top of page

കഥയുടെയും കദനത്തിന്‍റെയും ഭൗമസൂചകങ്ങള്‍

ആര്‍.ചന്ദ്രബോസ്


പ്രകൃതിയെയും മനുഷ്യനെയും ചൂഴ്ന്നുനില്‍ക്കുന്ന കഥയുടെയും കദനത്തിന്‍റെയും ഭൗമസൂചകങ്ങളാല്‍ നിര്‍ഭരമാണ് ഷീലാടോമിയുടെ 'വല്ലി'യെന്ന നോവല്‍. വയനാടിന്‍റെ ഭൂപ്രകൃതിയെയും ആവാസവ്യവസ്ഥയെയും കൈയേറ്റങ്ങളെയും കുടിയേറ്റങ്ങളെയും അതിജീവനപോരാട്ടങ്ങളെയും അതിവന്യവും അതിധന്യവുമായി രേഖപ്പെടുത്തിയ ഈ കൃതി നോവല്‍കലയില്‍ ജനകീയമായൊരു ആഖ്യാനധാര തുറന്നിടുകയും ചെയ്തു. 'ഈ വല്ലിയില്‍ നിന്ന് ചെമ്മേപാറുന്നത്' പാരിസ്ഥിതിക വിവേകത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും പൂഞ്ചിറകുകളുളള പൂമ്പാറ്റകളാണ്. വയനാടിന്‍റെ എന്നല്ല, നാനാതരം അധിനിവേശങ്ങള്‍ ആസന്നമൃതിയിലേക്ക് തള്ളിയിട്ട ആവാസവ്യവസ്ഥകളുടെ പൊള്ളുന്ന വര്‍ത്തമാനത്തിലേക്കാണ് ഈ കഥാവല്ലികള്‍ പടര്‍ന്നേറുന്നത്. കാല്പനികോജ്ജ്വലവും പ്രചോദനാത്മകവും സ്ത്രൈണാനുഭവങ്ങളില്‍ ഊന്നുന്നതുമായ ഈ നോവല്‍ അതിവിസ്തൃതമായ ജീവിതമഹാകഥയുടെ പ്രകൃതിയിലേക്ക് സഞ്ചരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ വയനാടന്‍ ജീവിതത്തെ പ്രക്ഷുബ്ധമാക്കിയ സംഭവങ്ങളുടെ സൂചനകളാല്‍ ചരിത്രത്തിന്‍റെ കയ്പുരസവും കെട്ടുകഥകളും പുരാവൃത്തങ്ങളും കോട്ടകെട്ടിയ നാടിന്‍റെ ഭൂതകാലവന്യതകളിലേക്കുള്ള സര്‍ഗ്ഗസഞ്ചാരങ്ങളാല്‍ കാല്പനികരസവും ഈ നോവല്‍വായനക്കാരനു നല്‍കുന്നു. അതേക്കാളുപരി മണ്ണിന്‍റെയും മനുഷ്യന്‍റെയും ജൈവലോകത്തിന്‍റെയും ഭാവപ്രകൃതികളെ നവ്യവും ഊഷ്മളവുമായ അനുഭവമാക്കുന്ന ഇക്കോളജിക്കല്‍ ഭാവനയുടെ ആഘോഷമാണ് ഈ നോവലിന് ആഖ്യാനത്തിന്‍റെയും പ്രതിനിധാനത്തിന്‍റെയും ഭൗമസൂചകപദവി നല്‍കുന്നതെന്നു കാണാം. ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെ 'വല്ലി' അതിരുകള്‍ ഭേദിച്ച് വളരുന്നു, എന്നത് ഇതിനു തെളിവാണ്.

