top of page

കവിത - 4 ( ചെറുശ്ശേരി മുതൽ പൂന്താനം വരെ )

സാഹിത്യ പ്രതിചരിത്രപരമ്പര - 9
ഷൂബ കെ.എസ്സ്.

ചെറുശ്ശേരി

 

   കൊല്ലവർഷം 621 മുൽ 650 വരെ രാജ്യം ഭരിച്ചിരുന്ന ഉദയവർമ്മ കോലത്തിരിയുടെ കാലത്ത് ജീവിച്ചിരുന്ന, ചെറുശ്ശേരി ഇല്ലത്തു പിറന്ന കവിയാണ് 'കൃഷ്ണഗാഥ' എന്ന കൃതി രചിച്ചതെന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. മണിപ്രവാളകൃത്രിമഭാഷ ഉപേക്ഷിച്ചുകൊണ്ട് സ്വാഭാവികമലയാളം ആദ്യം പ്രത്യക്ഷപ്പെടുന്ന ലിഖിതസാഹിത്യം കൃഷ്ണഗാഥയാണ്. പാട്ടിൻ്റെയും മണിപ്രവാളത്തിൻ്റെയും നാടൻ സാഹിത്യത്തിൻ്റെയും സ്വഭാവിക സംയോഗം ഇതിൽ കാണാം. ഭാഗവതം ദശമസ്കന്ദത്തിലെ കൃഷ്ണോൽപ്പത്തി മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള സംഭവങ്ങളെ നാല്പത്തിയേഴ് ഖണ്ഡങ്ങളാക്കി രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്നു. കൃഷ്ണൻ അമ്പാടിയിൽ കഴിയുന്നത് ഒന്നാം ഭാഗത്തും മഥുരയിലേക്ക് പോയതിനു ശേഷമുള്ളത് രണ്ടാം ഭാഗത്തും അവതരിപ്പിക്കുന്നു.

 

ഭക്തികാല ജീവിതം സ്ത്രീമനസ്സിൽ ഏല്പിച്ച ആഘാതങ്ങളാണ് കൃഷ്ണഗാഥയിലെ പ്രമേയം. ഭക്തിയുടെ സ്ത്രൈണവത്കരണമാണ് കൃഷ്ണഗാഥ.

 

‘ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു

ചന്ദ്രികാ മെയ്യിൽ പരക്കയാലെ

പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന

നീലാഭമായൊരു ശൈലംപോലെ

മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ

കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ’

 

ഇങ്ങനെയാണ് തുടക്കം. പെണ്ണിൻ്റെ പുഞ്ചിരിപ്പാലാഴിയിൽ ദൈവത്തെ മുക്കിക്കളയുന്നു.

 

സ്വാഭാവിക ലൈംഗികത നിഷേധിക്കപ്പെടുമ്പോൾ സ്ത്രീമനസ്സ് സൃഷ്ടിക്കുന്ന ലൈംഗികസ്വപ്നമാണ് കൃഷ്ണഗാഥയിൽ കാണുന്നത്. ഭർത്താവായ രാജാവിനെ വിജയിപ്പിക്കാൻ മറ്റാരും അറിയാതെ കളി പറഞ്ഞുകൊടുക്കാൻ പാടിയ ഈണമാണ് കൃഷ്ണഗാഥയ്ക്കുള്ളത് എന്ന ഐതിഹ്യം കൃഷ്ണഗാഥയിലെ സ്ത്രീസാന്നിധ്യം വെളിപ്പെടുത്തുന്നു. ഉപമാനം സങ്കല്പമായി മാറുന്ന ഉത്പ്രേക്ഷയുടെ സമൃദ്ധി കൃഷ്ണഗാഥയിൽ ഉണ്ടാകുന്നത് (ഉത്പ്രേക്ഷാ കൃഷ്ണഗാഥായാം) സ്ത്രീയുടെ സ്വപ്നഭാഷ കൃതി സ്വീകരിക്കുന്നതുകൊണ്ടാണ്. പ്രണയലൈംഗികത നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിലെ സ്ത്രീമനസ്സ് സ്വവർഗ്ഗരതിയുടെയും ശൈശവരതിയുടെയും സംഘരതിയുടെയും ലൈംഗികസ്വപ്നം നിർമ്മിച്ചെടുക്കുന്നു. കൃഷ്ണഗാഥയിലെ കൃഷ്ണൻ സ്ത്രീയുടെ സ്വപ്നമാണ്. ഒരേസമയം ഒളിച്ചുകടത്തപ്പെട്ട പുരുഷനും ഒളിച്ചുകടത്തപ്പെട്ട സ്ത്രീയുമാണ് കൃഷ്ണഗാഥയിലെ കൃഷ്ണൻ. കൃഷ്ണസൗന്ദര്യത്തെ സ്ത്രൈണ സൗന്ദര്യമായാണ് ആലേഖനം ചെയ്യുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ലെജ വി.ആർ., സ്ത്രൈണത കൃഷ്ണഗാഥയിൽ, ഗവേഷണപ്രബന്ധം, മധുര കാമരാജ് യൂണിവേഴ്സിറ്റി 2019). ദേവിയുടെയും രുഗ്മിണിയുടെയും സൗന്ദര്യവർണ്ണനയ്ക്ക് ഉപയോഗിച്ച പദങ്ങൾ തന്നെയാണ് കൃഷ്ണന്റെയും സൗന്ദര്യം വർണ്ണിക്കുന്നതിന് ഉപയോഗിക്കുന്നത്. കൃഷ്ണന് നൽകുന്ന ശൈശവ വ്യക്തിത്വമാണ് കൃഷ്ണഗാഥയിലെ വാത്സല്യ രസനിർമ്മിതിക്ക് കാരണം. രാസക്രീഡ, സ്വവർഗ്ഗരതിയും സംഘരതിയും ശൈശവരതിയും കൂടിച്ചേരുന്ന സ്വപ്നദൃശ്യമാണ്. പ്രായം കുറഞ്ഞ കൃഷ്ണനും ഗോപസ്ത്രീകളുമാണ് രതിയിൽ ഏർപ്പെടുന്നതായി വർണ്ണിക്കുന്നത്. ‘സ്ത്രീയായ’ കൃഷ്ണൻ എല്ലാ സ്ത്രീകളോടും ഒരേസമയം രതിയിൽ ഏർപ്പെടുന്നു.

