സംസ്കാര വിമർശനം
ഭാഗം -1
നവോത്ഥാനവും വ്യാവസായിക വിപ്ലവവുമെല്ലാം മതത്തെയും ദൈവത്തെയും ചോദ്യം ചെയ്തവയാണ്. നവോത്ഥാനം ആധുനികതയുമായി ബന്ധപ്പെട്ട പ്രയോഗമാണ്. മതസ്വത്വത്തെയും സാമുദായിക സ്വത്വത്തെയും മതേതര ആധുനികതക്കനുസരിച്ച് രൂപപ്പെടുത്താനുള്ള സൈദ്ധാന്തികവും സാമൂഹികവുമായ ഇടപെടലുകളാണ് ആധുനികതയുമായി ബന്ധപ്പെട്ട നവോത്ഥാനം കൊണ്ടർത്ഥമാക്കുന്നത്. ആധുനിക യുഗത്തിന്റെ പിറവിക്കു പിന്നിലുണ്ടായിരുന്ന ശക്തികളിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വ്യാവസായിക വിപ്ലവം, യന്ത്രങ്ങളുടെയും ശാസ്ത്രത്തിന്റെയും സഹായത്തോടെ മനുഷ്യന്റെ ഭൗതിക പരിസരങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ മണ്ഡലങ്ങളിൽ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന അടിത്തറകൾ പാടെ ഇളകിത്തുടങ്ങി. വ്യാവസായിക വിപ്ലവത്തോടനുബന്ധിച്ചുള്ള മനുഷ്യരാശിയുടെ പുരോഗതിയുടെ കാലഘട്ടത്തിൽ ശാസ്ത്രം മതത്തെ പിന്തള്ളാൻ തുടങ്ങി. നിലവിലുള്ള മതവിശ്വാസങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ശാസ്ത്രം പുരോഗമിക്കുകയും ചെയ്തു.
മതത്തിന്റെ കാലം കഴിഞ്ഞുവെങ്കിലും മുതലാളിത്തം പുതിയ അത്ഭുതങ്ങളെ സൃഷ്ടിച്ചു. ദൈവം മരിച്ചുവെങ്കിലും പുതിയ അതിമാനുഷികർ ഉദയം ചെയ്തു. ടെക്നോളജി സൃഷ്ടിക്കുന്ന അത്ഭുതങ്ങൾ ദൈവത്തിന്റെയും അത്ഭുതങ്ങളുടെയും സ്ഥാനത്ത് വന്നു. അവ ദൈവത്തിന്റെയും മതത്തിന്റെയും അത്ഭുതങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മുതലാളിത്തം പഴയ സാംസ്കാരിക മൂലധനത്തെയും ഉപയോഗിച്ചുകൊണ്ടാണ് വികസിച്ചത്.
വ്യാവസായിക യുഗം വരുമ്പോൾ മതം ഒരു പ്രധാനപ്പെട്ട വ്യവസായമായിതീർന്നു. 'ഗ്ലോബലൈസേഷൻ എന്നത് ഒരു മതസിദ്ധാന്തമാണ്. ആഗോളീകരണം ഈ ഗോളത്തെ തന്നെ ചില്ലുകളായി വിൽക്കാൻ വയ്ക്കുന്നു 'എന്നു പറഞ്ഞു കൊണ്ടു എം.എൻ.വിജയൻ ഇത് വിശദീകരിക്കുന്നു. ഭൂമി തന്നെ ഒരു ചന്തയായി തീരുകയല്ല, അടഞ്ഞ സൂപ്പർ മാർക്കറ്റ് ആവുകയാണ്. ഭൂമിയെ ഉരുട്ടി വിഴുങ്ങാൻ വെല്ലുന്ന മുതലാളിത്ത ബാലിശത്തെ ആഗോളവത്കരണമായി നാം ഉദാത്തീകരിക്കുന്നു. ഉത്പാദന വിപണനങ്ങളുടെ നിയന്ത്രണം കൊണ്ട് ഈ ഗോളം ഒരു സൂപ്പർമാർക്കറ്റായി മാറ്റുകയാണ് മുതലാളിത്തം"ശരീരത്തിലെ ചർമ്മങ്ങളെ നിവർത്തുക.സുഗന്ധമുണ്ടാക്കിത്തീർക്കുക, ശരീരം ദുർഗന്ധപൂർണ്ണമാണെന്ന് നമ്മെത്തന്നെ ബോധ്യപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ നാം ഓർക്കാതെ പോകുന്നത് പണ്ട് മതങ്ങൾ ചെയ്തിരുന്നത് എന്തോ അത്
തന്നെയാണ് ഈ വ്യാവസായികമതവും ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് നീ വൃത്തികെട്ടവനാണ്, വൃത്തികെട്ടവനാണ് എന്നുപറയുന്നത് നീ പാപിയാണ്. പാപിയാണ് എന്നു പറയുന്നതിന്റെ വ്യാവസായിക മറുപുറമാണ്. ".ലോകത്തിലാദ്യമായി സംസ്കാരം ഒരു കേന്ദ്രീകൃത വ്യവസായമായിത്തീരുകയും ഇമേജിന്റെയും ഐ.ടിയുടേയും ആധിപത്യത്തിൽ അമരുകയും ചെയ്തതോടെ സമൂഹത്തെ പൂർണ്ണമായും നിയന്ത്രിക്കുന്നത് സംസ്കാരമാണ് എന്ന ആശയവാദത്തിന് വലിയ പ്രചാരണം കിട്ടിയിട്ടുണ്ട്. തുണിയും സോപ്പും മാത്രമല്ല സംസ്കാരവും മുതലാളിത്തം സാമാന്യജനങ്ങൾക്കായി നിർമ്മിച്ച് വിതരണം ചെയ്യുന്നു. ഇങ്ങനെ മതത്തെയും ദൈവത്തെയും കൂട്ടുപിടിച്ചുകൊണ്ട് മുതലാളിത്തം വികസിക്കുകയും അവയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയും ചെയ്തു. മതത്തിന്റെ അത്ഭുതങ്ങളെത്തന്നെ മുതലാളിത്തവും ഉപയോഗിക്കുന്നു. ദൈവത്തിന്റെ മുന്നിൽ മനുഷ്യർ ശിശുവായി മാറുന്നത് പോലെ മുതലാളിത്ത ഉത്പന്നങ്ങളുടെ മുന്നിലും മനുഷ്യർ അത്ഭുതം കൂറുന്ന ശിശുവായി മാറുന്നു. ഈ അത്ഭുതം തന്നെയാണ് പരസ്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്.
