വിവര്‍ത്തനം ഡോ. ഷബാന ഹബീബ്
അസിസ്റ്റന്റ് പ്രൊഫസര്‍
സര്‍ക്കാര്‍ വനിതാ കോളേജ് തിരുവനന്തപുരം
പച്ചപ്പുല്ലിന്റെ കെട്ട് ചുമന്നുവന്ന മുലിയയുടെ ഗോതമ്പിന്റെ നിറമുള്ള ശരീരം ചൂട് കാരണം ചുവന്നു തുടുത്തിരുന്നു. നിറഞ്ഞ കണ്ണുകളിൽ സംശയം നിഴലിച്ചിരുന്നു. അവളുടെ ചുവന്നു തുടുത്ത മുഖം കണ്ടു മഹാവീർ ചോദിച്ചു-
“ എന്തുപറ്റി മുലിയാ? ഇന്നെങ്ങനെയുണ്ടായിരുന്നു?”.
മുലിയ ഒന്നും പറഞ്ഞില്ല. നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ട് മഹാവീർ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു - എന്തുപറ്റി? എന്താ നീയൊന്നും പറയാത്തത്? ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? അമ്മ വഴക്ക് പറഞ്ഞോ? എന്താ ഇത്രയ്ക്കു വിഷമിച്ചിരിക്കുന്നത്?
മുലിയ സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു- “ഒന്നുമില്ല? എനിക്ക് എന്ത് പറ്റാൻ ? ഒരു പ്രശ്നവുമില്ല? മഹാവീർ മുലിയയെ അടിമുടി ഒന്ന് നോക്കി- “ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിലൊതുക്കി കരഞ്ഞു തീർക്കാൻ ആണോ പരിപാടി ? തുറന്നു പറയില്ലേ?” മുലിയ വിഷയം മാറ്റി - “എന്തെങ്കിലുമുണ്ടെങ്കിലല്ലേ പറയേണ്ടതുള്ളൂ മഹാവീര്‍”.
മുലിയ ആ ഊഷരഭൂമിയിലെ റോസാപ്പൂവാണ്. ഗോതമ്പിന്റെനിറം, മാൻമിഴികൾ, നീണ്ട താടി, ചുവന്ന കവിൾത്തടം, വിടർന്ന കൺപീലികൾ, കണ്ണുകളിൽ വിചിത്രമായ ആർദ്രത, അതിൽ ഒളിച്ചിരിക്കുന്ന വേദന. നിശ്ശബ്ദവേദനയുടെ നനുത്ത സ്പന്ദനം അവളിൽ നിഴലിച്ചു നിന്നു. ഈ ചെരുപ്പുകുത്തിയുടെ വീട്ടിൽ അപ്സരസ് എങ്ങനെ വന്നുവെന്നറിയില്ല. ഇങ്ങനെ വെയിലും ചൂടുമേറ്റ് പാഴാക്കി തീര്‍ക്കാനുള്ളതാണോ അവളുടെ സൗന്ദര്യം?
ആ നാട്ടില്‍ അവളുടെ സ്നേഹത്തിനും ഒരു നോട്ടത്തിനുമായി കൊതിക്കുന്നവരും അവളുടെ വായിൽ നിന്നും വീഴുന്ന വാക്കിനായി കാതോർക്കുന്നവരും ഉണ്ടായിരുന്നു. അവളിവിടെ വന്നിട്ട് ഒരു വർഷത്തിലധികമായി. എന്നാല്‍, അവൾ ഏതെങ്കിലും ചെറുപ്പക്കാരോട് സംസാരിക്കുന്നതായോ അവരെ നോക്കുന്നതായോ ആരും കണ്ടിട്ടില്ല. അവൾ പുൽക്കെട്ടും തലയിലേന്തി നടക്കുന്നതു കണ്ടാൽ പ്രഭാതപ്രകാശം പൊന്നിൻ വർണ്ണത്തിൽ പൊതിഞ്ഞ തന്റെ പ്രഭ ചൊരിയുകയാണോ എന്നു തോന്നും. അവളെ കാണുമ്പോൾ ചിലർ പാട്ടുപാടും, ചിലരുടെ ഹൃദയം പിടയ്ക്കും പക്ഷേ അവളിതൊന്നുo ശ്രദ്ധിക്കാതെ കൂമ്പിയ കണ്ണുമായി നടന്നു നീങ്ങും. ഇതു കാണുമ്പോൾ ആളുകൾ പറയും ഇവൾക്കിത്ര അഹംഭാവമോ ! മഹാവീറിന് എന്ത് പ്രത്യേകതയാണുള്ളത്? അത്ര സുന്ദരനൊന്നുമല്ലല്ലോ? ഇവളെങ്ങനെ അവന്റെ കൂടെ കഴിയുന്നു ! എന്നൊക്കെ.
പക്ഷേ ഇന്നു നടന്ന കാര്യം തന്റെ ജാതിയിൽപ്പെട്ട സ്ത്രീയെ സംബന്ധിച്ചിടത്തോളം രഹസ്യ സന്ദേശം നൽകുന്ന ഒന്നായിരുന്നു. പക്ഷേ മുലിയയെ സംബന്ധിച്ചിടത്തോളം അത് അവളുടെ ഹൃദയത്തിനേറ്റ ആഘാതമായിരുന്നു. പ്രഭാത സമയം, കാറ്റ്, പൂത്തമാവിന്റെ ഗന്ധത്തിൻ ലഹരിയിലായിരുന്നു. ആകാശം, ഭൂമിയിൽ സ്വർണ്ണമഴ പെയ്യിക്കുകയായിരുന്നു. മുലിയ തലയിൽ കുട്ടയുമേന്തി പുല്ലു ചെത്താൻ തുടങ്ങി. അപ്പോൾ അവളുടെ ഗോതമ്പിന്റെ നിറമുള്ള ശരീരം പ്രഭാതത്തിന്റെ സുവർണ്ണ കിരണ സ്പർശനത്താൽ ശുദ്ധമായ സ്വർണ്ണം പോലെ തിളങ്ങി. അപ്പോഴാണ് ചൈൻസിംങ് എന്ന ചെറുപ്പക്കാരൻ അതുവഴി വരുന്നത് അവള്‍ കണ്ടത്. അയാളുടെ നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ അവൾ ആഗ്രഹിച്ചു. പക്ഷേ അപ്പോഴേക്കും അയാൾ അവളുടെ കയ്യിൽ കടന്നു പിടിച്ചു കൊണ്ട് പറഞ്ഞു - "മുലിയാ, നിനക്ക് എന്നോട് ഒട്ടും ദയ തോന്നുന്നില്ലേ ?". മുലിയയുടെ പൂപോലെ വിടർന്ന മുഖം തീപോലെ ജ്വലിച്ചു. അവൾ തെല്ലും ഭയപ്പെട്ടില്ല, തെല്ലും സങ്കോചപ്പെട്ടതുമില്ല. കുട്ട തറയിൽ ഇട്ടു കൊണ്ട് അവള്‍ നിലവിളിച്ചു - 'എന്നെ വിടൂ , അല്ലെങ്കിൽ ഞാൻ ബഹളം " .
ജീവിതത്തിലാദ്യമായാണ് ചൈൻസിങിന് ഇത്തരം ഒരനുഭവം ഉണ്ടാകുന്നത്. താഴ്ന്ന ജാതിയിൽപ്പെട്ട സുന്ദരിയായ സ്ത്രീകൾ ഉയർന്ന ജാതിക്കാരുടെ കയ്യിലെ കളിപ്പാവകളായിരുന്നു ഇതുവരെ . അതല്ലാതെ അവർക്ക് യാതൊരു സ്ഥാനവും നൽകിയിരുന്നില്ല. എത്രയോ സ്ത്രീകളെ അയാൾ തന്റെ വരുതിയിൽ ആക്കിയിട്ടുണ്ട്. ഇന്ന് മുലിയയുടെ മുഖത്തെ ഭാവമാറ്റം, അവളുടെ ദേഷ്യം, സ്വാഭിമാനം ഇതൊക്കെ കണ്ട് അയാൾ എന്തു ചെയ്യണമെന്നറിയാതെ നിന്നു. പിന്നെ ലജ്ജിച്ച് അവളുടെ കൈവിട്ടു. മുലിയ പെട്ടെന്ന് നടന്നു നീങ്ങി. അയാളെ നേരിട്ടപ്പോൾ ഉണ്ടായ വേദനയേക്കാൾ തന്റെ അഭിമാനത്തിനേറ്റ ക്ഷതം ഹൃദയത്തെ കീറിമുറിക്കുന്നതു പോലെ അവള്‍ക്കു തോന്നി. കുറച്ചു ദൂരം ചെന്നപ്പോൾ അപമാനവും ദേഷ്യവും പേടിയും നിസ്സഹായാവസ്ഥയും കാരണം മുലിയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീരിനെ പിടിച്ചു നിർത്താനുള്ള അവളുടെ ശ്രമം പരാജയപ്പെട്ടു . അവൾ ഏങ്ങലടിച്ച് കരയാൻ തുടങ്ങി. പാവപ്പെട്ടവൾ അല്ലായിരിന്നെങ്കിൽ തന്നെ ഇങ്ങനെ അപമാനിക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? കരഞ്ഞു കൊണ്ടവൾ പുല്ലു ചെത്തിക്കൊണ്ടേയിരുന്നു. മഹാവീറിന്റെ ദേഷ്യം അയാൾക്കറിയാം. അദ്ദേഹത്തോട് പറഞ്ഞാൽ ചൈൻസിംങ്ങിനെ കൊല്ലാൻപോലും മടിക്കില്ല. പിന്നെ എന്താകും സംഭവിക്കുക? ഇതാലോചിച്ച് അവൾ കരച്ചിൽ നിർത്തി. അതുകൊണ്ടവൾ മഹാവീറിന്റെ ചോദ്യങ്ങൾക്കൊന്നും തന്നെ മറുപടി നൽകിയില്ല.
