top of page

കവിത - 6( നവോത്ഥാന കവിത )

സാഹിത്യ പ്രതിചരിത്രപരമ്പര - 11
ഷൂബ കെ.എസ്സ്.

കുമാരനാശാൻ (1873 - 1924)


''ആധാരബ്രഹ്മമാരാഞ്ഞഖില മതിലടക്കിക്കളഞ്ഞങ്ങു'' നിൽക്കുന്ന മേധാവിപ്രൗഢനും അന്ധനായി അന്തരിക്കുമെന്ന തിരിച്ചറിവോടെയാണ് സ്‌ത്രോത്രകൃതികൾപോലും ആശാൻ എഴുതിത്തുടങ്ങിയത് (നിജാനന്ദവിലാസം). സകലതും ബ്രഹ്മത്തിലടക്കുന്ന ബ്രാഹ്മണമതത്തിന്റെ അന്ധനീതിയാണ് ആത്മശോഭാസൂര്യനും തേൻവണ്ടിനും നൽകേണ്ടിവരുന്ന ഗതികെട്ട ജീവിതം താമരയ്‌ക്കെന്നപോലെ മനുഷ്യനും നൽകുന്നത്. ആ ബോധ്യം ഉണ്ടായിരുന്നതുകൊണ്ടാണ് നളിനി ആത്മശോഭതേടി ദിവാകരനെ അന്വേഷിച്ചിറങ്ങിയത്. നിശ്ചലമായ ആത്മീയപ്രകൃതി നളിനിയ്ക്ക് പ്രണയദുരന്തം നൽകുന്നത് ഇവിടെ അവതരിപ്പിക്കുമ്പോൾ 'ലീല'യിൽ അതിന്റെ ജീവിതവ്യവഹാരപരമായ വ്യാപ്തി അഗാധാനുഭവമായി അവതരിപ്പിക്കുന്നു. കുലനീതിയിൽ കുഴങ്ങി വീഴുന്നതും കുതറിമാറുന്നതും 'ലീല'യിൽ കാണുന്നു.

 

