top of page

സിൻഡ്രെല്ലയും പെൺപാഠങ്ങളും ഭാഗം-3

സംസ്കാരപഠനം
അഞ്ജലി പി. പി.

നാടോടി സാഹിത്യം അതിന്റെ ഉള്ളടക്കം കൊണ്ടും രൂപഘടന കൊണ്ടും മനുഷ്യമനസ്സിനെ എളുപ്പം സ്വാധീനിക്കാൻ പോന്നതാണ്. സമൂഹത്തിന്റെ ഇഷ്ടാനിഷ്ട‌ങ്ങൾക്കനുസരിച്ച് കൃത്രിമമായി രൂപപ്പെടുന്നവയാണ് ഇവ. അതുകൊണ്ട് തന്നെ "സിൻഡ്രല്ല' കഥയും ആധുനികാനന്തര എഴുത്തുകാരുടെയും അബോധസാഹചര്യമാണ്.


അതിസുന്ദരിയായ ഒരു പെൺകുട്ടി, ദുഷ്ടരായ ബന്ധുക്കൾ, അത്ഭുതങ്ങൾ, രാജകുമാരനുമായുള്ള വിവാഹം,  ശുഭമായ അന്ത്യം -ഇത്രയുമാണ് 'സിൻഡ്രല്ലയുടെ പ്രമേ യം. കഥാഘടനയനുസരിച്ച്, പീഡനമനുഭവിക്കുന്ന നായികാ കഥാപാത്രം, അവളെ രക്ഷിക്കുവാൻ സഹായിക്കുന്ന തലതൊട്ടമ്മ, സ്വീകരിക്കുന്ന നായക കഥാപാത്രം എന്നിവരാണ് പ്രധാന കഥാപാത്ര സ്ഥാനത്ത് നിൽക്കുന്നത്. ഇതേ ഘടനയനുസരിച്ചാണ് സാറാജോസഫിൻ്റെ 'ഓരോ എഴുത്തുകാരിയുടെ ഉള്ളിലും', പി. വത്സലയുടെ 'മണ്ടകത്തിലെ ദേവി', അംബികാസുതൻ മാങ്ങാടിൻ്റെ 'ആർത്തുപെയ്യുന്ന മഴയിൽ ഒരു ജൂമൈല', ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ 'സിൻഡ്രല്ല' തുടങ്ങിയ കഥകൾ രൂപം കൊണ്ടിരിക്കുന്നത്.


ഓരോ എഴുത്തുകാരിയുടെ ഉള്ളിലും


സാറാജോസഫിനെ സാമാന്യം പരിചയപ്പെടുത്തിക്കൊണ്ട് മലയാള സ്ത്രീവാദപ്രസ്ഥാനത്തെ മനസിലാക്കുകയും പ്രസ്‌തുതകഥയെ സവിശേഷമായി പഠിക്കുകയുമാണ് ഈ ഭാഗത്തിൽ.


 


സ്ത്രീരചനകളിൽ പുതിയ മാനങ്ങൾ തേടുന്ന കഥാകാരിയാണ് സാറാജോസഫ്. സ്ത്രീയുടെ ലോകത്തെപ്പറ്റി ഭയമില്ലാതെ എഴുതുകയാണ് തന്റെ കർത്തവ്യം എന്ന പ്രഖ്യാപനത്തോടെ മലയാള സാഹിത്യ രംഗത്ത് കടന്നു വന്ന സാഹിത്യകാരിയാണ് അവർ. സ്ത്രീവാദത്തിന്റെ എല്ലാ നിലപാടുകളും ഉൾക്കൊണ്ടു കൊണ്ട് തന്റെ രചനയെ ആൺകോയ്മയ്ക്കെതിരായുള്ള ഒരായുധമാക്കി മാറ്റി. "പാപത്തറ' എന്ന കഥാസമാഹാരത്തിൽ സാറാജോസഫ് ഇങ്ങനെ അഭിപ്രായപ്പെടുന്നു.


“പെണ്ണായി ജനിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. പെണ്മയുടെ വാഗ്ദാ നങ്ങൾക്ക് കാതോർക്കുന്ന ഒരു യുഗത്തിൽ ജീവിക്കാൻ കഴിയുന്നത് ഭാഗ്യമായി ഞാൻ കരുതുന്നു. ഞാൻ ഒരെഴുത്തുകാരൻ അല്ലാത്തതു കൊണ്ടു തന്നെ എനിക്ക് നില നിൽക്കുന്ന അധീശവർഗ്ഗമൂല്യങ്ങളെ പുനരുത്പാദിപ്പിക്കേണ്ടതില്ല. അധീശ വർഗ്ഗമൂല്യങ്ങൾ പെണ്ണിനെതിരാണ്. അതു ജാതിയിൽ താണവർക്കെതിരായതുപോലെ. അത് വർണ്ണത്തിലും വർഗ്ഗത്തിലും താഴ്ന്നവർക്ക് എതിരായതു പോലെ പെണ്ണിനും എതിരാണ്. ലിംഗപരമായ മേധാവിത്വത്തിൻകീഴിൽ സ്വന്തം ശരീരത്തിന്മേലുള്ള സ്വയം നിർണ്ണയാവകാശം പോലും എടുത്തുകളയപ്പെട്ടിട്ടുള്ള പെണ്ണിന്റെ ലോകത്തെക്കുറി ച്ച്, ഭയലേശമില്ലാതെ എഴുതുക എന്നതാണ് എൻ്റെ കർത്തവ്യം."' ഈ പ്രഖ്യാപനം തന്നെ താനേറ്റെടുത്തിരിക്കുന്ന ദൗത്യത്തോടുള്ള തീവ്രമായ പ്രതിബദ്ധത വെളിവാക്കുന്നുണ്ട്.