പരസ്യങ്ങളും മുതലാളിത്ത വ്യവസ്ഥയും
ഉൽപന്നങ്ങളും, സേവനങ്ങളും, ആശയങ്ങളും മറ്റും വിപണി യിലെത്തിക്കുന്നതിനും വിൽക്കുന്നതിനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു വിപണന തന്ത്രമാണ് പരസ്യങ്ങൾ. പരസ്യങ്ങളില്ലാത്ത ഒരു ലോകത്തെപ്പറ്റി ചിന്തിക്കുക പോലും ഇന്ന് അസാദ്ധ്യമാണ്. പലതരത്തിലുള്ള പരസ്യങ്ങളുമായി നാം അനുദിനം സംവദിക്കാറുണ്ട്. ഉൽപന്നങ്ങളോ സേവനങ്ങളോ വിൽക്കുക എന്നതാണ് വൻകിട വ്യവസായ സ്ഥാപന ങ്ങൾ ങ്ങൾക്ക് അനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കുന്നതിനും അതിലൂടെ തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും കൂടുതൽ ഫലപ്രദമായി വിപണനം ചെയ്യുന്നതിനും പരസ്യങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. പുതിയ ഉപഭോക്താക്കളെ നേടുന്നതിനും നിലവിലുള്ളവരെ കൂടെ നിറുത്തുന്നതിനും വ്യവസായികൾ പരസ്യങ്ങളെ ഉപയോഗപ്പെടുത്തുന്നു.
ആധുനിക പരസ്യങ്ങളുടെ പ്രാക് രൂപങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപുതന്ന ആരംഭിച്ചിരുന്നു. ഇന്നത്തെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോൾ പൂർവ്വ മധ്യകാലങ്ങളിലുള്ള പരസ്യരൂപങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. പക്ഷേ പരസ്യങ്ങളുടെ ഉദ്ദേശ്യം അന്നും ഇന്നും ഒന്നുതന്നെയാണ്. ജനങ്ങളെ സ്വാധീനിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിന് അവരെ പ്രേരിപ്പിക്കുകയാണ് പരസ്യത്തിന്റെ അടിസ്ഥാനലക്ഷ്യം. പരസ്യങ്ങൾ പണ്ട് ഉണ്ടെങ്കിലും മുതലാളിത്ത വ്യവസ്ഥയാണ് അതിന്റെ പ്രധാന നിർമ്മാതാക്കൾ. ജനങ്ങളുടെ ആവശ്യവും ഉത്പാദനവും തമ്മിൽ പൊരുത്തപ്പെടാത്തതിൽ നിന്നുമാണ് പരസ്യങ്ങൾ ഉണ്ടാകുന്നത്. മതത്തിന്റെ അത്ഭുതം തന്നെയാണ് ഉൽപന്ന വിപണനത്തിൽ പരസ്യവാചകങ്ങളായി എത്തുന്നത്.
"ഒരു ഉൽപ്പന്നത്തെയോ, സേവനത്തെയോ ആശയത്തെ യോ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി രൂപം നൽകിയിരിക്കുന്ന സന്ദേശമാണ് പരസ്യം ' എന്ന് വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ അഭിപ്രായപ്പെടുന്നു. ഉൽപാദനമേഖലയുടെ വളർച്ചയാണ് യഥാർത്ഥത്തിൽ പരസ്യങ്ങൾ വർധിക്കുന്നതിന് കാരണമായത്. ഉൽപന്നങ്ങൾ കൂടുതലായി വരുംതോറും പരസ്യത്തിന്റെ സാധ്യതയും വർധിച്ചു വരുകയാണ്. പരസ്യങ്ങളും വിപണിയും ചേർന്ന് യാഥാർത്ഥ്യമാക്കിയ ഉപഭോഗ സംസ്കാരത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ജനങ്ങളെ ഉൽപന്നങ്ങൾ വാങ്ങികൂട്ടാൻ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഉപഭോഗസംസ്കാരമാണ് പരസ്യങ്ങൾ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. പരസ്യങ്ങൾ യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത സാധനങ്ങൾ സ്വന്തമാക്കുവാനും ഉപയോഗിക്കുവാനുമുള്ള ആഗ്രഹം നമ്മിൽ ജനിപ്പിക്കുന്നു. ഇത് നമ്മുടെ വികാരങ്ങളേയും ദൗർബല്യങ്ങളെയും സ്വാധീനിച്ചുകൊണ്ട് നമ്മുടെ ആഗ്രഹങ്ങളെ നിർമ്മിക്കുന്നു.
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന, വാരിക്കൂട്ടുന്ന പുതിയ ഉൽപന്നങ്ങൾക്കു വേണ്ടി കൊതിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തെയാണ് ഉപഭോക്തൃസമൂഹം എന്നു വിളിക്കുന്നത്. “ഇത് ലോകത്തെ മുഴുവൻ കുടിച്ചു വറ്റിക്കുന്ന ഒരു സംസ്കാരമായി മാറിയിരിക്കുന്നു. ശ്രീകൃഷ്ണൻ ഭൂമി വിഴുങ്ങിയതുപോലെ ലോകം വിഴുങ്ങുന്ന മുതലാളിത്തം മാറിക്കൊണ്ടിരിക്കുകയാണ്. ഫാക്ടറിയിൽ ഉത് പന്നങ്ങൾ ഉണ്ടാക്കുമ്പോൾ അതു വാങ്ങാനുള്ള കൊതികൂടി നിർമ്മിക്കണമെന്ന് മുതലാളിത്തത്തിന് നന്നായറിയാം. കൊതിയും ഒരുത്പന്നമാണ് '' (എം.എൻ.വിജയൻ)
മനുഷ്യേച്ഛയുടെ അപാരമായ തലങ്ങളെ കൈയടക്കാനുള്ള ഈ വ്യവസായ സംരംഭം
പുതിയ വ്യവസായിക സമുദായത്തിന്റെ ഭാഗമായി ആവിർഭവിച്ചിരിക്കുന്നു, മുടിയുടെ നിറം, തൊലിയുടെ ചുളിവ്, വായുടെ ഗന്ധം, വസ്ത്രത്തിന്റെ യുക്തി, വിവാഹത്തിന്റെ ഒരുക്കം.. എല്ലാം പഠിപ്പിക്കുന്നത് മുതലാളിത്തമാണ്. വസ്തുതകൾ ഉപയോഗിക്കാതെ, യാഥാർത്ഥ്യം ഇല്ലാതെ ലോകത്തിൽ സംഭവങ്ങൾ ഉണ്ടാക്കാൻ കഴിയും. ഇത് വ്യാപാരികൾക്കറിയാം. നിങ്ങളുടെ ചർമ്മം 14 ദിവസം കൊണ്ട് വെളുക്കില്ലെന്നും മുഖക്കുരു 14 കൊല്ലം കൊണ്ടേ മാറിക്കിട്ടു എന്നറിയാവുന്ന ആളുകൾ തന്നെയാണ് 14 ദിവസം കൊണ്ട് മുഖക്കുരു മാറിക്കിട്ടുമെന്നും യുവജനോത്സവത്തിൽ പങ്കെടുക്കാമെന്നും പെൺകുട്ടികളോടും പെൺകുട്ടികളുടെ അച്ഛനമ്മമാരോടും പറയുന്നത്. ഇതാണ് പ്രത്യായനതന്ത്രം.
