top of page

നട്ടുച്ചയിൽ തിളയ്ക്കുന്ന കവിത

ട്രോൾ

ജൂലി ഡി എം



ഭാവന കൊണ്ട് കവിതയെയും കവിത കൊണ്ട് തന്റെ ഉള്ളിലെ കവിയേയും പുതുക്കിപ്പണിയുന്ന , അതിന് അനുയോജ്യമായ ഭാഷ തേടി ഭാഷ ഉണ്ടായ കാലത്തോളം സഞ്ചരിക്കാനാഗ്രഹിക്കുന്ന ഒരു കവിയെ അമ്മു ദീപയുടെ 'കരിങ്കുട്ടി' എന്ന സമാഹാരത്തിൽ കാണാം. സമകാലിക കവിതയെ അത്ഭുതപ്പെടുത്തും വിധം ഭൂതകാലത്തെ, ചുറ്റുപാടുകളെ , പ്രകൃതിയെ, ഗാർഷികാനുഭവങ്ങളെയെല്ലാം അനായാസമായി കവിതയിലാക്കാനുള്ള മിടുക്ക് ഈ കവിക്കുണ്ട്.ഭാവനയിൽ, ഭാഷയിൽ, വർണ്ണനയിൽ, ബിംബങ്ങളിൽ ആ കവിതകൾ അനന്യമാണ്. പ്രകൃതിവർണ്ണനകളിൽ സമകാലിക കവിതയിൽ നിന്ന് ബഹുദൂരമകന്ന് നിൽക്കുമ്പോഴും ഭാവനകൊണ്ട് പ്രാചീന കവിതയെയും സമകാലിക കവിതയേയും അത് അത്ഭുതപ്പെടുത്തുന്നു.

ഡിജിറ്റൽ യുഗത്തിൽ കവിതയെഴുതുന്ന ഒരു കവിയുടെ കവിതകളിൽ കടന്നുവരുന്ന പ്രകൃതി വർണ്ണനകളിൽ സ്ഥിരമായി ആവർത്തിച്ചുവരുന്ന നട്ടുച്ചയും സൂര്യനും ആരിലും കൗതുകമുണർത്തും.സൂര്യൻ എന്ന ബിംബം കരിങ്കുട്ടി എന്ന സമാഹാരത്തിൽ വിവിധ കവിതകളിലായി വളരെ തീക്ഷണവും വ്യത്യസ്തവുമായ ഭാവനകളാലും വർണ്ണനകളാലും ആവിഷ്കൃതമാകുന്നത് രസകരമാണ്. ഒപ്പം കാലമേറുന്തോറും പ്രബലമായിക്കൊണ്ടിരിക്കുന്ന വ്യവസ്ഥയുടെ കെട്ടുപാടുകളിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീയവസ്ഥകളെ ആവിഷ്കരിക്കാനും കവി ശ്രമിക്കുന്നു.


സൂര്യനും ഉച്ചയും അമ്മു ദീപയുടെ കവിതകളിൽ

പ്രകൃതി വർണ്ണനകളിൽ കാലങ്ങളായി കവികൾ ചന്ദ്രനെയും നിലാവിനെയും കവിതയിൽ ചേർത്തു വയ്ക്കുമ്പോൾ അമ്മു ദീപ എന്ന കവി സൂര്യനെയും

ഉച്ചയേയും തന്റെ കവിതകളിൽ അടർത്തി മാറ്റാനാവാത്ത വിധം ചേർത്തുവയ്ക്കുന്നത് കാണാം.'രാവിലെ' എന്ന കവിതയിലെ വരികൾ നോക്കുക.

