top of page

നവീനകാലമാര്‍ക്സിയന്‍ ഭാഷാശാസ്ത്രം

സിദ്ധാന്തവിമർശനം

ഭാഷയുടെ സാമുഹിക പ്രസക്തിയെക്കുറിച്ചും ഭാഷയുടെ ധർമ്മങ്ങളെക്കുറിച്ചുമൊക്കെയുള്ള ധാരാളം ‍സിദ്ധാന്തങ്ങളും വീക്ഷണങ്ങളുമെല്ലാം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, സാമുഹികശാസ്ത്രങ്ങളിൽ നിന്നും സാഹിത്യത്തിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഒരു മാർക്സിയൻ ചിന്താസരണി ഇവിടെ ഉണ്ടായിട്ടില്ല. ഭാഷ എന്താണ് എന്നതിനെ കുറിച്ച് അടിസ്ഥാനപരമായൊരു സിദ്ധാന്തം ഉണ്ടായിട്ടില്ല. അതേ സമയം മർക്സിസത്തിന്റെ പ്രകടമായ സ്വാധീനം ഭാഷാശാസ്ത്രത്തിന്റെ ചില മേഖലകളിൽ കാണാം . അതിനെ കുറിച്ചാണ് നാം സംസാരിക്കുന്നത്.

അതിലേക്ക് കടക്കുന്നതിന് മുമ്പ് ഭാഷാശാസ്ത്രത്തിന്റെ രൂപീകരണത്തിൽ തന്നെ മാർക്സിസത്തിന്റെ പരോക്ഷമായൊരു സ്വാധീനമുണ്ട് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.ഇതു പൊതുവെ ആരും ശ്രദ്ധിക്കാത്തൊരു കാര്യമാണ്. നമുക്കറിയാം ഫെർഡിനാന്റെ ഡി സസൂറിന്റെ പ്രഭാഷണങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം ഒരു പുസ്തകമായി ശിഷ്യർ പ്രസിദ്ധീകരിച്ചതിൽ നിന്നാണ് ആധുനിക ഭാഷാശാസത്രത്തിന്റെ തുടക്കം.ഈ പുസ്തകത്തിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലും സസൂർ പങ്കുവെക്കുന്ന ഒരു പ്രധാന ആശയം, ഭാഷ എന്നത് പദങ്ങളുടെ ഒരു കൂമ്പാരമല്ല. പക്ഷേ അതിലേക്ക് കടക്കുന്ന ഒരു വ്യവസ്ഥ ഭാഷയിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. പക്ഷേ, എവിടെ നിന്നാണ് സസൂർ ഈ ആശയത്തിലേക്കെത്തുന്നത്. ഇവിടെ സസൂറിനെ സ്വാധീനിച്ച രണ്ട് ചിന്താധാരകൾ ഉണ്ട്.

1. ഫ്രോയിഡിന്റെ ചിന്തകള്‍

2. മാക്സിന്റെ ചിന്തകള്‍

കാരണം സസൂർ ഈ ചിന്തകൾ രൂപീകരിക്കുന്ന കാലത്ത് പാശ്ചാത്യലോകത്തെ വളരെ സ്വാധീനിച്ച രണ്ട് ചിന്താധാരകളാണ് ഇവ രണ്ടും .ഇവയിലൂടെ നമുക്ക് ബാഹ്യമായ ചില സൂചനകളിലൂടെ മാത്രം അറിയാൻ കഴിയുന്ന ചില വ്യവസ്ഥകളുടെ ആന്തരഘടനയെന്തെന്ന് അന്വേഷിക്കുകയുമുണ്ടായി. ഫ്രോയി‍ഡ് മനസ്സിന്റെ ഘടനയെന്തെന്ന് അന്വേഷിച്ചതു പോലെ ,മാർക്സ് സമൂഹത്തിന്റെ ഘടനയെന്തെന്ന് അന്വേഷിക്കുകയുണ്ടായി. ഇതിനു സമാനമായ ഒരന്വേഷണം സസൂർ നടത്തുകയുണ്ടായി. അതുകൊണ്ട് അവിടെയൊരു മാർക്സിയൻ സ്വാധീനം പരോക്ഷമായിട്ടെങ്കിലും ഉണ്ട്. സസൂർ നേരിട്ട് ഈ ആശയങ്ങൾ മനസിലാക്കിയിട്ടുണ്ടോയെന്ന് നമുക്കറിയില്ല. പക്ഷേ ആ കാലഘട്ടത്തിന്റെ ഒരു ചിന്താധാരയിലൂടെയാണ് സസൂർ സഞ്ചരിച്ചിരുന്നത്. അതിനാൽ, മാർക്സിസം ഭാഷാശാസ്ത്രത്തിന്റെ തുടക്കത്തിൽത്തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതാണ് ഇതിന്റെ ഒരുവശം, രണ്ടാംവശം പിൽക്കാലത്തുണ്ടായതാണ്. അതിനിടക്ക് ചില മാർക്സിയൻ ചിന്തകരും ഭാഷാശാസ്ത്രപ്രശ്നങ്ങളെ കുറിച്ച് ചർച്ചയും വീക്ഷണങ്ങളുമെല്ലാം മുന്നോട്ടുവെക്കുന്നുണ്ട്. രണ്ടാമത്തെ സ്വാധീനമുണ്ടാകുന്നത് സാമൂഹിക ഭാഷാശാസ്ത്രം എന്ന മേഖല ഉടലെടുത്തതിലൂടെയാണ്. അവിടെ മാർക്സിയൻ ചിന്താധാരകൾ വളരെ പ്രകടമായി രൂപപ്പെട്ടിട്ടുണ്ട്. മറ്റൊന്ന് വ്യവഹാരാപഗ്രഥനം(discourse analysis) എന്ന് പറയുന്നതിനകത്ത് Critical discourse analysis എന്നൊരു ചിന്താധാര രൂപപ്പെടുകയുണ്ടായി.ഇവിടെയാണ് മാർക്സിസത്തിന്റെ പ്രകടമായ ഒരു സ്വാധീനം കാണാവുന്നത് .

