സംസ്കാരപഠനം
ഗിരിശങ്കർ എ.ജെ.
തത്ത്വചിന്താപാരമ്പര്യവും ഹാസ്യവിമർശനവും
ഗുരുവിന്റെ ഹാസ്യസംഭാഷണങ്ങളിലെല്ലാം സ്വന്തമായ തത്ത്വചിന്തയുടേയും ജീവിത വീക്ഷണത്തിന്റെ സാന്നിധ്യം കാണാം. ബുദ്ധന്റെ തത്ത്വചിന്തകൾക്ക് സമാനമായിത്തന്നെ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ ധാർമ്മികമൂല്യങ്ങളെ ശ്രീനാരായണഗുരുവും ചോദ്യം ചെയ്തു. അദ്ധ്യാത്മികദർശനങ്ങളുടെ നിശ് ചലബ്രഹ്മ സങ്കല്പങ്ങളെ ബുദ്ധനെപ്പോലെത്തന്നെ ശ്രീനാരായണഗുരുവും എതിർത്തിരുന്നു. സർവ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമാണ് ഗുരു ലക്ഷ്യം വച്ചത്. ആ സ്ഥാനം ശങ്കരാചാര്യരുടേത് പോലെ സർവജ്ഞ പീഠത്തിന്റെ അഹങ്കാര മുദ്രിതമായ വ്യക്തി മോക്ഷത്തിൻ്റെയല്ല.ഇതുതന്നെയാണ് ഗുരുവിന്റെ എല്ലാ ഹാസ്യവിമർശനങ്ങളിലും തത്ത്വചിന്തയുടെ സമൂർത്ത രൂപമായി ദർശിക്കാനാവുക.
ഗുരുവിന്റെ തത്ത്വചിന്ത
മനുഷ്യാധ്വാനത്തെ പരിഗണിക്കുന്ന മനുഷ്യത്വ ധാരയിലധിഷ്ഠിതമാണ് ശ്രീനാരായണഗുരുവിന്റെ തത്ത്വചിന്ത. ശ്രീ ശങ്കരന്റെ അധ്വാനരഹിത നിശ്ചല ബ്രഹ്മത്തെ പ്രകീർത്തിക്കുന്ന അയുക്തിക സങ്കല്പമല്ല ഗുരുവിന്റേത്.
“ബ്രഹ്മത്തേയും ആത്മാവിനേയും നിശ്ചലയാഥാർത്ഥ്യമായി സ്വീകരിക്കുകയാണ് ആദ്യകാല ആത്മീയ വാദികൾ ചെയ്തത്. വർണ്ണവ്യവസ്ഥയും കർമ്മസിദ്ധാന്തവും പുനർജന്മ വിശ്വാസവും സ്ഥാപിച്ചെടുക്കാൻ ബ്രാഹ്മണമതത്തിന്റെ ഇത്തരം സങ്കല്പങ്ങൾക്ക് കഴിഞ്ഞു. ഭൗതികവസ്തുക്കളുടെയും മനുഷ്യന്റെയും അധ്വാനാത്മക ക്രിയാമണ്ഡലം എന്ന നിലയിൽ രൂപപ്പെട്ട ബ്രഹ്മത്തെയും ആത്മാവിനേയും ഭൗതികേതരവും നിശ്ചലവുമായി വ്യാഖ്യാനിച്ചപ്പോൾ ഭൗതികവസ്തുക്കളും മനുഷ്യരും യാന്ത്രികമായിത്തീർന്നു. അഗ്നി യാഗമെന്ന യാന്ത്രിക മോക്ഷവസ്തുവായി. അധ്വാനിക്കാത്ത ബ്രാഹ്മണർ ഉയർന്ന നിലയിലും അധ്വാനിക്കുന്നവർ അപകർഷ നിലയിലുമെത്തി.
വിത്തിൽ വടവൃക്ഷത്തിന്റെ സത്യമുണ്ട്. ആത്മാവുണ്ട് എന്ന് ഉപനിഷത്തിൽ വിശദീകരിച്ചത് വസ്തുക്കളെ മുന്നോട്ട് നയിക്കുന്ന ഇച്ഛയെ മാനുഷികതയെയും അനശ്വരവുമാക്കാൻ വേണ്ടിയായിരുന്നു. എന്നാൽ വിത്തിലേ സത്യമുള്ള പ്രപഞ്ചത്തിലില്ല എന്ന നിശ്ചല ആത്മീയവാദ നിലപാട് അധ്വാനശക്തിയെ തമസ്കരിക്കു ന്നതായിരുന്നു. ഇതിനെതിരെയുള്ള സമഗ്രമായ ആക്രമണമായിരുന്നു നാരായണഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റേയും മറ്റും നടന്നത് " എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (ആഗോളീകരണകാലത്തെ കുട്ടികൃഷ്ണമാരാര്. പുറം-24,26)
സത്യത്തെ നിശ്ചലമായ ബൃഹദാഖ്യാനമായി കാണുകയും അധ്വാനിക്കുന്നവരെ പുറംതള്ളുകയും ചെയ്യുന്ന ബ്രാഹമണ തത്ത്വചിന്തയെയാണ് ഇവിടെ വിമർശന വിധേയമാക്കിയത്. അതുകൊണ്ടുതന്നെയാണ് തന്റെ അതവീക്ഷണം നിമിഷം പ്രതി പ്രപഞ്ച ജീവിതത്തിലെ ആവശ്യങ്ങൾക്കുവേണ്ടി ഗുണകരമായ തരത്തിൽ ഗുരു അദ്വൈത ദർശനത്തെ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നത്.
ശ്രീനാരായണഗുരുവിന്റെ തത്ത്വചിന്ത, ശങ്കരാചാര്യരുടെ നിശ്ചലമായതും അധ്വാനരഹിതമായതുമായ ബ്രഹ്മസങ്കല് പമല്ലായിരുന്നു. മറിച്ച് ബുദ്ധദർശനത്തിന്റേയും മാർക്സിയൻ ദർശനത്തിന്റേയും അധ്വാനാത്മകമായ ഭൗതികവാദചിന്തയായിരുന്നു. പ്രയോഗസന്ദർഭമാണ് സത്യത്തെ നിർവചിക്കുന്നതെന്നും ആത്മാവിന്റെ അനശ്വരതയെക്കുറിച്ചാലോചിക്കാതെ ജീവിതം ദുരിത മോചനമാണ് അന്വേഷണവിധേയമാക്കേണ്ടത് എന്നും ബുദ്ധനെ പോലെ ശ്രീനാരായണഗുരുവും തത്ത്വസാരം ചെയ്യുന്നു.
യാഥാർത്ഥ്യത്തെ അഥവാ സത്യത്തെ പ്രയോഗമായി, കാണാനാണ്. ശ്രീനാരായണഗുരു ശ്രമിച്ചത്.
