top of page

ശരീരകോശങ്ങളുടെ നിർമാണവും നവീകരണവും- ടിഷ്യൂ എഞ്ചിനീറിങ്ങിന്റെ സാദ്ധ്യതകൾ

Updated: Jul 27, 2023





ഡോ.മായാ മാധവൻ

രോഗങ്ങൾ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരിക്കുകൾ, ജന്മനായുള്ള വൈകല്യങ്ങൾ തുടങ്ങിയവയൊക്കെ മനുഷ്യന്റെ സുഖകരമായ ജീവിതത്തെ ദുരിതക്കയങ്ങളിലേക്ക് തള്ളി വിടാറുണ്ട്. ഈ പശ്ചാത്തലത്തിലാണ്, ശരീരത്തിനോ ശരീരഭാഗങ്ങൾക്കോ സംഭവിക്കുന്ന കേടുപാടുകൾ പൂർവസ്ഥിതിയിൽ സ്ഥാപിക്കാൻ കഴിഞ്ഞാൽ, മനുഷ്യരുടെ ക്ലേശങ്ങളുടെ തീവ്രത കുറയ്ക്കാനാവുമല്ലോ എന്ന് ശാസ്ത്രലോകം ചിന്തിക്കാൻ തുടങ്ങിയത്.

എന്നാൽ, Regeneration അഥവാ പുനരുജീവനം എന്ന ആശയവുമായി ബന്ധപ്പെട്ടതെന്ന് കരുതാവുന്ന നിരവധി പരാമർശങ്ങൾ പല പുരാണങ്ങളിലും ഉണ്ട്. ഗ്രീക്ക് ദേവതയായ സ്യൂസിന്റെ പക്കൽ നിന്ന് അഗ്നി കവർന്നെടുത്ത് മാനവരാശിക്ക് സമ്മാനിച്ചതിന്റെ പേരിൽ പ്രോമിത്യൂസിന് വിധിക്കപ്പെട്ട ശിക്ഷ എന്താണെന്ന് അറിയാമോ... അദ്ദേഹത്തിന്റെ കരളിന്റെ കഷണം ഒരു കഴുകൻ എല്ലാദിവസവും കൊത്തിപ്പറിക്കണം…. അത് മാത്രമല്ല, മുറിച്ചു മാറ്റപ്പെട്ട കഷണം വളർന്ന് പിറ്റേദിവസം കരൾ പൂർവസ്ഥിതിയിലെത്തുമെന്നും, ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ കഷ്ടപ്പാട് അനന്തമായി നീളുമെന്നുമാണ് ശിക്ഷാവിധി. കരളിന് റീജനറേഷനുള്ള കഴിവുണ്ടെന്ന് പുരാതന ഗ്രീക്ക് മനുഷ്യർ മനസ്സിലാക്കിയിരുന്നു എന്നുവേണം ഈ കഥയിൽ നിന്ന് അനുമാനിക്കേണ്ടത്

നഷ്ടപ്പെട്ട പല്ലിന് പകരം സ്വർണ്ണം, നഷ്ടപ്പെട്ട കൈകാലുകൾക്ക് പകരം തടി എന്നിങ്ങനെ യഥാർത്ഥ അവയവങ്ങളുമായി സാമ്യം തീരെയില്ലാത്ത, ജീവനില്ലാത്ത വസ്തുക്കളെ ഉപയോഗിച്ച് നഷ്ടപ്പെട്ട അവയവങ്ങളുടെ ഘടനയും പ്രവർത്തനവും ഏകദേശം നിലനിർത്തുന്ന രീതി പുരാതന ഈജിപ്റ്റുകാർ ഉപയോഗിച്ചു വന്നിരുന്നു. വൈദ്യശാസ്ത്ര രംഗത്തെ പുരോഗതി മൂലം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തോടെയാണ്, പൂർണ്ണമായും ഒരു അവയവം ഒരു ദാതാവിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് മാറ്റിവയ്ക്കുന്ന ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ എന്ന സമ്പ്രദായം നിലവിൽ വന്നത്. ഈ രീതി തന്നെയാണ് ഇന്നും വ്യാപകമായി പ്രയോഗിക്കപ്പെടുന്നത്, എങ്കിലും, അവയവങ്ങളുടെ ആവശ്യം പലപ്പോഴും ലഭ്യമായ എണ്ണത്തെ മറികടക്കുന്നു എന്നതും, മറ്റൊരാളിൽ നിന്ന് മാറ്റിവയ്ക്കുന്ന അവയവം പലപ്പോഴും തിരസ്കരിക്കപ്പെടുന്നുണ്ട് എന്നതും ഈ മേഖലയിൽ പുതിയ രീതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ശാസ്ത്രജ്ഞരെ നിർബന്ധിതരാക്കി.