 

‘ആയുർകോൻ തന്നുടെ ഭിന്നമായമ്പൊടു

മായയെകൊണ്ടു ചമ്മച്ചു വച്ചാൻ

മാനിനിമാരുടെ സഖ്യയുള്ളോളവും

മാധവൻ മേനിയും ഉണ്ടായപ്പോൾ’

 

എത്ര സ്ത്രീകളുണ്ടോ അത്രയും കൃഷ്ണന്മാർ. സംഘരതിയുടെയും സ്വവർഗ്ഗരതിയുടെയും ശൈശവരതിയുടെയും മായികലോകമാണത്. പ്രണയലൈംഗികത നിരോധിക്കപ്പെടുന്ന ഭക്തിയുടെ അധികാര കാലത്തെയും സംബന്ധവിവാഹ കാലത്തെയും സ്ത്രീമനസ്സിൻ്റെ ലൈംഗികസ്വപ്നഭാഷാപ്രതിനിധാനമാണ് കൃഷ്ണഗാഥ.

 

 

ഖാസി മുഹമ്മദ്

"എല്ലാരെ കോഴിയും കൂകിയടങ്ങുനീ

മുഹിയുദ്ദീന് കോഴി ഖീയാമത്തോളം കൂകൂം "

 

 

അറബി-മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. പ്രസിദ്ധ  കവിയും ഗ്രന്ഥകാരനുമായ ഖാസി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് (1572  – 1617) 35-ാമത്തെ വയസ്സിലാണ് മുഹ്‌യിദ്ദീന്‍മാല രചിക്കുന്നത്. മാലയടക്കം അഞ്ഞൂറോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അറബിഭാഷയില്‍ പദ്യ-ഗദ്യങ്ങളായുള്ള നിരവധി കൃതികളും അക്കൂട്ടത്തിലുണ്ട്.

 

അറബി-മലയാള സാഹിത്യത്തിൽ ഇന്ന് നമുക്ക് അറിവുള്ള ഏറ്റവും പഴയ കാവ്യമാണ് മുഹ്‌യദ്ദീൻമാല. ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫിവര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻമാല. ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ (ഇറാഖിലെ ജീലാൻ പ്രദേശത്തുകാരനായതിനാൽ ജീലാനി എന്നു വിളിക്കപ്പെടുന്നു) ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്.

 

1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിന്റെ അഞ്ച് വർഷം മുമ്പാണ് മുഹ്‌യിദ്ദീൻമാലയുടെ രചന പൂർത്തിയായത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുഹ്‌യിദ്ദീൻമാലയുടെ ചുവടുപിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബിമലയാ‍ളത്തിലുണ്ടായി.

 

ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫിവര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യിദ്ദീൻമാല.

 

'അറിവും നിലയും അതേതും ഇല്ലാത്തോർക്ക്

അറിവും നിലയും നിറയെ കൊടുത്തോവർ "

 

അങ്ങനെയുള്ള ഗുരുവിനെയാണ് വാഴ്ത്തുന്നത്. അഹങ്കാരികൾക്ക് അവരുടെ യഥാർത്ഥ നില കാട്ടികൊടുത്തയാളാണ് ഇവിടെ സ്തുതിക്കപ്പെടുന്ന ഗുരു.

 

ഖാദിരിയ്യ സൂഫി സരണി സ്ഥാപകനായ ഈ സൂഫിസന്യാസിയുടെ ഫുതൂഹുൽ ഗൈബ്, ഗുൻയ, ബഹ്ജ തുടങ്ങിയ ഗ്രന്ഥങ്ങളിലെയും പ്രഭാഷണങ്ങളിലെയും, അയ്‌നിയ്യ, നൂനിയ്യ, ബാഇയ്യ, ഗൗസിയ്യ, ലാമിയ്യ എന്നീ കാവ്യങ്ങളിലെയും വചനങ്ങൾ ആസ്പദമാക്കിയാണ് ഖാസി മുഹമ്മദ് ഈ മാല രചിച്ചിരിക്കുന്നത്.

