top of page

കഴുവേറ്റൽ എന്ന ശ്രമണവിരുദ്ധ പീഡനോപാധിയും കേരളത്തിലെ സ്ഥലനാമങ്ങളും – ഒരു പദോൽപ്പത്തി സാമൂഹ്യശാസ്ത്ര പഠനം

സംസ്കാരപഠനം
സ്റ്റാൻലി.ജി.എസ്

അനേകം തത്വ ചിന്തകൾക്ക് വിത്ത് പാകിയിട്ടുളള നാടാണ് ഇന്ത്യ. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഒരു തത്വ ചിന്തയായിരുന്നു ബുദ്ധൻ എന്നറിയപ്പെട്ടിരുന്ന സിദ്ധാർത്ഥൻ രൂപം നൽകിയ ബുദ്ധ ധർമ്മം. ബുദ്ധ ധർമ്മം കേരളത്തിലും വ്യാപിച്ചിരുന്നു. ഏതാണ്ട് ബി.സി മൂന്നാം നൂറ്റാണ്ട് മുതൽ ഏട്ടാം നൂറ്റാണ്ടു വരെ കേരളത്തിൽ ബുദ്ധമതത്തിന് വ്യക്തമായ സ്വാധീനമുണ്ടായിരുന്നു[1]. കേരളം എന്ന പേര് തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്ന് കരുതപ്പെടുന്നു. കേരളത്തിൽ പ്രാധാന്യമുണ്ടായിരുന്ന ബുദ്ധദർശനം ഥേരാവാദം ആയിരുന്നു. ബുദ്ധമതത്തിലെ ഥേരവാദത്തിൽപെട്ടവരായിരുന്നു കേരളം ഭരിച്ചിരുന്ന ചേര രാജാക്കന്മാർ എന്ന് കരുതപ്പെടുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേര എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും പ്രസ്തുത പദങ്ങളുടെ സംയോജന ഫലമായാണ് ഥേരന്റെ സ്ഥലം എന്നർത്ഥമുളള കേരളം എന്ന വാക്കുണ്ടായതെന്നും കരുതപ്പെടുന്നു. കേരളത്തിലേയ്ക്ക് ബ്രാഹ്മണ മതം കടന്നു വരുന്നതോടുകൂടിയാണ് ബുദ്ധമതത്തിന് ഇടിവ് സംഭവിക്കുന്നത്. മെല്ലെമെല്ലെ അധിനിവേശം ചെയ്ത ബ്രാഹ്മണ മതം സംഘടിത പ്രവർത്തനങ്ങളിലൂടെ, എക്കാലത്തും വേദങ്ങളെയും പൌരോഹിത്യത്തെയും ചോദ്യം ചെയ്തിരുന്ന ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ബ്രാഹ്മണമതം, ബുദ്ധ ജൈന ആജീവക മതങ്ങൾക്കെതിരേ സംഘടിത വിധ്വംസ പ്രവർത്തനങ്ങൾ നടത്തുകയും അവരുടെ ആരാധനാ കേന്ദ്രങ്ങൾ പിടിച്ചെടുക്കുകയും ഭിക്ഷുക്കളെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തുകയും  ചെയ്തു. ഇക്കാര്യം സ്ഥലനാമങ്ങളുടെ പദോൽപ്പത്തി സാമൂഹ്യ ശാസ്ത്ര അപഗ്രഥനത്തിലൂടെ അനാവൃതമാക്കുക എന്നതാണ് ഈ

പഠനത്തിന്റെ  ലക്ഷ്യം.  

ബ്രാഹ്മണ മതം ശക്തി പ്രാപിക്കുന്ന ആദ്യ കാലങ്ങളിൽ തർക്കങ്ങളിൽ തോൽക്കുന്ന ബുദ്ധഭിക്ഷുക്കൾക്കും, പിൽക്കാലത്ത് ബുദ്ധമതത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്നവർക്കും എതിരെ സ്വീകരിച്ചിരുന്ന ശിക്ഷാ രീതി പ്രധാനമായും കഴുകിൽ തറയ്ക്കലും ചുട്ടു കൊല്ലലുമായിരുന്നു[2]. ഇത്തരത്തിൽ കഴുകിൽ തറച്ച സ്ഥലത്ത് പിന്നീട് അതേ ആകൃതിയിൽ ഒരു കൽ പ്രതിമ, ശേഷിക്കുന്ന ബുദ്ധധർമ്മക്കാർക്ക് ഒരു താക്കീത് എന്ന നിലയിൽ നാട്ടുമായിരുന്നു. ഈ പ്രതിമകൾ പിൽക്കാലത്ത് കഴുവേറ്റിക്കല്ലുകൾ എന്നറിയപ്പെട്ടു. ഇങ്ങനെ കഴുകിൽ ഏറ്റപ്പെടുന്നവർ കഴുവേറികൾ എന്ന് വിളിക്കപ്പെട്ടു[3]. എറണാകുളത്തെ കല്ലിൽ ക്ഷേത്രത്തിലും, കല്ലിൽ അമ്പലത്തിൽ നിന്നും പത്തു കിലോമീറ്റർ വടക്കായുള്ള അശമന്നൂർ[4] പനച്ചിയം തിരുവല്ലാഴപ്പൻ ക്ഷേത്രത്തിലും[5], വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിലും, തൃക്കടിത്താനം ക്ഷേത്രത്തിലും ഇത്തരം കഴുവേറ്റി കല്ലുകൾ ഇപ്പോഴുമുണ്ട്. പാണ്ഡ്യനാടിന്റെ തലസ്ഥാനമായിരുന്ന മധുരയിൽ വെച്ച് എണ്ണായിരം ബുദ്ധ ഭിക്ഷുക്കളെ ജീവനോടുകൂടി ശൂലങ്ങളിൽ കയറ്റി നിഷ്കരുണം ചിത്രവധം നടത്തിച്ച സംബന്ധ മൂർത്തിയുടെ കഥ കുപ്രസിദ്ധമാണ്. തമിഴ്നാട്ടിലെ മധുര മീനാക്ഷി ക്ഷേത്രം, തഞ്ചാവൂർ ക്ഷേത്രം എന്നിവിടങ്ങളിൽ നടക്കുന്ന ഒരു ആഘോഷമാണ് കഴുവേറ്റിത്തിരുവിഴാ (കഴുവേറ്റ് മഹോത്സവം). മധുരയിൽ നിന്നും ഏകദേശം അമ്പത് കിലോമീറ്റർ അകലെ പേരെയൂർ എന്നൊരു ഗ്രാമത്തിൽ അഞ്ച് വർഷത്തിലൊരിക്കൽ മറ്റൊരു തിരുവിഴ നടത്തുന്നുണ്ട്. നൂറുകണക്കിന് ബൗദ്ധരുടെ കുഞ്ഞുങ്ങളെ ബ്രാഹ്മണ ഭീകരർ ജീവനോടെ കുഴിച്ചുമൂടിയതിന്റെയും കഴുവേറ്റിയതിന്റെയും ഓർമ്മ പുതുക്കുന്ന ആഘോഷമാണത്.