കുടിയേറ്റങ്ങളും പ്രകൃതിചൂഷണവും ഗോത്രജീവിതവിശുദ്ധിക്കുമേല്‍ നാഗരികരുടെ അധിനിവേശങ്ങളും അതിന്‍റെ പ്രത്യാഘാതങ്ങളും അതിജീവനസമരങ്ങളുമെല്ലാം അപരിഹരണീയമായ സാമൂഹികരാഷ്ട്രീയ പ്രശ്നമത്രേ. സംസ്കാരസംഘട്ടനങ്ങളുടെ മഹാകഥകള്‍ പറയാനുദ്യമിച്ച മനുഷ്യസ്നേഹികളായ എഴുത്തുകാരെ പ്രചോദിപ്പിച്ച പ്രമേയങ്ങളിലൊന്നായിരുന്നു അത്. നല്ലഭൂമി (The Good Earth)യിലൂടെ പോള്‍.എസ്.ബക്കും ക്രോധത്തിന്‍റെ മുന്തിരിപ്പഴങ്ങളിലൂടെ (The Grapes of Wrath) ജോണ്‍ സ്റ്റയിന്‍ബക്കും മണ്ണും മനുഷ്യനുമായുള്ള പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥകള്‍ വൈജ്ഞാനികദീപ്തിയോടെയും മാനവികഭാവനയോടെയും രേഖപ്പെടുത്തി. ബിഭുതിഭൂഷന്‍ ബന്ദോപാധ്യായയുടെ 'ആര്യണകും' മഹാശ്വേതാദേവിയുടെ 'ആരണ്യേര്‍ അധികാറും' ഗോത്രവ്യവസ്ഥയ്ക്കുമേല്‍ നാഗരികരുടെ കടന്നുകയറ്റത്തെ പ്രശ്നവല്‍ക്കരിച്ച നോവലുകളായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്ക് വാഗ്ദത്തഭൂമി തേടിയുള്ള നൂറുകണക്കിന് മനുഷ്യരുടെ കുടിയേറ്റത്തെ, എസ്.കെ. പൊറ്റക്കാട് 'വിഷകന്യക'യില്‍ കാല്പനികറിയലിസത്തിന്‍റെ മഷിനിറച്ച തൂലിക കൊണ്ടെഴുതി. കുടിയേറ്റജനതയും വന്യപ്രകൃതിയും ഭൂവുടമകളും ഗതിപിടിക്കാതെ പോയ കര്‍ഷകരും അടിയാളരും എന്നൊക്കെയുള്ള സ്വത്വങ്ങള്‍ തേഞ്ഞുമാഞ്ഞുപോവുകയും കുടിയേറ്റവും അതുവഴി സൃഷ്ടിക്കപ്പെട്ട സാമൂഹികരാഷ്ട്രീയ അധീശത്വവും കൂടുതല്‍ സങ്കീര്‍ണ്ണവും പ്രശ്നകലുഷിതവുമായിത്തീരുകയും ചെയ്യുന്നതാണ് പില്‍ക്കാല ചരിത്രത്തില്‍ നാം കാണുന്നത്. പുത്തന്‍മൂലധനശക്തികളുടെ കടന്നുകയറ്റം ഗോത്രജീവിതത്തിനും പരിസ്ഥിതിക്കും ഏല്പിച്ച മാരകപ്രഹരങ്ങളെ രേഖപ്പെടുത്തിയും പ്രതിരോധിച്ചും നിരവധി സര്‍ഗ്ഗാത്മകവ്യവഹാരങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടുണ്ട്. നോവലും നാടകവും കഥയും കവിതയും ചലച്ചിത്രവും ഡോക്യുമെന്‍ററികളും ഈ പ്രശ്നങ്ങളെ അര്‍ഹിക്കുന്ന വ്യാപ്തിയിലും തീവ്രതയിലും ആവിഷ്കരിച്ചു. പി.വത്സലയുടെ നെല്ലും കെ.ജെ.ബേബിയുടെ 'മാവേലിമന്‍റ'വും പ്രത്യയശാസ്ത്രചുവടുകള്‍വെച്ച് വയനാടന്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കു നടത്തിയ സഫലമായ സര്‍ഗ്ഗയാത്രകളായിരുന്നു. വയനാടിന്‍റെ കാര്‍ഷികസാമൂഹികജീവിതത്തെ സാമ്പത്തിക-വര്‍ഗ്ഗപരമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച നോവലാണ് നെല്ല്. തികച്ചും പ്രകൃതിസൗഹൃദപരമായ ഗോത്രജീവിതവ്യവസ്ഥയ്ക്കുമേല്‍ നാഗരികന്‍റെ ദൂരയും ധനാര്‍ത്തിയും ചൂഷണവും നടത്തിയ അധിനിവേശങ്ങള്‍ വയനാടന്‍ ജീവിതത്തെ ആഴത്തിലറിഞ്ഞ പി.വത്സല തന്‍റെ രചനയിലൂടെ തീവ്രമായി സംവദിപ്പിച്ചു. അച്ഛനില്ലാത്ത മക്കളെ പ്രസവിക്കേണ്ടിവരുന്ന അടിയാത്തിപ്പെണ്ണിന്‍റെ അവസ്ഥ തന്നെയാകുന്നു വയനാടന്‍ കന്നിമണ്ണിന്‍റേതും എന്നു വ്യക്തമാക്കിക്കൊണ്ടും മൂലധനശക്തികള്‍ ഈ ഭൂപ്രകൃതിയെ മുച്ചൂടും നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടുമാണ് സാമൂഹികശാസ്ത്രാധിഷ്ഠിത നോവലുകളിലെ ക്ലാസ്സിക് എന്നു പറയാവുന്ന നെല്ല്, പി.വത്സല എഴുതി മുഴുമിപ്പിച്ചത്.

