top of page

യൂണിവേഴ്സിറ്റികളിൽ സംഭവിക്കുന്നത് - വത്സലൻമാഷ് തുറന്നു പറയുമ്പോൾ

വത്സലൻ വാതുശ്ശേരി / ആര്യ സി. ജി.


 

സാഹിത്യകാരനും ദീർഘകാലം ഗവേഷണ-അധ്യാപന മേഖലയിൽ ഇടപ്പെട്ടിരുന്ന മുൻ യൂണിവേഴ്സിറ്റിഅധ്യാപകനും ആണ് വത്സലൻ വാതുശ്ശേരി. കൃതികൾ:ഗുഹാചിത്രങ്ങൾ, മറുപുറം , ഗ്യാസ് ചേംബർ, ചുവരെഴുത്ത്(കഥാസമാഹാരങ്ങൾ) ,വാർഷികരേഖ (നോവൽ),വിഷമവൃത്തം (നോവൽ ),കഥയും ഫാന്റസിയും ,കഥയുടെ ന്യൂക്ലിയസ്( നിരൂപണം), ഒറ്റയാൻമാരുടെ വഴി, മലകൾ യാത്രകൾ( യാത്ര), മലയാള സാഹിത്യ നിരൂപണം അടരുകൾ; അടയാളങ്ങൾ (നിരൂപണം), സിനിമ കാഴ്ചകൾക്കപ്പുറം, പരീക്കുട്ടി എന്ന വാസ്കോഡഗാമ എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. നഖരം, അങ്കുരം എന്നീ സിനിമകൾക്കും നിരവധി ഹ്രസ്വസിനിമകൾക്കും തിരക്കഥ എഴുതിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ അദ്ദേഹം തുറന്നു സംസാരിക്കുന്നു.

 

1.യൂണിവേഴ്സിറ്റി നിയമനങ്ങളിലും എയ്ഡഡ് കോളേജ് നിയമനങ്ങളിലും വലിയ അഴിമതി ആരോപിക്കപ്പെടുന്നുണ്ടല്ലോ? ഉന്നതവിദ്യാഭ്യാസത്തിൻ്റെ അപചയത്തിനും അധ്യാപകരുടെ നിലവാരത്തകർച്ചയ്ക്കും ഇതൊരു കാരണമാണോ?

സർവകലാശാലകളിലും കോളേജുകളിലും നടക്കുന്ന നിയമനങ്ങളിൽ അഴിമതി ഒരു പുതിയ സംഭവമാണെന്ന് തോന്നുന്നില്ല. ഞാൻ എം.എ. പഠനം പൂർത്തിയാക്കിയ ഘട്ടത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. മതം , ജാതി , രാഷ്ട്രീയം, ബന്ധുത്വം, പണം എന്നീ പരിഗണനകളിലൂടെത്തന്നെയാണ് എയ്ഡഡ് കോളേജിലെ മിക്ക നിയമനങ്ങളും നടന്നിട്ടുള്ളത്. മെരിറ്റിന് മുഖ്യപരിഗണന കിട്ടുന്ന സാഹചര്യം അന്നും ഉണ്ടായിരുന്നില്ല. എന്നാൽ അതൊരു നാട്ടുനടപ്പ് പോലെ അംഗീകരിക്കപ്പെട്ടിരുന്നതുകൊണ്ട് പത്രങ്ങൾക്ക് അതൊരു വാർത്ത തന്നെയായിരുന്നില്ല. ഇന്ന് സോഷ്യൽമീഡിയകൾ വഴി സാധാരണജനങ്ങൾ തന്നെ ഇത്തരം പ്രശ്നങ്ങൾ തൽക്ഷണം ലോകത്തിനുമുന്നിൽ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ബഹുജനമാധ്യമങ്ങളും ഇത്തരം കാര്യങ്ങളിൽ അതിയായ താല്പര്യം കാണിക്കുന്നുവെന്നേയുള്ളൂ. മേൽപ്പറഞ്ഞതുപോലെ പണവും സ്വജനപക്ഷപാതവും അധ്യാപകനിയമനങ്ങളെ നിയന്ത്രിക്കുമ്പോൾ സ്വാഭാവികമായി തന്നെ ഉന്നത വിദ്യാഭ്യാസമേഖലയെ അത് പ്രതികൂലമായി ബാധിക്കും. ഉയർന്ന മെരിറ്റും