ഇത്തരം ഒരു സാഹചര്യത്തിലാണ് ടിഷ്യു എൻജിനീയറിങ് എന്ന നൂതന മേഖല ഉദയം ചെയ്തത്. കേടുപാട് വന്ന കോശങ്ങൾ, അവയവങ്ങൾ എന്നിവയ്ക്ക് പകരം പൂർണ്ണമായും പ്രവർത്തിക്കാവുന്ന ബദലുകളെ സൃഷ്ടിക്കുക എന്നതാണ് ടിഷ്യു എൻജിനീയറിങ്ങിന്റെ പരമപ്രധാനമായ ലക്ഷ്യം.

താരതമ്യേന ലളിതമായ ഘടന, പുറത്തുവച്ച് വളർത്തിയെടുക്കാൻ എളുപ്പമാണ് എന്നീ കാരണങ്ങളാൽ ത്വക്ക് അഥവാ ചർമം ആണ് ഇപ്രകാരത്തിൽ ആദ്യമായി നിർമ്മിച്ചെടുത്ത ടിഷ്യൂ. പൊള്ളൽ, യുദ്ധഭൂമിയിലും അപകടങ്ങളിലും ഉണ്ടാകുന്ന മുറിവുകൾ തുടങ്ങിയവ മൂലം ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണല്ലോ. മാത്രമല്ല ഇത്തരത്തിലുള്ള കേടുപാടുകൾ തുടർന്നുള്ള അണുബാധകൾക്ക് കാരണമാവാനും, ശരീരഭാഗത്തിന്റെ രൂപം, ഭംഗി എന്നിവ നശിപ്പിക്ക പ്പെടുന്നത് വ്യക്തിയുടെ മാനസികാരോഗ്യത്തിന് കോട്ടം തട്ടാനും വരെ സാധ്യതയുണ്ട്. ഈ കാരണങ്ങളെല്ലാം മൂലം ക്ലിനിക്കൽ ടിഷ്യു എൻജിനീയറിങ് രംഗത്ത് തുടക്കകാലത്ത് ശ്രദ്ധ ഏറെ ലഭിച്ചിരുന്നത് ചർമ്മത്തിനായിരുന്നു. എന്നാൽ, പെട്ടെന്ന് തന്നെ, ഹൃദയം, കിഡ്നി, കരൾ, കുടൽ, പാൻക്രിയാസ്, കോർണിയ, അസ്ഥി, പേശി തുടങ്ങിയവയെല്ലാം ടിഷ്യു എഞ്ചിനീയറിങ്ങിന്റെ പരിധിയിലേക്ക് വളർന്നു. അങ്ങനെ ടിഷ്യു എൻജിനീയറിങ്ങിന്റെ കൈപിടിച്ച് Regenerative Medicine എന്ന പുതിയൊരു ശാഖ കൂടി വൈദ്യശാസ്ത്രത്തിൽ പിറന്നു. വൈദ്യശാസ്ത്ര ചരിത്രത്തിലെ ഈയൊരു മുന്നേറ്റത്തിന് ചുക്കാൻ പിടിച്ച പ്രധാന സംഗതികളിലൊന്ന് stem സെല്ലുകളുടെ കണ്ടുപിടിത്തമാണ്. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്ന, പലതരത്തിലുള്ള കോശങ്ങളിലേക്ക് രൂപമാറ്റം സാധ്യമാകുന്ന കോശങ്ങളാണ് stem സെല്ലുകൾ.

