പത്തു ചോദ്യങ്ങള്‍
പുസ്തകപ്രസാധനത്തെക്കുറിച്ച്
പുസ്തകലോകം നൗഷാദുമായുള്ള അഭിമുഖം
പുസ്തകലോകം നൗഷാദ്/ ആര്യ സി.ജെ.
വിമര്‍ശന- വൈജ്ഞാനിക- അക്കാദമിക പുസ്തകങ്ങളുടെ പ്രമുഖ പ്രസാധകനും വിതരണക്കാരനുമായ പുസ്തകലോകം നൗഷാദുമായി നടത്തിയ അഭിമുഖം. പുസ്തക പ്രസാധന ചരിത്രം, മാര്‍ഗ്ഗങ്ങള്‍, ചെലവ്, ലേ ഔട്ട്,ഡിജിറ്റല്‍ പ്രിന്റിംഗ്, ഇ-പബ്ലിഷിംഗ് തുടങ്ങിയവ വിശദീകരിക്കുന്നു.
Q പുസ്തകവിപണനം ഒരു തൊഴിലായി സ്വീകരിക്കാന്‍ എന്താണ് കാരണം? എങ്ങനെയാണ് ഈ രംഗത്തേക്ക് എത്തിച്ചേര്‍ന്നത്? എങ്ങനെയായിരുന്നു അനുഭവം?
വിദ്യാഭ്യാസകാലം മുതലേ നാട്ടിലെ എ ഗ്രേഡ് ഗ്രന്ഥശാലയായ സി.കേശവന്‍ ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടിരുന്നു. ആ പ്രവര്‍ത്തനങ്ങളാണ് പുസ്തകങ്ങളെ ചങ്ങാതികളാക്കാന്‍ പ്രേരിപ്പിച്ചത്. പഠനകാലയളവില്‍ തന്നെ ചെറിയ നിലയില്‍ പുസ്തക വില്‍പ്പന ആരംഭിച്ചിരുന്നു. കാല്‍ നൂറ്റാണ്ടു മുമ്പ് കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്തിലെ വീടുകളില്‍ കയറിയിറങ്ങിയും ക്ഷേത്രങ്ങളിലെ സപ്താഹവേദികള്‍ക്കരികില്‍ നടന്നും ഭാഗവതവും രാമായണവും മഹാഭാരതവും മറ്റ് പുരാണ - ഇതിഹാസ പുസ്തകങ്ങളുമൊക്കെ വിറ്റു. അങ്ങനെയാണ് പുസ്തക കച്ചവടം ആരംഭിച്ചത്. തുടര്‍ന്ന് ഭരണിക്കാവ് ജങ്ഷനില്‍ യാത്രക്കാരെ കയറ്റാനായി നിര്‍ത്തിയിടുന്ന സര്‍വീസ് ബസുകളില്‍ H&C യുടെ 5 രൂപ വിലയുള്ള പുസ്തകങ്ങള്‍ വിറ്റു. കുറച്ചുനാളുകള്‍ക്കു ശേഷം കോട്ടയം മുതല്‍ തിരുവനന്തപുരം വരെയും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുമുള്ള ട്രയിനുകളിലേക്ക് പുസ്തകകച്ചവടം മാറ്റി. കോട്ടയം DC ബുക്‌സിന്റെ വില്‍പ്പനവിഭാഗത്തില്‍ കുറച്ചുനാള്‍, നാട്ടില്‍ കൂലിപ്പണികള്‍, അതിനിടയില്‍ ബാങ്ക് ജീവനം, പത്രസ്ഥാപനങ്ങളിലെ തൊഴില്‍,നിരവധിയിടങ്ങളില്‍ കൂലിപ്പണികള്‍, രാഷ്ട്രീയപ്രവര്‍ത്തനം, വിദേശരാജ്യത്തെ തൊഴിലന്വേഷണം അങ്ങനെ ഒത്തിരി വേഷപ്പകര്‍ച്ചകള്‍. 2014 ല്‍ കോഴിക്കോട് എത്തിപ്പെട്ടപ്പോഴാണ് മുഴുവന്‍ സമയപുസ്തകവില്‍പ്പനക്കാരനായി മാറിയത്. പള്ളിക്കൂടങ്ങളിലും,സര്‍വകലാശാലകളിലും, ഓഫീസുകളിലും പുസ്തകം വാങ്ങും എന്നുറപ്പുള്ള നാലാള്‍ കൂടുന്ന ഏത് സ്ഥലത്തും പലതരത്തിലുള്ള പുസ്തകക്കെട്ടുകളുമായി സഞ്ചരിക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തത് ഇത്തരം പുസ്തകവില്‍പ്പനയിലൂടെ മാത്രമായിരുന്നു. ഏറ്റവും സ്വാതന്ത്യമുള്ള തൊഴില്‍, ഏറ്റവും ഇഷ്ടപ്പെടുന്ന തൊഴില്‍,അക്ഷരങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ലോക മലയാളികളായ ലക്ഷക്കണക്കിന് പേരിലേക്ക് എത്തിപ്പെടാനായ തൊഴിലിടം. അതിനാല്‍ തന്നെ പുസ്തകവില്‍പ്പനക്കാരന്‍ നൗഷാദ് എന്നറിയപ്പെടാനാണ് ഒത്തിരി ഇഷ്ടം. അക്ഷരങ്ങളെ പ്രണയിക്കുന്നവനായതിനാല്‍ അനേകായിരം അക്ഷരക്കൂട്ടുകാരുടെ പ്രിയതോഴനാകാന്‍ കഴിഞ്ഞു.
Q പുസ്തക പ്രസാധനത്തിലേക്ക് കടന്നല്ലോ? എന്താണ് പുസ്തക പ്രസാധനം?എന്തൊക്കെയാണ് വിതരണ സംവിധാനങ്ങള്‍? പുസ്തകലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍, മത്സരപരീക്ഷാപരിശീലനങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍ തുടങ്ങി പല പ്രവര്‍ത്തനങ്ങള്‍ ഉണ്ടല്ലോ? പുസ്തകപ്രസാധകന്‍ - വില്‍പ്പനക്കാരന്‍ എന്നതിനപ്പുറം മലയാളഭാഷയ്ക്കും സാഹിത്യത്തിനും പുസ്തകലോകം ഒത്തിരി സംഭാവനകള്‍ നല്‍കുന്നല്ലോ.... അവയെക്കുറിച്ച്
പുസ്തക പ്രസിദ്ധീകരണം എന്നത് ഒരു കൈയെഴുത്തുപ്രതിയെ ജീവസുറ്റതാക്കുകയും ഒരു അസംസ്‌കൃത ആശയത്തില്‍ നിന്ന് ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് ലഭ്യമായ ഒരു മൂര്‍ത്തമായ ഉല്‍പ്പന്നമാക്കി മാറ്റുകയും ചെയ്യുന്ന സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. കയ്യെഴുത്തുപ്രതി ഏറ്റെടുക്കലും എഡിറ്റിംഗും മുതല്‍ ഡിസൈന്‍, പ്രിന്റിംഗ്, വിതരണം, വിപണനം എന്നിവ വരെയുള്ള അസംഖ്യം ഘട്ടങ്ങള്‍ ഇത് ഉള്‍ക്കൊള്ളുന്നു. ഓരോ ഘട്ടത്തിനും രചയിതാക്കള്‍, എഡിറ്റര്‍മാര്‍, ഡിസൈനര്‍മാര്‍, പ്രിന്റര്‍മാര്‍, വിതരണക്കാര്‍, വിപണനക്കാര്‍ എന്നിവരുടെ അഗാധമായ ശ്രദ്ധയും സഹകരണവും ആവശ്യമാണ്. പുസ്തക പ്രസിദ്ധീകരണം എന്നത് ശ്രദ്ധേയമായ ആഖ്യാനങ്ങള്‍ രൂപപ്പെടുത്തുക, ആശയങ്ങള്‍ രൂപപ്പെടുത്തുക, അറിവ് പങ്കിടുക, രചയിതാക്കളും വായനക്കാരും തമ്മില്‍ സമയത്തിനും സ്ഥലത്തിനും അതീതമായ ബന്ധം വളര്‍ത്തിയെടുക്കുക എന്നിവയെല്ലാമാണ്.
