്ന ഭൂമിക്ക് അർത്ഥം കൊടുക്കുന്ന മനുഷ്യൻ്റെ പ്രശ്നങ്ങൾ കവിക്ക് അന്യമാകുന്നു. ഇതാണ് ഇപ്പോഴത്തെ ദുഃഖകരമായ വസ്തുത - എം.എൻ വിജയൻ പറഞ്ഞു.

(ദേശാഭിമാനി, 19.2.1993)

226 views0 comments
bottom of page