“ഇന്ന് ഭൂമിയെ ഉരുട്ടി വിഴുങ്ങുന്നത് മുതലാളിത്തമാണെങ്കിൽ പണ്ട് ഭൂമി ശ്രീകൃഷ്ണന്റെ വായിലായിരുന്നു. ശ്രീകൃഷ്ണൻ വായ തുറന്നപ്പോൾ കണ്ടത് ഈ പതിനാല് ലോകമാണ്. ഇന്ന് ഈ അത്ഭുതങ്ങളെല്ലാം ചെയ്യുന്നത് പണമാണ്.
മതം പണ്ട് ഭൂമിയെ നിർമ്മിച്ചതെങ്കിൽ ഇന്ന് പണമാണ് മുതലാളിത്തമാണ് നിർമ്മിക്കുന്നത്. “വിയർക്കാത്ത സ്വർഗ്ഗം മതവും മുതലാളിത്തവും മുന്നോട്ടു വയ്ക്കുന്നു. നീ പാപിയാണ് എന്ന് മതം വിളിച്ചു പറഞ്ഞപ്പോൾ നീ വൃത്തികെട്ടവനാണ് നിന്റെ ശരീരത്തിലും വായിലും അപകടകരമായ രോഗാണുക്കളാണ് എന്ന് മുതലാളിത്തം പറയുന്നു. മന്ത്രങ്ങൾ പോലെ പരസ്യങ്ങൾ എത്തുന്നു'' പാപമുക്തിക്ക് ഗുരുവായൂരിലേക്ക് പോകുന്നത് പോലെ ഷോപ്പിംഗിൽ പോകുന്നു. പണമുള്ളവർക്ക് മുതലാളിത്തം സ്വർഗ്ഗം പണി കൊടുക്കുന്നു. വിയർക്കുന്നവനും അധ്വാനിക്കുന്നവനും
വൃത്തികെട്ടവനായി മാറുന്നു. ഭൂമിയുടെ വിയർപ്പിൻ മേൽ വില കൂടിയ സെന്റ് പൂശുന്നു.“ഉൽപന്നങ്ങളെ മാത്രമല്ല അനുഭവങ്ങളെയും മുതലാളിത്തം നിർമ്മിച്ച് കൊടുക്കുന്നു.ഇന്ന് മുതലാളിത്ത ഉത്പന്നങ്ങളാൽ സ്നേഹം ആദേശം ചെയ്യപ്പെടുന്നു." (എംഎൻ വിജയൻ, എം എൻ വിജയൻ്റെ ലോകങ്ങൾ )പരസ്യത്തിൽ കണ്ട മിഠായിയുമായി വരുന്ന അച്ഛൻ സന്തോഷവും ഇല്ലാതെ വരുന്ന അച്ഛൻ ദുഃഖവുമായി മാറുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധം ഉത്പന്നങ്ങൾ പിടിച്ചെടുക്കുന്നു." ( ഷൂബ കെ.എസ്സ്.)ഇത്തരത്തിൽ പരസ്യങ്ങൾ കൊണ്ട് മൂടപ്പെട്ട മുതലാളിത്ത
സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്നത്തെ സമൂഹം. പരസ്യങ്ങൾ മതത്തിൻ്റെ മൂല്യങ്ങളെ പുനരുത്പാദിപ്പിച്ചു കൊണ്ടാണ് എത്തുന്നത്. അത്ഭുതവും വിശ്വാസവും ഒക്കെ പരസ്യങ്ങൾ ഉപയോഗിക്കുന്നു. ആദ്യകാല മാസികകളിലെ പരസ്യങ്ങൾക്കും ഇത് ബാധകമാണ്.
ആദ്യകാല മാസികയിലെ പരസ്യങ്ങൾ - സാമാന്യ വിവരണം
ആദ്യകാല മാസികകളിൽ നവോത്ഥാനത്തിന്റെ എല്ലാ സവിശേഷതകളും കാണാൻ കഴിയും. അറിവിന്റെയും വിജ്ഞാനത്തിന്റെയും പാതയിലൂടെ വായനക്കാരെ നയിക്കാൻ പ്രാപ്തിയുള്ളവയാണ് ഇത്തരം മാസികകൾ, വെറും വാർത്തകൾ അറിയിക്കുക എന്നതിലുപരി പത്രമാസികകൾ ഭാഷയെയും സാഹിത്യത്തെയും പുഷ്ടിപ്പെടുത്തുന്നു. മലയാളത്തിൽ പത്രപ്രവർത്തനം ആരംഭിച്ചശേഷം മൂന്നു പതിറ്റാണ്ടുകൾക്കു ശേഷമാണ് മാസികകൾ വരുന്നത്. സമൂഹത്തിന് ഉപകാരപ്രദമായ ധാരാളം വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ഒന്നുകൂടിയായിരുന്നു ഇത്തരം മാസികകൾ.
