കവിത
ഡോ. ടി.പി. സജിത്ത്കുമാർ
അച്ചാച്ചന്റെ ഏഴ് മക്കളും
മക്കളും മരുമക്കളുമായി മഴവില്ല് എന്നൊരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഞാനാണ്. ഖദർ ഷാളണിഞ്ഞ
കുഞ്ഞിരാമൻ മാഷെ പ്രൊഫൈലാക്കി,
നാനാത്വത്തിൽ ഏകത്വം എന്നൊരു
മുഖവാചകം കൊടുത്തപ്പോൾ
ഒറ്റവാക്കിൽ കുടുംബ ചരിതമെഴുതിയ
കൃതാർത്ഥത തോന്നി.
പരിചയപ്പെടലും കൂട്ടിച്ചേർക്കലും
ആശംസയും അഭിനന്ദനങ്ങളുമായി
ഗ്രൂപ്പങ്ങ് പൂത്തുലഞ്ഞു. ഒന്നിലധികം രാജ്യങ്ങളിൽ അഡ്മിൻമാരുള്ള
മൾട്ടി നാഷണൽ വാട്സ്ആപ്പ് ഗ്രൂപ്പ് !
"ഈ ഊള പേര് മാറ്റിയാലോ?
ഇവിടെയൊക്കെ ഇതിന് വേറെയാ അർത്ഥം.”
ബാംഗ്ലൂരിൽ നിന്നും മൂത്തമ്മ. "കുടുംബക്ഷേത്രത്തിന്റെ പേരിടാം"എന്ന്
കൊച്ചിയിൽ നിന്നും ശാലിനി കൊച്ച്. കൊയിലോത്ത് താഴെ കുനിയിൽ നിന്ന്
താഴെയും കുനിയും ചെത്തിക്കളഞ്ഞ്
ബാക്കിയുള്ളത് കടഞ്ഞെടുത്തത്
കൂട്ടത്തിലെ കവി കാർത്യായനി വല്യമ്മ. നിമിഷങ്ങൾക്കകം ഗ്രൂപ്പിന്റെ പേര് കോവിലകം എന്നും
അച്ചാച്ചന് പകരം പരദേവതയും മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു.
ലൈക്കുകളുടെ ഒരു മഴ തന്നെ പെയ്തു.
ബോംബെയിൽ നിന്ന് സന്ധ്യ,
സന്ധ്യാനേരങ്ങളിൽ ദീപാരാധന നടത്തി. മാസാമാസം അവളോടൊപ്പം
ഗ്രൂപ്പും ഋതുമതിയായി. മഴ,മണ്ണ്,മലയാളം ........ മനുവിന് മകാരങ്ങളെല്ലാം അലർജിയാണത്രേ ! കോവിലകം വീടിന്റെ ചരിത്രവും ഐതിഹ്യവും
ഫേസ്ബുക്കിലിട്ട് പെരുപ്പിച്ച്
യുകെയിൽ നിന്നും സിദ്ധാർത്ഥ് ഗ്രൂപ്പിൽ ലിങ്കിട്ടു. ഗൂഗിൾ മാപ്പിൽ തറവാടിന്റെ സ്ഥാനവും കുറിക്കപ്പെട്ടു. "അതിപ്പോൾ ഗ്രൗണ്ട് സീറോ അല്ലേ!”
ചെറിയച്ഛന്റെ മകൻ ശ്രീജിയുടെ ഭാര്യ
എയ്ഞ്ചൽ കൗതുകം കൂറി.
"അന്യജാതിക്കാർക്ക് ഇതിലെന്ത് കാര്യം?
വന്നിരുന്ന് കാനൂല് പറയുന്നോ?”
കണ്ണൂരിൽ നിന്ന് മുരളിയേട്ടന്റെ കമന്റ് വേഗത്തിൽ വന്നു.
(സിദ്ധാർത്ഥ്. യുകെ.റിമൂവ്ഡ്എയ്ഞ്ചൽ.)
(ശ്രീജി ലെഫ്റ്റ്)
"ശ്രീജി എന്തിനു പോണം അവൻ നമ്മുടെ ചോരയല്ലേ!”
(ശ്രീജി ഏഡഡ്) കരിയർ വാർത്തകൾ മാത്രംപോസ്റ്റിയിരുന്ന ടീച്ചർ വല്യമ്മ: "നമ്മുടെ പെൺകുട്ടികൾ കരുതിയിരിക്കണം.
വല്ലാണ്ടായിട്ടുണ്ടിപ്പോൾ !”
നിശ്ശബ്ദത !
കൊടുങ്കാറ്റിന്റെ തൊട്ടു മുമ്പെന്ന പോലെ.
"എന്താ വല്യമ്മേ ഇത് ?”
നിശ്ശബ്ദത ഭേദിച്ചത് ഞാനാണ്
കമന്റ് വീഴും മുമ്പേ കാറ്റ് തുടങ്ങി "കപട മതേതരവാദി, കടക്കു പുറത്ത്.’ (നിധിൻമുരളി റിമൂവ്ഡ് യു) ........................................................................................................................................