top of page

എം.എച്ച്.അബ്രാംസ്: സാഹിത്യസംപ്രത്യയ വിഭ്രാന്തികൾ ഭാഗം -2

സിദ്ധാന്തവിമർശനം

ഇനി objective correlative എന്തെന്ന് ഒരു പ്രാഥമിക പരിശോധന ആവാം ; അതിലേയ്ക്കുപ്രവേശിക്കുന്നതിനുമുമ്പ്,personality (സ്വത്വം) subjectivity (ആത്മനിഷ്ഠത) objectivity (വസ്തു നിഷ്ഠത) എന്നിവ തമ്മിലുള്ള വ്യത്യയം വിശദീകരിക്കേണ്ടിവരുന്നു ; സ്വത്വം ആത്മനിഷ്ഠപരിസരങ്ങളും വസ്തുനിഷ്ഠപരിസരങ്ങളുമായി പ്രതിപ്രവർത്തിച്ചു ആർജ്ജിക്കുന്ന വിശേഷരൂപമാണ് വ്യക്തി (individual )എന്നതും സന്ദർഭത്തിൽ പ്രസക്തമാണ് ;

സാഹിത്യത്തിൽ ,സ്വത്വം (person )എന്നത് പ്രാഥമികമായി ജന്മപരിബദ്ധ (congenital ) ഘടകങ്ങൾക്കുള്ള മേൽക്കൈ ഉള്ള പ്രകൃതമാണ്. ഒരു കുഞ്ഞു വളരുന്തോറും അത് , അതിനെ കേന്ദ്രീകരിക്കുന്ന ജന്മപരിസരത്തിനു പുറത്തേക്കു വ്യാപരിക്കുകയാണ് ; വളർച്ച ഒരു ഘട്ടത്തിലെത്തി ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന അനന്തകോടി മനുഷ്യരിലൊരാൾ മാത്രമാണ് താൻ എന്ന തിരിച്ചറിവിലെത്തുമ്പോഴും തന്റെ ജന്മസിദ്ധ മണ്ഡലത്തിൽ നിന്ന് കൊണ്ട് , ആസന്ന പരിസരങ്ങളിൽ തന്റെ കോയ്മ നില നിർത്താൻ സ്വത്വം പല മാർഗ്ഗങ്ങളും അവലംബിക്കുന്നു. അതിലൊന്നാണ് കലയുടെ പേരിൽ നടക്കുന്ന ഭാഷാനാട്യങ്ങൾ ; പൊതു പരിസരത്തിൽ അഹം കോയ്മ (egotism ) സ്ഥാപിക്കുവാൻ വേണ്ടി സ്വത്വത്തെ പ്രത്യയശാസ്ത്രപരമായ വിശേഷങ്ങൾ അണിയിച്ചൊരുക്കി പ്രസാധനം ചെയ്യുന്ന സാഹിത്യത്തെ ആണ് സ്വത്വ പ്രധാന ( personal literature ) സാഹിത്യം എന്ന് പറയുന്നത് ; അഹം എന്ന് വിശേഷിപ്പിക്കാറുള്ള ഞാൻ എന്ന ബോധത്തെ, അതിന്റെ ഗരിമയെ പ്രസാധനം ചെയ്യുന്ന പ്രവർത്തനമല്ല കവിത . എന്റെ കോയ്മ വായനക്കാർക്കുമേൽ സ്ഥാപിക്കുന്ന കൃതി ഉത്തമപുരുഷസർവ്വനാമ കേന്ദ്രീകൃതമായിക്കൊള്ളണമെന്നില്ല; എന്റെ അടിമയെയും , കീഴാളരെയും മുൻനിർത്തിയും എന്റെ മഹിമ സ്ഥാപിക്കാവുന്നതാണ്; ഖസാക്കിലെ ഞാൻ എന്ന -ആസ്ട്രോ -ഫിസിക്സ് ബ്രാഹ്മിണിക് വേദാന്തിയായ രവി, അഹംകോയ്മയുടെ പ്രച്ഛന്ന നാമമാണ് ; അവിടെ രവി , കീഴാളർക്കുമേൽ സ്ഥാപിക്കുന്നസാമാന്യമായ പാണ്ഡിത്യ കോയ്മയും വിശേഷാൽ ലൈംഗികമേൽക്കോയ്‌യും പ്രസാധനം ചെയ്യുന്നത് എഴുത്തുകാരന്റെ സ്വത്വ ത്തെ തന്നെയാണ്; ego- യ്ക്ക് അഹംബോധം എന്ന് പരിഭാഷ നൽകാമെങ്കിൽ egotism എന്നതിന് അഹംകോയ്മാതുരത്വം എന്നും പരിഭാഷ ആകാവുന്നതാണ് . ഈഗോയുടെ ഗർവിഷ്ഠമായ ഇക്കിളിയാണ് ഈഗൊറ്റിസം ; ഖസാക്കിലെ രവി . വായനക്കാരന്റെ അഹം കോയ് (egotist ego)മാതുരത്വത്തെ ഇക്കിളിപ്പെടുത്തുന്നതു അതിലെ ആൺപോരിമയും അധീശതത്വചിന്താ ഗരിമയുടെ ദുഃഖാഭിനയവും കൊണ്ടാണ് .. ഈ ഇക്കിളി നീണ്ടകാലം നിലനിൽക്കുന്ന ഒരു ദുരിതമാക്കിത്തീർക്കാൻ ആയാസകരമായ ധനകാര്യ പ്രവർത്തനങ്ങൾ നടക്കുകയും വിദ്യാ സമ്പന്നർ എന്ന് സ്വയം അറിയുന്ന കൂട്ടർ അതിന്റെ ഇരകളായിത്തീരുകയുംചെയ്യുന്നത് നാം കാണുന്നു ; കേരളത്തിലെ വൻകിട ആണെഴുത്തുകാർ ഒക്കെയും ഇതിന്റെ ആൺഇരകളായപ്പോൾ വൻകിട ഫെമിനിസ്റ്റുകളോ എഴുത്തുകാരികളോ അടങ്ങുന്ന വലിയ ഒരു പെണ്ണിര സമൂഹം ഇതിനുണ്ടാവുന്നില്ല എങ്കിലും ആൺപോരിമയെ ആരാധിക്കുന്ന ഒരു സൗന്ദര്യവൽകൃത ഫെമിനിസ്റ്റും അതിലെ അഹംകോയ്മയെ പോയിട്ട് ആൺ പോരിമയെപ്പോലും വിമർശിക്കാൻ തയ്യാറായിട്ടില്ല എന്നതും കൗതുകകരമാണ്. അഹം കോയ്മയുടെ വിരുതും ആൺ ലാവണ്യ കോയ്മയുടെ വിലാസ ചാതുര്യവുമാണ് ഇവിടെ സാക്ഷ്യപ്പെടുന്നത് . പെണ്ണിനെ കീഴ്പ്പെടുത്താൻ ശിവന്റെ വില്ലൊടിക്കാൻ പോകണ്ടാ ,ആസ്ട്രോ ഫിസിക്‌സും ഉപനിഷത്തും വാറ്റുചാരായവും മുന്തിയതരം സ്കോച്ച് വിസ്കിയും ചേർത്ത് ഒരു വലി വലിച്ചാൽ മതി എന്നാണ് ഖസാക്കിലെ പണ്ഡിതപുണ്യസ്വരൂപിണി പറയുന്നത്; വൈദേശിക-ആഭ്യന്തര കൊളോണിയൽ മൂല്യങ്ങളെസമന്വയിപ്പിച്ചുകൊണ്ടാണ് അടിമ മനസ്സിന്റെ ഈഗോയെ എഴുത്തുകാരൻ ഇവിടെ ഇക്കിളിപ്പെടുത്തുന്നത്. അടിമയുടെ മനസ്സിന് ഈ ഇക്കിളിയെ പ്രതിരോധിക്കാനാവില്ല. അഹം കോയ്മയുടെ ആൺസ്വരൂപവുമായി താദാത്മ്യം പ്രാപിക്കുക