ഭാഷാചരിത്രം, മൃഗചരിത്രം, പള്ളിക്കൂടം സംബന്ധിച്ച നിയമങ്ങൾ, ശരീരസൗഖ്യത്തെ ഉദ്ദേശിച്ചുള്ള പ്രമേയങ്ങൾ, വൃക്ഷലതാദികളെ സംബന്ധിച്ച ശാസ്ത്രം, യന്ത്രസംബന്ധമായ ശാസ്ത്രം, ഗ്രന്ഥവിസ്താരം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനം, വൈദ്യം, ആരോഗ്യം, ഫലിതം, ചെറുകഥകൾ, നർമോപന്യാസങ്ങൾ, ഗവേഷണ മൂല്യമുള്ള ലേഖനങ്ങൾ, സാമന്യക്കാർക്ക് ശാസ്ത്രജ്ഞാനം നല്കാൻ ഉപകരിക്കുന്ന ലേഖനങ്ങൾ, പുസ്തക നിരൂപണങ്ങൾ തുടങ്ങി വായനക്കാർക്ക് എല്ലാ മേഖലകളിലും വിജ്ഞാനം പകർന്നു നല്കാൻ മാത്രം വിഷയവൈവിധ്യമുള്ളവയായിരുന്നു ആദ്യകാല മാസികകൾ. അതുകൊണ്ടുതന്നെ ഈ മാസികകൾക്ക് ജനങ്ങൾക്കിടയിൽ വമ്പിച്ച പ്രചാരം ഉണ്ടായിരുന്നു.
ഇത്തരം വൈവിധ്യമാർന്ന വിഷയങ്ങൾക്കൊപ്പം ആദ്യകാല മാസികകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ട ഒന്നാണ് പരസ്യങ്ങൾ. ഇന്ന് നമ്മുടെ പത്രങ്ങളിലും, മാസികകളിലും, സോഷ്യൽ മീഡിയകളിലും നിറഞ്ഞുനിൽക്കുന്ന പരസ്യത്തിന്റെ ആദിരൂപങ്ങൾ ആദ്യകാല മാസികകളിൽ കാണാനാവും.നവോത്ഥാനത്തിന്റെ കാലഘട്ടമായതുകൊണ്ടുതന്നെ മാസികകൾക്ക് വമ്പിച്ച പ്രചാരം ലഭിച്ചു തുടങ്ങിയിരുന്നു. ആളുകൾ മാസികകൾ വാങ്ങുകയും വായിക്കുകയും ചെയ്യുന്നതിനാൽ അതിന്റെ പ്രചാരവും പ്രാധാന്യവും വലുതായിരുന്നു.
വായനക്കാരന്റെ വീട്ടുവാതിൽക്കൽ വരെ എത്താൻ മാസികകൾക്ക് സാധ്യമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം മാസികകളിൽ പരസ്യത്തിനുള്ള സാധ്യതയും ഏറെയാണ്. എവിടെയെങ്കിലും പതിക്കുകയോ എഴുതുകയോ ചെയ്യുന്നതിനെക്കാൾ വേഗത്തിൽ പരസ്യങ്ങൾ മാസികകളിൽ ഉൾപ്പെടുത്തുമ്പോൾ വായനക്കാരന്റെ മനസ്സിൽ ഇടം നേടുകയും അതിന് കൂടുതൽ പ്രചാരം കിട്ടുകയും ചെയ്യും. ഈ പ്രചാരണ സവിശേഷതയാണ് മാസികകളിൽ പരസ്യത്തിന് അതിന്റേതായ ഒരിടം കൊടുത്തത്. ആദ്യകാല മാസികകൾ പരിശോധിച്ചാൽ പല തരത്തിലുള്ള പരസ്യങ്ങൾ കണ്ടെത്താനാവും വായനക്കാരനെ ആകർഷിക്കുന്ന തരത്തിലുള്ള തലക്കെട്ടുകളോടു കൂടി പ്രത്യക്ഷപ്പെടുന്നതും, അതേസമയം സാധാരണമായ രീതിയിൽ അവതരിപ്പിക്കുന്ന പരസ്യങ്ങളുമുണ്ട്. ആകർഷകമായ തലക്കെട്ടോടു കൂടി പ്രത്യക്ഷപ്പെടുന്ന ഇത്തരം പരസ്യങ്ങൾ ജനശ്രദ്ധയാകർഷിക്കുകയും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കളെ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം പരസ്യങ്ങളെ അതിന്റെ സവിശേഷതയനുസരിച്ച് തരംതിരിക്കാവുന്നതാണ്.
പലതരം ഉൽപന്നങ്ങളുടെ പരസ്യങ്ങൾ ആദ്യകാല മാസികകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മനുഷ്യന് ഉപയോഗപ്രദമായതെന്തും തങ്ങളുടെ പരസ്യങ്ങളിലൂടെ വിൽക്കപ്പെടുന്നു. അത് സാധനങ്ങളായാലും സേവനങ്ങളായാലും ശരി. ഇപ്രകാരം വ്യാപാരശാലകളുടെയും, സൗന്ദര്യവർദ്ധകവസ്തുക്കളുടെയും, മരുന്ന്, പുസ്തകങ്ങൾ, യന്ത്രങ്ങൾ, തുണിച്ചരക്ക്, വിവിധതരം ഉൽപന്നങ്ങൾ തുടങ്ങി എല്ലാ ഉൽപന്നങ്ങളുടെ പരസ്യങ്ങളും ലഭ്യമാണ്. ഇവകൂടാതെ സേവനങ്ങളും, ഒപ്പം മാസികകളുടെ തന്നെ പരസ്യം ക്ഷണിച്ചുകൊണ്ടുള്ള പരസ്യവും കാണാം.
പുസ്തകങ്ങളെക്കുറിച്ചുള്ളവ
ഇതിൽ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പുസ്തകങ്ങളെക്കുറിച്ചു പരസ്യങ്ങൾ, എല്ലാ വീട്ടിലും വേണ്ടത് എന്ന തലക്കെട്ടോടുകൂടിയാണ് രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും പദ്യരീതിയിൽ അർത്ഥത്തോടു കൂടിയ പുസ്തകത്തിന്റെ പരസ്യം.അതുപോലെതന്നെ അർത്ഥം ശരിയായി മനസ്സിലാക്കുന്നതിനായി അമരപദാർത്ഥ പ്രകാശിക എന്ന പുസ്തകത്തെയും പരസ്യത്തിൽ പറയുന്നുണ്ട്. വള്ളത്തോളിന്റെ 'അച്ഛനും മകളും ' എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ ചെറിയ വിവരണത്തോടു കൂടിയാണ് പരസ്യം പ്രത്യക്ഷപ്പെടുന്നത്. കഥാസരസ്സ്, വി.സി. ബാലകൃഷ്ണപ്പണിക്കരുടെ കൃതികൾ, ബധിരവിലാപം, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കൃതികൾ, അക്കിത്തത്തിന്റെ വളക്കിലുക്കം, പിസി. കുട്ടികൃഷ്ണന്റെ പിറന്നാൾ തുടങ്ങിയ പുസ്തകങ്ങളുടെ പരസ്യങ്ങൾ ഉദാഹരണമായെടുക്കാം. ബഷീറിന്റെ ശബ്ദങ്ങൾ എന്ന പുസ്തകം പരസ്യപ്പെടുത്തുന്നത് "സദാചാരത്തിന്റെ സംരക്ഷകന്മാരെന്ന ഭിമാനിക്കുന്നവർ ബഷീറിന്റെ ശബ്ദങ്ങൾ എന്ന കൃതിവായിച്ചാൽ ബോധം കെട്ടുവീഴുകയില്ലേ?'' എന്ന വാക്കുകളോടു കൂടിയാണ്. ഈ രീതിയിൽ ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലാണ് പരസ്യങ്ങൾ വരുന്നത്.