ഭാവാത്മകവും അന്തരീക്ഷ പ്രധാനവുമായിരുന്നു സാറാജോസഫിന്റെ ആദ്യ കാല കഥകൾ. സ്ത്രീ ജീവിതത്തെ കുറിച്ചുള്ള ഉൾക്കാഴ്ചകളും സ്ത്രീജീവിതത്തിലെ ആ സവിശേഷാവസ്ഥകളെ കുറിച്ചുള്ള ആവിഷ്കാരവും ആ രചനകളിൽ നിറഞ്ഞു എന്നാൽ, പിന്നീട്, പ്രണയം, ദാമ്പത്യം, കുടുംബം എന്നിവയിലെ സ്ത്രീ വിരുദ്ധതയെയും പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളെയും തന്റെ രചനയിലൂടെ വിമർശനാത്മകമായി അവതരിപ്പിച്ചു. ഇത് മലയാള സ്ത്രീവാദസാഹിത്യത്തിനു തന്നെ ഉന്മേഷം നൽകി. സാറാജോസഫിന്റെ ചെറുകഥകളും നമ്മുടെ പൊതുമണ്ഡലത്തിൽ അവർ സൃഷ്ടിച്ച സംവാദങ്ങളും പുതിയ എഴുത്തുകാരികളെ പ്രചോദിപ്പിച്ചു. മറ്റൊരു തലത്തിൽ സ്ത്രീവാദത്തെ ഉൾക്കൊണ്ട് മുൻകാല എഴുത്തുകാരികളെ വീണ്ടും വായി ക്കുവാൻ ഇത് അവസരം സൃഷ്ടിച്ചു. കെ. സരസ്വതിയമ്മയെ കുറിച്ചുള്ള സാഹിത്യ

വിചാരചർച്ചകൾ ഊർജ്ജസ്വലമാകുന്നത് ഇതിനെ തുടർന്നാണ്. ഇത്തരത്തിൽ നോക്കുമ്പോൾ സ്വന്തം രചനകളിലൂടെ പകർന്നു നൽകിയ സർഗ്ഗ സംഭാവന കൾക്കൊപ്പം പ്രധാനമാണ് അവർ നമ്മുടെ സാഹിത്യരംഗത്ത് സൃഷ്‌ടിച്ചെടുത്ത നവാന്തരീക്ഷവും.


സ്ത്രീയുടെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങളെയും, അവസ്ഥകളെയും ആഖ്യാനം ചെയ്യുന്നവയാണ് സാറാജോസഫിൻ്റെ രചനകൾ. 'പാപത്തറ', 'നിലാവ് അറിയുന്നു', 'ഒടുവിലത്തെ സൂര്യകാന്തി, 'കാടിത് കണ്ടായോ കാന്താ', 'മനസ്സിലെ തീമാത്രം', 'കാടിന്റെ സംഗീതം' തുടങ്ങിയ കഥാസമാഹാരങ്ങൾ. 'ആലാഹയുടെ പെണ്മക്കൾ', 'മാറ്റാത്തി', 'ഒതപ്പ്' തുടങ്ങിയ നോവലുകൾ, 'ഭഗവത്‌ഗീതയുടെ അടു ക്കളയിൽ എഴുത്തുകാർ വേവിക്കുന്നത്', 'നമ്മുടെ അടുക്കള തിരിച്ചു പിടിക്കുക' തുട ങ്ങിയ ലേഖനസമാഹാരങ്ങൾ എന്നീകൃതികൾ അവരുടേതാണ്.


പൊതുധാര എഴുത്തെന്നത് പുരുഷാധിപത്യഭാഷയിലാണ് എന്നതിനാൽ സ്ത്രീയ്ക്ക് തന്റേതായ അനുഭവങ്ങൾ തുറന്നു പറയുവാനുള്ള ഒരു ഭാഷ വേണ മെന്ന് ഈ എഴുത്തുകാരി ഊന്നിപ്പറയുന്നു.


'പുരുഷാധിപത്യം നിലനിൽക്കുന്ന ഒരു സമൂഹത്തിൽ സ്ത്രീ പുരുഷ വൈരുദ്ധ്യം നിലനിൽക്കുന്നതിനാൽ ഭാഷ പുരുഷകേന്ദ്രിതവും പുരുഷാധികാരത്തിൻ കീഴിലുള്ളതും ആയിരിക്കും. ആ ഭാഷ ഉപയോഗിച്ചുകൊണ്ട് രചന നടത്തേണ്ടി വരുന്ന സ്ത്രീയ്ക്ക് ഭാഷ തനിയ്‌ക്കെതിരായി ഉപയോഗിക്കേണ്ടി വരികയാണ്. മറ്റൊരു നിരീക്ഷണമനുസരിച്ച്,


“സ്ത്രീ എഴുതുമ്പോൾ അവൾ പുതിയ ലോകത്തെയും ലാവണ്യനിയമങ്ങളെയും സൃഷ്ടിക്കുകയാണെ”ന്ന ബോധമാണ് സാറാജോസഫിന്റെ എഴുത്തിനെ ഭരി ക്കുന്നത്. അവരുടെ കഥകളിലെ പ്രധാന പ്രശ്‌നം പുരുഷന്റെയും, സ്ത്രീയുടെയും തമ്മിലുള്ള അന്തരവും അവ നിലനിൽക്കുന്ന രീതികളും, അവയുടെ അതിർത്തിലംഘനവുമാണ്. സ്ത്രീക്ക് തന്നിൽ നൂറ്റാണ്ടുകളായി അടിച്ചേല്പ്പിക്കപ്പെട്ട മൗനം ലംഘിക്കുവാൻ ഒരു പുത്തൻ ഭാഷ നിർമ്മിച്ചേ തീരൂ എന്ന തിരിച്ചറിവാണ് സാറാജോസഫിന്റെ കഥകളെ മുൻകാലങ്ങളിലെ സ്ത്രീ സാഹിത്യത്തിൽ നിന്നും വേർതിരിച്ചു നിറുത്തുന്നത്.” ചുരുക്കത്തിൽ സ്ത്രീവിമോചനത്തിനു വേണ്ടിയുളള ശക്തമായ ഒരായുധമാണ് സ്ത്രീ സാഹിത്യം എന്നു അവർ കരുതുന്നു.