തത്ത്വചിന്തയും ഗുരുവിന്റെ ഹാസ്യസംഭാഷണങ്ങളും
സ്വന്തം തത്ത്വചിന്തയുടെ വെളിപ്പെടുത്തലുകളായിരുന്നു ഗുരുവിന്റെ ഓരോ ഹാസ്യസംഭാഷണങ്ങളും. മറ്റുള്ളവരുടെയും തന്റെ ശിഷ്യൻമാരുടെയും ചോദ്യങ്ങൾക്ക് ഗുരു വെറുമൊരു ചിരിയിലൂടെ തത്ത്വചിന്താപരമായ ആഴങ്ങൾ ഉള്ള ഉത്തരങ്ങളാണ് നൽകിയത്. സെൻ-ബുദ്ധിസ്റ്റ് ഗുരു ശിഷ്യ സംഭാഷണ സംവാദങ്ങളുടെ തത്ത്വശാസ്ത്ര പാരമ്പര്യത്തെയാണ് നാരായണഗുരുവിന്റെ സംഭാഷണങ്ങളിലും കണ്ടെത്താനാവുക.
ലൗകിക ജീവിതത്തിന്റെ ആർഭാട വ്യക്തിത്ത്വത്തെയും അലൗകികജീവിതത്തിന്റെ മിഥ്യയായ ധാരണകളെയും ഗുരു തന്റെ പ്രയോഗാത്മക തത്ത്വചിന്തയിലൂടെ പുനർനിർമ്മിച്ചെടുക്കുകയാണ് ചെയ്തത്. മനുഷ്യനോടുള്ള അധമീകരിക്കപ്പെട്ട കാഴ്ചപ്പാടുകളെ മാറ്റിയെടുക്കുകയും അതിലൂടെ സാമൂഹിക സംസ്കാരിക - പ്രബുദ്ധത വീണ്ടെടുക്കാനും ഹാസ്യസംഭാഷണങ്ങളിലൂടെ ഗുരു ശ്രമിച്ചു. മറ്റുള്ളവരുടെ നിലപാടുകളെ തികച്ചും സമാരാധനയോടും ക്ഷമയോടും ഉൾക്കൊണ്ടുകൊണ്ടുതന്നെ തന്റെ ചിന്തകളെ സൗഹാർദ്ദപരമായി സമർത്ഥിക്കാൻ ഗുരു ശീലിച്ചിരുന്നു. ബ്രാഹ്മണ മതത്തിന്റെ നിലവിലുള്ള തത്ത്വചിന്താപാരമ്പര്യത്തിന്റെ നിഷേധമായിരുന്നു ആ ഹാസ്യ ഭാഷണങ്ങൾ.
സംഭാഷണം 1
ആത്മവിദ്യാസംഘത്തിന്റെ ഗുരുവായ വാഗ്ഭടാനന്ദസ്വാമികൾ നാരായണഗുരുവിനെ സന്ദർശിക്കുന്നതിന് ആദ്യമായി ആലുവ അദ്വൈതാശ്രമത്തിൽ ചെന്നിരുന്നു. സ്വാമി കുളികഴിഞ്ഞ് വസ്ത്രം മാറി പുറത്തേക്കു വന്ന് ഒരു കസേരയിലിരുന്നു. അപ്പോൾ ഗുരുക്കളെ ആരോ സ്വാമിയുമായി പരിചയപ്പെടുത്തിയിരുന്നു. ആദ്യം ഗുരുക്കളാണ് സംസാരിച്ചത്.
വാഗ്ഭടാനന്ദ സ്വാമികൾ:
“ഞാൻ സ്വാമിയുടെ അഭിപ്രായക്കാരനല്ല "
“ഓ.... അങ്ങനെയാണോ? നാം നിങ്ങളുടെ അഭിപ്രായക്കാരനാണ്. "
(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം 114
സാമൂഹിക സമരത്തിന്റെയും സ്വയം വിമർശനത്തിന്റെയും സ്ഥലം എന്ന് പറയാവുന്ന ഗുരുവിന്റെ ഒപ്പമല്ല ഞാൻ, അഥവാ ഞാൻ സ്വാമിയുടെ അഭിപ്രായക്കാരനല്ല എന്ന് ഒരാൾ പറയുമ്പോൾ പക്ഷെ ഞാൻ നിങ്ങളുടെ അഭിപ്രായക്കാരനാണ് എന്ന് പറയുന്നതിൽ അദ്വൈതസിദ്ധാന്തത്തിലെ വൈരുധ്യമാണ്. വീക്ഷിക്കാനാവുക. വാഗ്ദാനന്ദ സ്വാമികൾ ഞാനും നീയും രണ്ടാണ് എന്നു പറയുമ്പോൾ ഗുരു ഞാനും നീയും ഒന്നാണ് എന്നു പറയുന്നു. പക്ഷെ ആ പറച്ചിൽ നിശ്ചലമായ അദ്വൈത സിദ്ധാന്തമല്ല.നാം നിങ്ങളുടെ അഭിപ്രായക്കാരനാണ് എന്ന് പറയുമ്പോൾ അതിൽ വിരുദ്ധങ്ങളായ അർത്ഥങ്ങൾ ഉണ്ട്. സാമൂഹിക സമരത്തിന്റെയും സ്വയം വിമർശനത്തിന്റെയും സ്ഥലത്താണ് ഞാൻ നിൽക്കുന്നത്. അവിടേക്ക് വരാൻ താല് പര്യമില്ലെങ്കിലും എനിക്ക് നിങ്ങളെ ഉപേക്ഷിക്കാൻ കഴിയില്ല. നിങ്ങളെ മാറ്റിയേ കഴിയൂ. നിങ്ങളുടെയും സമൂഹത്തിന്റെയും ദയനീയാവസ്ഥ മാറ്റിയേ പറ്റൂ. നിങ്ങൾ മാറാൻ തയ്യാറല്ലെങ്കിലും ഞങ്ങൾ നിങ്ങളെ മാറ്റും. അങ്ങനെ നിങ്ങളുടെ അഭിപ്രായക്കാരനാണ് എന്ന് പറഞ്ഞുകൊണ്ട് സമൂഹത്തിന്റെ കെടുതികളെ കാണാതെ, അതില്ലാതാക്കാൻ ശ്രമിക്കാതെ തന്നോട് വിയോജിക്കുന്നതിന്റെ വേദന ഉൾക്കൊണ്ട് പറഞ്ഞ ആളിനോട് ഗുരു ഇവിടെ വിയോജിക്കുന്നു. ഗുരു തന്റെ ഭാഷണത്തിലൂടെ, വൈരുദ്ധ്യാത്മകമായ അദ്വൈതദർശമാണ അവതരിപ്പിച്ചത്. ശങ്കരാചാര്യരുടെ അദ്വൈതദർശനമല്ല. ഗുരു പിൻതുടരുന്നത്.
സംഭാഷണം 2
ബ്രഹ്മ സൂത്രത്തിലെ അപശൂദ്രാധികരണത്തെപ്പറ്റിയുള്ള ശങ്കരഭാഷ്യം പിന്നൊരിക്കൽ ചിന്താവിഷയമായി. “അവിടെ ശങ്കരനു തെറ്റിപ്പോയി' എന്ന് സ്വാമി കൂസൽ കൂടാതെ പറഞ്ഞു. “ശൂദ്രജാതിയിൽ ജനിച്ചുപോയി എന്നതുകൊണ്ട് ഒരുവൻ വേദം പഠിച്ചുകൂടാ എന്ന് ഏതു ഭഗവാൻ പറഞ്ഞാലും അത് ഇന്നാരും വകവച്ച് കൊടുക്കുകയില്ലല്ലോ. ഒരു വിധത്തിലും നീതികരിക്കാൻ കഴിയാത്ത ഒരു വ്യവസ്ഥയാണിത്.