"ഇടങ്കയ്യാൽ സൂര്യനെ എടുത്തുയർത്തി വലംകൈയിലെ കൊടുവാളിനാൽ

നടുക്കാഞ്ഞു വെട്ടി

ഇരു മുറിയാക്കി

അതിലൊരു മുറിയെടുത്ത്

അവൾ ചിരവിത്തുടങ്ങി

താഴെവച്ച പ്ലേറ്റിലേക്ക്

വെളിച്ചം

ഉതിർന്നു വീണുകൊണ്ടിരുന്നു "

എന്ന വരികൾ "താളം പോലെ പുലരി വനിതയ്ക്കാഗതൗ ചന്ദ്ര സൂരൗ " എന്നമണിപ്രവാള വരികളെ അനുസ്മരിപ്പിക്കുമെങ്കിലും സൂര്യനെയും ചന്ദ്രനെയും ആഗതയാകുന്ന പുലരിക്ക് ഇലത്താളമാക്കുന്ന മണിപ്രവാള ഭാവനയെക്കാൾ സൂര്യനെ വലംകൈയിലെ കൊടുവാളിനാൽ ആഞ്ഞുവെട്ടിമുറിച്ച് തേങ്ങ ചിരവുന്ന സ്ത്രീയുടെ കൈയിലെ തേങ്ങാ മുറിയാക്കുന്ന, പാത്രത്തിലേക്ക് വെളിച്ചത്തെ ഉതിർത്തിടുന്ന സ്ത്രൈണ ഭാവന ഗംഭീരമാണ്.കവിതയുടെ അവിഭാജ്യ ഘടകമായിരുന്ന പ്രകൃതി ബിംബങ്ങളെ സ്ത്രീയുടെ ഗാർഹിക ജീവിതവൃത്തത്തിലേക്കിറക്കിക്കൊണ്ടുവരുന്ന ഭാവനയുടെ ജനാധിപത്യ പ്രക്രിയയാണിവിടെ നടക്കുന്നത്. ഗ്രഹണം എന്ന കവിതയിൽ കിളികൊത്തിയ പഴമായി സൂര്യൻ കടന്നുവരുന്നു.- "കണ്ടു ഞാൻ മാനത്ത് കിളികൊത്തിയ സൂര്യനെ "

'ഉച്ച' എന്ന പേരിൽ തന്നെ രണ്ടും 'ഉച്ചയിൽ' എന്ന പേരിൽ ഒരു കവിതയും സമാഹാരത്തിലുണ്ട്.ഉരുണ്ട മിനുത്ത, പിഴിഞ്ഞാൽ കൊഴുത്ത ചാറിറ്റുന്ന പഴമായി രാത്രിയെ കാണുന്ന ഭാവന 'പൂളൽ' എന്ന കവിതയിലുണ്ട്.

"രാവുകല്ലിൽ

രാകിമിനുക്കിയ നിദ്രയാലതിനെ

പൂണ്ടുപൂണ്ടെടുക്കുമ്പോൾ

നടുക്കതാ

ജ്വലിക്കുന്ന ഒരു കുരു

സൂര്യൻ"

പിഴിഞ്ഞാൽ കൊഴുത്ത ചാറിറ്റുന്ന പഴമായി രാത്രിയെ കാണുന്ന, രാവുകല്ലിൽ മിനിക്കിയെടുത്ത നിദ്ര കൊണ്ടതിനെ പൂണ്ടുപൂണ്ടെടുക്കുമ്പോൾ കിട്ടുന്ന കുരുവായി സൂര്യനെ കാണുന്ന ഭാവനയ്ക്ക് മുന്നിൽ വർണ്ണനയുടെ സിംഹാസനമേറിയ മണിപ്രവാള കവികൾ പോലും തൊഴുതു നിൽക്കുകയേ ഉള്ളൂ ! 'ഉച്ചെരിഞ്ഞ്' എന്ന കവിതയിൽ സൂര്യനും ഉച്ചയും വീണ്ടുമെത്തുന്നു. മുത്ത്യമ്മ പേൻ നോക്കാനിരുന്നപ്പോൾ ചെങ്കൽക്കുന്ന് ഓടിയിറങ്ങി വരുന്ന സൂര്യനെ ഇവിടെ കാണാം. പേൻ നോക്കിക്കൊണ്ടിരുന്ന മുത്ത്യമ്മ ഒരലർച്ചയാണ്! "നിക്കടാ അവടെ." എന്നിട്ട് പഴുത്ത പുളിങ്കായ്കൾ കുലുക്കി വീഴ്ത്തുന്ന നീളൻ തോട്ടി സൂര്യന്റെ ഇടങ്കണ്ണിൽ കുത്തിച്ചാരി വെച്ച് ഒന്ന് കാറിത്തുപ്പി ഈരുകളെ പ് രാകി വലിച്ചെടുക്കുന്ന മുത്ത്യമ്മയെ വായനക്കാർ മറക്കില്ല.ഈ പറഞ്ഞതല്ലാതെ മറ്റു പല കവിതകളിലും സൂര്യനും ഉച്ചയും മിന്നായം പോലെ കടന്നു പോകുന്നുണ്ട്.ഇത്രയധികം കവിതകളിൽ സൂര്യനെ കുടിയിരുത്തിയ കവി ചന്ദ്രനെ അവതരിപ്പിക്കുന്നത് നോക്കുക.