ഇതിലേക്ക് കടക്കുന്നതിന് മുമ്പ് ഭാഷയെ കുറിച്ചുള്ള ചില മാർക്സിയൻ സങ്കല്പനങ്ങൾ നോക്കാം. ആദ്യം പറഞ്ഞ പോലെ ഭാഷയെകുറിച്ചൊരു സിദ്ധാന്തമോ വിശദമായൊരു വീക്ഷണമൊ മാർക്സിസം അവതരിപ്പിക്കുന്നില്ല. അതേസമയം, ഭാഷയുടെ സാമൂഹിക പ്രസക്തിയും ധർമവും എന്താണ് എന്ന് മാർക്സിയൻ ചിന്തകർ പരിശോധിക്കുന്നുണ്ട് .മാർക്സിന്റെ രചനകളിൽ തന്നെ ഇങ്ങനെ ചിലത് കാണാം. ഇവയിൽ പ്രധാനപ്പെട്ട ഒന്ന്, ഈ ലോകം, പ്രകൃതി, മനുഷ്യൻ തുടങ്ങിയ സങ്കല്പങ്ങളിൽ നാം ഉപയോഗിക്കുന്നത് ഭാഷയിലെ സംപ്രത്യയങ്ങളാണ് എന്ന് മാക്സിയൻ ചിന്ത തിരിച്ചറിയുന്നുണ്ട്.ഇവ ഭാഷയിൽ നിന്ന് വേർപ്പെടുത്തിയെടുക്കാൻ കഴിയുന്നവയല്ല.നിത്യജീവിതത്തിലെ ചിന്തകളിലും മറ്റ് സങ്കല്പനങ്ങളിലുമെല്ലാം കടന്നു വരുന്ന ഇത്തരം ആശയങ്ങൾ അടിസ്ഥാനപരമായി ഭാഷാസംപ്രത്യയങ്ങളാണ്.ഇതു വളരെ പ്രധാനപ്പെട്ടൊരു തിരിച്ചറിവാണ്. ഭാഷയെ നമ്മളെങ്ങനെ സമീപിക്കണം അഥവാ ഭാഷാപഠനത്തിന്റെ ധർമ്മം എന്തായിരിക്കണം എന്നിവ ഇവിടെ സുചിപ്പിക്കപ്പെടുന്നുണ്ട്.

രണ്ടാമത്, മാർക്സ് തന്നെ പറയുന്നുണ്ട് ഭാഷ എന്നത് മനുഷ്യന്റെ അവബോധം അല്ലെങ്കിൽ പ്രജ്ഞയാണ്. അവബോധത്തിന്റെ പ്രായോഗികരൂപമാണ് ഭാഷ എന്നും അദ്ദേഹം പറയുന്നുണ്ട്.ഭാഷ രൂപപ്പെടുന്നത് തന്നെ മറ്റുള്ളവരുമായി ഇടപെടുക എന്ന ആവശ്യത്തിലൂടെയാണ്.ഇത് മാർക്സിയൻചിന്തയിലെ വളരെ പ്രസക്തമായ ഒരു ആശയമാണ്. മനുഷ്യനെ രൂപപ്പെടുത്തുന്നത് തൊഴിലാണ്.അതിലൂടെയാണ് മനുഷ്യന്റെ പരിണാമം സംഭവിക്കുന്നത്.മനുഷ്യന്റെ ഭൗതികവും, സാംസ്കാരികവുമായ അസ്തിത്വം രൂപപ്പെടുന്നത്.ഇതിനു സമാനമായൊരു ആശയമാണ് മാർക്സ് പറഞ്ഞ മനുഷ്യന്റെ അവബോധത്തിന്റെ പ്രായോഗിക രൂപമാണ് ഭാഷ എന്നത്. ഇതിനെ കടന്നുപോകുന്നൊരു ചിന്തയാണ്.

ഭാഷാശാസ്ത്രത്തിന്റെ മേഖലയിലേക്ക് തന്നെ വരുകയാണെങ്കിൽ മാർക്സിയൻ ചിന്തയുടെ സ്വഭാവമെന്തെന്ന് അറിയാൻ വേണ്ടി ഭാഷാശാസ്ത്രത്തിന്റെ രീതി പദ്ധതിയും പിന്നീട് രൂപപ്പെട്ട സാമൂഹികഭാഷാശാസ്ത്രത്തിന്റെ രീതിപദ്ധതിയും തമ്മിൽ താരതമ്യം ചെയ്ത് നോക്കിയാലതിന്റെ വ്യത്യാസം മനസിലാകും.പ്രത്യേകിച്ച് സാമൂഹികഭാഷാശാസ്ത്രത്തിൽ മാർക്സിയൻചിന്തകളുടെ വളരെ പ്രകടമായ സ്വാധീനമുണ്ട്.ഘടനാവാദത്തെ സംബന്ധിച്ചിടത്തോളം ഭാഷാവിശകലനത്തിന്റെ ലക്ഷ്യം ഒരു ഭാഷയുടെ നിയമങ്ങൾ കണ്ടെത്തുക എന്നതാണ്. മറ്റൊരു തരത്തിൽ പറഞ്ഞാലതിന്റെ ഘടനയെന്തെന്ന് തിരിച്ചറിയുക എന്നതാണ്.ഈ ഘടനയുടെ അടിസ്ഥാനത്തിലാണ് ഭാഷാശാസ്ത്രത്തിൽ പ്രവർത്തിക്കുന്നത്. സാമൂഹിക ഭാഷശാസ്ത്ര സന്ദർഭം വിശകലനം ചെയ്യണമെങ്കിൽ ഈ ഘടന അതിനു മുമ്പ് നമ്മുടെ കൈവശമുണ്ടായിരിക്കണം.അതിന്റെ അടിസ്ഥാനത്തിലാണ് ഈ സാമൂഹികഭാഷദേദങ്ങൾ അല്ലെങ്കിൽ ഭാഷയിലെ സാന്ദർഭികവ്യതിയാനങ്ങളെ വിശകലനം ചെയ്യണമെങ്കിൽ ഘടനാപരമായൊരു അടിത്തറ ആദ്യം നമുക്കുണ്ടായിരിക്കണം.ഇതാണ് ഭാഷാശാസ്ത്രത്തിന്റെ പ്രത്യേകിച്ച് ഘടനാവാദ ഭാഷാശാസ്ത്രത്തിന്റെ രീതി.സാമൂഹികഭാഷാശാസ്ത്രം ഇതിനെ നേരെ തിരിച്ചിടുകയാണ് ചെയ്യുന്നത്. അതായത്, ഭാഷ ഒരു സാമൂഹികനിർമിതിയാണ്.ഘടന എന്നത് പിന്നീടു വരുന്നതാണ്.ഘടന നാം കണ്ടെത്തുന്നത് തന്നെ സമൂഹത്തിൽ നിന്നാണ് എന്നത് മാറ്റി നിർത്തിക്കൊണ്ട് നമുക്ക് ഘടന കണ്ടെത്താനാവില്ല. ഭാഷ എന്നത് അടിസ്ഥാനപരമായി ഒരു സാമൂഹികപ്രതിഭാസമാണ്. അതാണ് നാം ഘടനയായി വിവരിക്കുന്നത് .ഈ രണ്ട് രീതികൾ സാമൂഹികഭാഷാശാസ്ത്രത്തിൽ രണ്ട് വ്യത്യസ്ത ധാരകളുണ്ടാക്കിയിട്ടുണ്ട്.ക്ലാസിക്കൽധാര അല്ലെങ്കിൽ classical linguistics/സാമൂഹിക ഭാഷാശാസ്ത്രം എന്നു പറയുന്നത് ഭാഷയും സമൂഹവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യുക എന്നുള്ളതാണ്.രണ്ടാമത്തേത് ഒരുപക്ഷേ, ഭാഷാശാസ്ത്രത്തിൽ അത്ര പ്രാമുഖ്യം നേടിയിട്ടില്ലാത്ത, മാര്‍ക്സിയൻ സ്വാധീനത്തില്‍ ഉണ്ടായിട്ടുള്ളതാണ്.sociology of language എന്ന് പറയാം. അവിടെ ഭാഷയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വിശകലനം ചെയ്യുക എന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്.ഇതിൽ നിന്നാണ് നേരത്തെ പറഞ്ഞ വ്യവഹാരവിശകലനത്തിന്റെ രീതികളും ഉണ്ടായിട്ടുള്ളത്.ഇവിടെ പ്രകടമായ മാർക്സിയൻ ചിന്തയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. മാര്‍ക്സിയൻ ചിന്തയിൽ, ഭാഷയെ കുറിച്ചുള്ള പ്രധാനപ്പെട്ട ഒരാശയം, ഭാഷ ഒരേ സമയം സാമൂഹികമായി നിർമ്മിക്കപ്പെടുന്നതും, സമൂഹത്തെ നിർമ്മിക്കുന്നതുമാണ്.language is socially determined and it is socially determinative. ഇങ്ങനെയൊരു ഇരട്ടധർമ്മം അല്ലെങ്കിൽ രണ്ട് വശത്തുനിന്ന് ഭാഷയെ വീക്ഷിക്കുന്ന ഒരു സമീപനം ഘടനാവാദത്തിന്റെ രീതി പദ്ധതികളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ്.ഭാഷ സമൂഹത്താൽ നിർമ്മിതമാവുകയാണ്.അതേ സമയം ഭാഷ സമൂഹത്തെ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്.ഈയൊരു അടിത്തട്ടിൽ നിന്നുകൊണ്ടാണ് ഭാഷയെ വിശകലനം ചെയ്യുന്നത് .ഇവിടെ നാം വ്യത്യസ്ത കാലഘട്ടങ്ങളിൽ ,മാർക്സിന്റെ കാലം തൊട്ടിങ്ങോട്ട് നോക്കിക്കഴിഞ്ഞാൽ മാർക്സിയൻ ചിന്തകർ ഭാഷയെ വിശകലനം ചെയ്യാൻ ശ്രമിച്ചതിന് രണ്ട് തലങ്ങളുണ്ട്.പലപ്പോഴുമിത് ഭാഷശാസ്ത്രവുമായും ഭാഷാശാസ്ത്രത്തിലെ വീക്ഷണങ്ങളുമായും പൊരുത്തപ്പെടാറില്ല.

