സംസ്കാരപഠനം
സ്റ്റാൻലി.ജി.എസ്
ആമുഖം
ആവർത്തനത്തിന്റെ മാധുര്യം മറ്റേതു ജീവികളെക്കാളും മനസിലാക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ജീവിയാണ് മനുഷ്യൻ. ആസ്വാദ്യകരമായ ഈ ആവർത്തനത്തെ മനുഷ്യൻ താളം എന്ന് വിളിച്ചു. പ്രകൃയെതിയെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന പാലമായി ഇത് പലപ്പോഴും നിലനിന്നു. അവയിൽ ഏറ്റവും പ്രിയങ്കരമായിരുന്നത് ശബ്ദത്തിന്റെ താളമായിരുന്നു. പാട്ടുകളിലും മുദ്രാവാക്യങ്ങളിലും തൊഴിൽ ചൊല്ലുകളിലും സംഗീത ഉപകരണങ്ങളുടെ വാദനത്തിലുമെല്ലാം, ആവർത്തന സ്വഭാവത്തോടുകൂടിയ അർത്ഥ രഹിതങ്ങളായ ശബ്ദങ്ങൾ കേൾക്കാൻ സാധിക്കും. താളാത്മകമായ ഇവ പൊതുവിൽ വായ്ത്താരികൾ എന്നാണ് അറിയപ്പെടുന്നത്. പാട്ടുകളിൽ ഏറ്റ് പാടുന്നവരുടെ ഊർജ്ജമായും മുദ്രാവാക്യങ്ങളിൽ അണികളുടെ ആവേശമായും തൊഴിൽപ്പാട്ടുകളിൽ ഉത്സാഹമായും സംഗീതോപകരണങ്ങളുടെ വാദനത്തിൽ അളവുകോലായും എല്ലാം വായ്ത്താരി പ്രവർത്തിക്കുന്നു. വായ്ത്താരികൾ സാധാരണ, അർത്ഥ രഹിതങ്ങളും ആവർത്തന സ്വഭാവമുളളതും ക്രമമുളളതും കേൾക്കാൻ ഇമ്പമുളളതുമായ ശബ്ദങ്ങളുടെ കൂട്ടമായാണ് നിലനിൽക്കുന്നത്. പാരമ്പര്യമായി പാടി പതിഞ്ഞ് വന്നിട്ടുളള വായ്ത്താരികൾ ഒന്നായോ അല്ലെങ്കിൽ ഏതെങ്കിലും ഭാഗം മാത്രമായോ നിലവിലുളള പുതിയ ഗാനങ്ങളിൽപ്പോലും ഉപയോഗിച്ച് വരുന്നുണ്ട്. ഇത്തരം വായ്ത്താരികളുടെ ജനപ്രീതിയാണ് ഇതിന് കാരണം. സൂക്ഷ്മ തലത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം വായ്ത്താരികളിൽ ചിലതെങ്കിലും വെറും അർത്ഥ രഹിത ശബ്ദങ്ങളല്ലെന്നും, അവ രൂപപ്പെട്ട കാലത്തെ സാമൂഹ്യ സാഹചര്യങ്ങൾ വ്യക്തമാക്കാൻ പര്യാപ്തമായ സാമൂഹ്യ ശാസ്ത്ര സ്രോതസ്സുകളാണെന്നും കാണാൻ സാധിക്കും. കേരളത്തിൽ പ്രചാരത്തിലുളള മൂന്ന് വായ്ത്താരികൾ പരിശോധിച്ചുകൊണ്ട് ഇക്കാര്യം വ്യക്തമാക്കാനാണ് ഈ പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്.
രീതിശാസ്ത്രം –
ഭാഷ, ഭൂതകാലത്തിന്റെ അടയാളങ്ങൾ സൂക്ഷിക്കുന്നു. കാലം മാറുമ്പോൾ വാക്കുകൾ ഉൽപ്പാദിപ്പിക്കുന്ന ബോധത്തിന് വ്യതിയാനമുണ്ടാകുമെങ്കിലും അതിന്റെ അടിസ്ഥാന ധാതുവിനെ വിട്ടുകളയുക സാധ്യമല്ല. കൂടാതെ വാക്കുകളുടെ ചരിത്രം, വസ്തുക്കളുടെയും ധാരണകളുടെയും കൂടി ണചരിത്രമാണെന്നും കരുതപ്പെടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭാഷയുടെ അടിസ്ഥാന ചേരുവയായ വാക്കുകൾ സമൂഹത്തിന്റെ സ്വാധീനങ്ങൾക്ക് വിധേയമാകുന്നുണ്ട്. തിരിച്ച്, വാക്കുകൾ സമൂഹത്തെയും സ്വാധീനിക്കുന്നുണ്ട്. ഇത്തരം സ്വാധീനങ്ങളുടെ പാടുകൾ, പേറിക്കൊണ്ടാണ് വാക്കുകൾ നിലനിൽക്കുന്നത്. അതായത് വാക്കുകളെ പരിശോധിക്കുമ്പോൾ അവയുമായി ബന്ധപ്പെട്ടുകിടക്കുന്ന സമൂഹത്തിന്റെ ചിത്രം അനാവൃതമാകുന്നു. ഇങ്ങനെ നോക്കുമ്പോൾ, വാക്കുകളെ സാമൂഹിക ശാസ്ത്ര പഠനത്തിനുളള ഒരു സ്രോതസ്സായി പ്രയോജനപ്പെടുത്താവുന്നതാണ്. ഈ ആശയം പുതിയ ഒരു വൈജ്ഞാനിക മണ്ഡലത്തിന്റെ വികാസത്തിന് സാധ്യത തുറക്കുന്നു – അതിനെ നമുക്ക് പദോൽപ്പത്തി സാമൂഹ്യ ശാസ്ത്രം അഥവാ എറ്റൈമിക് സോഷ്യോളജി (Etymic Sociology) എന്ന് വ്യവഹരിക്കാം. ചുരുക്കത്തിൽ, വാക്കുകളുടെയും വാഗ്സഞ്ചയങ്ങളുടെയും അപഗ്രഥനത്തിലൂടെ സാമൂഹിക ബന്ധങ്ങൾ പഠന വിധേയമാക്കാൻ സഹായിക്കുന്ന സാമൂഹിക ശാസ്ത്ര ശാഖയാണ് പദോൽപ്പത്തി സാമൂഹ്യ ശാസ്ത്രം അഥവാ എറ്റൈമിക് സോഷ്യോളജി എന്ന് പറയാം.
