top of page

2018- പ്രതിനിധാനങ്ങളും അഭാവങ്ങളും

Updated: Jul 19, 2023

ഡോ.പ്രമോദ് കുമാർ ഡി.എൻ.



 

ജൂഡ് ആൻറണി സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങി വൻ പ്രദർശനവിജയം നേടിയ 2018 എന്ന സിനിമയ്ക്കു നേരേ ഉയർന്ന വിമർശനങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിനിധാനത്തെയും അഭാവത്തെയും ചുറ്റിപ്പറ്റിയായിരുന്നു. പ്രളയത്തോടനുബന്ധിച്ച് കേരള സർക്കാർ നടത്തിയ രക്ഷാപ്രവർത്തന ദൃശ്യങ്ങളുടെ അഭാവം, പട്ടാളത്തിൻ്റെയും പള്ളിയുടെയും അമിത പ്രാതിനിധ്യം എന്നിങ്ങനെ പല വിമർശനങ്ങൾ ഉണ്ടായി. പ്രസ്തുത സിനിമയെ സംബന്ധിച്ച സൂക്ഷ്മമായ ചില അഭാവങ്ങളും പ്രതിനിധാനങ്ങളും ചർച്ച ചെയ്യുകയാണ് ഇവിടെ.

 

ഗാഡ്ഗിലും പ്രകൃതിവാദികളും

2018ലെ പ്രളയത്തോടനുബന്ധിച്ച് നമ്മൾ കേട്ടവയിൽ ഒന്ന് പ്രകൃതിവാദികളുടെ ഗാഡ്ഗിൽ വീരഗാഥയാണ്. ഗാഡ്ഗിൽ പ്രവചിച്ച ദുരന്തം സംഭവിച്ചിരിക്കുന്നു എന്നും പറഞ്ഞതു കേട്ടു നടന്നില്ലെങ്കിൽ ഇനിയും വലിയ ദുരന്തങ്ങളുണ്ടാകും എന്നും അവർ വിളിച്ചു പറഞ്ഞു. ഖലിൽ ജിബ്രാൻ്റെ ഒരു കൊച്ചു കഥയുണ്ട്; വലിയ ഒരു പണക്കാരനെക്കുറിച്ച്. അയാളുടെ മകൾ പ്രേമിച്ച് ഒളിച്ചോടി. അവർ യാത്ര ചെയ്ത കപ്പൽ തകർന്ന് രണ്ടു പേരും മരിച്ചു. ഇതറിഞ്ഞ് പണക്കാരൻ ഉറക്കെ കരഞ്ഞുകൊണ്ട് മറ്റൊരാളോടു പറയുകയാണ് ," ദുഷ്ടനായ ഞാൻ എൻ്റെ മകളെ ശപിച്ചു. അതു കാരണമാണ് അവൾക്കീ ദുരന്തം സംഭവിച്ചത് ."

ഇതിനു താഴെ , ' കരയുമ്പോഴും തൻ്റെ ശാപം ഫലിച്ചതിൽ അയാൾ അഭിമാനിക്കുന്നതായി തോന്നി.' എന്ന് ജിബ്രാൻ എഴുതിച്ചേർക്കുന്നു. കേരളം നീറി നിലവിളിക്കുമ്പോൾ ചില പ്രകൃതിവാദികൾ തെല്ലൊരഭിമാനത്തോടെ ഗാഡ്ഗിൽ പ്രവചനത്തിൻ്റെ കൃത്യതയെ ആഘോഷിച്ചു. ഭൂമിക്കൊരു ചരമഗീതത്തെ ഉദ്ധരിച്ചു കൊണ്ട് അളമുട്ടിയ ഭൂമിയുടെ പ്രതികാരമാണിതെന്ന് ആക്രോശിച്ചു.കരയിലടിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ ചിത്രം വച്ച്, മനുഷ്യൻ കൊടുത്തതെല്ലാം നദി തിരിച്ചു തന്നു എന്ന് ട്രോളുണ്ടാക്കി.

99 ലെ വെള്ളപ്പൊക്ക സമയത്തേക്കാൾ 2018ൽ അതിവൃഷ്ടിയുണ്ടായി എന്നത് തർക്കമറ്റ വസ്തുതയാണ്. അന്നു വെള്ളം കയറിയ പ്രദേശങ്ങളിലൊക്കെത്തന്നെയാണ് ഇപ്പോഴും വെള്ളം കയറിയത്. അന്നത്തേതിനെക്കാൾ നൂറിരട്ടി ജനസാന്ദ്രതയുണ്ടായപ്പോൾ ആഘാതവും അതിനനുസൃതമായി വർദ്ധിച്ചു. പക്ഷേ മനുഷ്യൻ മരം വെട്ടിയതുകൊണ്ടും പശ്ചിമഘട്ടം തോണ്ടിയതുകൊണ്ടും ഒക്കെയാണ് പ്രളയം വന്നത് എന്ന മട്ടിലുള്ള വാദങ്ങൾ എങ്ങും നിറഞ്ഞു. ഡാം തുറക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടായി. ജലവൈദ്യുത പദ്ധതികളെ പണ്ടേ എതിർത്തു കൊണ്ടിരുന്ന ഒരു വിഭാഗം ഇതൊവസരമായിക്കണ്ട് ഡാം തുറന്നതാണ് പ്രളയത്തിനു കാരണം എന്ന വാദത്തിനു പ്രചാരം നൽകി. അതേസമയം കേരളത്തിലെ അതിവൃഷ്ടിക്കു കാരണമായി എസ്.സുധീഷ് ഫെയ്സ് ബുക്കിലൂടെ ഉന്നയിച്ച, കർണ്ണാടക സർക്കാരിൻ്റെ കാർമ്മികത്വത്തിൽ ഒരു ബഹുരാഷ്ട്ര കമ്പനി കുടക് മേഖലയിൽ നടത്തിയ കൃത്രിമമഴ പരീക്ഷണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ഇന്നും സംശയങ്ങളായിത്തന്നെ തുടരുന്നു.


2018 എന്ന സിനിമ തുടങ്ങുന്നതു തന്നെ 99 ലെ വെള്ളപ്പൊക്കത്തിൻ്റെ പരാമർശത്തോടെയാണ്. അതിനു മറുപടിയായി മറ്റൊരാൾ, ഗാഡ്ഗിലിനെ അവഗണിച്ചാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും എന്നു പറയുന്നു. ഇതിനു മറുപടിയായി കേരളം ഇന്ന് എന്തും നേരിടാൻ സജ്ജമാണെന്നും ഇനി അങ്ങനെ ഒരു പ്രളയം ഉറപ്പായും ഉണ്ടാകില്ല എന്ന വാക്കുകളോടെ സിനിമ ആരംഭിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാൽ ഈ രണ്ടു വാദങ്ങളും ബാലിശമാണെന്ന് മനസ്സിലാകും. അതിവൃഷ്ടിയുണ്ടായതിന് പശ്ചിമഘട്ടത്തിൻ്റെ സംരക്ഷണവുമായി ഒരു ബന്ധവുമില്ല. ഇന്നത്തെ രീതിയിലുള്ള പ്രകൃതി ചൂഷണം ഇല്ലാതിരുന്ന 1924 ൽ മൂന്നാറിലെ ഒരു മല ഒലിച്ചുപോയതായി തുടക്കത്തിൽ പറയുന്നുമുണ്ട്. അതുപോലെ തന്നെ ഇനി ഒരിക്കലും ദുരന്തമുണ്ടാകില്ല എന്ന വാദവും അശാസ്ത്രീയമാണ്. എന്നാൽ സിനിമ ആദ്യപക്ഷത്തോടൊപ്പമാണ് എന്ന സൂചന തുടക്കത്തിൽ നൽകുന്നുണ്ട്. പെട്ടെന്നുള്ള ഡാം തുറക്കലുമായി ബന്ധപ്പെട്ട്, ഒരു ഉദ്യോഗസ്ഥൻ്റെ കടുംപിടിത്തമാണ് അതിനു കാരണമായത് എന്ന വ്യാഖ്യാനം സിനിമ കൊണ്ടു വരുന്നുണ്ട്. ഈ സിനിമയുടെ ആദ്യ പേര് ഉദ്ദേശിച്ചിരുന്നത് 2403 ഫീറ്റ് (ഇടുക്കി ഡാമിൻ്റെ സുരക്ഷിത പരിധി)എന്നായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. പോസ്റ്ററിൽ ഡാം തുറന്ന് വെള്ളം പുറത്തേക്കൊഴുകുന്ന ദൃശ്യവും. ഡാം തുറക്കൽ വാദത്തിൻ്റെ അശാസ്ത്രീയത ബോധ്യപ്പെട്ടതു കൊണ്ടാവണം അതു മാറ്റിയത്.


