top of page

സിൻഡ്രല്ലയും പെൺപാഠങ്ങളുംഭാഗം-1

സംസ്കാര പഠനം
അഞ്ജലി പി.പി.

'സിൻഡ്രല്ല' എന്ന കഥ വിവിധ ഭാഷകളിൽ വിവിധ രൂപങ്ങളായി നില നിൽക്കുന്നുണ്ട്. 'സിൻഡ്രല്ല' എന്ന കഥാനായികയുടെ പേരുപയോഗിച്ചും അല്ലാതെയും അവ കാണപ്പെടുന്നുണ്ട്. സിൻഡ്രല്ല എന്ന കഥയുടെ പ്രധാന പാഠം സംക്ഷി പ്തമായി അവതരിപ്പിക്കുക, കാലാന്തരത്തിൽ വന്ന വ്യതിയാനങ്ങൾ സൂചിപ്പിക്കുക, വിവിധ സ്ഥലങ്ങളിലെ സിൻഡ്രല്ല കഥകളെ പരിചയപ്പെടുത്തുക ,സിൻഡ്രല്ലാക്രമം പിൻതുടരുന്ന

മലയാള കഥകളെ വിശകലനം ചെയ്യുക എന്നിവയാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഓരോ എഴുത്തുകാരിയുടെ ഉള്ളിലും ( സാറാ ജോസഫ്), മണ്ടകത്തിലെ ദേവി (പി.വത്സല ), ആർത്തു പെയ്യുന്ന മഴയിൽ ഒരു ജുമൈല (അംബികാസുതൻ മാങ്ങാട്, സിൻ ഡ്രെല്ല ( ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്) എന്നീ കഥകൾ ചർച്ച ചെയ്യുന്നു.അതു പോലെ സിനിമകളും പരസ്യങ്ങളും.


സിൻഡ്രല്ല - കാലം, ചരിത്രം


ലോകത്തിലെ പ്രശസ്‌തമായ നാടോടിക്കഥകളിലൊന്നാണ് 'സിണ്ടറെല്ല/ സിൻഡ്രെല്ല'. സിൻ ഡ്രെല്ലയെപ്പോലെ തന്നെ ഒരു പെൺകുട്ടിയാണ് “ആലീസിന്റെ അത്ഭുതലോകം' എന്ന കഥയിലെ ആലീസ്. ഈ കഥകളുടെ പ്രധാന വ്യത്യാസമെന്നത് ഇവയുടെ ചരിത്രത്തെ സംബന്ധിക്കുന്നതാണ്. 'ആലീസിന്റെ അത്ഭുതലോകം' എന്ന കഥ ലൂയിസ്കരോൾ എഴുതിയുണ്ടാക്കിയതാണ്. ഓക്സ്‌ഫോർഡ് കോളേജിൽ ഗണിതശാസ്ത്രം പഠിപ്പിക്കുകയായിരുന്നു ഈ പാതിരി. യഥാർത്ഥനാമം ചാൾസ് ലുട്‌വിജ് ഡോജ്സൺ എന്നാണ്. കവിതകളിലൂടെയാണ് അദ്ദേഹം സാഹിത്യരംഗത്തേയ്ക്ക് കടന്നുവരുന്നത്. ബി.ബി. എന്ന കള്ളപ്പേർ 'ട്രെയ്ൻ' മാസികയുടെ പത്രാ ധിപർ അംഗീകരിക്കാതെ വന്നപ്പോൾ ജനിച്ച പ്രദേശത്തിൻ്റെ പേരായി 'ഡേഴ്സ്' ഉപ യോഗിച്ചെങ്കിലും അതും സ്വീകാര്യമായില്ല. പിന്നീട് 'ലുട്‌വിജി'ന്റെ ലാറ്റിൻ രൂപമായ (Ludovic, Louis Charles, Carolus) ലൂയിസ് കരോൾ(Lewis Carroll) എന്ന പേരുണ്ടാക്കുകയും അത് അംഗീകാരം നേടുകയും ചെയ്‌തു. മുമ്പേ എഴുതിയിരുന്നെങ്കിലും ഈ കഥ പ്രകാശിതമാകുന്നത് 1865 ലാണ് . തൻ്റെ വകുപ്പുമേധാവിയുടെ മകളായ ആലീസിനു വേണ്ടി എഴുതിയ കഥയാണ് Alice's Adventures in Wonderland". ഇങ്ങനെ വ്യക്തമായ ഒരു ചരിത്രം ഈ നാടോടിക്കഥയ്ക്കുണ്ട്. എന്നാൽ ഇത്തരത്തിലൊരു വ്യക്തമായ ചരിത്രം 'സിൻഡ്രല്ല'യ്ക്കില്ല.


എ.ഡി. ഒമ്പതാം ശതകത്തിൽ ചൈനയിലാണ് സിൻഡ്രല്ല കഥ ഉണ്ടായതെന്നാണ് പരക്കെയുള്ള വിശ്വാസം. മിക്ക കിഴക്കൻ രാജ്യങ്ങളിലും ഇക്കഥ പ്രചാരത്തിലുണ്ടായിരുന്നതായും കാണാം. 'സിൻഡ്രല്ലയ്ക്ക് ആദ്യ ലിഖിതരൂപം നൽകിയത് ചാൾസ് പെറോളാണ് . [Charles Perrault (1628-1703)] 'Cendrillon ou La Petite Pantoufle de verre' (Cindrella or The Little Glass Slipper) എന്നായിരുന്നു അതിന്റെ പേര്. ഇന്നു പ്രചാരത്തിലിരിക്കുന്ന 'സിൻഡ്രല്ല് കഥയിലെ മത്തങ്ങാവണ്ടി പോലുള്ള രസകരവും അത്ഭുതവുമുളവാക്കുന്ന കാര്യ ങ്ങൾ എഴുതിച്ചേർത്തത് പെറോയാണെന്ന് തെളിയുന്നു.