അടുത്ത ദിവസം മുലിയ പുല്ലു ചെത്താൻ പോയില്ല .നീയെന്താ പോകാത്തത്? എല്ലാവരും പോയിക്കഴിഞ്ഞല്ലോ? അമ്മായി അമ്മ പറഞ്ഞു. ഞാനൊറ്റയ്ക്ക് പോകില്ലെന്നു മുലിയ . അവള്‍ തല കുനിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു - ‘പലരും എന്നെ ഉപദ്രവിക്കാനും അപമാനിക്കാനും ശ്രമിക്കുന്നു’.
നീ മറ്റുള്ളവരോടൊപ്പം പോവില്ല, ഒറ്റയ്ക്കും പോവില്ല , പിന്നെന്തു ചെയ്യും ? എന്നു ചോദിച്ച് അമ്മായിയമ്മ വഴക്ക് പറഞ്ഞു കൊണ്ടേയിരുന്നു.
ഞാൻ പോകില്ലാ എന്ന് തുറന്നു പറയാത്തതെന്താ?
ഇവിടെ എന്റെ വീട്ടിൽ റാണിയെപ്പോലെ കഴിയാമെന്ന് വിചാരിക്കണ്ട. . തൊലിവെളുപ്പുണ്ടെന്ന് കരുതി പണിയെടുക്കാതിരിക്കാം എന്നു നീ കരുതണ്ട.. നീ ഭയങ്കര സുന്ദരിയാണെന്ന് കരുതി സൗന്ദര്യം പുഴുങ്ങിത്തിന്നാൻ പറ്റില്ലല്ലോ? എഴുന്നേൽക്ക്, കുട്ടയെടുത്ത് വേഗം പുല്ല് പറിച്ചു കൊണ്ടു വാ!
പുറത്ത് വേപ്പിൻ മരത്തണലിൽ കുതിരയെ തടവിക്കൊണ്ടിരിക്കുകയായിരുന്ന മഹാവീർ കരഞ്ഞുകൊണ്ടു പോവുന്ന മുലിയയെയാണ് കണ്ടത്. പക്ഷേ അവളോട് ഒന്നും ചോദിച്ചില്ല. മുലിയയെ തന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് റാണിയായി വാഴിക്കണമെന്നാണ് അയാളുടെ ആഗ്രഹം. പക്ഷേ എന്തു ചെയ്യാൻ ഒന്നിനും പറ്റാത്ത സ്ഥിതിയാണ്. അതിനു കഴിയുമായിരുന്നെങ്കിൽ അവളെ ഒരു കുറവും കൂടാതെ നന്നായി നോക്കിയേനേ…. . ഇപ്പോൾ കുതിരയെ തീറ്റിപ്പോറ്റേണ്ടതും ആവശ്യമാണ്. പുല്ല് പുറത്തു നിന്നു വാങ്ങിയാൽ ദിവസവും പന്ത്രണ്ട് അണയിൽ കുറയാതെ ചെലവു വരും. അത്ര തന്നെ ബുദ്ധിമുട്ടേണ്ടിയും വരും. വളരെ കഷ്ടപ്പെട്ടാണ് ഇപ്പോൾ ഒന്നര രൂപ സമ്പാദിക്കുന്നത്. അതും ചിലപ്പോൾ കിട്ടും ചിലപ്പോൾ ഇല്ല. എന്നാണോ ഈ നശിച്ച ലോറി ഓടിത്തുടങ്ങിയത് അന്നു മുതൽ കുതിരവണ്ടിക്കാരുടെ കഷ്ടകാലം തുടങ്ങി. ഞങ്ങൾക്ക് ആരും ചോദിക്കാനും പറയാനും ഇല്ലല്ലോ. പലിശക്കാരനിൽ നിന്നും നൂറ്റമ്പത് രൂപ കടം വാങ്ങിയാണ് വണ്ടിയും കുതിരയും വാങ്ങിയത്. പക്ഷേ ലോറിക്ക്മുൻപിൽ കുതിരവണ്ടി ആർക്കു വേണം. പലിശ പോലും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. മുതലിന്റെ കാര്യം പറയാനുണ്ടോ? എന്നാലും ഞാൻ മുലിയയോടു പറയും നിനക്ക് താത്പര്യമില്ലെങ്കിൽ പുല്ലു ചെത്താൻ പോകണ്ടാന്ന് . ഞാൻ ചെയ്തോളാം എന്ന്. ആ സ്നേഹത്തിനുമുന്നിൽ പരാജിതയായി മുലിയ ചോദിക്കും ഞാൻ പോയില്ലെങ്കിൽ പിന്നെ കുതിരയ്ക്ക് എന്തു കൊടുക്കും ?
ഇന്നവൾ എന്നും പോകുന്ന വഴി ഉപേക്ഷിച്ച് വയലുകൾക്കിടയിലൂടെ നടന്നു. ശ്രദ്ധയോടെ ഇടയ്ക്കിടയ്ക്ക് നാലുപാടും കണ്ണോടിച്ചു. ഇരുവശത്തും കരിമ്പിൻപാടങ്ങളായിരുന്നു. എവിടെയെങ്കിലും ചെറിയൊരു അനക്കം കേട്ടാൽ ആരെങ്കിലും കരിമ്പിൻ കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്നു എന്ന് ചിന്തിച്ച് അവൾ സ്തംഭിച്ചുനില്‍ക്കും. അന്നും പുതിയതായി ഒന്നും സംഭവിച്ചില്ല. കരിമ്പിൻതോട്ടം കടന്ന് മാവിൻതോട്ടം കടന്ന് നനച്ചു കൊണ്ടിരിക്കുന്ന വയലുകൾ കണ്ടുതുടങ്ങി .ദൂരെയുള്ള കിണറിൽ നിന്നും പാള ഉപയോഗിച്ച് വെള്ളം കോരി പാടത്തേക്ക് ഒഴുക്കുകയായിരുന്നു. പാടത്തിന്റെ വരമ്പുകളിൽ പച്ചപ്പുല്ല് നിറഞ്ഞു നിന്നു. മുലിയ വെപ്രാളപ്പെട്ടു. അര മണിക്കൂർ കൊണ്ട് എത്രത്തോളം പുല്ലു ചെത്താൻ കഴിയും ; അത്രയും പുല്ല് ഉണങ്ങിയ നിലത്ത് ചെത്താൻ പറ്റില്ല. ഇവിടെ പുല്ലു ചെത്തിയാൽ ആരു കാണാനാണ്.ആരെങ്കിലും വിളിച്ചാൽ ഓടിപ്പോകാം. അവൾ അവിടെ ഇരുന്ന് പുല്ലു ചെത്താൻ തുടങ്ങി. ഒരു മണിക്കൂർ കൊണ്ട് അവളുടെ കൂട പകുതിയിൽ കൂടുതൽ നിറഞ്ഞു . അവൾ തന്റെ ജോലിയിൽ അത്രയധികം മുഴുകിയിരുന്നതു കൊണ്ട് ചൈൻസിംങ് വന്നത് അറിഞ്ഞില്ല. പെട്ടെന്ന് കാൽപെരുമാറ്റം കേട്ട് അവൾ തല ഉയർത്തി നോക്കി. മുന്നിൽ ചൈൻസിംങ് . മുലിയയുടെ ഹൃദയമിടിക്കാൻ തുടങ്ങി. കൂടയിലുള്ള പുല്ല് തറയിൽ തട്ടി ഒഴിഞ്ഞ കൂടയുമായി ഓടി പോകാനാണ് ആദ്യം അവളുടെ മനസ്സിൽ തോന്നിയത് . ചൈൻസിംങ് ഒരടി ദൂരെ മാറി നിന്ന് അവളെ തടഞ്ഞുകൊണ്ട് പറഞ്ഞു - ഈശ്വരനെ ഓർത്തു നീ ഭയപ്പെടേണ്ട . ഇതെന്റെ പാടമാണ്. നിനക്ക് എത്ര പുല്ലു വേണമെങ്കിലും ചെത്താം. ഞാനൊന്നും പറയില്ല. മുലിയയുടെ കൈകൾ മരവിച്ചു. കൈവാൾ കൈകളിൽ ഉടക്കി. പുല്ല് കാണുവാൻ പറ്റുന്നില്ല. ഭൂമി പിളർന്ന് അതിലേക്ക് പോയെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. തലകറങ്ങുന്നതുപോലെ തോന്നി. ചൈൻ സിംങ് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു -ഞാൻ ഒന്നും പറഞ്ഞില്ലല്ലോ? എല്ലാ ദിവസവും നീ ഇവിടെ വരൂ . ഞാൻ പുല്ലു ചെത്തി തരാം. മുലിയ ചിത്രത്തില്ലെന്ന പോലെ അവിടെ ഇരുന്നു.