കഴുവേറ്റൽ എന്ന രക്തരൂക്ഷിത പ്രവൃത്തിക്ക് ഉപയോഗിക്കുന്ന ആയുധത്തിന് പൊതുവെ കഴുക് എന്നാണ് പറയാറ്. കഴുക് എന്നത് സാധാരണയായി കൂർത്ത ഒരു കമ്പിയാണ്. ആളിനെ ലംബതലത്തിലൽ കുത്തി നിർത്തുന്ന രീതിയും തിരശ്ചീന തലത്തിൽ കുത്തി നിർത്തുന്ന രീതിയും ഉണ്ടായിരുന്നു. ലംബതലത്തിൽ കുത്തി നിർത്തുന്ന രീതിയിൽ, മനുഷ്യന്റെ മലദ്വാരത്തിലൂടെ കഴുക് കുത്തി വയറും നെഞ്ചും കഴിഞ്ഞ് വായിലൂടെയോ കഴുത്തിന് പിന്നിലൂടെയോ പുറത്ത് എടുക്കുന്ന ശൈലിയാണ് പൊതുവെ കാണുന്നത്.  തിരശ്ചീന പ്രയോഗത്തിൽ നെഞ്ചിലൂടെയോ വയറ്റിലൂടെയോ കഴുക് കുത്തിക്കയറ്റി തൂക്കിയിടുന്ന രീതിയാണ്  കൂടുതലായി കാണുന്നത്[6]. ഈ ശിക്ഷാ രീതി സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ മൂന്ന് ഭാഗങ്ങൾ വ്യക്തമാണ്. ഒന്നാമത്തെ ഭാഗം, ഏതെങ്കിലും ഒരു കൂർത്ത ആയുധം കൊണ്ടുളള കുത്തിക്കയറ്റലാണ്. രണ്ടാമത്തെ ഭാഗം ശരീരം തൂക്കിയിടലാണ്. മൂന്നാമത്തെ ഭാഗം, കൊല നടത്തിയ സ്ഥലത്ത്  പ്രതിമ നാട്ടലാണ്. പ്രതിമ എല്ലാ സ്ഥലത്തും നാട്ടിയിരുന്നോ എന്ന് വ്യക്തമല്ല. ഏതായാലും ആദ്യത്തെ രണ്ട് ഭാഗങ്ങൾ ശിക്ഷാ രീതിയുടെ അവിഭാജ്യ ഘടകങ്ങൾ തന്നെ. ഇത്രയും ക്രൂരമായതും സാമൂഹിക ശ്രദ്ധ ആകർഷിക്കുന്നതുമായ ഒരു പ്രവൃത്തി നടക്കുമ്പോൾ സ്വാഭാവികമായും അതിന്റെ അനുരണനങ്ങൾ സമൂഹത്തിലും തന്മൂലം ഭാഷയിലും തീർച്ചയായും പ്രതിഫലിക്കും. മേൽ പ്രസ്താവിച്ച മൂന്ന് ശിക്ഷാ ഭാഗങ്ങളുമായി ബന്ധപ്പെട്ട് പദങ്ങളോ സ്ഥലനാമങ്ങളോ രൂപപ്പെടാനുളള സാധ്യത തീർച്ചയായും ഉണ്ടായിരിക്കും. കഴുവേറ്റുന്നതിനുളള ഉപകരണം, കഴുവേറ്റൽ എന്ന പ്രവൃത്തി എന്നിവയെ സൂചിപ്പിക്കുന്ന പദങ്ങൾ ഉൾപ്പെട്ട സ്ഥലനാമങ്ങളെ കണ്ടെത്തുകയും അവയ്ക്ക് സ്വന്തം ആന്തരിക ഘടകങ്ങൾ കൊണ്ടോ മറ്റ് ബാഹ്യ ഘടകങ്ങൾ കൊണ്ടോ ബുദ്ധബന്ധം സ്ഥാപിക്കാനുമായാൽ  ബൌദ്ധർ കഴുവേറ്റലിന് വിധേയമാട്ടുണ്ടെന്ന വാദത്തെ സ്ഥലനാമങ്ങളുടെ പദോൽപ്പത്തി സാമൂഹ്യ ശാസ്ത്ര അപഗ്രഥനം സ്ഥിരീകരിക്കുന്നതായി കരുതാം. അതിനായി ശിക്ഷാ രീതിയുടെ അവിഭാജ്യ ഘടകങ്ങളിൽ നിന്നും ചുരുങ്ങിയത് രണ്ട് പദങ്ങളെ – 1.കഴുക്, 2. തറയ്ക്കൽ -അപഗ്രഥനത്തിനായി വേർതിരിച്ചെടുക്കാം. കഴുക് അഥവാ കഴുവ് എന്ന പീഢനോപകരണം  പ്രാദേശികമായി 1) അപ്പ്  / അമ്പ് / ശരം, 2) അലവാങ് / ആലവാങ്, 3)  ആണി, 4) കുന്തം, 5)ശൂലം / ചൂലം, 6) മട എന്നീ പേരുകളിലും അറിയപ്പെടുന്നു. അതുപോലെ തറയ്ക്കൽ എന്ന വാക്കിന് തത്തുല്യമായി  കുത്തുക / കോർക്കുക / കൊളുത്തുക / കയറ്റുക / ഏറ്റുക / തൂക്കുക / ആലുക / ആട്ടുക  / കൊല്ലുക  /  കാച്ചുക മുതലായ വാക്കുകളും ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഈ വാക്കുകളോ ഇവയുടെ കൂടിച്ചേരൽ കൊണ്ട് കഴുവേറ്റൽ എന്ന

അർത്ഥം നൽകുന്നതോ ആയ സ്ഥലനാമങ്ങൾ ശേഖരിച്ച് പരിശോധിക്കാവുന്നതാണ്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ ചുവടെ കൊടുത്തിട്ടുളള സ്ഥലനാമങ്ങൾ മേൽ നിബന്ധന പാലിക്കുന്നതായി കാണുന്നു.

 

തിരുവനന്തപുരം ജില്ല

1.  ചാത്തമ്പറ (ചാത്തമ്പ്ര)[7] – തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ നഗരസഭയിലുളള ഒരു സ്ഥലം. ചാത്ത(ൻ) + അമ്പ് + അറ എന്നീ പൂർണ്ണ വാക്കുകളായി ഇതിനെ പിരിക്കാവുന്നതാണ്. ചാത്തൻ[8] ബുദ്ധനാണെന്നതിൽ തർക്കമില്ല. അമ്പ് കഴുകിന്റെ മറ്റൊരു പേരാണ്. അറൈ[9] എന്ന ദ്രാവിഡ വാക്കിന് ചുറ്റിക കൊണ്ട് ആണി പോലുളള വസ്തുക്കൾ അടിച്ച് കയറ്റൽ എന്ന് അർത്ഥമുണ്ട്. ബുദ്ധനെ അമ്പിൽ അടിച്ച് തറച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം. ചാത്തമ്പറയ്ക്ക് അടുത്തുളള സ്ഥങ്ങളായ ആലങ്കോട്[10], ശാസ്തവട്ടം[11], കോരാണി[12], മംഗലാപുരം[13], പളളിപ്പുറം[14] എല്ലാം ബുദ്ധബന്ധമുളള സ്ഥലങ്ങളാണ്.

2.  ചൂലന്തറ – തിരുവനന്തപുരം ജില്ലയിലെ മാണിക്കൽ പഞ്ചായത്തിലെ ഒരു സ്ഥലം. ചൂലം + തറ എന്ന് പിരിക്കാം. ശൂലം എന്നതിന്റെ ദ്രാവിഡ രൂപമാണ് ചൂലം[15]. തറൈ[16] എന്ന ദ്രാവിഡ പദത്തിന് തറയ്ക്കൽ എന്നാണ് അർത്ഥം. ശൂലം തറച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.

3.  മാണിക്കൽ - തിരുവനന്തപുരം ജില്ലയിലെ ഒരു പഞ്ചായത്ത്. മാ + ആണി + കൽ എന്ന് പിരിക്കാം. മാ എന്നാൽ മഹാ എന്നർത്ഥം. മാണി എന്നാൽ വലിയ ആണി എന്നർത്ഥം. വലിയ ആണി സ്ഥാപിച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.

4.  വെന്നികോട് – തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ ഉൾപ്പെട്ട ഒരു സ്ഥലം. വെന്നി + കോട് എന്ന് പിരിക്കാം. വെന്നി എന്ന പദത്തിന് അമ്പ് എന്നും അർത്ഥം കാണുന്നു. ഈ പ്രദേശം ശനീശ്വര ക്ഷേത്രം കൊണ്ട് പ്രശസ്തമാണ്. ശനി ശാസ്താവാണെന്നും ശാസ്താവ് ബുദ്ധനാണെന്നും കരുതപ്പെടുന്നു.

5.  നെട്ടണി  - തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻ കര താലൂക്കിൽ കീഴാറൂർ എന്ന സ്ഥലത്തിനടുത്തുളള ഒരു സ്ഥലം. നെട്ടണി എന്ന വാക്കിന് വണ്ടിച്ചക്രത്തിന്റെ ആണി, സൂചിയുടെ അറ്റം, ശൂലാഗ്രം, ചാവിയാണി എന്നെല്ലാമാണ് അർത്ഥം. കീഴാറൂർ അമ്പലത്തിൽ ഇപ്പോഴും തൂക്കം എന്ന ആചാരം നിലനിൽക്കുന്നു.

