സാഹിത്യ പ്രതിചരിത്രപരമ്പര - 7
ഷൂബ കെ.എസ്സ്.
പാട്ടുപ്രസ്ഥാനമെന്നത് സവിശേഷമായ ഒരു ഭാഷാപ്രസ്ഥാനമാണ്. രാമചരിതത്തിൽ തുടങ്ങുന്ന ഈ പ്രസ്ഥാനത്തിന് പല പരിവർത്തനങ്ങളും പല വഴിത്തിരിവുകളും ഉണ്ട്.
ചീരാമൻ്റെ രാമചരിതം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട കൃതിയാണ്. പാട്ടുപ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന കൃതിയാണ്. അതിൻ്റെ ഭാഷ സവിശേഷതകൾ നിറഞ്ഞതാണ്.
“The grammar of a nation will always remain.” എന്ന Archibald Henry Sayce -ൻ്റെ പ്രസ്താവന പല ഭാഷാശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുള്ളതാണ്. ഒരു ഭാഷയുടെ വ്യക്തിത്വമെന്നത് അതിൻ്റെ വ്യാകരണമാണ്. ഒരു ഭാഷ മറ്റു ഭാഷകളിൽ നിന്നും പദങ്ങൾ സ്വീകരിക്കും. വിഭക്തിപ്രത്യയങ്ങൾ സ്വീകരിക്കുന്നത് സ്വാഭാവികമല്ല. അതുകൊണ്ടുതന്നെ മണിപ്രവാളഭാഷയുടെ വിഭക്ത്യന്തസംസ്‌കൃത പദനിബന്ധന അതിലെ ഭാഷ കൃത്രിമമാണെന്നു വരുത്തുന്നു. അന്യഭാഷയുടെ വ്യാകരണാധിനിവേശം ഒരു ഭാഷയുടെ മാത്രമല്ല ആ ജനതയുടെ തന്നെ അടിമത്തത്തെക്കുറിക്കുന്നു. ബ്രാഹ്മണാധിനിവേശമാണ് സംസ്‌കൃത വിഭക്ത്യന്തപദങ്ങളെ മനോഹരമാക്കിത്തീർക്കുന്നത്. (ടി.വി. അവതാരകരിലും ചില എഴുത്തുകാരിലും കാണുന്ന ഇംഗ്ലീഷ് മിശ്രഭാഷ മറ്റൊരുതരം അധിനിവേശത്തെക്കുറിക്കുന്നു.) ഇതിന്റെ മറുവശമാണ് മലയാളത്തിന്റെ വംശീയ സ്മൃതികളിലേക്കുള്ള കൃത്രിമസഞ്ചാരം. തമിഴുമായുള്ള കൃത്രിമബന്ധമാണ് പാട്ടിലുള്ളത്. പാട്ടിലെ ഭാഷ അക്കാലത്തെ സ്വാഭാവിക സാഹിത്യഭാഷ (ഉള്ളൂർ) എന്നു പറയാൻ കഴിയില്ല. ലീലാതിലകകാരന്റെ നിർവചനം തന്നെ അതിന് തെളിവാണ്.
പാട്ട് നിർവചനം
പാട്ടിന്റെ നിർവചനം കടന്നുവരുന്നത് മണിപ്രവാളലക്ഷണഗ്രന്ഥമായ ലീലാതിലകത്തിലാണ്. ലീലാതിലകകാരൻ ത്രൈവർണ്ണികരുടെ സാഹിത്യപ്രസ്ഥാനത്തോടൊപ്പം നിലനിന്ന ത്രൈവർണ്ണികേതര പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയത് യാദൃച്ഛികമാകാനിടയില്ല.