സ്വാനുഭവജ്ഞാനമാര്‍ഗ്ഗത്തിലൂടെ വയനാടിനെ എഴുതിയ നെല്ലിന്‍റെ തുടര്‍ച്ചയും വളര്‍ച്ചയുമായി ഷീലാടോമിയുടെ 'വല്ലി'യെ കാണാം. 1972 ലാണ് നെല്ല് പ്രസിദ്ധീകരിച്ചതെങ്കില്‍, 1970കള്‍ മുതലുള്ള ചരിത്രപ്രവാഹത്തില്‍ നിന്നാണ് വല്ലി പുറപ്പെടുന്നത്. അക്കാലം മുതല്‍ വയനാടിന്‍റെ സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക ജീവിതത്തിലുണ്ടായ ദൗരന്തികാഘാതങ്ങളെ ജീവിതംകൊണ്ട്, കഥകള്‍കൊണ്ട് ഓര്‍മ്മകള്‍കൊണ്ട് കോര്‍ത്തെടുക്കാനും അവയില്‍ നിന്ന് അതിജീവനത്തിന്‍റെ പ്രകൃതിപാഠങ്ങള്‍ ചിട്ടപ്പെടുത്താനുമാണ് ഷീലാടോമി ശ്രമിക്കുന്നത് എന്നു പറയാം.

പ്രവാസത്തിലേക്കും സൈബര്‍ ഇടങ്ങളിലേക്കും യന്ത്രനാഗരികതയിലേക്കും ചിതറിത്തെറിച്ചുപോയ വയനാടിന്‍റെ വര്‍ത്തമാനത്തില്‍ നിന്നുകൊണ്ടുള്ള ഓര്‍മ്മകളുടെ വീണ്ടെടുപ്പാണ് നോവലിന്‍റെ ഭാവകേന്ദ്രം. വര്‍ത്തമാനകാലുഷ്യങ്ങള്‍ക്കുള്ള പരിഹാരവും ദിശാബോധവുമായി ആ ഓര്‍മ്മകളുടെ ആഖ്യാനത്തിന് രാഷ്ട്രീയമാനവും കല്പിക്കുന്നുണ്ട് എഴുത്തുകാരി. സ്ത്രീയനുഭവങ്ങളെ ആഖ്യാനകേന്ദ്രമാക്കിയുള്ള എഴുത്ത് അത്യന്തം വികാരനിര്‍ഭരമാണ്. ധൈഷണികമായ ജാഗ്രത പുലര്‍ത്തുന്നുവെങ്കിലും പ്രമേയത്തില്‍ ആഴ്ന്നുനിന്നുകൊണ്ടുള്ള ആഖ്യാനത്തിന്‍റെ വൈകാരികപ്രവാഹം അതിഭാവുകത്വത്തിലേക്ക് എഴുത്തുകാരിയെ ഒഴുക്കിക്കൊണ്ടുപോകുന്നതും ഒരു കൗതുകക്കാഴ്ചയത്രേ. എങ്കിലും പഴമയെയും പുതുമയെയും ജനകീയതയെയും ഉദാത്തതയെയും മിശ്രണം ചെയ്യുന്ന ഉത്തരാധുനിക നോവലുകളില്‍ പരീക്ഷിക്കപ്പെട്ട ആഖ്യാനതന്ത്രങ്ങള്‍ എഴുത്തുകാരി സഫലമായി വിനിയോഗിച്ചിരിക്കുന്നു.