ഏകദേശം 30 വർഷങ്ങൾക്കു മുമ്പാണ് ടിഷ്യു എഞ്ചിനീയറിങ് എന്ന രസകരമായ, പ്രതീക്ഷ നൽകുന്ന വൈദ്യശാസ്ത്ര ശാഖയെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ചർച്ചയുണ്ടാവുന്നത്. ഇതിനു കാരണമായ സംഭവത്തെക്കുറിച്ച് പറയാം. ഹാർവാർഡ് സർജന്മാരായ വക്കാന്റി സഹോദരന്മാർ, MIT എൻജിനീയറായ ലേങ്ങറിനോടൊപ്പം ചേർന്ന് മനുഷ്യന്റെ ശരീരഭാഗങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്ന പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. ഒരു എലിയുടെ മുതുകത്ത് മനുഷ്യന്റെ ചെവിയുടെ രൂപം കൃത്രിമമായി വളർത്തിയെടുക്കാൻ അവർക്കായി. മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ ആവശ്യത്തിലേക്ക് പോളിഗ്ലൈക്കോളിക് ആസിഡ് ചട്ടക്കൂട് അഥവാ സ്കാഫോൾഡിൽ കന്നുകാലികളുടെ Chondrocytes എന്ന കോശങ്ങൾ വിതച്ച് അതിനെ പ്രതിരോധന്യൂനതയുള്ള ഒരു എലിയിലേക്ക് ഘടിപ്പിക്കുകയാണുണ്ടായത്. ടിഷ്യു എഞ്ചിനീയറിങ്ങിനെ കുറിച്ച് ബിബിസി പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലൂടെയാണ് ആദ്യമായി ലോകം വക്കാന്റി എലി എന്നറിയപ്പെടുന്ന, മുതുകത്ത് ചെവിയുള്ള വിചിത്രജീവിയെ കണ്ടത്. ജനറ്റിക് എഞ്ചിനീയറിംഗ്, ജന്മ വൈകല്യം, പിന്നെ ദൈവത്തോട് മത്സരിക്കുന്ന ഭ്രാന്തന്മാരായ ശാസ്ത്രജ്ഞർ ഇങ്ങനെയൊക്കെയാണ് ചിത്രം കണ്ടവർ അതിനെ വിലയിരുത്തിയത്. ചെവിയുടെ രൂപത്തിന് എന്തെങ്കിലും തകരാറ് സംഭവിച്ചാൽ സൃഷ്ടിച്ചെടുക്കുക എന്നത് അത്യന്തം ദുഷ്കരമായത് കൊണ്ടാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങിയത് എന്നാണ് വക്കാന്റി എന്ന പീഡിയാട്രിക് പ്ലാസ്റ്റിക് സർജൻ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇത്തരത്തിലൊരു പരീക്ഷണം എലിയുടെ ജീവന് അപകടം ഉണ്ടാക്കില്ലേ എന്ന് ആശങ്കപ്പെട്ടവരോട് എലിക്ക് പിൽക്കാലത്ത് ഇതുമൂലം കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെന്നും കൃത്രിമമായി വളർത്തിയെടുത്ത ചെവി മുറിച്ചുമാറ്റി എന്നും തുടർന്ന് അതിന് സാധാരണ ജീവിതം നയിക്കാനായി എന്നും വക്കാന്റി മറുപടി കൊടുത്തു.