വളരെ ഗൗരവമായി നമ്മൾ കാണേണ്ട രണ്ടു വശങ്ങളാണ് ഇനി സൂചിപ്പിക്കുന്നത്.ഇതിലൊന്ന് ഭാഷ ഒരു പ്രവർത്തനമാണ് എന്നതാണ്.ഭാഷ ഒരു ഘടനയാണെന്ന് പറയുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണിത് .കാരണം അതിന്റെ സാമൂഹികാസ്തിത്വത്തെയാണ് ഊന്നിപ്പറയുന്നത്. ഭാഷയെ പ്രവർത്തനമായിട്ടുള്ള അല്ലെങ്കിൽ സന്ദർഭത്തിൽ പ്രയോഗിക്കുന്ന പ്രക്രിയയായിട്ടുള്ള വീക്ഷണങ്ങൾ ഭാഷാശാസ്ത്രത്തിലുമുണ്ട്.അതാണ് വ്യവഹാരവിശകലനം തുടങ്ങിയവയിലൊക്കെ ഉണ്ടായിട്ടുള്ളത്. പക്ഷേ അവിടെയുള്ള ഒരു വ്യത്യാസം മാർക്സിസത്തിൽ രൂപപ്പെട്ടിട്ടുള്ള ഈ അടിസ്ഥാന കാഴ്ച്ചപ്പാട് അവിടെയൊന്നുമില്ല. ഒരു പ്രയോഗ പദ്ധതിയായിട്ട് വിശകലനം ചെയ്യുകയാണ് അതിൽ.

രണ്ടാമത്തെത്, സാമൂഹികവും ചരിത്രപരവുമായ ഒരു പശ്ചാത്തലത്തിലുള്ള പ്രാധാന്യം. വേണമെങ്കിൽ ഭാഷയുടെ ചരിത്രം എന്നുപറയാം.ഇത് ഘടനാവാദ ഭാഷശാസ്ത്രത്തിന്റെ അടിസ്ഥാന വീക്ഷണങ്ങൾക്ക് നേരേ വിപരീതമായിട്ടുള്ള ഒന്നാണ് കാരണം, ചരിത്രത്തെ സമ്പൂർണ്ണമായ് തള്ളിക്കളയുകയാണ് സസൂർ ചെയ്തത്.സസൂറിന് മുമ്പുള്ള ഭാഷാശാസ്ത്രമായ ഫിലോളജി എന്നുപറയുന്നത്, ഭാഷാശാസ്ത്രമെന്നത് ഭാഷയുടെ ചരിത്രമാണ് എന്ന വീക്ഷണമാണ് മുന്നോട്ട് വെക്കുന്നത്.സസൂര്‍ ഇത് തിരുത്തി, ഭാഷ ജീവിക്കുന്ന ഒന്നാണ്, അതതിന്റെ ജൈവസന്ദർഭത്തിൽ വിശകലനം ചെയ്യണം ചരിത്രമെന്നുള്ളത് ജീവിക്കുന്ന ഒന്നല്ല എന്ന വീക്ഷണത്തിലാണ് ചെന്നെത്തുന്നത്. പക്ഷേ മാർക്സിയൻ ചിന്തയിൽ ഭാഷയുടെ ചരിത്രം അല്ലെങ്കിൽ സാമൂഹിക സാംസ്കാരിക സന്ദർഭം എന്നു പറയുന്നത് മറ്റൊന്നാണ്.ഭാഷയെ കുറിച്ചുള്ള ഉപകരണപരമായ സങ്കല്പനങ്ങൾ അതായത് instrumental view of language എന്ന് പറയുന്നത് മാർക്സിയൻ ചിന്തകർ പൂർണമായും തള്ളിക്കളയുന്നു.പക്ഷേ ഭാഷാശാസ്ത്രത്തിൽ, ഭാഷ ഒരു ആശയവിനിമയോപാധിയാണ് എന്ന ആശയത്തിന് വളരെ പ്രാധാന്യമുണ്ട്.ഈ ഉപകരണയുക്തിയില്‍ നിന്ന് മാറിക്കഴിഞ്ഞാൽ മാർക്സിസം എന്താണ് മുന്നോട്ടു വെക്കുന്നതെന്ന് നമുക്ക് നോക്കാം.

ഇതൊരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.ഘടനാവാദ ഭാഷാശാസ്ത്രത്തിന്റെ അടിസ്ഥാനവീക്ഷണം ഭാഷ ഒരു ചിഹ്നവ്യവസ്ഥയാണ് എന്നതാണ്.അതിൽ സസൂർ മുന്നോട്ടു വെച്ച പ്രധാന ആശയം ഈ ചിഹ്നങ്ങൾ എന്നത് അനൈച്ഛികമാണ്,മരം എന്ന ഒരു പദം വസ്തുവിനെ കുറിക്കുന്ന ചിഹ്നമാണ്. ഈ ചിഹ്നവും ഈ വസ്തുവും തമ്മിലുള്ള ബന്ധം എന്നത് പ്രത്യേകിച്ച് സാംഗത്യമൊന്നുമില്ല. എന്തെങ്കിലും പ്രത്യേകിച്ച് കാരണമുള്ളതുകൊണ്ടല്ല, അതിനെ മരം എന്നു വിളിക്കുന്നത്, മറ്റൊരു പദം വേണമെങ്കിൽ അവിടെ ചേർക്കാം.എന്നാല്‍ മാർക്സും തുടർന്ന് വന്ന മാർക്സിയൻ ചിന്തകരും ചൂണ്ടിക്കാണിക്കുന്ന ഒന്ന് ഈ ചിഹ്നങ്ങളുടെ തിരഞ്ഞെടുപ്പിൽ തന്നെ സമൂഹത്തിന്റെ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നുണ്ട് എന്നാണ്.ഏതൊരു പദവും ഇത്തരത്തിൽ തെരഞ്ഞെടുക്കാൻ കഴിയില്ല. ഉദാഹരണം ധനം എന്നർത്ഥത്തിൽ സംസ്കൃതത്തിലൊരു പദമാണ് വിത്തം.വിത്തമെന്ന് പറഞ്ഞാൽ സമ്പത്ത്, ധനം എന്നൊക്കെയുള്ള അർത്ഥം.ഈ പദം എവിടെ നിന്നും വന്നതാണ് എന്നു നോക്കുമ്പോള്‍ ഇതിനൊരു സാധ്യത, ഈ പദം ദ്രാവിഡ ഭാഷയിലെ 'വിത്ത്'(Seed) എന്ന പദത്തിൽ നിന്നാണ് വന്നിരിക്കുന്നത് എന്ന് കാണാം.എന്തുകൊണ്ടിങ്ങനെ പറയുന്നു, തെളിവെന്ത് എന്നത് പറയാൻ കഴിയില്ല.എങ്കിലും ഒരു Hypothetic example ആയി എടുക്കാം. ഒരു കാലത്ത് നമ്മുടെ ധനം വിത്താണ്. കൃഷി കഴിഞ്ഞ് എത്ര വിത്ത് ശേഖരിച്ച് വെക്കാൻ കഴിയുന്നു എന്നതനുസരിച്ചാണ് ഒരാളുടെ ധനം കണക്കാക്കുക.അതിൽ നിന്നായിരിക്കും വിത്തം - ധനം എന്നർത്ഥം വരുന്നത്. പക്ഷേ ഇന്നങ്ങനെ ഒരർത്ഥമില്ല.സമ്പത്ത് എന്ന അർത്ഥം മാത്രമെയുള്ളു.

മാർക്സിയൻ ചിന്തയിൽ പറഞ്ഞത് പോലെ പദത്തിന്റെ തെരഞ്ഞെടുപ്പ് പോലും നിഷ്പക്ഷമല്ല. അവിടെ പ്രത്യയശാസ്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്, നമ്മുടെ ഉല്പാദനരീതികളാണ് നമുക്ക് വാക്കുകളെ നൽകുന്നത്.അധികാരബന്ധങ്ങളവിടെ സൂചിതമാകുന്നുണ്ട്.ഉദാഹരണങ്ങളിലൂടെ നമുക്കത് വിശദീകരിക്കാനാവും.ഒരുദാഹരണം നോക്കിയാൽ മാർക്സിയൻ ചിന്തകർ മാർക്സിയൻ ചിന്തയുടെ അടിസ്ഥാന ആശയങ്ങൾ പലതും ഭാഷയിൽ പ്രയോഗിക്കാൻ നോക്കിയിട്ടുണ്ട്.സോഷ്യോലിംഗ്വ സ്റ്റിക്സൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സ്റ്റാൻലിൻ തന്നെ ഭാഷയെക്കുറിച്ച് ഒരുപാട് ചിന്തിക്കുകയും എഴുതുകയുമെല്ലാം ചെയ്തിട്ടുണ്ട്. അദ്ദേഹം മുന്നോട്ട് വെക്കുന്ന ഒരു പ്രധാന ആശയം മാർക്സിയൻ ചിന്തയിൽ വളരെ പ്രധാനപ്പെട്ടതാണ് ഉപരിഘടനയും അടിത്തറയും(Base and Super structure).ഭാഷ എന്നത് അടിത്തറയാണോ ഉപരിഘടനയാണോ എന്ന ചോദ്യം സ്റ്റാലിൻ സ്വയം ഉയർത്താൻ ശ്രമിക്കുകയും അദ്ദേഹം ഉത്തരം പറയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം വിശകലനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് നാം തിരിഞ്ഞ് നോക്കുമ്പോൾ അത്തരം വിശകലനങ്ങൾക്ക് പ്രശ്നമുണ്ട്.സ്റ്റാലിൻ തന്നെ പറയുന്നൊരു കാര്യം അടിത്തറ മാറിയാൽ ഉപരിഘടനയ്ക്കും വ്യത്യാസം വരണമെന്നാണ്.അദ്ദേഹത്തിന്റെ ഒരുദാഹരണം റഷ്യയിലെ വിപ്ലവത്തിനുശേഷം, ഒരു ക്യാപ്പിറ്റലിസ്റ്റ് എക്കോണമി ഒരു സോഷ്യലിസ്റ്റ് ഇക്കോണമിയായി മാറുന്നു, അതേ സമയം ഭാഷയ്ക്ക് വ്യത്യാസമൊന്നും വരുന്നില്ല. ഉപരിഘടനയുടെ ഭാഗമാണ് ഭാഷയെങ്കിൽ ഭാഷയ്ക്കും മാറ്റം വരണം ഇതാണ് സ്റ്റാലിൻ മുന്നോട്ടുവെക്കുന്ന ആശയം. പക്ഷേ, ഭാഷാശാസ്ത്രപരമായി ഇതിൽ പ്രശ്നമുണ്ട്.വാസ്തവത്തിൽ ഭാഷയ്ക്ക് മാറ്റം വരുന്നുണ്ട് എന്നാൽ ആ മാറ്റമെന്നത് ഒരു തലമുറയുടെ കാലഘട്ടത്തിൽ വളരെ കുറച്ച് മാത്രമാണനുഭവപ്പെടുന്നത്. ആ മാറ്റം പ്രത്യക്ഷത്തില്‍ നമുക്കറിയാൻ പറ്റുന്നതല്ല. നമ്മുടെ ജീവിതകാലത്ത് നാം കുറച്ച് വാക്കുകൾ മാറുന്നതറിയുന്നതല്ലാതെ ഭാഷയ്ക്ക് മാറ്റമുണ്ടാകുന്നതായി നമുക്കനുഭവപ്പെടുന്നില്ല. വാസ്തവത്തിൽ ഭാഷ മാറുന്നുണ്ട്. സമ്പദ്വ്യവസ്ഥയിൽ മാറ്റം വരുന്നതോടുകൂടി ഭാഷയിലും മാറ്റം ഉണ്ടാവുന്നുണ്ട്.ഇത് പിന്നീട് പല മാക്സിയൻ വിശകലനങ്ങളിലും നമുക്ക് കാണുകയും ചെയ്യാം. പൊതുവായി ഭാഷാശാസ്ത്രത്തെ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുള്ള ചില സമീപനങ്ങളെയാണ് ഇതുവരെ സൂചിപ്പിച്ചത്.ഇനി അതിന്റെ പ്രായോഗികതലത്തിലേക്ക് വരാം.