എന്നാൽ 'ഓരോ എഴുത്തുകാരിയുടെ ഉള്ളിലും' എന്ന കഥ പരിശോധിക്കുമ്പോൾ ഫെമിനിസ്റ്റ് സങ്കല്പം തന്നെ പുന:പരിശോധിക്കേണ്ടി വരുന്നു.


സാറാജോസഫിൻ്റെ 'പാപത്തറ' എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് 'ഓരോ എഴുത്തുകാരിയുടെ ഉള്ളിലും'. ഒരു സ്ത്രീയുടെ അവസ്ഥ, ഉള്ളിന്റെയുള്ളിൽ ഒരു എഴുത്തുകാരിയെന്ന നിലയിൽ അവൾക്കനുഭവിക്കേണ്ടി വരുന്ന അസ്വാതന്ത്ര്യങ്ങൾ, പീഡനങ്ങൾ എന്നിവയെല്ലാം ഈ കഥയിൽ പരാമർശവിധേയമാകുന്നു. ദാമ്പത്യത്തിൻ്റെ ബന്ധങ്ങളെ തകർത്ത് മേബിൾ അമ്മായിയുടെ കടൽക്കരയിലെ വീട് എന്ന ശാന്തവും സ്വസ്ഥവുമായ സ്ഥലത്തേയ്ക്ക് പോകാൻ കഥയിലെ എഴുത്തുകാരി ഒരു ങ്ങുന്നു. മേബിൾ അമ്മായിയുടെ വീട്ടിൽ വച്ച് തൻ്റെ കുട്ടികളെ ഓർത്ത് വേദനിക്കു മെങ്കിലും അതിൽ നിന്നൊക്കെയുള്ള വിടുതലിലൂടെ തന്റെ സർഗ്ഗവാസനകളെ പുനഃസൃഷ്ടിക്കാമെന്ന് അവൾ കരുതുന്നു.


കഥ സൂക്ഷ്‌മമായി പരിശോധിക്കുമ്പോൾ, 'സിൻഡ്രല്ല' എന്ന പേരു തന്നെ ആദ്യമെടുക്കാം. "ചാരത്തിനകത്തു മൂടപ്പെട്ടവൾ' എന്നതിൽ നിന്നാണ് സിൻഡ്രല്ല എന്ന പേരു വന്നത്. ഈ കഥയിലെ നായികയും അത്തരത്തിലുള്ള ഒരന്തരീക്ഷത്തിൽ കഴിയുന്നവളാണ്. ഗാർഹികാന്തരീക്ഷത്തിൽ പീഡനം അനുഭവിക്കുന്നവൾ.


“ഇന്നലെ എന്റെ പുതിയ കൃതിയെപ്പറ്റി ആഴമേറിയ ചിന്തകളിൽ മുഴുകി, ഇവിടെ ഇടനാഴിയിൽ, നിലത്ത് വിരിച്ചിട്ട പുല്പായയയിൽ ഞാൻ കിടക്കുകയായിരു ന്നു..... ഇടനാഴിയുടെ നിഗൂഢതയിൽ അവ്യക്തങ്ങളായ നിഴലുകളുണ്ട്. അതെന്നെ അസ്വസ്ഥയാക്കി. ഇടനാഴിയുടെ ചുവരുകളിളകുന്നത് ഞാനങ്ങനെയാണറിഞ്ഞത് ! ചുവരുകൾ ഇളകുകയും സഞ്ചരിക്കുകയും ചെയ്തു. പരിഭ്രമിക്കാൻ ഇടകിട്ടും മുമ്പ് നിരങ്ങിയെത്തി എന്നെ ഞെരുക്കി! ഇടനാഴിയിലേയ്ക്കുള്ള കാറ്റും വെളി ച്ചവും അടഞ്ഞുപോയി. ശ്വാസം വിടാനാവാതെ, പ്രേതബാധയേറ്റ ചുവരുകളുടെ ഞെരുക്കത്തിൽ കിടന്ന് ഞാൻ കൈകാലിട്ടു തല്ലി.ആ വീട്ടിലെ മറ്റാർക്കും അനുഭവപ്പെടാത്ത തോന്നലുകൾ അവൾക്കുണ്ടാകുന്നു. “ഒരു നാൾ പുറത്തുപോയി. തിരികെ വന്ന് വാതിൽ തുറക്കാനൊരുങ്ങുമ്പോൾ ഉരുകിയ മെഴുകുപോലെ വളഞ്ഞുവന്ന് ഉരുക്കു ഗ്രില്ലുകളുടെ വല എന്നെ ഞെരുക്കുക! പിന്നൊരു നാൾ പൈപ്പിൽ ചുവട്ടിൽ കഴുകാനെടുത്തിട്ട പാത്രങ്ങൾ എണീറ്റു നിന്നു സംസാരിക്കുകയും പുളിച്ച വാടയടിക്കുന്ന എച്ചിൽ കൂനകളെ പ്രസവിച്ചുകൊണ്ട്, അടുക്കളയിലും കൊട്ടത്തളത്തിലും ഊണു മേശപ്പുറത്തും ഒരു വെല്ലുവിളിയോടെ ഉരുണ്ടു നടക്കുകയും ചെയ്യുക! കുടലുകൾ വരെ ഛർദ്ദിച്ചു കളഞ്ഞ് ഒരബ്‌സേഡ് ഡ്രാമയിലെ കഥാപാത്രത്തെപ്പോലെ ഞാൻ കമിഴ്ന്നു വീഴുന്നു  വയ്യ! ഭീകരമാണിത്! എനിക്ക് സ്വസ്ഥതയും സമാധാനവും ആവശ്യമാണ്"


ഇത്തരത്തിലുള്ള ഗാർഹിക പരിസരം തന്റെ സർഗ്ഗവാസനകൾക്കും ജീവിതത്തിനും തടസ്സമായി നിൽക്കുന്ന അവസ്ഥയിൽ അതിൽ നിന്നുള്ള ഒരു രക്ഷപ്പെടലായി 'മേബിൾ അമ്മായിയുടെ കടൽക്കരയിലുള്ള വീട്' എന്ന ഭ്രമാത്മകമായ ഒരു ഭാവന അവളിലേക്ക് വരുന്നു. കടലോരം പശ്ചാത്തലമായുള്ള ആ വീട്ടിൽ എഴുതാനും വായിക്കാനുമായി ചക്രവാളങ്ങൾ ദൃശ്യമാകുന്ന മൂന്നു ജാലകങ്ങളുള്ള ഒരു മുറി അവൾക്കവിടെ ഉണ്ട്.