ഒരു യക്ഷിക്കഥയുടെ അല്ലെങ്കിൽ ഒരു കുട്ടിക്കഥയുടെ പ്രചാരത്തിനു ചേരുന്ന ഒരു സന്ദർഭവും പെറോയുമായി ബന്ധപ്പെട്ട് ഉണ്ടായതായി നിരീക്ഷിക്കപ്പെട്ട വിവരം ശ്രീ. ഇ.പി രാജഗോപാലൻ തന്റെ ലേഖനത്തിൽ പറയുന്നുണ്ട്. അതായത് പെറോയുടെ മകനായിരുന്നു ദെ ആമകോദ്. ഒരിക്കൽ അവൻ ആയ അവനു പറഞ്ഞു കൊടുക്കുന്ന ചില കഥ അദ്ദേഹം കേൾക്കാനിടയായി. അറിവും കവിത്വവും ഉണ്ടായിരുന്ന പെറോ തന്റെ ഭാവനാംശങ്ങളും ചേർത്ത് അവ രേഖപ്പെടുത്തി വച്ചു. 'ഫോക്‌ക്ലോർ നിഘണ്ടു'വിൽ പെറോവിന്റെ ഈ ഉദ്യമത്തെകുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു;


"1677 ൽ ഫ്രഞ്ചുകാരനായ ചാൾസ് പെറോൾ ഫേറി റ്റേൽസിന്റെ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തി.


ദ സ്ലീപ്പിങ്ങ് ബ്യൂട്ടി(The Sleeping Beauty)


റെഡ് റൈഡിംഗ് ഹുഡ് (Red Riding Hood)


പുസ്‌ ഇൻ ബൂട്സ് (Puss in Boots)


സിൻഡ്രല്ല (Cindrella)


എന്നീ കഥകൾ ആ സമാഹാരത്തിലുള്ളതാണ് "


ഫ്രഞ്ചിൽ 'Cendrillon' എന്നാണ് എഴുതുക, ഉച്ചാരണം 'സന്ദ്രിയോങ്'. സമാഹാരത്തിൻ്റെ പേര് 'Contes de ma mere Foyes', ഉച്ചാരണം 'കോങ്ത്-ദ്-മാ-മോർ- ലോയി'. ഇംഗ്ലീഷിൽ ഇത് 'Tales of Mother Goose' ('അമ്മത്താറാവിന്റെ കഥകൾ')

എന്നാണ്. ഇത് പുറത്തുവന്ന കാലഘട്ടം അനുകൂലമായതിനാൽ കഥയുടെ ഏറിയ പ്രചാരണത്തിനു അത് ഗുണമായി ഭവിച്ചു. അത്തരത്തിൽ ഫ്രാൻസിൽ വളരെ പ്രസി ദ്ധമായി കഴിഞ്ഞിരുന്നു ഈ കഥകൾ. എന്നാൽ 1697 കാലഘട്ടത്തിൽ ഇംഗ്ലണ്ടിലും അമേരിക്കയിലും ബാലസാഹിത്യത്തെ വിലക്കിയിരുന്നു. ഇക്കാലം കഴിഞ്ഞ് 1729 ൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോൾ മാത്രമാണ് ഈ കഥയ്ക്ക് പ്രശസ്തി ലഭിച്ചത്.


കഥകൾ പുറത്തു വന്നതിൻ്റെ സാധ്യതകൾ പല തരത്തിൽ പറയുന്നുണ്ട്. ആയ കുട്ടിയോടു പറഞ്ഞ കഥയെന്നതിനാണ് പ്രാമുഖ്യമെങ്കിലും ഒരെഴുത്തുകാര നായ പെറോ താൻ വാമൊഴിയായി അറിഞ്ഞ കഥ സ്വയം വരമൊഴിയിലേയ്ക്ക് മാറ്റി, മകൻ്റെ പേരും കൂട്ടിച്ചേർത്തത് ഒരു ആഖ്യാനതന്ത്രമായും കാണുന്നുണ്ട്. ആയയുടെ സാന്നിധ്യം കഥയ്ക്കുള്ളിലും ഉണ്ട്. നാടോടിക്കഥാ പണ്‌ഡിതനായ ആൻഡ്രൂലാങ് പറയുന്നത് മറ്റൊരു കാര്യ മാണ് - കഥയെഴുതിയതു തന്നെ കുട്ടിയാണ്. അച്ഛൻ അത് മിനുക്കിക്കൊടുത്തതേ യുള്ളൂ.. ഇതിലേതാണ് വസ്‌തുത എന്നുള്ളത് ഇവിടെ പ്രസക്തമല്ല. എന്നാൽ ഇതിനെ തുടർന്നുള്ള സംഭവങ്ങൾക്ക് ചരിത്ര രേഖയുള്ളതായി തെളിവുണ്ട്.


ചാൾസ് പെറോ താൻ എഴുതിയ കുറെ കഥകൾ നെതർലൻസ്സിലെ ഹേഗി ലുള്ള മൊയ്റ്റ്ജൻസ് എന്ന പ്രസിദ്ധീകരണശാലക്കാരന് അയച്ചു കൊടുത്തു. മൊയ്റ്റ് ജെൻസ് 1996ലും 1997ലുമായി അവ തന്റെയൊരു മാസികയിൽ പല ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. അവ ജനശ്രദ്ധ പിടിച്ചുപറ്റുന്നതു കണ്ട് പാരീസിലെ ഒരു പുസ്ത‌കകച്ചവടക്കാരൻ അവയിൽ എട്ടു മികച്ച കഥകൾ തിരഞ്ഞെടുത്ത് ഒരു പുസ്തകമാക്കി. പിന്നീട്, ഏതാണ്ട് മൂപ്പത്തിരണ്ട് വർഷങ്ങൾക്കു ശേഷം ഇത് ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമായി.


ഇംഗ്ലണ്ടിന് ലോകമെങ്ങും പുത്രികാരാജ്യങ്ങൾ അഥവാ കോളനികൾ ഉണ്ടായിരുന്ന കാലമായിരുന്നതിനാൽ തന്നെ ഇക്കഥയ്ക്ക് വളരെ പ്രചാരം കിട്ടി. അങ്ങനെ സിൻഡ്രല്ലക്കഥയുടെ ഇംഗ്ലീഷ് പതിപ്പ് ലോകമെങ്ങും എത്തുവാൻ ഈ ചരിത്ര സംഭവം കാരണമായി. പ്രാദേശികമായി ഈ കഥാതന്തു പലയിടങ്ങളിലും സ്വീകരിച്ച തിനും തെളിവുകളുണ്ട്. പൂർവ്വപാഠങ്ങൾ കൃത്യമായി ലഭ്യമല്ലാത്തതിനാൽ കഥയ്ക്ക് ലിഖിതരൂപം പെറോ വരുത്തിയ മാറ്റങ്ങളെ കുറിച്ച് കൃത്യമായി അക്കമിട്ടു പറയാനാവില്ല. പക്ഷെ, 'സിൻഡ്രല്ല' എന്ന പേരുവന്നത് പെറോയുടെ ഭാവനയിൽ നിന്നാണ്.