വൈദഗ്ധ്യവുമുള്ള എത്രയോ ആളുകൾ പുറത്തുനിൽക്കുമ്പോൾ താഴ്ന്ന മെരിറ്റുള്ള എത്രയോ ആളുകൾ കോളേജുകളിലും സർവ്വകലാശാലകളിലും അധ്യാപകരായി എത്തുന്നു. എന്റെതന്നെ അനുഭവം അതാണ് . എനിക്ക് എം.എ യ്ക്ക് റാങ്ക് ഉണ്ടായിരുന്നു. 1986ൽ ജെ. ആർ.എഫ് നേടി. എം.ഫിൽ ഡിഗ്രി നേടി.കേരളത്തിലെ എത്രയോ പ്രൈവറ്റ് കോളേജുകളിൽ ലക്ചറർ പോസ്റ്റിലേക്കുള്ള ഇൻറർവ്യൂകളിൽ ഞാൻ പങ്കെടുത്തിരിക്കുന്നു. മെരിറ്റുണ്ടായിട്ടും നിർദ്ദയം തഴയപ്പെട്ടിരുന്നു. എനിക്ക് ആദ്യം ജോലി കിട്ടിയത് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലാണ്. പിന്നീട് യു പി എസ് സി ഇൻറർവ്യൂ വഴി സെലക്ഷൻ ലഭിച്ചാണ് ഞാൻ പോണ്ടിച്ചേരി സർവീസിൽ ജോലിയിൽ പ്രവേശിക്കുന്നത്. പണമോ ഇതര സ്വാധീനമോ ഇല്ലാത്ത സ്ഥിതിയിൽ അന്ന് എനിക്ക് കേരളത്തിലെ ഒരു കോളേജിലും ജോലി ലഭിക്കുമായിരുന്നില്ല. അധ്യാപകനിയമനത്തിലെ അഴിമതികളുടെ ഒരു ബലിയാടാണ് ഞാനും. ഏതോ ഭാഗ്യം കൊണ്ട് ഇവിടെ വരെ എത്തിയെന്നേ ഞാൻ ഇപ്പോൾ കരുതുന്നുള്ളൂ.


2.നടത്തിപ്പുകാർ പറയുന്നതിനനുസരിച്ച് മാർക്കിടില്ല എന്നതിനാൽ മാഷെ ഇൻ്റർവ്യൂവിന് സബ്ജക്ട് എക്സ്പർട്ടായി വിളിക്കില്ല എന്നു കേട്ടിട്ടുണ്ട് ശരിയാണോ? എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ?

ഒരു തൊഴിൽ അന്വേഷകനായി ഞാനും കുറെ അലഞ്ഞിട്ടുണ്ട് . കോളേജ് അധ്യാപകജോലി തന്നെ കിട്ടണം എന്ന വാശി ഒന്നും ഉണ്ടായിരുന്നില്ല. എൽഡി ക്ലർക്ക് , ബാങ്ക് ക്ലർക്ക് തുടങ്ങിയ ജോലികൾക്കൊക്കെ അപേക്ഷിച്ചിട്ടുണ്ട്. പത്രപ്രവർത്തകനാകാനുള്ള ടെസ്റ്റ് ജയിച്ച് ഇൻറർവ്യൂ വരെ എത്തിയിട്ടുണ്ട്. എന്നാലും യോഗ്യതയുടെ അടിസ്ഥാനത്തിൽ എനിക്ക് കോളേജ് അധ്യാപകജോലിക്ക് അർഹതയുണ്ടായിരുന്നു. നിരവധി കോളേജുകളിൽ ഇൻറർവ്യൂവിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആർക്കെങ്കിലും വേണ്ടി മുൻകൂർ തീരുമാനിക്കപ്പെട്ട പോസ്റ്റ് ആയിരിക്കും. ഇൻറർവ്യൂ വെറുമൊരു നാടകം മാത്രം. നമ്മെ വിഷമിപ്പിക്കുന്ന ഘടകം ജോലി കിട്ടില്ല എന്ന നിരാശ മാത്രമല്ല, ജോലി പറഞ്ഞുവെച്ചിട്ടുള്ള ആളെ ഇൻറർവ്യൂ ബോർഡ് പ്രത്യേകം വിളിച്ചു പരിചയപ്പെടുക, അയാൾ നമ്മുടെ മുന്നിൽ ഞെളിഞ്ഞു നടക്കുക ഇതൊക്കെ

കാണേണ്ടി വരുന്നത് കൂടിയാണ്. ഇൻറർവ്യൂ ബോർഡ് അംഗങ്ങളുടെ അന്തസ്സില്ലാത്ത ഈ പെരുമാറ്റത്തെ ഞാൻ ഒരുപാട് പ്രാകിയിട്ടുണ്ട് . മെരിറ്റുള്ള ആളുകളെ തള്ളി മെരിറ്റില്ലാത്ത ആളെ എടുക്കുന്ന ഇന്റർവ്യൂ ബോർഡുകളിൽ പങ്കെടുക്കില്ല എന്നത് എന്റെ ഉറച്ച തീരുമാനമാണ്. അതുകൊണ്ട് ഇൻറർവ്യൂ ബോർഡിൽ അംഗമാകാൻ ക്ഷണിക്കുമ്പോൾ തന്നെ ഞാൻ അവരോട് പറയും മെരിറ്റ് മാത്രം നോക്കിയാണ് നിയമനമെങ്കിൽ ഞാൻ വരാം ഇല്ലെങ്കിൽ എന്നെ ഒഴിവാക്കണം .ചിലർ അപ്പോൾത്തന്നെ ഒഴിവാക്കും. എന്നാൽ ചിലർ വഴിയെ എന്നെ വരുത്തിയിലാക്കാം എന്ന് ധരിച്ച് മെരിറ്റ് മാത്രമേ നോക്കൂ എന്ന വാഗ്ദാനത്തോടെ എന്നെ ബോർഡിൽ അംഗമാക്കും. അത്തരം സന്ദർഭങ്ങളിൽ എന്റെ നിലപാടിൽ ഉറച്ചുനിന്നു അവരോട് കലഹിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് വളരെ സാഹസികമായ ഒരു ഉദ്യമമാണ്. നമുക്ക് വേണ്ടപ്പെട്ട ആർക്കോ വേണ്ടി നമ്മൾ സമ്മർദ്ദം ചെലുത്തുകയാണെന്ന് വ്യാഖ്യാനിച്ച് നമ്മളെത്തന്നെ പ്രതിയാക്കി മാറ്റും. ഇതൊക്കെക്കൊണ്ട് ഇൻറർവ്യൂകളിൽ പങ്കെടുക്കാനുള്ള ക്ഷണം വരുമ്പോൾത്തന്നെ ഒഴിഞ്ഞു മാറുകയാണ് ഞാൻ ചെയ്യുക. അങ്ങനെ പിന്നീട് ആരും വിളിക്കാതെയുമായി. പ്രമോഷൻ പോസ്റ്റുകളുടെ ഇൻറർവ്യൂകളിൽ മാത്രം ഇപ്പോഴും പങ്കെടുക്കാറുണ്ട്.