“മേബിൾ അമ്മായിയുടെ വീടിന് ചുമരുകളില്ല. കനം കുറഞ്ഞതും മനോഹര വുമായ വിചിത്രമറകൾ കൊണ്ടാണ് അതുണ്ടാക്കപ്പെട്ടിട്ടുള്ളത്. അതിന് ഗ്രില്ലുകളൊ സാക്ഷകളൊ ഇല്ല. ഞരമ്പുകളാണുള്ളത്. ത്രസിക്കുന്ന സിരാപടലം


സിൻഡ്രല്ലാ കഥയിൽ നായികയെ രക്ഷപ്പെടുത്തുന്നത് തലതൊട്ടമ്മയാണെ ങ്കിൽ, സാറാജോസഫിൻ്റെ കഥയിൽ ആ ചുമതല മേബിൾ അമ്മായിയ്ക്കാണ്. തികച്ചും സ്വാഭാവികമായ ഒരു കഥാസന്ദർഭത്തെ അസ്വാഭാവികതയിലേയ്ക്ക് / അത്ഭുത ലോക ത്തിലേയ്ക്ക് നയിക്കുന്ന കഥാപാത്രമാണിത്. കഥയിലെ നായികയ്ക്ക് മാത്രമാണ് ഈ അത്ഭുതം അനുഭവപ്പെടുന്നത്. കഥാഘടനയിൽ പ്രധാന വഴിത്തിരിവാണ് ഈ കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടു കൂടി നടക്കുന്നത്.


“സാറാ ജോസഫിൻ്റെ 'ഓരോ എഴുത്തുകാരിയുടെ ഉള്ളിലും' എന്ന കഥയിലെ മേബിൾ അമ്മായിയ്ക്ക് ഒരു ഫേബ്ൾ സ്‌പർശമുണ്ട്. ഇതിലെ പീഡിത തന്റെ വിമോചനത്തിനായി തേടുന്ന സഹായിയായ സ്ത്രീയാണ് മേബിൾ അമ്മായി"എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.( ഇ.പി.രാജഗോപാലൻ )


കഥയിലെ എഴുത്തുകാരി രചനാനിർവ്വഹണം നടത്താനുള്ള സ്വസ്ഥമായ ഒരു സ്ഥലമന്വേഷിക്കുന്നു. തൻ്റെ രചനകളെ പ്രസവിക്കാൻ പറ്റിയ പുരുഷാധിപത്യത്തിന്റെ കടന്നു കയറ്റമില്ലാത്ത ഈറ്റുമുറിയാണ് അതിനുത്തമമെന്ന് അവൾ തിരിച്ചറിയുന്നു മുണ്ട്. അടുക്കളയിലും വീടിൻ്റെ എല്ലാ മുറികളിലും സഞ്ചരിച്ചു കൊണ്ട് ജീവിക്കുന്ന വീട്ടമ്മയ്ക്ക് മാത്രം സ്വന്തമായി ഒരു മുറി ഇല്ല. അവൾ എല്ലാ മുറിയിലും എത്തണം. എല്ലാവരുടെയും ആവശ്യങ്ങൾ നിർവ്വഹിക്കണം. എന്നാൽ അവളുടെ ആവശ്യ ങ്ങളെയോ, പ്രശ്നങ്ങളെയോ കുറിച്ച് ആരും ചിന്തിക്കുന്നില്ല. വീട്ടമ്മ എഴുത്തുകാരി കൂടെയാണെങ്കിൽ അവൾക്ക് നിരവധി സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്നു.

.


തലതൊട്ടമ്മയോട് രാജകുമാരൻ നടത്തുന്ന വിരുന്നിൽ പങ്കെടുക്കണമെന്നു പറയുന്ന സിൻഡ്രല്ല യഥാർത്ഥത്തിൽ ക്രൂരതകൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നുള്ള മോചനമാണ് ആഗ്രഹിക്കുന്നത്. കഥയിലെ എഴുത്തുകാരിയുടെയും ആവശ്യം അതു തന്നെയാണ്. തന്റെ അസ്വസ്ഥതകൾ എല്ലാം ഒഴിവായ ഒരിടം.


“എനിക്കൊരീറ്റു മുറിയാണ് വേണ്ടത്. വാതിൽ പുറത്തുള്ള ഒന്നിനോടും ബന്ധമില്ലാത്തൊരീറ്റുമുറി" എന്ന് കഥയിൽ പറയുന്നു.


കഥയുടെ ലക്ഷ്യം 'സിൻഡ്രല്ല'യിലേതുപോലെ ദൂരിതമോചനമാണ്. സ്വീകർത്താവായ നായികയെ വ്യത്യസ്‌തരീതികളിൽ സഹായിക്കുന്നതിനായി രണ്ടു പേർ ഉണ്ട്. വലിയ തോതിൽ സഹായിക്കുന്ന ദാതാവും, ചെറിയ തോതിൽ പ്രവർത്തിക്കുന്ന സഹായിയും. അലൗകികമായ ഒരു ശക്തിയാണ് ദാതാവ് എന്ന കഥാപാത്രം. ഈ കഥയിൽ യക്ഷിയായ തലതൊട്ടമ്മ എന്ന രക്ഷാമാർഗ്ഗത്തിലേയ്ക്ക് എത്തുന്നത് രാജകുമാരൻ്റെ വരവോടെയാണ്. ഈ കഥയിലും മേബിൾ അമ്മായിയുടെ വീട് എന്ന ചിന്തയിലേയ്ക്ക് എത്തിക്കുന്നത് സുഹൃത്തായ ജയദേവനാണ്. അതുകൊണ്ട് കഥയിലെ എന്ന രീതിയിൽ നിലകൊള്ളുന്നത് ജയദേവൻ എന്ന കഥാപാത്രമാണ്.