സമാരാധ്യനായ പൂർവ്വാചാര്യന്റെ വിധിയേയും തെറ്റാണെന്നു കണ്ടാൽ എതിർക്കാനുള്ള ധീരമായ സന്നദ്ധത ശ്രീനാരായണ ഗുരുവിനെപ്പോലെ മറ്റൊരു ഇന്ത്യൻ സന്യാസിയും ഇങ്ങനെ നിശ്ശങ്കം പ്രകടിപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം-114,115)
വ്യക്തിയും വ്യക്തിയും തമ്മിലുള്ള, വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാതെയുള്ള അദ്വൈതദർശനമല്ല ഗുരുവിന്റേത്.
ഇതുപോലെതന്നെ മറ്റൊരു സംഭാഷണവും ശ്രദ്ധേയമായിട്ടുണ്ട്.
സംഭാഷണം-3
തൃപ്പാദങ്ങൾ -- ഭയമുണ്ടാകുന്നതെങ്ങനെയാണ്?
ഭക്തൻ:-(ആലോചിച്ചിട്ട്) അറിഞ്ഞുകൂടാ സ്വാമി.
തൃപ്പാദങ്ങൾ -അറിഞ്ഞുകൂടേ? ആലോചിക്കാഞ്ഞിട്ടാണ്.
രണ്ടുള്ളതു കൊണ്ടാണ് ഭയമുണ്ടാകുന്നത്.
ഭക്തൻ:(കുറച്ചാലോച്ചിട്ട് ) മനസിലായില്ല. സ്വാമി.
തൃപ്പാദങ്ങൾ -മറ്റൊരാളിൽ നിന്ന് അല്ലെങ്കിൽ മറ്റൊരു വസ്തുവിൽ നിന്നല്ലേ ഭയമുണ്ടാകുന്നത്?
ഭക്തൻ: തന്നെ
തൃപ്പാദങ്ങൾ:തന്നെ താൻ ഭയപ്പെടുകയില്ലല്ലോ?
ഭക്തൻ: ഇല്ല
തൃപ്പാദങ്ങൾ:അപ്പോൾ ഭയമുണ്ടാകണമെങ്കിൽ തന്നിൽ നിന്ന് അന്യമായിട്ടൊന്നു വേണം. ആ അന്യമാണ് രണ്ട് അതിനാൽ രണ്ടാണു ഭയത്തിന്റെ കാരണം താൻ മാത്രമേയുള്ളുവെങ്കിൽ പിന്നെ ആരെ ഭയപ്പെടണം? മനസ്സിലായോ?
ഭക്തൻ:മനസ്സിലായി. സർവ്വത്തെയും താനായി കണ്ട് ധീരനാകണം.
തൃപ്പാദങ്ങൾ:അതെ, അതാണ് അദ്വൈതം.
(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം 111,120)
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ്, ഒരുമിച്ച് ചേരലാണ്. സംഘടനയാണ്, ഭയത്തിൽ നിന്നുമുള്ള മോചനമായി ഗുരു കാണുന്നത്. ദൈവഭയവും പ്രാർത്ഥനയും വ്യക്തി മോക്ഷവുമല്ല ഭയത്തിൽ നിന്നുമുള്ള മോചനമാർഗ്ഗം. അധികാരം സൃഷ്ടിക്കുന്ന ഭേദ ചിന്തകളാണ് ഭയത്തിന് കാരണം. സംഘടന കൊണ്ടു ശക്തരാവുക എന്നു പറഞ്ഞത് അതുകൊണ്ടാണ്.ഇത് ആത്മീയമായ അഭേദ കല്പനയല്ല.
സംഭാഷണം-4
കുതിരവണ്ടിയിൽ കയറാൻ വൈമനസ്യം പ്രകടിപ്പി ക്കുകയും അതേസമയം മനുഷ്യൻ വലിക്കുന്ന റിക്ഷയിൽ കയറാൻ വൈമുഖ്യം കാണിക്കാതിരിക്കുകയും ചെയ്തതിനെ സംബന്ധിച്ച് ചോദിച്ച ശിഷ്യനോട് സ്വാമികൾ ഇങ്ങനെ പറഞ്ഞു -
“നാം റിക്ഷാവണ്ടിയിൽ കയറണമെന്ന് അതുവലിക്കുന്നയാൾക്ക് ആഗ്രഹമുണ്ട്. കുതിരയ്ക്കും കാളയ്ക്കും അതുണ്ടോ?”
(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം-146)
തൂണിലും തുരുമ്പിലും പ്രകൃതിയിലും ദൈവചൈതന്യം ദർശിക്കുകയും മനുഷ്യനെ കാണാതെ പോകുകയും ചെയ്യുന്ന ആത്മീയദർശനത്തെയാണ് ഗുരു വിമർശിക്കുന്നത്. മനുഷ്യന്റെ ഇച്ഛയെ മുൻനിർത്തിയുള്ള സമത്വദർശനമല്ലായിരുന്നു ബ്രാഹ്മണമതത്തിന്റേത്. പ്രകൃതിയെ മറന്ന ആത്മീയ സാംസ്കാരിക ദർശനത്തെ ഗുരു എതിർത്തിരുന്നു. പട്ടിക്ക് പട്ടിയെത്തിരിച്ചറിയാം മനുഷ്യന് മനുഷ്യനെ
അറിയില്ല എന്ന് ഗുരു പറഞ്ഞു. അതുപോലെ പ്രകൃതിമാത്രപരമായ ദർശനത്തെയും അദ്ദേഹം എതിർത്തു. പ്രകൃതിയിലെ ഇച്ഛയെയാണ് ഗുരു പരിഗണിച്ചത്. കുതിരയും മനുഷ്യനും ഒന്നാണ് രണ്ടിലും ദൈവമുണ്ട്. അതുകൊണ്ട് കുതിര വലിക്കുന്ന വണ്ടിയിലും മനുഷ്യൻ വലിക്കുന്ന വണ്ടിയിലും താൻ കയറില്ല എന്നല്ല ഗുരു പറഞ്ഞത്. മനുഷ്യന്റെ ഇച്ഛയ്ക്ക് സ്ഥാനമുള്ളത് ഏതാണോ അത് സ്വീകാര്യം എന്ന നിലപാടാണ് ഇവിടെയുള്ളത്.ണ്മനുഷ്യചരിത്രത്തിൽ കുതിരവണ്ടിയ്ക്കും കാളവണ്ടിയ്ക്കും അതിന്റേതായ സ്ഥാനമുണ്ട്. അത് വേണമോ വേണ്ടയോ എന്നുള്ളതല്ല. ഗുരു പ്രകടിപ്പിക്കുന്ന യുക്തിയാണ് പ്രധാനം. ഒരു വാഹനം എന്നത് അതു നിർമ്മിക്കുന്നവന്റെയും ഉപയോഗി ക്കുന്നവന്റെയും ആവശ്യവും ഇച്ഛയുംകൂടി ആയിരിക്കണം. അല്ലാത ഉടമയുടെ ആവശ്യമാകരുത്. കുതിരവണ്ടി കുതിരയുടെ ഇച്ഛയല്ല. പക്ഷെ റിക്ഷാവണ്ടി അത് ഓടിക്കുന്നവന്റെ ഇച്ഛയാണ്.