3.ഗവേഷകമാർഗ്ഗദർശിയായും പ്രബന്ധമൂല്യകർത്താവായും ദീർഘകാലം പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ ഗവേഷണമേഖല നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണെന്നാണ് മാഷ് മനസിലാക്കുന്നത്?

ഞാൻ ഗവേഷണം ചെയ്യുന്ന കാലത്ത് സർവകലാശാല സെൻററുകളിലെ വളരെ കുറച്ച് അധ്യാപകരേ ഗൈഡുമാരായി ഉണ്ടായിരുന്നുള്ളൂ. അവരാകട്ടെ വിഷയം നിർദ്ദേശിക്കുന്നതിലും പ്രബന്ധം തയ്യാറാക്കുന്നതിലുമൊക്കെ കർക്കശബുദ്ധിക്കാരുമായിരുന്നു. ദുർബലമായ വിഷയങ്ങൾ അന്നുണ്ടായിരുന്നില്ലായെന്ന് പറയാനാവില്ല. എന്നാൽ രീതിശാസ്ത്രപരമായ കാര്യങ്ങളിൽ കൃത്യത ഉണ്ടായിരുന്നു. അവരുടെ നേതൃത്വത്തിൽ ഗവേഷണം ചെയ്തവരൊക്കെ ഗവേഷണത്തെക്കുറിച്ച് സാമാന്യമായ ധാരണയെങ്കിലും ഉള്ളവരായിരുന്നു. എന്നാൽ അടുത്ത തലമുറയിൽ എത്തുന്നതോടെ ഗവേഷണപരമായ ധാരണകളുള്ളവർ കുറവായി. അവർ റിസർച്ച് ഗൈഡുമാരായി വന്നതോടെ ഗവേഷണപ്രബന്ധങ്ങൾ മൊത്തത്തിൽ ദുർബലമാവാൻ തുടങ്ങി. ഗൈഡ്മാർക്കുതന്നെ ഗവേഷണത്തെപ്പറ്റി ധാരണയില്ല. പിന്നെങ്ങനെ ഗവേഷകർക്കുണ്ടാകും? പരിചയക്കാരെയും എന്തു കുഴപ്പം കണ്ടാലും കണ്ണടയ്ക്കുന്നവരെയും നോക്കി പരിശോധകരാക്കുന്നതോടെ ഗവേഷണമേഖല പിന്നെയും അവതാളത്തിലാകുന്നു. ദുർബലമായ പ്രബന്ധങ്ങളുടെ ഘോഷയാത്ര തന്നെയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സൈബർമീഡിയയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഗവേഷണം ഗംഭീരമാണെന്ന് തോന്നിപ്പിക്കാനും ഇന്ന് എളുപ്പമാണ്. മൗലികതയും ഉയർന്ന നിലവാരവുമുള്ള ഗവേഷണപ്രബന്ധങ്ങൾ വളരെ കുറച്ചു മാത്രമേ ഇപ്പോൾ ഉണ്ടാകുന്നുള്ളൂ എന്നാണ് എന്റെ അനുഭവം. ഏതാനും പ്രബന്ധങ്ങൾ പ്രബന്ധങ്ങൾ റിജക്ട് ചെയ്തതുകൊണ്ടാവാം ഇപ്പോൾ പരിശോധന നടത്താമോ എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യർത്ഥനകളും വളരെ കുറവാണ്. ഗവേഷകരുടെ ഭാഗത്തുനിന്നുള്ള ഉദാസീനതയും ഗവേഷണമേഖല നേരിടുന്ന പ്രതിസന്ധിയാണ്. പല താല്പര്യങ്ങളുമായാണ് ഗവേഷകർ ഗവേഷണത്തിന് ചേരുക എം.എ. കഴിഞ്ഞ് എന്തെങ്കിലും ചെയ്യണമല്ലോ എന്ന് കരുതുന്നവർ, മൂന്നുവർഷം ഫെലോഷിപ്പ് ലഭിക്കുമല്ലോ എന്ന് പ്രതീക്ഷിക്കുന്നവർ, പി.എച്ച്.ഡി. കിട്ടാതെ ഇന്നത്തെ മത്സരലോകത്ത് പിടിച്ചുനിൽക്കാനാവില്ല എന്ന് തിരിച്ചറിയുന്നവർ ഇങ്ങനെ പലഗണത്തിലും പെട്ടവർ ഗവേഷണത്തിന് എത്തുന്നുണ്ട്. ഇവരെയൊന്നും നമുക്ക് കുറ്റപ്പെടുത്താൻ കഴിയില്ല. അവരിൽ പലരും മിടുക്കുള്ളവർ തന്നെയാണ്. എന്നാൽ യഥാർത്ഥത്തിൽത്തന്നെ ഗവേഷണത്തോട് താൽപര്യവും ആത്മാർത്ഥതയുമുള്ളവർ ഇക്കൂട്ടത്തിൽ വളരെ വിരളമാണ്. വിഷയസ്വീകരണം മുതൽ തന്നെ തുടങ്ങുന്നു പലരുടെയും ഉദാസീനബുദ്ധി. കേട്ടാൽ ഗംഭീരമെന്ന് തോന്നുന്ന വിഷയവുമായി ആയിരിക്കും അവരുടെ വരവ്. കടുപ്പമുള്ള കുറേ സിദ്ധാന്തങ്ങളും കടുപ്പക്കാരായ കുറേ സൈദ്ധാന്തികരും പ്രബന്ധരൂപരേഖയിലുണ്ടാകും. എന്നാൽ ഗവേഷണം തുടങ്ങി കുറച്ചു കഴിയുമ്പോഴാണ് "ഈ വിഷയം എനിക്ക് ദഹിക്കുന്നില്ല" എന്നവർ പറയുക. എളുപ്പവഴിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നാകും പിന്നത്തെ അന്വേഷണം. വർഷം അഞ്ചു കഴിഞ്ഞാലും ചിലർ ഗവേഷണത്തിന്റെ ട്രാക്കിലോട്ട് കയറിയിട്ടുണ്ടാവില്ല. പ്രബന്ധം സമർപ്പിക്കാനുള്ള സമയപരിധിയെ സംബന്ധിച്ച് വ്യവസ്ഥകൾ കേരളത്തിലെ സർവ്വകലാശാലകളിൽ അത്ര കർക്കശമൊന്നുമല്ല. അതുകൊണ്ടുതന്നെ 'എപ്പോഴെങ്കിലും സമർപ്പിക്കാം' എന്നൊരു ഉദാസീനമനോഭാവം ഗവേഷകരിൽ ശക്തിപ്പെട്ടു വരുന്നുണ്ട്. പുതിയ ഗവേഷകർക്ക് അവസരം നിഷേധിക്കുന്ന ഒരു സാഹചര്യം ഇതുവഴി ഉണ്ടാകുന്നു. ഇതൊക്കെയും ഗവേഷണമേഖല നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ്. (ഈ സാഹചര്യത്തിലും ചില ഗവേഷകർ വിട്ടുവീഴ്ചയില്ലാതെ ആത്മാർത്ഥതയോടെ ഗവേഷണം നടത്തുന്നുണ്ട്. അവരുടെ പ്രബന്ധങ്ങൾ നമ്മെ വല്ലാതെ ആഹ്ലാദിപ്പിക്കുന്നു. അവർക്ക് എന്റെ അഭിനന്ദനങ്ങൾ)