എന്നതാണ് അടിമയുടെ വിമർശക പുരുഷധർമം. നവസാഹിത്യ മാനസികാടിമത്തത്തിന്റെ അൻപതാം വാർഷികാഘോഷത്തിനു മുൻപ് തന്നെ ഒരു ഗ്രാമക്കര കണ്ടെത്തി അവിടെയാണ് ആണൊരുത്തന്റെ അഹംകോയ്മ ലൈംഗിക വിളയാട്ടം നടത്തിയത് എന്ന് , ഇവിടെയായിരുന്നു കുപ്പുവച്ചന്റെ വീട് , ഇവിടെ വച്ചാണ് ദിവ്യ ദർശന സങ്കടവര്യന്റെ മടിയിലിരുന്ന് കുഞ്ഞാമിന ഋതുവായപെണ്ണിന്റെ അയിത്തം വിന്യസിച്ചതു എന്നൊക്കെയടയാളപ്പെടുത്തുന്ന ഒരു എലുക കൂടി റെവന്യൂ അധികൃതർ പുറത്തിറക്കിയാൽ അദ്‌ഭുതമില്ല . ദർശന ദുഃഖ നാടക കഥാപാത്രത്തൽ വ്യഭിചരിക്കപ്പെട്ട ഗ്രാമം ഇതായിരുന്നുവെന്നും ദൈവ പുരുഷനുമൊത്തു രാസക്രീഡനടത്തിയതിലൊരു പെൺ പിറന്നോൾ വകയിൽ രവിയുടെ ചിറ്റമ്മയുടെ പ്രപിതാമഹി ആയിരുന്നുവെന്നുവെന്നും റെവന്യൂ മേലധികാരികളുടെ പ്രഖ്യാപനമുണ്ടായി കര അളന്നു തിട്ടപ്പെടുത്തി പോക്കുവരവ് നടത്തിയാലും അദ്‌ഭുതമില്ല . രാമക്ഷേത്രനിർമ്മാണം പോലെ ഇതും ഒരു രാഷ്ട്രീയ മാനസിക രോഗമാണ്! എന്തിനു ഭാരത ധരേ കരയുന്നു. ഇവിടമാണ് , ആൺകോയ്മ (phallocracy) യുടെ അവതാര പുരുഷൻ കീഴാളപ്പെണ്ണുങ്ങൾക്കുമേൽ വിളയാടിനടന്നതു എന്ന് ഒരു ഗ്രാമത്തെ ചൂണ്ടി പറയുവാനുള്ള അധീശവർഗ്ഗാധികാരത്തെ ഭേദിക്കുവാൻ ആർക്കും കഴിയില്ല . നിങ്ങൾക്ക് ഒരെഴുത്തുകാരന് സ്മാരകമുണ്ടാക്കി ആദരവുപ്രകടിപ്പിക്കണമെങ്കിൽ അയാൾ ഉടലോടെ ജീവിക്കുകയും അധിവസിക്കുകയും മരിക്കുകയും ചെയ്തസ്ഥലങ്ങളിലൊക്കെ അതാവാം; അതിനു പകരം നോവലിൽ പറയുന്ന അയാളുടെ തിരുട്ടു ലൈംഗികതയുടെ സ്ഥലം ഇതായിരുന്നുവെന്നു പ്രഖ്യാപിച്ചു ടൂറിസം വ്യവസായത്തിലൂടെ പത്തു കാശുണ്ടാക്കാൻ ശ്രമിക്കുന്നവർ ജീവിച്ചിരിക്കുന്ന ഒരു ഗ്രാമത്തോടുചെയ്യുന്ന പാതകം ഹൃദയ ഭേദകമാണ്.


ആത്മനിഷ്‌ഠമോ, വസ്തുനിഷ്‌ഠമോ അല്ലാത്ത , സ്വത്വ പ്രസാധനപരമായ അഹംകോയ്മയുടെ വിലാസത്തെ ഇവിടെ വേർതിരിച്ചു കാണിച്ചത് വസ്തുനിഷ്ഠ കലയിലോ ആത്മനിഷ്ഠ കലയിലോ അഹംകോയ്മാ സ്പർശമുണ്ടാവില്ല എന്ന വസ്തുതസൂചിപ്പിക്കാൻ വേണ്ടിയാണ് .