സമൂഹത്തിൽ ആഴത്തിൽ വേരോടിയിട്ടുളള മൂന്ന് വായ്ത്താരികളിലെ വാക്കുകളെ പരിശോധിക്കുകയും അവയുടെ സാമൂഹിക പശ്ചാത്തലം വ്യക്തമാക്കുവാൻ ശ്രമിക്കുകയുമാണ് ഈ പഠനത്തിലൂടെ ചെയ്യുന്നത്. അതിനായി ചുവടെ കാണും വിധമുള്ള ഒരു വിശകലന പദ്ധതി സ്വീകരിക്കാവുന്നതാണ് –
1) ഓരോ ശബ്ദവും പ്രത്യേകം പ്രത്യേകം പരിഗണിച്ച് മലയാളത്തിൽ എന്തെങ്കിലും അർത്ഥം കിട്ടുന്നുണ്ടോ എന്ന് പരിശോധിക്കുക. കിട്ടുന്നില്ലെങ്കിൽ ദ്രാവിഡ ഭാഷകളെയും പാലി – പ്രാകൃത് ഭാഷകളെയും സംസ്കൃതത്തെയും ക്രമമായി പരിഗണിക്കുക.
2) വാക്കുകളുടെ കൂട്ടായ്മ എന്തെങ്കിലും അർത്ഥത്തെ പ്രദാനം ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കുക
3) പ്രദാനം ചെയ്യുന്ന അർത്ഥം ഏതെങ്കിലും സാമൂഹിക സാഹചര്യത്തെ അനാവൃതമാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
4) ആ അർത്ഥത്തെ നിലവിലെ മറ്റ് സാമൂഹിക ശാസ്ത്ര തെളിവുകൾ സാധൂകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
5) തുടർന്ന് പഠനത്തിന്റെ കണ്ടെത്തലുകൾ ഉറപ്പിക്കുക.
സാമൂഹ്യ പദനിഷ്പത്തി ശാസ്ത്ര അപഗ്രഥനം –
പഠനത്തിനായി പരിഗണിച്ചിട്ടുളള വായ്ത്താരികളെ പ്രത്യേകം പ്രത്യേകം വിശകലനം ചെയ്യാം.
1) അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം
അയ്യപ്പൻ, കേരളത്തിൽ ആരാധിക്കപ്പെടുന്ന ഒരു ദ്രാവിഡ ദേവതയാണ്. കേരളത്തിലെ പ്രശസ്തമായ അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ശബരി മലയിലാണ്. അയ്യപ്പൻ ശബരിമലയിലെ ധർമ്മ ശാസ്താവിൽ വിലയം പ്രാപിച്ചു എന്നാണ് വിശ്വാസം. ധർമ്മ ശാസ്താവ് ശ്രീബുദ്ധന്റെ മറ്റൊരു പേരാണെന്ന കാര്യത്തിൽ തർക്കമില്ല. ശബരിമലയിലേയ്ക്ക് വ്രതമെടുത്ത് തീർത്ഥ യാത്ര പോകുന്ന അയ്യപ്പ ഭക്തൻമാരെയും അയ്യപ്പൻ എന്നാണ് വിളിക്കുന്നത്. സ്വാമി എന്നും വിളിക്കാറുണ്ട്. സ്വാമി എന്നതിന് നാഥൻ, ഉടമസ്ഥൻ, യജമാനൻ എന്നാല്ലാമാണ് പൊതുവിൽ അർത്ഥം.
അയ്യപ്പന്മാർ, ശബരി മലയിലേയ്ക്കുളള തീർത്ഥ യാത്രാ വേളയിൽ എരുമേലി എന്ന സ്ഥലത്ത് നടത്തുന്ന ഒരു അനുഷ്ഠാന നൃത്തമാണ് പേട്ട തുളളൽ. ഇതിൽ, പ്രധാനമായും ആദ്യമായി മല കയറാനെത്തുന്ന അയ്യപ്പന്മാരാണ് പങ്കെടുക്കുന്നത്. പേട്ട തുളളൽ സമയത്ത് അതിൽ പങ്കെടുക്കുന്നവർ പാടുന്ന വായ്ത്താരിയാണ് “അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം”. മലകയറുന്ന ഭക്തരും ഇത് പാടാറുണ്ട്.
അയ്യപ്പ, സ്വാമി എന്നീ ശബ്ദങ്ങളൊഴികെ ബാക്കി ശബ്ദങ്ങൾക്ക് മലയാളത്തിലും മറ്റ് ദ്രാവിഡ ഭാഷകളിലും വ്യക്തമായ അർത്ഥം കാണുന്നില്ല. എന്നാൽ, ശബ്ദങ്ങൾ പിരിക്കുകയോ ചെറിയ വ്യതിയാനം വരുത്തുകയോ ചെയ്യുമ്പോൾ പാലി – പ്രാകൃത് ഭാഷകളിൽ ചില അർത്ഥങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.
തിന്തകത്തോം = തിൻ (തിം[1] / തീണി[2] - മൂന്ന്) + തക (തക്ക[3] - ചിന്ത / യുക്തി / തർക്കപദ്ധതി) + തോം (ത്വം[4] – നീ)
മുദ്രാവാക്യങ്ങളും ആർപ്പുവിളികളും തൊഴിൽപ്പാട്ടുകളുമെല്ലാം മിക്കപ്പോഴും പൂർണ്ണമായ വാക്യങ്ങൾ ആകണമെന്നില്ലന്നും അവയിലെ വാക്കുകളെ പ്രതിനിധാനം ചെയ്യുന്ന ശബ്ദങ്ങൾക്ക് ഈണത്തിനും താളത്തിനും അനുസരിച്ച് നേരിയ വ്യതിയാനങ്ങൾ ഉണ്ടാകാറുണ്ട് എന്ന കാര്യവും മനസിൽ സൂക്ഷിച്ചു കൊണ്ട് പുനർവായന നടത്തിയാൽ അയ്യപ്പ തിന്തകത്തോം എന്നതിനെ, “അയ്യപ്പാ മൂന്ന് തർക്ക പദ്ധതികളും നീ (ആകുന്നു)” എന്ന് മനസിലാക്കാവുന്നതാണ്.
2) തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ് തെയ് തോം
കേരളം ജലാശയങ്ങൾ കൊണ്ട് സമൃദ്ധമായൊരു നാടാണ്. അതുകൊണ്ടു തന്നെ ജലയാനങ്ങൾക്കും കേരളത്തിൽ ഒരു ക്ഷാമവുമുണ്ടായിരുന്നില്ല. പരമ്പരാഗത വളളങ്ങളുടെ മത്സരവും ഉത്സവവുമാണ് വളളംകളി. വളളംകളിയിൽ തുഴച്ചിൽക്കാർ പാടി വരുന്ന പാട്ടിലെ വായ്ത്താരിയാണ് മുകളിലുളളത്. വളളം കളിയ്ക്ക് ഉപയോഗിക്കുന്ന വായ്ത്താരിയുടെ താളത്തെ അനുകരിച്ച് ഒരു കാവ്യശാഖ തന്നെ മലയാള സാഹിത്യത്തിൽ ഉടലെടുത്തിട്ടുണ്ട്. വഞ്ചിപ്പാട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഈ വായ്ത്താരിയുടെ ജനപ്രീതി എത്രത്തോളമായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.