സംഭാഷണം-5
സ്വാമികൾ ഒരു പ്ലാവിന്റെ ചുവട്ടിൽ വിശ്രമിക്കുന്നു. ഭക്തന്മാർ നാലുപുറവും ഉണ്ട്. പ്ലാവിന്റെ ഉടമസ്ഥനായ ഭക്തനെ നോക്കി
സ്വാമികൾ :- എന്താ ഇക്കൊല്ലം പ്ലാവിൻമേൽ ചക്കയില്ലല്ലോ? കായ്ക്കാറില്ലേ?
ഭക്തൻ:കഴിഞ്ഞ വർഷംവളരെയധികം കാ ഉണ്ടായി.ചെറിയ കൊമ്പുകളിൽ കൂടി നിറച്ചുണ്ടായി. വളരെയെല്ലാം ധർമ്മവും ചെയ്തു.
സ്വാമികൾ: അപ്പോൾ ഇനി കായ്ക്കില്ലായിരിക്കും. ധർമ്മം
ചെയ്തു മോക്ഷം അണഞ്ഞുവല്ലോ! (നാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം 150)
ദാനത്തെ സംബന്ധിച്ചും മോക്ഷത്തെ സംബന്ധിച്ചും ഉള്ള ആത്മീയദർശനത്തെയാണ് ഗുരു പരിഹസിക്കുന്നത്. വ്യക്തിപരമായ മോക്ഷങ്ങളുടെ അസംബന്ധതയാണ് ഈ ഹാസ്യത്തിലുള്ളത്.
ഉള്ളവനും ഇല്ലാത്തവനും രൂപപ്പെടുന്ന സമൂഹത്തിലാണ് ദാനം പ്രസക്തമാകുന്നത്. അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരണമെന്നുള്ള രാഷ്ട്രീയസമൂഹത്തിൽ ദാനവും വ്യക്തിപരമായ മോക്ഷവുമില്ല. രാഷ്ട്രീയമായ മോക്ഷമേ ഉള്ളൂ. നവോത്ഥാനത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയമുഖമായിരുന്നു ഗുരു.
സംഭാഷണം 6
തൃപ്പാദങ്ങൾ തക്കല ഒരു മുൻസിപ്പിന്റെ വീട്ടിൽ വിശ്രമിക്കുന്നു. സമയം സന്ധ്യയായി സ്ഥലത്തുള്ള ഉദ്യോഗസ്ഥന്മാരും വക്കീലന്മാരും സ്വാമികൾ വന്നിട്ടുണ്ടെന്നു കേട്ട് സന്ദർശനാർത്ഥം വന്നിരിക്കുന്നു. കൂടെ ഇരുന്നവരിൽ ഉണ്ടായിരുന്ന ഒരു മുഹമ്മദീയ പോലീസ് ഇൻസ്പെക്ടർ ചോദിച്ചു.
ഇൻസ്പെക്ടർ: സ്വാമി എനിക്ക് ഒരു സംശയം ചോദിക്കുവാനുണ്ട്.
സ്വാമി: ചോദിക്കാമല്ലോ
ഇൻസ്പെക്ടർ :ജനങ്ങൾക്ക് മോക്ഷം കിട്ടുമെന്നല്ലയോ ഗ്രന്ഥങ്ങൾ പറയുന്നത്. എന്നാൽ എന്താണ് ജനസംഖ്യ കുറയാതെ കാനേഷുമാരി കണക്കെടുക്കുമ്പോഴെല്ലാം വർദ്ധിച്ചുകാണുന്നത്.
സ്വാമി:മൃഗങ്ങൾക്കു കയറ്റം കിട്ടി മനുഷ്യരാകുന്നതായിരിക്കാം.
ഇൻസ്പെക്ടർ :എന്നാൽ മൃഗങ്ങളുടെ സംഖ്യയ്ക്കും യാതൊരു കുറവും കാണുന്നില്ലല്ലോ?
സ്വാമി:ജന്തുക്കളെ ആദ്യം സൃഷ്ടിച്ചതാരാണ്?
ഇൻസ്പെക്ടർ: ഹളളാവാണ്
സ്വാമി: (ചിരിച്ചുകൊണ്ട്) അദ്ദേഹത്തിന്റെ തൊഴിൽ ഇപ്പോൾ എന്താ മറന്നുപോയോ? (എല്ലാവരും ചിരിക്കുന്നു.) (ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം 167)
ഇവിടെയും മോക്ഷത്തെയും ജന്മത്തെയും സംബന്ധിച്ച വിദ്യാസമ്പന്നരുടെ മതപരമായ വിഡ്ഢിത്തത്തെയാണ് ഗുരു ഹാസ്യവത്കരിക്കുന്നത്.
സംഭാഷണം _7
ആലുവയിൽ അദ്വൈതാശ്രമത്തിൽ തൃപ്പാദസന്ദർശനത്തിനായി ഒരു കൃഷിക്കാരനായ ഭക്തൻ വരികയുണ്ടായി. സ്വാമികൾ അവന്റെ ഹിതത്തിനും പരിചയത്തിനും വാസനയ്ക്കും അനുസരിച്ച വിഷയമായ കൃഷിയെ സംബന്ധിച്ച് കുറെ അധികനേരം സംസാരിച്ചു. സന്ന്യാസി ശിഷ്യർക്ക് അത്ര രുചിക്കാത്ത വിഷയമായതിനാൽ അവരൊന്നു മാറി നിന്നു. തൃപ്പാദങ്ങൾ ഭക്തനോട് ജീവാത്മാ-പരമാത്മാ ഭേദത്തെ സംബന്ധിച്ച വേദാന്തം സംസാരിപ്പാൻ തുടങ്ങി. ഭക്തൻ അനുവാദം വാങ്ങി വിടകൊണ്ടു. അപ്പോൾ ശിഷ്യർ അടുത്തു.
തദവസരത്തിൽ സ്വാമികൾഇപ്രകാരം പറഞ്ഞു :
വേദാന്തം അടുക്കാനും അകലാനും കൊള്ളാം ഇല്ലയോ?'
ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ പുറം
ദാർശനികതയും അറിവുകളും എന്നത് സാധാരണക്കാരിൽ നിന്നും ലൗകികകാര്യങ്ങളിൽ നിന്നും അകന്നരീതിയിൽ പരിചരിക്കുന്ന മതപരമായ നിലപാടിനെയാണ് ഇവിടെ വിമർശിക്കുന്നത്. കൃഷിയെക്കുറിച്ച് സംസാരിക്കുമ്പോൾ വേദാന്തിയ്ക്ക് കാര്യമില്ല എന്ന് വരുന്ന ചിന്തയിൽ നിന്നും ജീവിതം അകന്ന് പോകുകയും ജീവിതത്തിൽ നിന്നും ദർശനം ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ ദാർശനികത മനുഷ്യനെ തമ്മിൽ അകറ്റാൻ മാത്രമേ ഉപയോഗപ്പെടൂ. അതാണ് ബ്രാഹ്മണമതത്തിലും ശങ്കരന്റെ അത സിദ്ധാന്തത്തിലും സംഭവിച്ചത്.