''വെള്ളപ്പൊക്ക''ത്തിലെ പട്ടിയോ , ''ശബ്ദിക്കുന്ന കലപ്പ'' യിലെ മണിയൻ കാളയോ മനുഷ്യന്റെ പരിമിതികളെക്കുറിച്ചുള്ള ദുഃഖമാണ് , ഒരു പാരിസ്ഥിതിക പ്രതിസന്ധിയെയാണ് പ്രസാധനം ചെയ്യുന്നത് ; ഇവിടെ രചന ആത്മനിഷ്ഠമായ / കർത്തൃ നിഷ്ഠമായ (subjective) ഒരു കാർഷിക - ഗ്രാമീണ വൈകാരിക പരിസരത്തിന്റെ ആഖ്യാനമായിത്തീരുന്നു; ഇവിടെ എഴുത്തുകാരന്റെ സ്വത്വം പ്രസാധനം ചെയ്യപ്പെടുന്നില്ല; മറിച്ച് എഴുത്തുകാരന്റെ കർത്തൃ നിഷ്ഠമായ/ ആത്മനിഷ്ഠമായ (subjective) ജീവിത പരിസരത്തെ ആഖ്യാനം ചെയ്യുന്നതിനുള്ള വസ്തുക്കൾ (objects) എന്ന നിലയിൽ കലപ്പയും കാളയും നായയും (മരത്തിൽ ഇലകൾ എന്നപോല-കീറ്റ്സ്) പ്രത്യക്ഷപ്പെട്ടു ക്രിയാത്മകമായിതീരുന്നു ; ഇവിടെ വസ്തുക്കൾ ആഖ്യാനോപകാരണങ്ങളും കർത്താവിന്റെ (subject) സ്വത്വപ്രധാനേതരമായ ജീവിതാഖ്യാനം എന്ന ക്രിയയുടെ ഭാഗവുമായി തീരുന്നു ; അപസ്വത്വീകരണം (depersonalization) എന്നത് ഇവിടെ സംഭവിക്കുന്നു ; ടി .എസ് എലിയട്ട് ആഗ്രഹിക്കുന്ന മാതൃകയിൽ തന്നെയാണ് അത് സംഭവിക്കുന്നത് . അവിടെ സ്വത്വം ക്രിയയിലൂടെ ആഖ്യാതാവായി മാറിമറിയുകയും ആഖ്യാനത്തിൽ സ്വത്വ നിരാസമുണ്ടാവുകയും ചെയ്യുന്നു; അഹംകോയ്മയുടെ ദുരാഗ്രഹങ്ങൾക്ക് അവിടെ സ്ഥലം കണ്ടെത്താനാവുന്നില്ല. ഇവിടെ പുരപ്പുറത്തു നിൽക്കുന്ന നായയോ മണിയൻകാളയോ ഒരു ലാവണ്യകാരന്റെയും ഈഗോയെ ഇക്കിളിപ്പെടുത്തുന്നില്ല; ഒരു ലാവണ്യനിരൂപകനും നായയുമായി , കാളയുമായി താദാത്മ്യം പ്രാപിച്ചു ഇക്കിളിപ്പെടുന്നുമില്ല , ഞാൻ എന്റെ പരിധിയിലെ സമഷ്ടി പരിസരവുമായിപ്രതിപ്രവർത്തിച്ചു ഒരു സഹവാസാനുഭവത്തിന്റെ വൈരുധ്യങ്ങളിലേക്കു വികസിക്കുമ്പോൾ അതിൽ അഹം കോയ്മ തേഞ്ഞു തേഞ്ഞു ഇല്ലാതെപോവുകയും ആത്മനിഷ്ഠമായ ആഖ്യാനം സാധ്യമാവുകയും ചെയ്യും. കവിതയ്ക്കിടയിലോ നാടകത്തിനിടയിലോ കർത്താവ് നേരിട്ട് കടന്നു വന്നാൽപ്പോലും അത് പൊതു ജീവിതത്തിന്റെ ആഖ്യാന സഹായി ആകുന്നുവെങ്കിൽ അവിടെ അഹംകോയ്മ ഇല്ല. അത്കൊണ്ട് രചയിതാവിന്റെ സ്വത്വത്തിന്റെ പ്രസാധനവുമില്ല .

