അച്ഛനീന്ന് അച്ഛൻ മരിച്ച ശേഷമാണ്
വീടൊരു സ്വതന്ത്ര രാജ്യമാകുന്നത്.
കറതൊട്ട അടിപ്പാവാട
മുല്ല കാവലിനുള്ള അഴയിലാടുന്നു.
ചൂല്, മുറ്റത്ത് കൈപ്പാങ്ങിന് ചാരി
സൗകര്യത്തിന് ഐശ്വര്യം തെളിയിക്കുന്നു.
തുളസിത്തറയിലെ മണിക്കൂർസൂചി ഊരി,
പകല് മാത്രമുണ്ടായിരുന്ന ക്ലോക്കിൽ കൊരുത്ത്-
വീടിന്റെ തിരു നെറ്റിക്ക് തൂക്കി;
ക്ലോക്കിൽ ഇപ്പോ രാത്രിയുമുണ്ട്.
കല്ലുകെട്ടിനുപോകുന്ന അമ്മക്ക്
കിതച്ച് കേറി വരേണ്ടതില്ല,
ഞാനും രാത്രി കണ്ടുതുടങ്ങിയിരുന്നു.
തണലുതരുന്നുണ്ടേലും കരിയിലവീണാ-
കടക്ക് കറിക്കത്തി വച്ചേക്കണം!
പെരക്കകത്തെ പുതിയ നിയമാണ്.
അനുനയിപ്പിക്കലില്ലാതെ കാലം പോയി,
മുറ്റത്ത് രണ്ടാമതൊരു പന്തല് വീണു
മാമൻമാര് തൂണ്‌നിന്നു
മുന്നിലെ അഴ മുറിഞ്ഞു
മുല്ല തനിച്ചായി
പാവാടയും ചൂലും പിന്നിലെ
അഴയിലേക്ക് മാറ്റിക്കെട്ടി.
വീട് വീണ്ടും റിപ്പബ്ലിക്ക് ആവുന്ന
ചിഹ്നം കാണിക്കുന്നു.
അനൂപ്. കെ . എസ്
എം .ഫി ൽ സ്കോ ളർ,
പൊ ളി റ്റി ക്കൽ സയൻസ് വി ഭാ ഗം
കേ രള യൂണി വേ ഴ്സി റ്റി
കാ ര്യ വട്ടം ക്യാ മ്പസ്
തി രുവനന്തപുരം .
Mob: 75108 97742