ആത്മീയത, മാംസം/ആത്മാവ് എന്നിങ്ങനെ മനുഷ്യനെ ഛേദിച്ചെടുക്കുന്നു എന്നും മാംസം എന്നത് അധീശത്വവ്യവസ്ഥയ്ക്ക് അടയാളപ്പെടുത്താനുള്ള ഒരിടമായിത്തീരുന്നു എന്നും (‘കുലനീതിയെ മാംസകഞ്ചുകം വിലവയ്ക്കാത്തവർ പേടിയാസഖീ') ഈ മാംസകഞ്ചുകത്തെ നിഷേധിക്കുകയാണ് പ്രണയത്തെ വീണ്ടെടുക്കാനുള്ള വഴിയെന്നും (....''മാംസം വെടിഞ്ഞാൽ തീരുന്നില്ല പ്രണയജടിലം ദേഹിതൻ ദേഹബന്ധം..'') ലീല വിളിച്ചുപറയുന്നു. രാമൻ വിളിക്കുമ്പോൾ താൻ പോകാൻ 'പാവയോയിവൾ' എന്നുപറഞ്ഞുകൊണ്ട് വ്യവസ്ഥയ്ക്ക് കീഴടങ്ങിപ്പോകുന്ന രാമനെ നിഷേധിക്കുകയും എന്നാൽ സാമൂഹികമായ സഹാനുഭൂതിയോടെ നോക്കിക്കാണുകയും ചെയ്യുന്ന 'ചിന്താവിഷ്ടയായ സീത'യിലെ സീതയും ഇത് തന്നെയാണ് ആവർത്തിക്കുന്നത്. സാംഖ്യ-ബൗദ്ധ ദർശനങ്ങളെ സ്വാംശീകരിച്ച അഗാധവും നെഞ്ചുകീറുന്നതും രാഷ്ട്രീയവുമായ സഹാനുഭൂതി അഥവാ കരുണ എല്ലാ കൃതികളിലും പ്രവർത്തിക്കുന്നു. 'കരുണ' എന്ന കൃതിയിലെത്തുമ്പോൾ നിശ്ചലമായിരുന്ന ആത്മീയ സൂര്യൻ ''കതിർപൊട്ടിപ്പറന്ന്'' വേശ്യയുടെ അടുത്തെത്തുന്നു. സത്യം ആത്മാവിന്റെ പക്ഷത്തല്ലെന്നും 'ദേഹ'ത്തെ 'മാംസകഞ്ചുക'മാക്കുന്ന കുലനീതി ആത്മാവിന്റെ പക്ഷത്ത് നിന്നു ശരീരത്തെ വെട്ടിമുറിക്കുമ്പോൾ മാംസകഷണങ്ങൾക്കൊപ്പം ഒരു പ്രണയജീവിതവും മുറിച്ചുമാറ്റപ്പെടുന്നു എന്നും ഈ കവിത വെളിപ്പെടുത്തുന്നു. പ്രധാനമായും മന:പരിവർത്തനമുണ്ടാകുന്നത് ഉപഗുപ്തനാണ്. അഗാധ വൈയക്തികവും രാഷ്ട്രീയവുമായ കരുണയാണ് ഉപഗുപ്തനെ സമൂഹത്തിലേയ്ക്ക് ഇറക്കിനടത്തുന്നത്. അധീശബ്രാഹ്മണ അധികാരവ്യവസ്ഥ അതിൻ്റെ അധികാര സ്ഥാപനത്തിനായി ഉയർത്തിക്കൊണ്ടുവന്ന, ആത്മാവ്/ശരീരം എന്ന ദ്വന്ദ്വവത്കരണത്തിൻ്റെ സാമൂഹിക ദുരന്തങ്ങളെ ഉന്നയിക്കുംവിധം പ്രശ്നവത്കരിച്ചു കൊണ്ടു നിഷേധിച്ച, അഗാധ കാവ്യാനുഭവം സൃഷ്ടിച്ച കേരളീയ കവിയാണ് ആശാൻ.

 

ബ്രാഹ്മണമതം നിർദ്ദേശിച്ച അദ്വൈതത്തെ സാംഖ്യ ദർശനപാരമ്പര്യം കൊണ്ട് നിഷേധിക്കുകയാണ് ആശാൻ ചെയ്തത്. പരിണാമി മനുഷ്യജീവിതം എന്ന ജീവിതവീക്ഷണം ആശാൻ അവതരിപ്പിക്കുന്നു. ആത്മാവ്/ശരീരം - ഇങ്ങനെ വിഭജിക്കപ്പെട്ട നിലവിലുള്ള ജീവിതം മരണമാണെന്നും അതിൻ്റെ മരണമാണ് ജീവിതമെന്നുമാണ് ആശാൻ വ്യാഖ്യാനിച്ചത്. ആശാൻകവിതയിലെ മരണങ്ങൾ സാംഖ്യത്തിലെ പ്രപഞ്ച കാരണങ്ങളായ പഞ്ചഭൂതങ്ങളെ അറിയുന്ന പരിവർത്തനാനുഭവങ്ങളായിരുന്നു.

 

 

ഉദാഹരണമായി ‘ചിന്താവിഷ്ടയായ സീത’യിൽ സീത മരിച്ചുവെന്നോ ആത്മഹത്യ ചെയ്തുവെന്നോ എവിടെയും പറയുന്നില്ല. ഭൂമിയിലേയ്ക്ക് യാത്ര ചെയ്യുന്നു എന്നതാണ് അവതരിപ്പിക്കുന്നത്. മരണം ഒരു യാത്രയാണ്.

 

രമണീയവനങ്ങളേ! രണൽ -

ഭ്രമരവ്യാകുലമാം സുമങ്ങളേ!

ക്രമമെന്നിരസിച്ചു നിങ്ങളിൽ

പ്രമദം പൂണ്ടവൾ യാത്ര ചൊൽവു ഞാൻ…..