വായ്ത്താരി പരിശോധിക്കുമ്പോൾ, അതിൽ ഉപയോഗിച്ചിട്ടുളള വാക്കുകൾക്കൊന്നിനും മലയാളത്തിലോ മറ്റേതെങ്കിലും ദ്രാവിഡ ഭാഷകളിലോ വ്യക്തമായ അർത്ഥം കാണുന്നില്ല. എന്നാൽ, പാലി – പ്രാകൃത ഭാഷ പരിശോധിക്കുമ്പോൾ അർത്ഥം കാണാൻ സാധിക്കുന്നുണ്ട്.
തിത്തിത്താരാ = തിത്തി (തിത്ഥ[5] / തിത്ഥിയ[6] – കടത്ത് / നാസ്തിക ഗുരു) + താരാ (താരാ[7] / താരകാ – തരണം ചെയ്തവൻ അഥവാ ബുദ്ധൻ)
തിത്തിത്തെയ് = തിത്തി (തിത്ഥിയ - നാസ്തകനായ ഗുരു) + തെയ് (തയ / ത്രയം – മൂന്ന്)
തക = തക്ക (തക്ക - ചിന്ത / യുക്തി / തർക്കപദ്ധതി)
തെയ് = തെയ് (തയ /ത്രയം – മൂന്ന്)
തെയ് = തെയ് (തയ /ത്രയം – മൂന്ന്)
തോം = തോം (ത്വം – നീ)
ഇതിനെ ചുവടെ പറയും പ്രകാരം വാക്യമാക്കാം –
“കടത്ത് കടത്തുന്നവനായവൻ (നേ) (സംസാര സാഗരത്തിന്റെ മറുകര കടത്തുന്നവനെ - ബുദ്ധാ), മൂന്ന് നാസ്തിക ഗുരുക്കൾ (ളും) മൂന്ന് മതചിന്തകൾ (ളും) മൂന്ന് തർക്ക പദ്ധതികൾ (ളും) മൂന്ന് (ഉം) മൂന്ന് (ഉം) നീ (ആകുന്നു)...”
3) താനാരോ തന്നാരോ തക താനാരോ തന്നാരോ.. –
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂർ ഭരണി. ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നു. ഇതാണ് ഭരണിപ്പാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. മുകളിൽ കൊടുത്തിട്ടുളള വായ്ത്താരിയാണ് ഭരണിപ്പാട്ടിൽ ആവർത്തിച്ച് പാടുന്നത്.
വായ്ത്താരിയിൽ ഉപയോഗിച്ചിട്ടുളള വാക്കുകൾ മലയാള ഭാഷയിലേതാണെന്ന് കാണാം. അവയെ ചുവടെ കാണുംവിധം പിരിച്ചെഴുതാം.
താനാരോ = (താൻ = താങ്കൾ + ആരോ = ആരാണ്)
തന്നാരോ = (തൻ = ബുദ്ധൻ + ആരോ = ആരാണ്)
തക = (തക[10] = സദ്ഗുണം)
താനാരോ = (താൻ = താങ്കൾ + ആരോ = ആരാണ്)
തന്നാരോ = (തൻ = ബുദ്ധൻ + ആരോ = ആരാണ്)
ഇതിനെ ചുവടെ കാണുംവിധം വാക്യമാക്കി മാറ്റാം - “താൻ ആരെടാ, ബുദ്ധൻ ആരെടാ, (നിന്റെയൊക്കെയൊരു) സദ്ഗുണം !! താൻ ആരെടാ, ബുദ്ധൻ ആരെടാ”
ആദ്യത്ത രണ്ട് വായ്ത്താരികളും സമാധാനപരമായ സ്തുതിയോ ആർപ്പ് വിളിയോ ആയിരിക്കുമ്പോൾ മൂന്നാമത്തേത് പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ പോർവിളിയാണെന്ന് കാണാൻ വിഷമമില്ല.
കണ്ടെത്തലുകളും വിശദീകരണങ്ങളും –
പാലി ഭാഷാ പദങ്ങളുപയോഗിച്ചാണ് ആദ്യത്തെ രണ്ട് വായ്ത്താരികളുടെയും അർത്ഥങ്ങൾ കണ്ടെത്തിയിട്ടുളളത്. മലയാളത്തിൽ പ്രചാരത്തിലുളള വായ്ത്താരികളുടെ വിശകലനത്തിന് പാലി ഭാഷാ പദങ്ങൾ ഉപയോഗിച്ചുളള വ്യാഖ്യാനത്തിന് സാധ്യത ഉണ്ടോയെന്നതാണ് പ്രധാനമായും ഉത്തരം നൽകേണ്ടുന്ന ഒരു ചോദ്യം. മലയാളത്തിലെ പാലി സ്വാധീനം ഉറപ്പിച്ച് പറയുന്ന അനേകം പഠനങ്ങൾ ഇന്ന് ലഭ്യമാണ്.[11] അതിനാൽ, മലയാളം വായ്ത്താരികളുടെ പാലി വ്യാഖ്യാനം സാധ്യമാണ്. പാലി ബുദ്ധമതത്തിന്റെ അടിസ്ഥാന ഭാഷയായതിനാൽ, അയ്യപ്പനും ശബരിമലയും ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്ന നിലവിലുളള സാമൂഹ്യ ശാസ്ത്ര വാദങ്ങളെ പൂർണ്ണമായും പിൻതാങ്ങുന്ന തെളിവായി ഒന്നാമത്തെ വായ്ത്താരിയുടെ ഭാഷ വർത്തിക്കുന്നു.