ഫ്രഞ്ച് ഭാഷയിൽ 'അടുപ്പിലെ വെണ്ണീര്' എന്നർത്ഥം വരുന്ന 'Cendre' ( സാന്ദ്ര്) എന്നൊരു വാക്കുണ്ട്. സാന്ദ്രിയോങ്ങ് എന്ന പേരല്ല സിൻഡ്രല്ല. ഇംഗ്ലീഷിൽ അതിനു സമാന ഉച്ചാരണവും അർത്ഥവും വരുന്ന 'Cinder' എന്നൊരു വാക്കുണ്ട്.


"Cinder (സിൻഡർ) : (n) piece of glowing coal - തീക്കൊള്ളി, ചാരം" ഇതിനോടു കൂടി പെൺകുട്ടി എന്നർത്ഥം വരുന്ന 'lass' ന്റെ വകഭേദമായ 'la' ചേർത്താണ് 'Cinderalla' എന്ന പദത്തിൻ്റെ നിഷ്പത്തി എന്നു കാണാം. ഫ്രഞ്ചിൽ 'Cendre' (സാന്ദ്രിയോങ്) ഉണ്ടാക്കി. അർത്ഥം ഒന്നു തന്നെ. ഈ പദത്തിനോടു സാമ്യം തോന്നുന്ന വിധത്തിലുള്ള രണ്ട് വാക്കുകളെ കുറിച്ച് ശ്രീ. ഇ.പി രാജഗോപാലൻ തന്റെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. ഓൾഡ് ഇംഗ്ലീഷിലെ 'Sinder' എന്ന വാക്കും, ലത്തീനിൽ 'വെണ്ണീര് എന്നർത്ഥം 'cins' എന്ന വാക്കും.


ഫ്രഞ്ചുകാരനായ ചാൾസ് പെറോയുടെ 'സിൻഡ്രല്ല' എന്ന കഥയ്ക്ക് ഇംഗ്ലീഷ് വിവർത്തനമായി പ്രചരിച്ചപാഠമാണ് ഇവിടെ പ്രാധാനപാഠമായി സ്വീകരിക്കുന്നത്. സംക്ഷിപ്തമായി അത് വിവരിക്കുന്നു



സിൻഡ്രെല്ല - കഥാസംഗ്രഹം



ഒരിക്കൽ ഒരിടത്ത് ധനികനായ ഒരു ജന്മി താമസിച്ചിരുന്നു. അയാൾക്ക് സുന്ദരിയും സത്‌സ്വഭാവിയുമായ ഒരു മകളുണ്ടായിരുന്നു. ഒരു നാൾ അവളുടെ അമ്മയ്ക്ക് മാരകമായ ഒരസുഖം വന്ന് മരിച്ചുപോയി. വളരെ ചെറുപ്പത്തിലെ തന്നെ അമ്മയെ നഷ്ടപ്പെട്ട തന്റെ മകൾക്കു വേണ്ടി ധനികൻ രണ്ട് പെൺമക്കളുടെ അമ്മയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. തൻ്റെ മകളെ ജീവനു തുല്യം അവർ സ്നേഹിക്കുമെന്ന് കരുതിയ ധനികന് തെറ്റി. ഒട്ടും മനുഷ്യത്വമില്ലാത്ത പെരുമാറ്റമാണ് അവരിൽ നിന്നു ണ്ടായത്. ക്രൂരയും നിർദ്ദയയുമായ അവർ ആ പെൺകുട്ടിയുടെ സൗന്ദര്യം കണ്ട് അസൂയപ്പെട്ടു. തന്റെ മക്കൾക്ക് അത്രയും സൗന്ദര്യമില്ലാത്തതാണ് അവരെ കൂടുതൽ ദേഷ്യം പിടിപ്പിച്ചത്. അവസരം കിട്ടുമ്പോഴൊക്കെ അവളെ പീഡിപ്പിക്കുവാൻ ആ സ്ത്രീ തീരുമാനിച്ചു. അച്ഛനാണെങ്കിൽ അവർക്ക് മുന്നിൽ തികച്ചും നിസ്സഹായനായി നിന്നു.


ആ വീട്ടിലെ സുഖസൗകര്യങ്ങൾ മുഴുവൻ അനുഭവിച്ച് രണ്ടാനമ്മയും മക്കളും രാജകീയ ജീവിതം നയിച്ചു വന്നു. രണ്ടാനമ്മയുടെ മക്കളാകട്ടെ, മുഴുവൻ സമയവും അണിഞ്ഞൊരുങ്ങി നടക്കും. വീട്ടിലെ പണികൾ മുഴുവൻ ആ പാവം പെൺകുട്ടിയെ ക്കൊണ്ട് ചെയ്യിക്കും. തന്റെ ദുർവിധിയോർത്ത് അവൾ ആരും കാണാതെ പൊട്ടിക്കരയും. രണ്ടാനമ്മയുടെ മക്കൾക്ക് എണ്ണമറ്റ പട്ടുവസ്ത്രങ്ങൾ ലഭിച്ചപ്പോൾ അവൾക്കു കിട്ടിയതു കീറിപ്പറിഞ്ഞ ഒരു പഴഞ്ചൻ കുപ്പായം മാത്രം.


രാത്രിയാകുമ്പോൾ രണ്ടാനമ്മ തന്റെ മക്കൾക്ക് പട്ടുകിടക്ക വിരിച്ചു കൊടുക്കും. പുതച്ചു കിടക്കാൻ കമ്പിളിയും നൽകും. അതേ സമയം, പാവം പെൺകുട്ടി വിരിക്കാൻ ഒരു തുണ്ടു തുണി പോലുമില്ലാതെ അടുക്കളയിലെ തറയിൽ ചുരുണ്ടു കിടന്നുറങ്ങും. അടുപ്പിലെ കരിയെല്ലാം പുരണ്ട് പാവത്തിന്റെ ശരീരം വല്ലാതെ കുറുത്തുപോയി. കരിപുരണ്ട പെൺകുട്ടിയെ നോക്കി രണ്ടാനമ്മയും പെൺമക്കളും പൊട്ടിച്ചിരിച്ചു. ഇപ്പോൾ അവളേക്കാൾ സുന്ദരി തൻ്റെ മക്കൾ തന്നെയെന്ന് അവർക്ക് തോന്നി, കരി പിടിച്ച ശരീരമുള്ള അവളെ അവർ 'സിൻഡ്രല്ല' എന്നു പരിഹസിച്ചു വിളിച്ചു.


അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. അതിസുന്ദരിയായി മാറി സിൻഡ്രല്ല. കഠിന ജോലികൾ ചെയ്തു ക്ഷീണിച്ചിട്ടും, കീറിപ്പറിഞ്ഞ കുപ്പായങ്ങൾ ധരിച്ചിട്ടും അവളുടെ സൗന്ദര്യത്തിനു യാതൊരു മങ്ങലും സംഭവിച്ചില്ല. രണ്ടാനമ്മയുടെ മക്കൾ സദാ ഒരുങ്ങി നടന്നിട്ടും സിൻഡ്രല്ലയുടെ സൗന്ദര്യം തന്നെ മുന്നിട്ടു നിന്നു. അതോടെ രണ്ടാനമ്മയ്ക്കും മക്കൾക്കും അവളോടുള്ള അസൂയ ഇരട്ടിച്ചു.


അതിനിടെ ഒരു നാൾ രാജാവിൻ്റെ വക ഒരു വിളംബരം ഉണ്ടായി. രാജഭടന്മാർ നാടിന്റെ മുക്കിലും മൂലയിലും ചെന്ന് ചെണ്ട കൊട്ടി ഇങ്ങനെ അറിയിച്ചു:


"ബഹുമാനപ്പെട്ട പ്രജകളുടെ ശ്രദ്ധയ്ക്കായി മഹാരാജാവ് അറിയിക്കുന്നു. നാട്ടിലെ യുവതികളെല്ലാം ഇന്നു രാത്രി കൊട്ടാരത്തിൽ നടക്കുന്ന വിരുന്നിൽ പങ്കെടുക്കണം. രാജാവിന്റെ ഏകമകനും യുവരാജാവുമായ രാജകുമാരൻ അവരിൽ നിന്നും തനിക്കു ചേർന്ന വധുവിനെ തിരഞ്ഞെടുക്കുന്നതായിരിക്കും. രാജകല്പന അനുസരിക്കാത്തവർ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരും''


ഭടന്മാർ സിൻഡ്രല്ലയുടെ വീടിനു മുന്നിലും നിന്ന് ഈ വിളംബരം ആവർത്തി ച്ചു. രണ്ടാനമ്മയും പെൺമക്കളും അതുകേട്ട് വളരെ സന്തോഷിച്ചു. തന്റെ മക്കളിലൊ രാളെത്തന്നെ രാജകുമാരൻ ഭാര്യയാക്കുമെന്ന് അവർ ഉറച്ചു വിശ്വസിച്ചു. അതു താനായിരിക്കുമെന്ന് പെൺമക്കൾ രണ്ടാളും മനസ്സിൽ പറഞ്ഞു. എന്തുവന്നാലും സിൻഡ്രെല്ലയോട് ഇക്കാര്യം പറയരുതെന്ന് രണ്ടാനമ്മ തൻ്റെ മക്കളോടു പറഞ്ഞു. സിൻഡ്രെല്ലയെ കൂട്ടി കൊട്ടാരത്തിലെത്തിയാൽ തൻ്റെ മക്കളുടെ അവസരം നഷ്ടപ്പെടുമെന്ന് അവർ ഭയന്നു. അവളെയും അച്ഛനെയും അറിയിക്കാതെ കൊട്ടാരത്തിലേക്ക് പോകാനായിരുന്നു അവരുടെ പദ്ധതി അവർ രഹസ്യമായി പട്ടുകുപ്പായങ്ങളണിഞ്ഞ് പുറത്തിറങ്ങി. ഈ സമയം സിൻഡ്രെല്ലയുടെ പിതാവും എന്തോ ആവശ്യത്തിന് പുറത്തു പോയതായിരുന്നു.


അടുക്കളയിൽ നിന്നിരുന്ന സിൻഡ്രെല്ല രണ്ടാനമ്മയുടെയും മക്കളുടെയും സംസാരം മുഴുവനും കേട്ടിരുന്നു. അവർ ഉത്സാഹത്തോടെ പടിയിറങ്ങിപ്പോകുന്നതു കണ്ടപ്പോൾ അവളുടെ കണ്ണുനിറഞ്ഞു. രാജകൊട്ടാരത്തിൽ പോകണമെന്നും സുന്ദരനായ കുമാരനെ നേരിൽ കാണണമെന്നും അവൾക്ക് വലിയ ആഗ്രഹം തോന്നി. എന്നാൽ, തനിക്കവിടെ പോകാനാവില്ലെന്ന് അവൾക്കറിയാമായിരുന്നു.


ധരിക്കാൻ നല്ലൊരു കുപ്പായമോ, കാലിലിടാൻ നല്ലൊരു ചെരുപ്പോ, കൊട്ടാര ത്തിലെത്താൻ ഒരു വാഹനമോ ഇല്ലാതെ അതൊക്കെ ആഗ്രഹിക്കുന്നതു പോലും അതിമോഹമാണെന്ന് അവൾ ചിന്തിച്ചു. സങ്കടം സഹിക്കാൻ കഴിയാതെ അവൾ അടുക്കളയിൽ ഇരുന്ന് കരഞ്ഞു. അത്ഭുതം ! സിൻഡ്രല്ലയുടെ മുന്നിൽ പെട്ടെന്നൊരു ദിവ്യപ്രകാശം നിറഞ്ഞു. അവൾ തലയുയർത്തി നോക്കി. അത്ഭുതം! നീളൻ കുപ്പായവും, കയ്യിൽ മാന്ത്രികവടിയും, വെള്ളിച്ചിറകുകളുമുള്ള സുന്ദരിയായ ഒരു മാലാഖ.


മാലാഖയെ കണ്ടതിലുള്ള അത്ഭുതത്തോടെ സിൻഡ്രല്ല ചോദിച്ചു;


“നിങ്ങളാരാണ്? ആർക്കും വേണ്ടാത്ത ഈ പാവത്തിലെ തേടി വന്നതെന്തിനാണ് ?"