ജനയിത്രി! വസുന്ധരേ!പരം

തനയ സ്നേഹ മോടെന്നെയേന്തി നീ

തനതുജ്ജ്വലമഞ്ചഭൂവിലേ -

ക്കനഘേ! പോവതു ഹന്ത! കാണ്മു ഞാൻ “

 

ലീലയിൽ ജലമാണ് സാന്നിധ്യം. ജലത്തിലേക്കുള്ള യാത്രയാണ് ലീലയിലെ മരണം. ജലം ആശാൻ കവിതയിൽ പലയിടങ്ങളിലും ജ്ഞാനസൂചകമായി മാറുന്നുണ്ട്. ചണ്ഡാലഭിക്ഷുകിയിൽ ബുദ്ധഭിക്ഷുവിന് ചണ്ഡാലി പകർന്നു കൊടുക്കുന്ന ജലം അന്തരാത്മാവിൽ അന്തമറ്റ സുകൃതഹാരങ്ങൾ അർപ്പിക്കുന്ന വിജ്ഞാനധാരായാണ്. മദനൻ വെള്ളത്തിൽ ചാടി മരിച്ചു എന്നല്ല, രേവയിൽ വെള്ളപ്പൊക്കം ഉണ്ടായി എന്നാണ് കവി പറയുന്നത്.

 

“സമയമതിലുയർന്ന ഘോരവാരി -

ഭ്രമമൊടകാലികവൃദ്ധി രേവയാർന്നു “

- എന്നാണ് വരികൾ.

 

മരണം രേവാ നദിയിൽ സംഭവിക്കുന്ന ഒരു ജ്ഞാനസ്നാനമായി കവി അവതരിപ്പിക്കുന്നു.

വായുവിൻ്റെ സാന്നിധ്യവും ആശാൻ കവിതയിൽ ധാരാളം കാണാം. സീതയുടെ നിശ്വാസത്തെ ‘നിയമം വിട്ടൊരു തെന്നൽ മാതിരി’ എന്നു ആശാൻ അടയാളപ്പെടുത്തുന്നതിനെ മുൻനിർത്തി, എസ്.സുധീഷ് ഇങ്ങനെ നിരീക്ഷിക്കുന്നു:

“കാറ്റ് വീശുന്നതിന് ഒരു നിയമവും താളവും ഉണ്ട്. ആ നിയമത്തെ ഇച്ഛാശക്തി കൊണ്ട് ഭേദിച്ച് സൗന്ദര്യത്തിൻ്റെ ജ്വലനം സൃഷ്ടിക്കുന്ന ദുരന്തമാണ് കവിത. മനുഷ്യനിർമ്മിതമായ ആചാര നിയമങ്ങളെയും ദൈവനിയമങ്ങളെയും ജന്തു പ്രമാണവാദങ്ങളെയും സംഗ്രഥിച്ചു കൊണ്ട് കവി അതിനെതിരെ ഇച്ഛയുടെ കലാപമുയർത്തിക്കൊണ്ടു വരുമ്പോൾ ആണ് ഒരു നിശ്വാസം തുടലു പൊട്ടിക്കുന്ന കാറ്റായി മാറുന്നത് .“ (ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം)

വായുവിൻ്റെ നിശ്ചലതയാണ് നളിനിയിൽ മരണമായി മാറുന്നത്. ‘വായു വിരമിച്ച കേതു പോലെ’ കാറ്റില്ലാതെ ആകുമ്പോഴുള്ള കൊടിക്കൂറ പോലെ താണുപോകുന്നതാണ് ഇവിടെ മരണം.  

‘കരുണ’യിൽ വാസവദത്ത മരിച്ചു എന്നു പറയുന്നതിന് പകരം പറയുന്നത് ഈ വരികളാണ്:

'’പാവക, നീ ജയിക്കുന്നു പാക വിജ്ഞാനത്താൽ നശ്യ-

ജ്ജീവ ലോകം തേടുമിന്നോ നാളെയോ നിന്നെ

തൂല കണത്തെ തത്താടില്ല നനഞ്ഞാൽ, ചൂടാൽവ രണ്ട

ബാലരംഭയെ കർപ്പൂര ഖണ്ഡമാക്കും നീ”

 അഗ്നിയിലുള്ള ജ്ഞാനസ്നാനമായി മരണത്തെ അവതരിപ്പിക്കുന്നു.  