സംഭാഷണം - 8
തൃപ്പാദങ്ങൾക്ക് വളരെക്കാലം മുൻപ് പരിചയമുള്ള ഒരു ബ്രാഹ്മണസ്ത്രീ തൃപ്പാദദർശനത്തിനായി കൊടുങ്ങല്ലൂർ വന്നു.
സ്ത്രീ:ഞാൻ ശാസ്ത്രിത്തമ്പുരാന്റെ തമ്പുരാട്ടിയാണ്
സ്വാമികൾ:വീട്ടിൽ വച്ച് ഇങ്ങനെ തന്നെയാണോ പറയുക. (ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം 162)
സവർണ്ണ സ്ത്രീകൾ അറിയപ്പെടുന്നത് കുലീനരും ഭാഗ്യവതികളായും ആണ്. പക്ഷെ സ്വയം അന്യന്റെ മുമ്പിൽ പ്രദർശിപ്പിക്കുന്ന ഈ തമ്പുരാട്ടി വ്യക്തിത്വം അവർക്ക് നല്കുന്നത് ഗാർഹിക തടവറയാണ്. സാമൂഹ്യവ്യക്തി/ വ്യക്തി ഇങ്ങനെ മുറിക്കപ്പെട്ട ജീവിതത്തിന്റെ വൈരുധ്യത്തെയാണ് ഇവിടെ ഹാസ്യ വിഷയമാക്കുന്നത്. സവർണ്ണ തമ്പുരാട്ടീ വ്യക്തിത്വമാണ് ഇവിടെ ഹാസ്യവത്കരിക്കപ്പെടുന്നത്.
സംഭാഷണം-9
ബർമ്മയിൽ സഞ്ചരിച്ചു മടങ്ങിയെത്തിയ ഒരു ശിഷ്യനോടു പലതും സംസാരിച്ച കൂട്ടത്തിൽ ഇങ്ങനെ ചോദിക്കുകയുണ്ടായി
സ്വാമികൾ:ബുദ്ധക്ഷേത്രത്തിൽ വിഗ്രഹമുണ്ടോ?
ശിഷ്യൻ:ഹിന്ദുക്ഷേത്രത്തിൽ ഉള്ളതിലും അധികം കാണ്മാനുണ്ട്.
സ്വാമികൾ. അതു മുടിവെട്ടും പോലെയാണ്. വെട്ടുംതോറും അധികവും വേഗവും ഉണ്ടാവാൻ തുടങ്ങും. വിഗ്രഹം പാടില്ലെന്നു നിർബന്ധിച്ചതു കൊണ്ടാകാം ഇത്രയധികം വർദ്ധിച്ചത്.
(നാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം-73)
ദൈവനിഷേധത്തിന്റെയും വിഗ്രഹഭഞ്ജനത്തിന്റേയും കാര്യത്തിൽ തന്ത്രപരവും പരിവർത്തനാത്മകവുമായ നിലപാടാണ് ഗുരു സ്വീകരിച്ചത്. ബ്രാഹ്മണൻ പ്രതിഷ്ഠിക്കേണ്ട വിഗ്രഹത്തെ സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് പ്രതിഷ്ഠയുടെ ഔപചാരികതയെയും ജാതിമഹാത്മ്യത്തെയും ഗുരു ആദ്യം ഖണ്ഡിച്ചു. ആദ്യം ശിവനെ പ്രതിഷ്ഠിച്ച ഗുരു പിന്നീട് കണ്ണാടിയിലേക്കും പിന്നീട് വിഗ്രഹമേ വേണ്ട എന്ന നിലപാടിലേക്കും പോകുന്നു. വിഗ്രഹത്തെ ഈ രീതിയിൽ നിഷേധിച്ച് ഗുരുവിന് പിൽക്കാലത്ത് ഏറ്റവും കൂടുതൽ വിഗ്രഹങ്ങൾ
ഉണ്ടാകുന്നു. ചരിത്രത്തിന്റെ പിൽക്കാല വൈപരീത്യവും വൈരുധ്യാത്മകതയും ബുദ്ധമതത്തെ മുൻനിർത്തി നിരീക്ഷി ക്കുകയാണ് ഗുരു. വിഗ്രഹ ഭഞ്ജനത്തെ മുടിവെട്ടുക എന്ന സാധാരണകാര്യവുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ ഹാസ്യം വിഗ്രഹാരാധന ഉയർന്ന നിലയിലുള്ള സാസ്കാരിക വ്യവഹാരത്തെ ഗുരു മറിച്ചിടുകയാണിവിടെ. സാസ്കാരിക സമീപനരീതിയാണ് ഗുരു ഇവിടെ പിൻതുടരുന്നത്.ഉയർന്നത് താഴ്ന്നത് എന്ന വിഭജനത്തെ ഇല്ലാതാക്കുകയും ആത്മീയ കാര്യങ്ങളെ ദൈനംദിന ജീവിത പ്രശ്നങ്ങളാക്കി മാറ്റുകയുമാണ് അദ്ദേഹം ചെയ്തത്.
സംഭാഷണം - 10
1921-ൽ സ്വാമികൾ ശിവഗിരിയിൽ സ്വസ്ഥമായി വിശ്രമിച്ചിരുന്ന ഒരു ദിവസം അകലെ എവിടെയോ നിന്ന് രണ്ടാളുകൾ സന്ദർശനം കാത്തുനിൽക്കുന്നു എന്ന് ഒരന്തേവാസി സ്വാമികളെ അറിയിച്ചു. “കാത്തുനിൽക്കുന്നതിന് ?അവരെ കൂട്ടിക്കൊണ്ടു വരാമല്ലോ എന്ന് സ്വാമികൾ പറഞ്ഞു. ആഗതരെ കണ്ടപ്പോൾ -
സ്വാമി:എന്താ നമ്മെക്കാണാൻ വന്നതായിരിക്കും അല്ലേ? കൊള്ളാം.
ഉത്തരം:അല്ല സ്വാമി, ഒരു സങ്കടമുണർത്തിക്കാൻ വന്നതാണ്.
സ്വാമി:നമ്മോടൊ? സങ്കടമോ..? എന്താണ് പറയാമല്ലോ
ഉത്തരം:വളരെ നാളായി അടിയത്തിന്റെ വീട്ടിൽ കുട്ടിച്ചാത്തന്റെ ഉപദ്രവം കൊണ്ടു കിടക്കപ്പൊറുതിയില്ല സ്വാമി. പല കർമ്മങ്ങളും പ്രവർത്തിച്ചുനോക്കി ഒരു മാറ്റവും ഇല്ല. സ്വാമി അടിയങ്ങളെ രക്ഷിക്കണം.
സ്വാമി: ആരാണെന്നാ പറയുന്നത്? കുട്ടിച്ചാത്തനോ?കൊള്ളാമല്ലോ ആളിനെ നിങ്ങൾ കണ്ടോ?
ഉത്തരം:കണ്ടു സ്വാമി, വളപ്പിന്റെ ഒരിരുണ്ട മൂലയിൽ കരിക്കട്ടപോലെ നിൽക്കുന്നത് അടിയങ്ങൾ കണ്ടു. എപ്പോഴും ഉപദ്രവമാണ്. ഇടതടവില്ലാതെ കല്ലെറിഞ്ഞുകൊണ്ടിരിക്കും.
സ്വാമി:അതു തരക്കേടില്ല, ആൾ കുട്ടിച്ചാത്തനാണെന്ന് എങ്ങനെ അറിഞ്ഞു? അത് നാം പറഞ്ഞാൽ കേൾക്കുമോ?