'അയ്യപ്പാ മൂന്ന് തര്‍ക്ക പദ്ധതികളും നീ (ആകുന്നു)'' എന്ന് പറയുന്നതിലൂടെ ബുദ്ധമതത്തിലെ മൂന്ന് പ്രധാന ചിന്താ പദ്ധതികളായ ഹീനയാനം, മഹായാനം, വജ്രയാനം എന്നിവയുടെ സാന്നിധ്യം ഒന്നാമത്തെ വായ്ത്താരി വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഈ മൂന്ന് പദ്ധതികളുടെയും കേന്ദ്രം കൂടിയാണ് ശബരിമല എന്ന് വരുന്നു. സ്ഥലനാമ പഠനങ്ങള്‍ അതിനുളള മതിയായ തെളിവുകള്‍ നല്‍കുന്നുണ്ട്. ശബരി മലയ്ക്ക് അടുത്തുളള രണ്ട് സ്ഥലങ്ങളാണ് വലിയാനവട്ടവും ചെറിയാനവട്ടവും. തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്ന പാതയിലാണ് ഈ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്. വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലനാമങ്ങളിലെ 'വലിയ' എന്ന വാക്കിനെ അതേ അര്‍ത്ഥം വരുന്ന 'മഹാ' എന്ന സംസ്‌കൃത വാക്ക് കൊണ്ടും 'ചെറിയ' എന്ന വാക്കിനെ അതേ അര്‍ത്ഥത്തിലുളള 'ഹീന' എന്ന സംസ്‌കൃത വാക്ക് കൊണ്ടും മാറ്റിയെഴുതിയാല്‍ അവ യഥാക്രമം മഹായാനവട്ടം, ഹീനയാനവട്ടം എന്നിങ്ങനെയാകുമെന്ന് കാണാനാകും. ഇത് സൂചിപ്പിക്കുന്നത് മഹായാനത്തിന്റെയും ഹീനയാനത്തിന്റെയും പ്രകടമായ സാന്നിധ്യമല്ലാതെ മറ്റൊന്നുമല്ല. ശബരിമല തന്നെ വജ്രയാന കേന്ദ്രമായാണ് വിലയിരുത്തപ്പെട്ടിട്ടുളളത്. യോഗപട്ടയണിഞ്ഞുളള അയ്യപ്പ വിഗ്രഹത്തിന്റെ രൂപം അതിനുളള തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍, അയ്യപ്പന്റെ കാലഘട്ടമാകുമ്പോഴേക്കും കേരളത്തില്‍ മൂന്ന് ബൌദ്ധ ധാരകളും സജീവമാവുകയും, അവ മറ്റ് വിരുദ്ധ ധാരകളുടെ എതിര്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഒന്നിച്ച് നില്‍ക്കേണ്ട സാഹചര്യം സംജാതമാവുകയും ചെയ്തിരുന്നതായി മനസിലാക്കാം.
ശബരിമലയുമായി ബന്ധപ്പെടുത്തി ഉപയോഗിച്ച് വരുന്ന ഉപനിഷത്ത് വാക്യമാണ് “തത്ത്വമസി”. മഹാ വേദ വാക്യങ്ങളിൽ വെച്ച് ഏറ്റവും ചെറുതും അതേ സമയം ഏറ്റവും ഗഹനവും ആണ് തത്ത്വമസി എന്ന് കരുതപ്പെടുന്നു. ഛാന്ദോഗ്യോപനിഷത്തിൽ നിന്നാണ് തത്ത്വമസി എന്ന വാക്യം എടുത്തിട്ടുള്ളത്. തത്ത്വമസി എന്ന വാചകം പിരിച്ചെഴുതുമ്പോൾ തത് + ത്വം + അസി എന്ന് ലഭിക്കും. ‘തത്’ എന്ന വാക്കിന് 'അത്' എന്നും ‘ത്വം’ എന്നതിന് 'നീ' എന്നും ‘അസി’ എന്നതിന് 'ആകുന്നു' എന്നുമാണ് അർത്ഥം. അതായത്, തത്ത്വമസി എന്നതിന് “അത് നീ ആകുന്നു” എന്ന് അർത്ഥം. ഈ പശ്ചാത്തലത്തെ മുൻനിർത്തി അയ്യപ്പ തിന്തകത്തോം എന്ന വായ്ത്താരിയെ അപഗ്രഥിക്കുന്നത് പ്രയോജനകരമായിരിക്കും. ‘അയ്യപ്പാ മൂന്ന് തർക്ക പദ്ധതികളും നീ (ആകുന്നു)’ എന്ന് അർത്ഥമുളള അയ്യപ്പ തിന്തകത്തോം എന്ന പ്രചുര പ്രചാരമുളള ബുദ്ധ വായ്ത്താരിയെ ‘അത് നീ ആകുന്നു’ എന്ന അർത്ഥമുളള ത്വതത്ത്വമസി എന്ന ബ്രാഹ്മണിക് വാക്യം കൊണ്ട് ആദേശം ചെയ്ത് ബ്രാഹ്മണവൽക്കരിച്ചതായി മനസ്സിലാക്കാവുന്നതാണ്. ഈ മഹാവാക്യത്തിനുള്ള വ്യാഖ്യാനമായി ശങ്കരാചാര്യർ വാക്യവൃത്തി എന്ന പേരിൽ ഒരു പ്രകരണ ഗ്രന്ഥം വളരെ പ്രാധാന്യത്തോടെ എഴുതിയിട്ടുളളതും ഇതിനെ പിന്തുണയ്ക്കുന്നു. ബുദ്ധമതത്തെ വിവിധ കുതന്ത്രങ്ങൾ കൊണ്ട്, പ്രത്യേകിച്ചും ബുദ്ധമത സിദ്ധാന്തങ്ങളെ സ്വാംശീകരിച്ചും വളച്ചൊടിച്ചും, ഇല്ലായ്മ ചെയ്തതിനാലാണല്ലോ ശങ്കരൻ പ്രച്ഛന്ന ബുദ്ധൻ എന്ന് അറിയപ്പെട്ടത്.