 

‘പ്രരോദന‘ത്തിൽ മരണത്തെ ഉപസംഹരിക്കുന്നത് ആകാശങ്ങളെ അണ്ഡരാശികളോടും ഭക്ഷിക്കുമാകാശത്തെക്കുറിച്ച് പറഞ്ഞിട്ടാണ്. പ്രപഞ്ചത്തെ ഭക്ഷിക്കുന്ന മറ്റൊരു പ്രപഞ്ചം. താരാപഥങ്ങൾ നിറഞ്ഞ ആകാശത്തെ ഭക്ഷിക്കുന്ന മറ്റൊരാകാശം. വെളിച്ചത്തെ ഇരുട്ടാക്കുന്ന മറ്റൊരു പ്രകാശം. ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദു:ഖീകരിക്കുന്ന ശാന്തി സ്ഥലം. സുഖത്തിന് വേണ്ടി സാത്വികസുഖത്തെ ഇല്ലാതാക്കുന്ന ദു:ഖം. സാത്വികഗുണത്തെ പരിവർത്തിപ്പിക്കുന്നതായി മരണം മാറുന്നു. ദു:ഖമില്ലാത്ത ശുദ്ധസുഖത്തിൻ്റെ ആകാശങ്ങളെ  ഭക്ഷിക്കുന്ന മറ്റൊരാകാശം. ബ്രാഹ്മണമതം നിർദ്ദേശിക്കുന്ന സാത്വികഗുണത്തെ പരിവർത്തിക്കുന്ന ഇച്ഛാശക്തിയായി ആശാൻകവിതയിൽ മരണങ്ങൾ മാറുന്നു. അതു പ്രപഞ്ചകാരണങ്ങളിലേയ്ക്കുള്ള പാരിസ്ഥിതിക യാത്രയാകുന്നു. ഇന്ത്യൻ ജാതിവ്യവസ്ഥയുടെയും അസമത്വങ്ങളുടെയും ജീവിത വീക്ഷണങ്ങളിൽ അഗാധമായ ആഘാതങ്ങൾ സൃഷ്ടിച്ച മഹാനായ കവിയാണ് കുമാരനാശാൻ.

 

 

 

വള്ളത്തോൾ ( 1878- 1958)

 

ഹിംസാത്മകമായി പ്രവർത്തിക്കുകയും അഹിംസ ജനങ്ങൾക്ക് ഉപദേശിച്ചുകൊടുക്കുകയും ചെയ്ത ബ്രാഹ്മണമതം സൃഷ്ടിച്ച ക്ഷാത്ര-ബ്രാഹ്മണ സൗഹാർദ്ദരാഷ്ട്രീയം ജനജീവിതത്തെ അപകടപ്പെടുത്തിയപ്പോൾ അതിനെതിരെയുള്ള സമ്പൂർണ്ണ സമരപദ്ധതിയാണ് നവോത്ഥാനം സാധ്യമാക്കിയത്. വള്ളത്തോളും മറ്റും പൂർവ്വ നവോത്ഥാനരാഷ്ട്രീയത്തെ പ്രശ്‌നവത്കരിക്കുകയായിരുന്നു. ബ്രാഹ്മണ-ക്ഷത്രിയ അഹിംസാ-ഹിംസാത്മക മൂല്യസങ്കൽപ്പത്താൽ (വിശ്വാമിത്രൻ) പുറന്തള്ളപ്പെട്ട ജീവിതങ്ങളെ (ശകുന്തള) മുഖാമുഖം നിർത്തുന്നതായിരുന്നു വള്ളത്തോൾ കവിതയിലെ നാടകീയത. അതിനുവേണ്ടിയാണ് അദ്ദേഹം ഭൂതകാലത്തിലേയ്ക്ക് സങ്കൽപ്പവായുവിമാനത്തിലേറിയത്. 'അച്ഛനും മകളി'ലും ശകുന്തളയുടെ ദുരന്തകഥ കേട്ട് വിശ്വാമിത്രൻ കോപിഷ്ഠനാകുമ്പോൾ,