''ദ്രമിഡസംഘാതാക്ഷര നിബദ്ധമെതുക മോനവൃത്തവിശേഷയുക്തം പാട്ട്.'' ദ്രാവിഡ അക്ഷരമാലയിലേ കൃതി വിരചിതമാകാൻ പാടുള്ളൂ. സംസ്‌കൃതപദങ്ങൾ തത്ഭവങ്ങളാക്കി പ്രയോഗിക്കണം. 'എതുക' എന്നാൽ ഓരോ വരിയിലേയും രണ്ടാമത്തെ അക്ഷരങ്ങളും മാത്രകളും തുല്യമാകണം. (ഇരണ്ടാമെഴുത്തൊന്റിയൈവതെയെതുകൈ എന്ന് യാപ്പരുങ്കുലകാരൻ) 'മോന' എന്നാൽ ഒരു വരിയെ രണ്ട് പാദങ്ങളാക്കി അതിന്റെ ആദ്യക്ഷരങ്ങൾ തുല്യമാക്കുന്നത്. യാപ്പെരുങ്കുലം അനുസരിച്ച് ച-ത, ഞ-ന, മ-വ, അ-ആ,ഐ-ഔ, ഇ-ഈ, എ-ഏ, ഉ-ഊ, ഒ-ഔ എന്നിവ മോനയാകും. ''മുതലെഴുത്തൊന്റി മുടിവതു മോനൈ'' വസന്തതിലകാദി സംസ്‌കൃതവൃത്തങ്ങളിൽ നിന്ന് ഭിന്നങ്ങളായ ദ്രാവിഡവൃത്തങ്ങളാണ് വൃത്തവിശേഷം. പാട്ടിലെ ഭാഷ സ്വാഭാവികമാണെങ്കിൽ ദ്രമിഡസംഘാതാക്ഷരമായിരിക്കണം എന്ന നിബന്ധനയുടെ ആവശ്യമില്ല. ഞാനം (ജ്ഞാനം), ഇച്ച (ഇച്ഛ), ചരിതം (ചരിത്രം) ഇങ്ങനെ ഉപയോഗിക്കുന്നതാണ് ദ്രമിഡസംഘാതാക്ഷരം.
"ഞാനമെങ്കിൽ വിളയിച്ചു തെളിയിച്ചിനിയ ചൊൽ-/ നായികേ, പരവയിൽത്തിരകൾ നേരുടനുടൻ/ തേനുലാവിന പതങ്കൾ വന്തു തിങ്ങി നിയതം/ ചേതയുൾത്തുടർന്നു തോന്റും വണ്ണമിന്റു മുതലായ്"-
ഇതിൽ ഞാനം - തേന് ഇങ്ങനെ ഓരോ വരിയിലെ രണ്ടാമത്തെ അക്ഷരവും മാത്രയും തുല്യമാണ്. വരിയിലെ രണ്ട് പാദങ്ങളിലും ആദ്യാക്ഷരങ്ങൾ ഒന്നാകുന്നു. യാപ്പെരുങ്കുലം അനുസരിച്ച് ച-ത,ഞ-ന,മ-വ തുടങ്ങിയവ മോനയാകും ''മുതലെഴുത്തൊന്റി മുടിവതു മോനൈ'' ''ഞാന നായികേ തേന നിയതം'' വസന്തതിലകാദി സംസ്‌കൃതവിഭക്തികളിൽ നിന്നു ഭിന്നമായ വൃത്തങ്ങൾ വൃത്തവിശേഷം. തമിഴ് വിഭക്ത്യന്തപദങ്ങൾ ധാരാളം കാണുന്നു, പതങ്കൾ, വന്തു തുടങ്ങിയവ. എന്നാൽ ഇത് ഭാഷാസംക്രമണകാലത്തെ അവ്യവസ്ഥ എന്നാണ് ചിലർ പറയുന്നത്. ഇത് പാട്ടു ലക്ഷണത്തിൻ്റെ കൃത്രിമത്വത്തെയാണ് സൂചിപ്പിക്കുന്നത്. മണിപ്രവാളത്തിന്റെയും ഭാഷാരീതി ഏതെങ്കിലും കാലത്തെ മലനാട്ടു വ്യവഹാരഭാഷയെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന് കെ.എം. ജോർജ്ജ് പറയുന്നു. ഏതാണ്ട് ആ കാലത്തെ ഭാഷാകൗടലീയത്തിൽ കൃത്രിമത കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു. ഊഴിയിൽ ചെറിയവർക്ക് എന്ന് പറയുന്നുണ്ടെങ്കിലും ഇരാമചരിതത്തിലെ ഒരു 'തെല്ല്' യുദ്ധകാണ്ഡമായി മാറുന്നത് അധികാരതാല്പര്യമാണ്. രാജാവിനുവേണ്ടി പുരുഷശരീരവും സ്ത്രീശരീരവും പാകപ്പെടുത്തിയ വ്യവസ്ഥയുടെ രണ്ട് സാംസ്‌കാരികരൂപങ്ങളാണ് പാട്ടും മണിപ്രവാളവും. ഭക്തിയും ശൃംഗാരവും ഒരുമിക്കുന്ന മണിപ്രവാളത്തിൽ നിന്നു ഭിന്നമല്ല പാട്ടും.
“താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽ മുലൈ-
ത്താവളത്തിലിളകൊള്ളുമരവിന്തനയനാ,
ആരണങ്കളിലെങ്ങും പരമയോകികളുഴ-
ൻറാലുമെൻറുമറിവാനരിയ ഞാനപൊരുളേ”
ഈശ്വരനും കാമുകനും രണ്ടിലും ഒന്നുതന്നെ. പാട്ടിന്റെ രൂപം ദ്രാവിഡമാണെങ്കിലും അതിന്റെ അകം മണിപ്രവാളമാണ് (കെ.എൻ.എഴുത്തച്ഛൻ).
ക്രിസ്തുവർഷം 1200 നും 1300നും ഇടയ്ക്കു രചിക്കപ്പെട്ടതെന്നു കരുതുന്ന തിരുനിഴൽമാലയും ഭക്തകൃതിയാണ്. തിരുവാറന്മുള ദേവന്റെ മാഹാത്മ്യമാണ് ഈ കൃതിയിൽ മുഖ്യമായും പ്രകീർത്തിക്കുന്നത്. അയിരൂർ സ്വദേശിയായ ഗോവിന്ദൻ ആണ് ഇതിന്റെ രചയിതാവ് എന്നു കരുതുന്നു. പച്ചമലയാളകാവ്യങ്ങളിലേയും ഉത്തരാധുനിക ദളിത് കൃതികളിലേയും (ഉദാ:തായ്കുലം) കൃത്രിമഭാഷയെ ഓർമ്മിപ്പിക്കുന്നവയാണ് പാട്ടിലെ കൃത്രിമത്വം. എന്നാൽ ദേശഭാഷ മലയാളമായി മാറാൻ തുടങ്ങുമ്പോഴുള്ള പാട്ടുകൃതിയായി പറയാവുന്ന പാച്ചല്ലൂർ പതികം എന്ന പതിനാലാം നൂറ്റാണ്ടിലെ പാട്ടുകൃതിയിൽ ഊഴിയിൽ ചെറിയവരുടെ, കീഴാളസ്ത്രീയുടെ ശക്തമായ പ്രതിഷേധമുണ്ട്.
"ചന്തനമകിലും വേമ്പും
തനിത്തനിവാശം വീശും
അന്തണൻ തീയിൽ വീഴ്ന്താൽ
അവർ മണം വീ ചക്കാണേം
ചെന്തലൈപ്പൂലൈയൻ വീഴ്ത്താൻ
തീമണം വേറതാമോ?
പന്തമും തീയുംവേറോ?
പാച്ചല്ലൂർ കിരാമത്താരേ"
(പാച്ചല്ലൂർ പതികം)
(അർത്ഥം: ചന്ദനം, അകിൽ, വേപ്പ് എന്നീ മരങ്ങൾ തീയിലെരിയുമ്പോൾ അതിൻ്റെ മണം ഉണ്ടാകും. ബ്രാഹ്മണൻ്റെ ജഡം ചിതയിലെരിയുമ്പോൾ ബ്രാഹ്മണമണം പരക്കുമ്പോൾ ഞങ്ങൾ എപ്രകാരം എന്നു അറിയുന്നില്ല. ചെന്നിറത്തല മുടിയുള്ള പുലയൻ്റെ ജഡം ചിതയിൽ കത്തുമ്പോൾ വീശുന്ന മണം മറ്റൊന്നല്ല. പാച്ചല്ലൂർ ഗ്രാമക്കാരേ, പന്തവും തീയും ഒന്നുതന്നെയല്ലേ.)