ഭാഷശാസ്ത്രത്തിന്റെ മേഖലയിലുണ്ടായിട്ടുള്ള സ്വാധീനം പ്രധാനമായും വരുന്ന രണ്ട് മേഖല എടുത്ത് കാണിക്കാം

1) സാമൂഹിക ഭാഷാശാസ്ത്രം

2)വ്യവഹാര വിശകലനം

സാമൂഹിക ഭാഷാശാസ്ത്രത്തിൽ 70-കൾക്ക് ശേഷമുണ്ടായിട്ടുള്ള വളരെ പ്രധാനപ്പെട്ടൊരു വിശകലനം ഭാഷയും അധികാരവും തമ്മിലുള്ള ബന്ധമാണ്.ലളിതമായൊരുദാഹരണം പറഞ്ഞാൽ, ഇതിലെ ഒരാശയമാണ് Power and Solidarity എന്നത്.കോയ്മയും ഒത്തുചേർമയും എന്ന് മാറ്റിയെഴുതാം.ഈ കോയ്മയും ഒത്തുചേർമയും ഭാഷയുടെ ഉപയോഗത്തിൽ നമുക്ക് വളരെ പ്രധാനമായിട്ട് കാണാം. ഉദാഹരണം മലയാളത്തിൽ സർവ്വനാമങ്ങൾ ഉപയോഗിക്കുന്ന രീതിയാണ്.നീ എന്ന സർവ്വനാമം കോയ്മ സൂചിപ്പിക്കാനൊ ഒത്തുചേർമ സൂചിപ്പിക്കാനൊ ഉപയോഗിക്കാം. നീ എന്നത് രണ്ട് പേര് തമ്മിലുള്ള അടുപ്പം സൂചിപ്പിക്കാൻ ഉപയോഗിക്കാം, അപരിചിതർ തമ്മിൽ നീ എന്നുപയോഗിക്കാറില്ല.കൂട്ടുകാർ തമ്മിലോ വിട്ടിലുള്ളവരോ ആണ് അങ്ങനെയുപയോഗിക്കുന്നത്. അതേ സമയം ചെറുപ്പക്കാരനായ ഒരു ജന്മി, വളരെ പ്രായം കൂടിയ തൊഴിലാളിയെ “നീ” എന്ന് വിളിക്കുന്നിടത്ത് കൊയ്മയാണ് സൂചിപ്പിക്കുന്നത്.സർവ്വനാമ വ്യവസ്ഥകൾ എല്ലാ ഭാഷയിലും ഒരു പോലെയല്ല, ഇംഗ്ലീഷിൽ കാണാത്തതും മലയാളത്തിലിതു കാണുന്നതും സാമൂഹിക വ്യവസ്ഥ വ്യത്യസ്തമായതിനാലാണ്.ഇത്തരം വിശകലനങ്ങൾ സാമൂഹിക ഭാഷാശാസ്ത്രത്തിൽ പ്രകടമായിക്കാണാം.

രണ്ടാമതായി ഒരു സിദ്ധാന്തം ഒരുദാഹരണമായിപ്പറയാം സാമൂഹിക ഭാഷാശാസ്ത്രത്തിൽ വളരെ വിവാദമായിട്ടുള്ള ബേസിൽ ബേൺസ്റ്റൈൻ എന്ന സാമൂഹിക സൈദ്ധാന്തികന്റെ സിദ്ധാന്തമാണ് Restricted Code, Elaborated Code എന്നിങ്ങനെ രണ്ട് കോഡുകൾ ഭാഷയിൽ പ്രവർത്തിക്കുന്നുണ്ട് എന്നദ്ദേഹം പറയുന്നു. വാസ്തവത്തിലിതിന്റെ ഉദ്ഭവം മാര്‍ക്സിയൻ ചിന്തയിൽ നിന്നാണ്. പക്ഷേ മാർക്സിയൻ ചിന്തകരുൾപ്പെടെ പിന്നീട് നിശിതമായി വിമർശിച്ച ഒരു സിദ്ധാന്തമാണിത്. വർഗഘടനയും ഭാഷയുമായി ബന്ധമുണ്ടോ എന്ന മാർക്സിയൻ ചോദ്യത്തിൽ നിന്നുണ്ടാവുന്നതാണ് ഈ സിദ്ധാന്തം.കാരണം വർഗഘടനയെ അടിസ്ഥാനമാക്കിയിട്ടുള്ള ചിന്തകൾ എല്ലാ മേഖലയിലുമുണ്ടായി അങ്ങനെ ഭാഷയിലുണ്ടായതാണ് ബേൺസ്റ്റൈനിന്റെ സിദ്ധാന്തം.രണ്ട് തരത്തിലുള്ള കോഡുകളിലെ Restricted Code എന്നത് വളരെ അടുപ്പമുള്ളവർ തമ്മിലുപയോഗിക്കുന്ന ഒരു കോഡാണ്.അതായത്, കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ പൂർണമായ വാക്യത്തിന്റെ ആവശ്യമില്ല.നാം പറയുന്നത് ചിലപ്പോൾ ഒരു വാക്കാണെങ്കിലും അവർക്ക് അർത്ഥം മനസിലാകും. കാരണം അവർ തമ്മിലുള്ള Solidarity ഒത്തുചേർമ എന്ന ഘടകമവിടെ പ്രവർത്തിക്കുന്നുണ്ട്. അതേ സമയം അപരിചിതർ തമ്മിൽ സംസാരിക്കുമ്പോൾ അങ്ങനെയല്ല. പൂർണമായ വാക്യങ്ങൾ ഉപയോഗിക്കണം.