''അച്ഛനമ്മമാർ കാലേ വെടിഞ്ഞ നിർഭാഗ്യയെ

സ്വച്ഛന്ദമുപേക്ഷിച്ചാൽ ഭർത്താവുമെന്നേ വേണ്ടൂ''

എന്നു ശകുന്തള പറയുന്നു. ഹിംസാത്മകവും അഹിംസാത്മകവുമായ ബ്രാഹ്മണവ്യക്തിത്വം രക്ഷകസങ്കൽപ്പവുമായി ദുഷ്യന്തനെ ശപിക്കാനൊരുങ്ങുമ്പോൾ അച്ഛനമ്മമാർ ചെയ്തതേ ദുഷ്യന്തനും ചെയ്തുള്ളൂ എന്നു പറഞ്ഞുകൊണ്ട് ബ്രാഹ്മണമതത്തിന്റെ ദുരന്തകാരണമായ പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കുന്നു. എങ്കിലും വള്ളത്തോൾക്കവിത മൊത്തത്തിൽ നോക്കുമ്പോൾ നിലവിലുള്ള മൂല്യക്രമത്തിൽ ഒരു ആഘാതമായി മാറുന്നില്ല. ശകുന്തളയുടെ പ്രതിരോധവും ഭർത്തൃസംരക്ഷണാർത്ഥമുള്ള ഒരു സൗശീല്യക്രിയയായി ചുരുക്കിക്കളയുന്നു. ബ്രാഹ്മണക്ഷാത്ര ഉപരിവർഗ്ഗമൂല്യക്രമത്തിൽ ശൈശവതുല്യം വളർച്ച മുരടിച്ച ഒരു ജനസമൂഹത്തിന്റെ പ്രതിരോധ-അതിജീവനശ്രമങ്ങളെ സ്വപ്നാത്മകപ്രക്രിയയാക്കുകയും രക്ഷകവാത്സല്യംകൊണ്ട് അലസിക്കളയിക്കുകയും ചെയ്യുന്ന നിലപാട് വള്ളത്തോൾ കവിതയ്ക്കുണ്ടായിരുന്നു. സാഹിത്യമഞ്ജരി നാലാംഭാഗത്തിലും 'അച്ഛനും മകളി'ലും മറ്റും കാണുന്ന വാത്സല്യഭാവം അങ്ങനെയുള്ളതായിരുന്നു. ധ്വസ്തഭുവനമാം ദൗഷ്ട്യത്തെ ചവിട്ടിത്താഴ്ത്താൻ പിഞ്ചുകാലിനു കഴിയും എന്നത് ഫ്യൂഡൽ സമൂഹത്തിന്റെ മോഹചിന്ത (Fancy) ആയിരുന്നു. അത് ഗാന്ധിജിയുമായി ബന്ധപ്പെടുത്തുക വഴി ജനങ്ങൾ സംഘടിച്ച് ശക്തരായി സ്വാതന്ത്ര്യം നേടുന്നു എന്ന ജനാധിപത്യ - നവോത്ഥാന സമരസമ്പ്രദായത്തെ ദുർബലപ്പെടുത്തിക്കൊണ്ട് പഴയ ഏകാധിപത്യ രാജകീയ രക്ഷാസമ്പ്രദായത്തെ പ്രതിഷ്ഠിക്കുകയായിരുന്നു (കർമ്മഭൂമിയുടെ പിഞ്ചുകാൽ). ഈ രക്ഷയുടെ വാത്സല്യം 'ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി'യിലുമുണ്ട്. ഞാൻ  കന്യകയല്ല കാന്തനെൻ പ്രാണനാണ് എന്നാണ് ഭാരതസ്ത്രീ പറയുന്നത്. അതു കേട്ടതുകൊണ്ട് ആണ് ഹുമയൂൺ പീഡിപ്പിക്കാത്തത്. രക്ഷയ്ക്ക് ഭർത്താവില്ലാത്ത സ്ത്രീയ്ക്ക് രാജാവിൽ നിന്നും രക്ഷ കിട്ടില്ല. സ്ത്രീവിരുദ്ധവും അധ:സ്ഥിത വിരുദ്ധവുമായിരുന്നു ഈ ഭാരതസ്ത്രീസങ്കല്പവും രക്ഷാസങ്കല്പവും. മറ്റു കൃതികളിലും രാജവാഴ്ചയുടെയും രക്ഷയുടെയും പ്രത്യയശാസ്‌തം പ്രവർത്തിക്കുന്നുണ്ട്. മറിയത്തെ രക്ഷിക്കുന്ന യേശുവെ കൃഷ്ണനിലേയ്ക്ക് വിവർത്തനം ചെയ്യുകവഴിയും (മഗ്ദലനമറിയം) 'ബന്ധനസ്ഥനായ അനിരുദ്ധ'നിൽ അനുരുദ്ധൻ എന്ന കാമുകനെ ഒരു രക്ഷാകർത്താവിന്റെ അവസ്ഥയിലേയ്ക്ക് ചുരുക്കുകവഴിയും (താൻ കാമുകിയുമൊത്ത് ഒളിച്ചോടില്ല, തന്നെ രക്ഷിക്കാൻ ആളു വരുമെന്നാണ് നവോത്ഥാനകാല കാമുകനായ അനിരുദ്ധൻ പറയുന്നത്!) കൃതികളുടെ പരിവർത്തനസ്വഭാവത്തെ ഭഞ്ജിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, 'ഭൂതകാലത്തിൽ പ്രഭാതന്തുക്കളാൽ