ആരോഗ്യവ്യവസായം
മനുഷ്യനെ എക്കാലത്തും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മരുന്നു സംബന്ധിക്കുന്ന പരസ്യങ്ങൾ ഏറെയാണ്. തൈലം, ഗുളിക, ച്യവനപ്രാശം, ലോൾ തുടങ്ങിയ വിവിധ മരുന്നുകൾ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ മരുന്നു കമ്പനികളുടെ പരസ്യങ്ങളും കാണാം. ബധിരത എന്ന തലക്കെട്ടോടു കൂടി ശാസ്ത്രത്തിന്റെ ന്യൂതനവും ആശ്ചര്യകരവുമായ കണ്ടുപിടിത്തം എന്ന പരസ്യവാചകത്തോടു കൂടിയാണ് ഔഷധം പരസ്യം ചെയ്തിരിക്കുന്നത്. ഇന്നത്തെ പരസ്യങ്ങളിൽ കാണുന്നതു പോലെ ഫലം ഇല്ലെങ്കിൽ പണം തിരികെ നൽകുന്ന രീതിയിലുള്ള വാചകങ്ങൾ കാണാം. "ഫലപ്രദമല്ലെങ്കിൽ വില മടക്കിക്കൊടുക്കും' എന്ന വാചകം ഈ പരസ്യത്തിലും കാണാം. അതുപോലെ തന്നെ വൈദ്യശാലകളുടെയും വൈദ്യന്മാരുടെയും പരസ്യങ്ങൾ കാണാം. “ഇവിടെ എല്ലാവിധ ആസവങ്ങൾ, അരിഷ്ടങ്ങൾ മുതലായവയ്ക്കു പുറമെ പെട്ടിമരുന്നുകൾ മുതലായ എല്ലാ ആയുർവേദ ഔഷധങ്ങളും മൊത്തമായും ചില്ലറയായും വില്ക്കുന്നു' എന്ന പരസ്യവാചകത്തോടു കൂടിയാണ് സർവ്വരോഗ വിനാശിനി വൈദ്യശാലയുടെ പരസ്യം.കൊച്ചിൻ ആയുർവേദിക് ലബോറട്ടറീസ്, കോട്ടക്കൽ ആര്യവൈദ്യശാല, വൈദ്യരത്നം ഔഷധശാല എന്നിവയും ഉദാഹരണം. ദ്രോണ, ക്ഷയരോഗത്തിനുള്ള ഔഷധം, എ.വി. ഓയൽ, തൈലങ്ങൾ, ബ്രഹ്മരസായനം, മൃതസംജീവനി, ഓർമശക്തി നിലനിർത്തുന്നത്. ഹിമസാഗരതൈലം തുടങ്ങി ധാരാളം ആയുർവേദ ഉൽപന്നങ്ങളുടെ പരസ്യങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
സൗന്ദര്യവർദ്ധകവസ്തുക്കൾ
സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് ഇന്ന് ലോകവിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ സൗന്ദര്യവർദ്ധകവസ്തുക്കൾക്ക് പരസ്യങ്ങളിൽ വലിയൊരു സാധ്യതയുണ്ട്. ഈ തരത്തിലുള്ള പരസ്യങ്ങൾ ആദ്യകാല മാസികകളിലും കാണാം. സോപ്പ്, ഹെയർ ഓയിൽ, ക്രീം തുടങ്ങി അനേകം വസ്തുക്കളുടെ പരസ്യങ്ങൾ ഉണ്ട്. പുരുഷന്മാരുടെ ഷേവിങ്സ്റ്റിക്കിന്റെ പരസ്യം "മുഖസ്തുതിയല്ലാത്ത " എന്ന പരസ്യവാചകത്തോടെ സംഭാഷണ രൂപത്തിൽ കൊടുത്തിരിക്കുന്നു, ഒപ്പം ചർമ്മത്തെ മിനുസമുള്ളതും തനിതങ്കവും ആക്കിമാറ്റാം എന്ന ആശയവും. അത്യാനന്ദകരമായ പരിമളം മാത്രമല്ല വേപ്പ് സോപ്പിന്റെ ഗുണം എന്നും ശുദ്ധമായ വേപ്പിന്റെ സത്ത് അതിൽ അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് കേരള സോപ്പ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വേപ്പ് സോപ്പ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കേരള ചന്ദന സോപ്പും ഇത്തരത്തിൽ സൗന്ദര്യത്തിന്റെ രഹസ്യം അറിയിക്കുന്ന തരത്തിൽ പരസ്യം ചെയ്തിരിക്കുന്നു. ഇതോടൊപ്പം തന്നെ ആഭരണങ്ങളുടെ പരസ്യങ്ങളും ധാരാളമാണ്. നിസ്തുലമായ മുടിചായം എന്ന പേരിലാണ് Special Royal hair ഡൈയുടെ പരസ്യം, അത് രാജാക്കന്മാരും, പാശ്ചാത്യരും ഒക്കെ ഉപയോഗിച്ചിരുന്നതായി പറയുന്നു. ഈ മുടിച്ചായം തലമുടിക്ക് നിമിഷത്തിനകം കറുപ്പും മിനുസവും നൽകുന്നു എന്നു '
പരസ്യപ്പെടുത്തിയിരിക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകരെ വാങ്ങാൻ പ്രേരിപ്പിക്കുന്ന എന്ന് തരത്തിലുള്ള പരസ്യങ്ങൾ അനവധിയാണ്. “കറുത്ത നിറം വെളുക്കും, നിങ്ങളുടെ നിറം വേണ്ടത്ര വെളുപ്പിക്കുവാൻ അത്ഭുതാവഹമായ ഈ കണ്ടുപിടിത്തം സാധിക്കും" എന്നും, ഇത് ക്രീമോ, സോപ്പോ അല്ല, ചർമ്മത്തിന് എന്നെന്നും നിലനിൽക്കുന്ന വെളുപ്പുണ്ടാക്കി തീർക്കുന്ന നിറം മാറുന്ന ഔഷധം മാത്രം
എന്നിങ്ങനെയും, നിങ്ങളുടെ തലമുടിക്ക് ഭംഗി വരുത്താൻ വെളിച്ചെണ്ണ കൊണ്ടുണ്ടാക്കിയ അതിവിശേഷമായ പരിമള കുന്തള തൈലം ഉപയോഗിക്കുവിൻ എന്ന് ഹെയർ ഓയിൽ പരസ്യത്തിൽ കാണാം. ഇങ്ങനെ സ്ത്രീകൾക്ക് ആവശ്യമുള്ളതും (?) അവരെ ആകർഷിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങൾ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നു.