തുടക്കത്തിലുള്ള ഈ ഗാഡ്ഗിൽ വാഴ്ത്തലിന് പിന്നീട് സിനിമയിൽ പ്രാധാന്യം നഷ്ടപ്പെടുന്നതായി കാണാം. ഇടയ്ക്ക് ഒരു കഥാപാത്രം ന്യൂനമർദ്ദത്തെക്കുറിച്ചും പ്രകൃതിചൂഷണത്തെക്കുറിച്ചും വാചാലനാവുന്നുണ്ട്. ചുറ്റുമുള്ളവർ അയാളെ പരിഹസിക്കുന്നുമുണ്ട്. ഒടുവിൽ പ്രളയത്തെക്കുറിച്ച് അയാൾ പറയുന്നത് സത്യമായിത്തീരുന്നു.ഇത്തരത്തിൽ, പത്രത്തിലോ വാട്ട്സ് ആപ്പിലോ വരുന്ന എന്തെങ്കിലും വിവരങ്ങൾ കാണാതെ പഠിച്ച് ഭീതി വിതയ്ക്കുന്ന അനേകം പേരെ നമുക്കു ചുറ്റും കാണാനാകും.ഇവരുടെ നിഗമനങ്ങൾ, ജ്യോത്സ്യൻ്റെ ഭാവി പ്രവചനം പോലെയാണ്. സംഭവിച്ചില്ലെങ്കിൽ ആരും ശ്രദ്ധിക്കില്ല. സംഭവിച്ചാൽ വലിയ പ്രാധാന്യം കിട്ടുകയും ചെയ്യും. അത്തരത്തിലൊന്നായി അതിനെ കരുതിയാൽ മതി. അയാളെ മഹത്വവൽക്കരിക്കാതെ ഒരു സെമി ഹാസ്യ കഥാപാത്രമാക്കി സിനിമ നിർത്തുന്നുണ്ട്. പിന്നീട് അയാൾ സാധാരണ രക്ഷാപ്രവർത്തനത്തിൽ അലിഞ്ഞു ചേരുന്നു.

ഗാഡ്ഗിലിൻ്റെ മഹദ്വചനങ്ങളൊന്നും പിന്നീട് സിനിമയുടെ കേന്ദ്രമായി വരുന്നില്ല. അതായത് പ്രളയവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി കേരളത്തിൻ്റെ പൊതുബോധത്തിൽ അലയടിച്ചു കൊണ്ടിരുന്ന ഗാഡ്ഗിൽകേന്ദ്രിത വ്യാജപരിസ്ഥിതിബോധം സിനിമ തിരസ്കരിക്കുന്നു. 2018 ൻ്റെ ഏറ്റവും വലിയ മികവ് , എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടും പരിസ്ഥിതി വാഴ്ത്തലിൻെറ സങ്കീർത്തനമായി അതു മാറുന്നില്ല എന്നതു തന്നെയാണ്.


ജീവകാരുണ്യവും അധ്വാനവും

ജീവകാരുണ്യം, ദാനം എന്നിവയൊക്കെ ഒരു ഭരണവ്യവസ്ഥയുടെ പരാജയവുമായി ബന്ധപ്പെട്ടുകിടക്കുന്ന വാക്കുകളാണ്. എന്നാൽ ഭരണാധികാരികളുടെയും സമ്പന്നരുടെയും നന്മയുമായി ബന്ധപ്പെട്ടുകിടക്കുന്ന അർത്ഥത്തിലാണ് പൊതുസമൂഹത്തിൽ അവ വ്യവഹരിക്കപ്പെട്ടു പോരുന്നത്. ഒരു കുചേലൻ ഉണ്ടായിരിക്കുക എന്നത് കൃഷ്ണൻ കയ്യാളുന്ന ഭരണവ്യവസ്ഥയുടെ പരാജയമാണ്. കുചേലന്മാർ അങ്ങനെ അനേകമുണ്ടാകാം.അതിൽ ഒരു കുചേലനോട് കാരുണ്യമുണ്ടാവുകയും അയാൾക്ക് ദാനം ചെയ്യുകയും ചെയ്യുന്നതിലൂടെ, പരാജിതമായ ഭരണവ്യവസ്ഥ മഹത്വവൽക്കരിക്കപ്പെടുകയും മറ്റു കുചേലന്മാർ വിസ്മൃതിയിലാണ്ടു പോവുകയും കുചേലന്മാരെ സൃഷ്ടിക്കുന്ന വ്യവസ്ഥ ചോദ്യം ചെയ്യപ്പെടാതെ പോവുകയും ചെയ്യുന്നു. വിയർപ്പുനാറുന്ന കുചേലനെ കെട്ടിപ്പിടിക്കുന്ന കൃഷ്ണൻ്റെ ചിത്രം വൈറലാവുകയും സതീർത്ഥ്യ സ്നേഹത്തിൻ്റെ പ്രതീകമായി പ്രതിഷ്ഠ നേടുകയും ചെയ്യുന്നു.