ചൈൻസിംഗ് അല്പംകൂടി മുന്നോട്ടുവന്ന് അവളോട് പറഞ്ഞു - നീ എന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത് ?ഞാൻ ഇന്നും നിന്നെ ഉപദ്രവിക്കാൻ വന്നതാണെന്നാണോ വിചാരിച്ചത് ?
ഇന്നലെ ഞാൻ നിന്നെ ഉപദ്രവിക്കണം എന്നു വിചാരിച്ചല്ല കൈയ്ക്ക് പിടിച്ചത്. സത്യം എന്താണെന്ന് ദൈവത്തിന് അറിയാം .നിന്നെ കണ്ടപ്പോൾ അറിയാതെ കൈകൾ ഉയർന്നു പോയതാണ് .ഞാൻ എന്താണ് ചെയ്യുന്നത് എന്ന ബോധം എനിക്ക് ഉണ്ടായിരുന്നില്ല. നീ പോയി കഴിഞ്ഞ് മണിക്കൂറുകളോളം ഞാൻ അവിടെ ഇരുന്നു കരഞ്ഞു .കൈ മുറിച്ചു കളയാൻ ആണ് തോന്നിയത് .പിന്നെ തോന്നി വിഷം കഴിച്ചാലോ എന്ന് . ആ സമയം മുതൽ ഞാൻ നിന്നെ തിരയുകയാണ് .നീ ഇന്ന് ഈ വഴിയെ വന്നു. എല്ലായിടത്തും നിന്നെ തിരഞ്ഞ ശേഷമാണ് ഞാൻ ഇവിടെ വന്നത്. എന്ത് ശിക്ഷ നൽകിയാലും ഞാനത് സ്വീകരിച്ചു കൊള്ളാം. നീ എന്റെ തല വെട്ടിയാലും ഞാൻ തടയില്ല. ഞാൻ കാമഭ്രാന്തനാണ് ,വൃത്തികെട്ടവനാണ് പക്ഷേ നിന്നെക്കണ്ട അന്നുമുതൽ എന്റെ സ്വഭാവം തന്നെ മാറി. ഇപ്പോൾ എന്റെ മനസ്സിൽ ഒന്നു മാത്രമേ ഉള്ളൂ ഞാൻ നിന്റെ നായ ആയിരുന്നെങ്കിൽ വാലാട്ടി നിന്റെ പുറകേ നടക്കാമായിരുന്നു. നിന്റെ കുതിര ആയിരുന്നെങ്കിൽ നീ നിന്റെ കൈകൾകൊണ്ട് എന്റെ മുന്നിലേക്ക് പുല്ല് ഇട്ടു തരുമായിരുന്നു എന്ന്. എങ്ങിനെയെങ്കിലും ഞാൻ നിന്നെ സഹായിക്കണമെന്നാണ് ആഗഹിക്കുന്നത്. ഒരു മന:സ്താപവുമില്ലാതെ ഞാൻ പറയുകയാണ് എന്റെ ഈ യൗവനം കൊണ്ട് നിനക്ക് പ്രയോജനമൊന്നും ഉണ്ടായില്ലെങ്കിൽ ഈ തെറ്റുകൾ ഞാൻ വീണ്ടും ആവർത്തിച്ചെന്നിരിക്കും. നിന്നപ്പോലൊരു ദേവിയെ ഭാര്യയായി കിട്ടിയതിന് മഹവീർ ഭാഗ്യവാൻ തന്നെയാണ്. മുലിയ ഒന്നും മിണ്ടാതെ എല്ലാം കേട്ടു നിന്നു. പിന്നെ തലതാഴ്ത്തി നിഷ്കളങ്കമായി ചോദിച്ചു - ഞാനെന്തു ചെയ്യണമെന്നാ നീ പറയുന്നത്?
ചൈൻസിംങ് അൽപം കൂടി അടുത്തേക്കു വന്നിട്ടു പറഞ്ഞു - എനിക്ക് നിന്റെ ദയ മാത്രം മതി.
മുലിയ തല ഉയർത്തി അയാളെ നോക്കി. അവളുടെ ലജ്ജ എവിടെപ്പോയി എന്നറിയില്ല. അല്‍പ്പം കര്‍ക്കശത്തോടെ അവള്‍ ചോദിച്ചു - ഞാനൊരു കാര്യം ചോദിച്ചാൽ മറ്റൊന്നും വിചാരിക്കരുത്. നിങ്ങളുടെ വിവാഹം കഴിഞ്ഞതാണോ?
ചൈൻസിംങ് പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു - വിവാഹം കഴിഞ്ഞു, വിവാഹം എന്നു പറയുന്നത് ഒരു കളിയല്ലേ.
മുലിയയുടെ ചുണ്ടുകളിൽ പരിഹാസം നിറഞ്ഞു . അവൾ തുടർന്നു - " എന്റെ ഭർത്താവ് നിന്റെ ഭാര്യയോട് ഇങ്ങനെ സംസാരിച്ചാൽ നിങ്ങൾക്ക് എന്തു തോന്നും? നീ അവന്റെ കഴുത്തറുക്കാൻ മുതിരുമോ? ഇല്ലേ? പറയൂ! നീയെന്താ വിചാരിച്ചത് മഹാവീർ ചെരുപ്പുകുത്തി ആയതു കൊണ്ട് അവന്റെ സിരകളിൽ രക്തമല്ല ഓടുന്നത് എന്നാണോ ? അദ്ദേഹത്തിന് നാണവും മാനവും ഇല്ലെന്നാണോ നീ വിചാരിച്ചത്. നിനക്ക് നാണമില്ലേ? സ്വന്തം അഭിമാനത്തെക്കുറിച്ച് ചിന്തയില്ലേ? എന്റെ സൗന്ദര്യം നിന്നെ മത്ത് പിടിപ്പിക്കുന്നല്ലേ? എന്നെക്കാളും സുന്ദരിയായ സ്ത്രീകൾ പുഴക്കരയില്‍ വരാറില്ലേ? എന്നെ അവരുമായി താരതമ്യപ്പെടുത്താൻപോലും കഴിയില്ല. നിങ്ങൾ അവരിൽ ആരോടെങ്കിലും ദയ യാചിക്കാത്തതെന്താ ! എന്താ അവരുടെ പക്കൽ ദയയില്ലേ?
പക്ഷേ നീ അവിടെ പോകില്ല. അങ്ങോട്ടു പോകാനുള്ള ധൈര്യം നിനക്കുണ്ടാവില്ല . ഞാൻ താഴ്ന്ന ജാതിയിൽപ്പെട്ടവളായതു കൊണ്ടാണല്ലോ നീ എന്നോട് ദയ യാചിച്ചത്. താഴ്ന്ന ജാതിക്കാരി സ്ത്രീകൾ നിങ്ങളൊന്നു പേടിപ്പിച്ചാലോ ഭീഷണിപ്പെടുത്തിയാലോ നിങ്ങളുടെ വഴിക്കു വരും എന്നൊരു ബാലിശമായ ചിന്ത നിങ്ങൾക്കുണ്ട്. എന്തൊരു തരംതാഴ്ന്ന ചിന്തയാണ്. ഉയർന്ന ജാതിക്കാർ എങ്ങനെ ഇത്തരം തരംതാഴ്ന്ന രീതികൾ ഉപേക്ഷിക്കും അല്ലേ?