മാസികകൾ
ഇതുകൂടാതെ മാസികകളുടെ പരസ്യവും കാണാം. സഞ്ചയൻ, മാതൃഭൂമി, ഉണ്ണിനമ്പൂതിരി, ലക്ഷ്മീഭായ് തുടങ്ങിയ മാസികകൾ തങ്ങളുടെ തന്നെ മാസികാ പരസ്യങ്ങൾ കൊടുക്കാറുണ്ട്. അവരുടെ വരിസംഖ്യ വായനക്കാരെ അറിയിക്കുന്നതിനായുള്ള പരസ്യങ്ങളാണവ. അതോടൊപ്പം തന്നെ തങ്ങളുടെ മാസികകളിലേക്ക് പരസ്യങ്ങളെ ക്ഷണിച്ചുകൊണ്ടും കാണാം. അതിന് ഉദാഹരണമാണ് സഞ്ചയനിലെ പരസ്യം; പരസ്യക്കാരോട് എന്ന തലക്കെട്ടിൽ “നിങ്ങളുടെ സാമാനങ്ങളുടെ ഗുണങ്ങളെപ്പറ്റി ഏറ്റവും അധികം ആളുകൾ അറിയണമെന്നുണ്ടെങ്കിൽ സഞ്ജയനിൽ പരസ്യം ചേർക്കുക, അതിനുവേണ്ടി ചെലവാക്കുന്ന സംഖ്യ ഒരിക്കലും പാഴായിപ്പോവുകയില്ല"ഇങ്ങനെ പോവുന്നു മാസികയിലെ പരസ്യങ്ങളുടെപരസ്യങ്ങൾ.
മറ്റുള്ളവ
ഇതുകൂടാതെ യന്ത്രങ്ങളും, വ്യാപാരശാലകൾ, തുണിച്ചരക്ക്, വിവിധതരം ഉൽപന്നങ്ങൾ, ഫോട്ടോ, പ്രസ്സ്, ഷോപ്പ്, ബാങ്ക് തുടങ്ങിയവയും, നാം സാധാരണയായി ഉപയോഗിക്കുന്ന വാച്ച്, സോപ്പ്, കൂട, പേന, ചന്ദനത്തിരി, കട്ടിൽ, വീട്ടുപാത്രങ്ങൾ, സാരികൾ തുടങ്ങി നാം ഉപയോഗിക്കുന്ന സാധനങ്ങൾക്കു പുറമെ ഹോട്ടലുകൾ, ഫർണീച്ചർ കടകൾ, പലചരക്ക് കടകൾ, തുടങ്ങി എല്ലാവിധ സാധനങ്ങളുടെയും പരസ്യങ്ങൾ ഈ മാസികകളിൽ കാണാം. “നവീനവും മേത്തരവുമായ ഫർണ്ണീച്ചർ സാമാനങ്ങൾ മിതമായ നിരക്കിൽ വില്പനക്കു തയ്യാറുണ്ട് എന്നാണ് Modern Furni ture works-ന്റെ പരസ്യം. തുണിത്തരങ്ങളുടെയും, തുണിവ്യാപാരശാലകളുടെയും പരസ്യങ്ങൾ ശ്രദ്ധേയമാണ്. കണ്ണൂർ ഷോപ്പിന്റെ തുണിച്ചാക്കിന്റെ പരസ്യം
സംഭാഷണരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു, അതുപോലെ കോറനാട്-കാഞ്ചിപുരം സിൽക്കിന്റെയും പരസ്യം പുതുമകൊണ്ട് ശ്രദ്ധേയമാണ്.ഇതുകൂടാതെ മറ്റു പരസ്യങ്ങളും
കാണാം, “മഴക്കാലം ഇതാ എത്തിപ്പോയി സുപ്രസിദ്ധമായ മ്യാൻമാർക്ക് കുടകൾ' എന്ന തലക്കെട്ടുകളോടു കൂടി കൂടയുടെ പരസ്യവും, പവൻമാർക്ക് കുടകളുടെ പരസ്യവും കാണാം. പല്ലിന്റെ ധാവള്യത്തെപ്പറ്റി പരസ്യം ചെയ്യുന്ന പൽപ്പൊടിയും, ആനന്തകുസുമം എന്ന വാസന പുകയിലയും, രാവും പകലും ഒരുപോലെ ഫോട്ടോ എടുക്കും എന്ന പരസ്യവാചകത്തിൽ സ്റ്റുഡിയോയും, കണ്ണട, പ്രസ്സ് തുടങ്ങിയവയും ഒപ്പം അലക്കുകാരൻ കേടുവരുത്തി എന്ന പരാതി എവിടെയും കേൾക്കാം എന്ന് പറഞ്ഞു തുടങ്ങുന്ന പോപ്പുലർ വാഷിങ് സോപ്പിന്റെയും, പസഫിക് സ്റ്റോർ, റോയൽ സ്കൈ ലൈറ്റ് വാഷിങ് സോപ്പിന്റെയും, 501 സ്പെഷ്യൽ സോപ്പിന്റെയും തുടങ്ങി മനുഷ്യനുപയോഗിക്കുന്ന എല്ലാ വസ്തുക്കളുടെയും പരസ്യങ്ങൾ മാസികകളിൽ കാണാം. ഇതുകൂടാതെ ബാക്കറി, ബാങ്ക്, കട്ടിൽ, വാച്ച്, റേഡിയോ തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള ഉൽപന്നങ്ങൾ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരസ്യങ്ങളും ഇത്തരം മാസികകളുടെ സവിശേഷതയാണ്.