രണ്ടാമത്തെ വായ്ത്താരി, പാലിഭാഷാ ബന്ധം കൊണ്ട് മാത്രമല്ല വാക്കുകൾ ഉൽപ്പാദിപ്പിക്കുന്ന അർത്ഥം കൊണ്ടും വളളംകളിയും ബുദ്ധമതവും തമ്മിലുളള ബന്ധം സ്ഥാപിക്കുവാൻ ശേഷിയുളളതാണ്. സംസാര ദുഃഖമാകുന്ന കടൽ കടന്നവൻ അല്ലെങ്കിൽ മറ്റുളളവരെ കടക്കുവാൻ സഹായിക്കുന്നവനാണ് ബുദ്ധൻ എന്ന് ജനങ്ങൾ വിശ്വസിക്കുന്നു. മറുകര എത്തിക്കുന്നവൻ / കടത്തുകാരൻ / കടന്നവൻ എന്നെല്ലാം അർത്ഥം വരുന്ന അനേകം പര്യായങ്ങൾ ബുദ്ധനുളളതായി കാണാം. മഹായാന ബുദ്ധമതത്തിലെ ബുദ്ധനെ സൂചിപ്പിക്കുന്ന സമാന അർത്ഥമുളള ഒരു വാക്കാണ് പാരഗ (ൻ). പാരാ / പാരം എന്നാൽ മറുകര അഥവാ അക്കര. പാരഗ എന്നാൽ മറുകരകടക്കുന്നൻ എന്നർത്ഥം. ബുദ്ധമതത്തിലെ ഒരു ബോധി സ്വത്വയാണ് താര. താരയെ ആണായും പെണ്ണായും ആരാധിക്കുന്നു. താര, താരിണി എന്നും അറിയപ്പെടുന്നു.[12] താരിണി എന്ന വാക്കിന് മറുകര കടത്തുന്നവൾ എന്നാണ് അർത്ഥം. താരകനും ബുദ്ധൻ തന്നെ. മറുകര കടത്തുന്നവൻ എന്ന് തന്നെ അതിന്റെയും അർത്ഥം. തിത്ഥ എന്ന വാക്കിന് കടത്ത് വഴി / കടത്ത് എന്നൊക്കെയാണ് അർത്ഥം. തിത്ഥിയ താര എന്നാൽ കടത്ത് കഴിച്ചു വിടുന്നത് എന്ന് അർത്ഥം കൽപ്പിക്കാം. സമാന രീതിയിലുളള പ്രയോഗം ബുദ്ധ സാഹിത്യത്തിലുടനീളം കാണാം. കടത്തുമായി ബുദ്ധന് ഇത്രയും ബന്ധമുണ്ടായിരിക്കുമ്പോൾ വളളംകളി ഒരു ബുദ്ധമത ആഘോഷമായേ മനസിലാക്കാനാകൂ. വളളംകളി, സംസാര ദുഃഖമാകുന്ന ആഴക്കടലിനു കുറുകേ കടക്കുകയും മറുകരയിലെ മോക്ഷം നേടുകയും ചെയ്യുന്നതിന്റെ സാങ്കൽപ്പിക ആവിഷ്കാരമല്ലാതെ മറ്റൊന്നുമല്ല.
വളളംകളി ഒരു ബൗദ്ധ ആഘോഷമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെടുത്താവുന്ന അനേകം കാര്യങ്ങൾ വളളംകളിയുമായി ബന്ധപ്പെട്ട് കാണാം. ബുദ്ധ ആഘോഷം എന്ന് കരുതപ്പെടുന്ന ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടത്തുന്നത്. കൂടാതെ കേരളത്തിലെ പ്രശസ്തമായ എല്ലാ വളളംകളികളും നടക്കുന്നത് പമ്പാ നദിയിലാണ്. ബുദ്ധകേന്ദ്രമായിരുന്ന ശബരിമല വനത്തിലൂടെ ഒഴുകുന്ന നദിയാണ് പമ്പ. പ്രശസ്തമായ ആറന്മുള ഉതൃട്ടാതി വള്ളംകളിക്ക് ഉപയോഗിക്കുന്ന വളളങ്ങൾ പള്ളിയോടങ്ങൾ എന്നാണ് അറിയപ്പെടുന്നത്. പളളി എന്ന വാക്ക് തികച്ചും ബൗദ്ധമാണെന്ന് അനേകം ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. രണ്ടാമത്തെ വായ്ത്താരി, കേരളത്തിലെ ബൌബൗദ്ധ ഭൂതകാലത്തെയും വളളംകളിയെയും ബന്ധിപ്പിക്കുന്ന നിരീക്ഷണങ്ങളെ പിന്താങ്ങുന്ന പദോൽപ്പത്തി യ സാമൂഹ്യശാസ്ത്ര തെളിവുകളെയാണ് വെളിപ്പെടുത്തുന്നത്.
നാസ്തികരായ മൂന്ന് ഗുരുക്കളെക്കുറിച്ച് വായ്ത്താരി വിവരം നൽകുന്നുണ്ട്. ഇത് പ്രധാന ശ്രമണ ധാരകളായ ബുദ്ധ, ജൈന, ആജീവക ദർശനങ്ങളുടെ സ്ഥാപകരായ ബുദ്ധൻ, മഹാവീരൻ, മക്ഖലിപുത്ര ഗോശാലൻ എന്നിവരെ സൂചിപ്പിക്കുന്നു. മൂന്ന് മത ചിന്തകൾ, ബുദ്ധ, ജൈന, ആജീവക ദർശനങ്ങൾ തന്നെ. മൂന്ന് തർക്ക പദ്ധതികൾ ബുദ്ധ, ജൈന, ആജീവക തത്വങ്ങളെ സൂചിപ്പിക്കുന്നു.[13] പിന്നീട് തെയ് (തയ - പാലി, ത്രയ – സംസ്കൃതം) എന്ന് രണ്ട് പ്രാവശ്യം പറയുന്നുണ്ട്. ബുദ്ധമതത്തിൽ രണ്ട് ത്രയങ്ങൾ പ്രധാനമായും കാണാൻ സാധിക്കും – അവ പിടക ത്രയവും[14] ശരണ ത്രയവും[15] ആണ്. അതിനാൽ തെയ് തെയ് (തയ തയ / ത്രയ ത്രയ) എന്ന് വിവക്ഷിച്ചിരിക്കുന്നത് പിടക ത്രയത്തെയും ശരണ ത്രയത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന് തീർപ്പാക്കാം. “ഗുരു ത്രയവും, മത ത്രയവും തർക്ക ത്രയവും പിടക ത്രയവും ശരണ ത്രയവും താരകനായ നീ (ആകുന്നു)” എന്ന് പറയുന്നതിലൂടെ ബുദ്ധ മതത്തിന്റെ അധീശത്വവും മറ്റ് നാസ്തിക മതങ്ങളോടുളള സഹോദരത്വവും ഉൾക്കൊളളലും കാണാനാകും.
മൂന്നാമത്തെ വായ്ത്താരി ബുദ്ധമതത്തിനെതിരേ ഉളളതാണന്ന് പകൽ പോലെ വ്യക്തമാണ്. കൊടുങ്ങല്ലൂർ ഭരണിക്കാണ് ഇത് പാടുന്നത്. കൊടുങ്ങല്ലൂർ പണ്ട് ബൌബൗദ്ധ കേന്ദ്രമായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ച സദ്ബുദ്ധികളും ധർമ്മരുമായ ബൗദ്ധരെ നിർമൂലനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഭരണിപ്പാട്ടും കാവു തീണ്ടലും കോഴിവെട്ടും നടപ്പാക്കിയതെന്ന് കരുതപ്പെടുന്നു.