4.ഉന്നതവിദ്യാഭ്യാസമേഖലയിൽ വരുന്ന പുതിയ പരിഷ്കാരങ്ങളെ മാഷ് എങ്ങനെയാണ് നോക്കിക്കാണുന്നത്? മലയാളവും സാഹിത്യവും ഇല്ലാതാക്കപ്പെടുമെന്നും കമ്പോളത്തിന് ആവശ്യമുള്ളതുമാത്രം നിലനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.

ഉന്നതവിദ്യാഭ്യാസമേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. ബഹുജനങ്ങളിൽ വലിയൊരു വിഭാഗം ഉന്നതവിദ്യാഭ്യാസമേഖലയിൽ നിന്ന് പുറത്തുപോകുന്ന അവസ്ഥയുണ്ടാകും. അതിന്റെ സാമൂഹികപ്രത്യാഘാതങ്ങളെപ്പറ്റി ഞാൻ ഇവിടെ പറയുന്നില്ല. നമ്മുടേതുപോലെ ഭാഷാവിഷയങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക മാത്രം പങ്കുവയ്ക്കാം. നാലുവർഷം നീണ്ടുനിൽക്കുന്ന യുജി കോഴ്സുകൾ, ഒരു വർഷം ദൈർഘ്യമുള്ള പി ജി കോഴ്സുകൾ; എന്ന രീതിയിലുള്ള മാറ്റമാണ് പ്രധാനമായിട്ടും വരുന്നത്. 3+2 എന്ന ശീലത്തിൽ നിൽക്കുന്ന നമുക്ക് ഇതുണ്ടാക്കുന്ന അമ്പരപ്പ് ചെറുതല്ല. വ്യത്യസ്തമായ ഡിസിപ്ലിനുകൾ ഒരേ യു.ജി കോഴ്സിൽ തന്നെ പഠിക്കാൻ അവസരം ഉണ്ടാകുന്നു. എന്നാൽ ഇതിനിടയിൽ സംഭവിക്കുന്ന വലിയ മാറ്റം ഭാഷാവിഷയങ്ങൾ അപ്രധാനമാകുന്നു എന്നതാണ്. ഭാഷ, സാഹിത്യം എന്നിവ പ്രയോജനമൂല്യം ഇല്ലാത്ത വിഷയങ്ങളാണ് എന്ന ധാരണ ഇന്ന് ശക്തിപ്പെട്ടുവരുന്നുണ്ട്. അതുകൊണ്ട് പ്രത്യക്ഷത്തിൽ പ്രയോജനം ഉണ്ടോ എന്ന പരിഗണനവച്ചാണ് വിഷയങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത്. മനുഷ്യൻ ഒരു സാമൂഹിക-സാംസ്കാരികജീവിയാണെന്നും ആ നിലയിൽ മനുഷ്യനെ എകീകരിച്ച് നിലനിർത്തേണ്ടത് ഭാഷയും സാഹിത്യവും ഒക്കെയുമാണെന്ന് നമുക്കറിയാം. ഇവയുടെ പ്രയോജനം പ്രത്യക്ഷമല്ല