ഇതു കേട്ട് നാണംകെട്ട് ചൈൻസിംങ് പറഞ്ഞു - “അങ്ങനെയൊന്നുമല്ല മുലിയാ , താഴ്ന്ന ജാതിയെന്നോ ഉയർന്ന ജാതിയെന്നോ ഉള്ള വ്യത്യാസമൊന്നും ഇല്ല . എല്ലാവരും തുല്യരാണ്. ഞാൻ എന്നെത്തന്നെ നിൻ്റെ കാൽക്കൽ സമർപ്പിക്കാൻ തയ്യാറാണ്”.
മുലിയ തുടർന്നു - " എനിക്കൊന്നും ചെയ്യാൻ കഴിയില്ലാ എന്ന് വിചാരിച്ചല്ലേ നീ ഇങ്ങനെയൊക്കെ പറയുന്നത്, പോയി ഏതെങ്കിലും ക്ഷത്രിയ സ്ത്രീയുടെ കാൽക്കൽ നിന്നെ സമർപ്പിക്ക്. അപ്പോൾ അറിയാം എന്ത് പ്രതിഫലമാണ് കിട്ടുന്നതെന്ന്. പിന്നെ നിന്റെ കഴുത്തിനു മുകളിൽ തല ഉണ്ടാവില്ല.
ഭൂമി പിളർന്ന് താഴെ പോയെങ്കിൽ എന്ന് ചൈൻസിങിന് തോന്നി. മാസങ്ങളോളം അസുഖം ബാധിച്ചു കിടന്ന ആളിന്റെ മുഖംപോലെ അയാളുടെ മുഖം വിളറി വെളുത്തു . ഒന്നും പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. മുലിയ ഇത്രയ്ക്ക് വാചാലയാണെന്ന് അയാൾക്ക് അറിയില്ലായിരുന്നു.
മുലിയ തുടർന്നു - “ഞാൻ എന്നും ചന്തയിൽ പോകുന്നവളാണ്. അതു കൊണ്ട് തന്നെ വലിയ വലിയ വീടുകളിൽ നടക്കുന്ന കാര്യങ്ങൾ എനിക്കറിയാം. അരമന രഹസ്യം അങ്ങാടിപ്പാട്ടാണ്. സമ്പന്നനോ , വണ്ടിക്കാരനോ, വെള്ളം കോരുന്നവനോ, പണ്ഡിതനോ, പുരോഹിതനോആയി രഹസ്യബന്ധം സ്ഥാപിക്കാത്ത ഒരു വലിയ വീടിന്റെ പേരു പറയാമോ? ഇതെല്ലാം വലിയ വീട്ടിലെ ആളുകളുടെ ലീലാവിലാസമാണ്. വലിയ വീട്ടിലെ പെണ്ണുങ്ങൾ എന്തു ചെയ്താലും അതെല്ലാം ശരിയാണ് . അവിടത്തെ ഗൃഹനാഥന്മാരെല്ലാം ചെരുപ്പുകുത്തിസ്ത്രീകളുമായോ, വീട്ടുജോലിക്കുവരുന്ന സ്ത്രീകളുമായോ രഹസ്യ ബന്ധത്തിലേർപ്പെടുന്നവരാണ്. അവർ തമ്മിൽ പല കൊടുക്കൽ വാങ്ങലുകളും നടത്തും. പാവപ്പെട്ടവന് ഇതൊക്കെ ചിന്തിക്കാൻ പോലും കഴിയില്ല. എന്റെ ഭർത്താവിനെ സംബന്ധിച്ചിടത്തോളം ഈ ലോകത്ത് അദ്ദേഹം ഏറ്റവും വിലമതിക്കുന്നത് എന്നെയാണ്. മറ്റൊരു സ്ത്രീയെക്കുറിച്ച് അദ്ദേഹം ചിന്തിക്കപോലുമില്ല . നിര്‍ഭാഗ്യവശാല്‍ എനിക്കല്പം സൗന്ദര്യം കൂടിപ്പോയി. പക്ഷേ, ഞാൻ കറുത്ത നിറമുള്ളവളായിരുന്നെങ്കില്‍ പോലും അദ്ദേഹം ഇതുപോലെ തന്നെ എന്നെ സ്നേഹിക്കും. അതെനിക്ക് ഉറപ്പാണ്. ഞാനൊരു ചെരുപ്പുകുത്തി ജാതിയിൽപെട്ടവളാണ്. എന്നിരുന്നാലും വിശ്വാസവഞ്ചന കാണിക്കുന്ന നീചസ്വഭാവക്കാരിയല്ല. അദ്ദേഹം എന്നെ എത്രകണ്ട് സ്നേഹിക്കുന്നുവോ ഞാനും അത്ര തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്നു. നീ എന്റെ സൗന്ദര്യത്തിൽ മദോന്മത്തനാണല്ലേ! ചിക്കൻപോക്സ് വന്ന് ഞാൻ ഒറ്റക്കണ്ണി ആയിരുന്നെങ്കിൽ നിങ്ങൾ എന്നെ നോക്കുക പോലുമില്ല . ഞാൻ പറയുന്നത് കള്ളമാണോ ? പറയൂ …..
ചൈൻസിംഗിന് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല .
മുലിയ അതേ വീറോടെ തന്നെ തുടർന്നു - പക്ഷേ ഒന്നല്ല എന്റെ രണ്ട് കണ്ണും ഇല്ലാതായാലും അദ്ദേഹം എന്നെ ഇപ്പോൾ നോക്കുന്നതുപോലെ തന്നെ നോക്കും. എന്നെ പൊന്നുപോലെ നോക്കുന്ന മനുഷ്യനെ ഞാൻ വഞ്ചിക്കാനോ? നിങ്ങൾ ഇവിടെ നിന്നു പോകൂ. ഇനി ഒരിക്കലും എന്റെ പുറകേ നടക്കരുത്. അത് നിനക്ക് നല്ലതാവില്ല .
ചെറുപ്പം ഒരു ആവേശമാണ്, ബലമാണ്, സാഹസമാണ്, ആത്മവിശ്വാസമാണ്, മഹത്തരമാണ്. ഇതെല്ലാം ജീവിതത്തെ നിർമ്മലവും ഉജ്ജ്വലവും പൂർണ്ണവുമാക്കിത്തീർക്കുന്നു. ചെറുപ്പത്തിന്റെ ആവേശം അഹങ്കാരമാണ് , സ്വാർത്ഥതയാണ്, നിർദയമാണ്, പൊങ്ങച്ചമാണ്, ഇന്ദ്രിയ സുഖം നൽകുന്നതാണ്, ക്രൂരത നിറഞ്ഞതുമാണ്. ഇതെല്ലാം ജീവിതത്തെ മൃഗീയമാക്കും. കാമം മനുഷ്യനെ അധോഗതിയിലെത്തിക്കും. ചൈൻസിംങിന് യുവത്വത്തിന്റെ ലഹരി തലയ്ക്കു പിടിച്ചതാണ്. മുലിയയുടെ സ്വച്ഛമായ വാക്കുകൾ അയാളുടെ ഉന്മാദത്തെ ഇല്ലാതാക്കി. തിളയ്ക്കുന്ന ശർക്കരപ്പാവിൽ വെള്ളത്തുള്ളി വീഴുമ്പോൾ പത അതിൽ അലിഞ്ഞില്ലാതായി അഴുക്കു മുഴുവൻ തെളിയും. അങ്ങനെ നിർമ്മലവും ശുദ്ധവുമായ പാനീയമായിത്തീരുന്നു. അതുപോലെ ചൈൻസിംഗിൽ യുവത്വത്തിന്റെ ലഹരി മാറി , യുവത്വം മാത്രം ബാക്കിയായി. കാമിനിയുടെ വാക്കുകൾ അത്ര വേഗത്തിലാണ് അയാളുടെ അഹങ്കാരത്തേയും വിശ്വാസത്തേയും തച്ചുടച്ചത്. അത്രയും വേഗത്തിൽ തന്നെ അയാൾക്കതിൽ നിന്നു മോചനവും ലഭിച്ചു.