ഭൂതിമത്താമൊരു ഭാവിയെ നെയ്കനാം'

(ഖാദിവസനങ്ങൾ കൈകൊൾവിന്നേവരും 1927)

എന്നീ വരികൾക്ക് പ്രതിഗമനസ്വഭാവവുമുണ്ട്. കാഞ്ചനക്കൂട്ടിൽ കൊത്തുകമാത്രമേ വള്ളത്തോൾ ചെയ്തുള്ളൂ, മുറിച്ചില്ല.

 

ഉള്ളൂർ (1877-1949)

 

''ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമം;അതൊന്നല്ലോ

പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം''

(പ്രേമസംഗീതം)

 

പ്രേമസംഗീതം പ്രേമോപനിഷത്താണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നാസ്തിക്യം ദോഷമാണെന്നും അതിന്റെ ഫലം അകാലമൃത്യുവാണെന്നും ഈ കവിതയിൽ തന്നെ പറയുന്നു. അതായത് ഭക്തരെ മാത്രം സ്‌നേഹിക്കുന്ന രാജവാഴ്ചയുടെ ഒരു പ്രണയസങ്കൽപ്പമാണിത് എന്ന് വ്യക്തമാകുന്നു. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്ന, പ്രണയം സമരമാകുന്ന (ഒക്‌ടോവിയോപാസ്- സൂര്യശില) ഒരു സ്‌നേഹസങ്കൽപ്പം ഇവിടെയില്ല. തികച്ചും വൈയക്തികമായ ഒരു സമീപനമാണ് ഉള്ളൂരിന്റേത്. അതുകൊണ്ടുതന്നെ അയിത്താവസ്ഥകളെ (ഉദാ: വേശ്യാവൃത്തി) സാമൂഹികമായി കാണാൻ അദ്ദേഹത്തിനാവില്ല. 'മറിയ'ത്തിൽ നിന്നും 'കരുണ'യിൽ നിന്നും വ്യത്യസ്തമായി 'പിംഗള' വേശ്യയായതിനുകാരണമായി പറയുന്നത് തികച്ചും വ്യക്തികേന്ദ്രിതമായ അഭിപ്രായമാണ്.