“മകളെ, നീ ഭയപ്പെടേണ്ട. ഞാനൊരു മാലാഖയാണ്. നിൻ്റെ വിഷമം കണ്ട് എത്തിയതാണു ഞാൻ നിന്റെ വിഷമങ്ങളെല്ലാം ഞാൻ തീർത്തു തരാം. സിൻഡ്രല്ലയുടെ തോളിൽ കൈവച്ച് പുഞ്ചിരിയോടെ മാലാഖ പറഞ്ഞു. അതു കേട്ട് അവളുടെ മുഖം വിടർന്നു. കണ്ണു തുടച്ചുകൊണ്ട് “ഓഹോ എങ്കിൽ നിങ്ങളെന്റെ ഒരാഗ്രഹം സാധിച്ചു തരുമോ? രാജകൊട്ടാരത്തിൽ നടക്കുന്ന വിരുന്നിൽ എനിക്കും പങ്കെടുക്കണമെന്നുണ്ട്. രണ്ടാനമ്മയും മക്കളും എന്നെക്കൂടാതെ അങ്ങോട്ടു പോയിരിക്കുകയാണ്."


“അതിനെന്താണ് വിഷമം? അതിനാദ്യം നിനക്കൊരു വണ്ടി വേണം. നീ പോയി പച്ചക്കറിത്തോട്ടത്തിൽ നിന്ന് വലിയ മത്തങ്ങയൊരെണ്ണം പറിച്ചു കൊണ്ടു വരൂ.” മാലാഖ പറഞ്ഞതനുസരിച്ച് അവൾ വലിയൊരു മത്തങ്ങയുമായി വന്നു. അതുകണ്ട് മാലാഖയുടെ മുഖത്ത് സംതൃപ്തി പരന്നു. പുഞ്ചിരിച്ചു കൊണ്ട് അവർ വീണ്ടും പറഞ്ഞു:


"ഇനി അടുക്കളയുടെ മൂലയിൽ നിന്ന് രണ്ട് എലികളെ വിളിച്ചു കൊണ്ടുവരണം" സിൻഡ്രെല്ല സന്തോഷത്തോടെ എലികളെ വിളിച്ചു. യാതൊരു മടിയും കൂടാതെ എലികൾ അവൾക്കു ചുറ്റും ഓടിക്കൂടി. അവൾ പലപ്പോഴും അവയ്ക്ക് ആഹാരം കൊടുക്കാറുണ്ടായിരുന്നു. അതുമൂലം എലികളെല്ലാം അവളുടെ സുഹൃത്തുക്കളായി മാറി. അവൾ എലികളോടു നന്ദി പറഞ്ഞ് രണ്ടുപേരൊഴികെ മറ്റെല്ലാത്തിനേയും പറഞ്ഞയച്ചു. പിന്നെ രണ്ടെലികളെയും കൂട്ടി മാലാഖയുടെ അടുത്തെത്തി.


മാലാഖ തന്റെ വടി അവൾക്കു ചുറ്റും വീശി. വീണ്ടും അത്ഭുതം! വെട്ടിത്തിള ങ്ങുന്ന പ്രകാശപൂരത്തിനിടെ അവളുടെ പഴകിയ, അങ്ങുമിങ്ങും പിന്നിയ വസ്ത്ര ങ്ങൾ അപ്രത്യക്ഷമായി. ആ സ്ഥാനത്ത് മിനുസ്സമുള്ള പട്ടുകുപ്പായങ്ങൾ പ്രത്യക്ഷ പ്പെട്ടു. വെള്ളികലർന്ന ആകാശനീലിമയുള്ള ആ കുപ്പായമണിഞ്ഞപ്പോൾ അവൾ ഇരട്ടി സൗന്ദര്യത്തിന്നുടമയായി. മാലാഖ വീണ്ടും മാന്ത്രിക വടി വീശിയപ്പോൾ

അവളുടെ തലമുടിയിൽ വർണ്ണനാടകൾ പ്രത്യക്ഷപ്പെട്ടു. കഴുത്തിലും കൈകളിലും പുതിയ ആഭരണങ്ങൾ ഉണ്ടായി. രണ്ടു കാലുകളിലും സ്ഫടികസമാനമായ ചെരുപ്പു കൾ തെളിഞ്ഞു! അവൾക്ക് സന്തോഷം അടക്കാനായില്ല. തനിക്ക് ഈ ഭാഗ്യമെല്ലാം ഉണ്ടാക്കിത്തന്ന മാലാഖയെ അവൾ കെട്ടിപ്പുണർന്ന് സ്നേഹചുംബനം നൽകി.


“എന്നോടു കാട്ടിയ സ്നേഹത്തിന് ഞാനെങ്ങനെ നന്ദിപറയും? ഇതെല്ലാം അണിഞ്ഞുകഴിഞ്ഞപ്പോൾ എനിക്കു തന്നെ കൊട്ടാരത്തിലെത്താൻ തിടുക്കമാകുന്നു. ഞാനിനി വണ്ടിയിൽ കയറി പോകട്ടെ?" സിൻഡ്രെല്ല താളാത്മകമായി ചുവടുകൾ വച്ചു ചോദിച്ചു.


"ധൈര്യമായി പോകൂ മകളെ, പക്ഷെ ഒരു കാര്യം നീ മറക്കരുത്. ഈ സൗഭാഗ്യങ്ങളൊക്കെ അർദ്ധരാത്രിവരെയേ നിൻ്റെ കൂടെയുണ്ടാവൂ. കൃത്യം പന്ത്രണ്ടുമണി യോടെ നീ പഴയ സിൻഡ്രെല്ലയാകും, നിന്റെ പട്ടുകുപ്പായങ്ങൾ കീറിപ്പറിഞ്ഞ പഴന്തു ണിയാവും. നിന്റെ വണ്ടി വെറും മത്തങ്ങയും വെള്ളക്കുതിരകൾ എലികളുമാവും”, ഇത്രയും പറഞ്ഞ് മാലാഖ അവളെ സന്തോഷത്തോടെ യാത്രയയച്ചു. അവൾ മാലാഖയോട് വീണ്ടും നന്ദിയോതി വണ്ടിയിൽ കയറിയിരുന്നു. വെള്ളക്കുതിരകൾ അവളെയും കൊണ്ട് മുന്നോട്ടു കുതിച്ചു. ആ ക്ഷണം മാലാഖ പാൽവെളിച്ചമായി മറഞ്ഞു.