,പരോക്ഷമാണ്. എന്നാൽ ധനമൂല്യം വച്ചുമാത്രം വിദ്യാഭ്യാസത്തെ വിലയിരുത്തുന്നവരെ സംബന്ധിച്ച് ഭാഷയും സാഹിത്യവും അപ്രധാനമാണ്. നിർഭാഗ്യവശാൽ ഈ കാഴ്ചപ്പാട് ഉള്ളവർക്കാണ് ഇന്ന് ഭരണ-പൊതുമണ്ഡലങ്ങളിൽ മേൽക്കൈയുള്ളത്. കമ്പോളത്തിന് എന്താണോ വേണ്ടത് അതിനനുസരിച്ച് ഉന്നതവിദ്യാഭ്യാസരംഗവും പദ്ധതികൾ തയ്യാറാക്കുന്നു. നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ആ വഴിയെയാണ് ലോകം മുന്നേറുന്നത്. ജനങ്ങളിൽ ചെറിയൊരു വിഭാഗം മാത്രമേ അതിൽ വ്യാകുലപ്പെടുന്നുള്ളൂ. പുതിയ തലമുറ നമ്മുടേതായ പല സെന്റിമെന്റുകളിൽ നിന്ന് പുറത്തുകടന്നവരാണ്. ജനിച്ച നാട്ടിൽ ജീവിക്കണം എന്ന ആഗ്രഹം എത്ര വേഗമാണ് കാലഹരണപ്പെടുന്നതെന്ന് ഓരോ വർഷവും വിദേശനാടുകളിൽ കുടിയേർന്നവരുടെ എണ്ണം ബോധ്യപ്പെടുത്തുന്നുണ്ട്. പിന്നെന്ത് മാതൃഭാഷ? പിന്നെയെന്ത് സാഹിത്യം? ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇപ്പോൾ നമ്മളെല്ലാം കാഴ്ചക്കാരാണ്, നിർവാഹകരല്ല എന്ന സ്ഥിതിയാണുള്ളത്.


5.സ്വയംഭരണകോളേജിൽ നിന്നും സ്വാശ്രയകോളേജിൽ നിന്നും വരുന്ന വാർത്തകൾ അത്ര നല്ലതല്ലല്ലോ... ഇതിനുത്തരവാദികൾ ആരൊക്കെയാണ്?

സ്വാശ്രയകോളേജുകൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ മാത്രമല്ല കച്ചവടസ്ഥാപനങ്ങളുമാണ്. കച്ചവടം എപ്പോഴും ഒരു മത്സരരംഗമാണ്. കൂടുതൽ ആളുകളെ ആകർഷിക്കാനും ലാഭം കൂട്ടാനും ഏതു തന്ത്രവും അവർ പ്രയോഗിക്കും. സ്വതന്ത്രവ്യക്തിത്വമുള്ള ഒരു ഘടകമായല്ല, ലാഭമുണ്ടാക്കാൻ കഴിയുന്ന വസ്തുവായാണ് അവർ വിദ്യാർത്ഥികളെ കാണുക. അതുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സ്വാശ്രയകോളേജുകളിൽ നിന്ന് കേൾക്കുന്ന പലതും .സ്വന്തം സ്ഥാപനത്തെ പൊലിപ്പിച്ചു കാണിക്കാനുള്ള ശ്രമങ്ങൾ സ്വാശ്രയസ്ഥാപനങ്ങൾ പോലെ സ്വയംഭരണസ്ഥാപനങ്ങളും നടത്തും. ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയുന്ന വിധത്തിലുള്ള ബന്ധം എനിക്ക് ഇത്തരം സ്ഥാപനങ്ങളുമായിട്ടില്ല.

നമ്മുടെ മുഖ്യധാരാനോവലുകളെക്കുറിച്ച് ഒരു പഠനം നടത്തിയപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം, നമ്മുടെ സമീപയാഥാർത്ഥ്യങ്ങൾ അവയ്ക്ക് വിഷയമാകുന്നില്ല എന്നതാണ്.