പൂർണമായ വാക്യങ്ങൾ ഉപയോഗിക്കുന്നൊ ഇല്ലയോ എന്നു മാത്രമല്ല മറ്റ് ധാരാളം ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്.ബേൺസ്റ്റൈൻ ഈ സിദ്ധാന്തത്തിലേക്കെത്തുന്നതിന് അടിസ്ഥാനമായൊരു സംഭവം, ഒരു പ്രകൃതി ദുരന്തമുണ്ടായ സ്ഥലത്ത് പത്രറിപ്പോർട്ടർമാർ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചപ്പോൾ ആളുകള്‍ ഈ സംഭവം വിവരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ്.ചിലര്‍ അപ്പോൾ കാണുന്നതുപോലെയാണ് വിവരിക്കുന്നത്, മറ്റു ചിലർ ഇത് കഴിഞ്ഞു എന്ന രീതിയില്‍ മറ്റുള്ളവർക്കു കൂടി മനസിലാകുന്ന രീതിയിലും. Restricted Code ഉള്ളവർ നടത്തുന്ന വിശദീകരണം കേൾവിക്കാരേക്കൂടി അപ്പോൾ സംഭവം കണ്ടുകൊണ്ടിരിക്കുന്നവരാക്കി മാറ്റി, അത്ര പെട്ടന്ന് മനസിലാകാത്ത രീതിയിലായിരിക്കും.അതിൽ നിന്നാണ് Restricted code, Elaborated Code എന്ന ആശയത്തിലദ്ദേഹം എത്തിച്ചേരുന്നത് .അവസാനം ഇദ്ദേഹം ഓരോ കോഡിന്റെയും വ്യാകരണപരമായ സവിശേഷതകളടക്കം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. എത്തിച്ചേരുന്ന നിഗമനം, സാധാരണ ഉപരിവർഗ, മധ്യവർഗ വിദ്യാർത്ഥികൾക്കെല്ലാം ഈ രണ്ട് കോഡും ഉണ്ടായിരിക്കും, പക്ഷേ തൊഴിലാളിവർഗ പശ്ചാത്തലമുള്ള കുട്ടികൾക്ക് Restricted code മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നതിലാണ്.വിദ്യാഭ്യാസ വ്യവസ്ഥകൾ എല്ലായിപ്പോഴും Elaborated Code- കാർക്കാണ് പ്രാധാന്യം നൽകുന്നത്.

അതുകൊണ്ട്, തൊഴിലാളിവർഗ പശ്ചാത്തലത്തിൽ നിന്നു വരുന്ന വിദ്യാർത്ഥികൾ പിന്നോട്ടു പോകാനുള്ള ഒരു കാരണം ഈ Restricted code ആണെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഈ സിദ്ധാന്ത രൂപികരണത്തിനായി പഠനം നടത്തിയത് ലണ്ടനിലെ വ്യാവസായികകോളനിയിൽ കഴിയുന്ന തൊഴിലാളികളുടെ മക്കളുടെ ഭാഷയിൽ നിന്നാണ്. ഈ സിദ്ധാന്തം ഇന്നും നടന്നു കൊണ്ടിരിക്കുന്ന വിവാദമാണ്.ചിലരുടെ ഭാഷ അപര്യാപ്തമാണ് എന്ന ആശയം മുന്നോട്ട് വെക്കുന്നു എന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്.പക്ഷേ, വർഗഘടനയും ഭാഷയും തമ്മിലുള്ള ബന്ധം എന്താണ് എന്നൊരു പ്രശ്നത്തിലേക്കാണ് നാമിവിടെ എത്തിച്ചേരുന്നത്.ഇത് കൂടുതൽ പഠിക്കേണ്ട ഒരു വിഷയമാണ്.ബേൺസ്റ്റൈനിന്റെ പഠനത്തിനുശേഷം പത്തു വർഷം വരെ നീണ്ടു നിന്ന പഠനങ്ങൾ ഇംഗ്ലണ്ടിൽ ഇതിന്റെ തുടർച്ചയായി നടന്നിട്ടുണ്ട്.ദൗർഭാഗ്യവശാൽ മലയാളത്തിലിത്തരം പഠനങ്ങൾ നടത്തിയിട്ടില്ല .വിദ്യാഭ്യാസ പുരോഗതിയിൽ അഥവാ പ്രകടനത്തിൽ ഇവ എന്ത് പങ്കുവഹിക്കുന്നു തുടങ്ങിയ ചോദ്യങ്ങൾ ഇവിടെ ഉയരുന്നുണ്ട്.ഇത് രണ്ടാമത്തെ മറ്റൊരു പ്രധാന മേഖലയാണ്.മറ്റൊന്ന് സാമൂഹിക ഭാഷാശാസ്ത്രത്തിനുള്ളിൽ തന്നെ സ്ത്രീഭാഷയും പുരുഷഭാഷയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഉണ്ടായിട്ടുള്ള പഠനങ്ങളാണ്.ഈ പഠനങ്ങൾ സൂചിപ്പിക്കുന്നത് ചില സമൂഹങ്ങളിൽ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത അഥവാ ഭാഷഭേദങ്ങൾ സംസാരിക്കുന്നുണ്ട് .പക്ഷെ ഇതൊന്നുമല്ലാതെ എല്ലാ സമൂഹങ്ങളിലും പൊതുവെ സ്ത്രീയും പുരുഷനും ഭാഷ ഉപയോഗിക്കുന്നത് വളരെ വ്യത്യസ്തമായ രീതികളിലാണ് എന്ന തിരിച്ചറിവ് നമുക്കുണ്ട്.ഉദാഹരണത്തിന്, പുരുഷന്മാർ പൊതുവെ സംസാരിക്കാനിഷ്ടപ്പെടുന്നത് കേൾവിക്കാരത്രയും കേൾവിക്കാരാക്കി ഇരുത്തി ഞാൻ പറയുന്നത് കേൾക്കുക എന്ന രീതിയിലാണ്.സ്ത്രികൾ പൊതുവെ ഇത്തരത്തിലുള്ളൊരു ആശയവിനിമയത്തിൽ താല്പര്യപ്പെടുന്നില്ല.അവരെ സംബന്ധിച്ച് ഒരു വലിയ സംഘത്തിൽ ചെന്നാൽ അതിനകത്ത് മറ്റൊരു ചെറിയ സംഘം വേർതിരിച്ച് എടുക്കുകയും അവരുമായി വ്യക്തിബന്ധം സ്ഥാപിക്കുകയും എല്ലാവരുമായി സംസാരിക്കുകയും ചെയ്യും.അവർ പറയുന്നത് കേട്ടുകൊണ്ടിരിക്കുക മാത്രമല്ല, സ്ത്രീകളെ സംബന്ധിച്ച് പ്രതികരണങ്ങളും സംസാരിക്കുന്നവർ തമ്മിലുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതാണ്.എന്തുകൊണ്ടാണ് പുരുഷന്റെ ഭാഷ ഈ രീതിയിലും സ്ത്രിയുടെ ഭാഷ ഈ രീതിയിലുമായത് എന്ന ചോദ്യത്തിന് ധാരാളം വിശദീകരണങ്ങൾ നൽകാം.മാർക്സിസം പറയുന്ന ആശയം തന്നെ ആയിരിക്കണമെന്നില്ല ഉത്തരം.പുരുഷനെ സംബന്ധിച്ച് ആധിപത്യം സ്ഥാപിക്കുക എന്നതാണ് പുരുഷത്വത്തിന്റെ അടിസ്ഥാനം എന്നൊരു ആശയം സമൂഹം കൊടുക്കുന്നുണ്ടാവാം.സ്ത്രീകളെ സംബന്ധിച്ച് മറ്റുള്ളവരുമായി സഹവർത്തിച്ച് മാത്രമെ നിലനിൽക്കാനാവു എന്നൊരു ആശയമാവാം സമൂഹം നല്കുന്നത്.മനശാസ്ത്രപരമായി മറ്റ് കാരണങ്ങളുണ്ട്.ഉദാഹരണമായി Evolutionary Psychology- ഇതിന് മറ്റ് ചില വിശദീകരണങ്ങൾ നല്കുന്നുണ്ട്.എന്തായാലും സമൂഹത്തിന്റെ ഘടന ഭാഷയിലെങ്ങനെ പ്രതിഫലിക്കുന്നു എന്ന ചിന്ത ഈ രീതിയിലതിനെ വിശദീകരിക്കാനുള്ള ശ്രമങ്ങൾ മാർക്സിയൻ ചിന്തയിലൂടെ രൂപപ്പെട്ടിട്ടുള്ളതാണ്. ഈ രണ്ടുദാഹരണങ്ങൾ സാമൂഹ്യഭാഷാശാസ്ത്രത്തിനുള്ളിൽ രൂപപ്പെട്ടിട്ടുള്ള വളരെ പ്രധാനപ്പെട്ട തിരിച്ചറിവുകളാണ്.വിശദമായി ഇതിനെ സംബന്ധിച്ച് ഇനിയും ചർച്ച ചെയ്യാനും വിശദീകരിക്കാനുമുണ്ട്.