6.  കോരാണി - തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിന് അടുത്തുളള സ്ഥലമാണ് കോരാണി. കോർക്കുന്നതിനുളള ആണി എന്നാണ് ഈ വാക്കിന്റെ അർത്ഥം. കോരാണിക്ക് അടുത്തുളള സ്ഥലനാമങ്ങളെല്ലാം ഏതാണ്ട് ബുദ്ധ ബന്ധം കാണിക്കുന്നവയാണ്[17].

7.  കുന്താണി / കൂന്താണി – തിരുവനന്തപുരം ജില്ലയിൽ മാറനല്ലൂരിനടുത്താണ്[18] കൂന്താണി എന്ന സ്ഥലമുളളത്. കൂന്താണി എന്ന വാക്കിന് അലവാങ്ക് എന്നാണ് അർത്ഥം. കൂർത്ത അറ്റത്തോടു കൂടിയതും നല്ല കട്ടിയുളള ഇരുമ്പിൽ തീർത്തതുമായ നീളമുളള കമ്പി പോലുളള ഒരു ആയുധമാണ് അലവാങ്ക്. ആലവാങ്ക് എന്നും ഇത് അറിയപ്പെടുന്നു.

8.  പെരിങ്ങേറ്റ് – തിരുവനന്തപുരം ജില്ലയിലെ ആനത്തലവട്ടത്തിന്[19] അടുത്തുളള ഒരു സ്ഥലം. പെരും + കേറ്റ് എന്ന് പിരിക്കാം. പെരും എന്നതിന് വലിയ എന്നാണ് അർത്ഥം. വലിയ കഴുവേറ്റൽ നടന്ന സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.

9.  കാച്ചാണി – തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഒരു സ്ഥലം. കാച്ച് + ആണി എന്ന് പിരിക്കാം. കാച്ചുക[20] എന്ന വാക്കിന് കൊല്ലുക എന്നും അർത്ഥമുണ്ട്. കൊല്ലുന്നതിനുളള ആണി എന്ന് അർത്ഥം കൽപ്പിക്കാം.

10. ആണിയൂർ - തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയ്ക്ക് അടുത്തുളള ഒരു സ്ഥലം. ആണി + ഊര് എന്ന് പിരിക്കാം. ആണിയുളള ഊര് എന്നർത്ഥം കൽപ്പിക്കാം.

11. കാരേറ്റ് - തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിന് അടുത്തുളള ഒരു സ്ഥലം. കാരു് + ഏറ്റ് എന്ന് പിരിക്കാം. കാരു് എന്ന വാക്കിന് ഭയങ്കരമായ / ദാരുണമായ എന്നും അർത്ഥമുണ്ട്. ദാരുണമായ കഴുവേറ്റൽ നടന്ന സ്ഥലം എന്ന് എന്ന് അർത്ഥം കൽപ്പിക്കാം.

12. പെരുന്ത്ര - തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തിന് അടുത്തുളള ഒരു സ്ഥലം. പെരും + തറ എന്ന് പിരിക്കാം. പെരും എന്നാൽ വലിയ എന്നാണ് അർത്ഥം. വലിയ രീതിയിൽ കഴുവേറ്റൽ നടന്ന സ്ഥലമെന്ന് അനുമാനിക്കാം. പെരുന്തറ എന്ന പേരിൽ അനേകം സ്ഥലങ്ങൾ സംസ്ഥാനത്തുടനീളം കാണാം.

കൊല്ലം ജില്ല

1.  മടത്തറ – കൊല്ലം ജില്ലയിൽ പാരിപ്പളളി[21]ക്കടുത്തുളള ഒരു സ്ഥലം. മട + തറ എന്ന് പിരിക്കാം. മട എന്ന വാക്കിന് ആണി എന്ന് അർത്ഥം കാണുന്നു. ആണി തറച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.[22]

2.  കന്നേറ്റി – കൊല്ലം ജില്ലയിലെ കരുനാഗപ്പളളിക്കടുത്തുളള ഒരു സ്ഥലം. കന്നം, ഏറ്റി എന്ന് രണ്ട് വാക്കുകളായി പിരിക്കാം. കന്നം എന്ന വാക്കിന് കുന്തം പോലെയുള്ള ഒരായുധം എന്ന് അർത്ഥം കാണുന്നു. കഴുവേറ്റി എന്ന് അർത്ഥം കൽപ്പിക്കാം.

ആലപ്പുഴ ജില്ല

1.  നെടിയാണിക്കൽ - ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലുളള ഒരു പ്രദേശം. നെടിയ+ആണി+കൽ എന്ന് പിരിക്കാം. നീണ്ട ആണി ഉണ്ടായിരുന്ന ഇടം എന്ന് അർത്ഥം നൽകാം.[23]

2.  നെടിയാണി – ആലപ്പുഴ ജില്ലയിൽ കഞ്ഞിക്കുഴിക്കടുത്തുളള ഒരു സ്ഥലം. നീണ്ട ആണി എന്നർത്ഥം.

3.  അപ്പം തൂക്കി കവല – ആലപ്പുഴ ജില്ലയിൽ കടക്കരപ്പളളി പഞ്ചായത്തിലുളള ഒരു സ്ഥലം. അപ്പം തൂക്കിയിട്ട് വിൽപന നടത്തുന്ന സ്ഥലമായതിനാലാകാം ഈ പേര് വന്നത് എന്ന് നാട്ടുകാരിൽ ചിലർ ഊഹിക്കുന്നു. അപ്പൻ എന്നാൽ ബുദ്ധനാണ്. തൂക്കുക എന്നാൽ കഴുവേറ്റലും. പ്രസ്തുത സാഹചര്യത്തിൽ ബുദ്ധനെ അമ്പിൽ തൂക്കി പ്രദർശിപ്പിച്ച കവലയെന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

പത്തനംതിട്ട ജില്ല

1.  ആറൻമുള[24] - പത്തനംതിട്ട ജില്ലയിലെ ഒരു സ്ഥലം. ആർ + അൻ + മുള എന്ന് പിരിക്കാം. ആർ എന്ന പദത്തിന് മൂർച്ച, മുന, അലക് എന്നൊക്കെ അർത്ഥമുളളതായി കാണാം. അതിൽ നിന്നും ആറൻ എന്ന പദത്തിന് മൂർച്ചയുളളത് എന്ന് അർത്ഥം വരുന്നു. ചുരുക്കത്തിൽ ആറൻമുള എന്നതിന് മൂർച്ചയുളള മുള എന്ന് അർത്ഥം വരുന്നു. മുളങ്കമ്പ് കൂർപ്പിച്ച് കുന്തമുണ്ടാക്കി അതുപയോഗിച്ച് കഴുവേറ്റൽ നടത്തുന്ന രീതി നിലവിലുണ്ടായിരുന്നു. പ്രസ്തുത കാര്യത്തെ അന്വർത്ഥമാക്കുന്നതാണ് ഈ സ്ഥലപ്പേര്.

2.  ശരംകുത്തി – പത്തനം തിട്ട ജില്ലയിലെ ശബരി മലയ്ക്ക് അടുത്തുളള ഒരു സ്ഥലം. ശബരിമല തീർത്ഥാടനം കടന്ന് പോകുന്നത് ഈ സ്ഥലത്തുകൂടിയാണ്. ശബരിമല ബൌദ്ധ കേന്ദ്രമാണെന്നതിന് അനേകം തെളിവുകൾ ഇന്ന് ലഭ്യമാണ്.[25]

3.  ചിറ്റാണി – പത്തനം തിട്ട ജില്ലയിൽ അടൂർ താലൂക്കിൽ മണക്കാല എന്ന സ്ഥലത്തിനടുത്തുളള ഒരു സ്ഥലം. മലപ്പുറം ജില്ലയിൽ പുത്തനത്താണി[26] എന്ന സ്ഥലത്തിനടുത്തായി ഇതേ പേരിൽ മറ്റൊരു സ്ഥലവും ഉണ്ട്. മരം കൊണ്ടുളള ആണി എന്നാണ് അർത്ഥം. തടി സാമാനങ്ങളുടെ ഭാഗങ്ങൾ തമ്മിൽ ഉറപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന അലക് കൊണ്ടോ മരം കൊണ്ടോ നിർമ്മിക്കുന്ന ആണിയെ ആണ് ചിറ്റാണി എന്ന് പൊതുവെ പറയുന്നത്. ചിറ്റാണി എന്ന വാക്കിന് ചെറിയ ആണി[27] എന്നും അർത്ഥമുണ്ട്.