"തൂക്കണാം കുരുവി നെയ്‌ത കൂടുപോലെ

ഭൂമി തൂങ്ങിക്കിടന്നു

അപ്രത്ത് വെളിച്ചത്തിന്റെ ഒരോട്ട ,

ചന്ദ്രൻ."

ഇക്കാലമത്രയും കവികൾ

പാടിപ്പുകഴ്ത്തിയ ചന്ദ്രനെ വെളിച്ചത്തിന്റെ ഒരോട്ടയായി അവതരിപ്പിച്ച കവിയെ കാണാൻ ചന്ദ്രൻ വണ്ടി പിടിച്ചെത്തുമെന്ന കാര്യം ഉറപ്പാണ്!


സ്ത്രീയവസ്ഥകൾ അമ്മുദീപയുടെ കവിതകളിൽ


കാലമേറുന്തോറും പ്രബലമായിക്കൊണ്ടിരിക്കുന്ന വ്യവസ്ഥയുടെ കെട്ടുപാടുകളിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീയവസ്ഥകളെ ശക്തമായി ആവിഷ്കരിക്കുന്ന കവിതകൾ 'കരിങ്കുട്ടി' എന്ന സമാഹാരത്തിലുണ്ട്.

പാട്രിയാർക്കി അതിന്റെ ഇരകളെ വീട്ടു മൃഗത്തെ അറവുശാലയിലേക്കെന്നവണ്ണം നയിക്കുന്ന കാഴ്ച 'പതുക്കെ' എന്ന കവിതയിൽ കാണാം.


"ചുംബിക്കുമ്പോൾ

ആകാശം

തിരമാലകളുടെ ചുണ്ടിലെന്ന പോൽ അലിവോടെയായിരുന്നു


സന്ധ്യയുടെ

തുടുത്ത കവിളിൽ

മേഘം

താടി രോമങ്ങളുരസും പോലെ കരുതലോടെ


കുന്നുകളുടെ

നീരാവി കഞ്ചുകം

ഇളങ്കാറ്റഴിച്ചുമാറ്റുംപോലെ

ഒട്ടും ധൃതിയില്ലാതെ

………………………………


വീട്ടു മൃഗത്തെ

അറവുശാലയിലേക്കാനയിക്കും പോലെ

ഓമനിച്ച്

ഓമനിച്ച്

പതുക്കെ…."


തങ്ങൾ എങ്ങോട്ടാണ് ആനയിക്കപ്പെടുന്നത് എന്ന് പോലും തിരിച്ചറിയാതെ വ്യാജ സുരക്ഷിതത്വത്തിലും കരുതലിലും ആണ്ടുപോകുന്ന സ്ത്രീ ജീവിതങ്ങളെ കവിത കാണിച്ചു തരും. ഇരയെ ഒരുക്കിയെടുക്കുന്ന സിസ്റ്റത്തിന്റെ അലിവും കരുതലും ധൃതിയില്ലായ്മയും മാത്രമല്ല ഇവകൊണ്ട് മറച്ചു വയ്ക്കപ്പെടുന്ന ക്രൗര്യവും കാപട്യവും കവിത വെളിപ്പെടുത്തുന്നു.