അവസാനമായി വിമർശനാത്മ വ്യവഹാര വിശകലനം(Critical Discourse Analysis) എന്ന മേഖലയെകൂടി പരാമർശിക്കാം.ഇത് എന്നത് ഭാഷാവ്യവഹാരത്തെക്കുറിച്ചുള്ള പഠനമാണ്.അതായത്, പ്രഭാഷണമൊരു വ്യവഹാരമാണ്, രണ്ടുപേർ തമ്മിൽ വീട്ടിലിരുന്ന് സംസാരിക്കുന്നത് ഒരനൗപചാരിക ഭാഷണത്തിന്റെ വ്യവഹാരമാണ്, ലിഖിതമായ വ്യവഹാരവും ഭാഷണവ്യവഹാരവും വ്യത്യസ്തമാണ്.ഇത്തരം വ്യവഹാരങ്ങളെ വിശദീകരിക്കുകയും വിശകലനം ചെയ്യുകയുമാണ് സാധാരണ നിലയിൽ ചെയ്യുന്നത്.പിന്നീട് മാർക്സിയൻ സ്വാധീനത്തിൽ വിമർശനാത്മ വ്യവഹാര വിശകലനം എന്നുള്ള ഒരു മേഖല രൂപപ്പെട്ടു.ഇത് പ്രധാനമായും വിശകലനം ചെയ്യാൻ ശ്രമിക്കുന്നത് ഭാഷയിൽ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ, അതിൽ പ്രവർത്തിക്കുന്ന അധികാരബന്ധങ്ങൾ എങ്ങനെ തിരിച്ചറിയാം എന്നുള്ളതാണ്.ഉദാഹരണമായി അമേരിക്കയിൽ നടന്ന ജോൺ കെന്നഡിയുടെ അനന്തരവന്‍ പ്രതിയായ പ്രസിദ്ധമായൊരു കോടതി വ്യവഹാരമെടുക്കാം.പ്രതി രാവിലെ കാറോടിച്ച് പോകുമ്പോൾ ഒരു സ്ത്രീ ലിഫ്റ്റ് ചോദിക്കുന്നു, ഇദ്ദേഹം ലിഫ്റ്റ് നല്കി,അവർക്കിറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ സൗഹ്യദ സംഭാഷണം എന്ന നിലയിൽ ഇദ്ദേഹമവരോട് എവിടെയാണ് താമസം എന്നു ചോദിക്കുന്നു.ഈ സ്ത്രീ താമസിക്കുന്നതിന് അടുത്ത് തന്നെയുള്ള മറ്റൊരു സ്ഥലത്താണ് ഇയാൾ താമസിക്കുന്നത്. അതി പ്രശസ്തനായ ആർകിടെക്റ്റ് നിർമ്മിച്ച ഒരു കോളനിയായതിനാൽ ഈ സ്ത്രീക്ക് അവിടുത്തെ വീടുകൾ കാണാൻ താൽപര്യം തോന്നി .ഇവർ അങ്ങോട്ട് പോവുകയും അവിടെ വെച്ച് സ്ത്രീയെ റേപ് ചെയ്തു എന്നതുമാണ് കേസ് .കെന്നഡിയുടെ അനന്തരവൻ പ്രതിയായതിനാൽ ഈ കേസ് ഏറേ ചർച്ച ചെയ്യപ്പെടുകയുണ്ടായി.ഫോറൻസിക്സ് ലിംഗ്വസ്റ്റിക്സിൽ ജൂറി ലിംഗ്വസ്റ്റിക്സ് എന്നൊരു മേഖലയുണ്ട് അതിൽ കോടതിയിലും പോലിസിലും മറ്റുമുപയോഗിക്കുന്ന ഭാഷയെക്കുറിച്ചുള്ള ഒരു പഠനമാണിത്.ഈ സംഘമാണ് കേസ് വിശകലനം ചെയ്തത്.ഇതിനു വിധേയമായ സ്ത്രീയെ വിസ്തരിക്കുന്ന ഭാഗത്ത് അവരോട് ചോദിക്കുന്ന ചോദ്യമിങ്ങനെയാണ്."രാവിലെ 8 മണിക്കാണ് സംഭവം നടന്നത് സാധാരണമായി ഈ സമയത്ത് മറ്റ് കാര്യങ്ങൾ നിർവഹിക്കാനുണ്ടാകും എന്നിട്ടും എന്തുകൊണ്ട് ആ സമയത്ത് വീട് കാണാൻ പോയി?”.