നിമിഷങ്ങൾക്കകം കുതിരകൾ അവളെ രാജകൊട്ടാരത്തിനു മുന്നിലെത്തി ച്ചു. അവൾ വണ്ടിയിൽ നിന്നും ചാടിയിറങ്ങിയതും രണ്ടാനമ്മയുടെ മക്കളുടെ കൂടെ നൃത്തം ചെയ്തിരുന്ന രാജകുമാരൻ സിൻഡ്രല്ലയെ കണ്ട് അത്ഭുതസ്‌തബ്‌ധനായി നിന്നു. ഏതോ മാലാഖയാണ് തൻ്റെ കൊട്ടാരത്തിലെത്തിയിരിക്കുന്നതെന്ന് അദ്ദേഹത്തിനുറപ്പായി. രാജകുമാരൻ രണ്ടാനമ്മയുടെ മക്കളെ ഉപേക്ഷിച്ച് അവളുടെ അടുത്തേയ്ക്ക് ചെന്നു. ആദ്യ ദർശനത്തിൽ തന്നെ അവർ അനുരാഗബദ്ധരായി. അവരൊരുമിച്ച് ആനന്ദനൃത്തം ചവിട്ടി. സ്വയം മറന്നു നൃത്തം ചെയ്തു കൊണ്ടിരിക്കെ, സമയം പോകുന്നതു പോലും അവളറിഞ്ഞില്ല. അവളെ തൻ്റെ ഭാര്യയാക്കണമെന്ന്

രാജകുമാരൻ അതിയായി ആഗ്രഹിച്ചു. തന്റെ ആഗ്രഹം അവളോട് അദ്ദേഹം തുറന്നു പറഞ്ഞു:


“അല്ലയോ സുന്ദരീ, നീ എൻ്റെ ഹൃദയത്തെ വശീകരിച്ചു കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം പ്രിയവധുവായിത്തീരുക "


രാജകുമാരന്റെ വാക്കുകൾ കേട്ട് അവൾ അതീവ സന്തുഷ്ടയായി. അദ്ദേ ത്തിന്റെ ഭാര്യയാകാൻ തനിക്ക് നൂറുവട്ടം സമ്മതമാണെന്ന് ഉറക്കെ വിളിച്ചുപറയാൻ അവൾ തയ്യാറെടുത്തു. എന്നാൽ പരിഭ്രമവും നാണവും കൊണ്ട് വാക്കുകൾ പുറത്തുവന്നില്ല. എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട ആ മാലാഖ സിൻഡ്രെല്ലയാണെന്ന് രണ്ടാനമ്മയ്ക്കോ, മക്കൾക്കോ, മനസ്സിലായതുമില്ല. തങ്ങളിൽ നിന്ന് രാജകുമാരനെ അടർത്തിമാറ്റിയ അവളോട് അവർക്ക് വല്ലാത്ത ദേഷ്യം തോന്നി.


പെട്ടെന്നാണ് സിൻഡ്രെല്ലയ്ക്ക് മാലാഖയുടെ വാക്കുകൾ ഓർമ്മ വന്നത്. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞാൽ തൻ്റെ വേഷവിധാനങ്ങളെല്ലാം ഇല്ലാതാകുമല്ലോ എന്നോർത്ത് അവൾ നാഴികമണിയിലേയ്ക്കു കണ്ണെറിഞ്ഞു. അവളൊന്നു ഞെട്ടി. ഇനി ഏതാനും നിമിഷങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. അതു കഴിഞ്ഞാൽ മാന്ത്രിക ശക്തി നശിക്കും. അവൾ പരിഭ്രമത്തോടെ രാജകുമാരനെ ഒന്നു ചുംബിച്ച് കൊട്ടാര ത്തിൽ നിന്നും ഇറങ്ങിയോടി. കാര്യമെന്തെന്നറിയാതെ രാജകുമാരൻ അവൾക്കു പിറകെ ഓടിച്ചെന്നു. ഓടുന്നതിനിടയിൽ അദ്ദേഹം വിളിച്ചുപറഞ്ഞു.


“ഏയ്, നിൽക്കൂ സുന്ദരീ, നീയെന്നെ വിട്ടുപോകരുത്. ഞാൻ നിന്നെ അത്ര മാത്രം സ്നേഹിക്കുന്നു.”


എന്നാൽ, അതൊന്നും കേൾക്കുവാൻ നിൽക്കാതെ സിൻഡ്രല്ല പടികളിറങ്ങി ഓടിപ്പോയി. ഓടുന്നതിനിടയിൽ അവളുടെ ഒരു ചെരുപ്പ് മാത്രം നിലത്ത് ഊരി വീണു. ആ പരിഭ്രമത്തിൽ അതുപക്ഷെ അവളറിഞ്ഞതുമില്ല. രാജകുമാരൻ ആ ചെരിപ്പെടുത്ത് മാറോടു ചേർത്ത് നിൽക്കെ അവൾ തിടുക്കത്തിൽ തൻ്റെ വണ്ടിയിൽ കയറി വേഗത്തിൽ ഓടിച്ചുപോയി. തൻ്റെ മനം കവർന്ന ആ സുന്ദരി ഇത്രവേഗം പൊയ്ക്കളഞ്ഞതിൽ രാജകുമാരൻ ദുഃഖിച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി.