 

ഗദ്യവും പദ്യവും കോർത്തിണക്കിയ രീതിയിലാണ് മുഹ്‌യിദ്ദീൻമാലയുടെ രചന നിർവഹിച്ചിരിക്കുന്നത്. പൊതുവേ മാപ്പിളപ്പാട്ടുകളുടെ ദൈർഘ്യം 150-നും 300-നും ഇടയ്ക്ക് വരികളാണ്. എന്നാൽ മുഹ്‌യിദ്ദീൻമാലയിൽ 310 വരികളുള്ള മാലയ്ക്കു പുറമേ 152 വരികളിൽ 'അലിഫ്' എന്ന മാണിക്യവും (പ്രാർത്ഥന), ഗദ്യത്തിലുള്ള പ്രാർത്ഥനയും പദ്യത്തിലുള്ള മുനാജാത്തും (ആത്മസംഭാഷണം) അടങ്ങിയിരിക്കുന്നു. ആത്മസംഭാഷണത്തിൽ അറബി തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആർജ്ജവത്തിനും മാതൃകയാണ് ഇതിലെ ഓരോ വരികളും. “അള്ളാതിരുപേരും സ്തുതിയും സലാവാത്തുംഅതിനാൽ തുടങ്ങുവാൻ അരുൾചെയ്ത വേദാമ്പർ” എന്ന സ്തുതികീർത്തനത്തിലൂടെ കാവ്യം ആരംഭിക്കുകയും “നല്ലെ സലാവാത്തും നല്ലെ സലാമെയും നിന്റെ മുഹമ്മദിനേകണം നീ അള്ളാ” എന്ന പ്രവാചക കീർത്തനത്തോടെ” അവസാനിക്കുകയും ചെയ്യുന്ന ഈ കാവ്യത്തിൽ വരമൊഴികൾക്ക് പകരം അക്കാലത്തെ വാമൊഴിയാണ്‌ കവി പലപ്പോഴും ഉപയോഗിച്ചു കാണുന്നത്.

 

കോയീന്റെ മുള്ളോട് ‌കൂകെന്ന് ചൊന്നാറെ

കൂസാതെ കൂകിപ്പരപ്പിച്ചു വിട്ടോവർ

 

‘ചൊന്നവാറെ’, ‘വന്നവാറെ’ തുടങ്ങിയ പ്രാചീനമലയാള ഭാഷാപ്രയോഗങ്ങളുടെ തദ്ഭവമായ ‘ചെന്നാരെ’, ‘വന്നാരെ’ എന്നിങ്ങനെ മാലയിൽ കാണാം. അറബിയിലെ ‘ഖഫീഫ്’ വൃത്തത്തോടും മലയാളത്തിലെ ‘കാകളി’യോടും അറബിത്തമിഴിലെ ‘നന്തിർവാരകണ്ണി’യോടും ഒരുപോലെ സാദൃശ്യം പുലർത്തുന്നുണ്ട് മുഹ്‌യിദ്ദീൻമാല.

പോർച്ചുഗീസ് സൈന്യവുമായി കോഴിക്കോട് മുസ്ലിങ്ങൾ പോരടിക്കുന്ന കാലത്താണ് മുഹ്‌യിദ്ദീൻമാലയുടെ രചന നടക്കുന്നത്. പോർച്ചുഗീസ് സൈന്യത്തോട് പടപൊരുതിയ കുഞ്ഞാലി മൂന്നാമനും, നാലാമനും ഖാദിരിയ്യ പാതയിൽ പ്രവേശിച്ചവരായിരുന്നു. മുഹ്‌യിദ്ദീൻമാല രചയിതാവായ ഖാസി മുഹമ്മദും പോർച്ചുഗീസ് വിരുദ്ധ പോരാളിയായിരുന്നു. ഇക്കാരണങ്ങൾ എല്ലാം കൊണ്ടുതന്നെ പിന്നീടു നടന്ന അധിനിവേശവിരുദ്ധ സമരങ്ങളിൽ എല്ലാംതന്നെ മുഹ്‌യിദ്ദീൻമാല ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. കാവ്യം എന്നതിലുപരിയായി ആത്മീയ ഗീതമായിട്ടായിരുന്നു മാപ്പിളമാർ മാലയെ സ്വീകരിച്ചിരുന്നത്. മാല പാരായണം ചെയ്യുന്നവർക്ക് ദൈവാനുഗ്രഹവും, ദൈവിക പ്രതിഫലവും ലഭിക്കുമെന്നും മുഹ്‌യിദ്ദീൻ ശൈഖിന്റെ കടാക്ഷം ഉണ്ടാകുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. ആയതിനാൽ മുസ്ലിം വീടുകളിൽ ഇവ സ്ഥിരമായി പ്രതേകിച്ചും രാത്രി നേരങ്ങളിൽ പാരായണം ചെയ്യപ്പെടുക പതിവായി മാറി. ബ്രിട്ടീഷുകാർ അടക്കം പിന്നീട് വന്ന അധിനിവേശക്കാർക്കും നാടുവാഴികൾക്കും എതിരെ പിൽകാലത്തു നടന്ന മലപ്പുറംപട അടക്കമുള്ള പോരാട്ടങ്ങളിലും, മാപ്പിളലഹളകൾ അടക്കമുള്ള കലാപങ്ങളിലും പോരാട്ടത്തിന് മുൻപ് മാപ്പിളയോദ്ധാക്കൾ മുഹ്‌യിദ്ദീൻമാല പാരായണം ചെയ്ത് പ്രാർത്ഥിക്കാറുണ്ടായിരുന്നു. മലബാർ ജില്ലാകളക്ടർ കനോലികൊലപാതകത്തിന് മുൻപ്, കൃത്യത്തിൽ പങ്കെടുത്ത മാപ്പിളപ്പോരാളികൾ തലേനാൾ മുഹ്‌യിദ്ദീൻമാല പാരായണം ചെയ്തു സദ്യ വിളമ്പിയിരുന്നു. വിവാഹ കമ്പോളത്തിൽ ഖുർആനും, മുഹ്‌യുദ്ദീൻമാലയും അറിയുന്ന പെൺകിടാങ്ങൾക്ക് പ്രാധ്യാന്യമുണ്ടായിരുന്നു. ഇതൊക്കെയും സാമൂഹികമായും ആചാരപരമായും മാല നേടിയ സ്വാധീനമാണ് വരച്ചുകാട്ടുന്നത്.