പ്രളയകാലത്ത് ജീവൻ പണയം വച്ച് മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തിലെ അധ്വാനത്തിൻ്റെ അംശം ചോർത്തിക്കളയുകയും അതിനെ കാരുണ്യത്തിൻ്റെ ലേബൽ ഒട്ടിച്ച രക്ഷാപ്രവർത്തനം ആക്കുകയും ചെയ്യാൻ ഉപയോഗിക്കപ്പെട്ട ചിത്രമാണ് ഒരു മത്സ്യത്തൊഴിലാളിയുടെ മുതുകിലൂടെ നടന്ന് ഒരു സ്ത്രീ കരയിൽ കയറുന്നത്. പത്രങ്ങളും ചാനലുകളും സമൂഹമാധ്യമങ്ങളും അത് ഏറ്റെടുക്കുകയും ത്യാഗത്തിൻ്റെ വാഴ്ത്തപ്പെട്ട പ്രതീകമായി അത് മാറുകയും ചെയ്തു. പബ്ളിസിറ്റിക്കായി ഇടയ്ക്കിടയ്ക്ക് പാരിതോഷികങ്ങൾ നൽകുന്ന വിനോദവ്യവസായ പ്രമുഖൻ അതിലും പങ്കുപറ്റാനെത്തി എന്നാണ് കേട്ടത്.ഒരു വ്യക്തിയുടെ ധീരവും സഹഭാവപൂർണ്ണവും സ്വാഭാവികവുമായ പ്രവർത്തനം ത്യാഗമായും കാരുണ്യമായും പ്രതിഷ്ഠാപനം ചെയ്യപ്പെടുന്നതിലൂടെ ഒരു കൂട്ടായ്മയുടെ സഹഭാവപൂർണ്ണമായ അധ്വാനം തമസ്കരിക്കപ്പെടുന്നു. 'ഒരു ജനതയുടെ ദുരന്തവും ജീവൻ കൊടുത്തു നേടിയ അതിജീവനവും, അത്ഭുത ബലി കർമ്മവും അത്ഭുത രക്ഷാപ്രവർത്തനവും ആക്കി മാറ്റി. അതിനെ തുടർന്ന് പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് പണക്കാരായ മധ്യവർഗ്ഗകുടുംബം സമ്മാനവസ്ത്രവുമായി ചെല്ലുന്ന പ്രമേയമായി വസ്ത്രവ്യാപാരിയുടെ പരസ്യത്തിൽ അത് മാറി.അധ്വാനവും അതിജീവനവും അധ്വാനിക്കുന്നവനും കേന്ദ്രപ്രമേയമായ പ്രളയചരിത്രം പണക്കാരൻ കേന്ദ്രപ്രമേയമായ രക്ഷാപ്രവർത്തനകഥയായി മാറി.'

(ഷൂബ കെ.എസ്., പൂന്താനവും ദുരന്ത മുതലാളിത്തവും)