4.  ഏറ്റപ്പെട്ടി – പത്തനം തിട്ട ജില്ലയിലെ ശബരി മലയ്ക്ക് അടുത്തുളള ഒരു സ്ഥലം. ഏറ്റ്[28] + പെട്ടി എന്ന് പിരിക്കാം. പെട്ടി എന്ന വാക്കിന് ഗ്രാമം എന്നാണ് അർത്ഥം. (കഴു)ഏറ്റിയ ഗ്രാമം എന്ന് അർത്ഥം കൽപ്പിക്കാം. ശബരിമല തിരുവാഭരണ ഘോഷയാത്ര ഇതുവഴിയാണ് കടന്നു പോകുന്നത്[29].

ഇടുക്കി ജില്ല

1.  കോലാണി – ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് കോലാണി എന്ന് വീട്ട് പേരുളളതായി കാണുന്നു.  തൃശ്ശൂർ ജില്ലയിൽ അയ്യന്തോൾ[30] വില്ലേജിലും  കോലാണി എന്ന് വീട്ട് പേരുണ്ട്. കോലാണി എന്ന വാക്കിന് മരക്കമ്പ് കൊണ്ടുളള ആണി എന്നാണ് അർത്ഥം.

2.  അമ്പാട്ട് – ഇടുക്കി ജില്ലയിലെ ഒരു സ്ഥലം. അമ്പാട്ട് എന്ന പേരിൽ തറവാട്ടു പേരുകളും കാണാം. അമ്പ് + ആട്ട് എന്ന് പിരിക്കാം. ആട്ട് എന്ന വാക്കിന് കൊല്ലുക എന്നും അർത്ഥമുണ്ട്. അമ്പ് കൊണ്ടു കൊല്ലുക എന്നോ അമ്പിൽ ആട്ടുക എന്നോ അർത്ഥം നൽകാം.

കോട്ടയം ജില്ല

1.  ഏറ്റുമാനൂർ - കോട്ടയം ജില്ലയിലെ ഒരു സ്ഥലം. ഏറ്റ് + മാൻ[31] +  ഊര് എന്ന് പിരിക്കാം. ഏറ്റപ്പെട്ടന്റെ ഊര് എന്ന് അർത്ഥം കൽപ്പിക്കാം. ഏറ്റൽ കഴുവേറ്റൽ തന്നെയാകാം. ഏറ്റുമാനൂരപ്പൻ എന്ന ദേവന്റെ പേരിലുളള ക്ഷേത്രം കൊണ്ട് പ്രശസ്തമായ സ്ഥലമാണ് ഏറ്റുമാനൂർ. അപ്പൻ എന്നത് ബുദ്ധന്റെ പര്യായമത്രെ. ഏറ്റുമാനൂരപ്പൻ അയ്യപ്പന്റെ പിതാവാണെന്നാണ് ഐതീഹ്യം.

2.  വള്ളോന്തറ - കോട്ടയം ജില്ലയിലെ അയ്മനത്തിനടുത്തുളള ഒരു സ്ഥലം. വള്ളോൻ + തറ എന്ന് പിരിക്കാം. വള്ളോൻ എന്നാൽ ബുദ്ധൻ എന്നാണ് അർത്ഥം. സംസാരമാകുന്ന ജലാശയത്തിന്റെ മറുകര കടത്തുന്ന കടത്തുകാരൻ എന്ന് അർത്ഥം വരുന്ന അനേകം പേരുകൾ ബുദ്ധനുളളതായി കാണാം.[32] വള്ളോനെ തറച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.

എറണാകുളം ജില്ല

1.  ആലുവ – എറണാകുളം ജില്ലയിൽ പെരിയാറിന്റെ കരയിലുളള ഒരു സ്ഥലമാണിത്. ആലവാങ് എന്ന വാക്കിൽ നിന്നാണ് ആവുവാ എന്ന പദമുണ്ടായത് എന്നാണ് നിരീക്ഷിക്കപ്പെട്ടിട്ടുളളത്.[33] ആലുക എന്നാൽ തൂക്കുക എന്നാണ് അർത്ഥം. ആലുക എന്ന വാക്ക് ആലുവ എന്നായതാകാനാണ് സാധ്യത.

2.  കടവന്ത്ര – എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു സ്ഥലം. കടവൻ + തറ എന്ന് പിരിക്കാം. കടവൻ എന്നാൽ ബുദ്ധൻ എന്നാണ് അർത്ഥം. സംസാരമാകുന്ന ജലാശയത്തിന്റെ മറുകര കടത്തുന്ന കടത്തുകാരൻ എന്ന് അർത്ഥം വരുന്ന അനേകം പേരുകൾ ബുദ്ധനുളളതായി കാണാം.[34] കടത്തു തറകളൊന്നും തന്നെ പ്രസ്തുത സ്ഥലത്ത് കാണാത്ത സാഹചര്യത്തിൽ കടവനെ തറച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.

3.  കടവത്തറ - എറണാകുളം ജില്ലയിലെ എടപ്പള്ളിയ്ക്കടുത്തുളള ഒരു സ്ഥലം. (കടവന്ത്ര കാണുക)

4.  തിരുവാണിയൂർ - എറണാകുളം ജില്ലയിൽ കുന്നത്തുനാട്‌ താലൂക്കിലുളള ഒരു വില്ലേജ്. തിരു + ആണി + ഊര് എന്ന് പിരിക്കാം. തിരു ആണിയുളള ഊര് എന്നർത്ഥം കൽപ്പിക്കാം.

തൃശ്ശൂർ ജില്ല

1.  നെട്ടാണി - തൃശ്ശൂർ ജില്ലയിൽ ചാവക്കാടിനടുത്തുളള ഒരു സ്ഥലം. നെട്ടാണി എന്നാൽ നീണ്ട ആണി എന്നാണ് അർത്ഥം.

2.  തിരുവാണിക്കാവ് – തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കരയ്ക്കടുത്തുളള ഒരു സ്ഥലം. ഈ പേരിലുളള ഭദ്രകാളി ക്ഷേത്രംകൊണ്ട് പ്രശസ്തം. തിരു + ആണി + കാവ് എന്ന് പിരിക്കാം. തിരു ആണിയുളള കാവ് എന്നർത്ഥം കൽപ്പിക്കാം.

പാലക്കാട് ജില്ല

1.  ചൂലന്നൂർ - പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശിക്കടുത്തു ഒരു ഗ്രാമമാണ് ചൂലന്നൂർ. ചൂലം എന്ന വാക്കിന് ശൂലം എന്നാണ് അർത്ഥം.

2.  കുളത്താണി – പാലക്കാട് ജില്ലയിലെ ചാലിശ്ശേരിക്കടുത്തുളള ഒരു സ്ഥലം. കുളത്താണി എന്നത് കൊളുത്താണി എന്നതിന്റെ വികലരൂപമാകാനാണ് സാധ്യത. കൊളുത്തുന്നതിനുളള ആണി എന്നർത്ഥം. ശ്രീ വിഷ്ണു ശാസ്താ ക്ഷേത്രം കൊണ്ട് ഈ സ്ഥലം പ്രശസ്തമാണ്.

മലപ്പുറം ജില്ല

1.  ആണിത്തറ – മലപ്പുറം ജില്ലയിൽ പന്താരങ്ങാടിയ്ക്കടുത്തുളള ഒരു സ്ഥലം. ആണി തറച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം. 

2.  നിലമ്പൂർ - കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു സ്ഥലം. കോഴിക്കോട് സാമൂതിരിയുടെ സാമന്ത രാജാക്കന്മാരായിരുന്ന ജന്മികളുടെ ആസ്ഥാനമായിരുന്നു നിലമ്പൂർ കോവിലകം. ഈ കോവിലകത്തിന്റെ സംസ്കൃത നാമമായ നിലമ്പാപുരി എന്ന പേരിൽ നിന്നും നിലമ്പൂർ എന്ന സ്ഥലനാമം ഉണ്ടായി എന്നാണ് കരുതപ്പെടുന്നത്. നിലമ്പൂരിനെ നില് + അമ്പ് + ഊര് എന്ന് പിരിക്കാം. നിലത്ത് നെടുകെ കുത്തി നിർത്തിയ അമ്പുളള ഊര് എന്ന് അർത്ഥം കൽപ്പിക്കാവുന്നതാണ്.