ഇവിടെ പ്രകൃതി ദുരന്തം കൊണ്ടോ , ധന കാര്യാധികാരവ്യവസ്ഥ കൊണ്ടോ മനുഷ്യനുസംഭവിക്കുന്ന അപരവൽക്കരണമാണ് കാവൽക്കാരനോ വിളവെടുപ്പിന്റെ കൂട്ടാളിയോ ആയ മൃഗം കർഷകനിൽ നിന്ന്, ഗ്രാമീണനിൽ നിന്ന് വിഭജനപ്പെടുമ്പോൾ സംഭവിക്കുന്നത്. മണിയൻകാള തൊഴിലെടുപ്പിനെയും വിളവെടുപ്പിനെയും നിയന്ത്രിക്കുന്ന ധനകാര്യവ്യവസ്ഥയിൽ സംഭവിക്കുന്ന സാമൂഹ്യജീവബന്ധ പിളർപ്പിനെയാണ് സൂചിപ്പിക്കുന്നത്. കലപ്പ ശബ്ദിക്കുന്നു ; കലപ്പയുടെ ശബ്ദവും മണിയന്റെ ഉടലും ഇഴുകിച്ചേർന്നതാണ് ആ ജീവിതം. തൊഴിലാളിയും തൊഴിലിന്റെ കൂട്ടാളികളായ കാളയും കലപ്പയും ഒരുമിച്ചു ശബ്ദിക്കുന്ന പ്രവർത്തനമാണ് കർഷകന്റെ ജീവിതം. തൊഴിലാളിയിൽ നിന്ന് അവന്റെ തൊഴിലുപകരണങ്ങൾ പറിച്ചുമാറ്റപ്പെടുമ്പോഴുണ്ടാവുന്ന അപരവൽക്കരണമാണ് ഇവിടെ രചനാ പ്രമേയം. മാർക്സിന്റെ അന്യവൽക്കരണ ദർശനത്തോട് അടുത്തു നിൽക്കുന്ന ഒരു അന്യവൽക്കരണമാണിത്. ഗോപികമാരുടെ ഉരുണ്ടു തടിച്ച പയോധരങ്ങളെ മർദ്ദിക്കുമ്പോഴുണ്ടാവുന്ന സുഖാനുഭവ വർണ്ണനയ്ക്കപ്പുറം കലാരചനയ്ക്കു ഒരു മാനം ഉണ്ട് എന്ന് വ്യക്തമാക്കുന്ന രചനയാണിത്; പ്രകൃതി ദുരിതാശ്വാസഫണ്ട് വിനിയോഗത്തിന്റെ ദാർശനിക പീഡനാനുഭവങ്ങൾ രൂപപ്പെട്ടിട്ടില്ലാത്ത കാലത്താണ് തകഴി ''വെള്ളപ്പൊക്കത്തിൽ''എഴുതിയത്. ഒരു പ്രകൃതിദുരന്തത്തിൽ നിന്ന് കുടുംബം മുഴുവൻ രക്ഷതേടുമ്പോൾ കുടുംബത്തിന്റെ തന്നെ വൈകാരികഭാഗമായ വീട്ടുനായ ഉപേക്ഷിക്കപ്പെടുകയും, വെള്ളപ്പൊക്കത്തിന്റെ മുനമ്പിലും വീട്ടുനായ ഒരു കാവൽക്കരനെപ്പോലെ പുരപ്പുറത്തു കാത്തിരിക്കുകയും ചെയ്യുന്ന ചിത്രം ഗ്രാമ ജീവിതത്തിൽ സംഭവിക്കുന്ന അപരവൽക്കരണത്തിന്റെ മറ്റൊരു ദൃശ്യമാണ്. മനുഷ്യന്റെ - ആവാസ - അധിവാസ ഇടങ്ങളിൽ സംഭവിക്കുന്ന പാരിസ്ഥിതിക ഭഗ്‌നം (schism) എന്ന പ്രമേയം വർക്കിയും തകഴിയും വൈകാരികമായ സങ്കീർണ്ണതയോടെ ആവിഷ്കരിക്കുമ്പോൾ അതിനു സമശീർഷമായ വസ്തു പൂരകങ്ങൾ (objective correlatives) എന്ന നിലയിലാണ് കാളയും നായയും കഥകളിലെത്തുന്നത്; രചനയിൽ വൈകാരികമായ അപചയം സംഭവിക്കാതെ വസ്തുബിംബങ്ങൾ കൊണ്ട് രചനയെ ബലഭദ്രമാക്കാൻ നായയും കാളയുംശബ്ദിക്കുന്ന കലപ്പയും പ്രയോജനപ്പെടുന്നു; പാരിസ്ഥിതിക ഭഗ്നത്തിന്റെയും അപരവൽക്കരണത്തിന്റെയും വൈകാരിക സങ്കീർണ്ണതയെ ഫലപ്രദമായി വിന്യസിക്കാൻ കഴിയുന്ന correlatives ആയി ഈ ജീവവസ്തു ബിംബങ്ങളെ പരിഗണിക്കാം; ഇതിനപ്പുറം സങ്കീർണ്ണ വൈകാരികസംയുക്തങ്ങൾക്കു പകരം വയ്ക്കാൻ പോകുന്ന വൈകാരിക സൂത്രവാക്യം എന്ന നിലയിൽ objective correlative സിദ്ധാന്തത്തിനു എലിയട്ട് അവകാശപ്പെടുന്ന മഹാ സാധ്യതകൾ ഉണ്ടെന്നു പറയാനാവില്ല