വായന മരിക്കുന്നു എന്നത് സ്ഥിരമായി നമ്മള്‍ കേള്‍ക്കാറുള്ളതാണ്. മറ്റ് വിനോദോപാധികള്‍ വര്‍ദ്ധിച്ചപ്പോള്‍ വായനയ്ക്ക് വിനോദോപാധി എന്ന നിലയില്‍ കുറവുകള്‍ വന്നിട്ടുണ്ടാവാം. എന്നാല്‍ അറിവുകള്‍ പുസ്തക രൂപത്തില്‍ ആണ് നൂറ്റാണ്ടുകളായി രൂപപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ഏതു പ്ലേറ്റ് ഫോമിലും കണ്ടന്റ് ഉണ്ടാക്കാന്‍ വായന അനിവാര്യമായി വരുന്നു.ഗൗരവമുള്ള വായന അതു കൊണ്ടു വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
അതുപോലെ പ്രസാധനത്തിന്റെ പ്ലേറ്റ്‌ഫോമുകള്‍ മാറിയിട്ടുണ്ട്.ഇ -ബുക്കുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ടും രണ്ടു തരം അനുഭവമാണ്. തീയറ്ററിലും ഒടി ടി യിലും സിനിമ കാണുന്നത് രണ്ട് അനുഭവമാകുന്നതും രണ്ടും നിലനില്‍ക്കുന്നതും പോലെയാണത്. അച്ചടിച്ച പുസ്തകങ്ങളെ തൊട്ടറിഞ്ഞുള്ള വായന നല്‍കുന്ന ആത്മസംതൃപ്തി മറ്റൊരു വായനയ്ക്കും നല്‍കാനാകില്ല എന്നു തോന്നുന്നു.
മാത്രമല്ല സമൂഹമാധ്യമങ്ങള്‍ പാരമ്പര്യയാഥാസ്ഥിതിക എഴുത്തുകള്‍ക്കും പ്രസാധനങ്ങള്‍ക്കും പുറത്ത് സര്‍ഗ്ഗാത്മകതയുടെ വലിയ ലോകത്തെ സൃഷ്ടിച്ചിട്ടുണ്ട്. വായനക്കാര്‍ക്ക് വ്യാവസായിക ലക്ഷ്യം മാത്രമുള്ള പ്രസാധകരുടെ ഇടനിലയില്ലാതെ സര്‍ഗ്ഗാത്മകസൃഷ്ടികള്‍ ലഭിക്കുന്നു. അത് കൃതികളുടെ ഗുണമേന്മയേയും വൈവിധ്യത്തെയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ അതുപയോഗിക്കുന്ന പുതു തലമുറയില്‍ വ്യത്യസ്തമായതും മികച്ചതുമായ പുസ്തകങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ മികച്ച പുസ്തകങ്ങള്‍ വിതരണം ചെയ്യാനാകുമെന്നു മനസിലാക്കി. വന്‍കിട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പുസ്തകങ്ങള്‍ തുല്യപ്രധാന്യത്തോടെ ഞങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. അതു ചില പുസ്തകങ്ങള്‍ക്ക് ആവശ്യമില്ലാതെ നല്‍കപ്പെടുന്ന അമിത മേദസ് ഇല്ലാതാക്കുകയും കൂടുതല്‍ ആരോഗ്യമുള്ള പുസ്തക സംസ്‌കാരത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
പുസ്തകലോകം നിലനില്‍ക്കുന്നതും വായനക്കാരിലെത്തുന്നതും സമൂഹമാധ്യമ ഇടങ്ങള്‍ വഴി തന്നെയാണ്. ഇന്ന് 2000 ലധികം സമൂഹമാധ്യമ കൂട്ടായ്മകളിലായി പുസ്തകലോകത്തെ പിന്തുടരുന്നവരുടെ എണ്ണം 5 ലക്ഷം കടന്നിരിക്കുന്നു. അതായത് 5 ലക്ഷം വായനക്കാരുടെ മൊബൈല്‍ സ്‌ക്രീനിനരികില്‍ / വിരള്‍ത്തുമ്പില്‍ പുസ്തകലോകവും നൗഷാദ് കൊല്ലവും ഉണ്ട്.പുറമേ ലഭ്യമായ എല്ലാ വിതരണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
പുസ്തക വിപണനത്തിന് atma books onlinestore, flipkart , amazone തുടങ്ങി ഒട്ടുമിക്ക ഓണ്‍ലൈന്‍തട്ടുകളും ഉപയോഗിക്കുന്നുണ്ട്.നേരിട്ട് കൊണ്ട് നടന്നും വില്‍പ്പന നടത്തുന്നു. വായനക്കാര്‍ ഉണ്ടാകാന്‍ ഇടയുള്ള എല്ലായിടത്തും ചെറു വിപണനമേളകള്‍ സംഘടിപ്പിക്കുന്നു.
2019 ഡിസംബറില്‍ ആണ് കോഴിക്കോട് ആത്മ ബുക്‌സുമായി സഹകരിച്ച് അക്കാദമിക വൈജ്ഞാനിക പ്രസാധനശാല എന്ന നിലയില്‍ പുസ്തകപ്രസാധനം തുടങ്ങിയത്. 2024 ല്‍ എത്തുമ്പോള്‍ ഇരുന്നുറോളം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
കൂടാതെ സമൂഹമാധ്യമങ്ങള്‍ വഴിയും, മലയാളം ഭാഷാധ്യാപകരുടെ സഹായത്താല്‍ ചാരിറ്റബിള്‍ സൊസൈറ്റിസ് ആക്റ്റ് പ്രകാരം പുസ്തകലോകം മലയാളം റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ കേരള സര്‍ക്കാരിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ സൗജന്യമായി ചെയ്തുവരുന്നു. മലയാളം ഐച്ഛികവിഷയമായ NET/ JRF,HSST,HST, കോളേജ് അധ്യാപക പരീക്ഷാ പരിശീലനം, SET, KTET, LPST/UPST പരീക്ഷാ പരിശീലനങ്ങള്‍ എന്നിവ വിവിധ കലാലയ അധ്യാപകരുടെയും ഗവേഷകരുടെയും സൗജന്യ സേവനത്തിലൂടെ നല്‍കിവരുന്നു. കഴിഞ്ഞ HST മലയാളം പരീക്ഷയില്‍ 300 ലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലിടത്തിലെത്താന്‍ ഈ സൗജന്യ ക്ലാസുകള്‍ കൊണ്ട് കഴിഞ്ഞു. വര്‍ഷാവര്‍ഷം നടക്കുന്ന NET, JRF,SET, KTET പരീക്ഷകളില്‍ ഈ ക്ലാസുകള്‍ കൊണ്ട് വിജയം വരിക്കുന്ന കുട്ടികള്‍ അനേകമാണ്. 17 വയസിന് താഴെയുള്ള കുട്ടികളില്‍ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിനായി ഒത്തിരി സൗജന്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്നു.