അന്നു മുതൽ ചൈൻസിംങ് ഒരു പുതിയ മനുഷ്യനായി മാറി. മൂക്കിൻ തുമ്പത്തായിരുന്നു ദേഷ്യം, ചെറിയ കാര്യങ്ങൾക്കുപോലും തൊഴിലാളികളെ ചീത്ത പറയും, വഴക്കു പറയുന്നതും തല്ലുന്നതും അദ്ദേഹത്തിന്റെ ശീലമായിരുന്നു. അയാളെ കാണുമ്പോൾതന്നെ കൃഷിക്കാരുടെ മുട്ട് വിറയ്ക്കും. അയാൾ വരുന്നതു ദൂരെ നിന്നു കാണുമ്പോൾ തൊഴിലാളികൾ ചെയ്യുന്ന പണി വേഗത്തിലാക്കാൻ ശ്രമിക്കും. അയാൾ പുറം തിരിഞ്ഞു നിന്ന് ഹുക്ക വലിക്കുമ്പോഴാണ് ജോലിക്കാർക്ക് അൽപം ആശ്വാസം കിട്ടുന്നത്. എല്ലാവരും മനസ്സിൽ അയാളെ ശപിക്കും, ചീത്ത പറയും. എന്നാല്‍ അന്നുമുതൽ ചൈൻസിംങ് വളരെ ദയാലുവും സ്വാഭിമാനിയും, സഹനശീലമുളളവനുമായി മാറി . അതു കണ്ട് മറ്റുള്ളവർ ആശ്ചര്യപ്പെട്ടു.
ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം സന്ധ്യാ നേരത്ത് ചൈൻസിംങ് തന്റെ കൃഷിസ്ഥലത്തേക്ക് പോയി. അവിടെ ചിലർ പാള കോട്ടി വെള്ളം പാടത്തേക്ക് ഒഴുക്കി വിടുന്നത് കാണാമായിരുന്നു. ഒരിടത്ത് ബണ്ട് മുറിഞ്ഞ് മുഴുവൻ വെള്ളവും ഒഴുകിപ്പോകുന്നുണ്ടായിരുന്നു. പാടത്തേക്ക് വെള്ളം എത്തുന്നുണ്ടായിരുന്നില്ല. ചാലു കീറി വെള്ളം പാടത്തേക്ക് ഒഴിക്കിവിടുന്ന പണി ചെയ്യുന്ന വൃദ്ധ ഇതൊന്നും അറിയാതെ മിണ്ടാതിരിക്കുകയായിരുന്നു. വെള്ളം എന്തുകൊണ്ടാണ് പാടത്തേക്ക് എത്താത്തതെന്ന് അവർ ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. ഇത്കണ്ടപ്പോള്‍ ചൈൻസിംങിന് ആദ്യം ദേഷ്യം വന്നു. മുൻപായിരുന്നെങ്കിൽ ഇതു ചെയ്യുന്നയാളിന് കൂലി കൊടുക്കില്ലായിരുന്നു. പക്ഷേ ഇന്നയാൾ അവരോട് ദേഷ്യപ്പെട്ടില്ല . പകരം ചാലു കീറി വെള്ളം പാടത്തേക്ക് ഒഴുക്കി വിട്ട ശേഷം വൃദ്ധയോടായി പറഞ്ഞു -
‘നിങ്ങളിവിടെ ഉണ്ടായിട്ടാണോ വെള്ളം മുഴുവനും ഒഴുകിപ്പോയത്’.
വൃദ്ധ പേടിച്ചരണ്ട് വിറച്ചു കൊണ്ട് മറുപടി പറഞ്ഞു - ഇപ്പോൾ ബണ്ട് മുറിഞ്ഞതേ ഉണ്ടാകൂ ! തമ്പ്രാ അത് ഞാനിപ്പോൾ തന്നെ ശരിയാക്കാം.
ചൈൻ സിംങ് അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു - ഓടണ്ട, വെപ്രാളപ്പെടുകയും വേണ്ട. ഞാൻ ബണ്ടടച്ചു.
നിങ്ങളുടെ ഭർത്താവിനെ ഇപ്പോൾ കാണാനേ ഇല്ലല്ലോ, എവിടെയെങ്കിലും ജോലിക്കു പേയിരിക്കുവാണോ?
വൃദ്ധ ഇടറിയ ശബ്ദത്തിൽ മറുപടി പറഞ്ഞു - " ഇപ്പോൾ പണിയൊന്നുമില്ല, വെറുതെ ഇരിക്കുവാണ്. ആരും പണിക്ക് വിളിക്കുന്നില്ല.
ചൈൻസിംങ് വിനയാന്വിതനായി പറഞ്ഞു - ‘അങ്ങനെയെങ്കിൽ എന്റെ പാടത്ത് പണിക്ക് വരാൻ പറയൂ. കുറച്ച് പണി പൂർത്തിയാകാതെ കിടുക്കുകയാണ്. അത് ചെയ്യിക്കാം’.
ഇതും പറഞ്ഞയാൾ കിണറിനടുത്തേക്ക് പോയി. അവിടെ നാലുപേര്‍ പാള കോട്ടി വെള്ളം കോരൽ തുടരുകയായിരുന്നു. അതിനിടയിൽ വെള്ളം കോരിക്കൊണ്ടിരുന്ന രണ്ടു പേർ ഇലന്തപ്പഴം പറിക്കാൻ പോയിരുന്നു. ചൈൻസിംങിനെ കണ്ടതും പണിക്കാരുടെ നെഞ്ചിടിപ്പു കൂടി. രണ്ട് പേർ എവിടെ എന്ന് തമ്പ്രാൻ ചോദിച്ചാൽ എന്തു പറയും? എല്ലാവരും വഴക്കു കേൾക്കേണ്ടി വരും. പാവങ്ങൾ മനസ്സിൽ പിറുപിറുത്തു. രണ്ടു പേർ എവിടെപ്പോയി എന്ന് ചൈൻസിംങ് ചോദിച്ചപ്പോൾ ആരും ഒന്നും മിണ്ടിയില്ല. ആ സമയത്ത് അകലെ നിന്നു രണ്ടു പണിക്കാർ മുണ്ടിന്റെ മടക്കിൽ ഇലന്തപ്പഴവുമായി വരുന്നതു കണ്ടു. വളരെ സന്തോഷത്തോടെ സംസാരിച്ചു കൊണ്ടാണ് അവരുടെ വരവ് . ചൈൻസിംങ് അവരെ നോക്കിയതും രണ്ടു പേരുടേയും പ്രാണൻ പോയി. കാൽ തറയിൽ ഉറയ്ക്കുന്നില്ലായിരുന്നു. തിരികെ പോകാനോ മുന്നോട്ടു നടക്കാനോ സാധിക്കുന്നില്ല. ഇന്ന് നല്ല വഴക്കു കിട്ടും, കൂലിയും തരില്ലായിരിക്കുമെന്ന് അവർ വിചാരിച്ചു. നടത്തത്തിന്റെ വേഗത കുറഞ്ഞു. ഇതു കണ്ട് ചൈൻ സിംങ് അവരോട് വേഗം വരുവാൻ ആവശ്യപ്പെട്ടു. ഇലന്തപ്പഴം എങ്ങനെയുണ്ടെന്ന് ഞാനുമൊന്നു നോക്കട്ടേ, എനിക്കും കുറച്ചു തരൂ, എന്റെ പറമ്പിൽ നിന്നു പറിച്ചതല്ലേ, എന്ന് തമ്പ്രാന്‍ പറഞ്ഞപ്പോള്‍ രണ്ടു പേരും പേടിച്ചരണ്ടു പോയി. ഇന്ന് തമ്പ്രാന്‍ നമ്മളെ വെറുതെ വിടില്ല. എത്ര മധുരതരമായാണോ സംസാരിക്കുന്നത് അത്ര തന്നെ കഠിനമായിരിക്കും ശിക്ഷ എന്നവർ മനസ്സിലുറപ്പിച്ചു.
പാവം പണിക്കാർ ഒന്നു കൂടി പതിയെ നടക്കാൻ തുടങ്ങി. ചൈൻസിംങ് വീണ്ടും അവരോട് വേഗം വരാൻ ആവശ്യപെട്ടു. ‘നല്ല പഴുത്ത പഴം എനിക്ക് തരണം. ഒരാൾ വേഗം വീട്ടിൽ പോയി ഉപ്പെടുത്ത് കൊണ്ട് വരൂ . നിങ്ങൾ രണ്ടു പേരും ഇങ്ങു വരൂ. ആ മരത്തിലെ പഴത്തിന് നല്ല മധുരമാണല്ലേ . നിങ്ങളും കഴിക്കൂ . നന്നായി ജോലി ചെയ്യാനുള്ളതല്ലേ ?’
പേടിച്ചരണ്ട് ഓടി വന്നവർക്ക് തമ്പ്രാന്റെ വാക്കുകൾ ആശ്വാസമായി. അവർ മുഴുവൻ ഇലന്തപ്പഴവും ചൈൻസിംങിന്റെ മുൻപിൽ നിരത്തി. അതിൽ നിന്നും പഴുത്ത പഴങ്ങൾ എടുത്തു കൊടുത്തു. ഒരാൾ ഉപ്പെടുക്കാനായി ഓടി . അരമണിക്കൂറോളം പണി നിര്‍ത്തി വച്ചു. എല്ലാ ഇലന്തപ്പഴവും തീർന്നുകഴിഞ്ഞപ്പോൾ തമ്പ്രാൻ പോകാനായി ഇറങ്ങി.