ടി. എസ്. എലിയട്ട് സങ്കീർണ്ണവും തീകഷ്ണവുമായ വൈകാരികാനുഭവങ്ങൾ കവിതയിൽ ആവിഷ്‌കരിക്കുമ്പോൾ അത് വൈകാരിക പ്രലപന വിക്ഷോഭമായി ആവിഷ്കരിക്കുന്നതിനുപകരം ( ഷേക്‌സ്‌പ്പീയറിന്റെ ഹാംലെറ്റിലെ പ്രത്യക്ഷ തീവ്രവൈകാരികാവിഷ്കാരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടാണ് എലിയട്ട് ഇത് പറയുന്നത്) കവിത ബലയുക്തമാവുന്നതിന് അത്തരം തീവ്ര സങ്കീർണ്ണതകൾ അതേ രൂപത്തിൽ തുറന്നു വിടാതെ അവയുടെ സങ്കീർണതകൾക്കു സമതുലനമായ വസ്തുരൂപങ്ങളെയോ സംഗത സ്ഥിതികളെയോ (situations) സംഭവശൃംഖലയെയോ ഉപയോഗിച്ച് വൈകാരികതയ്ക്കു ഒരു സൂത്രവാക്യം നിർമ്മിക്കുന്നതാണ് കേമം എന്നാണ് സിദ്ധാന്തിക്കുന്നത്. ആധുനികതയിൽ കാല്പനികതയ്‌ക്കെതിരെ വൈകാരിക സംയമനത്തിന്റെ ആദർശാവസ്ഥ രൂപപ്പെടുത്തുന്നതിനായി എലിയട്ട് കൊണ്ട് വന്ന ഈ സൂത്രവാക്യനിർമ്മാണ സിദ്ധാന്തം തരിശുഭൂമിയുടെ വൈകാരികമായ ഉടലിൽ എലിയട്ട് പണിതു കയറ്റിയ മിത്തിക്കൽ പരാമർശങ്ങളും, ദാർശനിക ചിഹ്നങ്ങളും പുരാവൃത്ത സൂത്രങ്ങളെയുമൊക്കെയും കാവ്യ ഗാത്രബലം വർദ്ധിപ്പിക്കുന്നു എന്ന് സ്ഥാപിക്കുവാൻ വേണ്ടി നിർമ്മിച്ചതാണ്. ഇപ്പറഞ്ഞ സൂതവാക്യനിർവചനത്തെ വിശദമായി പരിശോധിക്കുന്നതിനുമുൻപ് വെള്ളപ്പൊക്കത്തിലെയും ശബ്ദിക്കുന്ന കലപ്പയിലെയും കാളയും നായയും സൂത്രവാക്യമാകാതെതന്നെ പരിസ്ഥിതിഭഗ്നത്തിന്റെയും അപരവൽക്കരണത്തിന്റെയും വൈകാരിക പ്രതിസന്ധിയെ ഫല പ്രദമായി സംവദിക്കുന്നത് വ്യക്തമാവുന്നുണ്ട് .

ആത്മനിഷ്ഠതയുടെ പേരിൽ കാല്പനിക കവികൾ വിമർശനമേറ്റു വാങ്ങിയിട്ടുണ്ട് ; കവിതയെഴുതാനുള്ള കളവും റൂൾ തടിയുമല്ല ഉള്ളിൽ നിറയുന്ന സംഘർഷമാണ് കവിത എന്ന് പറഞ്ഞു കൊണ്ട് ഗദ്യത്തോടടുത്തു നിൽക്കുന്ന ബ്ലാങ്ക് വേഴ്‌സിനെയും മറികടക്കുന്ന അച്ചടക്ക ലംഘനമാണ് കവിത എന്ന് അറിഞ്ഞുകൊണ്ട് ഗദ്യത്തിലും പദ്യത്തിലും ഒരേ അളവിൽ കവിത പ്രസാദിച്ചിരിക്കുന്നു എന്ന് പറയുന്ന അരിസ്റ്റോട്ടിലിനെ ഏറ്റെടുക്കുന്നവരാണ് കാല്പനികർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാർ. പിൽക്കാലത്തു വിറ്റ്മാനും പറഞ്ഞത് ഇത് തന്നെയാണ് . കാവ്യപ്രമേയമായി മഹാമനുഷ്യരുടെ മഹാധർമ്മസങ്കടങ്ങൾവേണ്ട ഒരു പുൽക്കൊടിത്തുമ്പ് ഹൃദയത്തിൽ തട്ടിയാലും കവിതയുണ്ടാവുമെന്നു പറഞ്ഞ വേർഡ്സ് വർത്തിനപ്പുറമൊന്നും ആധുനികതയുടെ തുടക്കക്കാരനായ ആഘോഷിക്കപ്പെടുന്ന വിറ്റ്മാന്റെ ലീവ്സ് ഓഫ് ഗ്രാസ് എന്ന ജാനാധിപത്യക്കാഴ്ചയിലും ഇല്ല.