Q സാഹിത്യവിമര്‍ശന കൃതികളും, വൈജ്ഞാനിക ഗ്രന്ഥങ്ങളുമാണല്ലോ പുസ്തകലോകം പ്രധാനമായും പ്രസിദ്ധീകരിക്കുന്നതും വിപണനം ചെയ്യുന്നതും.അവ ധാരാളമായി വില്‍ക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നുമുണ്ട്. പല പതിപ്പുകള്‍ ഇറങ്ങുകയും ചെയ്യുന്നു. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങള്‍ക്കും വൈജ്ഞാനിക സാഹിത്യങ്ങള്‍ക്കും ഇടമില്ല എന്നു വിലപിക്കുന്നുണ്ടല്ലോ, അത്തരം പറച്ചിലുകളെ എങ്ങനെ കാണുന്നു?
വിമര്‍ശനങ്ങളെയും വൈജ്ഞാനിക ഗ്രന്ഥങ്ങളെയും ഒഴിവാക്കുന്ന രീതിയാണ് വ്യാവസായിക ലക്ഷ്യം മാത്രമുള്ള മാധ്യമങ്ങളും പ്രസാധനശാലകളും സ്വീകരിച്ചു വന്നത്. അതു വില്‍ക്കപ്പെടില്ല എന്ന തെറ്റിദ്ധാരണ കൊണ്ടാവാം. എന്നാല്‍ .സാഹിത്യ-സാംസ്‌കാരിക വിമര്‍ശനങ്ങള്‍ക്ക് വലിയ വായനക്കാര്‍ ഇന്നുണ്ട്. നോവലുകള്‍ പോലും അറിയാത്ത ജീവിതസംസ്‌കാരത്തിന്റെ അവതരണങ്ങള്‍ മാത്രമാകുകയല്ലേ ഇന്ന്. അറിയാത്ത ജീവിതമല്ലേ കെട്ടുകഥ എന്നു ഇന്നു പറയുന്നത്. ഈ അവസ്ഥ നല്ലതോ ചീത്തയോ ആവാം. എന്നാല്‍ ഇത് വിമര്‍ശനങ്ങളുടെയും വൈജ്ഞാനിക കൃതികളുടെയും കാലമാണ് എന്നത് വസ്തുതയാണ്.
വൈജ്ഞാനിക കൃതികള്‍ക്ക് കൃത്യമായ ഒരിടം ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളും ശ്രമിച്ചിട്ടുണ്ട്. വൈജ്ഞാനികകൃതികള്‍ക്ക് പുരസ്‌കാരവും ഞങ്ങള്‍ നല്‍കുന്നുണ്ട്.
Q പുസ്തകത്തിന്റെ ഉല്‍പ്പാദന ചിലവ് വളരെയധികം കൂടുതലാണല്ലോ ഇപ്പോള്‍. മുന്‍പ് ബുക്കിന്റെ പുറം ഒന്നിന് ഒരു രൂപ ആയിരുന്നു വിലയെങ്കില്‍ (അതായത് നൂറ് പുറമുള്ള ബുക്കിന് നൂറ് രൂപയായിരുന്നു വില) ഇപ്പോഴത് ഇരട്ടിയിലധികമായല്ലോ? അത്തരം കാര്യങ്ങളുടെ വിശദീകരണം നല്‍കാമോ ? ഇപ്പോള്‍ 100 പുറമുള്ള ഒരു പുസ്തകം ISBN നമ്പരോടു കൂടി 500 കോപ്പി സാധാരണ രീതിയില്‍ അച്ചടിക്കുന്നതിന് വരുന്ന തുക ഏകദേശമെത്രയെന്ന് വിശദീകരിക്കാമോ?
പണ്ടത്തേതില്‍ നിന്നും വിഭിന്നമായി വായനക്കാരന്റെ അഭിരുചികള്‍ ഇന്ന് മാറിയിട്ടുണ്ട്. ഞങ്ങളുടെ തലമുറയുടെ കാലത്ത് ഗ്രന്ഥശാലകളായിരുന്നു പുസ്തകവായനയ്ക്കായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് പണം നല്‍കി പുസ്തകം വാങ്ങി ഗൃഹഗ്രന്ഥശാലകളൊരുക്കാനും, വായിക്കാനും ആളുകള്‍ തയാറാകുന്നുണ്ട്. അതുപോലെ അച്ചടിയുടെ ഗുണനിലവാരത്തിലും അവര്‍ ശ്രദ്ധിക്കുന്നുണ്ട്.
വ്യാവസായിക ലക്ഷ്യം മാത്രമുള്ള വലിയ ആസ്തിയുളള പ്രസാധകര്‍ ടോയിലറ്റ് പേപ്പറിനെക്കാള്‍ മോശം പേപ്പറിലാണ് റഫറന്‍സ് ഗ്രന്ഥങ്ങള്‍ / സാഹിത്യചരിത്രങ്ങള്‍ പോലും അച്ചടിച്ച് മുന്തിയ വിലയ്ക്ക് വില്‍ക്കുന്നത്.
അങ്ങനെയല്ലാത്ത പ്രസാധകര്‍ അവരുടെ കൃതികളെ ഏറ്റവും നന്നാക്കി ഉല്‍പ്പാദനം നടത്തി വിപണിയിലെത്തിക്കാന്‍ ബാധ്യസ്ഥരായി തീരുന്നു. ഗുണനിലവാരം ഉറപ്പുവരുത്തേണ്ടി വരുമ്പോള്‍ രണ്ട് രൂപ ഒരു പുറത്തിന് വില നിശ്ചയിക്കേണ്ടതായും വരുന്നു. പ്രസാധന രംഗത്തെ പാരമ്പര്യമുതലാളിമാരുടെ പ്രസാധനശാലകളില്‍ നിന്നും വരുന്ന പുസ്തകങ്ങളധികവും പുറമൊന്നിന് 1 .50/2 രൂപ വില ഈടാക്കി, ഏറ്റവും കുറഞ്ഞ വിലയുടെ പേപ്പര്‍ ഉപയോഗിച്ച് വായനക്കാരനെ ചൂഷണം ചെയ്യുകയുമാണ്.
DTP Layout, പ്രൂഫ്, പുറംചട്ടയുടെ രൂപകല്പന, isbn തുടങ്ങി അച്ചടിക്ക് മുമ്പുള്ള ചിലവുകള്‍,പേപ്പര്‍ നിലവാരം, പുറംചട്ടയുടെ പേപ്പര്‍ നിലവാരം, അച്ചടിക്കായി തിരഞ്ഞെടുക്കുന്ന പ്രസുകള്‍ ഇവയെല്ലാമനുസരിച്ച് ഉല്പാദനച്ചിലവുകളിലും വ്യത്യാസം വരാം. DTP മലയാളം 10 രൂപ മുതല്‍ 50 രൂപ വരെ വാങ്ങുന്നവരുണ്ട്. Layout 10 രൂപ മുതല്‍ 30 രൂപ വരെ ഈടാക്കുന്നു. പുറംചട്ടയുടെ രൂപകല്പന 1000 രൂപ മുതല്‍ 15000 രൂപ വരെ വാങ്ങുന്നവരുണ്ട്. ഇങ്ങനെ ഓരോ സംഗതികള്‍ക്കും വരുന്ന ചിലവുകള്‍ വ്യത്യസ്തമായിരിക്കാം. ഇത്തരം പണികളെല്ലാം ഒറ്റ ചട്ടക്കൂടിനുള്ളില്‍ ചെയ്‌തെടുക്കുവാന്‍ സംവിധാനമുള്ളവര്‍ക്ക് ചിലവുകള്‍ ഏകീകരിക്കാന്‍ കഴിയും. അതിനാല്‍ തന്നെ അച്ചടിച്ചിലവുകളെ സംബന്ധിച്ച് കൃത്യമായ തുക പറയുക പ്രയാസകരമായിരിക്കും. ഏറ്റവും കമനീയമായും ഭംഗിയിലും അക്ഷരത്തെറ്റില്ലാതെയും മികവുറ്റ രീതിയിലും പുസ്തകം ഇറങ്ങുമ്പോള്‍ അത്യാവശ്യം വില വരും. എന്നാലും ഇങ്ങനെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ ധാരാളമുണ്ട് എന്നതാണ് സത്യം.