ഉത്തരം:ഉവ്വ് സ്വാമി, അവിടുന്ന് പറഞ്ഞാൽ കേൾക്കും.
സ്വാമി:ആവോ? കുട്ടിച്ചാത്തനും നാമും തമ്മിൽ പരിചയമൊന്നും ഇല്ല. (ഉത്തരം കേട്ട് ആഗതൻ വല്ലാതെ വിഷണ്ണനായ നിൽക്കുന്നത് കണ്ടിട്ട്) ആട്ടെ, കുട്ടിച്ചാത്തന് നാമൊരു കത്തു തന്നാൽ മതിയാകുമോ? ഇതൊന്നു എഴുതി എടുത്തോളൂ. (എന്നിട്ട് താഴെ പറയുന്നവിധം, കടിച്ചുപിടിച്ച ഒരു ചിരിയോടുകൂടി പറഞ്ഞുകൊടുത്തു.) ശ്രീ കുട്ടിച്ചാത്തനറിവാൻ, ഈ കത്ത് കൊണ്ടുവരുന്ന പെരയ്ക്കാരുടെ വീട്ടിൽ മേലാൽ യാതൊരുപദ്രവവും ചെയ്യരുത്.
നാരായണഗുരു.(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം-77,78)
അന്ധവിശ്വാസങ്ങളോടും ദൈവ സങ്കല്പങ്ങളോടുമുള്ള രൂക്ഷമായ വിമർശനം ഇവിടെ കാണാം.
സംഭാഷണം-11
ഒരിക്കൽ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ സ്വാമികൾ പ്രതിഷ്ഠ നടത്തിക്കഴിഞ്ഞപ്പോൾ ത്രിവേദിയായ ഒരു പണ്ഡിതന് ഒരു സംശയമുണ്ടായി അപ്പോൾ പ്രതിഷ്ഠയ്ക്ക് മൂഹൂർത്തമില്ലായിരുന്നു. അയാൾ സ്വാമികളോടു ചോദിച്ചു. “പ്രതിഷ്ഠയ്ക്ക് മുഹൂർത്തം
സ്വാമികൾ പറഞ്ഞു “അടി അളന്നു നോക്കണം?” പണ്ഡിതന് ആശയം മനസ്സിലായില്ല. സ്വാമികൾ തന്നെ വിശദമാക്കിക്കൊടുത്തു “കുട്ടി ജനിച്ചതിനു ശേഷമല്ലേ ജാതകം ഗണിക്കുക. രാശിനോക്കി ജനിക്കാറില്ലല്ലോ പ്രതിഷ്ഠകഴിഞ്ഞു - ഇനി രാശിനോക്കാം.
ജന്മം മാനദണ്ഡമാകുന്ന വ്യവസ്ഥയാണ് ജന്മിത്തം. അതാണ് ജാതിവ്യവസ്ഥയ്ക്ക് നിദാനം. ഒരു മനുഷ്യന്റെ മഹാത്മ്യം അയാൾ ജനിച്ച ജാതിയെ ആശ്രയിച്ചാകുന്നത് അതുകൊണ്ടാണ്. ഒരു രാജ്യത്തെ ഭരണാധികാരിയെ നിർണ്ണയിക്കുന്നത് ജന്മമാണ്. ഒരാൾ രാജാവാകുന്നതിന് കാരണം അയാളുടെ അച്ഛൻ രാജാവായിരുന്നത് കൊണ്ടാണ്. ജന്മമാണ് അധികാരത്തെ നിർമ്മിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുൻകൂട്ടി മുഹൂർത്തം നിശ്ചയിക്കുന്നത് ജന്മിത്തത്തിന്റെ നിലപാടാണ്. സൃഷ്ടിക്കപ്പെടുന്നതാണ് സൃഷ്ടിയുടെ മുഹൂർത്തം, അല്ലാതെ പൂർവ്വ നിശ്ചിതമല്ല. പൂർവ്വനിശ്ചിതമായ എല്ലാ ആചാരങ്ങളുടെയും നിഷേധമായിരുന്നു ഗുരു. മനുഷ്യന്റെ ജീവിതം പൂർവ്വനിശ്ചിതമാണ് എന്ന മതപരമായ ജന്മിത്തനിലപാടാണ് ജാതകത്തിലുള്ളത്. മനുഷ്യൻ ജനിച്ചിട്ടല്ലേ ജാതകം ഗണിക്കുന്നത് എന്ന യുക്തിയാണ് പ്രതിഷ്ഠാ മുഹൂർത്തത്തെക്കുറിച്ച് ഗുരു ഉന്നയിക്കുന്നത്. എന്നാൽ അത് ജാതകത്തിന്റെ തന്നെ നിഷേധമാണ്. ജീവിതത്തിൽ ഒരു സംഭവം നടന്നിട്ട് ആ സംഭവം നടന്ന സമയം കണ്ടെത്തിക്കോളൂ എന്ന് പറയുന്ന ജാതകവിരുദ്ധവും ജന്മിത്തവിരുദ്ധവുമായ അർത്ഥത്തിലേക്ക് അത് സഞ്ചരിക്കും. മതവിരുദ്ധവും രാഷ്ട്രീയവുമായ ഒരു തത്ത്വചിന്താ നിലപാടാണ് ഇവിടെ ഗുരു പ്രകടിപ്പിക്കുന്നത്.
സംഭാഷണം - 12
മരണശേഷം ശവം ദഹിപ്പിക്കുന്നതോ കുഴിച്ചിടുന്നതോ ഇതിൽ എതാണ് നല്ലതെന്ന് ഒരു ഭക്തൻ ചോദിച്ചപ്പോൾ - സ്വാമി നിസ്സംഗനായി പറഞ്ഞു. 'ചക്കിലാട്ടി വളം വയ്ക്കുന്നത് നന്ന്' എന്ന് മറുപടി നൽകി. ഇതുകേട്ട് ഭക്തൻ “അയ്യോ ! എന്ന് നിലവിളിച്ചുപോയി. “എന്താ നോവുമോ?' എന്ന് ഗുരു. ഇന്നും നമുക്കിടയിൽ നിലനിൽക്കുന്ന ശവസംസ്കാര സംബന്ധിയായ മൂഢാചാരങ്ങൾക്കേറ്റ കനത്തൊരടി തന്നെയാണ് ഇത്. ഇവിടെ ഗുരുവിന്റെ ഉൽപതിഷ്ണുത്വമാണ് പ്രതിഫലിച്ചു കാണുന്നത്. ജീവിതത്തെക്കാൾ മരണാനന്തരത്തിന് പ്രമുഖ്യം നൽകുന്ന ദാർശനിക നിലപാടാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
സംഭാഷണം 13
തീർത്ഥാടകർ രുദ്രാക്ഷം ധരിക്കണോ എന്ന ചോദ്യത്തിന് “വേണ്ട രുദ്രാക്ഷം അരച്ച് പച്ചവെള്ളത്തിൽ കൂടിക്കുന്നത്. നന്നായിരിക്കും . ഗുണമുണ്ടാകാതിരിക്കില്ല. എന്ന നർമ്മരസം കലർന്ന മറുപടി അത്തരം വേഷവിധാനങ്ങളുടെ നിരർത്ഥകതയേയും സന്ന്യാസത്തിന്റെ പൊള്ളത്തരങ്ങളെയും വെളിപ്പെടുത്തുന്നു. അനുഭവങ്ങളേക്കാൾ അടയാളങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന താത്ത്വികനിലപാട് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.