രണ്ടാമത്തെ ചോദ്യം, "നിങ്ങളുടെ മകൾ വീട്ടിൽ തനിച്ചായിരുന്നു.എന്നിട്ടും എന്തിനാണ് വീടു കാണാൻ പോയത്?’’. ധാരാളം ചോദ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണിത്.ഈ ചോദ്യങ്ങളിൽ ഒരു പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നുണ്ട്, അവ ന്യൂട്രലല്ല. മകൾ തനിച്ച് വീട്ടിലിരിക്കെ, ആ കുട്ടിയെ നോക്കേണ്ട ചുമതലയുള്ള അമ്മയാണ് നിങ്ങൾ.പക്ഷേ ആ ചുമതല അവഗണിച്ച് നിങ്ങൾ ഇദ്ദേഹത്തിന്റെ കൂടെ വീട്ടിൽ പോയി എന്നാണ് ജൂറി പറഞ്ഞ് വെയ്ക്കാൻ ശ്രമിക്കുന്നത്.അവസാനം ജൂറി മുന്നോട്ടുവെക്കുന്ന വാദം, ഈ സ്ത്രീ, ലൈംഗികതാല്പര്യത്തോടെ അയാളുടെ വീട്ടിൽ പോയി നടന്ന സംഭവമാണ്, ശേഷം പുറത്തിറങ്ങിയപ്പോൾ ഉണ്ടായ കുറ്റബോധത്തിലാണ് റേപ്പ്‌ എന്നൊരു ആരോപണം മുന്നോട്ട് വെച്ചത് എന്നാണ്.ഇത് സ്ഥാപിക്കാനായി ഈ ചോദ്യങ്ങളിലൂടെ സ്വന്തം കുട്ടിയെ നോക്കാനോ, ജോലി ചെയ്യാനൊ താല്പര്യം കാണിക്കാതെ പുരുഷന്മാരൊടൊപ്പം കറങ്ങി നടക്കുന്ന സ്ത്രീയാണ് ഇത് എന്നു സ്ഥാപിക്കുന്നു. ഇത്തരം ഡിസ്കോഴ്സുകൾ അല്ലെങ്കില്‍ പ്രത്യയശാസ്ത്രപരമായ സന്ദേശങ്ങൾ നാം സാധാരണ സംസാരിക്കുന്നതിൽ തന്നെ കടന്നുവരാറുണ്ട്.വളരെ മൂല്യനിരപേക്ഷമായ ഭാഷയല്ല നാം ഉപയോഗിക്കുന്നത്. പൊളിറ്റിക്കൽ സ്പീച്ചുകൾ,ഒരേ സംഭവത്തെക്കുറിച്ച് വിവിധ ടെലിവിഷൻ ചാനലുകൾ നടത്തുന്ന ഭാഷ ഒക്കെ ഉദാഹരണമാണ്.ഒരേ സംഭവത്തെക്കുറിച്ച് തങ്ങളുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകളാണ് ഇതിലൂടെയൊക്കെ പുറത്തുവരുന്നത്.ഭാഷ എന്നത് പൂർണമായും നിരപേക്ഷമായ അല്ലെങ്കിൽ ഡിക്ഷ്ണറിയിലെ അർത്ഥം മാത്രമുള്ള ഒന്നല്ല.ഒരു സന്ദർഭത്തിൽ അതിനൊരു പ്രത്യേക അർത്ഥമുണ്ട്, അതിൽ ചില പ്രത്യയശാസ്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസാരിക്കുന്നയാളിന്റെ സാമൂഹികസന്ദർഭം, നമ്മുടെ മുൻവിധികൾ, നമ്മുടെ വിശ്വാസങ്ങൾ ഇങ്ങനെ എല്ലാത്തിനെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഭാഷ.ഈ രീതിയാണ് വിമർശനാത്മവ്യവഹാര വിശകലനം.പൊളിറ്റിക്കൽ സ്പീച്ചുകളിൽ ഉപയോഗിക്കുന്ന രൂപകങ്ങൾ, അതിൽ എന്താണ് മറച്ചു വെക്കുന്നത്, എന്തിനാണ് ഊന്നൽ നല്കുന്നത്, ഒരു വാക്യത്തിന്റെ ഘടന എങ്ങനെയാണ് പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നത് ഇങ്ങനെ നിരവധി മേഖലകൾ അതിലുണ്ടായിട്ടുണ്ട് .പ്രായോഗിക തലത്തിൽ നിരവധി വ്യവഹാരങ്ങളെ വിശകലനം ചെയ്യാനും അതിന്റെ പിന്നിലെ പ്രത്യയശാസ്ത്രങ്ങളെ പുറത്തു കൊണ്ടുവരാനും സാധിക്കും.നിരവധി ഉദാഹരണങ്ങളിലൂടെ നമുക്ക് ഇത്തരം പ്രത്യയശാസ്ത്രങ്ങളെ പഠനവിധേയമാക്കാം.

ഈ രീതിയിൽ മാർക്സിയൻ ചിന്ത ഭാഷാശാസ്ത്തിന്റെ ചില പ്രധാന മേഖലകളിൽ പ്രായോഗികതലത്തിൽ തന്നെ ചിന്താപദ്ധതികളായിട്ടുണ്ട് .മറ്റൊന്ന് ആദ്യം സൂചിപ്പിച്ചതുപോലെ ഭാഷ എന്താണ്, ഭാഷയുടെ ഘടനയെന്താണ് തുടങ്ങിയ കാര്യങ്ങളെ പല മാർക്സിയൻ ചിന്തകരും -കാൾ മാർക്സ് മുതൽ ഹേബർമാസ്, ഗ്രാംഷി തുടങ്ങി പലരിലും കാണുന്ന ഇത്തരം ചിന്തകളുണ്ട്.പക്ഷേ ഇവയെല്ലാം ചേർന്ന് മർക്സിയൻ ചിന്താ പദ്ധതിയായി ഭാഷാശാസ്ത്രത്തിൽ രൂപപ്പെട്ടിട്ടില്ല .ഇനി ഒരുപക്ഷേ, ഭാവിയിൽ അങ്ങനെയൊന്നുണ്ടാവാം. കാരണം വിമർശനാത്മ വ്യവഹാര വിശകലനം പോലുള്ളവ അത്തരത്തിലുള്ള പല ഉൾക്കാഴ്ച്ചകളും ഇന്ന് നമുക്ക് നല്കുന്നുണ്ട്.

 

(എം.എൻ.വിജയൻ അനുസ്മരണ പരിപാടിയിൽ ഡോ.രവിശങ്കര്‍ എസ്. നടത്തിയ പ്രഭാഷണം. തയ്യാറാക്കിയത്: അമൃത )

ഡോ.രവിശങ്കര്‍ എസ്

നിരൂപകൻ

0 comments
bottom of page