സൂക്ഷ്മമായി അപഗ്രഥിച്ചാൽ ഇത് വെറും വായ്ത്താരിയല്ല, മറിച്ച് ബൗദ്ധ നിഷ്കാസനത്തെ സാധൂകരിക്കുന്ന വിധ്വംസകവും പ്രകോപനപരവുമായ പോർവിളിയാണെന്ന് കാണാം. ബ്രാഹ്ണമതം, ശ്രമണ ധാരകളെ പുറത്താക്കുന്നതിനായി സംഘടിത വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയിരുന്നതിന്റെ തെളിവുകളാണിവ എന്ന് നിസ്തർക്കം പറയാം.
ഈ മൂന്ന് വായ്ത്താരികളും ശ്രമണ മതങ്ങളുമായി ബന്ധപ്പെട്ടത് ആണെങ്കിലും, ഇപ്പോൾ ബ്രാഹ്മണ മതത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുന്നവ ആയതിനാൽ ശ്രമണ മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ പിൽക്കാലത്ത് ബ്രാഹ്മണവൽക്കരിക്കപ്പെട്ടു എന്ന് മനസ്സിലാക്കാവുന്നതാണ്.
മഹാനായ അശോക ചക്രവർത്തിയുടെ കാലം മുതൽ കേരളത്തിൽ ബൗദ്ധ സ്വാധീനം ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെടുന്നത്. അതായത്, ബി.സി മൂന്നാം നൂറ്റാണ്ടു മുതൽ ഏതാണ്ട് എ.ഡി എട്ടാം നൂറ്റാണ്ട് വരെ കേരളത്തിലെ പ്രധാന മതം ബുദ്ധമതം ആയിരുന്നു. എ.ഡി ഒമ്പതാം നൂറ്റാണ്ടോടുകൂടി ബ്രാഹ്മണമതം ശക്തി പ്രാപിക്കുകയും തുടർന്ന് പതിമൂന്നാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം കേരളത്തിൽ നിന്നും നിർമാർജ്ജനം ചെയ്യപ്പെട്ടുവെന്നും കരുതപ്പെടുന്നു. ഏതാണ്ട് ആയിരത്തി മുന്നൂറ് വർഷം കഴിഞ്ഞിട്ടും ബുദ്ധമതവും മറ്റ് ശ്രമണ ധാരകളായ ജൈനമതവും ആജീവക മതവും ഭാഷയിലൂടെ ജീവിക്കുന്നുവെന്ന വസ്തുത, പ്രസ്തുത മതങ്ങൾ സമൂഹത്തിൽ ചെലുത്തിയ സ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ നിന്നും ചുവടെ പറയുന്നവ കണ്ടെത്തലുകളായി രേഖപ്പെടുത്താം.
1. ബുദ്ധധർമ്മത്തിന് പ്രാചീന കേരളത്തിൽ തക്കതായ സ്വാധീനമുണ്ടായിരുന്നു.
2. ബുദ്ധധർമ്മത്തിലെ മൂന്ന് ധാരകളായ ഹീന യാനം, മഹായാനം, വജ്ര യാനം എന്നിവയ്ക്ക് കേരളത്തിൽ സ്വാധീനമുണ്ടായിരുന്നു.
3. ഹീനയാനം, മഹായാനം, വജ്ര യാനം എന്നിവ തമ്മിൽ ലയിക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
4. ശ്രമണധാരകളായ ജൈനമതവും ആജീവക മതവും കേരളത്തിന് സുപരിചിതമായിരുന്നു.
5. ജൈന ആജീവക മതങ്ങളെ ബുദ്ധമതം ഉൾച്ചേർക്കുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു.
6. ബുദ്ധ മതത്തിന് എതിരേ സംഘടിതവും ആസൂത്രിതവുമായ വിധ്വംസക പ്രവർത്തനങ്ങൾ നടന്നിരുന്നു.
7. ബുദ്ധമതത്തിലെ ആചാര അനുഷ്ഠാനങ്ങൾ പിൽക്കാലത്ത് ബ്രാഹ്മണവൽക്കരിക്കപ്പെട്ടിട്ടുണ്ട്.
ഉപസംഹാരം – കേരളം എന്ന് ഇന്ന് അറിയപ്പെടുന്ന ഭൂവിഭാഗത്തിലെ ജനജീവിതത്തിന് ബുദ്ധധർമ്മവുമായി അഭേദ്യമായ ബന്ധമുണ്ട്. ഏതാണ്ട് ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ എട്ടാം നൂറ്റാണ്ടു വരെ കേരളത്തിൽ ബുദ്ധമതത്തിന് പ്രാധാന്യമുണ്ടായിരുന്നു[16]. കേരളത്തിലേയ്ക്ക് ബ്രാഹ്മണ മതം കടന്നു വരുന്നതോടുകൂടിയാണ് ബുദ്ധമതത്തിന് ഇടിവ് സംഭവിക്കുന്നത്. മെല്ലെ മെല്ലെ അധിനിവേശം ചെയ്ത ബ്രാഹ്മണ മതം സംഘടിത പ്രവർത്തനങ്ങളിലൂടെ, എക്കാലത്തും വേദങ്ങളെയും പൌരോഹിത്യത്തെയും ചോദ്യം ചെയ്തിരുന്ന ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. കേരളക്കരയിൽ നിലനിൽക്കുന്ന വായ്ത്താരികളുടെ അപഗ്രഥനത്തിലൂടെ മേൽപ്പറഞ്ഞ വസ്തുതകൾ സ്ഥാപിക്കുവാൻ സാധിക്കും. കേരള സമൂഹത്തിൽ ശ്രമണ ധാരകൾക്കുണ്ടായിരുന്ന സ്വാധീനത്തെയും, അവയ്ക്കെതിരേ ബ്രാഹ്മണമതം നടത്തിയ സംഘടിത വിധ്വംസ പ്രവർത്തനങ്ങളെയും പദോൽപ്പത്തി സാമൂഹ്യ ശാസ്ത്ര അപഗ്രഥനത്തിലൂടെ അനാവൃതമാക്കുവാൻ സാധ്യമാണെന്ന് വായ്ത്താരികളെ അടിസ്ഥാനമാക്കിയുളള ഈ പഠനം സമർത്ഥിക്കുന്നു.