സംഭാഷണം - 14
തന്റെ യുക്തിബോധത്തിൽ വലിയ മതിപ്പുള്ള ഒരു മാന്യൻ സ്വാമികളോടു ചോദിച്ചു. “ആടിന്റേയും പശുവിന്റേയും പാൽ നാം കൂടിക്കുന്നുണ്ടല്ലോ അപ്പോൾ അതിന്റെ മാംസം തിന്നാലെന്താ?'
“നല്ല യുക്തി കൊള്ളാമല്ലോ” എന്ന് പറഞ്ഞ് സ്വാമികൾ ഒന്നു മന്ദഹസിച്ചു. വിജയഭാവത്തിൽ ഇരിക്കുന്ന മാന്യനോട് അല്പം കഴിഞ്ഞ് സ്വാമികൾ അന്വേഷിച്ചു, “അമ്മയുണ്ടോ?''
അയാൾ പറഞ്ഞു. “ഇല്ല സ്വാമി മരിച്ചു പോയി - സ്വാമികളുടെ അടുത്ത ചോദ്യം "കുഴിച്ചിട്ടോ തിന്നോ?' എന്നതായിരുന്നു.
(സംഭാഷണം- 11,12,13,14 ശ്രീനാരായണ ചിന്തകൾ, പുറം 121 മുതൽ 125 വരെ)
യാന്ത്രിക യുക്തിവാദത്തെ പല രീതിയിൽ ഗുരു പരിഹസിച്ചിട്ടുണ്ട്.
സംഭാഷണം - 15
ശിവഗിരി സ് കൂൾ സ്ഥാപിക്കുന്നതിന് സംഭാവന പിരിക്കുന്നതിനായി ഗുരുദേവൻ കൊല്ലത്തിനു വടക്കുള്ള ഒരു ഗ്രാമം സന്ദർശിച്ചു. ആ സ്ഥലത്തുള്ളവർ ഗുരുദേവന്റെ ആഗമനോദ്ദേശ്യം മനസിലാക്കി ഒരു ലിസ്റ്റ് തയാറാക്കി. ഈ ലിസ്റ്റിൽ തങ്ങളുടെ പേര് അവസാനമായിപ്പോയി എന്നു പറഞ്ഞ് പഴയ പ്രമാണിമാരിൽ പലരും ചെറിയ സൗന്ദര്യപ്പിണക്കം സൃഷ്ടിച്ചു. ഈ വഴക്ക് ഒടുവിൽ ഗുരു ദേവസന്നിധിയിലെത്തി. ഗുരുദേവനു കാര്യം മനസിലായി. അർത്ഥശൂന്യമായ ഈ വഴിക്കവസാനിപ്പിക്കാൻ ഗുരുദേവൻ ഇങ്ങനെയൊരു മാർഗ്ഗം നിർദ്ദേശിച്ചു.
“ഒരു വലിയ കടലാസെടുത്ത് അതിൽ വലിയ വൃത്തം വരച്ച് അതിനു ചുറ്റിലുമായി പേരുകളെഴുതിയാൽ മതിയാകും. അങ്ങനെ ചെയ്താൽ അതു തിരിച്ചു തിരിച്ചു നോക്കുമ്പോൾ എല്ലാവരുടെയും പേരുകൾ ആദ്യമാദ്യം വരുമല്ലോ'
ശ്രീനാരായണഗുരു വചനങ്ങളിലൂടെ -പുറം -192
അഹന്തയും അല്പത്തരവും മനുഷ്യനെ പരിഹാസ്യമായ വട്ട പൂജ്യമാക്കുന്നതെങ്ങനെ എന്ന് ഈ ഹാസ്യത്തിലൂടെ വെളിപ്പെടുത്തുന്നു.
ഗുരുവിന്റെ, ഹാസ്യസംഭാഷണങ്ങൾ ബ്രാഹ്മണാധിപത്യത്തിന്റെ അനാചാരമൂഢതകളെയും ജാതിവ്യവസ്ഥിതികളെയും അമൂർത്തമായ സങ്കല്പദർശനങ്ങളെയും ജീവിത വിരുദ്ധമായിത്തീരുന്ന ആത്മീയ തത്ത്വചിന്തയെയും വിമർശിക്കുന്ന പ്രത്യയ ശാസ്ത്രനിലപാട് കാണാം. പ്രായോഗിക ജീവിതത്തിനുതകാത്ത തത്വചിന്താപാരമ്പര്യങ്ങളെ നിഷേധിക്കുകയും രാഷ്ട്രീയമായ ഒരു അദ്വൈത ദർശനം അവതരി പ്പിക്കുകയുമാണ് ഗുരു ഹാസ്യഭാഷണങ്ങളിലൂടെ ചെയ്തത്.
ഉപസംഹാരം
ചുരുക്കത്തിൽ,ഉത്തമഹാസ്യത്തിന്റെ നിദർശനങ്ങളായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സംഭാഷണങ്ങൾ. നിലവിലുള്ള ഹീനമായ മൂല്യവ്യവസ്ഥകളെയും അധികാരസമ്പ്രദായങ്ങളെയും തട്ടിമറിക്കുന്നവയായിരുന്നു. അവയോരോന്നും. അദ്ദേഹത്തിന്റെ രാഷ്ട്രീയ ദർശനങ്ങളുടെയും ദാർശനിക നിലപാടുകളുടെയും അനുബന്ധമായിരുന്നു അവ.