“ഒരു കൃതിയുടെ രചനയ്ക്കു വേണ്ടി മേബിൾ അമ്മായിയുടെ വീട് തിരഞ്ഞെടുക്കാൻ എന്നെ ഉപദേശിച്ചത് എൻ്റെ സുഹൃത്ത് ജയദേവനാണ്""എന്ന് നായിക പറയുന്നുണ്ട്. പരസ്പര പൂരകമായ ചിന്തകളും അനുഭൂതികളുമാണ് നായികാകഥാപാ ത്രത്തെ ജയദേവൻ എന്ന സുഹൃത്തിലേയ്ക്കെത്തിക്കുന്നത്.


“എന്റെ തിളയ്ക്കുന്ന തലച്ചോറിനെ പൂരിപ്പിക്കാൻ ജയദേവന്റെ തിളയ്ക്കുന്ന തലച്ചോറിന് കഴിഞ്ഞിരുന്നു. അയാളോടൊപ്പം ചിലവഴിക്കുന്ന നാളുകളിൽ എന്റെ രചനകൾക്ക് ആഴവും പരപ്പും കൈവരുന്നതായി"" നായിക കഥയിൽ തുറന്നു പറയുന്നു.


ജയദേവനുമായുള്ള ബന്ധം പ്രണയത്തിലല്ല മറിച്ച് സൗഹൃദത്തിലാണ് നായികയെ കൊണ്ടെത്തിക്കുന്നത്. കഥയിൽ ഇത് വ്യക്തമാക്കുന്നുണ്ട്.


“ഞങ്ങൾക്കിടയിൽ വളർന്നുവന്നത് നിരുപാധികമായ ആഹ്ലാദത്തിന്റെ ചങ്ങാ ത്തമായിരുന്നു! ചിരിച്ചും വഴക്കടിച്ചും ഉറക്കെ പാടിയും ഞങ്ങൾ പൊയ്പ്പോയ ബാല്യത്തെ തിരികെ കൂട്ടിക്കൊണ്ടുവന്ന് മേബിൾ അമ്മായിയുടെ മുന്നിലിരുത്തി!”


കഥയിൽ എതിരാളി എന്ന സ്ഥാനത്തേയ്ക്ക് കടന്നുവരുന്നത് ഭർത്താവായ പുരുഷോത്തമനും ഒരു പരിധിവരെ മക്കളുമാണ്. ശാന്തവും ഹൃദ്യവുമായ തന്റെ സൗഹൃദത്തെപ്പറ്റിയും, ആശ്വാസദായിനിയായ മേബിൾ അമ്മായിയെ കുറിച്ചും പറയുമ്പോഴെല്ലാം ഭർത്താവ് അവളോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു.


“നുണയാണ് ഏത് മേബിൾ അമ്മായി? ഏതു ജയദേവൻ? ഭ്രാന്തു പറയാതെ പോ!" തന്റെ തലച്ചോറിൽ ഭ്രാന്തിൻ്റെ കാറ്റിളക്കിവിടുന്ന പുരുഷോത്തമന്റെ തന്ത്രമായിട്ടാണ് അവൾ ഈ പ്രതികരണത്തെ കാണുന്നത്.


“എല്ലാ തന്ത്രങ്ങളും പരാജയപ്പെടുമ്പോൾ ഞാനില്ലാതെ ജീവിക്കാനാവില്ലെന്ന അതിഭാവുകത്വം നിറഞ്ഞ നുണ പുരുഷോത്തമൻ ആവർത്തിച്ചു പറയും"* ഇതു വരെ ഈ വക തന്ത്രങ്ങൾക്കെല്ലാം താൻ വഴങ്ങിക്കൊടുത്തിരുന്നു. എന്നാൽ ഇനി പഴകിയ അത്തരം തന്ത്രങ്ങൾ പറഞ്ഞ് തൻ്റെ യാത്രയെ തടസ്സപ്പെടുത്താനാവില്ലെന്ന് തീരുമാനിച്ച് സ്വത്വത്തെ തിരിച്ചറിഞ്ഞ അവൾ മേബിൾ അമ്മായിയുടെ വീട്ടിലേ യ്ക്ക്പോകുന്നു. 'സ്ത്രീയുടെ സ്വാതന്ത്ര്യത്തെയാണ് കഥയിൽ തുടർന്നുള്ള വരികൾ വ്യക്തമാക്കുന്നത്.


“ഞാൻ കൈവീശി നടന്നു. എൻ്റെ കൈകൾ ദിക്കുകളെ തൊട്ട് മടങ്ങി വന്നു. ചിറകുള്ള കാറ്റ് എന്റെ മുടിയിഴകളേയും വസ്ത്രത്തലപ്പുകളേയും ഇളക്കിവിട്ടു. എന്റെ മുടിയഴിഞ്ഞു പറന്ന് ആകാശം മുട്ടുകയും ചെയ്തു"


കഥയുടെ ലക്ഷ്യം ദുരിതമോചനമാണ്. അത് കഥാന്ത്യത്തിൽ യാഥാർത്ഥ്യമാകുന്നു. മൂലകഥയെപ്പോലെ തന്നെ അസ്വാഭാവികമായ സംഭവങ്ങൾ കഥയിലേയ്ക്ക് കടന്നു വരുന്നുണ്ട്. തലതൊട്ടമ്മയുടെ സ്ഥാനം കഥയിൽ വഹിക്കുന്ന മേബിൾ അമ്മായി കടന്നുവരുമ്പോൾ മുതൽക്കാണ് കഥയിൽ അസ്വാഭാവികത കൈവരുന്നത്. ദുരിതമോചനത്തിലൂടെ സ്വത്വത്തെ സാക്ഷാത്കരിക്കുന്ന നായികമാരാണ് ഈ കഥകളിലെന്ന് പൂർണ്ണമായും തെളിയുന്നു.