[1] Source: Cologne Digital Sanskrit Dictionaries: Shabda-Sagara Sanskrit-English Dictionary Triṃśat (त्रिंशत्).—f. sing. (-t) Thirty, &c. du. (-tau) Two thirties. plu. (-taḥ) many thirties. E. triṃ for tri three, and śat aff. Source: Cologne Digital Sanskrit Dictionaries: Benfey Sanskrit-English Dictionary Triṃśat (त्रिंशत्).—i. e. tri-dacant, numeral, f. adj. and sbst., Thirty, Mahābhārata 6, 5409; [Rājataraṅgiṇī] 1, 286. Source: Cologne Digital Sanskrit Dictionaries: Monier-Williams Sanskrit-English Dictionary Triṃśat (त्रिंशत्):—[from tri] f. ([Pāṇini 5-1, 59]) 30 [Ṛg-veda] etc. ([plural] [Mahābhārata vi, xiii]; with the objects in the same case, once [Rājataraṅgiṇī i, 286] in the [genitive case]; [accusative] śat, [Hemādri’s Caturvarga-cintāmaṇi i, 8]). Source : Pāli Text Society 694 Pāli-English Dictionary - Tiṃsaṃ {Timsam} (tiṃsa°) [Vedic triṃśat, cp. Lat. trīginta, Oir. tricha] the number 30 D I.81≈(tiṃsaṃ pi jātiyo); S II.217 (t.-mattā bhikkhū); dat. instr. tiṃsāya A V.305 (dhammehi samannāgato); Sn p. 87 (pi dadāmi) PvA 281 (vassasahassehi): t.-yojana-maggaṃ (āgato) DhA II.76, 79; III.172; PvA 154; °yojanika kantāra DhA II. 193 (cp. 192); J V.46 (magga); DhA I.26 (vimāna); t.-vassasahassāni āyuppamāṇaṃ (of Konāgamana Buddha) D II.3; t.-mattāni vassāni Miln 15; t.-vassasahassāni PvA 281=DhA II.10. So of an immense crowd: tiṃsa bhikkhu-sahassāni D II.6; tiṃsa-mattā sūkarā J II.417; °sahassa-bhikkhū DhA I.24. മേൽവാക്കുകളിൽ നിന്നും മൂന്നിനെ സൂചിപ്പിക്കുന്ന സംസ്കൃതത്തിലെ ത്രിം എന്നത് പാലിയിൽ തിം എന്നായി മാറുന്നത് വ്യക്തമായി കാണാം. [2] Source : Pāli Text Society 694 Pāli-English Dictionary - Tayo {Tayo} [f. tisso, nt. tīṇi; Vedic traya, trī & trīṇi; Gr. trei_s, tria; Lat. trēs, tria; Goth. preis, prija; Ohg. drī; E. three, etc.] num. card. three. nom.-acc. m. tayo (Sn 311), & tayas (tayas su dhammā Sn 231, see KhA 188) f. tisso (D I.143; A V.210; It 99) nt. tīṇi (A I.138, etc.), also used as absolute form (eka dve tīṇi) Kh III. (cp. KhA 79 & tīṇi lakkhaṇā for lakkhaṇāni Sn 1019); gen. m. nt. tiṇṇaṃ (J III.52, 111, etc.), f. tissannaṃ; instr. tīhi (ṭhānehi Dh 224, vijjāhi It 101); loc. tīsu (janesu J I.307; vidhāsu Sn 842). - In composition & derivation: ti in numerical cpds.: tidasa (30) q. v.; tisata (300) Sn 566 (brāhmaṇā tisatā); 573 (bhikkhavo tisatā); tisahassa (3000) Pv II.951 (janā °ā); in numerical derivations: tiṃsa (30), tika (triad), tikkhattuṃ (thrice); tidhā (threefold). - In nominal cpds.: see ti° te (a) in numerical cpds.: terasa (SnA 489; DhsA 333; VvA 72: terasī the 13th day) & teḷasa (S I.192 Sn pp. 102, 103) (13) [Sk. trayodaśa, Lat. tredecim]; tevīsa (23) VvA 5; tettiṃsa (33) J I.273; DhA I.267; tesaṭṭhi (63) PvA 111 (Jambudīpe tesaṭṭhiyā nagarasahassesu). - (b) in nominal cpds.: see te°. [3] Source : Pāli Text Society 694 Pāli-English Dictionary - Takka, 1 (Sk. tarka doubt; science of logic (lit. “turning & twisting”) *treik, cp. Lat. tricæ, intricare (to “trick, ” puzzle), & also Sk. tarku bobbin, spindle, Lat. torqueo (torture, turn)) doubt; a doubtful view (often= diṭṭhi, appl. like sammā°, micchā-diṭṭhi), hair-splitting reasoning, sophistry (=itihītihaṃ Nd2 151). Opp. to takka (=micchā-saṅkappo Vbh. 86, 356) is dhammatakka right thought (: vuccati sammā-saṅkappo Nd2 318; cp. Dhs. 7, 298), D. I, 16 (°pariyāhata); M. I, 68 (id.); Sn. 209 (°ṃ pahāya na upeti saṅkhaṃ) 885 (doubt), 886; Dhs. 7, 21, 298 (+vitakka, trsl. as “ratiocination” by Mrs. Rh. D.); Vbh. 86, 237 (sammā°) 356; Vism. 189. See also vitakka. Source: BuddhaSasana: Concise Pali-English Dictionary takka : (m.) thought; reasoning; logic. (nt.), butter-milk. [4] Source: BuddhaSasana: Concise Pali-English Dictionary tvaṃ : (nom. sin. of tumha) thou. [5] Source : Pāli Text Society 694 Pāli-English Dictionary - Tittha {Tittha} (nt.) [Vedic tīrtha, from *ter, tarate, to pass through, orig. passage (through a river), ford] 1. a fording place, landing place, which made a convenient bathing place D II.89=Vin I.230 (Gotama° the G. ford); J I.339, 340 (titthāraṇa); II.111; III.228 (°nāvika ferryman); 230 (nāvā° a ferry); IV.379; Pv II.120; III.64; IV.122 (su°); Dāvs. V.59 (harbour). Titthaṃ jānāti to know a "fording place," i. e. a means or a person to help over a difficulty or doubt M I.223=A V.349 (neg.) 2. a sect (always with bad connotation. Promising to lead its votaries over into salvation, it only leads them into error). -āyatana the sphere or fold of a sect (cp. titthiya) Vin I.60, 69; II.279; M I.483; A I.173; Pug 22; Dhs 381, 1003 (cp. Dhs. trsl. p. 101n); DA I.118; Ledi Sadaw in J.P.T.S. 1913, 117-118; -kara a "ford-maker," founder of a sect D I.47, 116; M I.198; Sn pp. 90, 92; Miln 4, 6, etc.; -ððutā knowledge of a ford, in fig. sense of titthaṃ jānāti (see above) Nett 29, 80. [6] titthiya : (m.) a heretical teacher; and adherent of another religion. [7] Tara {Tara} [see tarati] (n.) crossing, "transit," passing over Sn 1119 (maccu°). - (adj.) to be crossed, passable, in duttara hard to cross S IV.157; Sn 174, 273 (oghaṃ t. duttaraṃ); Th 2, 10; It 57. Also as su-duttara S I. 35; V.24. -esin wanting to pass over J III.230 Pāli [8] Source : Olam Online Dictionary. നാ. ഭക്തി നാ. അറിവ്, ധാരണ നാ. ബുദ്ധി, മനസ്സ്, ഗ്രഹണശേഷി, ചിന്താശക്തി നാ. മാനസീകാവസ്ഥ, ഉദ്ദേശ്യം നാ. ആശയം, അഭിപ്രായം നാ. ശാസ്ത്രം, കല നാ. മതചിന്ത നാ. മനനം, ധ്യാനം നാ. പ്രാര്‍ഥന [9] Source : Pāli Text Society 694 Pāli-English Dictionary - Taya {Taya} (nt.) [Sk. trayaṃ triad, cp. trayī; see also tāvatiṃsa] a triad, in ratana-ttaya the triad of gems (the Buddha, the Norm. & the Community) see ratana; e. g. PvA 1, 49, 141. - piṭaka-ttaya the triad of the Piṭakas SnA 328. [10] ഒന്നാമത്തെയും രണ്ടാമത്തെയും വായ്ത്താരിയിൽ തക എന്ന വാക്കിനെ തക്ക എന്ന പാലി വാക്കുമായാണ് താത്മയദാത്മ്യപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മൂന്നാമത്തേതിൽ തക എന്ന ദ്രാവിഡ പദത്തോടാണ് ബന്ധപ്പെടുത്തിയിട്ടുളളത്. ഒന്നും രണ്ടും വായ്ത്താരികൾ പൂർണ്ണമായും പാലി ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് അവയിൽ പാലിയിൽ നിന്നുളള വാക്ക് പരിഗണിച്ചിട്ടുളളത്. എന്നാൽ മൂന്നാമത്തെ വായ്ത്താരിയിൽ മലയാള വാക്കുകളാണ് കാണാനുളളത്. അതിനാലാണ് തക എന്ന വാക്കിന്റെ മലയാളം അർത്ഥം പരിഗണിച്ചിട്ടുളളത്. തെയ്, തക, തിത്തിത്തൈ പോലുളള വാക്കുകളോ സാദൃശ്യമുളള ശബ്ദങ്ങളോ മാര്‍ഗ്ഗംകളിയിലും മൃദംഗത്തിന്റെ ചൊല്‍ക്കെട്ടിലും ഉപയോഗിച്ച് കാണുന്നു. മാര്‍ഗ്ഗം കളി, മാര്‍ഗ്ഗം കൂടിയവരുടെ കളിയാണെന്നും അതിന് ബുദ്ധമതവുമായി ബന്ധമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൃദംഗം കണ്ടുപിടിച്ചത് ഗണപതിയാണെന്നാണ് വിശ്വാസം. ഗണപതി അഥവാ വിനായകന്‍ ബുദ്ധനാണെന്നും ബുദ്ധസംഘത്തിന്റെ നേതാവാണെന്നും കരുതപ്പെടുന്നു. [11] മലയാളത്തിലെ പരകീയ പദങ്ങൾ (നിഘണ്ടു), മലയാളം മഹാനിഘണ്ടു മുതലായവ മലയാളത്തിലെ പ്രാകൃത പാലി ഭാഷകളുടെ സ്വാധീനത്തെ വ്യക്തമായും വിശദീകരിച്ചിട്ടുളളത് ഏറ്റവും നല്ല ലളിതമായ ഉദാഹരണങ്ങളാണ്. [12] ഹൈന്ദവരുടെയും താന്ത്രിക ബുദ്ധമതവിശ്വാസികളുടെയും ഒരു ദേവതയാണ് താരാദേവി അഥവാ സ്ത്രീ ബോധിസത്വൻ. ആര്യതാരാ എന്നും താരാദേവി എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. [13] മൂന്ന് തർക്ക പദ്ധതികൾ ഒന്നാമത്തെ വായ്ത്താരിയിൽ ഹീനയാനം, മഹായാനം, വജ്രയാനം എന്നിവയെയും രണ്ടാമത്തേതിൽ ബുദ്ധ ദർശനം, ജൈന ദർശനം, ആജീവക ദർശനം എന്നിവയെയും ആണ് സൂചിപ്പിക്കുന്നതെന്ന് കരുതാം.ാ ഒന്നാമത്തേതിൽ, ക്കതിംതക(തിന്തക) അഥാവാ ത്രിംതർക്ക എന്നാണ് പ്രയോഗിച്ചിട്ടുളളത്. ഇതിൽ തിം എന്നത് വെറും മൂന്നിനെ അല്ല, മറിച്ച് തുല്യമായ / സമാനമായ മൂന്നിനെ ആണ് സൂചിപ്പിക്കുന്നത്. അതായത് മൂന്ന് തർക്കങ്ങൾ സമാനമായതോ ഒന്നിന്റെ ഭാഗമായതോ ആണ്. അതിനാൽ അവ ബുദ്ധമതത്തിലെ മൂന്ന് തർക്ക പദ്ധതികളെ സൂചിപ്പിക്കുന്നവയാണെന്ന് കരുതാം. എന്നാൽ രണ്ടാമത്തേതിൽ തക തെയ് (തക്ക തയ / തർക്ക ത്രയ) എന്നാണ് പ്രയോഗം. ഇതിന് മൂന്ന് തർക്കങ്ങൾ എന്നേ അർത്ഥമുളളൂ. കൂടാതെ മുന്നേ മൂന്ന് നാസ്തികരായ അധ്യാപകരെ കുറിച്ചും മൂന്ന് മതങ്ങളെ കുറിച്ചും പറയുന്നതിനാൽ തുടർന്ന് വരുന്ന തർക്ക ത്രയം മൂന്ന് ദർശനങ്ങളുടെ തർക്ക പദ്ധതികൾ തന്നെ എന്ന് വിലയിരുത്താവുന്നതാണ്. [14] ത്രിപിടകങ്ങൾ - വിനയപിടകം, സുത്ത പിടകം, അഭിധമ്മപിടകം. ബുദ്ധമതത്തിലെ അടിസ്ഥാന ഗ്രന്ഥങ്ങളാണിവ. [15] ശരണ ത്രയം - ബുദ്ധം ശരണം, ധർമ്മം ശരണം, സംഘം ശരണം. [16] ബൌദ്ധ സ്വാധീനം കേരളത്തിൽ - പവനൻ, സി.പി. രാജേന്ദ്രൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2008, പുറം. 3