നിലവിലുള്ള സാഹചര്യത്തില്‍,സാമാന്യമായി പറഞ്ഞാല്‍, 100 പുറമുള്ള പുസ്തകം 500 കോപ്പിക്ക് ഇങ്ങനെ കണക്ക് പറയാം: DTP, Layout, Cover design isbn തുടങ്ങിയ പ്രീ പ്രസ് ജോലികള്‍ക്ക് 6000 രൂപ. പ്രിന്റിംഗിന് 24000 രൂപ.(80GSMPaper, 300 GSM Cover paper).
Q ബിരുദകോഴ്‌സുകള്‍ നാലു വര്‍ഷം ആകുന്നതോടെ അച്ചടിയും പുസ്തകപ്രസാധന ചരിത്രവും, പുസ്തകവിപണിയും അക്കാദമികമായി പഠിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാം. ഇന്റണ്‍ഷിപ്പ് എന്ന നിലയില്‍ കുട്ടികള്‍ പുസ്തക പ്രിന്റിംഗ് പ്രായോഗിക പരിശീലനം നേടുന്ന അവസ്ഥയും ഉണ്ടാകാം. പഴയ പ്രിന്റിംഗില്‍ നിന്നും പുതിയ കാല പ്രിന്റിംഗിന് ഉള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്?
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ കാലത്താണ് നാമുള്ളത്. ഒരു പുസ്തകത്തിന്റെ കഥാതന്തു നല്‍കിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ ടൂളുകളുപയോഗിച്ച് യാതൊരു പ്രയാസവുമില്ലാതെ പുസ്തകമായി നമ്മുടെ കൈകളിലെത്തുന്ന നൂതന സാങ്കേതികവിദ്യയുടെ കാലമാണിന്ന്. അതായത് 'അച്ചടി/പുസ്തക പ്രസാധനം കല്ലച്ചിലും സമകാലത്തും' എന്ന ശീര്‍ഷകത്തില്‍ 200 പേജുള്ള ഒരു ഗ്രന്ഥം തയാറാക്കണമെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിവിധ ടൂളുകള്‍ ഉപയോഗിച്ച് അവതാരിക, പ്രസാധകക്കുറിപ്പ്,ഉള്ളടക്കം, ആമുഖം തുടങ്ങി എല്ലാം തയാറാക്കി അടുക്കും ചിട്ടയിലും ക്രമീകരിച്ച്, കവര്‍ തയാറാക്കിഅച്ചടിച്ച് പുസ്തകമാക്കി നമ്മുടെ കൈകളില്‍ തരാന്‍ പറ്റുന്നിടത്താണ് നാം നില്‍ക്കുന്നത്. മനുഷ്യാധ്വാനത്തെ വളരെ കുറച്ചിട്ടുണ്ട്
പുസ്തക പ്രസിദ്ധീകരണത്തിന്റെ ചരിത്രം വളരെ വലുതാണ്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ ആയിരrക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെസൊപ്പൊട്ടേമിയ, ഈജിപ്ത് തുടങ്ങിയ പുരാതന നാഗരികതകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കളിമണ്‍ പാളികളും പാപ്പിറസ് ചുരുളുകളും ഉപയോഗിച്ചിരുന്നു.. ഏകദേശം 100 CE-ല്‍ ചൈനയില്‍ കടലാസ് നിര്‍മ്മാണത്തിന്റെ ആവിര്‍ഭാവം ഈ പ്രക്രിയയില്‍ വിപ്ലവം സൃഷ്ടിച്ചു, ഇത് പുസ്തകങ്ങളുടെ വന്‍തോതിലുള്ള നിര്‍മ്മാണത്തിന് കാരണമായി.
15-ആം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ജൊഹാനസ് ഗുട്ടന്‍ബെര്‍ഗ് നടത്തിയ ചലിക്കുന്ന തരത്തിലുള്ള അച്ചടിയുടെ കണ്ടുപിടുത്തം പുസ്തകങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍മ്മിക്കുന്നത് സാധ്യമാക്കി, ഇത് അച്ചടിച്ച വസ്തുക്കളുടെ ലഭ്യതയിലും അറിവിന്റെ വ്യാപനത്തിലും ഒരു പൊട്ടിത്തെറിക്ക് കാരണമായി.
സാങ്കേതിക പുരോഗതിക്കൊപ്പം പ്രസിദ്ധീകരണവും വികസിച്ചു. വ്യാവസായികവിപ്ലവം യന്ത്രവത്കൃത പ്രിന്റിംഗ് പ്രസ്സുകള്‍ കൊണ്ടുവന്നു, പുസ്തകങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രാപ്യമാക്കി. 19-ഉം 20-ഉം നൂറ്റാണ്ടുകളില്‍ പ്രസിദ്ധീകരണശാലകള്‍, സാഹിത്യ ഏജന്റുമാര്‍, പകര്‍പ്പവകാശ നിയമങ്ങള്‍ എന്നിവ ഉദയം കൊണ്ടു.ഇതൊക്കെ ഇന്ന് നമുക്കറിയാവുന്ന ആധുനിക പ്രസിദ്ധീകരണ വ്യവസായത്തെ രൂപപ്പെടുത്തി
20-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉണ്ടായ ഡിജിറ്റല്‍ വിപ്ലവം പ്രസിദ്ധീകരണത്തെ വീണ്ടും മാറ്റിമറിച്ചു. ഇ-ബുക്കുകള്‍, പ്രിന്റ് ഓണ്‍-ഡിമാന്‍ഡ് ടെക്‌നോളജി, ഓണ്‍ലൈന്‍ ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഈ പ്രക്രിയയെ കൂടുതല്‍ എളുപ്പമാക്കി.ഇത് രചയിതാക്കളെ പരമ്പരാഗത പ്രസിദ്ധീകരണ വഴികള്‍ മറികടന്ന് വായനക്കാരിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ സഹായിച്ചു.
Q ഡിജിറ്റല്‍ പ്രിന്റിംഗിന്റെ സവിശേഷതകള്‍ കുറച്ചു കൂടി വിശദമാക്കാമോ?
പുസ്തക പ്രസിദ്ധീകരണത്തിലെ പുതിയ പ്രിന്റിംഗ് സാങ്കേതികവിദ്യ ഡിജിറ്റല്‍ പ്രിന്റിംഗ് ആണ്. ഇതിന് പരമ്പരാഗത ഓഫ്‌സെറ്റ് പ്രിന്റിംഗിനെ അപേക്ഷിച്ച് നിരവധി നേട്ടങ്ങള്‍ ഉണ്ട്. ഡിജിറ്റല്‍ പ്രിന്റിംഗ് ഉപയോഗിച്ച്, ആവശ്യാനുസരണം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ കഴിയും. ഇത് ചെലവ് കുറയ്ക്കുന്നു. ഉയര്‍ന്ന നിലവാരമുള്ള പുസ്തകങ്ങള്‍ കാര്യക്ഷമമായി നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന പ്രസാധകര്‍ക്ക് ആകര്‍ഷകമായ ഓപ്ഷനാണിത്. മൂര്‍ച്ചയേറിയ ചിത്രങ്ങളും ചടുലമായ നിറങ്ങളുമുള്ള ഡിജിറ്റല്‍ പ്രിന്റിംഗിന്റെ ഗുണനിലവാരവും കൂടുതല്‍ മെച്ചമാണ്. മൊത്തത്തില്‍, ഡിജിറ്റല്‍ പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം പുസ്തക പ്രസിദ്ധീകരണ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ചു, കൂടുതല്‍ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിച്ചു.