വെള്ളക്കുതിരകൾ അവളെയും വഹിച്ചുകൊണ്ട് വീട്ടിൽ തിരിച്ചെത്തി. അവൾ വണ്ടിയിൽ നിന്നിറങ്ങിയതും നാഴികമണി പന്ത്രണ്ടുതവണ ശബ്ദിച്ചു. അത്ഭുതം ! അവളുടെ രാജകീയ വസ്ത്രങ്ങൾക്കു പകരം പഴകിയ കീറിപ്പറിഞ്ഞ കുപ്പായം പ്രത്യക്ഷപ്പെട്ടു. അവൾ വന്ന വണ്ടി പഴയ മത്തങ്ങയായും, വെള്ളക്കുതിരകൾ എലി കളായും മാറി. എന്നാൽ, കാലിൽ കിടന്ന ചെരിപ്പിനു മാത്രം മാറ്റമുണ്ടായില്ല. അവൾക്കാകെ പരിഭ്രമമായി. ഇത്ര വിലപിടിച്ച ചെരുപ്പ് രണ്ടാനമ്മയോ, മക്കളോ കണ്ടാൽ ആകെ അപകടമാകുമെന്ന് ഭയന്ന അവൾ അത് മുറിയിലൊരിടത്ത് ഒളിപ്പിച്ചു വച്ചു. ഒരു ചെരുപ്പ് അശ്രദ്ധമൂലം നഷ്‌ടപ്പെട്ടതിൽ അവൾക്കു വിഷമം തോന്നി. കയ്യും മുഖവും കഴുകി അവൾ അടുക്കളയിൽ ചെന്നു കിടന്നു. കൊട്ടാരത്തിൽ വച്ചു കണ്ട രാജകുമാരന്റെ മുഖമായിരുന്നു മനസ്സു നിറയെ. അതോർത്തു കിടന്ന് അവളെപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിൽ പലതവണ കുമാരനെ സ്വ‌പ്നം കാണുകയും ചെയ്തു‌. രാത്രിയെപ്പോഴോ, രണ്ടാനമ്മയും മക്കളും തിരിച്ചെത്തിയത് അവളറിഞ്ഞില്ല. അപ്പോഴും കൊട്ടാരത്തിലെത്തി രാജകുമാരൻ്റെ മനം കവർന്നത് സിൻഡ്രല്ലയാണെന്ന സംശയം അവർക്ക് തെല്ലുമുണ്ടായില്ല.


ആ രാത്രി രാജകുമാരന് ഉറങ്ങാനായില്ല. തൻ്റെ മനം കവർന്ന പെൺകുട്ടിയെ ത്തന്നെ മനസ്സിലോർത്ത് അദ്ദേഹം നേരം വെളുപ്പിച്ചു. പാതിരാത്രിയിൽ തന്നെ തനിച്ചാക്കി ഓടിപ്പോയ അവളെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് അദ്ദേഹം ഉറപ്പി ച്ചു. ഭടന്മാരെ വിളിച്ചു വരുത്തി, സിൻഡ്രല്ലയുടെ ഒറ്റച്ചെരുപ്പ് നൽകി ക്കൊണ്ട് പറഞ്ഞു.


"നിങ്ങൾ ഇന്നാട്ടിലെ എല്ലാ വീടുകളിലും ഈ ചെരുപ്പുമായി പോകണം. ഈ ചെരുപ്പ് പാകമാകുന്ന അവിവാഹിതയായ പെൺകുട്ടി എവിടുണ്ടെങ്കിലും കണ്ടെത്തണം. അവളായിരിക്കും എൻ്റെ രാജകുമാരി !"


ഭടന്മാർ ഒറ്റച്ചെരുപ്പുമായി രാജ്യമെങ്ങും അലഞ്ഞു നടന്നു. പല വീടുകൾ കയറിയിറങ്ങിയിട്ടും ആ ചെരിപ്പിനൊത്ത കാലു കണ്ടെത്താൻ അവർക്കായില്ല. ഒടു വിൽ അവർ സിൻഡ്രല്ലയുടെ വീട്ടിലുമെത്തി. രാജകുമാരന്റെ കല്പന അവർ രണ്ടാനമ്മയെ അറിയിച്ചു. തന്റെ മക്കളുടെ കാലുകൾ ആ ചെരിപ്പിനു പാകമാകുമെന്ന് പ്രതീക്ഷിച്ച് അവർ സന്തോഷിച്ചു. ഭടന്മാരുടെ മുന്നിൽ വച്ച് രണ്ടുപെൺമക്കളും ആ ചെരിപ്പ് കാലിലണിയാൻ ശ്രമിച്ചു. എന്നാൽ, തടിച്ചു കൊഴുത്ത ആ കാലുകൾ ചെരിപ്പിനകത്തു കടത്താൻ പോലുമായില്ല. അതുകണ്ട് രണ്ടാനമ്മയുടെ മുഖം വാടി. അപ്പോൾ സിൻഡ്രല്ല അവിടെയെത്തി രണ്ടാനമ്മയോട് ചോദിച്ചു:


“അമ്മേ, ഞാൻ കൂടിയൊന്നു പരീക്ഷിച്ചു നോക്കട്ടെ? ചിലപ്പോൾ അതെന്റെ കാലിനു പാകമായാലോ ? "അവളുടെ വാക്കുകൾ അവരെ ദേഷ്യം പടിപ്പിച്ചു. അവർ കണ്ണുതുറിച്ച് അവളോടു പറഞ്ഞു:


"ഓ, പിന്നേ രാജകുമാരൻ്റെ ഭാര്യയാകാൻ പറ്റിയ ഒരു പെണ്ണിനെ കണ്ടില്ലേ കീറിപ്പറിഞ്ഞ കുപ്പായവും കരിപുരണ്ട ശരീരവുമായി നീയങ്ങോട്ടു ചെല്ലേണ്ട താമസം, രാജകുമാരൻ നിൻ്റെ കഴുത്തിൽ മാല ചാർത്തും !"


രണ്ടാനമ്മ അവളെ ശകാരിച്ച് മാറ്റി നിറുത്തിയെങ്കിലും അവളുടെ കാലു കൂടി പരീക്ഷിച്ചു നോക്കണമെന്ന് ഭടന്മാർ നിർബന്ധം പിടിച്ചു. രണ്ടാനമ്മ അതിനു സമ്മതിച്ചില്ല. രാജകല്പ‌ന ധിക്കരിച്ചാൽ മൂവരുടെയും കഴുത്തിനു മുകളിൽ തല കാണില്ലെന്നു ഭടന്മാർ ഭീഷണിപ്പെടുത്തിയപ്പോൾ അവരല്‌പം അയഞ്ഞു. ചെരിപ്പിൻ്റെ പാകം പരിശോധിക്കുവാൻ അവർ സമ്മതം മൂളി, ഭടന്മാരിലൊരാൾ ചില്ലുപാദകം അവളുടെ കാലിലണിയിച്ചു. ആ നിമിഷം എല്ലാവരുടെയും മുഖം അത്ഭുതത്താൽ നിറഞ്ഞു. അവളുടെ കാലിനനുസരിച്ച് നിർമ്മിച്ച ചെരുപ്പു തന്നെ അത്. രണ്ടാനമ്മയും മക്കളും പല്ലു ഞെരിച്ചു നിന്നു. അവർക്കവളെ കൊല്ലാനുള്ള ദേഷ്യം വന്നെങ്കിലും രാജഭടന്മാരെ ഭയന്ന് നിസ്സഹായരായി സ്ഥലം വിട്ടു. ആ സമയം താൻ ഒളിപ്പിച്ചു വച്ച മറ്റേ ചെരുപ്പും സിൻഡ്രല്ല എടുത്തു കൊണ്ടു വന്ന് ഭടന്മാർക്കു നൽകി. അതോടെ,രാജകുമാരനെ വശീകരിച്ച സുന്ദരി അവൾ തന്നെയെന്ന് അവർക്കു ബോധ്യമായി. ആ സന്തോഷവാർത്ത കുമാരനെ അറിയിക്കുന്നതിനായി ഭടന്മാർ അവിടെ നിന്നും പാഞ്ഞുപോയി.