ഇലന്തപ്പഴം മോഷ്ടിച്ചവർ കൈ കൂപ്പി അദ്ദേഹത്തോടായി പറഞ്ഞു - തമ്പ്രാ, ഞങ്ങളുടെ ജീവൻ ഭിക്ഷയായി നൽകിയാലും. നല്ല വിശപ്പായിരുന്നു. അല്ലെങ്കിൽ ഞങ്ങളിത് പറിക്കില്ലായിരുന്നു.
ചൈൻസിംങ് സവിനയം അവരോടായി പറഞ്ഞു - അതിനു നിങ്ങൾ തെറ്റൊന്നും ചെയ്തില്ലല്ലോ? ഞാനും ഇലന്തപ്പഴം കഴിച്ചല്ലോ? ജോലിയിൽ അരമണിക്കൂര്‍ താമസമുണ്ടായി. അത്രയല്ലേ ഉള്ളൂ. നിങ്ങളൊന്നു മനസ്സു വെച്ചാൽ ഒരു മണിക്കൂറത്തെ പണി അരമണിക്കൂർ കൊണ്ട് ചെയ്തു തീർക്കാൻ പറ്റും. പക്ഷേ മനസ്സു വെച്ചില്ലെങ്കിലോ ദിവസം മുഴുവൻ പണിയെടുത്താലും ഒരു മണിക്കൂറത്തെ പണി പോലും ചെയ്തു തീർക്കില്ല.
ചൈൻസിംങ് പോയിക്കഴിഞ്ഞപ്പോൾ നാലു പേരും നടന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
. ഒന്നാമൻ പറഞ്ഞു - തമ്പ്രാൻ എന്നും ഇതുപോലെ ആയിരുന്നെങ്കിൽ പണി ചെയ്യാൻ എന്തുത്സാഹം തോന്നിയേനേ . പക്ഷേ എപ്പോഴും അയാൾ നമ്മുടെ മെക്കിട്ടു കേറുകയാണ് പതിവ്.
രണ്ടാമൻ - അദ്ദേഹം ഈ പഴമൊക്കെ കഴിക്കുമെന്ന് ഇന്ന് മനസ്സിലായി.
മൂന്നാമൻ - ഇയാളുടെ സ്വഭാവത്തിലെ മാറ്റം രണ്ടു മൂന്നു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്.
നാലാമൻ: വൈകിട്ട്, മുഴുവൻ കൂലിയും കിട്ടിയാൽ ഭാഗ്യം.
ഒന്നാമൻ - നിനക്ക് മനുഷ്യരുടെ സ്വഭാവം മനസ്സിലാക്കാനുള്ള കഴിവില്ല.
രണ്ടാമൻ: ഇനി നമുക്ക് മനസ്സറിഞ്ഞ് പണിയെടുക്കാം
മൂന്നാമൻ: അദ്ദേഹം ഇതെല്ലാം നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ച സ്ഥിതിക്ക് നന്നായി പണിയെടുക്കുക എന്നത് നമ്മുടെ കടമയാണ്.
നാലാമൻ: എനിക്കിപ്പോഴും തമ്പ്രാനെ വിശ്വസിക്കാൻ പറ്റുന്നില്ല.
ഒരു ദിവസം ചൈൻസിംങിന് കോടതിയിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അഞ്ച് മൈൽ ദൂരമുണ്ട്. സാധാരണ കുതിരപ്പുറത്താണ് പോകാറ്. പക്ഷേ, അന്ന് വെയിൽ കൂടുതലായിരുന്നു .അതുകൊണ്ടാണ് കുതിരവണ്ടിയിൽ പോകാമെന്ന് വിചാരിച്ചത് . അതിനായി മഹാവീറിനെ വിളിപ്പിച്ചു. ഒൻപത് മണിക്ക് വരാനായി പറഞ്ഞു. മഹാവീർ വരുന്നതിനു മുൻപ്തന്നെ ചൈൻസിംങ് ഒരുങ്ങി ഇരുന്നു. വന്ന ഉടൻ കുതിരവണ്ടിയിൽ കയറി. കുതിര എല്ലുംതോലുമായിരുന്നു. കുതിരവണ്ടിയുടെ ഇരിപ്പിടം മുഴുവനും കീറിപ്പറഞ്ഞതും അഴുക്കുനിറഞ്ഞതുമായിരുന്നു. വൃത്തിയില്ലാത്ത ഇരിപ്പിടത്തിൽ ഇരിക്കാൻ ചൈൻസിങിന് അറപ്പു തോന്നി.
അയാൾ ചോദിച്ചു - ഇതൊക്കെ എന്താ ഇത്ര വൃത്തികേടായിരിക്കുന്നത് മഹാവീർ ? ഇതിനു മുൻപ് നിന്റെ കുതിര ഇത്ര മെലിഞ്ഞതായിരുന്നില്ലല്ലോ? എന്താ ഇപ്പോൾ സവാരിയൊന്നും കിട്ടുന്നില്ലേ?
മഹാവീർ പറഞ്ഞു - “അതല്ല തമ്പ്രാ, സവാരി ഇല്ലാത്തതു കൊണ്ടല്ല. ലോറിക്ക് മുന്നിൽ കുതിരവണ്ടി ആരാവിളിക്കുന്നത്. ഇപ്പോൾ രണ്ട് രണ്ടര അണ കിട്ടുന്നതുവരെ ജോലി ചെയ്യും.അതിനു ശേഷം വീട്ടിലേയ്ക്ക്പോകും. ഇരുപത് അണ കിട്ടുന്നതുവരെ ജോലി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കിട്ടുന്നതുവെച്ച് കുതിരയ്ക്ക് തീറ്റ കൊടുക്കുമോ? അതോ ഭക്ഷണം കഴിക്കുമോ? വളരെ കഷ്ടപ്പെട്ടാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കുതിരവണ്ടി വിറ്റിട്ട് നിങ്ങളുടെ പാടത്തോ മാറ്റോ പണിക്ക് വന്നാലോ എന്നുവരെ ചിലപ്പോൾ ചിന്തിക്കും. പക്ഷേ, ഈ കുതിരയും വണ്ടിയും വാങ്ങാൻ പോലും ആരെയും കിട്ടാത്ത അവസ്ഥയാണ്. ദിവസവും കുതിരയ്ക്ക് തീറ്റ കൊടുക്കാൻ തന്നെ വേണം പന്ത്രണ്ടണ. പുല്ലു വേറെയും. സ്വന്തം വയറു നിറയ്ക്കാൻ സാധിക്കാത്ത ഞാനെങ്ങനെ ഈ മൃഗത്തെ തീറ്റിപ്പോറ്റും” .
അയാളുടെ കീറിപ്പറിഞ്ഞ വസ്ത്രം കണ്ട് ചൈൻസിംങ് ചോദിച്ചു - ‘കൃഷി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാത്തതെന്താ?’
മഹാവീർ ലജ്ജയോടെ പറഞ്ഞു- കൃഷി ചെയ്യാൻ പൗരുഷം കൂടി വേണം തമ്പ്രാൻ…
ആരെങ്കിലും കുതിരയും വണ്ടിയും വാങ്ങിയെങ്കിൽ കാലോ, ഒന്നരയോ അണ കിട്ടിയേനേ. അങ്ങനെയെങ്കിൽ പുല്ല് ചെത്തി ചന്തയിൽ കൊണ്ടുപോയി വിറ്റെങ്കിലും ജീവിക്കാമായിരുന്നു. ഇപ്പോഴാണെങ്കിൽ അമ്മായിയമ്മയും മരുമകളും കൂടി പുല്ല് ചെത്താൻ പോകുന്നുണ്ട്. അങ്ങനെയാണ് പത്ത് - പന്ത്രണ്ടണ കിട്ടുന്നത്.
അമ്മ ചന്തയിൽ പോകുമല്ലേ? ചൈൻസിംങ് ചോദിച്ചു.
മഹാവീർ ലജ്ജയോടെ പറഞ്ഞു - “ഇല്ല തമ്പ്രാ, അവർക്ക് അത്രയും ദൂരം പോകാൻ പറ്റില്ല. എന്റെ ഭാര്യ പോകും. രാവിലെ മുതൽ ഉച്ചവരെ പുല്ലു ചെത്തും. അതിനുശേഷം ചന്തയിൽ പോകും. സന്ധ്യയാകുമ്പോൾ തിരികെ വരും. അവളെ അങ്ങനെ പറഞ്ഞു വിടുന്നതിൽ എനിക്ക് വളരെ വിഷമമുണ്ട് . പക്ഷേ, എന്തു ചെയ്യാൻ . വിധിയെ തടുക്കാൻ പറ്റില്ലല്ലോ?”