കോഴിക്കോട് ജില്ല

1.  പേരാമ്പ്ര – കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു സ്ഥലം.  പേര+അമ്പ്+അറ എന്ന് പിരിക്കാം. പേരായ അമ്പ് അഥവാ വലിയ അമ്പ് അടിച്ച് തറച്ച സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.

2.  ചൂലാട് – കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ചാത്തമംഗലം വില്ലേജിൽ ഉൾപ്പെട്ട ഒരു സ്ഥലം. ചൂലം + ആട് എന്ന് പിരിക്കാം. ചൂലത്തിൽ തറച്ച് ആട്ടിയ സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം. ആട് എന്ന വാക്കിന് കൊല്ലുക എന്നും അർത്ഥം ഉണ്ട്. ശൂലത്തിൽ തറച്ച് കൊന്ന സ്ഥലം എന്നും അർത്ഥം കൽപ്പിക്കാവുന്നതാണ്. ചാത്തമംഗലം എന്നതിലെ ചാത്തൻ ബുദ്ധനെന്ന് പ്രത്യേകം പറയേണ്ടതില്ല. ചാത്തമംഗലം എന്ന സ്ഥലത്തിന്റെ സാമിപ്യം ചൂലാടിന്റെ അർത്ഥ വ്യാഖ്യാനത്തെ പിന്താങ്ങുണ്ട്.

3.  ചൂലൂര് - കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ചാത്തമംഗലം വില്ലേജിൽ ഉൾപ്പെട്ട ഒരു സ്ഥലം. ചൂലം + ഊര് എന്ന് പിരിക്കാം. ചൂലത്തിൽ (തറച്ച് കൊന്ന) ഊര് എന്ന് അർത്ഥം കൽപ്പിക്കാം.

4.  തറയൂര് – കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്ത്. തറ + ഊര്. എന്ന് പിരിക്കാം. തറച്ച ഊര് എന്ന് അർത്ഥം കൽപ്പിക്കാം.

വയനാട് ജില്ല

1.  മുളയാണിക്കൽ - വയനാട് ജില്ലയിൽ ഇരുളം എന്ന സ്ഥലത്ത് മുളയാണിക്കൽ എന്ന് വീട്ട് പേര് കാണുന്നു. മുള+ആണി+കൽ എന്ന് പിരിക്കാവുന്നതാണ്. മുളയാണി ഉണ്ടായിരുന്ന സ്ഥലം എന്ന് അർത്ഥം കൽപ്പിക്കാം.

2.  അമ്പുകുത്തിമല – വയനാട് ജില്ലയിലെ  അമ്പലവയലിനടുത്തുളള ഒരു കുന്നിൻ പ്രദേശം. ഈ മലയിലുളള എടയ്ക്കൽ ഗുഹ പുരാതന ലിഖിതങ്ങൾ കൊണ്ട് പ്രശസ്തമാണ്. ഇവിടെ നിന്നും ബൌദ്ധ ജൈന ബന്ധം സൂചിപ്പിക്കുന്ന ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ല

1.  ഓട്ടാണി - കണ്ണൂർ ജില്ലയിൽ ഓട്ടാണി എന്ന പേരിൽ ഒരു സ്ഥലമുളളതായി കാണുന്നു. ചെമ്പും ഇയ്യവും ചേർത്തുണ്ടാക്കുന്ന ഒരു ലോഹ സങ്കരമാണ് ഓട്. ഓടു കൊണ്ടുളള ആണി എന്നാണ് ഓട്ടാണി എന്ന വാക്കിന്റെ അർത്ഥം.

കാസർഗോഡ് ജില്ല

    ഇല്ല.[35]


അപഗ്രഥനം-

സ്ഥലനാമങ്ങൾ പരിശോധിക്കുമ്പോൾ കേരളത്തിലുടനീളം വൻതോതിൽ കഴുവേറ്റൽ നടന്നിട്ടുണ്ടെന്ന് ന്യായമായും അനുമാനിക്കത്തക്ക തരത്തിൽ സ്ഥലനാമങ്ങളുളളതായി കാണാം. കാസറഗോഡ് ജില്ലയിലൊഴികെ എല്ലായിടത്തും കഴുവേറ്റൽ നടന്നതിന്റെ വ്യക്തമായ സ്ഥലനാമ സൂചനയുണ്ട്. തെക്കൻ കേരളത്തിലാണ് കഴുവേറ്റൽ കൂടുതലായും നടന്നതായി കാണുന്നത്. വടക്കോട്ട് പോകുന്തോറും കഴുവേറ്റൽ സംബന്ധിയായ സ്ഥലനാമങ്ങൾ കുറഞ്ഞു വരുന്നതായി കാണാം. കാസറഗോഡ് ജില്ലയിൽ നിന്നും സ്ഥലനാമങ്ങൾ കണ്ടെത്താനാകാത്തത് പ്രസ്തുത ജില്ല കേരളത്തെക്കാളേറെ കർണ്ണാടകയുമായി ഭൂമിശാസ്ത്രപരമായും തന്മൂലമുണ്ടായ പുരാതന രാഷ്ട്രീയ സാഹചര്യങ്ങൾ നിമിത്തവും ബന്ധിക്കപ്പെട്ടിരിക്കുന്നതിനാലാകാം എന്ന് അനുമാനിക്കാവുന്നതാണ്. കഴുവേറ്റലുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ സ്ഥലപ്പേരുളളത് തിരുവനന്തപുരം ജില്ലയിലാണെന്ന് കാണാവുന്നതാണ്. തമിഴ് ശൈവമതത്തിന്റെ ഏറ്റവും വലിയ സ്വാധീന മേഖലയായതിനാലാകാം തമിഴ് നാടുമായി അടുത്ത് കിടക്കുന്ന ജില്ലയായ തിരുവനന്തപുരത്ത് കൂടുതൽ സ്ഥലപ്പേരുകൾ കാണുന്നത്.

ആരെയാണ് കഴുവേറ്റിയിരുന്നതെന്നത് സംബന്ധിച്ച സൂചനകൾ സ്ഥലനാമങ്ങൾ നൽകുന്നുണ്ട്. ചാത്തൻ, വള്ളോൻ, കടവൻ, അപ്പൻ മുതലായ വാക്കുകൾ ബുദ്ധന്റെ പര്യായങ്ങൾ ആയതിനാൽ ബുദ്ധധർമ്മക്കാരെയാണ് കഴുവേറ്റിയിരുന്നതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. ജൈന മതത്തിലെ തീർത്ഥങ്കരന്മാരെ സൂചിപ്പിക്കാനും ചാത്തൻ ഒഴികെയുളള പദങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ പൊതുവായി ബൌദ്ധ ജൈന ധർമ്മക്കാരെയാണ് കഴുവേറ്റിയിരുന്നതെന്ന് കരുതാവുന്നതാണ്.

കഴുവേറ്റലിന് ഉപയോഗിച്ച ആയുധത്തെ സംബന്ധിച്ച അനേകം വിവരങ്ങൾ സ്ഥലനാമങ്ങൾ നൽകുന്നുണ്ട്. കഴുകിന് ആണി എന്ന പേരാണ് ഏറ്റവും കൂടുതലായി ഉപയോഗിച്ച് കാണുന്നത്. ഒരറ്റം കൂർത്തതും മറ്റേത്തല പരന്നതുമായ ചെറുകമ്പി, തറച്ച് നിർത്താനുളള കൂർത്ത പദാർത്ഥം എന്നെല്ലാമാണ് ആണി എന്ന വാക്കിന് അർത്ഥം നൽകി കാണുന്നത്. മലദ്വാരത്തിലൂടെയോ വായിലൂടെയോ അടിച്ച് തറയ്ക്കുന്ന രീതിയാണ് കൂടുതലും കഴുവേറ്റൽ നടത്തിയിരുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കഴുക് നിർമ്മിച്ചിരുന്ന വസ്തുവിനെ സംബന്ധിച്ച വിവരങ്ങളും സ്ഥലനാമങ്ങൾ വ്യക്തമാക്കുന്നുണ്ട്. മുള, ഓട് അഥവാ ചെമ്പിന്റെയും ഇയ്യത്തിന്റെയും ലോഹസങ്കരം, മരത്തടി, മരക്കമ്പ് എന്നിവ ഉപയോഗിച്ചിരുന്നതായി കാണാം. ചില സ്ഥലനാമങ്ങൾ ആയുധത്തിന്റെ രൂപം വ്യക്തമാക്കുന്നുണ്ട്. കൊളുത്ത്, ആണി, ശൂലം, അലവാങ്, അമ്പ്, കുന്തം, കന്നപ്പാര എന്നിവയുടെ ആകൃതിയിലുളള കഴുകുകൾ കഴുവേറ്റുന്നതിനായി ഉപയോഗിച്ചിരുന്നതായി സ്ഥലനാമങ്ങൾ വ്യക്തമാക്കുന്നു.