മുഹ്‌യുദ്ദീൻമാലയിൽ സവർണ്ണ വ്യവഹാരഭാഷയായ സംസ്കൃതസ്വാധീനം അശേഷം ഇല്ലാത്തത് കീഴാളജനതയെയും, അറബി പാശ്ചാത്തലമുള്ള മറ്റുള്ള മുസ്ലിങ്ങളെയുമാണ് ശ്രോതാക്കളായി രചയിതാവ് കണ്ടിരുന്നത് എന്നതിലേക്ക് വിരൽചൂണ്ടുന്നു.

 ഡോ. സി.കെ. കരീം രേഖപ്പെടുത്തുന്നു: ‘പറങ്കികളുടെ ആഗമനത്തോടു കൂടി കേരളത്തിലുണ്ടായ സാമൂഹിക സംഘര്‍ഷവും സന്മാര്‍ഗിക അധഃപതനവും കണ്ട് മനംനൊന്ത അന്നത്തെ കേരളത്തിലെ കവികളത്രയും മനുഷ്യനെ ദൈവികവും അദ്ധ്യാത്മികവുമായ പാന്ഥാവിലേക്ക് നയിക്കുവാന്‍ തീവ്രശ്രമങ്ങള്‍ നടത്തിയിരുന്നതിന്റെ ഉദാഹരണമാണ് എഴുത്തച്ഛന്റെയും ഖാസി മുഹമ്മദിന്റെയും കൃതികള്‍. എഴുത്തച്ഛന്‍ ഭാഷയിലൂടെ ഭക്തിപ്രസ്ഥാനത്തെ ജനകീയമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ അതേ പ്രക്രിയതന്നെ അറബിമലയാളത്തിലൂടെ മുസ്ലിങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുകയാണ് ഖാസി മുഹമ്മദ് ചെയ്തത് (അറബി മലയാളം).

(വിവരങ്ങൾക്ക് വിക്കിപീഡിയയോട് കടപ്പാട്)

 

എഴുത്തച്ഛൻ

 

''ദുരഹങ്കാരികളും വിഡ്ഢിത്തത്തോളമെത്തുന്നവിധം ദുരഭിമാനം നിറഞ്ഞവരും, സ്വന്തം വൃത്തത്തിൽ ഒതുങ്ങിക്കൂടുന്നവരും, തലക്കനം വീണവരും'' എന്നാണ് അൽബിറൂനി മധ്യകാലത്തെ ഇന്ത്യക്കാരെക്കുറിച്ച് പറയുന്നത് (ഡിസ്കവറി ഓഫ് ഇന്ത്യയിൽ  ഉദ്ധരിക്കുന്നത്).

 

 ഹൈന്ദവ സംസ്‌കാരത്തിന്റെ ജീർണ്ണതയും ഇസ്ലാമിക സംസ്‌കാരത്തിന്റെ വെല്ലുവിളിയും പോർട്ടുഗീസ് ആക്രമണങ്ങളും ആണ് കേരളത്തിൽ ഭക്തിപ്രസ്ഥാനം സൃഷ്ടിച്ചത്.

 

 ''ഞങ്ങളുടെ സ്വത്ത് വാക്കുകളാണ്

വാക്കുകളുടെ ആയുധങ്ങൾ കൊണ്ട് ഞങ്ങൾ പോരാടും''

(തുക്കാറാം)

ബ്രാഹ്മണമതത്തിന്റെ ജാതിശ്രേണിക്കെതിരായ സമരവും നാട്ടുഭാഷോത്ഥാനവും ആയാണ് ഭക്തിപ്രസ്ഥാനം വായിക്കപ്പെടുന്നത്. എന്നാൽ എഴുത്തച്ഛൻ 'പുതുമലയാണ്മതൻ മഹേശ്വരൻ' (വള്ളത്തോൾ, സാഹിത്യമഞ്ജരി - III) ആണെന്ന അഭിപ്രായങ്ങൾ അസൂക്ഷ്മങ്ങളാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചെറുശ്ശേരിയിലാണ് ഇന്നത്തെ മലയാളം ആദ്യം പ്രത്യക്ഷപ്പെടുന്നത്. ചെറുശ്ശേരിയിൽനിന്നു ഭിന്നമായി, ശോകം (ജരിതപ്പക്ഷിയുടെ വിലാപം), ശൃംഗാരം (സീതാസ്വയംവരവർണ്ണനം), യുദ്ധം (ഭീമദുശ്ശാസന യുദ്ധവർണ്ണന), തത്വചിന്ത (ലക്ഷ്മണോപദേശം) തുടങ്ങിയ വിവിധ ഭാവങ്ങൾ സമർത്ഥമായി വർണ്ണിച്ചു ഫലിപ്പിച്ചു. പക്ഷെ എഴുത്തച്ഛൻ മുന്നോട്ട് വച്ച ജീവിതവീക്ഷണം അത്യന്തം പ്രതിലോമകരമായിരുന്നു. എഴുത്തച്ഛൻ്റെ രാമൻ മനുഷ്യനല്ല. രാവണനെ വധിക്കുക അവതാരലക്ഷ്യമായി മാറുന്നു. മനുഷ്യദു:ഖങ്ങൾ പൂർവ്വജന്മ ഫലങ്ങളായി മാറുന്നു.