അരങ്ങത്തു പ്രാഗത്ഭ്യം തെളിയിക്കുന്നതിൽ നിന്ന് വീടകങ്ങൾ സ്ത്രീയെ തടഞ്ഞിരുന്നു എന്നതിനുള്ള ഉത്തമോദാഹരണമാണ് "ഓരോ എഴുത്തുകാരിയുടെ ഉള്ളിലും' എന്ന ഈ കഥ. അതുകൊണ്ടാണ് “ഒരെഴുത്തുകാരിക്ക് എച്ചിൽപ്പാത്രങ്ങളിൽ നിന്നും വിഴുപ്പുകളിൽ നിന്നും മോചനം തേടി മേബിൾ അമ്മായിയുടെ വീടു തേടി ഓടിപ്പോകേണ്ടി വരുന്നുവെന്ന് സാറാജോസഫും പറയുന്ന" തായി പി. ഗീത അഭിപ്രായപ്പെടുന്നത്.


'സ്വന്തമായൊരു മുറി' തേടുന്ന വെർജിനീയ വുൾഫിനെപ്പോലെയും സ്വന്തമായൊരു ഭവനം' കാംക്ഷിച്ച അന്തർജ്ജനത്തെപ്പൊലെയും 'സ്വഛന്ദമായി എഴുതു വാനൊരിടം' എന്ന സങ്കല്‌പം തൻ്റെ ഉള്ളിലുമുണ്ടെന്ന് സാറാജോസഫും പ്രഖ്യാപി ക്കുന്നു. എങ്കിലും സാറാജോസഫ് 'സ്വഛന്ദമായൊരിടം' എന്നതിൽ നിന്നും ഒരു പടി കൂടെ മുന്നോട്ടു പോകുന്നു. അതിലുപരി സ്വതന്ത്രമായ ചർച്ചകളിൽ കൂടി വീട്ടുവേലക്കാരിയുടെ വിരസതയിൽ നിന്നും, ഭർത്താവിൻ്റെ കർശനനിലപാടുകളിൽ നിന്നും വിട്ട്, വീർപ്പുമുട്ടിക്കാത്ത ചുറ്റുപാടുകൾ ഉണ്ടെങ്കിലേ എഴുത്തുകാരി സ്വതന്ത്ര്യയാകൂ എന്ന വിശ്വാസത്തിലെത്തിച്ചേരുകയും അത് ഈ കഥയിലൂടെ ആവിഷ്കരിക്കുക യും ചെയ്യുന്നു.


അതായത് സാമൂഹികവും രാഷ്ട്രീയവുമായ ഒരു വിമോചനമല്ല ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായ വ്യാമോഹാധിഷ്ഠിതമായ ഒരു വിമോചനമാണ്. അതിനാൽ ഈ വിമോചന സങ്കല്പ‌ം സ്ത്രീവിരുദ്ധമാണെന്ന് പറയാം.


വെർജീനിയാ വുൾഫും ലളിതാംബികാ അന്തർജ്ജനവും സ്വന്തമായ മുറി അന്വേഷി ച്ചതും സൃഷ്ടിച്ചതും 'സ്വച്ഛമായ' ഒരു കൃത്രിമസ്ഥലം സൃഷ്ടിച്ചുകൊണ്ടല്ല. ഒരു രാജ കുമാരൻ വന്ന് രക്ഷിക്കും എന്നു പറയുന്ന ഒരു സ്ത്രീവിരുദ്ധ രക്ഷാപ്രവർത്തനം സാറാജോസഫിന്റെ കഥാപ്രമേയത്തിലുണ്ട്. കടലോരത്തെ വീട് ഒരു ടൂറിസ്റ്റ് സ്ഥലമായേ കഥയിൽ പ്രത്യക്ഷപ്പെടുന്നുള്ളൂ. വെർജീനിയ വുൾഫ് സാമ്പത്തിക-സാംസ്കാരിക സ്വാശ്രയത്വം എന്ന രീതിയിൽ അവതരിപ്പിച്ച് സ്വന്തമായ മുറി എന്ന സങ്കല്പം അക്ഷരാർത്ഥത്തിലേക്ക് മാറ്റി ചുരുക്കി ഇതിൽ അവതരിപ്പിക്കുന്നു. കേരളീയ സ്ത്രീവാദ വ്യവഹാരത്തിൻ്റെ ദാർശനികമായ പരിമിതിയും പ്രത്യക്ഷമാക്കുന്നതാണ് ഈ കഥ.


'മണ്ടകത്തിലെ ദേവി'

റിയലിസ്റ്റിക് പ്രവണതകൾ സ്വാധീനം ചെലുത്തുന്ന രചനകളാണ് പി. വത്സ ലയുടേത്. എന്തുകൊണ്ട് ഒരു എഴുത്തുകാരിയായി എന്ന ചോദ്യത്തിന്;


"സ്ത്രീയെ ഒരു രണ്ടാകിടപൗരയായി മാത്രം കാണുന്ന സമുദായത്തോടുള്ള “ വെല്ലുവിളിയാണ് തന്റെ രചന എന്ന് എഴുത്തുകാരി വ്യക്തമാക്കുന്നു. മറ്റൊരു പരാമർശം ഇങ്ങനെയാണ്: “പെണ്ണിൻ്റെ പരിമിതികളിൽ നിന്ന് പുറത്തു കടക്കാനാണ് ഞാൻ എഴുതി ത്തുടങ്ങിയത്. അതിന് എന്നെ സഹായിച്ചത് നിരന്തരമായ വായനയും എൻ്റെ ലോകം എത്ര ഇടുങ്ങിയതാണ് എന്ന അറിവുമാണ്"


തനിക്ക് സമൂഹത്തോടു പറയുവാനുള്ള കാര്യങ്ങൾക്കുവേണ്ടി തിരഞ്ഞെടു ത്തിരിക്കുന്ന മാധ്യമമാണ് അവർക്ക് എഴുത്ത്. പല തലങ്ങളിലുള്ള സ്ത്രീകളുടെ ജീവിതദുരന്തങ്ങൾ സ്വന്തം വീക്ഷണത്തിലൂടെ അവർ കൃതികളിൽ അവതരിപ്പിക്കുന്നു. സമൂഹത്തിന്റെ ന്യൂനതകളും വൈകല്യങ്ങളും ആണ് ജീവിതത്തിന്റെ കാതലായ പ്രശ്നമെന്ന് വിശ്വസിക്കുന്നതുകൊണ്ട് സ്ത്രീത്വത്തിന്റെ പ്രശ്‌നങ്ങളെയും സാമൂഹിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ദർശിക്കുവാൻ എഴുത്തുകാരിയ്ക്കു കഴിയുന്നു.