ടിഷ്യു എഞ്ചിനീയറിങ്ങിന്റെ തൂണുകൾ എന്ന് വിളിക്കപ്പെടാവുന്ന മൂന്നു ഘടകങ്ങൾ ഉണ്ട്.. വളർത്താൻ ഉള്ള കോശങ്ങൾ, കോശങ്ങൾക്ക് പിടിച്ചു വളരാനുള്ള scaffold, പിന്നെ വളർച്ചയ്ക്ക് ആവശ്യമായ ചില ഘടകങ്ങളും കണികാസങ്കേതങ്ങളും. ഈ മൂന്നു ഘടകങ്ങളെ ചേർത്തിണക്കുന്നതിന് പലതരം സമീപനങ്ങൾ സ്വീകരിക്കാവുന്നതാണ്. ഏറ്റവും സാധാരണമായി പിന്തുടരുന്ന രീതിയിൽ, നാച്ചുറൽ അല്ലെങ്കിൽ സിന്തറ്റിക് ആയിട്ടുള്ള അസംസ്കൃത പദാർത്ഥങ്ങൾ ഉപയോഗിച്ച് മുൻകൂറായി തയ്യാറാക്കിവെച്ച സുഷിരങ്ങൾ ഉള്ള scaffold ആണ് ഉപയോഗിക്കുന്നത്. സ്‌കാഫോൾഡ് തയ്യാറായി കഴിഞ്ഞാൽ കോശങ്ങളെ അതിനുള്ളിലേക്കോ പുറത്തേക്കോ വിതക്കാവുന്നതാണ്. ഇതിനു പകരമായി കോശങ്ങളെ പാളികളായി പുറത്തുവച്ച് കൃത്രിമമായി വളർത്തിയെടുത്ത ശേഷം അവയെ അകത്തേക്ക് നട്ടുപിടിപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ഈ രീതിയെ cellsheet എൻജിനീയറിങ് എന്നാണ് വിളിക്കുന്നത്. ഇതിന്റെ നൂതനമായൊരു വകഭേദമാണ് 3D പ്രിന്റിങ്. കോശങ്ങളും അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ വസ്തുക്കളും ആണ് ഇവിടെ പ്രിന്റ് ചെയ്യാനുള്ള മഷിയായി പ്രവർത്തിക്കുന്നത്.

ടിഷ്യൂ എൻജിനീയറിങ്ങും റീജനറേറ്റീവ് മെഡിസിനും ഇന്ന് നമുക്കായി ഒരുക്കുന്ന, ഒരുങ്ങിക്കൊണ്ടിരിക്കുന്ന സാധ്യതകളെക്കുറിച്ച് നോക്കാം. കേടുവന്ന അവയവങ്ങൾക്ക് പകരം പുതിയത് വച്ച് പിടിപ്പിക്കുന്നതിന്, ഒരു ദാതാവിന്റെ സഹായമില്ലാതെ തന്നെ, ടിഷ്യു എൻജിനീയറിങ് വഴിയൊരുക്കുന്നു എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നല്ലോ. അവയവങ്ങൾക്കുള്ള ആവശ്യകതയും ലഭ്യതയും കണക്കിലാക്കുമ്പോൾ ഇതൊരു വലിയ അനുഗ്രഹം തന്നെയാണ്.

മറ്റൊരു വലിയ സാധ്യത എല്ലുകളുടെ കേടുപാടുകൾ തീർക്കുന്നതിലാണ്. അപകടങ്ങൾ മൂലമുണ്ടാകുന്ന എല്ല് പൊട്ടൽ, അർബുദമൊ അണുബാധയൊ മൂലമുണ്ടാകുന്ന എല്ലിന്റെ നഷ്ടം തുടങ്ങിയവ സംഭവിക്കുമ്പോൾ ഒക്കെ, സ്വാഭാവികമായി ഉണ്ടാവേണ്ട കേടുപാട് തീർക്കൽ, എല്ലുകളുടെ കാര്യത്തിൽ വളരെ ബുദ്ധിമുട്ടേറിയതാണ്. ചില അവസരങ്ങളിൽ അത് സംഭവിച്ചില്ലെന്ന് തന്നെ വരാം. തലയോട്ടിയിലോ മുഖത്തോ ഉണ്ടാകുന്ന അസ്ഥികളുടെ നഷ്ടം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നതിന് വളരെ പരിമിതമായ സാധ്യതകൾ മാത്രമേ ഉള്ളൂ. നിലവിലെ ചികിത്സ രീതികൾ അനുസരിച്ച് ആ വ്യക്തിയുടെ തന്നെ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നെടുത്ത അസ്ഥി മുഖത്തേക്ക് വച്ചു പിടിപ്പിക്കാം. ഇതാണ് ഓട്ടോഗ്രാഫ്റ്റ്. അല്ലെങ്കിൽ ഒരു ദാതാവിന്റെ അസ്ഥി ഉപയോഗിക്കുന്ന രീതിയുണ്ട്. അതാണ് അലോഗ്രാഫ്റ്റ്. ഇതുമല്ലെങ്കിൽ ശസ്ത്രക്രിയയിൽ നഷ്ടപ്പെട്ട, അല്ലെങ്കിൽ മുറിച്ചു മാറ്റപ്പെട്ട അസ്ഥിക്ക് പകരം ലോഹവസ്തുക്കൾ ഉപയോഗിക്കാം. ഇതിലേതു രീതിയാണെങ്കിലും തിരസ്കരണത്തിന്റെ സാധ്യത വളരെ കൂടുതലാണ് എന്നത്, വലിയൊരു ന്യൂനത തന്നെയാണ്. ഈ പശ്ചാത്തലത്തിൽ, തിരസ്കരണ സാധ്യത തുലോം ഇല്ലാത്ത, ശരീരം പൂർണ്ണമായും ഉൾക്കൊള്ളുന്ന, അസ്ഥികോശങ്ങൾ കൃത്രിമമായി വികസിപ്പിച്ചെടുക്കുന്നതിന് ടിഷ്യു എൻജിനീയറിങ്ങിന് കഴിയും