'ഭോഗത്തിന്നായ്ക്കൊണ്ടു കാമിക്കയും വേണ്ട

ഭോഗം വിധികൃതം വർജിക്കയും വേണ്ട'

 

അധികാരത്തിലിരിക്കുന്നവരുടെ ജീവിതഭോഗത്തിനുള്ള ന്യായീകരണങ്ങളായി ഈ നിലപാട് മാറുന്നു. രാവണൻ തട്ടികൊണ്ടു പോയത് മായാസീതയെ ആണെന്നും ശ്രീരാമൻ ദുഃഖിക്കുന്നത് വെറുതെ ലക്ഷ്മണനെ കാണിക്കാനാണെന്നും അധ്യാത്മരാമായണം കിളിപ്പാട്ടിൽ കാണാം. ഇത്തരത്തിൽ കാപട്യക്കാരനായും ശ്രീരാമനെ എഴുത്തച്ഛൻ്റെ കൃതിയിൽ കാണുന്നു. അതുപോലെ മായാസീതാസങ്കല്പം മറ്റുള്ളവരുമായി ഇടപെടുന്ന സ്ത്രീയുടെ നിരാസമായിരുന്നു. ഇത് ഒരു കാലഘട്ടത്തിലെ സെക്ഷ്വൽ ഡിപ്രഷൻ്റെ അടയാളമായി നിത്യചൈതന്യയതി അധ്യാത്മരാമായണത്തെ മുൻനിർത്തി സൂചിപ്പിച്ചിട്ടുണ്ട്. ഒട്ടും ജീവിതമില്ലാത്ത അറു വഷളൻ കൃതിയെന്ന് അധ്യാത്മരാമായണത്തെ കുറിച്ച് എം.എൻ.വിജയനും പറഞ്ഞിട്ടുണ്ട്. എസ്.സുധീഷും തത്തുല്യമായി നിരീക്ഷിച്ചിട്ടുണ്ട്. കടുത്ത സ്ത്രീവിരുദ്ധതയും അധ:സ്ഥിത വിരുദ്ധതയും എഴുത്തച്ഛനിൽ കാണാം. സംസ്കൃതത്തിലെ അധ്യാത്മരാമായണത്തിൻ്റെ വിവർത്തനമാണ് എഴുത്തച്ഛൻ്റെ രാമായണം എന്നതിനാൽ എഴുത്തച്ഛനെ സംബന്ധിച്ച് മികച്ച വിവർത്തകൻ എന്ന അസ്തിത്വവും മികച്ച കവി എന്ന അസ്തിത്വവും മാരാര് തള്ളിക്കളഞ്ഞു.

 

 അക്ഷരത്തിൽ നിന്നും അറിവിൽനിന്നും അകറ്റി നിർത്തപ്പെട്ടവരെക്കൂടി സംഘടിപ്പിച്ച് ഹിന്ദുമതത്തെ സുഘടിതമാക്കുകയാണ് രാഷ്ട്രീയമായി ഭക്തിപ്രസ്ഥാനം സാധിച്ചത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണമതമൂല്യങ്ങളെ  അധ:സ്ഥിതമനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഭക്തികൃതികൾക്ക് കഴിഞ്ഞു. അവർണ്ണർക്ക് വൈദികപഠനം കൂടാതെ ഈശ്വരനാമോച്ചാരണത്തിലൂടെ മാത്രം ഈശ്വരനിൽ എത്തിച്ചേരാമെന്ന് ഭക്തിപ്രസ്ഥാനം സിദ്ധാന്തിച്ചു. അതിനാൽ ഒരു കിളിപ്പാട്ടിന്റെ സംഗീതാത്മകതയിലേക്ക് കവിതയെ കൂട്ടികൊണ്ടുപോയി. എന്നാൽ സാഹിത്യത്തെ സംഗീതത്തിൽനിന്നും വേറിട്ട് കണ്ട മാരാര്, എഴുത്തച്ഛന്റെ രാമായണം, ജലപ്പിശാചുകാരനായ ഏതോ 'സനാതനി' ബ്രാഹ്മണൻ കെട്ടിച്ചമച്ച ഒരാധ്യാത്മികപ്പേക്കോലത്തിന്റെ കേവല അനുകരണമായി കാണുന്നു.  അവർണ്ണരുടെ മനസ്സിൽ ആത്മീയമായ അടിമത്തവും ആ അർത്ഥത്തിൽ ഹൈന്ദവ ഏകീകരണവും സൃഷ്ടിക്കാൻ എഴുത്തച്ഛന് കഴിഞ്ഞു. അരാജകമായ മനസ്സുകൾക്ക് രക്ഷയുടെ വൈഷ്ണവാധികാര ബിംബങ്ങളാണ് അദ്ദേഹം നിർമ്മിച്ചുകൊടുത്തത്. ഫ്യൂഡലിസത്തെ തകർക്കാനായില്ലെങ്കിലും പുന:സംവിധാനം ചെയ്യാനും ബ്രാഹ്മണമേധാവിത്വത്തിനു പകരം സവർണ്ണമേധാവിത്വം പ്രതിഷ്ഠിക്കാനും ഭക്തിപ്രസ്ഥാനത്തിനുകഴിഞ്ഞു. (കേരളത്തിന്റെ സാംസ്‌കരിക ചരിത്രം- പി.കെ. ഗോപാലകൃഷ്ണൻ). അതായത് സവർണ്ണമേധാവിത്വം ദൃഢമാക്കാൻ എഴുത്തച്ഛൻ്റെ കൃതികൾക്ക് കഴിഞ്ഞു. ഭാഷാപിതാവ് എന്ന മിത്തിൻ്റെ സൃഷ്ടി അധീശ സമൂഹത്തിൻ്റേതായിരുന്നു.

