top of page

ചുള്ളിക്കാടിന്റെ `കുറ്റവും സ്വപ്നവും'

ജൂലി ഡി എം



ചുള്ളിക്കാട് വളർന്ന് പൊന്തക്കാട് ആവുമ്പോൾ നഷ്ടപ്പെട്ടു പോകുന്നതെ ന്താണോ , അതാണ് കവിത എന്ന് അദ്ദേഹം മാതൃഭൂമി (മെയ് 21, 2023)യിൽ എഴുതിയ 'കുറ്റവും സ്വപ്നവും' എന്ന കവിത വിളിച്ചു പറയുന്നുണ്ട്.ഭാഷയിലും പ്രമേയത്തിലും അവതരണത്തിലും എല്ലാം വ്യത്യസ്തതയാവാം ; ആവുകയും വേണം . പക്ഷേ അതിൽ കവിത വേണം. അതില്ലാതുള്ള കസർത്തുകൾ മുൻനിര വാരികകളിൽ അടിച്ചു വരികയും യമണ്ടൻ ആസ്വാദനങ്ങൾക്ക് കാരണമാവുകയും ചെയ്യുമെങ്കിലും ദുരന്തമായി അവശേഷിക്കും.


"അവളെ സ്വപ്നം കണ്ട് അതിരാവിലെ "ഉണർന്ന ഒരുവനാണ് കവിതയിലെ ആഖ്യാതാവ്. തലേന്ന് രാത്രി അവനെ കണ്ട് ബ്ലാക്ക് പൂഡിൽ മരണവെപ്രാളത്തിൽ

മോങ്ങിയിരുന്നു. അതോർത്ത് നിന്നപ്പോഴാണ് ഉള്ളിൽ ഇരുണ്ട തിര ഉരുണ്ടുപൊങ്ങി അവളെ കൊല്ലണമെന്ന ആഗ്രഹം മനസ്സിൽ ഉണർത്തിയത്. CQB ELITE COMPACT 9MM കൊണ്ട് കൊല്ലണമെന്നുണ്ടെങ്കിലും അത് വാങ്ങാനുള്ള സാമ്പത്തികം ആഖ്യാതാവിനില്ല. ഇറ്റാലിയൻ ചിത്രകാരന്റെ പെയിന്റിങ്ങിൽ എന്നപോലെ ഉറങ്ങിക്കിടക്കുന്ന കാമുകിയെ, തടവുകാരുടെ ആരവത്തിൽ ഇല്ലാതാവുന്ന കാർലാ ബ്രൂണിയുടെ ഗാനം പോലെയും ലോഹങ്ങളുടെ അലർച്ചയിലില്ലാതായി പോകുന്ന യസീദികളുടെ പ്രാർത്ഥന പോലെയും ഇല്ലാതാക്കണമെന്ന് നിശ്ചയിച്ച ഒരുവന്റെ , കൊലപാതകത്തിന് മുമ്പ് റിംബോയുടെ ഒഫീലിയയും I Spit on your grave എന്ന അമേരിക്കൻ ചിത്രവും കാണണമെന്ന ആഗ്രഹത്തിലാണ് കവിത അവസാനിക്കുന്നത്. കവിത മനസ്സിലായില്ലെങ്കിൽ മനസ്സിലാക്കാൻ നിങ്ങളെ ഗൂഗിൾ സഹായിക്കും ബ്ലാക്ക് പൂഡിൽ ,CQB ELITE COMPACT 9 MM , കാർല ബ്രൂണി , I spit on your grave , റിംബൊ , ഒഫീലിയ ഇതൊക്കെ ഗൂഗിൾ പറഞ്ഞുതരും.എന്നിട്ട് നിങ്ങൾ, ഇതാണോ കവിത ?! ഇതിൽ എന്ത് കവിത ?!! എന്ന് മാത്രം ചോദിച്ചേക്കര്ത് !!!


ഇതിൽ എന്ത് കവിത എന്ന ചോദ്യം ഉത്തരമില്ലാതെ അലഞ്ഞു നടക്കുമെങ്കിലും ആസ്വാദനമെഴുത്തുകാർക്ക് 'കുറ്റവും സ്വപ്നവും' വലിയ സാധ്യതകളാണ് തുറന്നിടുന്നത് .ബ്ലാക്ക് പൂഡിലിനെ കുറിച്ച് രണ്ട് പാര , CQB ELITE COMPACT നെ കുറിച്ച് 2 പേജ് , കാർലാ ബ്രൂണിയെ കുറിച്ച് 4 പേജ് , യസീദികളെ കുറിച്ച് 6 പേജ്, l spit on your grave നെ കുറിച്ച് 10 പേജ് , എന്നിങ്ങനെ എഴുത്തിന്റെ അനന്തസാധ്യതകളാണ് കവിത തുറന്നിടുന്നത് !! I spit on your grave എന്ന വിവാദ അമേരിക്കൻ ചിത്രം എത്ര തവണ വേണമെങ്കിലും ചുള്ളിക്കാടിനോ അദ്ദേഹത്തിൻറെ കവിതയിലെ ആഖ്യാതാവിനോ കാണാവുന്നതാണ് .പക്ഷേ അത് എഴുതി കവിതയെ മലീമസമാക്കരുത്. I spit on your poem എന്ന് വായനക്കാരെക്കൊണ്ട് പറയിപ്പിക്കാതിരിക്കാനുള്ള ജാഗ്രത "മലയാളത്തിന്റെ പ്രിയപ്പെട്ട കവി" കാണിക്കേണ്ടതുണ്ട് .





625 views3 comments
bottom of page