എഡിറ്റോറിയൽ
അടുത്ത ജന്മത്തിൽ തന്ത്രിയാകണമെന്നു പറഞ്ഞ നടനെ എതിർത്തു കൊണ്ട് ഫെമിനിസ്റ്റുകളും വിപ്ലവകാരികളും പ്രതികരിച്ചു കണ്ടു."ജ്ഞാനം കൊണ്ടല്ലാതെ ബ്രാഹ്മണത്വം മാനവന്മാർക്കു ലഭിക്കയില്ല," എന്ന വരികളാണ് അവർ ഉദ്ധരിക്കുന്നത്. അതായത് ജ്ഞാനം കൊണ്ടാണ് ബ്രാഹ്മണനാകേണ്ടത്, മണ്ടത്തരം പറഞ്ഞു കൊണ്ടല്ല എന്നർത്ഥം. അതായത് വിപ്ലവകാരികളും ബ്രാഹ്മണ്യം എന്നത് ജ്ഞാനവുമായി ബന്ധമുള്ളതാണെന്നു കരുതുന്നു. എന്നാൽ ശാന്തിപ്പണി ചെയ്യുന്നവരെയും യാഗം ചെയ്യുന്നവരെയും ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു നടക്കുന്നവരെയും ആവോളം വിമർശിച്ച കവിയായിരുന്നു, പൂന്താനം. ജ്ഞാനത്തിന്നധികാരി ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളെ നമ്പൂതിരിയാക്കാനുള്ള പ്രയത്നമല്ലായിരുന്നു നവോത്ഥാനം. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ളതായിരുന്നു. വി ടി ഭട്ടതിരിപ്പാടിനെ അക്ഷരം പഠിപ്പിച്ചത് ഒരു തിയ്യാടി പെൺകുട്ടിയാണെന്ന് 'കണ്ണീരും കിനാവും' എന്ന ആത്മകഥയിൽ കാണാം. ആ തിയ്യാടി പെൺകുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പിൽക്കാല ജീവിതത്തിന് മാർഗ്ഗ നിർദ്ദേശം തന്ന മഹാജ്യോതിസ്സ് എന്ന് അദ്ദേഹം എഴുതുന്നുണ്ട്.'ജാതി ദൈത്യാരി എന്ന സിവിൽ വ്യവഹാരം ' എന്ന ഒരു പുസ്തകമുണ്ട്. ആരും പരാമർശിച്ച് കണ്ടിട്ടില്ല അത്. തങ്ങൾക്ക് കൂടി അവകാശപ്പെട്ട വേദോപനിഷാദി ഗ്രന്ഥങ്ങൾ സവർണ്ണർ പിടിച്ചു വച്ചിരിക്കുന്നു അതു തിരിച്ചു തരണം എന്ന കാര്യത്തിനായി അവർണ്ണർ കൊടുത്ത കേസിൻ്റെ വിസ്താരം എന്ന നിലയിൽ എഴുതപ്പെട്ട പുസ്തകമാണ് ഇത്. കേസ് വിസ്താരത്തിനിടയിൽ സവർണ്ണർക്ക് മലയാളമോ സംസ്കൃതമോ അറിയില്ല എന്നു സ്ഥാപിക്കുന്നുണ്ട്.
ജ്ഞാനമുണ്ടായിരുന്നത് സവർണ്ണർക്കായിരുന്നു പിന്നീട് ബ്രിട്ടീഷുകാർക്കും എന്ന തെറ്റിദ്ധാരണ നമ്മുക്കുണ്ട്. നവോത്ഥാനവും സ്വാതന്ത്ര്യവും ബ്രിട്ടീഷുകാർ തന്നതാണെന്നും. ഇംഗ്ലീഷുഭാഷയെ ഒരു ആയുധമായി ബ്രിട്ടീഷുകാർ ഉപയോഗിച്ചു എന്നതു ശരിയാണ്. എന്നാൽ ആ കത്തി വാങ്ങി നമ്മൾ തിരിച്ചു കുത്തിയിട്ടുണ്ടാവാം. എന്നു കരുതി ബ്രിട്ടീഷുകാർ കത്തി കൊണ്ടുവന്നതാണ് നാം ജീവിക്കാൻ കാരണം എന്നു പറയാനാവില്ല. വിദ്യാഭ്യാസം ഇംഗ്ലീഷ് ഭാഷയിലായ കാലം മുതലാണ് വിദ്യാഭ്യാസത്തിൽ ഈഴവർ പിന്നോക്കം പോയത് എന്ന് സി കേശവൻ സ്വന്തം ആത്മകഥയിൽ പറയുന്നുണ്ട് സംസ്കൃത വിദ്വാന്മാരിൽ ഏറിയകൂറും ഈഴവരായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹോർത്തൂസ് മലബാറിക്കസ് രചനയ്ക്ക് പിന്നിലുള്ള ഇട്ടി അച്ചുതൻ എന്ന ഈഴവ വൈദ്യനൊക്കെ ഉദാഹരണം.പാച്ചല്ലൂർ പതികത്തിലൊക്കെ പാണ്ഡിത്യമുള്ള അധ: സ്ഥിത സ്ത്രീകർതൃത്വം കാണാം. ശങ്കരാചാര്യർക്കും മുന്നിലേക്ക് കേരള ചരിത്രം നീങ്ങിയാൽ ,ബൗദ്ധ കേരളത്തിൽ മേൽ പറഞ്ഞ രീതിയിലുള്ള വലിയ ജ്ഞാന പാരമ്പര്യം കാണാം.DNA ടെസ്റ്റിൽ പുതിയ ജ്ഞാന പിതൃത്വമാണ് രൂപപ്പെട്ടു വരിക. കേസരിയുടെ ചരിത്രാതീത ഗവേഷണങ്ങളിലേതുപോലെ ജ്ഞാനത്തിൻ്റെ യഥാർത്ഥ അവകാശികൾ ആര് എന്ന ചോദ്യം തീർച്ചയായും ഉന്നയിക്കപ്പെടേണ്ട കാലമായി.
ബ്രാഹ്മണമതം, മുതലാളിത്ത കാലത്ത് എന്ന പോലെ ജ്ഞാനത്തിൻ്റെ പ്രച്ഛന്ന രൂപങ്ങളെ മഹത്വവത്കരിച്ചു. മുതലാളിത്ത കാലം നിർദ്ദേശിക്കുന്ന വിദ്യാഭ്യാസവും വസ്തുനിഷ്ഠ പരീക്ഷകളും സാങ്കേതിക വിദ്യാ മാത്ര രീതിശാസ്ത്രങ്ങളും അധഃസ്ഥിതജീവിതത്തെ വീണ്ടും അധ:സ്ഥിതമാക്കുന്നു. തന്ത്രിയാവുക, ഉരുവിട്ടു പഠിക്കുക തുടങ്ങിയവയൊക്കെ ജ്ഞാനപ്രച്ഛന്നങ്ങളെ സൃഷ്ടിക്കാനുള്ള പുതിയ തന്ത്രങ്ങളാണ്. പുതിയ അധീശത്വമാണ് അതിൻ്റെ പ്രായോജകർ. അടുത്ത ജന്മത്തിൽ തന്ത്രിയാകണമെന്ന് പറയുന്നത് പുനർജന്മവിശ്വാസം കൊണ്ടല്ല, മന്ത്രിയാകാനാണ് അഥവാ പുതിയ കാല അധീശത്വം നേടാനാണ്.
ഡോ. ഷൂബ. കെ. എസ്.
ചീഫ് എഡിറ്റര്‍.