 

''പെണ്ണൊന്നൊരെണ്ണത്തെത്തീർത്തല്ലോ

നാന്മുഖൻ/പെണ്ണിലും പെണ്ണായി പുരുഷനെ''

 

അയിത്താവസ്ഥ പെണ്ണിന് സ്വാഭാവികമായുള്ളതാണെന്നും അതാണ് പുരുഷനെ തിന്മയിലേയ്ക്ക് നയിക്കുന്നതെന്നുമുള്ള സ്ത്രീവിരുദ്ധ സ്മൃതിവചനം ഇവിടെ കവി പിന്തുടരുന്നു. സ്ത്രീയെ ലൈംഗികാസ്തിത്വം ചോർത്തിക്കളഞ്ഞുമാത്രം സ്വീകരിക്കുന്നത് അതുകൊണ്ടാണ്. 'പിംഗള'യിലെ മാനസാന്തരം അങ്ങനെ സംഭവിക്കുന്നതാണ്. മിസ് മേയോക്ക് മറുപടിയായി, അത്തരത്തിലുള്ള സ്ത്രീകളെ മുൻനിർത്തി ഭാരതമഹത്വം വർണ്ണിക്കുമ്പോൾ ('ചിത്രശാല') അത് പുരുഷോപാലംഭമായി മാറുന്നത് (ഡോ.എം.ലീലാവതിയുടെ അഭിപ്രായം) ഇത്തരത്തിൽ വ്യക്തിമാത്ര കേന്ദ്രിതമായ നിലപാടുനിമിത്തമാണ്. ''പ്രാചീന മഹത്വസ്മരണ കവിയ്ക്ക് ലഹരി പിടിപ്പിക്കുന്ന ഒരു പാനീയമാണ്. അതുനൽകിയ ആവേശത്തിനിടയിൽ മിസ്.മേയോവിന്റെ വിമർശനത്തെ നേരിടാൻ വേണ്ടുന്ന യുക്തികൾ സഞ്ചയിക്കാൻ മറന്നുപോയി'' (ലീലാവതി) 'ഭക്തിദീപിക'യിലും ചാത്തനു സദ്ഗതി ആശ്രിതഭക്തിയിലൂടെയേ നേടാനാവൂ എന്നു സ്ഥാപിക്കുന്നു. 'പ്രേമസംഗീത'ത്തിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളിലും അയ്യൻപുലയനിലും, ആദിത്യനിലും കൃമിയിലുമെന്നപോലെ പരമാത്മാവ് ഉണ്ടെന്നു പറയുന്നു. എന്നാൽ തമ്പ്രാക്കളിൽ ഭക്തിയുണ്ടെങ്കിലേ കൃമിതുല്യനായ പുലയന് ഗതിയുള്ളൂ എന്ന ദർശനവും ഇതിനൊപ്പമുണ്ട്. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ സമം സൂര്യൻ, അയ്യൻ പുലയൻ സമം കൃതി എന്ന ഒരു സമവാക്യവും ഇവിടെ രൂപപ്പെടുന്നു. വളർച്ചയുടെ ഉന്നതശ്രേണിയിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ പ്രതിഷ്ഠിക്കുന്ന ഈ സ്‌നേഹസങ്കൽപ്പം രാജകീയമായിരുന്നു, ജനാധിപത്യപരമല്ല.

 

നവോത്ഥാനത്തിൻ്റെ ഉള്ളിൽ ഉണ്ടായിരുന്ന മൂന്നു ചരിത്ര പ്രേരണകളുടെയും മനോഭാവങ്ങളുടെയും പ്രതിനിധാനമായിരുന്നു, ആശാനും വള്ളത്തോളും ഉള്ളൂരും. യാഥാസ്ഥിക സവർണ്ണപാരമ്പര്യത്തിൻ്റെയും യാഥാസ്ഥിക പരിഷ്കരണ പാരമ്പര്യത്തിൻ്റെയും അധ:സ്ഥിതവിപ്ലവപാരമ്പര്യത്തിൻ്റെയും നിലപാടുകൾ ഉള്ളൂർ - വള്ളത്തോൾ - ആശാൻ എന്നിവരിൽ കാണാം.

 


1 comment
bottom of page