2018 സിനിമ മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൻ്റെ വിഭിന്ന ചിത്രങ്ങൾ പല ഘട്ടങ്ങളിലായി നൽകുന്നുണ്ട്. അതിൽ മേൽപ്പറഞ്ഞ ചിത്രത്തിൻ്റെ അഭാവം സവിശേഷശ്രദ്ധ ആകർഷിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് പല തലങ്ങളുണ്ട്. അതിൽ പ്രധാനം ഉടമയുടെ രക്ഷാപ്രവർത്തനമാണ്. ശകുന്തളയെ ദുഷ്യന്തൻ വണ്ടിൽ നിന്ന് രക്ഷിക്കുന്നതു മുതൽ ജൂഡ് ആൻ്റണിയുടെ തന്നെ സിനിമയായ 'ഓം ശാന്തി ഓശാന'യിലെ വാട്ടർ തീം പാർക്ക് രക്ഷാപ്രവർത്തനം വരെ നീണ്ടു കിടക്കുന്നതാണിത്. ഇന്നും അത് തുടരുകയും ചെയ്യുന്നു. മറ്റൊന്ന് സ്വന്തം ജീവൻ പണയം വച്ച് ഉടമയെ രക്ഷപ്പെടുത്തുന്നതാണ്. വേറൊന്ന് സ്വാഭാവികമായൊരു പ്രവർത്തനത്തെ ത്യാഗമാക്കി മഹത്വവൽക്കരിക്കുന്നതാണ്. ഇവയെല്ലാം പൊതുബോധത്തിൽ അലിഞ്ഞു ചേർന്നവയുമാണ്. നടക്കാനായി മുതുകു കാട്ടിക്കൊടുക്കുന്ന ചിത്രം, കച്ചവട സിനിമകൾ സാധാരണ ചെയ്യുന്നതു പോലെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനും അതുവഴി സാമ്പത്തികലാഭം നേടാനും ഉപയോഗിക്കാമായിരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ ചിത്രത്തിൻ്റെ അഭാവം, പൊതുബോധത്തെ എതിരിടുന്ന സ്വാഭാവിക മനുഷ്യജീവിതത്തിൻ്റെ പ്രതിനിധാനമായിത്തീരുന്നു.


മത്സ്യത്തൊഴിലാളികളുടെ രക്ഷകത്വം

2018ലെ പ്രളയത്തിൽ കേരളം അനുഭവിച്ച സർഗ്ഗാത്മകമായ ഇടപെടലുകളിൽ ഒന്ന് മത്സ്യത്തൊഴിലാളികളുടേതാണ്.കേരളത്തിൻ്റെ മധ്യവർഗ്ഗ/ ഉപരിവർഗ്ഗ പൊതുബോധത്തിലെ രക്ഷകസങ്കല്പം തകർന്നുടയുകയും പുനർവിചാരണ ചെയ്യപ്പെടുകയും ചെയ്ത സന്ദർഭമാണത്. പിന്നീട് കുമ്പളങ്ങി നൈറ്റ്സിൽ ഈ പൊതുബോധത്തെ(ഷമ്മി) വലവീശിപ്പിടിക്കുന്ന, തീട്ടപ്പറമ്പിലെ യുവത്വം ഈ പാരഡൈം ഷിഫ്റ്റിൻ്റെ സാക്ഷാത്കാരമാണ്(ഷൂബ കെ.എസ്, കുമ്പളങ്ങി നൈറ്റ്സ്: പ്രളയ കേരളത്തിൻ്റെ സൂക്ഷ്മാവതരണം). ഡോ.കെ.ബി.റോയിയുടെ സംവിധാനത്തിൽ പട്ടാമ്പി കോളേജിൽ അവതരിപ്പിച്ച 'ഭൂപടങ്ങൾ ....and yet there's no place.' എന്ന നാടകത്തിനൊടുവിലും മുൻനിരയിൽ വല വീശി നിൽക്കുന്ന മത്സ്യത്തൊഴിലാളിയെ കാണാം. കേരളത്തിൻ്റെ സർഗ്ഗാത്മക/സാംസ്കാരിക വഴികളിൽ സി.വി.യും ബഷീറുമൊക്കെ സ്ഥാപിച്ച നാഴികക്കല്ലുകൾ താണ്ടി ന്യൂജനറേഷൻ്റെ ചടുല നൃത്തച്ചുവടുകൾ അരങ്ങിൽ നിറയുന്ന സന്ദർഭത്തിലാണ് അരങ്ങും കടന്ന് മുന്നോട്ടു നിൽക്കുന്ന തോണിയിൽ നിന്ന് വല വീശുന്ന മത്സ്യത്തൊഴിലാളിയെ അവതരിപ്പിക്കുന്നത്. മധ്യവർഗ്ഗ പൊതുബോധത്താൽ അധ:സ്ഥിതമാക്കപ്പെട്ട അധ്വാനത്തിൻ്റെ സർഗ്ഗാത്മകത വീണ്ടെടുക്കപ്പെടുന്ന ഇത്തരം ആവിഷ്കാരങ്ങൾ പ്രളയത്തിനു ശേഷം പ്രത്യക്ഷപ്പെട്ടത് യാദൃച്ഛികമല്ല.