സ്വത്വത്തെയും , അത്മനിഷ്ഠതയെയും അനായാസമായി കൂട്ടിക്കുഴയ്ക്കുന്ന ഒരു വ്യാപാരം സായ്‌വ് സംഭാവന ചെയ്തിട്ടുണ്ട് . സായ്‌വ് അങ്ങനെ കൂട്ടിക്കുഴച്ചാൽ നമ്മളും കൂട്ടിക്കുഴയ്ക്കണം എന്നതാണ് കൊളോണിയൽ പ്രകൃതിനിയമം . ഒരു സ്വത്വത്തിന്റെ പ്രതിപ്രവർത്തനത്തിനായി അതിന്റെ പരിധിയിൽ സാധ്യമാവുന്ന പ്രദേശമാണ് അതിന്റെ കർത്തൃനിഷ്ഠതയുടെ സ്ഥലം . ആ സ്ഥലത്തിനുമേൽ സ്വത്വത്തിനു പ്രതിപ്രവൃത്തിച്ചുകൊണ്ട് അതിനെ തന്റെ അഹം കോയ്മയുടെ സ്ഥലമാക്കാം. ജന്മിത്വം മുതൽ സാമ്രാജ്യത്വം വരെ ഈ അഹം കോയ്മാരാഷ്ട്രീയത്തിലൂടെയാണ് സ്ഥാനമുറപ്പിക്കുന്നതു; മറുഭാഗത്തുഭൂമി ഒരു ഉരുണ്ടഗോളമാണ് എന്ന ഒബ്ജക്റ്റീവ് ട്രൂത് അറിയുന്ന ഒരു സ്വത്വം, ഉത്പാദകനായ തൊഴിലാളി ഭൂമിയിൽ കൃഷി ഇറക്കുന്നത് അവന്റെ ആത്മനിഷ്ഠമായ കാഴ്ചാപരിധിയില്പെട്ട പരന്നഭൂമിയിലാണ്. ഇവിടെ ഉത്പാദകനായ കർത്താവിനെ സംബന്ധിച്ചിടത്തോളം ഭൂമി ഉരുണ്ടിരിക്കുന്നു എന്ന വസ്‌തുനിഷ്ഠ യാഥാർഥ്യം ഉൾക്കൊള്ളുമ്പോൾത്തന്നെ അയാൾക്ക് കൂടുതൽ പ്രസക്തമാവുന്നത് അയാൾക്ക് പ്രതിപ്രവർത്തിക്കാനുള്ള ഭൂമി പരന്നിരിക്കുന്നു എന്ന ആത്മനിഷ്ഠ യാഥാർഥ്യമാണ്; യാഥാർഥ്യത്തിനു വസ്‌തുനിഷ്ഠതയുടെയും കർത്തൃ - ക്രിയാബദ്ധമായ ആത്മനിഷ്ഠതയുടെയും രണ്ടു തലങ്ങളുണ്ട്; രണ്ടിന്റെയും സമന്വയമാണ് യാഥാർഥ്യം. ഇതിൽ ഏതൊരു ഭാഗമാണു മറ്റേതിനേക്കാൾ മുന്തിയത് എന്ന ചോദ്യം ഉദിക്കുന്നില്ല. ബൃഹത്തായ വസ്തുനിഷ്ഠതയുടെ തന്നെ ഭാഗമാണ്, അതിന്റെ തന്നെ ഹ്രസ്വമായ സ്ഥലകാല ഭാഗമാണ്, കർത്തൃ-ക്രിയാബദ്ധമായ ആത്മനിഷ്ഠത; ഒരു ഉരുണ്ട ഗോളത്തിനു മുകളിൽ കലപ്പയെയും മണിയൻകാളയെയും വലിച്ചു കയറ്റാൻ കർഷകൻ ഗഗാറിനോ ആംസ്ട്രോങ്ങോ അല്ല. അതായതു കർത്താവ് ---subjecet,- one who acts -- എന്നനിലയിൽ മൂവരുടെയും ആത്മനിഷ്ഠതയുടെ സ്ഥലവും കാലവും വ്യത്യസ്തമാണ് ; തനിക്കുമുകളിൽസൂര്യനും മഴയും കാറ്റും മേഘ വിസ്ഫോടനവും ഒക്കെ അടങ്ങുന്ന വസ്തുനിഷ്ഠതയുടെ ഉരുൾപൊട്ടലുകൾ ഉണ്ട് എന്നറിഞ്ഞുകൊണ്ട്തന്നെയാണ് കർഷകൻ അവന്റെ ആത്മനിഷ്ഠമായ ഉൽപ്പാദന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്നത്; മൂവരും