പരസ്യസംബന്ധിയായ കൃതികൾ
പരസ്യത്തെ സംബന്ധിക്കുന്ന പല കൃതികളും ആദ്യകാല മാസികകളിൽ കാണാം. ഇതിൽ കഥ, കവിത, ലേഖനം മുതലായവ ഉൾപ്പെടുന്നു. സഞ്ചയൻ, വിശ്വരൂപം തുടങ്ങിയ മാസികകളിൽ പരസ്യങ്ങൾ കവിതകളുടെ രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. പരസ്യസംബന്ധമായ കൃതികളും പദ്യരൂപത്തിലുള്ള പരസ്യങ്ങളുമാണ് ഇവിടെ പരിശോധിക്കുത്.
പരസ്യമഹാകവി എന്ന തൂലികാനാമത്തിൽ പരസ്യങ്ങൾ സംബന്ധിച്ച കവിതകൾ കാണാം. 'പരസ്യമേ പരസ്യം' എന്ന തലക്കെട്ടോടുകൂടി സഞ്ചയനിൽ പ്രസിദ്ധീകരിച്ച ഈ കവിത, നമ്മുടെ നിത്യജീവിതത്തിൽ ആവശ്യമായ എല്ലാ
സാധനങ്ങളെയും പരസ്യം ചെയ്യുന്നു. “മാന്യരെ വരി വരി കവിതാ പരസ്യത്തിലേക്ക് വരി' എന്നിങ്ങനെ ആരംഭിക്കുന്ന കവിതയിൽ സോപ്പുകൾ, കണ്ണാടി, സെന്റ്, ചീർപ്പുകൾ,
കോപ്പകൾ, പിഞ്ഞാണങ്ങൾ, പെൻസിൽ, റബ്ബർ, ഷൂസ്, തൊപ്പി, ഫാസ്റ്റുകൾ, മീനെണ്ണ, മുത്തുണ്ട്, പിപ്പൊടി, വാച്ചുകൾ, ലോസകൾ, ബിസ്കറ്റ് മിഠായി തുടങ്ങി നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന സർവ്വസാധനങ്ങളെയും പരസ്യം ചെയ്യുന്നു.
'കുങ്കുമസോപ്പ്' എന്ന കവിതയിൽ ഇത്തരത്തിൽ പരസ്യത്തെ കവിതയായി അവതരിപ്പിക്കുന്നു. കുങ്കുമ സോപ്പ് വാങ്ങാൻ പ്രേരിപ്പിച്ചുകൊണ്ട് സ്ത്രീജനങ്ങളോട് അതിൻ്റെ ഗുണങ്ങളെപ്പറ്റി കവിതയിൽ പറയുന്നു. സോപ്പിൽ വെള്ളമൊന്നു തട്ടിയാൽ പതയുമെന്നും കാകൻ, കൊറ്റി, കരിക്കട്ട, കളഭക്കട്ട തുടങ്ങിയ അഴുക്കുകൾ പോവുമെന്നും, പൂന്തോട്ടത്തിലെ പൂവിന്റെ മണം പോലെ അയൽവീടുകളിൽ പോലും അതിന്റെ സുഗന്ധമെത്തുമെന്നും, മാറാരോഗങ്ങൾ വരെ അകറ്റാനായി കുങ്കുമസോപ്പ് ഉപയോഗിക്കാനായി കവി പറയുന്നു. ഒപ്പം വിലയുടെ വിവരങ്ങളും ബ്രാന്റ് നെയിമും.കുങ്കുമസോപ്പിനു പകരം അത് മാത്രമാണെന്നും കവി പറയുന്നു.
ഇതേരീതിയിലുള്ള മറ്റൊരു പരസ്യമാണ് "സിദ്ധകവചം' .ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാനായി സിദ്ധകവചം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പരസ്യകവിതയാണിത്. കല്യാണത്തിന് തടസ്സം, സന്താനലാഭം, ആരോഗ്യം ക്ഷയിക്കുക, തൊട്ടതിലൊക്കെയും നഷ്ടം, പരീക്ഷയിൽ ഉന്നതവിജയം നേടുക ഇങ്ങനെ എന്ത് വിഷയമായാലും മായാവിത്തകിടാൽ തീർത്ത സിദ്ധകവചം ധരിക്കാനും, അങ്ങനെ ധരിച്ചാൽ ജീവിതവിജയം നേടാനാവുമെന്നും പരസ്യത്തിൽ പറയുന്നു.
ഇത്തരത്തിൽ പദ്യരൂപത്തിൽ പോലും പരസ്യം പ്രത്യക്ഷ പ്പെടാറുണ്ടായിരുന്നു. അവ മാസികകളിൽ പരസ്യത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.
ലേഖനങ്ങൾ
പരസ്യങ്ങളെക്കുറിച്ച് ലേഖനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി പരസ്യത്തെ സംബന്ധിച്ച് സ്വദേശാഭിമാനി പത്രത്തിൽ രാമകൃഷ്ണപംക്തി എന്ന വിഭാഗത്തിൽ കെ. രാമകൃഷ്ണപിള്ള ഒരു ലേഖനമെഴുതിയിട്ടുണ്ട്. പരസ്യങ്ങൾ മാസികകളിൽ കുമിഞ്ഞുകൂടുന്നതിനെ വിമർശിച്ചു കൊണ്ടാണ് അദ്ദേഹം ഈ ലേഖനമെഴുതിയിരിക്കുന്നത്. പരസ്യങ്ങളുടെ ആധിക്യം മൂലം പലപ്പോഴും മാസികയിൽ വാർത്തകൾക്ക് ഇടം കുറഞ്ഞു വരുന്നതിന്റെ പരാതിയാണ് ഇതിലുള്ളത്. വാർത്തകളും പരസ്യങ്ങളും രണ്ടും രണ്ടായി മാസികകളിൽ ഉൾപ്പെടുത്താൻ നിർദ്ദേശിക്കുന്നു.
ഇദ്ദേഹം. ഒരു പത്രത്തിലായാലും മാസികയിലായാലും പരസ്യമായി ചേർക്കേണ്ടത് ഇന്നതിനെയാണ് വാർത്തയായി ചേർക്കേണ്ടത്. ഇന്നതിനെയാണ് എന്ന് നല്ല നിശ്ചയമുണ്ടായിരിക്കണം എന്നു പറയുന്നു. പരസ്യത്തിന്റെയും വാർത്തയുടെയും ഉദ്ദേശ്യം രണ്ടും രണ്ടായതിനാൽ അവ വേർതിരിച്ച് തന്നെ കാണിക്കണം. പരസ്യങ്ങളെ കൂലിക്കുവേണ്ടി വാർത്തയായി അവതരിപ്പിക്കുന്നത് തെറ്റാണ് എന്നു പറയുന്നു. ചിലപ്പോഴൊക്കെ പരസ്യങ്ങളുടെ സത്യസന്ധതയിൽ സംശയാലുവാണ് ലേഖകൻ. ഇത്തരത്തിൽ പരസ്യങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റി ചിന്തിക്കാൻ അക്കാലത്തു തന്നെ ലേഖകന്മാർ ശ്രമിച്ചിരുന്നു. ഇന്ന് വാർത്തകൾ തന്നെ പരസ്യങ്ങളായി മാറിയിട്ടുണ്ട്.