പാരിസ്ഥിതികത്തകര്‍ച്ചപോലെ കുടുംബബന്ധങ്ങളിലെ സ്നേഹോഷ്മളതയുടെ ഇക്കോളജിക്കല്‍ തകര്‍ച്ചയില്‍ നിന്നാണ് വല്ലിയുടെ ആഖ്യാനം പുറപ്പെട്ടുവരുന്നത്. "ചരിത്രം നിശ്ശബ്ദമാകുന്ന ഇടങ്ങളിലൂടെ പറക്കുവാന്‍ എനിക്കു ചിറകുതന്നത് കല്ലുവയലാണ് ചരിത്രത്തിനും ഫിക്ഷനുമിടയില്‍ വിസ്മൃതിയുടെ നേര്‍ത്തഅകലം മാത്രമേയുള്ളൂവെന്നും ചിലപ്പോള്‍ ആ അകലം അഗാധമാണെന്നും എന്നെ പഠിപ്പിച്ചത് കല്ലുവയലിലെ കഥപറച്ചിലുകാരാണ്". ഇങ്ങനെ കഥകളെ ഓര്‍ത്തെടുക്കുന്ന, മാരകരോഗവും ഇണയുടെ പരിത്യാഗവും ഏകാകിനിയാക്കിയ ബാല്യകാലത്തെ വയനാടന്‍ കഥകളില്‍ ഓര്‍മ്മകളില്‍ അഭയം തേടുന്ന ഏകാകിനിയായ ഒരു പ്രവാസിയുടെ വിഷാദശില്പം പിയാത്തെയെപ്പോലെ ഈ നോവലിന്‍റെ ആഖ്യാനത്തില്‍ 'സൂപ്പര്‍ ഇംപോസ്' ചെയ്തിരിക്കുന്നത് കാണാം. കല്ലുവയല്‍ എന്ന കാടോരഗ്രാമത്തിന്‍റെ ഹരിതാത്ഭുതങ്ങളില്‍ ബാല്യം കഴിച്ചവള്‍, ചെറുപ്രായത്തില്‍ത്തന്നെ അമ്മയെ നഷ്ടപ്പെട്ടവള്‍, കഥകളിലും പുസ്തകങ്ങളിലും ഒളിപാര്‍ത്തവള്‍, ആര്‍ക്കിടെക്റ്റായി പ്രവാസജീവിതം നയിക്കുമ്പോള്‍, തകര്‍ന്നുപോയ ദാമ്പത്യവും മരണത്തിലേക്കു പാസ്സുകിട്ടിയ മാരകരോഗവും സമ്മാനിച്ച ഏകാന്തതയില്‍ ഉളളിലെ എരിയുന്ന കാടുകളെ കാവ്യാത്മകഭാഷയില്‍ എഴുതിയിട്ട കുറിപ്പുകള്‍, അമ്മയുടെ മരണശേഷം മകള്‍, യൂറോപ്പില്‍ നിര്‍മ്മിതബുദ്ധിയില്‍ ഉപരിപഠനം നടത്തുന്ന, ടെസ എന്ന പേരുള്ളവള്‍ കല്ലുവയലിലെ മുത്തച്ഛന്‍റെ വീട്ടിലിരുന്നു വായിക്കുന്നു. അനുഭവമെഴുത്ത്, വായനക്കാരി, അമ്മയുടെ ഓര്‍മ്മ, മകളുടെ വായന എന്നീ രൂപകങ്ങളിലൂടെ, എഴുത്തിന്‍റെയും വായനയുടെയും ജീവിതത്തിന്‍റെയും അനുഭവത്തിന്‍റെയും താത്ത്വികസമസ്യകളിലേക്ക് വല്ലി നമ്മെ നയിക്കുന്നു. ടെസയുടെ അറിവിനും അറിഞ്ഞതിനെ അന്വേഷിച്ചു കണ്ടെത്തുന്നതിലുമുള്ള ഉത്സാഹം വൈകാരികബുദ്ധിയില്‍ പിന്നാക്കം പോയ തലമുറയെ സമുദ്ധരിക്കാനുള്ള ഒരു പരിശ്രമം കൂടിയാണെന്നു പറയാം. വല്യപ്പച്ചന്‍ എഴുതിയ കത്തുകളിലൂടെയും മമ്മയുടെ ഡയറിക്കുറിപ്പുകളിലൂടെയും കഥയും ജീവിതവും ചുറ്റുപിണഞ്ഞ വയനാടിനെ ബുദ്ധിപരമായും വൈകാരികമായും അറിയുവാന്‍ ടെസ എന്ന റോബോട്ടിക് എന്‍ജിനീയര്‍ ശ്രമിക്കുകയാണ്. ആസന്നഭാവിയില്‍ നിര്‍മ്മിതബുദ്ധി അടക്കിഭരിക്കാന്‍ പോകുന്ന ലോകത്തിനു മുന്നിലേക്ക്, അധികാരഘടനകളും ആസക്തികളും ജീവിതനൈര്‍മ്മല്യങ്ങളെയും ആവാസവ്യവസ്ഥയെയും നശിപ്പിച്ചതിന്‍റെ അനുഭൂതി ഡേറ്റകള്‍ സമാഹരിച്ചു നല്‍കുകയാണ് എഴുത്തുകാരി എന്ന് തോന്നാം. മിത്തുകളിലെയും ചരിത്രത്തിലെയും കെട്ടുകഥകളിലെയും ഓര്‍മ്മകളിലെയും അനുഭവങ്ങളിലെയും സ്ത്രീജീവിതങ്ങളിലേക്ക് നിര്‍മ്മിതബുദ്ധിവിദ്യാര്‍ത്ഥിനി പരകായ പ്രവേശം നടത്തുകയാണ്. മനുഷ്യനിര്‍മ്മിതവും പ്രകൃതിനിര്‍മ്മിതവുമായ ദുരന്തങ്ങളില്‍ തകര്‍ന്നിട്ടും സഹജീവിസ്നേഹത്തിന്‍റെയും ഇച്ഛാശക്തിയുടെയും ധീരമാതൃകകളായി തീരുന്ന മനുഷ്യരെ അവള്‍ കാണുന്നുണ്ട്, അറിയുന്നുണ്ട്. "ഉണ്ണിയച്ചിയായി, ശ്രീകുരുമ്പയായി, ജലദുര്‍ഗ്ഗയായി, വനദുര്‍ഗ്ഗയായി, കാളിയായി അവള്‍ സഞ്ചാരം തുടങ്ങി. ജീവിതത്തിനും മിത്തുകള്‍ക്കുമിടയിലെ ഓളപ്പരപ്പില്‍ ചാഞ്ചാടിചാഞ്ചാടി വെളിച്ചത്തേക്കാള്‍ വെളിച്ചമുള്ള കഥകളുടെ ഇരുട്ടിലേക്ക്" ടെസ സഞ്ചരിക്കുകയാണ്. ഇരകളും വേട്ടക്കാരും പോരാളികളും അവശേഷിപ്പിച്ച മണ്ണില്‍ ഉറഞ്ഞ ചരിത്രത്തില്‍ നിന്നെല്ലാം കഥയുടെയും കദനത്തിന്‍റെയും വല്ലികള്‍ പൊട്ടിക്കിളിര്‍ക്കുന്നത് ടെസ കാണുന്നു.

കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ വയനാടന്‍ മണ്ണ് സാക്ഷ്യം വഹിച്ച രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും അതിജീവനസമരങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും ദിശാഫലകങ്ങള്‍ നാട്ടിക്കൊണ്ടാണ് ചടുലവും കാവ്യാത്മകവുമായ ആഖ്യാനം മുന്നേറുന്നത്. പ്രണയസാഹസികരായ കമിതാക്കള്‍ സുരക്ഷിതതാവളവും ജീവിതായോധനവും തേടി ചുരം കേറിയിറങ്ങിയത്, നക്സലൈറ്റ് പ്രസ്ഥാനവും ഉډൂലനസിദ്ധാന്തഭീകരതയും വര്‍ഗ്ഗീസ് എന്ന രക്തനക്ഷത്രവും പോലീസ് തേര്‍വാഴ്ചകളും അസ്വസ്ഥതവിതച്ച മണ്ണിലേക്കായിരുന്നു. സ്വജീവിതം കൊണ്ട് അവര്‍ മാനവികതയുടെയും ചരാചരസ്നേഹത്തിന്‍റെയും രക്തസാക്ഷിത്വത്തിന്‍റെയും സങ്കീര്‍ത്തനങ്ങള്‍ എഴുതിച്ചേര്‍ക്കുന്നു. വയനാടന്‍ ജീവിതഭൂമികയിലേക്കുള്ള സാറയുടെയും തൊമ്മിച്ചന്‍റെയും ഭാവസംക്രമണത്തിലൂടെ കുടിയേറ്റത്തിന്‍റെ വേറിട്ട അനുഭൂതിചരിത്രം വരച്ചിടുന്നു കഥാകാരി. 'പാലാ പിച്ചകശ്ശേരിയിലെ പൗലോച്ചന്‍ മുതലാളിയുടെ പത്രാസും പ്രൗഡിയുമുള്ള മാളികയിലെ നാളുകളെല്ലാം സാറയുടെ മനസ്സില്‍ നിന്ന്, പഴങ്കഥപോലെ തെളിഞ്ഞമനസ്സുള്ള മനുഷ്യരും വയനാടന്‍ മണ്ണും അതിവേഗം മാറ്റിയെഴുതി'. 'അവര്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു, സ്ഫടികം പോലെ തെളിഞ്ഞ ജീവജലത്തിന്‍റെ നദികണ്ടു, ഇരുകരകളിലും ജീവന്‍റെ വൃക്ഷങ്ങള്‍ കണ്ടു. ഒരിക്കലും അസ്തമിക്കാത്ത പകലുകള്‍ കണ്ടു ചെറിയവരില്‍ ചെറിയവരുടെ വ്യഥകള്‍ കണ്ടു'. ഇങ്ങനെ വയനാടിന്‍റെ ആവാസവ്യവസ്ഥയില്‍ അലിഞ്ഞുചേരുന്ന സാറയുടെയും തൊമ്മിച്ചന്‍റെയും ജീവിതത്തിലൂടെ, നിരവധി കുടിയേറ്റകുടുംബങ്ങളുടെ വംശകഥയിലൂടെ അടിയാളജീവിതങ്ങളിലൂടെ കെട്ടുപിണഞ്ഞ ജീവിതവല്ലികളുടെ ഉയിര്‍പ്പിന്‍റെയും സംഹാരത്തിന്‍റെയും ശൈഥില്യത്തിന്‍റെയും മഹാകഥകള്‍ സംക്ഷേപിക്കുന്നു. ആഞ്ഞിലിക്കുന്നേല്‍ ഐവാച്ചന്‍ പരിപാലിച്ചെടുത്ത കുടിയേറ്റ സമ്പദ്വ്യവസ്ഥയുടെ കാര്‍ക്കശ്യങ്ങള്‍, നډയുടെയും തിډയുടെയും ബദലുകളുടെയും ഭിന്നവഴികളിലേക്ക് പിരിഞ്ഞുപോകുന്ന അയാളുടെ സന്തതികള്‍, എല്ലാ മാറ്റങ്ങളും വിങ്ങലോടെ, പ്രാര്‍ത്ഥനകളോടെ അസാധാരണ സഹനശക്തിയോടെ ഏറ്റുവാങ്ങുന്ന തെയ്യാമ്മ, അന്നക്കുട്ടി, ത്രേസ്യാമ്മ തുടങ്ങി അനേകം സ്ത്രീജീവിതങ്ങള്‍ ഒക്കെയും ഈ കുടിയേറ്റ ഇതിഹാസത്തിലെ മിഴിവാര്‍ന്ന പാത്രസൃഷ്ടികളായിത്തീരുന്നുണ്ട്.

