കവിത
പുഷ്പിക്കാത്ത
പണ്ടത്തെ പ്രേമം
പാകമാകാത്ത
ചെരുപ്പുപോലെയാകാം...
ചിലപ്പോ ചെറുതാകാം..
പാദങ്ങളെ ഇറുക്കി,
തൊടുന്നിടമൊക്കെ മുറിച്ച്
ഓരോ കാലടിയിലും
പാകമല്ലെന്ന്
നോവിപ്പിച്ച് ഓർമ്മിപ്പിച്ച്,
'ഒന്ന് പുറത്തു കടന്നാൽ മതിയെന്ന്'
കൊതിപ്പിച്ചങ്ങനെ..
വലുതുമാകാം..
നടവഴിയിൽ
തട്ടി വീഴിച്ച്
നടക്കുമ്പോൾ
പടേ പടേന്ന്
അസ്വസ്ഥതപ്പെടുത്തി
നമ്മുടേതല്ലാത്ത
ശൂന്യത നിറച്ചങ്ങനെ.
പാകമാവാത്ത ചെരുപ്പിൽ നിന്ന്
പറ്റുന്നതും വേഗം
പുറത്തു കടക്കണം..
അതില്ലാത്തതിന്റെ
മുറിവും സുഖവും
അറിയണം..
ചെരുപ്പിൽ
ആണിയെന്നോ
മണമെന്നോ
തേഞ്ഞതെന്നോ
നിങ്ങൾക്ക് പറഞ്ഞു പരത്താം
അല്ലാത്തതാണ് നല്ലത്.
ആ ചെരുപ്പിന്
പാകമുള്ളൊരു കാൽ
വരുമായിരിക്കാം..
വരട്ടെ..
മഴക്കാലത്തവർ
കീ കീ യെന്ന് കിന്നരിച്ചു പോണത്
നമുക്ക് കാണാം..
നിങ്ങൾക്ക് പാകമാകുന്നൊരു
ചെരുപ്പിനെ
പിന്നെയെപ്പോളോ
നിങ്ങളും കണ്ടേക്കാം..
നമ്മൾ,
ചെരുപ്പുമാവാം.. കാലുമാവാം.
അഞ്ജു ഫ്രാൻസിസ്
തേവർകാട്ടിൽ (H)
കക്കാടംപൊയിൽ (PO)
കൂടരഞ്ഞി
കോഴിക്കോട്
Pin: 673604