ബ്രാഹ്മണാധിപത്യത്തെ ചോദ്യംചെയ്യുന്ന ആദ്യ അധ:സ്ഥിതപക്ഷ മലയാളകാവ്യമായി ഈ പാട്ടുകൃതി മാറുന്നു. ഇതിനു തുടർച്ചയെന്നോണം യാന്ത്രികമല്ലാത്ത പച്ചമലയാളത്തിന്റെ സ്വാഭാവികവും അധിനിവേശവിരുദ്ധവുമായ ഒരുതലം നാരായണഗുരുവിന്റെ പച്ചമലയാളകൃതിയിൽ കാണാം. നമ്മുടെ പാരമ്പര്യസൗന്ദര്യത്തെയും തത്ത്വചിന്തയെയും ബ്രാഹ്മണ-കൊളോണിയൽ വ്യവഹാരങ്ങൾക്കെതിരെ ഉയർത്തിക്കൊണ്ടുവരുന്നത് ഗുരുവിന്റെ പാട്ടുകൃതികളിൽ കാണാം.
എന്നാൽ മലയാളപദങ്ങളുടെ ഊർജ്ജം ചിലയിടത്ത് രാമചരിതത്തിലുണ്ട്. പിൽക്കാലത്ത് എഴുത്തച്ഛനും മറ്റും മാതൃകയായ കല്പനകളെല്ലാം ചീരാമനിലാണുള്ളത്. ''പരവയിൽ തിരകൾ നേരുടനുടൻ'' ‘ഉടനുടൻ’ എന്ന് രാമചരിതകാരൻ, ‘തെരുതെരെ’ എന്ന് കണ്ണശ്ശകവി, ‘തുടുതുടെ’ എന്ന് എഴുത്തച്ഛൻ.
“പറ്ററ്റുനിന്നു പണിയും പണിയാളർതന്നി
ലുറ്റിറ്റഴിഞ്ഞ മിഴിനീരിഴിയുന്നനേരം
പറ്റിപ്പിടിച്ചു പുണരും പരമാർത്ഥമായ
പറ്ററ്റ പള്ളിവടിവേലനിതാ വരുന്നു!.”
(സുബ്രഹ്മണ്യശതകം)
എന്നൊക്കെ പിൽക്കാലത്ത് ആശാന് നെഞ്ചുരുകി പ്രാർത്ഥിക്കാൻ കരുത്തുകിട്ടുന്നതിൽ പാട്ടിന്റെ ഭാഷാപാരമ്പര്യമാണുള്ളത്. രാമചരിതകാരനിൽ നിന്നും കണ്ണശ്ശനിലെത്തുമ്പോൾ കൃത്രിമത്വം അയഞ്ഞില്ലാതാവുകയും കൂടുതൽ സ്വാഭാവികമാവുകയും ചെയ്യുന്നു എന്നാണ് ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ അഭിപ്രായം. കാച്ചിക്കുറുക്കിയ രാമായണമാണ് കണ്ണശ്ശരാമായണം.