ഐവാച്ചനോടു വാങ്ങിയ ഒരേക്കര്‍ പറമ്പിലെ കുന്നിന്‍ചെരുവില്‍ തൊമ്മിച്ചന്‍ പണിത മഞ്ചാടിക്കുന്ന് എന്ന കൊച്ചുവീട്ടില്‍ വളരുന്ന സൂസന്‍റെയും സമപ്രായക്കാരനായ, പീറ്റര്‍ ലൂസി ദമ്പതികളുടെ മകന്‍ ജയിംസിന്‍റെയും ബാല്യാനുഭവങ്ങളിലൂടെ വയനാടന്‍ കാടും ജൈവലോകവും അസാധാരണചാരുതയോടെ ചിത്രണം ചെയ്യുന്നു. വെട്ടിപ്പിടിക്കലിന്‍റെയും നഷ്ടപ്പെടലിന്‍റെയും കുടിയേറ്റകഥകളോടൊപ്പം, മണ്ണിന്‍റെയും ജീവജാലങ്ങളുടെയും രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി കഴിഞ്ഞകാലങ്ങളില്‍ വയനാട്ടില്‍ നടന്ന നിസ്തുലമായ സാംസ്കാരിക പാരിസ്ഥിതിക വിമോചന പ്രസ്ഥാനങ്ങളുടെ ചരിത്രത്തെയും എഴുത്തുകാരി ആഖ്യാനങ്ങളിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ചെറിയ മനുഷ്യരുടെ ജീവിതത്തെ ബദല്‍വിദ്യാഭ്യാസത്തിലൂടെ മാറ്റാന്‍ പരിശ്രമിച്ച കെ.ജെ.ബേബിയുടെ കനവിന്‍റെ നോവല്‍ പ്രതിനിധാനം, പത്മനാഭന്‍ മാഷിന്‍റെ കാടോരം സകൂളായി പ്രത്യക്ഷപ്പെടുന്നു. പരിസ്ഥിതിസംരക്ഷണകൂട്ടായ്മകള്‍ വാനരസേന എന്ന പേരുള്ള സംഘടനയുടെ കഥയായി അവതരിപ്പിക്കപ്പെടുന്നു. വര്‍ഗീസ് വധവും, പുല്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവും അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതകളും മുത്തങ്ങവെടിവയ്പും പോലുള്ള ഗതകാലചരിത്രത്തിലെ കറുത്ത ഏടുകളും നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ബൈബിളും വിമോചനദൈവശാസ്ത്രവും എഴുത്തുകാരിയുടെ ജീവിതദര്‍ശനത്തിന് അടിപ്പടവായിത്തീരുന്നുണ്ട്. പ്രേക്ഷിത വൃത്തിയിലും സാമൂഹികപ്രവര്‍ത്തനങ്ങളിലും കലാവിഷ്ക്കാരത്തിലും വിമോചനദൈവ ശാസ്ത്രത്തിന്‍റെ ദര്‍ശനങ്ങള്‍ പ്രസരിപ്പിക്കാന്‍ ശ്രമിക്കുന്ന കഥാപാത്രമാണ് ഫെലിക്സ മുല്ലക്കാട്ടിലച്ചന്‍. തിരുവസ്ത്രമുപേക്ഷിച്ച് പ്രകൃതിസംരക്ഷണത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും വ്യാപൃതയാകുന്ന, ഭഗ്നപ്രണയത്തിന്‍റെ വിങ്ങലുകള്‍ ഏറ്റുവാങ്ങുന്ന ഇസബെല്ല എന്ന കഥാപാത്രം അതിഭാവുകത്വം നിറഞ്ഞതാണെങ്കിലും ഈ മനുഷ്യ-പ്രകൃതി കഥയ്ക്കുള്ളില്‍ വേറിട്ടു നില്‍ക്കുന്നു.