Q ഇ_ പബ്ലിഷിംഗിനെക്കുറിച്ചു വിശദീകരിക്കാമോ?
ഇ-ബുക് പബ്ലിഷിംഗ് എന്നത് പുസ്തകങ്ങള്‍, മാഗസിനുകള്‍, അല്ലെങ്കില്‍ ഏതെങ്കിലും
ഉള്ളടക്കം ഇലക്ട്രോണിക് രീതിയില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിക്കുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ഇ-റീഡറുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഫോര്‍മാറ്റുകളാക്കി മെറ്റീരിയലുകള്‍ പരിവര്‍ത്തനം ചെയ്യുന്നു. ഫോണ്ട് വലുപ്പങ്ങള്‍ ക്രമീകരിക്കല്‍, പേജ് ലേഔട്ടുകള്‍, എന്നിങ്ങനെ വായനാക്ഷമതയ്ക്കായി ഉള്ളടക്കം ഫോര്‍മാറ്റ് ചെയ്യുന്നത് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍, വെബ്‌സൈറ്റുകള്‍ അല്ലെങ്കില്‍ ഇ-ബുക്ക് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയുള്ള വിതരണവും ഇ-ബുക്കിംഗ് പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുന്നു, ഇതിലൂടെ കുറച്ച് ക്ലിക്കുകള്‍ കൊണ്ട് ആഗോള പ്രേക്ഷകര്‍ക്ക് ഉള്ളടക്കം ആക്‌സസ് ചെയ്യാന്‍ കഴിയും. ഇത് രചയിതാക്കള്‍ക്കും പ്രസാധകര്‍ക്കും വായനക്കാരിലേക്ക് എത്തിച്ചേരാനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ മാര്‍ഗം നല്‍കുന്നു
Q മിഷണറി കാലത്തെ പ്രസ്, അച്ചടി, ലേ-ഔട്ട്, പ്രസാധനം എന്നിവയെക്കുറിച്ച് പറയാമോ?
ബെഞ്ചമിന്‍ ബെയ്‌ലി കേരളത്തിലെ ആദ്യത്തെ മലയാളം പ്രസ്സ് സ്ഥാപിച്ചതോടെ മലയാളം പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിന് വഴിതുറന്നു. ബെയ്‌ലിയുടെ വരവിന് മുമ്പ് കേരളത്തില്‍ നടത്തിയിരുന്ന അച്ചടി തമിഴിലായിരുന്നു. കേരളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം 'ഡോക്ട്രീന ക്രിസ്റ്റം എന്‍ലിംഗുവ മലബാര്‍ തമിള്‍ ' (Doctrina Christum Enlingua Malabar Tamul (1578)ആയിരുന്നു. തമിഴില്‍ കൊല്ലത്ത് ആണ് അച്ചടിച്ചത്. രണ്ടാമത്തെ പുസ്തകം 1579-ല്‍ കൊച്ചിയിലെ മദര്‍ ഓഫ് ഗോഡ് പ്രസില്‍ അച്ചടിച്ച 'ഡോക്ട്രിന ക്രിസ്റ്റ' ആയിരുന്നു. മൂന്നാമത്തെ പുസ്തകം Confessionario യും തമിഴിലായിരുന്നു. കൊച്ചിയില്‍ അച്ചടിച്ചതായി ചരിത്രകാരന്മാര്‍ വിശ്വസിക്കുന്ന മറ്റൊരു പുസ്തകം ഫാ. ഹെന്റിക്കസിന്റെ ഫ്‌ലോസ് സാങ്‌ടോറ (Flos Sanctorum)മാണ്. വത്തിക്കാനില്‍ അവശേഷിക്കുന്ന ഒരേയൊരു പുസ്തകത്തിന്റെ മുന്‍ഭാഗവും ആദ്യത്തെ ഏതാനും പേജുകളും കാണാതായതിനാല്‍, അത് എവിടെയാണ് അച്ചടിച്ചതെന്ന് ആധികാരികമായി പറയാന്‍ കഴിയില്ല. എന്നിരുന്നാലും, ഗ്രഹാം ഷാ തന്റെ സൗത്ത് ഏഷ്യ ബിബ്ലിയോഗ്രഫിയില്‍ പുസ്തകം കൊച്ചിയില്‍ അച്ചടിച്ചത് എന്നു പറയുന്നുണ്ട്.
ബെഞ്ചമിന്‍ ബെയ്‌ലി കേരളത്തില്‍ അച്ചടി തുടങ്ങുന്നതിന് മുമ്പ്, മലയാളം പുസ്തകങ്ങള്‍ അച്ചടിക്കാനും പ്രസിദ്ധീകരിക്കാനും കേരളത്തിന് പുറത്ത് ശ്രമങ്ങള്‍ നടന്നിരുന്നു. വിദേശത്ത് ആദ്യമായി അച്ചടിക്കപ്പെടുന്ന പുസ്തകം ഹോര്‍ത്തൂസ് മലബാറിക്കസ് (Horte Malabarici )ആണ്. 1678 നും 1693 നും ഇടയില്‍ ഫൂള്‍സ്‌കാപ്പ് വലുപ്പമുള്ള 12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കസ് 8000-ത്തോളം ചിത്രങ്ങളുടെ സഹായത്തോടെ കേരളത്തിലെ സസ്യങ്ങളെയും മരങ്ങളെയും വിവരിക്കുന്നു. അറബി, ലാറ്റിന്‍, സംസ്‌കൃതം, മലയാളം എന്നീ ഭാഷകളിലാണ് സസ്യശാസ്ത്ര നാമങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇട്ടി അച്യുതന്റെ രണ്ട് റിപ്പോര്‍ട്ടുകള്‍
ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം എഴുതുന്നതില്‍ എഴുത്തുകാരനെ സഹായിച്ചു. ഈ ലത്തീന്‍ പുസ്തകത്തില്‍ മലയാളത്തില്‍ രണ്ട് പ്രസ്താവനകളുണ്ട്: ഒന്ന് ഇട്ടി അച്യുതന്റെയും മറ്റൊന്ന് വ്യാഖ്യാതാവിന്റെയും. ഒന്ന് വട്ടെഴുത്ത് ലിപിയിലും മറ്റൊന്ന് മലയാളം ലിപിയിലും.മലയാളത്തില്‍ ഏതാനും ചെടികളുടെ പേരുകളും ഉണ്ട്. മലയാളത്തില്‍ വാക്കുകള്‍ ഉണ്ടായിരുന്നിട്ടും, പുസ്തകത്തിന് മലയാളം പുസ്തക പ്രസിദ്ധീകരണ ചരിത്രത്തില്‍ സ്ഥാനമില്ല.
മലയാളം ഭാഗികമായി ഉപയോഗിച്ചിട്ടുള്ള മറ്റൊരു പുസ്തകം,Alphabetum Grandanico Malabaricum sive Samscrudonium ആണ്.ക്ലെമന്റ് പിയാനിയോസിന്റെ ഈ പുസ്തകം ലാറ്റിന്‍ ഭാഷയിലാണ്.