6.ആദ്യകാലകഥകളിൽ അധ്യാപനജീവിതത്തിൻ്റെ പ്രശ്നങ്ങൾ കാണുന്നല്ലോ? ഇന്നത്തെ നോവലുകളിലും കഥകളിലും അവരവർ ജീവിക്കുന്ന സ്ഥലത്തിൻ്റെയും കാലത്തിൻ്റെയും പ്രശ്നങ്ങൾ ഇല്ല എന്നു തോന്നുന്നുണ്ടോ? എങ്ങനെ വിലയിരുത്താം?

നമ്മുടെ മുഖ്യധാരാനോവലുകളെക്കുറിച്ച് ഒരു പഠനം നടത്തിയപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം, നമ്മുടെ സമീപയാഥാർത്ഥ്യങ്ങൾ അവയ്ക്ക് വിഷയമാകുന്നില്ല എന്നതാണ്. വിദൂരമായ സ്ഥലങ്ങൾ, വിദൂരമായ കാലങ്ങൾ ഇവയാണ് മലയാളത്തിലെ ബെസ്റ്റ്സെല്ലർ നോവലുകളുടെയെല്ലാം വിഷയം. പല നോവലുകളും യാത്രാവിവരണത്തിന്റെ സ്വഭാവം പുലർത്തുന്നു. 'ആടുജീവിതം' തന്നെയാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. ടെലിവിഷനും മറ്റും ഉണ്ടാക്കിയ കാഴ്ചാഭിമുഖ്യം മലയാളികളെ കാഴ്ചകളുടെ ലോകങ്ങളിലേക്ക്, യാത്രകളിലേക്ക് വലിയ തോതിൽ ആകർഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഫലമായാണ് ഇത്തരം നോവലുകൾ എന്നാണ് ഞാൻ കരുതുന്നത്. മലയാളത്തിൽ ഇങ്ങനെയല്ലാത്ത സമീപയാഥാർഥ്യം ആവിഷ്കരിക്കുന്ന നോവലുകൾ ധാരാളമുണ്ടാവുന്നുണ്ട്. എന്നാൽ അവയ്ക്ക് മാധ്യമശ്രദ്ധയോ നിരൂപകപരിഗണനയോ കിട്ടുന്നില്ല എന്നതാണ് പ്രശ്നം. ഒറ്റപ്പതിപ്പിൽ അവസാനിക്കുന്ന അവയുടെ ജീവിതം കാര്യമായി ആരും കാണാതെ, ആരുടെയും ശ്രദ്ധയിൽ പെടാതെ കടന്നുപോകുന്നു. 1982മുതൽ 1989വരെയുള്ള കാലമാണ് എന്റെ കഥയെഴുത്തിന്റെ ആദ്യഘട്ടം. അഞ്ച് വർഷത്തിനുശേഷം 1994 ൽ 'ഡീകൺസ്ട്രക്ഷൻ' എന്ന കഥയോടെ ഞാൻ കഥയെഴുത്തിലേക്ക് തിരിച്ചുവന്നു. 2002 വരെ ധാരാളം കഥകൾ എഴുതി. പിന്നെ കാര്യമായ ഒരു ഇടവേളക്കുശേഷം( ഇടയ്ക്ക് വല്ലപ്പോഴും എഴുതിയിരുന്നു) 2021 ലാണ് സജീവമായി കഥയെഴുത്തിലേക്ക് വരുന്നത്. ഒരു വർഷത്തിനിടയിൽ എട്ടുകഥകൾ എഴുതി. ആദ്യകാലത്താണ് അധ്യാപകജീവിതം വിഷയമാകുന്ന ഏതാനും കഥകൾ എഴുതിയത്. എന്നാൽ അവ എണ്ണത്തിൽ അധികമില്ല. ഒരു എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാളുടെ കഥയാണ് 2021 ൽ എഴുതിയ 'അപരലോകം'.


7.മാഷ് വിമർശനചരിത്രം എഴുതിയപ്പോൾ അതിൽ വേണ്ടത്ര വിമർശനബോധവും എഴുത്തുകാരെക്കുറിച്ചുള്ള മൂല്യനിർണ്ണയവും കാണുന്നില്ലല്ലോ… അതുപോലെ എസ്.സുധീഷിനെപ്പോലെയുള്ള മൗലികപ്രതിഭകളെയും കാണുന്നില്ല. ഞാൻ എസ്.സുധീഷിൻ്റെ വിമർശനകൃതികളിലാണ് ഗവേഷണം ചെയ്യുന്നത്. അതുകൊണ്ടു കൂടിയാണ് ചോദിച്ചത്.