പല രീതിയിൽ കഴുവേറ്റിയിരുന്നതായി സ്ഥലനാമങ്ങൾ സൂചന നൽകുന്നുണ്ട്. കമ്പി തറയ്ക്കുക, നെട്ടനെ നിർത്തുക, കോർത്തിടുക, തൂക്കിയിടുക, കുത്തിക്കയറ്റുക, ആട്ടിയിടുക തുടങ്ങിയ രീതികൾ കഴുവേറ്റലിൽ അനുവർത്തിച്ചിരുന്നു.  സമൂഹത്തിൽ കടുത്ത ഭീതി ജനിപ്പിക്കുന്ന കഴുവേറ്റലുകളും നടന്നതിന്റെ സൂചനയുണ്ട്. മാ (മഹാ), പെരും, കാരു് മുതലായ വാക്കുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുളള കഴുവേറ്റലുകളിൽ അനേകം പേരെ ഒരുമിച്ച് കൊന്നിരിക്കാനുളള സാധ്യതയുണ്ട്. ഗ്രാമം മുഴുവനും കഴുവേറ്റലിന്റെ പേരിൽ അറിയപ്പെടുന്ന സാഹചര്യവും കാണാൻ സാധിക്കും. ഊര് ചേർന്ന് വരുന്ന പേരുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഒരു ഊര് മുഴുവൻ കഴുവേറ്റലിന്റെ പേരിൽ അറിയപ്പെടണമെങ്കിൽ തീർച്ചയായും അത്തരം കഴുവേറ്റലുകൾ കൂട്ടക്കൊലകളാകാനാണ് സാധ്യത.

പഠനവിധേയമാക്കിയ മിക്കവാറും എല്ലാ സ്ഥലങ്ങൾക്കും അടുത്ത് ബുദ്ധ സ്വാധീനമുളള സ്ഥലനാമങ്ങൾ കാണാം. മിക്കവാറും വാക്കുകൾ സ്വയം ബുദ്ധബന്ധം വ്യക്തമാക്കുന്നവയുമാണ്. ഈ സ്ഥലങ്ങളിൽ മിക്കവയിലും, ഇപ്പോഴും കഴുവേറ്റലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുളള തൂക്കം എന്ന ആചാരം നടത്തപ്പെടുന്ന അമ്പലങ്ങൾ നിലനിൽക്കുന്നുണ്ട്.


കണ്ടെത്തലുകൾ -

ശേഖരിച്ച സ്ഥല നാമങ്ങൾ അപഗ്രഥിച്ചതിൽ ലഭിച്ച പ്രസക്തമായ വിവരങ്ങൾ ചുവടെ സംക്ഷിപ്തപ്പെടുത്താം.

1.  കേരളത്തിൽ കാസറഗോഡ് ജില്ലയിലൊഴികെ എല്ലായിടത്തും കഴുവേറ്റൽ നടന്നതിന്റെ സ്ഥലനാമ സൂചനയുണ്ട്.

2.  കഴുവേറ്റലുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതൽ സ്ഥലപ്പേരുളളത് തിരുവനന്തപുരം ജില്ലയിലാണ്.

3.  തെക്കൻ ജില്ലകളിലാണ് കഴുവേറ്റൽ വ്യക്തമാക്കുന്ന സ്ഥലനാമങ്ങൾ കൂടുതലായി കാണുന്നത്.

4.  കഴുവേറ്റലിന് ഉപയോഗിച്ച ആയുധത്തെ സംബന്ധിച്ച അനേകം വിവരങ്ങൾ സ്ഥലനാമങ്ങൾ നൽകുന്നുണ്ട്.

5.  കഴുവേറ്റൽ നടന്ന സ്ഥലങ്ങളോ സമീപ പ്രദേശങ്ങളോ ബുദ്ധ സ്വാധീനമുളളവയാണ്.

6.  ബുദ്ധ ജൈന ധർമ്മക്കാരെയാണ് കഴുവേറ്റിയിരുന്നതെന്ന് സ്ഥലനാമങ്ങൾ വ്യക്തമാക്കുന്നുണ്ട്.  


പഠനത്തിന്റെ പരിമിതികൾ:

ഒരു സ്ഥലനാമത്തിൽ ഉൾപ്പെട്ടിരിക്കുന്ന വാക്കുകൾക്ക് അനേകം അർത്ഥങ്ങൾ ഉണ്ടാകാം. ഇക്കാരണത്താൽ ഒരു സ്ഥലനാമത്തിന് ഒന്നിലധികം അർത്ഥങ്ങൾ കൽപ്പിക്കാൻ സാധിക്കും. കൂടാതെ വാക്കുകളുടെ സങ്കരങ്ങൾക്ക് വ്യംഗ്യാർത്ഥങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിനാലും സ്ഥലനാമങ്ങൾക്ക് ഒന്നിലധികം അർത്ഥങ്ങൾ വരാം. ഇതിൽ ഏത് അർത്ഥം കാരണമാണ് ഒരു സ്ഥലത്തിന് ഒരു പ്രത്യേക സ്ഥലനാമം വന്നതെന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചു കൊണ്ട് മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂ. ഇക്കാരണത്താൽ, വിശകലനത്തിനായി പഠനത്തിൽ പരിഗണിച്ചിട്ടുള്ള എല്ലാ സ്ഥലനാമങ്ങളും കഴുവേറ്റൽ / കഴുക് എന്ന അർത്ഥത്തെ പ്രദാനം ചെയ്യാൻ കഴിയുന്നവയാണെങ്കിലും യഥാർത്ഥത്തിൽ ആ സ്ഥലങ്ങൾക്ക് ആ പേരുകൾ വന്നത് ആ അർത്ഥം കൊണ്ടാവണമെന്നില്ല. ഈ പഠനം പദനിഷ്പത്തിപരവും സാമൂഹികവുമായ സാധ്യതകളെ മാത്രമേ പരിഗണിക്കുന്നുള്ളൂ. മറ്റ് ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പഠനം മുന്നോട്ടു വെയ്ക്കുന്ന നിഗമനം ശരിയാണോ എന്ന് പൂർണ്ണമായും സ്ഥിരീകരിക്കാനാകൂ. ഇത് ഈ പഠനത്തിന്റെ പരിമിതിയാണ്.

ഉപസംഹാരം –

കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു പ്രമുഖ ജീവിത ധർമ്മ ധാരയായിരുന്ന ബുദ്ധ ധർമ്മം പിന്തുടർന്നവരുടെ നേതാക്കളായ ബുദ്ധഭിക്ഷുക്കളെ, പിൽക്കാലത്ത് ശക്തി പ്രാപിച്ച ബ്രാഹ്മണ മതം പീഢനത്തിന് ഇരയാക്കുകയും ഭൌതികമായ ആക്രമണങ്ങളിലൂടെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനായി ഏർപ്പെടുത്തിയിരുന്ന പ്രധാന പീഢന ഉപാധിയായിരുന്ന കഴുവേറ്റലിന് പദോൽപ്പത്തി സാമൂഹ്യശാസ്ത്ര അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ തെളിവ് കണ്ടെത്താൻ സാധിക്കുമെന്നും കേരളത്തിലെ വിവിധ സ്ഥലനാമങ്ങൾ കഴുവേറ്റലിനെ സാധൂകരിക്കുന്ന തെളിവുകൾ നൽകുന്നുണ്ടെന്നും ഈ പഠനം ബോധ്യപ്പെടുത്തുന്നു.