 

 പൂന്താനം

 

 ''ഭർത്താവ് അകത്ത്, കാമുകൻ പുറത്ത്, രണ്ടുംകൂടി എനിക്കു വയ്യ. ഈ ലോകം, അപരലോകം, രണ്ടിനേയും വിവാഹം കഴിക്കാനെനിക്കുവയ്യ''- മഹാദേവിയക്ക. ബ്രാഹ്മണാത്മീയ മതം ആത്മാവ്/ദേഹം ഇങ്ങനെ ഛേദിക്കപ്പെട്ട ജീവിതമാണ് നൽകിയത്. ആത്മീയതയുടെ ആചാര ബഹുലതയിൽപ്പെട്ട് ജീവിതം ശ്വാസം മുട്ടിമരിച്ചപ്പോഴാണ് സ്വന്തം മനസ്സിലെ ഉണ്ണികൃഷ്ണനിലേയ്ക്ക് പൂന്താനം മനം തിരിച്ചത്. കവിയുടെ രത്യാത്മകമായ അബോധമനസ്സ് (Libido) പുറംലോകത്തിൽ നിന്നും പിൻവാങ്ങി ബോധത്തിൽ (ego) കേന്ദ്രീകരിക്കുന്നു എന്നും ഇത് ഫ്രോയിഡ് വിശേഷിപ്പിക്കുന്ന നാർസിസമാണെന്നും 'അഹം ബ്രഹ്മാസ്മി' എന്ന ഉപനിഷത് ദർശനത്തിലും നാർസിസത്തിന്റെ ഗീതമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (പി. സോമൻ, പൂന്താനം പാഠവും പഠനവും) എഴുത്തച്ഛന്റെ ഭക്തി അധികാരപക്ഷത്തുനിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമാകുമ്പോൾ പൂന്താനത്തിന്റെ ഭക്തി പ്രജാപക്ഷത്തുനിന്നുള്ള വിലാപവും പ്രതിരോധവുമാകുന്നു. 'ജ്ഞാനപ്പാന'യ്ക്ക് വിലാപഗാനത്തോട് സാദൃശ്യമുണ്ടെന്നും (പി.വി. വേലായുധൻപിള്ള) ഭാവഗാനത്തോട് അടുത്തു നിൽക്കുന്നു എന്നും (സി.അച്യുതമേനോൻ) വിലയിരുത്തപ്പെടുന്നത് അതുകൊണ്ടാണ്.

 

 

''ബ്രാഹ്മണ്യംകൊണ്ട് കുന്തിച്ചു കുന്തിച്ചു'' നടക്കുന്നവരെ പൂന്താനം വിമർശിക്കുന്നത് കേവലം ഭക്തകവിയുടെ ഭൗതികജീവിത ഭർത്സനമല്ല, സാമൂഹിക വിമർശനമാണ്. അഗ്നിസാക്ഷിയായി വേട്ട പെണ്ണിനെ സ്വപ്നത്തിൽ പോലും നിനക്കുന്നില്ല എന്നു പറയുമ്പോൾ, ഭാര്യയോടൊത്തുള്ള ജീവിതം സ്വപ്നസമാനം എന്നു പറയുന്ന എഴുത്തച്ഛനിൽ നിന്നും അതു വ്യത്യസ്തമാണ്. സ്ത്രീയുമൊത്തുള്ള ജീവിതമല്ല, സ്ത്രീയെ ഉപേക്ഷിക്കുന്ന ജീവിതമാണ് മിഥ്യ എന്ന ഭക്തിക്ക് വിപരീതമായ ദർശനം പൂന്താനത്തിൽ കാണാം. അഗ്നിസാക്ഷിയായി വേൽക്കുക ബ്രാഹ്മണാചാരമായതിനാൽ ബ്രഹ്മണമതത്തിൻ്റെ അർത്ഥരഹിതമായ ആചാരത്തിന് നേർക്കുള്ള കലാപമായും പൂന്താനകൃതി മാറ്റുന്നു.

 

ജീവിതവും പ്രവൃത്തികളും  അനുഭവങ്ങളും മിഥ്യയായി, വ്യാജമായി മാറുന്നത് സ്വാഭാവികമായുണ്ടാകുന്നതല്ല ചിലർ അങ്ങനെ ആക്കിത്തീർക്കുന്നതാണ് എന്ന ബോധ്യം പക്ഷെ പൂന്താനത്തിനുണ്ടായിരുന്നു.