'മലയാളസാഹിത്യനിരൂപണം: അടരുകൾ അടയാളങ്ങൾ' എന്നൊരു പുസ്തകം ഞാൻ എഴുതിയിട്ടുണ്ട്. എന്നാൽ അതൊരു വിമർശനചരിത്രഗ്രന്ഥമല്ല, മലയാളവിമർശനത്തിലെ നാഴികക്കല്ലുകളെന്ന് വിശേഷിപ്പിക്കാവുന്ന ഏതാനും വിമർശകരെയും പ്രവണതകളെയും പരിചയപ്പെടുത്തുന്ന പുസ്തകമാണ്. പല കാലങ്ങളിൽ എഴുതിയ പഠനങ്ങളുടെ സമാഹരമാണത്. വേണ്ടത്ര ക്രിട്ടിക്കൽ അല്ല ആ ഗ്രന്ഥം എന്ന അഭിപ്രായം സ്വീകരിക്കുന്നു. അതേസമയത്ത് തന്നെ 'പരീക്കുട്ടി എന്ന വാസ്കോഡഗാമ' എന്നൊരു നിരൂപണഗ്രന്ഥവും ഞാൻ എഴുതിയിരുന്നു. ക്രിട്ടിക്കലായ പഠനങ്ങളാണ് അതിലുള്ളത് എന്നു തന്നെയാണ് എന്റെ വിശ്വാസം.

എസ്.സുധീഷീന്റെ നിരൂപണങ്ങൾ വിപുലമായി പഠിക്കപ്പെടേണ്ടത് തന്നെയാണ്. ഇത്രയും സംഹാരാത്മകമായ വാക്കും എഴുത്തും ശൈലിയും മറ്റൊരു പ്രഭാഷകനിലും എഴുത്തുകാരനും ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ചരിത്രത്തിലെ പ്രതിലോമശക്തികളുമായി അദ്ദേഹം നടത്തുന്ന ഒറ്റയാൾ പോരാട്ടം സത്യത്തിൽ എന്നെ അമ്പരപ്പിക്കുക തന്നെ ചെയ്യുന്നു. വ്യവസ്ഥാപിതമായ നിരൂപണപദ്ധതികളുടെ (സംസ്കാരപഠനം, മാർക്സിയൻ നിരൂപണം, സോഷ്യോളജിക്കൽ ക്രിട്ടിസിസം) തുടങ്ങിയ ലേബലിൽ ഒതുങ്ങിനിൽക്കുന്നില്ല അദ്ദേഹത്തിന്റെ നിരൂപണങ്ങൾ. അസാധാരണമായ ഊർജ്ജമുണ്ട് അവയ്ക്ക്. അവയുടെ ഇഴപിരിക്കാൻ ധാരാളം സമയവും സാവകാശവും വേണം. ആര്യയുടെ പഠനം പ്രസിദ്ധീകരിച്ചുവരുന്നതിനായി ഞാൻ കാത്തിരിക്കുന്നു.



8.മാഷിൻ്റെ കഥകളിലൂടെയും നോവലുകളിലൂടെയും സംവേദനം ചെയ്യാൻ ഉദ്ദേശിച്ചവ എന്തൊക്കെയായിരുന്നു?

സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്ന നോട്ടമാണ് എന്റെ മിക്ക കഥകളുടെയും വിഷയം. ഗാർഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളും സംഘർഷങ്ങളും താരതമ്യേന കുറഞ്ഞ അളവിലേ എന്റെ കഥകളിലേക്ക് കടന്നുവന്നിട്ടുള്ളൂ.

സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ വ്യക്തികളെ എങ്ങനെ ബാധിക്കുന്നു എന്ന നോട്ടമാണ് എന്റെ മിക്ക കഥകളുടെയും വിഷയം. ഗാർഹികവും വ്യക്തിപരവുമായ പ്രശ്നങ്ങളും സംഘർഷങ്ങളും താരതമ്യേന കുറഞ്ഞ അളവിലേ എന്റെ കഥകളിലേക്ക് കടന്നുവന്നിട്ടുള്ളൂ. സാമൂഹ്യ അനീതികൾക്കെതിരെ പ്രതികരിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയാതെ പോകുന്ന മനുഷ്യന്റെ അവസ്ഥയാണ് 1984 ൽ മാതൃഭൂമി പുരസ്കാരം നേടിയ 'പരിണാമസിദ്ധാന്തത്തിലെ പുതിയരൊധ്യായം' എന്ന കഥയുടെ വിഷയം. 1986 പ്രസിദ്ധീകരിച്ച 'കലാപത്തിന്റെ ദിനങ്ങൾ' എന്ന കഥയിൽ കലാപത്തിൽ മകൻ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേവലാതികൾ അവതരിപ്പിക്കുന്നു. കലാപത്തിൽ അകപ്പെട്ടുപോകുന്ന മനുഷ്യരെപ്പറ്റി പിന്നീടും പല കഥകളും എഴുതിയിട്ടുണ്ട്. മാധ്യമത്തിൽ പ്രസിദ്ധീകരിച്ച 'ബേണിംഗ് ഇന്ത്യ' അങ്ങനെയുള്ള ഒരു കഥയാണ്. വളരെ വൈയക്തികമായി തോന്നുന്ന കഥകൾക്കുള്ളിലും സാമൂഹികമായ ഒരു സ്പാർക്ക് ഉണ്ടാകണമെന്ന കാഴ്ചപ്പാട് എന്നും എനിക്കുണ്ട്. വ്യക്തിയും ലോകവും തമ്മിലുള്ള പരോക്ഷമായ എറ്റുമുട്ടൽ എന്റെ പല കഥകളുടെയും അടിയൊഴുക്കായി പ്രവർത്തിക്കുന്നുണ്ട്. വായനക്കാർ അത് കണ്ടെടുക്കാറുണ്ടോ എന്ന് എനിക്കറിയില്ല. രണ്ടു നോവലുകളാണ് ഞാൻ എഴുതിയിട്ടുള്ളത്. 'വാർഷികരേഖ'യും 'വിഷമവൃത്ത'വും. രണ്ടിനും ഫിലോസഫിക്കലായ ഒരു തലമുണ്ട്. ഒരു ജനുവരിയിൽ നാട്ടിൽ നിന്ന് അപ്രത്യക്ഷനായ ഒരാൾ അടുത്ത ജനുവരിയിൽ തിരിച്ചെത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് 'വാർഷികരേഖ'യുടെ ഉള്ളടക്കം. സമൂഹത്തിൽ മനുഷ്യന്റെ യഥാർത്ഥസ്ഥാനം എവിടെയാണെന്ന ചോദ്യമാണ് ഈ നോവൽ ഉന്നയിക്കുന്നത്. സമകാലികമായ ആഗോളരാഷ്ട്രീയം നമ്മളറിയാതെ എങ്ങനെയാണ് നമ്മളെ നിയന്ത്രിക്കുന്നത് എന്നന്വേഷിക്കുന്ന ഒരു നോവലാണ് 'വിഷമവൃത്തം'. രാത്രിനേരത്ത് വഴിതെറ്റി ഒരു മതികെട്ടിനകത്ത് കുടുങ്ങിപ്പോകുന്ന യാത്രാബസിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയം അവതരിപ്പിച്ചത്. ആദ്യത്തെ നോവലിന് ഇറങ്ങിയ കാലത്ത് നല്ല നിരൂപകശ്രദ്ധ കിട്ടിയിരുന്നു. രണ്ടാമത്തെ നോവലിന്റെ രാഷ്ട്രീയം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല.