                           

[1] ബൌദ്ധ സ്വാധീനം കേരളത്തിൽ - പവനൻ, സി.പി. രാജേന്ദ്രൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2008, പുറം. 3

[2]Kumarila instigated king Suddhavanan of Ujjaini to exterminate the Buddhists. From the Mirchakatika of Sudraka we learn that the king’s brother-in-law in Ujjain persecuted the Buddhist monks. They were treated as bullocks by passing a string through their noses and yoking them to carts. The Keralopathi documents refer to the extermination of Buddhism from Kerala by Kumarila. About the activities of Sankara, Swami Vivekananda observe:

“And such was the heart of Sankara that he burnt to death lots of the Buddhist monks by defeating them in the argument. What can you call such an action on Sankara’s part except fanaticism.” (Complete works of Swami Vivekananda, Vol.VII. p. 118, Calcutta, 1997). Quoted from Hindu Violence against Buddhism in India has No Parallel - Dr. M. S. Jayaprakash, The Dalit Voice April 16-30.

[3] പുത്തൻ കേരളം – ഡോ. അജയ് ശേഖർ, 2018, പേജ്. 15.

[4] അശോക മന്നൂർ - അശോക മന്നന്റെ ഊര്.

[5]അതിലെ വട്ടെഴുത്തു ലിഖിതം കൊല്ലം 112 ൽ നടത്തിയ വട്ടെഴുത്തു ലിഖിതം കൊല്ലം 112 ൽ നടത്തിയ 1079 ആമത്തെ കൊല രാജാവിന് വേണ്ടി രേഖപ്പെടുത്തിയിട്ടുണ്ട്

[6] എറണാകുളം ജില്ലയിലെ അശമന്നൂരിൽ നിന്നും കിട്ടിയിട്ടുളള കഴുവേറ്റിക്കല്ലും, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം അമ്പലത്തിന് മുന്നിലുളള കഴുവേറ്റിക്കല്ലും തിരശ്ചീന മാതൃകയിലുളളതാണ്. ഇവയുടെ വർണ്ണ ചിത്രങ്ങൾ ഡോ. അജയ് ശേഖറുടെ പുത്തൻ കേരളം എന്ന പുസ്തകത്തിൽ കാണാനാകും.

[7] ചാത്തൻ പാറ എന്നും എഴുതി കാണുന്നു. പ്രാദേശിക സംസാര ഭാഷയിൽ ചാത്തമ്പ്ര എന്നാണ് പറയുന്നത്.

[8] ചാത്തൻ, ചാത്തപ്പൻ, മലയാളി ചേവകൻ, നിലവയ്യൻ എന്നീ പേരുകളിലും ബുദ്ധൻ ആരാധിക്കപ്പെടുന്നു. “എന്റെ ശ്രീപദ്മനാഭാ” -  തോട്ടം രാജശേഖരൻ, പേജ് 43. ചാത്താവ്, ചാത്തൻ -ബുദ്ധൻ. കേരള യൂണിവേഴ്സിറ്റി ലക്സിക്കൺ. വോള്യം. 5, പേജ് നം.296

[9] J.P.Fabricius Tamil and English Dictionary – அறை aṟai   II. v. t. smite, slap strike with the hand; 2. Hammer, drive in, கடாவு, 3. say, speak, tell, சொல்; 4. cut in pieces, துண்டி; 5. beat as a drum, கொட்டு; v. i. sound, ஒலி; 2. beat against as waves against the shore, as wind, மோது. ஆணியைச் சுவரிலே அறை, drive the nail into the wall.

[10] ആലനും ആലപ്പനും ബുദ്ധനാണ്. ആലന്റെ കോട് (കുന്ന്) ആലങ്കോട്. ആലപ്പന്റെ ഉഴ (സ്ഥലം) ആലപ്പുഴ. മലയിലെ ആലപ്പന്റെ ഉഴ – മലയാലപ്പുഴ. പുഴയില്ലാത്ത പല സ്ഥങ്ങളുടെ പേരിന്റെയും അവസാന ഭാഗത്ത് പുഴ എന്ന് കാണാം. അതിന് കാരണം അപ്പ, ഉഴ എന്നീ വാക്കുകൾ ചേർന്ന് വരുമ്പോൾ ആ വാക്കിനെ …..+പ്പുഴ എന്ന് തെറ്റിദ്ധരിക്കുന്നതാണ്. അപ്പ എന്നാൽ ബുദ്ധനും ഉഴ എന്നാൽ സ്ഥലം എന്നുമാണ് അർത്ഥം. ആലപ്പുഴ ഉദാഹരണം.

[11] ശാസ്താവ് ബുദ്ധനാണ് എന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ശാസ്താവാണ് ചാത്തൻ. അതുപോലെത്തന്നെ അമരകോശം ഇത് വ്യക്തമാക്കുന്നുണ്ട്. ബുദ്ധന്റെ പര്യായങ്ങളുടെ കൂട്ടത്തിൽ ശാസ്താവിനെയും വിനായകനെയും കാണാം.

“സർവ്വജ്ഞസ്സുഗതോ ബുദ്ധോ ധർമ്മരാജസ്തഥാഗതഃ

സമന്തഭദ്രോ ഭഗവാൻ മാരജില്ലോകജിജ്ജിനഃ

ഷഡഭിജ്ഞോ ദശബലോദ്വയവാദീ വിനായകഃ

മുനീന്ദ്രഃ ശ്രീഘനശ്ശാസ്‌താ മുനിശ്ശാക്യമുനിസ്തു യഃ

സ ശാക്യസിംഹസ്സർവ്വാർത്ഥസിദ്ധശ്ശൗദ്ധോദനിശ്ച യഃ

ഗൗതമശ്ചാർക്കബന്ധുശ്ച മായാദേവീസുതശ്ച സഃ"

[12] കോരാണി എന്ന ശീർഷകം കാണുക.

[13] ബുദ്ധ ദേവതയായ മംഗലാ ദേവിയുടെ പേരിൽ അറിയപ്പെടുന്നു.

[14] പളളി എന്ന വാക്ക് ബുദ്ധ ആരാധനാ കേന്ദ്രത്തെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രം – പി.കെ. ഗോപാല കൃഷ്ണൻ, 2012, പേജ്.254.

[15] കേരള യൂണിവേഴ്സിറ്റി ലക്സിക്കൺ. വോള്യം. 5, പേജ് നം.563

[16] தரை - tarai   II. v. t. hammer, rivet, தறை. - ആണി അടിച്ച് ഉറപ്പിക്കുക.

[17] ശാസ്തവട്ടം, തോന്നയ്ക്കൽ, പളളിപ്പുറം, മംഗലാപുരം,..

[18] മാറനല്ലൂർ എന്നാൽ മാറന്റെ നല്ല ഊര് എന്നാണ് അർത്ഥം. മാറൻ എന്നാൽ (മാ അറ അൻ) മഹാ അറമുളളവൻ. മഹാ അറം മഹായാനം തന്നെ. അതിനാൽ മാറൻ മഹായാന ബുദ്ധനല്ലാതെ മറ്റാരുമല്ല.

[19] യാനത്തലവർ വട്ടം. യാനം എന്നാൽ വാഹനം എന്നർത്ഥം. ബുദ്ധധർമ്മം മഹായാനം, ഹീനയാനം എന്നിങ്ങനെ രണ്ട് വിഭാഗം ഉണ്ട്. ഇതിനെ ചുരുക്കി യാനം എന്ന് പറയുന്നു. യാനം അഥവാ ഗണസംഘത്തിന്റെ തലവർ (നേതാവ്) ആയ ബുദ്ധനെയാണ് യാനത്തലവർ എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത്. യാനം എന്ന വാക്കിന് ആന എന്നും അർത്ഥമുണ്ട്. യാന എന്ന വാക്കും യാനൈ എന്ന തമിഴ് പദവും തമ്മിലുളള ശബ്ദ സാമ്യം കാരണം യാനത്തലവർ ആനത്തലവർ ആയി രൂപാന്തരപ്പെട്ടിട്ടുണ്ട്. ഗണപതി എന്ന വാക്കിനും ഇതേ അർത്ഥമാണുളളത്. യാനം എന്നാൽ ഗണ സംഘം, പതി എന്നാൽ നേതാവ്. യാനത്തിന്റെ നേതാവാണ് ഗണപതി. സുൽത്താൻ ബത്തേരിയുടെ പഴയ പേര് ഗണപതി വട്ടം എന്നായിരുന്നു. ഇത് ആനത്തല(വർ) വട്ടം എന്നതിന് സമാനമാണ്. ഗണപതിക്ക് ആനയുടെ തലയുളള മനുഷ്യന്റെ രൂപം വന്നതിന്റെ കാരണം ഭാഷാപരമായ ഈ സാദൃശ്യമാണ്.