2018-ൽ മത്സ്യത്തൊഴിലാളി പ്രാതിനിധ്യം ഇത്തരം ആവിഷ്കാരങ്ങളുടെ തുടർച്ചയാണ്; ചില വിള്ളലുകൾ ഉള്ളപ്പോഴും. വിള്ളലുകളിൽ ഒന്ന്,മോഡലായ നിക്സൻ്റെ മത്സ്യത്തൊഴിലാളി പരിണാമത്തിലെ കുലത്തൊഴിൽ മഹത്വവൽക്കരണം ആണ്.അതേസമയം നവമുതലാളിത്തത്തിൻ്റെ വജ്രായുധമായ പരസ്യത്തിൻ്റെ മുഖമായ മോഡലിങ്ങിൽ നിന്ന് സർഗ്ഗാത്മകമായ തൊഴിലിലേക്കുള്ള പരിണാമം അതിലുണ്ട്. അനിവാര്യമായൊരു സന്ദർഭത്തിലൂടെയാണ് ആ പരിണാമം സംഭവിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാഗസിൻ്റെ മുഖചിത്രമായി ഒടുവിൽ നിക്സൺ മാറിത്തീരുന്നുമുണ്ട്.അതുകൊണ്ട് ആ വിള്ളൽ അടയാതെ തന്നെ നിൽക്കുന്നു.

മറ്റൊന്ന്, കുടിയേറ്റക്കാരി കഥാപാത്രത്തെക്കൊണ്ട് 'ശരിയാണ്, മീൻകാരാണ്, കുറച്ചു മീൻ മണമൊക്കെ കാണും. എങ്കിലും സത്യസന്ധതയും സുരക്ഷിതത്വവും ഒക്കെ ഇവിടെയേയുള്ളൂ' എന്ന മട്ടിലുള്ള നന്മ നിറഞ്ഞ മറിയം ഡയലോഗുകൾ പറയിക്കുന്നതാണ്. സഹതാപത്തിൻ്റെ ദുർഗ്ഗന്ധമുള്ള ഇത്തരം ഡയലോഗുകൾ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതു കൂടിയാണ്. എങ്കിലും ഇതൊഴിച്ചുള്ള സന്ദർഭങ്ങളിൽ ഈ ദുർഗ്ഗന്ധം കടന്നു വരുന്നില്ല. രക്ഷാപ്രവർത്തനത്തിനുള്ള ആശയത്തിൻ്റെ ഉറവിടം പള്ളീലച്ചനിലോ കളക്ടറിലോ അല്ല, മത്സ്യത്തൊഴിലാളികളിൽ തന്നെയാണ്. മാത്തച്ചൻ്റെയും മകൻ്റെയും ഈ ആശയത്തിനോട് പള്ളീലച്ചൻ ആദ്യം മുഖം തിരിക്കുകയാണ് ചെയ്യുന്നത്. അവരുടെ ഉറച്ച തീരുമാനത്തിനു വഴങ്ങി ആളെക്കൂട്ടുക മാത്രമാണ് അച്ചൻ ചെയ്യുന്നത്. മത്സ്യത്തൊഴിലാളികളോട് അച്ചൻ സംസാരിക്കുമ്പോൾ, "അച്ചനെന്തു തേങ്ങയാണീ പറയണത് " എന്ന മറുപടിയാണ് ഒരാളിൽ നിന്നുയരുന്നത്.തുടർന്ന് മാത്തച്ചൻ്റെ മകൻ വിൻസൻ്റെ വാക്കുകൾ കേട്ടാണ് അവർ മുന്നിട്ടിറങ്ങുന്നത്. മത്സ്യത്തൊഴിലാളികളുടെ ഇച്ഛാശക്തിയും പ്രയത്ന സന്നദ്ധതയുമാണ് മിക്ക രംഗങ്ങളിലും മുന്നിട്ടു നിൽക്കുന്നത്.