ശരീരത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു സന്ധിയാണ് കാൽമുട്ടിന്റേത്. പ്രായാധിക്യത്തോടൊപ്പം വർദ്ധിക്കാൻ ഇടയുള്ള ഓസ്റ്റിയോആർത്രൈറ്റിസ് എന്ന, അസ്ഥികൾ ക്ഷയിക്കുന്ന അവസ്ഥ, കാൽമുട്ടുകളെ സാരമായി ബാധിക്കാറുണ്ട്. മുട്ടിനകത്തെ cartilage അഥവാ തരുണാസ്ഥിക്ക് നാശം സംഭവിക്കുമ്പോൾ, കഠിനമായ വേദന, നീർക്കെട്ട് എന്നിവയോടൊപ്പം, രോഗിയ്ക്ക് പടികൾ കയറാനോ, നടക്കാനോ പോലും സാധിക്കാത്ത അവസ്ഥ വരുന്നു. വേദനസംഹാരികൾ, ഫിസിയോതെറാപ്പി, സ്റ്റിറോയ്ഡ് ഇഞ്ചക്ഷനുകൾ എന്നിവയൊക്കെയാണ് രോഗികൾക്ക് അല്പമെങ്കിലും ആശ്വാസം നൽകുന്നത്. പിന്നെയുള്ളത് കാൽമുട്ടിന്റെ സന്ധി മൊത്തമായും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ്. ശസ്ത്രക്രിയ എല്ലാവരിലും വിജയിക്കണമെന്നില്ല, എന്ന് മാത്രമല്ല, കൃത്രിമമായി വച്ചു പിടിപ്പിക്കുന്ന സന്ധികൾ എന്നേക്കും നിലനിൽക്കുകയുമില്ല. ചെറുപ്പക്കാരായ രോഗികളിൽ വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ട അവസ്ഥയും ഉണ്ടാവും. ഈ ഒരു പ്രശ്നത്തെ മറികടക്കുന്നതിന് ടിഷ്യു എൻജിനീയറിങ്ങിന്റെയും റീജനറേറ്റിവ് മെഡിസിന്റെയും സാധ്യതകളെക്കുറിച്ച് സമഗ്ര പഠനം നടത്തിയ ശാസ്ത്രലോകം cartilage ടിഷ്യു എൻജിനീയറിങ് എന്ന പുതിയൊരു ശാഖയ്ക്ക് തുടക്കം കുറിച്ചത് രോഗികൾക്ക് ആശ്വാസം പകർന്നു വരുന്നു.