ലഭ്യമായ വിവരങ്ങളുടെ വെളിച്ചത്തില്‍ മലയാള പുസ്തക പ്രസിദ്ധീകരണ ചരിത്രത്തിലെ ആദ്യത്തെ പുസ്തകം 'സംക്ഷേപവേദാര്‍ത്ഥം' ആണ്. വരാപ്പുഴ കര്‍മ്മലീത്താ ആശ്രമത്തില്‍ താമസിച്ചിരുന്ന ഇറ്റാലിയന്‍ ക്ലെമന്റ് പിയാനിയൂസ് എഴുതിയ ഇത് 1772-ല്‍ റോമിലെ ബഹുഭാഷാ പ്രസ്സില്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ ലിപ്യന്തരണം ചെയ്ത പകര്‍പ്പ് ഡിസി ബുക്‌സും തിരുവനന്തപുരംകാര്‍മല്‍ പബ്ലിഷിംഗ് സെന്ററും സംയുക്തമായി പ്രസിദ്ധീകരിച്ചു, അതിന്റെ വിവര്‍ത്തനവും വ്യാഖ്യാനവും സഹിതം. പുസ്തകത്തിന്റെ പൂര്‍ണ്ണമായ പേര് Compendiosa Legis Explanatio Omnibus Christianix Scitu Necessaria എന്നാണ്, പുസ്തകം സാധാരണയായി അറിയപ്പെടുന്നത് Cumbenti എന്നാണ്. ലാറ്റിന്‍ നാമത്തിലുള്ള ആദ്യ വാക്കിന്റെ ചുരുക്കെഴുത്ത്.
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ ഒരു ചെറിയ കുറിപ്പ് അവസാനമായാണ് കൊടുത്തിരിക്കുന്നത്.പേജ് 269-276 ല്‍. ഒരു അധ്യാപകനും അവന്റെ വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് പുസ്തകം. ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ക്രിസ്ത്യാനിറ്റിയുടെയും ആത്മീയതയുടെയും കര്‍ദ്ദിനാള്‍ തത്വങ്ങളെയും വിശ്വാസത്തെയും കുറിച്ചാണ്. സൃഷ്ടിയുടെ രഹസ്യം, മരണാനന്തര ജീവിതം അവതാരത്തിന്റെ രഹസ്യം, കുരിശിന്റെ അടയാളം, കര്‍ത്താവിന്റെ പ്രാര്‍ത്ഥന, ക്രിസ്തുമതത്തിന്റെ സിദ്ധാന്തങ്ങള്‍, ഏഴ് കൂദാശകള്‍, വിശുദ്ധിയും പാപവും തുടങ്ങിയവയെല്ലാം രചയിതാവ് വിശദീകരിക്കുന്നു. വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയിലാണ് രചന.
സംക്ഷേപവേദാര്‍ത്ഥത്തിന്റെ അച്ചടി മികവുറ്റതാണ്. 21 സെന്റീമീറ്റര്‍ നീളവും 14 സെന്റീമീറ്റര്‍ വീതിയുമുള്ള പുസ്തകത്തില്‍, 276 പേജുകളുണ്ട്. ഇന്ന് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ സാധാരണയായി ഡെമി 1/8 ലാണ്, ഇത് സംക്ഷേപവേദാര്‍ത്ഥത്തിന് സമാനമാണ് എന്നത് വളരെ രസകരമാണ്. തലക്കെട്ട് പേജ് ആദ്യ പേജാണ്. പുസ്തകത്തിന്റെ പേര് ലാറ്റിനിലും മലയാളത്തിലും അച്ചടിച്ചു. പ്രസിദ്ധീകരണ വര്‍ഷം മലയാളം, റോമന്‍ അക്കങ്ങളില്‍ നല്‍കിയിരിക്കുന്നു. ലത്തീന്‍, മലയാളം ഭാഷകളിലാണ് പ്രസിദ്ധീകരണ സ്ഥലം നല്‍കിയിരിക്കുന്നത്. പ്രസിദ്ധീകരണത്തിന് ഔദ്യോഗിക അംഗീകാരമുണ്ടെന്ന്, ലാറ്റിനിലും മലയാളത്തിലും നല്‍കിയിരിക്കുന്നു. ഇവ ടൈറ്റില്‍ പേജിലുണ്ട്. കൂടാതെ, അതില്‍ മനോഹരമായ ഒരു ചിത്രവും അച്ചടിച്ചിട്ടുണ്ട്. അടുത്ത പേജില്‍ ( half title page), സംക്ഷേപവേദാര്‍ത്ഥം എന്നുമാത്രമേ ഉള്ളൂ. പാഠം ആദ്യ പേജില്‍ തുടങ്ങുന്നു.പാഠത്തിന് മുമ്പ്, 'സര്‍വേശ്വരയേ നമ' എന്ന സംസ്‌കൃത പദങ്ങളില്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയാണ്. അങ്ങനെ മലയാളം, ലാറ്റിന്‍, സംസ്‌കൃതം എന്നീ മൂന്ന് ഭാഷകള്‍ ഈ പുസ്തകത്തില്‍ പ്രത്യക്ഷപ്പെടുന്നു.
'ആദ്യപാഠം', 'ദൈവത്തെക്കുറിച്ചും നമ്മുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഉള്ള അറിവ്' എന്നിവ ഉപശീര്‍ഷകങ്ങളായി കാണാം.തുടര്‍ന്ന് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള പ്രഭാഷണം.
മലയാള പ്രസിദ്ധീകരണ ചരിത്രത്തിലെ രണ്ടാമത്തെ പുസ്തകമാണ് ക്ലമന്റ് പിയാനിയോസിന്റെ Alphabetum Grandanico Malabaricum sive Samscrudonium (100 പഴഞ്ചൊല്ലുകള്‍). ഇത് 1791-ല്‍ റോമില്‍ അച്ചടിച്ചതാണ്. ഇതില്‍ 100 പഴഞ്ചൊല്ലുകള്‍ ലാറ്റിന്‍ വിവര്‍ത്തനത്തോടൊപ്പം നല്‍കിയിരിക്കുന്നു, ഇവയെല്ലാം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയില്‍ പ്രചാരത്തിലുള്ള പ്രയോഗങ്ങളും ഭാഷാപ്രയോഗങ്ങളും പദപ്രയോഗങ്ങളുമാണ്.ആദ്യം, മലയാളം പഴഞ്ചൊല്ല് നല്‍കിയിരിക്കുന്നു, അതിനു താഴെ ലാറ്റിന്‍ ഭാഷയിലുള്ള വിവര്‍ത്തനം - ഈ ക്രമത്തിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ചെറുകവിതകളുടെ രൂപത്തിലുള്ള നിരവധി സമകാലിക പ്രയോഗങ്ങളും പഴമൊഴികളും സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളം അച്ചടിയുടെ ഉത്ഭവം ആംസ്റ്റര്‍ഡാമിലായിരുന്നുവെങ്കിലും, ബ്ലോക്ക് പ്രിന്റിംഗിലെ പ്രശ്‌നങ്ങള്‍ കാരണം, പുസ്തക പ്രസിദ്ധീകരണത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിഞ്ഞില്ല. ചലിക്കുന്ന ടൈപ്പുകളുള്ള ആധുനിക അച്ചടിയുടെ ആസ്ഥാനമായിരുന്നു അക്കാലത്ത് റോം. അവിടെയുള്ള ബഹുഭാഷാ പ്രസ്സ് മലയാളം അച്ചടിയുടെയും പ്രസിദ്ധീകരണത്തിന്റെയും കളിത്തൊട്ടിലായി മാറി. അവിടെ നിന്ന് രണ്ട് മലയാളം പുസ്തകങ്ങള്‍ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂവെങ്കിലും അത് മലയാള പ്രസിദ്ധീകരണത്തില്‍ വളരെ ശ്രദ്ധേയമായ ഒരു സംഭവമായി മാറി. പുസ്തക പ്രസിദ്ധീകരണത്തിന്റെ അടുത്ത രംഗം ഇന്ത്യയിലെ ബോംബെയില്‍ ആണ് ആരംഭിക്കുന്നത്.മലയാളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേരളത്തിന് പുറത്ത് നടത്തിയ ശ്രമങ്ങള്‍ ബോംബെയിലെ കൊറിയര്‍ പ്രസില്‍ (കൊറിയര്‍ പ്രിന്റിംഗ് ഓഫീസ്) ആയിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കല്‍ക്കട്ടയിലും മദ്രാസിലും പ്രസ്സുകളുണ്ടായിരുന്നുവെങ്കിലും ബോംബെയില്‍ സ്വന്തമായി പ്രസ്സ് ഇല്ലായിരുന്നു. അതിനാല്‍, കമ്പനിയുടെ പ്രിന്റിംഗ് ജോലികള്‍ കൊറിയര്‍ പ്രസ് ചെയ്തു. 'ബോംബെ കൊറിയര്‍' എന്ന ദിനപത്രം പ്രസിദ്ധീകരിച്ചത് ഈ പ്രസില്‍ നിന്നാണ്. ഇംഗ്ലീഷില്‍ അച്ചടിക്കുന്നതിനായി റോമന്‍ ടൈപ്പുകള്‍ ശേഖരിക്കുന്ന കൊറിയര്‍ പ്രസ്സ് അക്കാലത്തെ ഒരു ബഹുഭാഷാ പ്രസ്സായി വളര്‍ന്നു. ജിജി ഭായ് ചപ്ക്കര്‍ എന്ന ജീവനക്കാരന്റെ വൈദഗ്ധ്യവും പ്രായോഗികജ്ഞാനവും പ്രയോജനപ്പെടുത്താന്‍ പ്രസിന് കഴിഞ്ഞു. ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന്‍ ഡങ്കന്റെ സഹായത്തോടെ മലയാളം ടൈപ്പുകള്‍ ഉണ്ടാക്കി. റോബര്‍ട്ട് ഡ്രമ്മണ്ടിന്റെ 'മലബാര്‍ ഭാഷയുടെ ഗ്രാമര്‍ ' (1799) ആയിരുന്നു കൊറിയര്‍ പ്രസില്‍ മലയാളം ടൈപ്പില്‍ അച്ചടിച്ച ആദ്യപുസ്തകം. ഈ വ്യാകരണ പുസ്തകം ഇംഗ്ലീഷില്‍ അച്ചടിച്ചതാണ് .ചില വാക്യങ്ങള്‍ മലയാളത്തിലായിരുന്നു.മലബാറില്‍ ജോലി ചെയ്യുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരുടെ പ്രയോജനം മുന്‍നിര്‍ത്തി നിര്‍മ്മിച്ചത് ആണത്.മലയാളം അച്ചടി ചരിത്രത്തില്‍ ഈ ഗ്രന്ഥത്തിന് പ്രാധാന്യമുണ്ടെങ്കിലും മലയാള പ്രസിദ്ധീകരണ ചരിത്രത്തില്‍ ഇതിന് വലിയ സ്ഥാനം നല്‍കാനാവില്ല.
1811-ല്‍ ബോംബെ കൊറിയര്‍ പ്രസില്‍ മലയാളത്തിലെ ആദ്യത്തെ പുസ്തകം അച്ചടിച്ചു, ആ പുസ്തകം നാല് സുവിശേഷങ്ങളുടെ സമാഹാരമായ ബൈബിള്‍ ആയിരുന്നു. മലയാള അച്ചടി ചരിത്രത്തിലെ മൂന്നാമത്തെ പുസ്തകമായിരുന്നു ഇത്. 1806-ലും 1808-ലും കേരളം സന്ദര്‍ശിച്ച ക്ലോഡിയസ് ബുക്കാനന്റെ പ്രേരണയുടെ ഫലമാണ് മലങ്കര മെത്രാപ്പോലീത്ത മാര്‍ ദിയനീഷ്യസ് ഒന്നാമന്റെ സഹായത്തോടെ നാലു സുവിശേഷങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. സുറിയാനി സഭയിലെ വൈദികനായിരുന്ന കായംകുളം ഫിലിപ്പോസ് റമ്പാന്‍ വിവര്‍ത്തനം ചെയ്തു. കേരളത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന സുറിയാനി ബൈബിള്‍. ബുക്കാനന്‍ ഒരു കൈയ്യക്ഷര പകര്‍പ്പ് ബോംബെയിലേക്ക് കൊണ്ടുപോയി, അത് സ്വന്തം ഉത്തരവാദിത്തത്തില്‍ അച്ചടിച്ചു. ഈ കൃതിയുടെ വിവര്‍ത്തനത്തിലും പ്രസിദ്ധീകരണത്തിലും പങ്കാളികളായതിനാല്‍ ബുക്കാനന്‍ ബൈബിള്‍, റമ്പാന്‍ ബൈബിള്‍ എന്നീ പേരുകളില്‍ ഈ ബൈബിള്‍ പരിഭാഷ അറിയപ്പെടുന്നു. കൊറിയര്‍ പ്രസില്‍ അച്ചടിച്ച ഈ പുസ്തകത്തെ കൊറിയര്‍ ബൈബിള്‍ എന്നും വിളിക്കുന്നു.
റമ്പാന്‍ ബൈബിളില്‍ മാത്യു, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സുവിശേഷങ്ങള്‍ അടങ്ങിയിരിക്കുന്നു, പുസ്തകത്തിന്റെ പേര് ഇംഗ്ലീഷിലും മലയാളത്തിലും അച്ചടിച്ചിരിക്കുന്നു.
ഈ പുസ്തകത്തിന് 26x19 വലിപ്പമുള്ള 564 പേജുകളുണ്ട്. സംക്ഷേപവേദാര്‍ത്ഥം മാതൃകയില്‍ പെട്ടതാണെങ്കിലും അല്‍പ്പം വലുതും ചതുരാകൃതിയിലുള്ളതുമായ ടൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, സംക്ഷേപവേദാര്‍ത്ഥം പോലെ, റമ്പാന്‍ ബൈബിളിന്റെ 'ലേഔട്ട്' ശാസ്ത്രീയമാണെന്ന് പറയാം.
മലയാളം അച്ചടിയുടെയും പ്രസിദ്ധീകരണത്തിന്റെയും പ്രാരംഭ ഘട്ടം ചരിത്രപരമായി വളരെ പ്രാധാന്യമുള്ളതാണെങ്കിലും, ഔട്ട്പുട്ട് 'ഒന്നോ രണ്ടോ' എണ്ണത്തിലായിരുന്നു, വാസ്തവത്തില്‍ അത് തുച്ഛവും നാമമാത്രവുമായ വശത്തായിരുന്നു.
ചുരുക്കത്തില്‍, കേരളത്തില്‍ അച്ചടി തുടക്കത്തില്‍ തമിഴിലായിരുന്നു. ശേഷം പുസ്തകങ്ങളുടെ അച്ചടിയും പ്രസിദ്ധീകരണവും കേരളത്തിന് പുറത്തായിരുന്നു. AD 1772 മുതല്‍ AD 1811 വരെയുള്ള നാല് ദശാബ്ദങ്ങളില്‍ മൂന്ന് പുസ്തകങ്ങള്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത് - സംക്ഷേപവേദാര്‍ത്ഥം, നൂറ് പഴഞ്ചൊല്ലുകള്‍, റമ്പാന്‍ ബൈബിള്‍. അതുപോലെ, ഈ പുസ്തകങ്ങളുടെ കോപ്പികള്‍ പരിമിതമായിരുന്നു. സംക്ഷേപവേദാര്‍ത്ഥവും റമ്പാന്‍ ബൈബിളും ആയിരുന്നു സാധാരണ വായനയ്ക്കുള്ള പുസ്തകങ്ങള്‍. ഇവ രണ്ടും പോലും കാര്യമായി പ്രയോജനപ്പെടുമായിരുന്നില്ല, കാരണം, ഭൂരിഭാഗം ആളുകളും നിരക്ഷരരായിരുന്നു. ഇക്കാരണങ്ങളാല്‍, അച്ചടിയും പ്രസിദ്ധീകരണവും ലോകമെമ്പാടും എത്തിച്ച ആശയങ്ങളുടെയും അറിവുകളുടെയും വിസ്‌ഫോടനത്തില്‍ നിന്ന് വ്യത്യസ്തമായി, മലയാളത്തിലെ പ്രസാധനത്തിന്റെ പ്രാരംഭ ഘട്ടത്തിനോ ആദ്യ പുസ്തകങ്ങള്‍ക്കോ കേരളത്തില്‍ ഒരു മാറ്റവും വരുത്താന്‍ കഴിഞ്ഞില്ല.