''സ്ഥാനമാനങ്ങൾചൊല്ലിക്കലഹിച്ചു

നാണംകെട്ടു നടക്കുന്നിതു ചിലർ

മദമത്സരം ചിന്തിച്ചു ചിന്തിച്ചു

മതി കെട്ടു നടക്കുന്നിതു ചിലർ ''

 പാമ്പിൻ്റെ വായിൽ അകപ്പെട്ട തവളയുടെ അതായത് ഇരയുടെ ഇരതേടൽ പോലെയാണ്, മനുഷ്യരുടെ ജീവിതഭോഗാന്വേഷണം എന്നു എഴുത്തച്ഛൻ എഴുതുമ്പോൾ അത് ലോകസ്വഭാവത്തെക്കുറിച്ചാണ്. പട്ടിണികിടക്കുന്ന ഭൂരിഭാഗം ജനവിഭാഗത്തോടാണ്, ഭക്ഷണം സങ്കല്പം മാത്രമായ ജനതയോടാണ് ഭോഗങ്ങൾ ക്ഷണപ്രഭാചഞ്ചലം എന്നു പറയുന്നത്. എന്നാൽ ആർത്തി എന്നത് ചിലരുടെ സൃഷ്ടിയാണ്,  അധികാരത്തിൻ്റെ സൃഷ്ടിയാണ് എന്നാണ് പൂന്താനം പറയുന്നത്.

 

 

''അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും

ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ ''

 

       അമ്മ, അച്ഛൻ, ഭാര്യ എന്നിവ സാധ്യമാകുന്ന, മക്കൾ അച്ഛന് ചെലവിന് കൊടുക്കേണ്ടി വരുന്ന, ഭർത്താവ് ഭാര്യയ്ക്ക് ചെലവിന് കൊടുക്കേണ്ടി വരുന്ന കുടുംബസമ്പ്രദായം എത്രത്തോളം അന്ന് നിലനിന്നിരുന്നു എന്ന് ആലോചിക്കേണ്ടതാണ്. വിവാഹം കിടപ്പറവട്ടം എന്ന നിലയിൽ നിന്നും ജീവിതാവസാനബന്ധമായി മാറുന്നത് ഇരുപതാം നൂറ്റാണ്ടിലാണെന്നും കൊച്ചിയിലാണെന്നും കൊച്ചിൻ സ്റ്റേറ്റ് മാനുവലിൽ കാണുന്നുണ്ട്. ഭാര്യയ്ക്ക് ചെലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ട് എന്ന് പറയുന്നത് 1896 ലെ നാലാം നമ്പർ മലബാർ വിവാഹ ആക്ട് പ്രകാരമാണ്. അച്ഛനാകട്ടെ കുടുംബത്തിലെ അഭാവസാന്നിധ്യമായിരുന്നു. അമ്മാവൻ്റെ സ്വത്ത് മരുമകന് ലഭിക്കുമെന്നല്ലാതെ മകൻ അമ്മയ്ക്കും അച്ഛനും പണം കൊടുക്കുക എന്ന സങ്കല്പം അന്നില്ല. ഭാര്യയ്ക്ക് കൊടുക്കുന്നത് ഉണ്ണാനുള്ള വകയല്ല, സമ്മാനങ്ങൾ ആണ്. ധനത്തിൻ്റെ വിതരണത്തെ തടയുന്നതും കുത്തകവത്കരണം ലക്ഷ്യമാക്കിയിട്ടുള്ള നിലവിലുള്ള കുടുംബ-ദായ ക്രമത്തിനുള്ളിലെ വൈകാരിക ബന്ധദാരിദ്ര്യവും സാമ്പത്തിക ദയനീയതകളും ജീർണ്ണതകളും കണ്ടിട്ട് പ്രണയത്തിൽ അധിഷ്ഠിതമായ ആധുനിക കുടുംബ ബന്ധത്തെയാണ് പൂന്താനം വിഭാവനം ചെയ്യുന്നത്. അതിലൂടെ മെച്ചപ്പെട്ട രാഷ്ട്രീയ സംവിധാനത്തെയും.

 

''കോലകങ്ങളിൽ സേവകരായിട്ടു

കോലംകെട്ടി ഞെളിയുന്നിതു ചിലർ ''

 