കഥകൾ
പരസ്യങ്ങൾ വിഷയമാക്കുന്ന കഥകളും ഉണ്ട്.വിദ്യാഭിവർദ്ധിനി മാസികയിൽ 'ലീലാരംഗം' എന്ന പേരിൽ എസ്.വി. രാമൻ എഴുതിയ ചെറുകഥയിൽ പരസ്യത്തെ മുഖ്യമായി അവതരിപ്പിക്കുന്നു. ഗണേശൻ എന്ന ചെറുപ്പക്കാരൻ ഒരു പെൺകുട്ടിയുടെ പ്രേമലേഖനം കാണുകയും തുടർന്ന് പെൺകുട്ടിയെ അന്വേഷിച്ചു പോവുകയും കബളിക്കപ്പെടുന്നതുമാണ് കഥ.
ഗണേശൻ എന്ന യുവാവ് പൂന്തോട്ടത്തിലൂടെ നടക്കുകയും അവിടെ വച്ച് ഒരു പെട്ടിക്കകത്ത് ഒരു ഛായാചിത്രവും ഒരു കത്തും ലഭിക്കുന്നു. ആ ഛായാചിത്രത്തിൽ ആകൃഷ്ടനായ നായകൻ താനും കരിമുകിൽ വർണ്ണനായതിൽ സന്തോഷിച്ച്, കത്തിൽ പറഞ്ഞപോലെ ചാലയിൽ ലീലാവിലാസത്തിൽ ചെന്ന് ലീലയെ വരിക്കാനായി പുറപ്പെട്ടു. കരിമുകിൽ വർണ്ണനെയാണ് അവൾ തേടുന്നത്. താൻ കൃഷ്ണവർണ്ണമുള്ളവനായതിനാൽ തനിക്ക് ലീലയെ വിവാഹം ചെയ്യാനാവും എന്ന വിശ്വാസത്തോടെ പ്ലഷർക്കാറിൽ, സെന്റ് പൂശി, കണ്ണടവച്ച വസ്ത്രാലങ്കാരഭൂഷിതനായി പുറപ്പെട്ടു. ഒരുപാട് പ്രതീക്ഷകളോടെ ലീലാവിലാസത്തിലെത്തപ്പെട്ട ഗണേശനെ ഒരു മദ്ധ്യവയസ്കൻ ലീലയെ കാണിക്കാം എന്നുപറഞ്ഞ് ഒരു ചെറിയ വെളുത്ത സ്ഫടികകുപ്പി എടുത്തു കാണിച്ചുകൊണ്ട് “ഇതാണ് ലീലാസ്നോ, ഞങ്ങൾ നവീനവിധത്തിലുള്ള പരസ്യം തുടങ്ങിയിരിക്കുന്നു. 9 അണയേ ഉള്ളൂ എന്നു പറയുന്നു' ഗണേശന്റെ ഉള്ളിലുണ്ടായിരുന്ന സന്തോഷം മുഴുവൻ കെട്ടടങ്ങി തുടർന്ന് സ്വഭവനത്തിൽ വന്ന് തന്നെ കബളിപ്പിച്ച ലിലാണോ കമ്പനിയുടെ ലീലയെ പൊട്ടക്കുളത്തിലെറിയുന്നതോടു കൂടി കഥ അവസാനിക്കുന്നു.
1ഉണ്ണിനമ്പൂതിരി, പുസ്തകം-4, 1098 കന്നി (1923), ലക്കം 4
2.മംഗളോദയം, പുസ്തകം-23, 1723 കുംഭം, ലക്കം 5 2.
3. മംഗളോദയം, പുസ്തകം-7, 1123 മേടം (1948), ലക്കം 2, വാല്യം 19
4.മംഗളോദയം, പുസ്തകം-5, 1122 കർക്കിടകം (1947), ലക്കം 9, വാല്യം 49
5. മംഗളോദയം, പുസ്തകം-23, 1723 കുംഭം, ലക്കം 7
6.രാജർഷി, പുസ്തകം -5, 1114 കന്നി (1939), ലക്കം 2
7. വിശ്വരൂപം, പുസ്തകം-1 1940 ഒക്ടോബർ, ലക്കം 3
8.വിശ്വരൂപം, പുസ്തകം-1, 1941 ഏപ്രിൽ, ലക്കം 9
9. വിശ്വരൂപം, പുസ്തകം-1, 1941 ഏപ്രിൽ, ലക്കം
10. വിശ്വരൂപം, പുസ്തകം-1, 1941 ഫെബ്രുവരി, ലക്കം- 11 വിശ്വരൂപം, പുസ്തകം-1, 1941 ഏപ്രിൽ, ലക്കം
12. വിശ്വരൂപം, പുസ്തകം-1, 1941 മെയ്, ലക്കം16
13.വിദ്യാഭിവർദ്ധിനി, പുസ്തകം 1108 (1933)
14. സഞ്ചയൻ, പുസ്തകം-2, 1939 മെയ് 31, ലക്കം 6
15. സഞ്ചയൻ, പുസ്തകം-3, 1939 മെയ് 31, ലക്കം 6
16. സഞ്ചയൻ, പുസ്തകം-2, 1937 ജൂലായ്, ലക്കം 11
17.സഞ്ചയൻ, പുസ്തകം-2, 1937 മെയ്, ലക്കം 8
18.സ്വദേശാഭിമാനി, പുസ്തകം 18, 1926, ലക്കം 5
( 2016-2018 ബിരുദാനന്തര ബിരുദത്തിൻ്റെ പൂർത്തീകരണത്തിനായി 'അത്ഭുതവും കമ്പോളവും - ആദ്യകാല മാസികകളിലെ പരസ്യങ്ങളും പരസ്യ സംബന്ധിയായ കൃതികളും മുൻനിർത്തിയുള്ള പഠനം ' എന്ന വിഷയത്തിൽ തയ്യാറാക്കിയ പ്രബന്ധത്തിൻ്റെ സംഗ്രഹം)