മനുഷ്യബന്ധങ്ങളെയും സംഘര്‍ഷങ്ങളെയും എഴുതുന്നതില്‍ മുന്‍വിധികളും ജനപ്രിയ ചേരുവകളും ഉപരിവ്ളവതകളും കാണാന്‍ കഴിയുമെങ്കിലും കാടെഴുത്തിലെ മനോഹാരിതയും സ്ത്രീയുടെ സഹനങ്ങളെയും സങ്കടങ്ങളെയും ആഴത്തില്‍ അനുഭവിപ്പിക്കുന്ന ആഖ്യാനശൈലിയുമാണ് 'വല്ലി'യുടെ ആകര്‍ഷണം. വനത്തിന്‍റെ ഘടനയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കഥപറച്ചിലില്‍ വൈവിധ്യങ്ങള്‍ അവലംബിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ബൈബിള്‍ സദൃശവാക്യങ്ങളുടെ നിര്‍ല്ലോഭമായ വിന്യാസം, സാഹിത്യസംസ്കാരത്തില്‍ നിന്നും ക്ലാസ്സിക് രചനകളില്‍ നിന്നും ജനകീയ കലാരൂപങ്ങളില്‍ നിന്നുമുള്ള പാഠസന്ദര്‍ഭങ്ങളും ഉദ്ധരണികളുമെല്ലാം വിഭവ സമൃദ്ധമായൊരു വായനാനുഭവം നല്‍കുന്നുണ്ട്.

'വല്ലി' ഒരു മനോഹരമായ വാക്കാണെങ്കിലും അധ്വാനചൂഷണവുമായി ബന്ധപ്പെട്ട വ്യവഹാരമായിട്ടാണ് വയനാടന്‍ ഭാഷാഭേദത്തില്‍ കടന്നുവന്നിട്ടുള്ളത്. 'നെല്ലി'ല്‍ 'വല്ലി' കടന്നുവന്നത് ഒരു വര്‍ഗ്ഗചൂഷണപദമായിട്ടു തന്നെയാണ്. വല്ലി, വല്ലിക, എന്നിവയ്ക്ക് ഭൂമി എന്നും കെട്ടുപിണഞ്ഞത് എന്നുമുള്ള വിശാലാര്‍ത്ഥങ്ങള്‍ കൂടിയുണ്ട്. അത്തരം അര്‍ത്ഥങ്ങളെ സംവഹിക്കുകയും അതിനെ വയനാടിന്‍റെ ജീവിതകഥയുടെ ഒരു രൂപകമാക്കി ഉയര്‍ത്തുകയും ചെയ്യന്നുണ്ട് എഴുത്തുകാരി. പാരിസ്ഥിതിക യോഗാത്മകതയുടെയും വിമോചനദൈവശാസ്ത്രത്തിന്‍റെയും തത്ത്വചിന്തകളെ സംയോജിപ്പിച്ച്, മണ്ണിന്‍റെ നേരവകാശികളുടെയും ആവാസവ്യവസ്ഥയുടെയും രാഷ്ട്രീയത്തെ പുതിയ രീതിയില്‍ അഭിവീക്ഷിക്കാനാണ് 'വല്ലി'യിലൂടെ ഷീലാടോമി ശ്രമിച്ചിരിക്കുന്നതെന്നു കാണാം.