ചൈൻസിംങ് കോടതിയിൽ എത്തി . സവാരിക്കായി മഹാവീർ നഗരം ലക്ഷ്യമാക്കി കുതിര വണ്ടിയുമായി തിരിച്ചു . വൈകിട്ട് അഞ്ചു മണിക്ക് എത്താനാണ് ചൈൻസിംങ് പറഞ്ഞത് . നാലുമണി ആയപ്പോഴേക്കും ചൈൻസിംങിന്റെ കാര്യങ്ങളെല്ലാം നടന്നു കഴിഞ്ഞു അയാൾ പുറത്തേക്കിറങ്ങി. വഴിയിൽ ഒരു മുറുക്കാൻകടയുണ്ട്. അവിടെ നിന്ന് മുന്നോട്ടു പോകുമ്പോൾ ഒരു വലിയ അരയാൽ മരം കാണാം . അതിന്റെ തണലിൽ ഇരുപതോളം കുതിരവണ്ടി ഉണ്ടായിരിരുന്നു. കുതിരയെ പൂട്ടിയിരുന്നില്ല. വക്കീലന്മാരുടേയും ഭൂമി ഇടപാടുകാരുടേയും ഓഫീസർമാരുടേയും വണ്ടികൾ അവിടെത്തന്നെയാണ് നിർത്തിയിട്ടിരിക്കുന്നത്. ചൈൻസിംങ് വെള്ളം കുടിച്ച ശേഷം പാക്കും വെറ്റയും തിന്നു. ഏതെങ്കിലും ലോറി കിട്ടിയെങ്കിൽ പട്ടണത്തിലേക്ക് പോകാം എന്ന് ചിന്തിച്ചു നിന്നപ്പോഴാണ് പുൽക്കെട്ടും തലയിൽ ചുമന്നു പോകുന്ന സ്ത്രീയിൽ അയാളുടെ നോട്ടം പതിച്ചത്. ആ സ്ത്രീ തലയിൽ പുൽ ക്കെട്ടുമായി പണക്കാരോട് വിലപേശുകയാണ്.
ഇത് മുലിയയല്ലേ? ചൈൻസിംങിന്റെ മനസ്സ് പിടഞ്ഞു.
റോസ് നിറത്തിലുള്ള സാരി ഉടുത്ത മുലിയ വില പറയുകയാണ്. പുല്ല് വാങ്ങാനായി കുറേ വണ്ടിക്കാർ അവൾക്കു ചുറ്റും കൂടി നിൽക്കുന്നുണ്ട്. ചിലര്‍ അവളെക്കണ്ട് നെടുവീർപ്പിടുന്നു. ചിലർ അവളെ അടിമുടി നോക്കുന്നു. ചിലർ ചിരിക്കുന്നു.
ഒരു കറുമ്പൻ വണ്ടിക്കാരൻ അവളോടു പറഞ്ഞു - ‘ഈ പുല്ലിനെല്ലാം കൂടി ആറണയിലധികം വരില്ല’.
ഉന്മാദം ജനിപ്പിക്കുന്ന കണ്ണുകളോടു കൂടി അവൾ പറഞ്ഞു - “എന്റെ കയ്യിൽനിന്നും പുല്ല് വാങ്ങണമെങ്കിൽ പന്ത്രണ്ടണ തന്നേ പറ്റൂ. ആറണയ്ക്ക് വേണമെങ്കിൽ ദാ അവിടെയിരിക്കുന്ന പുല്ല് ചെത്തുകാരികളുടെ കയ്യില്‍ നിന്നും വാങ്ങൂ”
ഒരു മധ്യവയസ്ക്കനായ വണ്ടിക്കാരൻ വണ്ടിയുടെ മുകളിൽ കയറി ഇരുന്നുകൊണ്ട് പറഞ്ഞു - “നിന്റെയൊക്കെ കാലം, പന്ത്രണ്ട് അണയല്ല ഒരു രൂപ ചോദിക്ക്. വാങ്ങുന്നവർ കണ്ണും പൂട്ടി വാങ്ങും. വക്കീലന്മാരൊന്ന് പുറത്തേക്ക് വന്നോട്ടേ, ഇനി അധികം കാത്തിരിക്കേണ്ടി വരില്ല”.
റോസ് നിറത്തിലുള്ള തലപ്പാവ് വെച്ച ഒരു വണ്ടിക്കാരൻ പറഞ്ഞു- “തടിപ്പണിക്കാരൻ അവളെ നോക്കി വെള്ളമിറക്കുകയാണ് , ഇനി മുലിയ ആരെ നോക്കാനാ!
ഈ ദുഷ്ടന്മാരെ ചെരുപ്പ് കൊണ്ട് അടിക്കാനുള്ള ദേഷ്യമാണ് ചൈൻസിംങിന് വന്നത് . എല്ലാവരും അവളുടെ പുറത്തേക്ക് കമഴ്ന്നു കിടക്കുകയാണ്. അവളെ നോക്കി ദഹിപ്പിക്കുകയാണ്. മുലിയ എത്ര സന്തോഷവതിയാണ്. യാതൊരു ലജ്ജയുമില്ല, സങ്കോചവുമില്ല, ആർക്കും കീഴ്പ്പെടുകയുമില്ല. ചിരിച്ച് രസകരമായ കണ്ണുകളോടു കൂടി തലയിൽ കിടന്ന സാരിത്തുമ്പ് നേരെയാക്കി എല്ലാവരേയും മാറിമാറി നോക്കി സംസാരിക്കുകയാണ്. അതേ, മുലിയ പ്രകാശത്തേപ്പോലെ തിളങ്ങുകയായിരുന്നു.
ഇത്രയും കഴിഞ്ഞപ്പോള്‍ സമയം വൈകിട്ട് അഞ്ചു മണിയായി. ജീവനക്കാരുടെയും വക്കീലന്മാരുടെയും ഭൂമി ഇടപാടുകാരുടേയും ഒരു നിര തന്നെ പുറത്തേക്കു വന്നു. ജീവനക്കാർ ലോറികളുടെ പുറകേ ഓടി. വക്കീലന്മാരും ഭൂമി ഇടപാടുകാരും അവരവരുടെ വണ്ടികൾക്കു നേരേ നടന്നു . വണ്ടിക്കാർ പെട്ടെന്നുതന്നെ കുതിരയെ വണ്ടിയിൽ കെട്ടി. പല മാന്യന്മാരും മുലിയയെ കഴുകൻ കണ്ണുകള്‍ കൊണ്ടു നോക്കിയിട്ട് അവരവരുടെ വണ്ടിയിൽ കയറി. അപ്പോഴേക്കും മുലിയ വിദേശ വസ്ത്രധാരിയായ യുവവക്കീലിന്റെ വണ്ടിയുടെ പുറകേ പുൽക്കെട്ടുമായി ഓടി. ഫുട്ബോർഡിൽ പുല്ല് വയ്ക്കാൻ അയാൾ മുലിയയോട് പറഞ്ഞു. അതിനു ശേഷം പോക്കറ്റിൽ നിന്നും എന്തോ എടുത്ത് മുലിയക്കു നൽകി. മുലിയ ചിരിച്ചു , രണ്ടു പേരും എന്തോ സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് ചൈൻസിന്ദിന് കേൾക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് മുലിയ പ്രസന്നവദനയായി വീട്ടിലേക്ക് മടങ്ങി.
ചൈൻസിംങ് മുറുക്കാൻ കടയ്ക്കു മുന്നിൽ എന്തോ ഓർത്തു നിന്നു. മുറുക്കാൻ കടക്കാരൻ കടയടച്ച് താഴേയ്ക്കിറങ്ങിയപ്പോഴാണ് ചൈൻസിംങ് ദിവാസ്വപ്നത്തിൽ നിന്നും ഉണർന്നത്. ‘ഇത്ര പെട്ടെന്ന് കടയടച്ചോ’ കടക്കാരനോട് ചോദിച്ചു.
മുറുക്കാൻ കടക്കാരൻ സഹതാപത്തോടെ പറഞ്ഞു - ഈ രോഗം നല്ലതിനല്ല. ഇതിനു മരുന്നു കഴിക്കേണ്ടത് അത്യാവശ്യമാണ്! ചൈൻസിംങ് അതിശയത്തോടെ ചോദിച്ചു - എന്തസുഖം?