9.അധ്യാപകൻ, കഥാകൃത്ത്, നോവലിസ്റ്റ്, ഗവേഷകൻ, ഗവേഷണമാർഗ്ഗദർശി, പ്രബന്ധമൂല്യകർത്താവ്, സാഹിത്യനിരൂപകൻ… ഇതിൽ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് ഏതാണ്?

ജീവിതത്തിൽ ഒരേസമയം നമ്മൾ പല വേഷങ്ങൾ കെട്ടേണ്ടിവരും. പല വഴികളിൽ സഞ്ചരിക്കേണ്ടിവരും. അതുപോലെ മാത്രമേ ഈ വ്യത്യസ്തമേഖലകളെ ഞാൻ കാണുന്നുള്ളൂ .പഠനത്തിന്റെ ഭാഗമായിരുന്നു ഗവേഷണം. പിന്നീട് അതൊരു ശീലമായി. അധ്യാപനം പ്രാഥമികമായി എന്റെ തൊഴിലാണ്. എന്നാൽ അത് എനിക്ക് വലിയ മാനസികോല്ലാസം തരുന്ന പ്രവൃത്തിയാണ്. കഥയെഴുത്തും മറ്റും നമ്മളെത്തന്നെ ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള ശ്രമമാണ്; ഒരേസമയം വലിയ സമ്മർദ്ദവും ആഹ്ലാദവും സമ്മാനിക്കുന്ന പണി. ഇങ്ങനെ ഓരോന്നിനും ഓരോ ഉദ്ദേശ്യമാണ്. ഇതുകൂടാതെ സിനിമകൾക്ക് തിരക്കഥയെഴുതുന്നതിലും സന്തോഷം അനുഭവിക്കുന്നു. അഞ്ച് ഫീച്ചർ ഫിലിമുകൾക്കും നിരവധി ഷോർട്ട് സിനിമകൾക്കും തിരക്കഥയെഴുതിയിട്ടുണ്ട്. സിനിമാസംബന്ധമായ പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രയാണ് ഇതിനേക്കാൾ എനിക്ക് സന്തോഷം നൽകുന്ന കാര്യം. ഇതിനേക്കാളൊക്കെ അധികമായി എന്നെ സന്തോഷിപ്പിക്കുക ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇടയിൽ ഒരു സാധാരണമനുഷ്യനായി ഇരിക്കാൻ കഴിയുന്നതാണ്. എങ്കിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ, ഒരു സാമൂഹിക-സാംസ്കാരികജീവി എന്ന നിലയിൽ ഞാൻ ഏറ്റവും ആസ്വദിച്ച് ചെയ്തിട്ടുള്ളത് അധ്യാപകന്റെ റോളാണ്. അധ്യാപകന്റെ പല ധർമ്മങ്ങളിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ അധ്യാപനം.



10.മാഷിൻ്റെ ഭാവിപരിപാടികൾ? എന്തൊക്കെയാണ് പുതിയ എഴുത്ത്?

റിട്ടയർ ചെയ്തുവെങ്കിലും അക്കാദമികമായ ചില ചുമതലകൾ ഇപ്പോഴും നിർവഹിക്കുന്നുണ്ട് .കൂടാതെ വായന , എഴുത്ത്, പ്രഭാഷണങ്ങൾ ,സിനിമ , യാത്ര.......


4 comments
bottom of page