ബെഞ്ചമിന്‍ ബെയ്‌ലി കോട്ടയത്ത് സിഎംഎസ് പ്രസ് സ്ഥാപിച്ചപ്പോള്‍ അച്ചടിയുടെയും പ്രസിദ്ധീകരണത്തിന്റെയും ചരിത്രത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭമായി മാറി. ബെഞ്ചമിന്‍ ബെയ്‌ലി സിഎംഎസ് പ്രസില്‍ അച്ചടിച്ച പുസ്തകങ്ങളുടെ വൈവിധ്യവും അളവും അതിശയിപ്പിക്കുന്നതായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യ സമരങ്ങളുടെ സന്ദര്‍ഭത്തിലാണ് അച്ചടി ജനകീയമായത്. ജനങ്ങള്‍ക്ക് പൊതുവായ ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ പുസ്തക പ്രസാധനം പ്രസക്തമായി മാറുകയുള്ളൂ.
Q 2022 ലെ പുസ്തക വിതരണ പ്രസാധന സംരക്ഷണനിയന്ത്രണ ബില്‍ എന്തെങ്കിലും പ്രയോജനമുണ്ടാക്കിയോ ? സര്‍ക്കാര്‍ മേഖലയിലെ പ്രസാധന സ്ഥാപനങ്ങള്‍? ലൈബ്രററി കൗണ്‍സിലിന്റെ പുസ്തക മേളകള്‍ ? ലാഭം മാത്രം ലക്ഷ്യം വയ്ക്കുന്ന പ്രസാധകശാലകള്‍ ഇവയെക്കുറിച്ചൊക്കെ എന്താണ് അഭിപ്രായം?
പുസ്തകവിതരണ പ്രസാധന സംരക്ഷണനിയന്ത്രണ ബില്‍ കൊണ്ട് നിലവില്‍ പ്രത്യേക പ്രയോജനമൊന്നും ഉള്ളതായി അറിയില്ല. ലൈബ്രററി കൗണ്‍സില്‍ പുസ്തകോത്സവങ്ങളില്‍ അതത് ജില്ലാ ലൈബ്രററി കൗണ്‍സില്‍ അംഗങ്ങളുടെ ഇടപെടല്‍ ചില പ്രത്യേക പ്രസാധകര്‍ക്കു ഗുണം ചെയ്യുന്നരീതിയില്‍ മാത്രമായിപ്പോകുന്നു. സാഹിത്യസംബന്ധിയായ പുസ്തകങ്ങളുടെ കുത്തകാവകാശം പേറുന്ന ചില മുതലാളിമാരുടെ പോക്കറ്റിലേക്ക് മാത്രം നികുതിപ്പണം ഒന്നായി എത്തിപ്പെടുന്നതായി മനസിലാക്കുന്നു. ഇത്തരം മേളകളില്‍ എത്തിപ്പെടുന്ന മുഴുവന്‍ പ്രസാധകരുടെയും പുസ്തകങ്ങളെ സംബന്ധിച്ച് എല്ലാ ഗ്രന്ഥശാലകള്‍ക്കും അറിവുണ്ടാകണം. സംസ്ഥാന/ജില്ലാ ലൈബ്രററി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ കാറ്റലോഗുകളിലൂടെ കൃത്യമായ പരിചയപ്പെടുത്തലുകള്‍ നടത്തണം. ഒപ്പം എല്ലാ പ്രസാധകരുടെ സ്റ്റാളുകളിലും അതത് ജില്ലയിലെ എല്ലാ ഗ്രന്ഥശാലാപ്രവര്‍ത്തകരും എത്തിപ്പെടാന്‍ പാകത്തില്‍ എന്തെങ്കിലും മത്സരങ്ങളോ / സമ്മാനങ്ങളോ ഏര്‍പ്പെടുത്തുക. പുസ്തകപ്രസാധനം മൂലധനവ്യവസായമായി മാറിക്കഴിഞ്ഞു. നൂതനസാങ്കേതികവിദ്യകള്‍ പരീക്ഷിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത് ഈ രംഗം മികവുറ്റതാക്കുന്നതോടൊപ്പം അനാരോഗ്യവാണിജ്യതാല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിനും ഇത്തരം മൂലധന ശക്തികളുടെ അമിതമായ ഇടപെടല്‍ കാരണമാകുന്നുണ്ട്. ഉത്പാദനത്തിലും അച്ചടിയിലും വിതരണത്തിലും പുതുമകള്‍ അനിവാര്യമാണ് എന്നിരുന്നാലും എല്ലാ പുസ്തകങ്ങളുടെയും പകര്‍പ്പവകാശ കുത്തക ഒന്നോ രണ്ടോ മുതലാളിമാരില്‍ കേന്ദ്രീകരിക്കുമ്പോള്‍ പ്രസാധനത്തിലെ ജനാധിപത്യവ്യവസ്ഥിതി ലംഘിക്കപ്പെടുന്നു, സേച്ഛാധിപത്യ പ്രവണതകള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ദീര്‍ഘകാലം സൂക്ഷിച്ചു വെക്കേണ്ട കൃതികള്‍ ഗുണനിലവാരമില്ലാത്ത പേപ്പറുകളില്‍ അച്ചടിച്ച് ഉയര്‍ന്ന വിലയ്ക്ക് വിപണിയിലെത്തുന്നു. മുതലാളിത്തത്തിന്റെ ഇത്തരം ചൂഷണങ്ങള്‍ ഒഴിവാകണമെങ്കില്‍ പ്രസാധനത്തില്‍ മൂലധനശക്തികളുടെ അമിത ഇടപെടല്‍ ഒഴിവാക്കപ്പെടണം.
Q പുസ്തകപ്രസാധന രംഗത്ത് നിലകൊള്ളുമ്പോള്‍ എന്തൊക്കെ ലക്ഷ്യങ്ങളാണുഉള്ളത് ?
മലയാളഭാഷയ്ക്ക് പുറത്ത് മറ്റെല്ലാ ഭാഷകളിലും എല്ലാ ജ്ഞാനശാഖകളിലുമുള്ള വൈജ്ഞാനിക കൃതികള്‍ പ്രസാധനം ചെയ്യണം. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ മികച്ച രചനകള്‍ കണ്ടെത്തി പുസ്തകമാക്കണം. 'പുസ്തകലോകം പൈതൃകഗ്രന്ഥാവലി' പരമ്പരയില്‍ ഉള്‍പ്പെടുത്തി മണ്‍മറഞ്ഞ ഗ്രന്ഥകാരന്‍മാരുടെ പഠനഗ്രന്ഥങ്ങളും കൃതികളും പുന:പ്രസാധനം ചെയ്യണം.
അക്കാദമിക വൈജ്ഞാനികഗ്രന്ഥങ്ങള്‍ക്കപ്പുറം കഥ,കവിത,നോവല്‍, ജീവചരിത്രം, ആത്മകഥ, നാടകം തുടങ്ങിയ സാഹിത്യപുസ്തകങ്ങളുടെ പ്രസാധനത്തിനും വിതരണത്തിനുമായി Bookjinn പബ്ലിക്കേഷന്‍ എന്ന പേരില്‍ ഒരു പ്രസാധനസംരംഭം 2024 ല്‍ ആരംഭിക്കുന്നുണ്ട്.