     സേവ എന്നത് നവോത്ഥാന പൂർവ്വകാലത്തെ ഉന്നത മൂല്യമായിരുന്നു. 'ധ്വന്യാലോക'ത്തിലെ ഒരു ഉദാഹരണ ശ്ലോകം കേരളത്തിനും ബാധകമാണ്. “സുവർണ്ണപുഷ്പാംപൃഥിവീം…” എന്നു തുടങ്ങുന്ന ശ്ലോകത്തിൻ്റെ പരാവർത്തനം ഇങ്ങനെയാണ്: “മൂന്നാളുകൾ പൊൻപൂവുള്ള ഭൂമിയിൽ നിന്നു ധനം നേടുന്നു. ശൂരനും പഠിച്ചവനും സേവാധർമ്മം അറിയുന്നവനും”. അതായത് സേവ മഹത്തായ കർമ്മമാണ്. കൊട്ടാരങ്ങളിൽ കയറിയിറങ്ങുന്ന ബ്രാഹ്മണരെ അങ്ങനെ കയറിയിറങ്ങുന്നു എന്നതുകൊണ്ടു തന്നെ ഇവിടെ പൂന്താനം ആക്ഷേപിക്കുന്നു. സേവ ഭക്തിപ്രസ്ഥാനം മഹത്വവത്കരിച്ച പ്രധാന ആശയമാണ്. രക്ഷകനും ആശ്രിതസേവകനും രാമനും ഹനുമാനും മഹത്വവത്കരിക്കപ്പെടുകയാണ് ഭക്തിപ്രസ്ഥാനത്തിൽ. സേവാധർമ്മത്തിൻ്റെ ജനകീയവത്കരണമാണ് ഭക്തിപ്രസ്ഥാന ലക്ഷ്യം തന്നെ. അതുകൊണ്ടാണ് ഭക്തിപ്രസ്ഥാനാനന്തരം ബ്രാഹ്മണരെ സേവിച്ച നായർ ജനത സവർണ്ണവത്കരിക്കപ്പെടുകയും നാടുവാഴികൾ ഉദയം ചെയ്യുകയും ചെയ്തത്. ബ്രാഹ്മണരെ ഏത് സാഹചര്യത്തിലും ശൂദ്രൻ സേവിക്കാൻ തയ്യാറായിരിക്കണമെന്നത് ശാങ്കരസ്മൃതിയിലെ  നിയമമാണ്. അതിനെയാണ് പൂന്താനം പരിഹസിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത്.

 

''ശാന്തിചെയ്തു പുലർത്തുവാനായിട്ടു

സന്ധ്യയോളം നടക്കുന്നിതു ചിലർ ''

 

''അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ

അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ ''

 

അതുപോലെ അന്നത്തെ ഏറ്റവും പാവനമായ കർമ്മമാണ് ശാന്തി ചെയ്യുക, യാഗം ചെയ്യുക എന്നത്. അതിനെയാണ് സ്ഥാനമാനം ചൊല്ലി കലഹിക്കുന്നതിനോടും മദമത്സരം ചിന്തിക്കുന്നതിനോടും ചഞ്ചലാക്ഷിമാരുടെ വീടുകളിൽ പോകുന്നതിനോടും ചേർത്ത് വച്ച് ആക്ഷേപിക്കുന്നത്. മനുസ്മൃതിയിൽ ബ്രാഹ്മണന് പറയുന്ന ജീവനോപാധിയാണ് യാഗവും ദാനം സ്വീകരിക്കുക എന്നതും. യാഗകർമ്മം മോശമാണെന്ന് പറഞ്ഞവരെയാണ് രാമൻ കൊന്നൊടുക്കിയത്. അതുകൊണ്ടു തന്നെ പൂന്താനം പറയുന്നത് എത്രത്തോളം പ്രകോപനപരമാണ് എന്നു വ്യക്തമാണല്ലോ? ചാതുർവർണ്യത്തെയാണ്, അതിൻ്റെ തൊഴിൽ സങ്കല്പത്തെയാണ് പൂന്താനം എതിർക്കുന്നത്. ആ വ്യവസ്ഥയുടെ മൂല്യച്യുതികളെയല്ല, വ്യവസ്ഥയെത്തന്നെയാണ് പൂന്താനം പരിഹസിക്കുന്നത്, എതിർക്കുന്നത്. ഇതൊക്കെപ്പറയുമ്പോൾ ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു, നിന്ദിക്കുന്നു എന്നത് ഇത്തരം നിലപാടുകൾ സ്വീകരിച്ചതിൻ്റെ പേരിൽ പൂന്താനം നേരിട്ട എതിർപ്പിനെ സൂചിപ്പിക്കുന്നു. ആ എതിർപ്പ് അറിഞ്ഞുകൊണ്ടു തന്നെയാണ് ബ്രാഹ്മണമതത്തിനെതിരായി ശക്തമായ നിലപാടു പൂന്താനം സ്വീകരിക്കുന്നത്.

 

"സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ

ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ ''

 

"സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും

എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;

മത്തേഭം കൊണ്ടു കച്ചവടം ചെയ്തും

ഉത്തമതുരഗങ്ങളതുകൊണ്ടും

അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-

മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!''

 

സ്വന്തം ജനതയെ ഒറ്റുകൊടുത്തുകൊണ്ടും സ്വന്തം ജനതയുടെ സ്ഥലവും വിഭവവും വിട്ടുകൊടുത്തുകൊണ്ടും സാമൂതിരി ചെയ്യുന്ന കപ്പൽ കച്ചവടം തീർത്ത സമ്പത്തിൻ്റെ അധികാരകേന്ദ്രീകരണമാണ് പൂന്താനം ഇവിടെ വിമർശനവിധേയമാക്കുന്നത്. ജീവിതവും ജീവനും പിടിച്ചു പറ്റിയിട്ട് ഇരയാക്കപ്പെട്ടവൻ്റെ ഇരതേടലിനെയും കഠിനരോദനത്തെയും മിഥ്യ എന്നു പറയുന്ന രീതിയല്ല പൂന്താനത്തിനുള്ളത്. വിദേശികളുടെയും ബ്രാഹ്മണരുടെരുടെയും വായിലകപ്പെട്ടു പോയ രാജാക്കന്മാരുടെ ജനങ്ങളെ ലക്ഷ്യംവച്ചുള്ള ഇരതേടലാണ് ജനങ്ങളുടെ ജീവിതത്തെ ക്ഷണികമാക്കിയത് എന്ന് പൂന്താനം മനസിലാക്കുന്നു.

 


 

 


1 comment

Related Posts

bottom of page