മൂല്യച്യുതി എന്ന് വിലയിരുത്തപ്പെടുന്നതിനെ അഥവാ അധീശവ്യവസ്ഥയാൽ മറിഞ്ഞു കിടക്കുന്നവരെ നോക്കിചിരിക്കുന്നതല്ല ഉത്തമഹാസ്യം. മറിച്ച് മൂല്യങ്ങളെത്തന്നെ തട്ടിമറിച്ചിടുന്നതാണ് വിമർശനാത്മക ഹാസ്യം.ബ്രാഹ്മണമതം സൃഷ്ടിച്ച മൂല്യങ്ങളെ വിമർശിക്കുകയായിരുന്നു. നവോത്ഥാനവും, നാരായണ ഗുരുവും.ബ്രാഹ്മണമതം സൃഷ്ടിച്ച മൂല്യങ്ങളെ തട്ടിമറിച്ചിടുന്ന ഉത്തമഹാസ്യമായിരുന്നു നാരായണഗുരുവിന്റേത്. ബ്രാഹ്മണമതം മൂല്യമായി നിർദ്ദേശിച്ച തത്ത്വചിന്താപാരമ്പര്യത്തെയും ജാതിവ്യവസ്ഥയെയും തട്ടിമറിച്ചിട്ടാണ് ഗുരു ഹാസ്യം സൃഷ്ടിച്ചത്. ഇവർ പറയക്കുട്ടികളായിരുന്നു ആശ്രമത്തിലെടുത്ത് ഇവരെ മനുഷ്യരാക്കിയിരിക്കുകയാണ് എന്ന് കൂടെ നിൽക്കുന്നവർ പറയുമ്പോൾ ഇവർ ആദ്യമേ മനുഷ്യരായിരുന്നു. അങ്ങനെ കരുതിയിരുന്നില്ല എന്ന് ഗുരു പറയുന്നു ഇത്തരം ഹാസ്യസംഭാഷണങ്ങളിലൂടെ ജാതിഭേദത്തെ മാത്രമല്ല അധികാരപക്ഷത്ത് നിന്നുള്ള ജാതിപരിഷ്കരണ ചിന്തകളെയും ഗുരു വിമർശിച്ചു. കുട്ടിച്ചാത്തന് കത്തെഴുതാൻ നിർദ്ദേശിച്ചും രുദ്രാക്ഷം അരച്ച് വെള്ളത്തിൽ കലക്കി കുടിക്കാൻ പറഞ്ഞും ശവം ചക്കിലാട്ടി വളമായി ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞും ആചാരപാരമ്പര്യങ്ങളെയും ചിന്താപാരമ്പര്യങ്ങളെയും ഞെട്ടിക്കുന്ന ഹാസ്യങ്ങൾ ഗുരു നിർമ്മിച്ചു.പ്രതിഷ്ഠ കഴിഞ്ഞിട്ട് അടി അളന്ന് നോക്കാൻ പറയുമ്പോൾ ജന്മിത്തത്തിന്റെ പാരമ്പര്യത്തോട് സമ്പൂർണ്ണമായി വിയോജിക്കുകയായിരുന്നു. കർമ്മത്തെ മാനദണ്ഡമാക്കുന്ന ജനാധിപത്യത്തിന്റെ മൂല്യനിലപാടായിരുന്നു അത്.
വേദാന്തം അടുക്കാനും അകലാനും കൊള്ളാം എന്ന് പറയുന്ന തമാശയിലൂടെ പ്രയോഗികജീവിതത്തിനുതകാത്ത തത്വചിന്തയെ വിമർശനവിധേയമാക്കുന്നു. ശങ്കാരാചാര്യരുടെ അദ്വൈതദർശനമല്ലായിരുന്നു ഗുരുവിന്റേത്.
ജാതിയുടെ ക്രൂരതകളെയും ഹിംസാത്മകമായ തത്വചിന്താ പാരമ്പര്യങ്ങളെയും വിമർശനവിധേയമാക്കുന്നവയായിരുന്നു. ഗുരുവിന്റെ ഹാസ്യം. അത് അനുവാദം കാത്ത് നിൽക്കാതെ അകത്തേക്ക് കടന്ന് കേൾക്കുന്നവനെ പരിവർത്തനവിധേയ മാക്കുന്നവയായിരുന്നു.
തെരഞ്ഞെടുത്ത ഗ്രന്ഥസൂചി
അപ്പൻ കെ.പി.,'ചരിത്രത്തെ അഗാധമാക്കിയ ഗുരു'ഡി.സി.ബുക്സ്, കോട്ടയം 2008
ഉണിത്തിരി എൻ.ഡി.പി. (ഡോ.) ,'ശ്രീനാരായണഗുരു', നാഷണൽ ബുക് സ്റ്റാൾ, കോട്ടയം 2000
കുമാരനാശാൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള
കുട്ടികൃഷ്ണമാരാര്,ഹാസ്യസാഹിത്യം (ഒന്നാംപതിപ്പ്), മാരാർ പ്രകാശം - 1990
കേശവൻ വൈദ്യർ സി.ആർ.,ശ്രീനാരായണ ചിന്തകൾ ഡി.സി. ബുക്സ്, കോട്ടയം - 1990
കേശവൻവൈദ്യർ സി ആർ (എഡിറ്റർ) ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, ഡി.സി. ബുക്സ്, Co-1999.
കേശവൻ എം.ജി.(പ്രൊഫ.)ശ്രീനാരായണഗുരുവിന്റെ ദർശനവും വിശ്വമാനവികതയും, കറന്റ് ബുക്സ്.കോട്ടയം,2000
ഗോപാലകൃഷ്ണൻ, പി.കെ.,ശ്രീ നാരായണ ഗുരു -വിശ്വമാനവികതയുടെ പ്രവാചകൻ, പ്രഭാത് ബുക്സ്,തിരുവനന്തപുരം-1992
ഗോപാലകൃഷ്ണൻ പി.കെ.,കേരളത്തിന്റെ സാംസ്കാരിക ചരിത്രം കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം -1974.
ഗോപകുമാർ.പി.എസ്. (ഡോ.)കേരളീയ നവോത്ഥാനം, ചിന്ത പബ്ലിക്കേഷൻ തിരുവനന്തപുരം
നടരാജഗുരുഗുരുവരുൾ, എൻ.ബി.എസ് . കോട്ടയം-1972
നൗഷാദ് എസ് (ഡോ.)ഹാസ്യവക്രത വി.കെ.എൻ കൃതികളിൽ (Ph Dപ്രബന്ധം കേരള യൂണിവേഴ്സിറ്റി )-2012
ബാലകൃഷ്ണൻ പി.കെ.നാരായണഗുരു, എൻ ബി.എസ്, കോട്ടയം 1969
ഭാസ്കരൻ കെ.ആർ-ശ്രീനാരായണഗുരു സ്വാമികൾ കേരള ഭാഗ്യ ബുക്സ് ഡിപ്പോ, നന്ദികൾ, പരിഷ്കരിച്ച പതിപ്പ് 1980
ഭാസ്കരൻ ടി.(ഡോ.)ശീനാരായണഗുരുവിന്റെ സമ്പൂർണ കൃതികൾ (സമ്പാദനം) മാതൃഭൂമി ബുക്സ് കോഴിക്കോട്, 1985
മുഴപ്പിലങ്ങാട് ടി.കെ.ഡി.,ഗുരുദേവന്റെ ചിരി, ഹരിതം ബുക്സ്-2011
മുനി നാരായണപ്രസാദ് നാരായണഗുരു സമ്പൂർണ കൃതികൾ നാഷണൽ ബുക്ക് ട്രസ്റ്റ്,
വിവേകാനന്ദൻ കെ.,ശ്രീനാരായണ ദർശനവും മാനവ മുന്നേറ്റവും, എൻ.ബി.എസ്, കോട്ടയം-1986,
ശ്രീധരമേനോൻ (പ്രൊഫ.),കേരളചരിത്രം, ഡി.സി ബുക്സ്, കോട്ടയം, 8-ാം പതിപ്പ്, മാർച്ച് 2013
ഷൂബ കെ. എസ്. (ഡോ.)ആഗോളീകരണകാലത്തെ കുട്ടികൃഷ്ണമാരാർ, എം.എൻ.വിജയൻ സാംസ്കാരികവേദി - 2011,
സർദാർകുട്ടി ഇ(ഡോ.)ഹാസ്യസാഹിത്യ നിരൂപണം, സാംസ്കാരിക പ്രസിദ്ധീകരണവകുപ്പ്, കേരള സർക്കാർ 2003.
സാനു എം.കെ.( പ്രൊഫ.)നാരായണഗുരുസ്വാമി എൻ.ബി.എസ്., കോട്ടയം-2000
സുകുമാരൻ ആർ.,യുഗപുരുഷൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരിവനന്തപുരം-2010 ഡിസംബർ