'എ റൂം ഓഫ് …. ' എന്ന കവിതയിൽ എഴുതാൻ ഒരു മുറിയില്ലാത്തവളിൽ നിന്ന് സ്വന്തമായി ഒരു മുറി ഉണ്ടാവുമ്പോഴും

"ചായ വേണോ

ചോറു വിളമ്പാറായോ

ഫാൻ ഓഫാക്കണോ

പുറം ചൊറിഞ്ഞു തരണോ "

എന്നിങ്ങനെയുള്ള ചില ചിരപുരാതനമായ ശ്രദ്ധകൾ അവളുടെ എഴുത്ത് മുറിയിൽ നിന്നും വിളിച്ചു കൂവിക്കൊണ്ടിരിക്കുന്നതിനെ ഇല്ലാതാക്കാനാണ് 'താവഴി' എന്ന കവിതയിൽ അമ്മേടമ്മേടമ്മയ്ക്ക് സ്വന്തമായിട്ടുണ്ടായിരുന്ന , തലമുറ തലമുറയായി കൈമാറി തന്റെ കയ്യിലെത്തിയ, ആ ചിരപുരാതന അമ്മിക്കല്ലിനെ മകളുടെ തലയ്ക്കിട്ട് കവി താവഴിയ്ക്കന്ത്യം കുറിക്കുന്നത് ! തലമുറകളായി കൈമാറി വരുന്ന

പാട്രിയാർക്കിയുടെ അമ്മിക്കല്ലുകളെ കൈമാറേണ്ടതില്ല എന്ന തിരിച്ചറിവ് താവഴിയുടെ തന്നെ വേരറുക്കുന്ന കാഴ്ചയിലുണ്ട്.

വ്യത്യസ്തമായ അഭിരുചികളും താല്പര്യങ്ങളും മാനസിക ഭാവങ്ങളുമുള്ള, തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഒരുമിച്ചു കഴിയേണ്ടിവരുന്ന, സങ്കീർണമായ ജീവിതക്കുരുക്കുകൾ അഴിക്കേണ്ടി വരുന്ന, വ്യവസ്ഥയുടെ തടവറയിൽ പെട്ടുപോയ മനുഷ്യരെ 'തമ്മിൽ' എന്ന കവിതയിൽ കവി ഇങ്ങനെ വരച്ചുവയ്ക്കുന്നു.

" ഞാൻ എടയ്ക്കൽ ഗുഹ

നീ ഗവേഷകൻ

എന്റെ പ്രാക്തന ലിഖിതങ്ങളെ

നീ തെറ്റുകളോടെ ഉച്ചരിക്കുന്നു.


നീ ഖജുരാഹോ

ഞാൻ സന്ദർശക

നിന്റെ മെരുങ്ങാത്ത കൊത്തുപണികളെ മിടുപ്പുകളോടെ ഞാൻ

മിഴിച്ചു നോക്കുന്നു "


വിപരീത ധ്രുവങ്ങളിലായിരുന്നിട്ടും അവിചാരിതമായി നിത്യബന്ധനങ്ങളിൽ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരെ ഇതിൽ കൂടുതൽ എങ്ങനെ ആവിഷ്കരിക്കാൻ!


കവിതയെന്ന പേരിൽ എഴുതപ്പെടുന്നവയോട് കവിതയെന്തെന്ന്

കാണിച്ച് കൊടുക്കുന്നുണ്ട് അമ്മു ദീപയുടെ കവിതകൾ. ജീവിതത്തിന്റെ ഉച്ചയിൽ കവിതയുടെ സൂര്യനായി അത്‌ ജ്വലിച്ച് നിൽക്കുന്നു.


 

ജൂലി ഡി എം






199 views0 comments
bottom of page