മനുഷ്യരിൽ ഉണ്ടാകുന്ന രോഗങ്ങളെ കുറിച്ചും അവയ്ക്കെതിരെ ഫലപ്രദമാകാവുന്ന ഔഷധങ്ങളെ കുറിച്ചും പ്രാഥമികപഠനം നടത്തുന്നത് സാധാരണയായി മൃഗങ്ങളിലാണ്. എന്നാൽ മൃഗങ്ങളും മനുഷ്യരും തമ്മിൽ ഒട്ടനവധി വ്യത്യസ്തതകൾ ഉണ്ട്. കൂടാതെ മൃഗങ്ങളെ ഉപയോഗിച്ച് നടത്തുന്ന പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട നിരവധി ധാർമിക വിഷയങ്ങളും നിലവിലുണ്ട്. നേരിട്ട് ഔഷധപരീക്ഷണങ്ങൾ ഒന്നും തന്നെ മനുഷ്യരിൽ നടത്തുന്നത് സാധ്യവുമല്ല. ഇതിനുള്ള പരിഹാരവും ടിഷ്യു എൻജിനീയറിങ് ഒരുക്കുന്നുണ്ട്. Organs-on-chips ടെക്നോളജിയിലൂടെ ചെറിയൊരു ചിപ്പിൽ വളർത്തപ്പെടുന്ന കോശങ്ങൾക്ക് ഘടനയിലും പ്രവർത്തനത്തിലും മനുഷ്യരുടെ അവയവങ്ങളെ അനുകരിക്കാനാവും. വഴക്കമുള്ള പോളിമറാൽ നിർമ്മിക്കപ്പെട്ട, ഒരു USB മെമ്മറി സ്റ്റിക്കിന്റെ അത്രയും വലിപ്പമുള്ള, വളരെ ചെറിയ ഉപകരണങ്ങളാണ് organs-on-chips. ഈ ഉപകരണത്തിലുള്ള പൊള്ളയായ മൈക്രോഫ്ലൂയിഡിക് ചാനലുകളിൽ മനുഷ്യന്റെ അവയവകോശങ്ങളും രക്തകുഴലുകളും ജീവനോടെ പരിപാലിക്കപ്പെടുന്നു. ശ്വാസകോശം, കൂടൽ, കിഡ്നി, മജ്ജ തുടങ്ങിയവയുടെയൊക്കെ organ chip മാതൃകകൾ ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞു. നിലവിലുള്ള മരുന്നുകളുടെ ഫലങ്ങൾ പഠിക്കുന്നതിലും, പുതിയ മരുന്നുകൾ വികസിപ്പിക്കുന്നതിലും ഇവയ്ക്ക് വലിയ പങ്കുവഹിക്കാനാവും. നിരവധി ഓർഗൻ ചിപ്പുകളെ തമ്മിൽ ബന്ധിപ്പിച്ച് സൃഷ്ടിച്ചെടുക്കുന്ന Body-on-Chips ലൂടെ മരുന്നുകൾ ഒന്നിലധികം അവയവങ്ങളെ എങ്ങനെ ബാധിക്കും എന്ന് കൃത്യമായി കണ്ടെത്താനാവും.

ജൈവജാങ്കേതികവിദ്യയുടെ അനന്തമായ സാദ്ധ്യതകൾ ടിഷ്യൂ എഞ്ചിനീറിങ് എന്ന പ്രത്യാശയിലേക്ക് എത്തിച്ചേരാൻ അല്പം കാലതാമസം ഉണ്ടായെങ്കിലും വളരെ ശോഭനമായ ഒരു ഭാവിയിലേക്കാണ് നമ്മൾ ഉറ്റുനോക്കുന്നത്. Stem Cell ടെക്നോളജി, ജീൻ എഡിറ്റിംഗ്,ബയോ പ്രിന്റിങ് ഇൻഡസ്ട്രിയൽ ഫാബ്രിക്കേഷൻ തുടങ്ങിയ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന പുരോഗതികൾ സമന്വയിപ്പിക്കാനുള്ള ശ്രമങ്ങൾ ഈ രംഗത്ത് നിന്ന് പ്രതീക്ഷ നൽകുന്ന പുതിയ വാർത്തകൾക്ക് വഴിതെളിക്കും എന്നത് ഉറപ്പാണ്. മുൻനിര സാങ്കേതിക വിദ്യകൾ മനുഷ്യരുടെ ചികിത്സയിലേക്ക് എത്തുമ്പോൾ, നിലവിലുള്ള വാണിജ്യ നിയന്ത്രണങ്ങൾ പൊളിച്ച് എഴുതുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്


ഡോ.മായാ മാധവൻ


അസ്സോസിയേറ്റ് പ്രൊഫസർ, ബയോ കെമിസ്ട്രി വിഭാഗം സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page