കവിത
ഞാൻ അറിയാത്ത രുചിയില്ല
ഞാൻ കാണാത്ത താളുകൾ ഇല്ല .
എന്തിനെയും ഞാൻ എന്റെ ഉള്ളിലേക്ക്
ആനയിക്കും ....
പൗരാണിക സിദ്ധാന്തങ്ങളും മാമൂലുകളും
എല്ലാം ഞാൻ എന്റെ ഉള്ളിലാക്കി.
ഏത് പുതിയതിനെയും ഞാൻ പഴയതാക്കി തീർക്കും .
എൻ്റെ ഉള്ള് സാഹിത്യകൃതികളും തടികളും -
മറ്റും കൊണ്ട് നിറഞ്ഞിരിക്കുന്നു .
ഞാൻ തീരെ ചെറുതാണ്
എന്നാൽ
എൻ്റെ കഴിവ് ഏറ്റവും വലുതാണ് .
എന്തിനെയും ഞാൻ കാർന്നു തിന്നും .
എന്റെ ഉള്ള് നിറയുന്നതുവരെയും .
ഏതു വസ്തുവിനെയും പാഴാക്കിമാറ്റാൻ കഴിയും .
എവിടെ നനവുണ്ടോ അവിടെ ഞാൻ -
പതിയെ പതുങ്ങി എത്തും ...
ആ നനവിലൂടെ ഞാൻ മണ്ണു കൊണ്ട്-
ഒരു കൊട്ടാരം പണിയും
അതിൽ രാജാവായി ഇരുന്നു കൊണ്ട്
ഓരോന്നായി അരിച്ചെടുക്കും
അരിച്ച്.. അരിച്ച്..പാഴ് തരിയാക്കും .
ഏതു സ്ഥലവും ഏതു രാജ്യവും ഞാൻ തരിയാക്കും...
ലിസി സുജി
കൊല്ലം ജില്ലയിലെ പുലിച്ചിറയിൽ ജസ്റ്റിൻ അംബ്രോസിന്റെയും മറിയാമ്മയുടെയും മകളായി 1987 ഓഗസ്റ്റിൽ ജനനം. കൊട്ടിയം, മയ്യനാട് എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. കൊല്ലം ഫാത്തിമ മാതാ കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കൊട്ടാരക്കര ബി. എം. എം കോളേജിൽ നിന്ന് ബി. എഡും നേടി. ഭർത്താവ് സുജിമോൻ മക്കൾ ദിയ, ശ്രേയ. ഇപ്പോൾ കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ മലയാളം അധ്യാപികയായി ജോലി ചെയ്യുന്നു.