പ്രശ്നങ്ങളാൽ തകർക്കപ്പെടുന്നതും അസാമാന്യമായ നിശ്ചയദാർഢ്യം കൊണ്ടു പൊരുതി നില്ക്കാൻ ശ്രമിക്കുന്നതും അവസാനനിമിഷം വരെ സ്ത്രീധർമ്മം അഭംഗുരം നിറവേറ്റുന്നതും ആയ സ്ത്രീത്വത്തെയാണ് തൻ്റെ നായികാകഥാപാത്ര ങ്ങളിലൂടെ വത്സല ആവിഷ്കരിക്കുന്നത്. പരാജയം സ്ത്രീജീവിതത്തിലെ ഒരനിവാര്യസത്യമാണെന്നാണ് പൊതുവേയുള്ള നിഗമനം. പക്ഷെ, വത്സലയുടെ സങ്കല്പ‌ ത്തിൽ സ്ത്രീ ഈ പരാജയത്തിനു മുന്നിൽ പതറാതെ ഉറച്ച കാൽ വയ്പ്പോടെ മുന്നേറുന്നു. സ്ത്രീത്വത്തിൻ്റെ പരിമിതികൾ മറന്ന് ജീവിതത്തിൻ്റെ പടവുകൾ ചവിട്ടിക്കയറാൻ പരിശ്രമിക്കുകയും ഒരുപരിധിവരെ വിജയിക്കുകയും ചെയ്യുന്നു. എന്നാൽ അനി വാര്യമായ വിധിയ്ക്കു മുന്നിൽ മാത്രം അവർ കീഴടങ്ങുന്നു.


"അനുപമയുടെ കാവൽക്കാരൻ', 'പഴയ പുതിയ നഗരം', 'ചാമുണ്ടിക്കുഴി', നേരിടാൻ', 'അരുന്ധതി കരയുന്നില്ല', 'കോണിച്ചോട്ടിലെ മുറിയൻ വെളിച്ചം', 'കാലാൾ കാവലാൾ', 'ദുഷ്യന്തനും ഭീമനുമില്ലാത്ത ലോകം' കഥാസമാഹാരങ്ങൾ 'നെല്ല്', 'ആഗ്നേയം' തുടങ്ങിയ നോവലുകളും പി. വത്സലയുടെ രചനകളാണ്. കൂടാതെ ഏതാണ്ട് നാല്‌പതോളം കഥകളുടെ സമാഹാരമായി 'വത്സലയുടെ കഥകൾ' എന്നൊരു കൃതി കൂടി പുറത്തിറങ്ങിയിട്ടുണ്ട്.



'വത്സലയുടെ കഥകൾ' എന്ന സമാഹാരത്തിലെ ഒരു കഥയാണ് 'മണ്ടകത്തിലെ ദേവി', നാടകീയമായ തുടക്കമാണ് കഥയുടേത്. കാത്തിരിപ്പാണ് ആദ്യഭാഗത്തിൽ കടന്നുവരുന്നതെങ്കിലും ഇത് ഉത്തരം കിട്ടാത്ത ചോദ്യമായി നിലനില്ക്കുന്നു. മണ്ടക ദേവിയും കാത്തിരിപ്പും തമ്മിലുള്ള പൊരുത്തക്കേട് പിന്നീട് എഴുത്തുകാരി വ്യക്തമാക്കുന്നു.


“ഒരിക്കലും തുറക്കാത്ത, ഒരിക്കലും തിരികൊളുത്താത്ത മണ്ടകം. മണ്ടകത്തി നകത്ത് ദേവി കുത്തിയിരിക്കുന്നു. ദേവിയ്ക്ക് സ്വന്തക്കാരില്ല. ഉടമകളില്ല. വിചാരവികാരങ്ങളില്ല. തിന്നാനും ഉടുക്കാനും വേണ്ട” കാരണം ദേവി മനുഷ്യസ്ത്രീയല്ല. ഇനി മനുഷ്യസ്ത്രീയായ ഭാർഗ്ഗവിയിലേയ്ക്ക് വരുന്നു.


“ഈ ഭാർഗ്ഗവി മനുഷ്യസ്ത്രീയായി ജനിച്ചുപോയി. അനാഥയെങ്കിലും ഭാർഗ്ഗവി മനുഷ്യസ്ത്രീയാണ്. ഉടയോരില്ലെങ്കിലും തുണ വേണം. അതുകൊണ്ട് ഈ കളപ്പുര യിൽ കാത്തിരിക്കുന്നു"" മനുഷ്യസ്ത്രീയ്ക്ക് കാത്തിരിപ്പ് അനിവാര്യമാണ്. മണ്ടകത്തിലെ ദേവിയോട് അവൾ സ്വയം സാദൃശ്യപ്പെടുത്തുന്നുണ്ടെങ്കിലും കാത്തിരിപ്പിന്റെ കാര്യത്തിൽ അവർ വേറിട്ടു നിൽക്കുന്നു. ഈ വ്യത്യാസത്തെ കഥയിൽ പറയുന്നത്;


“ഭാർഗ്ഗവി എല്ലാം അകത്തിരുന്നു കാണുന്നു. പുഴക്കരയിലെ മണ്ടകത്തിനകത്തെ ഭഗവതിയെപ്പോലെ, ഭാർഗ്ഗവിയുടെ കരൾ മാത്രം തുടിക്കുന്നു'' എന്നാണ്.