മാത്തച്ചൻ്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം മറ്റുള്ളവർക്കു വേണ്ടിയുള്ള ത്യാഗമല്ല. സ്വന്തം ജീവിതത്തിൻ്റെ വീണ്ടെടുപ്പുകൂടിയാണ്. മത്സ്യത്തൊഴിലാളികൾ സ്ക്രീനിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്ന രംഗം തന്നെ അതിനു തെളിവാണ്. സ്വന്തം ആൾക്കാരെ രക്ഷപ്പെടുത്തിക്കൊണ്ടാണ് അയാൾ സ്ക്രീനിൽ തെളിഞ്ഞു തുടങ്ങുന്നത്. അതിൻ്റെ ഒരു തുടർച്ച മാത്രമാണ് പിന്നീടുള്ള രക്ഷാപ്രവർത്തനം.


മതപ്രാതിനിധ്യം

മതേതരത്വം എന്നതിനർത്ഥം മതരഹിതമായ പൊതു ഇടം നിർമ്മിച്ചെടുക്കുക എന്നതാണ്. എന്നാൽ പ്രമുഖമായ മൂന്നു മതങ്ങൾ ഒന്നിച്ചാൽ മതേതരത്വമായി എന്ന പൊതുധാരണ ശക്തമാണ്. പുരോഗമന സംഘടനകളുടെ പോസ്റ്ററുകളിൽ പോലും ഒരു പൂണൂലിട്ട കുട്ടി, കുരിശുമാല ധരിച്ച കുട്ടി, ഇസ്ലാം മതച്ചിഹ്നമായ തൊപ്പി വച്ച കുട്ടി എന്നിവർ കെട്ടിപ്പിടിച്ചു നിന്നാൽ മതേതരത്വമായി എന്ന ബോധം നിറഞ്ഞു നിൽക്കുന്നതായി കാണാം. ഈ കണ്ണുകൊണ്ടാണ് പലപ്പോഴും നമ്മൾ സിനിമകളേയും നോക്കുന്നത്. 2018-ൽ മേരിമാതാബോട്ടിനെ മഹത്വവൽക്കരിക്കുന്നു എന്ന ആരോപണവും റസിയ ബോട്ടും ഉണ്ടല്ലോ എന്ന മറുപടിയും ഉണ്ടാവുന്നത് ഇത്തരം ബോധത്തിൽ നിന്നാണ്. ക്രിസ്തുമതച്ചിഹ്നങ്ങൾ സിനിമയിൽ പലപ്പോഴായി ഉപയോഗിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. അതേ സമയം അതൊരു മഹത്വവൽക്കരണത്തിൻ്റെ തലത്തിലേയ്ക്ക് ഉയരുന്നില്ല. കേരളം അനുഭവിച്ച തീവ്രദുരന്തത്തിൻ്റെയും അതിജീവനത്തിൻ്റെയും ആവിഷ്കരണത്തെ മറികടക്കാൻ അത്തരം ചിഹ്നങ്ങൾക്ക് കഴിയുന്നുമില്ല. മതപ്രതിനിധാനങ്ങൾക്കും മീതേ മനുഷ്യത്വത്തിൻ്റെ ശബ്ദമാണ് ഇവിടെ ഉയർന്നു കേൾക്കുന്നത്.


ഇതൊക്കെ പറഞ്ഞതിനർത്ഥം ഈ സിനിമ പിഴവുകൾ ഇല്ലാത്തതാണെന്നോ മഹത്തായതാണെന്നോ അല്ല. മറിച്ച് കേരളം സമീപകാലത്ത് അനുഭവിച്ച ഒരു ദുരന്തം കമേഴ്സ്യലായി ആവിഷ്കരിക്കുമ്പോൾ സംഭവിക്കാവുന്ന സ്ഥിരം അപകടങ്ങളിൽ നിന്ന് ഈ സിനിമ ഒരു പരിധി വരെ മാറി നിൽക്കുന്നു എന്നാണ്. കേരളത്തിൻ്റെ വരേണ്യമായ പൊതുബോധത്തെ പിടിച്ചുലയ്ക്കുകയും

തിരിച്ചറിവുകളുടെ, ഇച്ഛാശക്തിയുടെ മിന്നൽവെളിച്ചം കൊണ്ട് കേരളമനസ്സിൻ്റെ നിലവറകളിലെ ഇരുട്ടകറ്റുകയും ചെയ്ത ആ ദുരന്തത്തിൻ്റെ ഹൃദയത്തിൽ ഒന്നു സ്പർശിക്കാനെങ്കിലും 2018 നു കഴിഞ്ഞു.ഈ സിനിമയുടെ വിജയത്തിനു കാരണവും അതുതന്നെ.


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page