രാമചരിതത്തിൽ നിന്നു കണ്ണശ്ശരാമായണത്തിൽ എത്തുമ്പോൾ കൽത്തുറുങ്കിൽ നിന്നും ജയിലിലെത്തിയ പ്രതീതി എന്ന് കെ.എം. ജോർജ്ജ്. ചെന്തമിഴും സംസ്‌കൃതാക്ഷരവും ചേർന്നതാണ് (ആറ്റൂർ) അന്നത്തെ വ്യവഹാരഭാഷയിലല്ല (ആർ. നാരായണപ്പണിക്കർ) നാട്ടുഭാഷയിലാണ്, (ഉള്ളൂർ) ഭാഷാമിശ്രമാണ്, (ഗോദവർമ്മ) സാമാന്യവ്യവഹാരഭാഷയിലാണ്, (ഇളംകുളം) എന്നിങ്ങനെ പല അഭിപ്രായങ്ങൾ രാമചരിതത്തെ സംബന്ധിച്ചിട്ടുണ്ട്. ദ്രമിഡ സംഘാതാക്ഷരമെന്ന നിബന്ധന രാമചരിതഭാഷയുടെ അസ്വാഭാവികതയെ കുറിക്കുന്നുണ്ടെങ്കിലും സ്വാഭാവികപാട്ടുഭാഷയ്ക്ക് പൊതുവേ അധിനിവേശവിരുദ്ധ സമരശക്തി ഉണ്ടെന്നു പറയാം.
മാപ്പിളപ്പാട്ടിലും പാട്ടുഭാഷയുടെ സ്വാഭാവികരീതി കാണാം. ഏതാണ്ട് പതിനാറാം നൂറ്റാണ്ടു മുതൽ മാപ്പിളപ്പാട്ടു കാണുന്നുണ്ട്. വൃത്തത്തിലും ഭാഷയിലും പാട്ടുപാരമ്പര്യം മാപ്പിളപ്പാട്ടിൽ കാണാം. എന്നാൽ മലയാളത്തിൽ നിലവിലിരിക്കുന്ന ഗാനവൃത്തങ്ങൾക്കു പുറമേ സംസ്കൃതവൃത്തങ്ങളിൽ ചില രൂപമാറ്റം വരുത്തിയും പാട്ടുകൾ രചിക്കുകയുണ്ടായി. മാപ്പിളപ്പാട്ടിൻ്റെ ഈണത്തിന്റെ താളക്രമത്തിന് 'ഇശൽ' എന്നാണ് പറയുന്നത്.
തൊങ്കൽ, ആദിഅനം, പുകയിനാൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പനചായൽ, ഒപ്പനമുറുക്കം, വിരുത്തം തുടങ്ങി ഒട്ടേറെ ഇശലുകൾ ഉണ്ട്. ദ്രാവിഡരീതിയുടെ അടിത്തറയിൽ നിന്നാണ് ഇശലുകൾ രൂപപ്പെടുത്തിയിക്കുന്നതെന്നു കാണാം.
കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽക്കമ്പി, എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥ കൂടി മാപ്പിളപ്പാട്ടിനുണ്ട്. ഇതിൻ്റെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യം തന്നെയാണ്. കമ്പി-പാട്ടിലെ 'മോന' അഥവാ ആദ്യാക്ഷരപ്രാസവും കഴുത്ത്-നാലടിയിലും രണ്ടാമത്തെ അക്ഷരം സമാനമാവുക എന്നത് പാട്ടിലെ 'എതുക' (ദ്വിതീയാക്ഷരപ്രാസത്തിനു തുല്യം)യ്ക്ക് തുല്യവുമാണ്. വാൽകമ്പി അന്ത്യാക്ഷരപ്രാസവും, വാലുമ്മൽകമ്പി അന്താദിപ്രാസവുമാണ്. ഭാഷയിലെ പാട്ടുപാരമ്പര്യം മാപ്പിളപ്പാട്ടിൻ്റെ പാരമ്പര്യവുമായി ഇടചേർന്നിരിക്കുന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണിവ.
മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടുസാഹിത്യത്തിലുണ്ട്. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപംകൊണ്ടത്.
പ്രണയവും കാലികസംഭവങ്ങളും സമകാല യുദ്ധങ്ങളും മലയാളത്തിൽ ആദ്യം അവതരിപ്പിക്കപ്പെടുന്നതും നവോത്ഥാനത്തിൻ്റെ ആദ്യകിരണങ്ങളെത്തുന്നതും മാപ്പിളപ്പാട്ടുകൃതികളിലാണ്. അത്തരം സാധ്യത പാട്ടുഭാഷയ്ക്കുണ്ട്.