മതം, പൗരോഹിത്യം, രാഷ്ട്രീയം, ഗോത്രാവകാശം, കൃഷി, വിദ്യാഭ്യാസം, വനപരിപാലനം, പ്രകൃതിസ്നേഹം, മനുഷ്യാവകാശം, ജനസേവനം, പരിസ്ഥിതി സംരക്ഷണം ഇവയിലെ സ്ഥാപിതധാരണകളെ തിരുത്തിക്കൊണ്ടും ബദലുകള്‍ രൂപപ്പെടുത്തിക്കൊണ്ടും മാത്രമേ സര്‍വംശിഥിലമായ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാവൂ എന്ന ദര്‍ശനം മുന്നോട്ടു വയ്ക്കുന്നു എഴുത്തുകാരി. വല്ലിയുടെ സാഫല്യം അതത്രേ. സര്‍വോപരി കഥയുടെയും കദനത്തിന്‍റെയും വയനാടന്‍ ഭൗമസൂചകങ്ങളാല്‍ മലയാളനോവലില്‍ വേറിട്ട ജീവിതാഖ്യാനത്തിന്‍റെ വല്ലി പടര്‍ത്തിയിരിക്കുന്നു ഷീലാടോമി.


കുറിപ്പുകള്‍

1. ആരണ്യക്, ബിഭൂതിഭൂഷന്‍ ബന്ദോപാധ്യായ, ബംഗാളി നോവല്‍ 1939-ല്‍ പ്രസിദ്ധീകരിച്ചു. ബീഹാറിന്‍്റെ വടക്കന്‍ പ്രവിശ്യകളായ പൂര്‍ണിയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളില്‍ താമസിച്ച കാലത്തെ എഴുത്തുകാരന്‍്റെ അനുഭവങ്ങള്‍ നോവലിന് അവലംബമായിട്ടുണ്ട്. ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള അഭിമുഖീകരണങ്ങള്‍ പ്രമേയമാകുന്നു.

2. ആരണ്യേര്‍ അധികാര്‍, മഹാശ്വേതാദേവി 1977 ല്‍ പ്രസിദ്ധീകരിച്ചു. ബിശ്രമുണ്ട എന്ന ഗോത്ര വിപ്ലവകാരി കേന്ദ്ര കഥാപാത്രമാകുന്നു.

3. ക്രോധത്തിന്‍റെ മുന്തിരിപ്പഴങ്ങള്‍ (Grapes of Wrath), ജോണ്‍സ്റ്റയിന്‍ ബക്ക്, അമേരിക്കന്‍ യഥാതഥനോവല്‍ പുലിറ്റ്സര്‍, നോബല്‍ സമ്മാനങ്ങളാല്‍ പുരസ്കൃതമായ കൃതി.

4. നല്ല മണ്ണ് (The Good Earth), പേള്‍ എസ്.ബക്ക്, ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍.1920 ലെ ചൈനയിലെ കര്‍ഷക ജീവിതം പ്രമേയമാകുന്നു.

5. നെല്ല്, പി.വത്സല 1972, വയനാടിലെ അടിയാള ജീവിതം പ്രമേയമാകുന്ന നോവല്‍

6. വിഷ കന്യക, എസ്.കെ പൊറ്റക്കാട്, 1946, തിരുവിതാങ്കൂറില്‍ നിന്ന് വയനാട്ടിലേക്കുള്ള കര്‍ഷകകുടിയേറ്റം പ്രമേയമാകുന്ന കാല്പനിക യഥാതഥനോവല്‍.


122 views3 comments
bottom of page