മറുക്കാരൻ പറഞ്ഞു - എന്തസുഖമെന്നോ? അരമണിക്കൂറായി ഒരു ശവത്തെപ്പോലെ താങ്കൾ ഇവിടെ നിൽക്കുകയായിരുന്നില്ലേ. കോടതിയിലെ എല്ലാവരും പോയിക്കഴിഞ്ഞു. എല്ലാ കടകളും അടച്ചു . തൂപ്പുകാരും തൂത്തുവാരിക്കഴിഞ്ഞ് പോയി . നിങ്ങൾ ഇവിടെ നടന്ന എന്തെങ്കിലും അറിഞ്ഞായിരുന്നോ? ഇതൊരു നല്ല രോഗമല്ല, പെട്ടെന്ന് മരുന്നു കഴിക്കൂ !
ചൈൻസിംങ് വടിയൂന്നി ഗേറ്റിനടുത്തേക്ക് നടന്നു നീങ്ങിയപ്പോൾ മഹാവീറിന്റെ കുതിരവണ്ടി ദൂരെ നിന്നു വരുന്നതു കണ്ടു. കുറച്ചു ദൂരം വണ്ടി മുന്നോട്ടു നീങ്ങിയ ശേഷം ചൈൻസിംങ് ചോദിച്ചു- മഹാവീർ ഇന്നെത്ര രൂപ സമ്പാദിച്ചു?
മഹാവിർ ചിരിച്ചു കൊണ്ട് പറഞ്ഞു - “ഇന്നു മുഴുവന്‍ ഓട്ടം ഒന്നുമില്ലാതെ വെറുതെ നിന്നു ആരും ഓട്ടത്തിന് വിളിച്ചില്ല. മാത്രമല്ല നാലു പൈസയുടെ ബീഡി വലിച്ച് സമയം കളയേണ്ടി വന്നു”.
കുറച്ചു നേരം ഒന്നും മിണ്ടാതിരുന്ന ശേഷം ചൈൻസിംങ് തുടർന്നു - “ഞാനൊരു ഉപദേശം തരാം. നീ എന്റെ കയ്യിൽ നിന്നും ദിവസവും ഒരു രൂപ വാങ്ങിച്ചോളൂ. പകരം ഞാൻ എപ്പോൾ വിളിച്ചാലും കുതിരവണ്ടിയുമായി വന്നാൽ മതി. അങ്ങനെയായാൽ നിന്റെ ഭാര്യയ്ക്ക് പുല്ലുമായി ചന്തയിൽ പോകേണ്ട ആവശ്യം വരില്ല . നിനക്ക് സമ്മതമാണോ?”
മഹാവീർ നിറഞ്ഞ കണ്ണുകളോടു കൂടി അയാളെ നോക്കി , എന്നിട്ട് പറഞ്ഞു - “തമ്പ്രാ നിങ്ങളുടെ അന്നമാണ് ഞങ്ങൾ കഴിക്കുന്നത് . ഞങ്ങൾ നിങ്ങളുടെ പ്രജയല്ലേ. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഞങ്ങളെ ഉപയോഗിക്കാം, പക്ഷേ നിങ്ങളുടെ കയ്യിൽ നിന്നും പൈസ….”.
ചൈൻസിംങ് ഇടയ്ക്കു കയറി പറഞ്ഞു - “ഇല്ല, ഞാൻ വെറുതെ നിന്നെക്കൊണ്ട് പണിയെടുപ്പിക്കില്ല. അതിനാൽ നീ ദിവസവും എന്റെ കയ്യിൽ നിന്നും ഒരു രൂപ വാങ്ങിച്ചോളൂ. പുല്ലുമായി ഭാര്യയെ ചന്തയിലേയ്ക്ക് അയക്കണ്ട. നിന്റെ അഭിമാനം എന്റെയും അഭിമാനമാണ്. എപ്പോഴെങ്കിലും പൈസയ്ക്ക് ആവശ്യം വന്നാൽ ഒട്ടും അമാന്തിക്കണ്ട, എന്റെടുത്തേക്ക് വന്നാൽ മതി . പിന്നെ മുലിയയോട് ഇക്കാര്യം പറയണ്ട. പറയുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല”.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം സന്ധ്യാസമയത്ത് മുലിയ ചൈൻസിംങിനെ കാണാൻ വന്നു. കൃഷിഭൂമി പാട്ടത്തിനെടുത്തവരിൽ നിന്നും കരം പിരിച്ച ശേഷം വീട്ടിലേയ്ക്കു പോവുകയായിരുന്നു ചൈൻസിംങ്. എവിടെ വെച്ചാണോഅയാള്‍ മുലിയയുടെ കയ്യിൽ പിടിച്ചത് അതേ സ്ഥലത്തെത്തിയപ്പോൾ മുലിയയുടെ ശബ്ദം അയാളുടെ കാതുകളിൽ പതിച്ചു . അയാൾ ഞെട്ടിത്തിരിഞ്ഞു നോക്കി. മുലിയ ഓടി വരുന്നതാണ് കണ്ടത്.
“എന്താ മുലിയാ ! ഞാനിവിടെ നിൽക്കുകയല്ലേ? പിന്നെന്തിനാ ഇങ്ങനെ ഓടി വരുന്നത്.”
മുലിയ കിതച്ചു കൊണ്ട് പറഞ്ഞു- “നിങ്ങളെ ഒന്ന് കാണണമെന്ന് വിചാരിച്ചിട്ട് കുറച്ചു ദിവസമായി. ഇന്ന് കണ്ടതും ഓടി വന്നതാ. ഇപ്പോൾ ഞാൻ പുല്ലു വിൽക്കാൻ പോകാറില്ല.
വളരെ നല്ല കാര്യമെന്ന് ചൈൻസിംങ് മറുപടി പറഞ്ഞു .
“ഞാൻ പുല്ലു വിൽക്കുന്നത് നിങ്ങൾ എന്നെങ്കിലും കണ്ടായിരുന്നോ?”
“ കണ്ടു , ഒരിക്കൽ കണ്ടു . മഹാവീർ നിന്നോട് എല്ലാം പറഞ്ഞോ ? നിന്നോട് ഇതൊന്നും പറയരുത് എന്നു ഞാൻ പറഞ്ഞിരുന്നതാണ്” .
‘അദ്ദേഹം എന്നോടൊന്നും മറച്ചു വെയ്ക്കാറില്ല’.
രണ്ടുപേരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. എന്താ കാര്യമെന്ന് ആർക്കും അറിയില്ല. പെട്ടെന്ന് മുലിയ ചിരിച്ചു കൊണ്ട് പറഞ്ഞു - “ഇവിടെ വച്ചാണ് നീ എന്റെ കയ്യിൽ പിടിച്ചത്”
. അതു കേട്ട് ചൈൻസിംങ് ലജ്ജയോടെ പറഞ്ഞു - “അതെല്ലാം മറന്നേക്കൂ മുലിയാ. എനിക്കപ്പോൾ എന്ത് ഭ്രാന്തായിരുന്നു എന്നറിയില്ല”.
മുലിയ ഗദ്ഗദകണ്ഠയായി തുടർന്നു - “അതെന്തിനാ മറക്കുന്നത് , കൈ പിടിച്ചതു കൊണ്ടുണ്ടായ അപമാനത്തിന് പരിഹാരം ചെയ്യുകയല്ലേ? ദാരിദ്ര്യം മനുഷ്യനെ എന്തും ചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കും. നിങ്ങളെന്നെ രക്ഷിച്ചു” .
പിന്നെ രണ്ടുപേരും നിശ്ശബ്ദരായി. കുറച്ചു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം മുലിയ വീണ്ടും പറഞ്ഞു - “ഞാൻ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവളാണെന്ന് നിങ്ങൾക്ക് തോന്നിക്കാണും അല്ലേ?”
ചൈൻസിംങ് ഉറപ്പിച്ചു പറഞ്ഞു- “ഇല്ല മുലിയാ, ഞാനൊരു നിമിഷത്തേക്ക് പോലും അന്നൊന്നും ചിന്തിച്ചിട്ടില്ല” .
മുലിയ ചിരിച്ചു കൊണ്ട് പറഞ്ഞു - “ഞാൻ നിങ്ങളിൽ നിന്നും അതുതന്നെയാണ് പ്രതീക്ഷിച്ചത്. അതു സത്യമായി”.
കാറ്റ് നനഞ്ഞ പാടത്ത് വിശ്രമിക്കാൻ പോകുകയായിരുന്നു. സൂര്യൻ രാത്രിയുടെ മടിത്തട്ടിൽ വിശ്രമിക്കാനൊരുങ്ങുകയായിരുന്നു . സന്ധ്യാസമയത്തെ ആ മങ്ങിയ വെളിച്ചത്തിൽ മുലിയയുടെ നിഴൽ ലയിച്ചു ചേരുന്നതും നോക്കി നിന്നു ചൈൻസിംങ്.