ഭടന്മാരിൽ നിന്നും വിവരങ്ങളെല്ലാമറിഞ്ഞ് രാജകുമാരൻ ഏറെ സന്തോഷി ച്ചു. തന്റെ സഖിയെ കാണാൻ ഇനിയൊട്ടും വൈകരുതെന്നു തീരുമാനിച്ച് അദ്ദേഹം അപ്പോൾ തന്നെ കുതിരപ്പുറത്തു കയറി സിൻഡ്രല്ലയുടെ വീട്ടുമുറ്റത്തെത്തി. അവൾ രാജകുമാരന്റെ വരവും കാത്ത് മുറ്റത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. കീറിയ കുപ്പായങ്ങൾ ധരിച്ചവളെങ്കിലും ആ മുഖസൗന്ദര്യം അദ്ദേഹം വളരെ വേഗം തിരി ച്ചറിഞ്ഞു. തലേന്ന് വർണ്ണക്കുപ്പായമണിഞ്ഞ് കൊട്ടാരത്തിലെത്തി തന്നോടൊപ്പം നൃത്തം ചെയ്ത് സുന്ദരി ഇവൾ തന്നെയെന്ന കാര്യത്തിൽ രാജകുമാരന് തെല്ലും സംശയമുണ്ടായില്ല. രാജകുമാരനെ കണ്ടതും അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അദ്ദേഹം കുതിരപ്പുറത്തിരുന്നു തന്നെ അവളുടെ കൈപിടിച്ചു ചുംബിച്ചു.


സിൻഡ്രല്ലയോട് അവളുടെ രണ്ടാനമ്മയും മക്കളും തുടർന്നു വന്ന ക്രൂരതകൾ ഭടന്മാർ മുഖാന്തരം രാജകുമാരൻ്റെ കാതിലുമെത്തിയിരുന്നു. മനുഷ്യത്വം തൊട്ടു തെറിക്കാത്തവരും അസൂയാലുക്കളുമായ അവരെ ഉടനടി തുറങ്കിലടയ്ക്കുവാൻ അദ്ദേഹം ഉത്തരവിട്ടു. അതുകേട്ട് അവർ പേടിച്ചു വിറച്ച് സിൻഡ്രെല്ലയോട് മാപ്പിരന്നു. അവരോടു സഹതാപം തോന്നിയ സിൻഡ്രെല്ല രാജകുമാരനോട് അപേക്ഷിച്ചു:


“എൻ്റെ രണ്ടാനമ്മയെയും മക്കളെയും അങ്ങ് ശിക്ഷിക്കരുത്. അവരെന്നോടു ചെയ്‌തതെല്ലാം ഞാനപ്പോഴേ മറന്നു കഴിഞ്ഞു. എനിക്ക് കീറിയതാണെങ്കിലു ഉടുവ സ്ത്രം തന്ന, പഴകിയതാണെങ്കിലും ഭക്ഷണം തന്ന് അടുക്കളയിലാണെങ്കിലും കിടക്കാനിടം തന്ന രണ്ടാനമ്മയെയും എന്റെ സഹോദരിമാരെയും വെറുതെ വിടാൻ അങ്ങ് ദയവു കാട്ടണം."


സിൻഡ്രല്ലയുടെ മഹാമനസ്കത രാജകുമാരനെ അത്ഭുതപ്പെടുത്തി. അവളുടെ കൈപിടിച്ച് കുതിരപ്പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.


"സിൻഡ്രെല്ല തന്നെയാണ് ഈ രാജ്യത്തെ രാജകുമാരിയാകേണ്ടവൾ ! നിന്നെ ഇത്രമാത്രം ദ്രോഹിച്ചവരോടു പോലും ക്ഷമിക്കാൻ നിനക്കു തോന്നിയല്ലോ. ആ മനസ്സിന്റെ വലിപ്പം എനിക്കേറെ ഇഷ്ടമായി. ഇനിയുള്ള കാലം നീ എന്നോടൊപ്പം ഉണ്ടാകണം".


സിൻഡ്രെല്ല അച്ഛനോടും മറ്റും യാത്ര ചോദിച്ച് രാജകുമാരനൊപ്പം യാത്രയായി. മകളുടെ നല്ല ഭാവിയെ കുറിച്ചോർത്തപ്പേൾ അച്ഛന്റെ കണ്ണുകളിൽ സന്തോഷക്കണ്ണുനീർ നിറഞ്ഞു. രണ്ടാനമ്മയും മക്കളും പശ്ചാത്താപത്തോടെ അവളെ മനസ്സു കൊണ്ടനുഗ്രഹിച്ചു.


പിറ്റേന്ന്, രാജകൊട്ടാരത്തിൽ കൂറ്റൻ പന്തലുയർന്നു. നാടിന്റെ നാനാഭാഗത്തു നിന്നും പ്രായഭേദമന്യേ പ്രജകൾ ഒത്തു ചേർന്നു. അവരുടെ സാന്നിധ്യത്തിൽ രാജ കുമാരൻ സിൻഡ്രല്ലയെ വിവാഹം കഴിച്ചു. അച്ഛനും രണ്ടാനമ്മയും മക്കളുമെല്ലാം ആ മംഗള കർമ്മത്തിൽ പങ്കുകൊണ്ടു. അങ്ങനെ പാവം സിൻഡ്രെല്ല രാജകുമാരിയായി സസുഖം കൊട്ടാരത്തിൽ വാണു.


സിൻഡ്രല്ല കഥ ഇങ്ങനെ സംക്ഷേപിക്കാമെങ്കിലും വിവിധ രാജ്യങ്ങളിലായി പ്രചരിക്കുന്ന ഈ കഥയ്ക്ക് പല വ്യതിയാനങ്ങളുണ്ട്.


(തുടരും )

101 views0 comments
bottom of page