വസ്തുനിഷ്ഠമായ ഭൂമിയെ ഉപജീവിച്ചു കർത്തൃനിഷ്ഠതയുടെ, ആത്മനിഷ്ഠതയുടെ പരിധിയിൽ പ്പെടുന്ന പ്രവർത്തനമാണ് നിർവഹിക്കുന്നത്. ഇവിടെ എവിടെയും ജന്മിത്വ കൈവശാവകാശത്തിന്റെയോ impearialism-ന്റെയോ അഹം കോയ്മാ താല്പര്യങ്ങൾ ഇല്ല - ഉണ്ടാവാൻ പാടില്ല. കാരണം അത് കർത്താവായ ഉത്പാദകന്റെ ആത്മനിഷ്ഠമായ പ്രവർത്തനമാണ്; ഈ ആത്മനിഷ്ഠമായ കർത്തൃത്വ പ്രവർത്തനത്തിലൂടെ സ്വത്വം --person- സമൂഹത്തിന് ആവശ്യമായ ഭക്ഷണമുൽപ്പാദിപ്പിച്ച് കർഷകൻ എന്ന വ്യക്തി ആയിത്തീരുന്നു. സ്വത്വം വ്യക്തിയായായിത്തീരുന്നത് അഹം കോയ്മാനിരപേക്ഷമായ കർത്തൃ നിഷ്ഠമായ പ്രവർത്തനത്തിലൂടെയാണ്. സച്ചിദാനന്ദൻ എന്ന് പേരുള്ള സ്വത്വം വക്തിയായിത്തീരുന്നത് അധ്യാപനപ്രവർത്തനത്തിലൂടെ അയാൾ ആർജിച്ചെടുക്കുന്ന വ്യക്തിത്വത്തിലൂടെയാണ്; സ്വത്വം ജന്മചരടുകളാൽനിർണ്ണയിക്കപ്പെടുന്ന (congenital) ഒരു മനുഷ്യാവസ്ഥയും സ്വത്വനിരപേക്ഷമായആത്മനിഷ്ഠമായ പ്രവർത്തനത്തിലൂടെ അയാൾനേടുന്നത് ആർജ്ജിതമായ-acquired- വ്യക്തിത്വവുമാണ്; സ്വത്വത്തിൽ നിന്ന് individual-വ്യക്തി രൂപപ്പെടുന്നത് ആത്മ നിഷ്ഠമായ കർത്തൃത്വ പ്രവർത്തനത്തിലൂടെയാണ്. വ്യക്തി എന്നത് , കൃതിയുടെ രചയിതാവ് എന്നത്, ഉരുണ്ടഭൂമിയിൽ ഒരിടത്തു പരന്നതായിക്കണ്ട സ്ഥലത്തു മനുഷ്യൻ പതിപ്പിച്ച അടയാളമാണ് . അത് കൊണ്ട് കൃതിയുടെ അടയാളത്തിനു എത്ര പാഠങ്ങളും പാഠഭേദങ്ങളും ഉണ്ടായാലും കർത്താവ് മരിക്കുന്നില്ല. മരിക്കുന്നതുകർത്താവും തൊഴിലാളിയുമായ ഉത്പാദകനെ ചരിത്രത്താളുകളിൽ നിന്ന് മായ്ച്ചു കളയാൻ ശ്രമിക്കുന്ന ബാർത്തിന്റെ അഹംകോയ്മാവിഭ്രാന്തികളാണ്; നാടകത്തിന്റെ ഉന്നം അത് പ്രേക്ഷക സമൂഹത്തിൽ സൃഷ്ടിക്കുന്ന വൈകാരികവും നൈതികവുമായ ആഘാതമാണ് എന്ന് അരിസ്റ്റോട്ടിൽ പറയുമ്പോൾതന്നെ കല അഹം കോയ്മാപ്രവർത്തനമല്ല ഒരു സാമൂഹ്യ പ്രവർത്തനമാണ് എന്ന് വ്യക്തമാവുന്നുണ്ട്; അതിനു വായനക്കാരന് വായിൽ തോന്നിയത് എന്ന വ്യാഖ്യാനം ചമയ്ക്കുന്നിടത്തു മുതലാളിത്ത അരാജകവാദമാണ് പീലിവിടർത്തിയാടുന്നത് ;


 

എസ്.സുധീഷ്



51 views0 comments
bottom of page