[20] കാച്ചുക പദോൽപ്പത്തി: (തമിഴ്) കായ്ചുതല്

ദ്രാവകങ്ങൾ ചൂടാക്കി പാകപ്പെടുത്തുക. ഉദാ: എണ്ണകാച്ചുക, പാൽകാച്ചുക; ചൂടാക്കുക, അനത്തുക; പൊരിക്കുക, വറക്കുക. (പ്ര) കാച്ചിക്കുത്തുക = കിഴിചൂടാക്കി ശരീരത്തിൽ രോഗബാധിതസ്ഥലങ്ങളിൽ ഊന്നുക; തീയിൽ കാട്ടുക; തീയിൽകാട്ടി ചമതയിലോ മറ്റോ അഗ്നിയെ ആവാഹിച്ചെടുക്കുക; ലോഹങ്ങൾ തീയിൽ പഴുപ്പിച്ചു ശുദ്ധിചെയ്തു പരുവപ്പെടുത്തുക; ചൂടുവയ്ക്കുക (കാളയ്ക്കും മറ്റും); ചൂടുവച്ച് അടയാളമുണ്ടാക്കുക (ഒരുതരം ശിക്ഷ); അടയ്ക്കുക (വ.മ.); തിളപ്പിച്ചു ദ്രാവകാംശം വറ്റിക്കുക; കൊല്ലുക, വകവരുത്തുക; വാറ്റുക; കൂടുതലായി പ്രയോഗിക്കുക, അധികമായി സംസാരിക്കുക, തകർക്കുക; മതിയാവോളം ഭക്ഷിക്കുക

[21] പളളി ബുദ്ധ ആരാധനാ കേന്ദ്രമാണ്.

[22] University of Madras Lexicon மடை maṭai   n. மடு-. [T. K. maḍa, M.maḍuva.] 1. Cooking; சமையல் வேலை. அடுமடைப் பேய்க்கெலாம் (கலிங். 139). 2. Boiled rice; சோறு. (பிங்.) 3. Oblation of food to a deity; தெய்வபலி. மடை யடும்பால் (கலித். 109).4. Small sluice of a canal or stream; மதகு.உழவருடைத்த தெண்ணீர் மடை (தஞ்சைவா. 151).5. Hole, aperture; தொளை. (திவா.) 6. Shutters of a sluice; மதகுப் பலகை. 7. Dam by which the flow of water in a channel is obstructed;நீரணை. 8. Channel; ஓடை. மடைதோறும் கமலமென் பூச்செறி யெறும்பியூர் (தேவா. 372, 9). 9.Clasp, as of an ornament; ஆபரணக்கடைப்பூட்டு.(திவா.) மடைசெறி முன்கைக் கடகமொடு (புறநா.150). 10. Joint, as in a spear; ஆயுதமூட்டு. மடையவிழ்ந்த... வேல் (சீவக. 293). 11. Nail, rivet; ஆணி. மடை கலங்கி நிலை திரிந்தன (புறநா. 97).

[23] നെടിയാണിക്കൽ ദേവീ ക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച പ്രശസ്തമാണ്. അന്നംകെട്ട്, എടുപ്പ് കുതിര, കതിര് കുതിര മുതലായ കെട്ടുകാഴ്ചകൾക്ക് ബൌദ്ധ ബന്ധമുളളവയാണ്. കേരളത്തിന്റെ സാംസ്കാരിക ചരിത്രം – പി.കെ. ഗോപാല കൃഷ്ണൻ, 2012, പേജ്.255.

[24] ആറൻമുള വളളംകളി പ്രശസ്തമാണ്. വളളംകളി തികച്ചും ബൌദ്ധമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

[25] ശരണംവിളി, പഞ്ചശീല വ്രതം, അയ്യപ്പൻ എന്ന പേര്, പളളിക്കെട്ട്, യോഗപട്ടാസന രൂപത്തിലുളള വിഗ്രഹം മുതലായവ. “എന്റെ ശ്രീപദ്മനാഭാ” -  തോട്ടം രാജശേഖരൻ, പേജ് 42.

[26]പുത്തനത്താണിക്ക് പുതിയ അത്താണി എന്നും ബുദ്ധന്റെ അത്താണി എന്നും അർത്ഥം കൽപ്പിക്കാവുന്നതാണ്. ബുദ്ധന്റെ സ്വാധീനം നിമിത്തമാണ് അശോക ചക്രവർത്തി നാട്ടിലാകെ അത്താണികളും (ചുമടു താങ്ങികൾ) ചുമടുമാടുകൾക്ക് വെളളം കൊടുക്കുന്നതിനുളള തൊട്ടിക്കല്ലുകളും സ്ഥാപിച്ചത്.

[27] തമിഴ്നാട്ടില്‍ ചെന്നൈയ്ക്കടുത്ത് വില്ലുപുരം ജില്ലയിൽ പേരാണി എന്ന പേരിൽ സ്ഥലമുളളതായി കാണുന്നു. പേരാണി എന്നാൽ വലിയ ആണി എന്നാണർത്ഥം.

[28] ഏറ്റ് എന്ന വാക്കിന്റെ അർത്ഥങ്ങൾ - നാ. ഏറ്റൽ, മേൽപ്പോട്ടുകയറ്റൽ, ഉയർത്തൽ, കയറ്റി ഇരുത്തൽ, ചെത്താൻവേണ്ടി പനയിലോ തെങ്ങിലോ കയറ്റം.

[29] ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്ന പോകുന്ന വഴിയിലുളള മൂന്ന് സ്ഥലത്ത് കഴുവേറ്റൽ നടന്നതിന് സൂചനയുണ്ട് – ആറൻമുള, ഏറ്റപ്പെട്ടി, ശരംകുത്തി.

[30] അയ്യൻ ബുദ്ധനല്ലാതെ മറ്റാരുമല്ല. ആര്യൻ എന്ന സംസ്കൃത വാക്കിന്റെ പാലി രൂപമായ അജ്ജ, അയ്യ എന്നിവയിൽ നിന്നാണ് അയ്യൻ എന്ന വാക്കുണ്ടായിട്ടുളളത്.

[31] மான் (māṉ)   s. The active agency of nature, பிரகிருதிதத்துவம்; [from Sa. Mana, an agent.] (Drew's Kural. p. 25.) 2. An affix to words both Sa. and Tamil, implying poss essor, as கல்விமான், a learned man; சீமான், an opulent man; மன்னுமான், the Everlast ing One, &c.

[32] പാരാ / പാരം  എന്നാൽ മറുകര അഥവാ അക്കര. പാരൻ എന്നാൽ ബുദ്ധൻ. പാരാ എന്നതിന്റെ മറ്റൊരു വാക്കാണ് പാരഗ. പാരഗ എന്നാൽ മറുകരകടക്കുന്ന (സമാസാന്തത്തില്‍), മഹായാന ബുദ്ധമതത്തിലെ ബുദ്ധൻ (മറുകരകടന്നവൻ / മോക്ഷപ്പെട്ടവൻ) എന്നെല്ലാം അർത്ഥമുണ്ട്.  താരകൻ, താര, താരിണി എന്നതെല്ലാം മറുകര കടത്തുന്നത് എന്നാണ് അർത്ഥം. ബുദ്ധ സാഹിത്യത്തിൽ തത്തുല്യമായ അനേകം പദങ്ങൾ നമുക്ക് കാണാനാകും. ജൈന സാഹിത്യത്തിലും സമാനമായ പ്രയോഗങ്ങൾ കാണാനാകും. തീർത്ഥങ്കരൻ എന്ന വാക്കിന്റെ അർത്ഥം തന്നെ കടത്തുകാരൻ അല്ലെങ്കിൽ കടത്ത് ചെയ്യുന്നവൻ എന്നാണ്.

[33] പുത്തൻ കേരളം – ഡോ. അജയ് ശേഖർ, 2018, പേജ്. 16.

[34]വള്ളോന്തറ എന്ന സ്ഥലനാമത്തിന്റെ വിശദീകരണം കാണുക.

[35] കാസറഗോഡിന് അടുത്ത് കർണ്ണാടക സംസ്ഥാനത്ത് തലപ്പാടിക്കടുത്ത് തച്ചാണി എന്നൊരു സ്ഥലമുണ്ട്.


 


0 comments

Related Posts

bottom of page