സ്വന്തം ഭർത്താവിനെയാണ് ഭാർഗ്ഗവി കാത്തിരിക്കുന്നത്. അച്ഛനും അമ്മയും മരിച്ച് മുത്തശ്ശിയുടെ സംരക്ഷണയിൽ ജീവിക്കുന്ന ഭാർഗ്ഗവിയ്ക്ക് അമ്മാവൻ കണ്ടെത്തിയവൻ. അയാളുടെ രണ്ടാംഭാര്യയായിരുന്നു ഭാർഗ്ഗവി. സ്വന്തം പീടികയുടെ ചുമതലയായിരുന്നു അയാൾക്ക്. ആഴ്ചയിൽ ആറുദിവസം പീടികയിൽ ചിലവഴിക്കുന്ന അയാൾ ഒരുദിവസം മാത്രം വീട്ടിൽ വന്നുപോയിരുന്നു. ഭർത്താവിൻ്റെ സ്നേഹമനുഭവിക്കാനുള്ള കാത്തിരിപ്പാണ് ഭാർഗ്ഗവിയുടേത്. നാലു സഹോദരങ്ങളിൽ ഇളയവന്റെ ഭാര്യയാണെങ്കിലും ഒരു വേലക്കാരിയെപ്പോലെയാണ് ആ കുടുംബം മുഴുവൻ അവളോടു പെരുമാറിയിരുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കൊടുക്കാൻ ഭർത്താവിനടുത്തെത്തുന്ന അവളെ അമ്മ കാണുകയും ശകാരിക്കുകയും ചെയ്യുന്നു. അവിടെ നിന്നും അവൾ രക്ഷപ്പെടുന്ന സന്ദർഭത്തെ “വിഷപ്പുകനിറച്ച ഒരു മാളത്തിൽ നിന്നെന്നവണ്ണം അവൾ പുറത്തുചാടി" യെന്നാണ് കഥാകാരി എഴുതിച്ചേർക്കുന്നത്.


ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ മുന്നിൽ കണ്ടവഴിയിലൂടെ അവൾ ഓടുന്നു. അറ്റമില്ലാത്തതെന്നു തോന്നിച്ചെങ്കിലും പുഴക്കരയിൽ കറുത്ത കയത്തിന്റെ തീരത്ത്, ചേരുമരത്തിൻ്റെ ചുവട്ടിൽ വഴി അവസാനിക്കുന്നു. ചുഴിയിലേയ്ക്കു നോക്കി ചിന്തിക്കുമ്പോഴാണ് തൻ്റെ സ്വത്വത്തെ അവൾ തിരിച്ചറിയുന്നത്. കണ്ണും മോറും കാണിച്ച് ചോരവറ്റിക്കുന്ന ഒരു യക്ഷിയല്ല മറിച്ച്, 'താനൊരു സ്ത്രീയാണ്' എന്ന് അവൾ മനസ്സിലുറപ്പിക്കുന്നു.


തിരിച്ചു ചെല്ലുവാൻ കഴിയാത്ത രീതിയിൽ സ്വഗൃഹത്തിൽ നിന്നും ഭർത്ത്യ ഗൃഹത്തിൽ നിന്നും പരിത്യക്തയായെങ്കിലും ആത്മഹത്യ ചെയ്യില്ല എന്ന തീരുമാനത്തിൽ അവൾ എത്തിച്ചേരുന്നു. ഇത്തരത്തിൽ സമൂഹമോ, കുടുംബമോ മൂലം പീഡനമനുഭവിക്കുന്നവരും, ജീവിതത്തിൽ സംഘർഷമനുഭവിക്കുന്നവരുമാണ് വത്സല യുടെ സ്ത്രീ കഥാപാത്രങ്ങൾ. അതിനൊരുത്തമോദാഹരണമാണ് ഈ കഥയിലെ ഭാർഗ്ഗവി. എന്നാൽ, ജീവിതമൊടുക്കാനോ, തോറ്റുപിന്മാറാനോ നിൽക്കാതെ വിധിയോടു പൊരുതി അവർ വിജയം വരിക്കുന്നുമുണ്ട്.



"പ്രസാദാത്മകമല്ല വത്സലയുടെ സ്ത്രീദർശനം. നിശ്ചയദാർഢ്യവും, തന്റേട വും, കർമ്മധീരതയും സ്വന്തമായിട്ടുണ്ടായിരുന്നിട്ടും പരാജയത്തിൻ്റെ കയ്പ്പുനീർ കുടി ക്കാൻ വിധിക്കപ്പെടുന്നു വത്സലയുടെ കഥാപാത്രങ്ങൾ “ (എം ലീലാവതി, സ്ത്രീസങ്കല്പം മലയാള നോവലിൽ)


സിൻഡ്രല്ലാകഥയിൽ കാണുന്ന കുടുംബത്തിൽ നിന്നുണ്ടാകുന്ന പീഡന ങ്ങൾ ഇവിടെ ഭാർഗ്ഗവിക്കും അനുഭവിക്കേണ്ടി വരുന്നു.


“സമൂഹമാണ് വത്സലയുടെ വീക്ഷണത്തിൽ പ്രധാന പ്രശ്‌നം. അവിടത്തെ ചൂഷക - ചൂഷിത വർഗ്ഗഭേദങ്ങൾ, അതിന്റെ ഫലമായുണ്ടാകുന്ന അസമത്വങ്ങൾ, സാമ്പത്തികത്തകർച്ചകൾ എല്ലാം സ്ത്രീയെ ബാധിക്കുന്നുണ്ട്. ഒപ്പം പുരുഷന്റെ കാമാ സക്തിയും, ദുർവ്വിധിയും, കുടില മനുഷ്യരുടെ ലോകവും “ ഈ പീഡകസമൂഹത്തിൽ നിന്നും ഭാർഗ്ഗവിയുടെ രക്ഷകയായി ജാന്വേടത്തി കഥയിൽ കടന്നുവരുന്നു. വളരെ കാല്‌പനികമായ ഒരവതരണമാണ് ഈ ഭാഗത്ത്.


"ഒരു നേർത്ത പുഞ്ചിരി അവരുടെ ചുണ്ടിൽ തങ്ങി നിന്നിരുന്നു. ആകാശത്തിലെ മേഘത്തിൻ്റെ അരികിലെ ചുവന്ന പ്രകാശം പോലെ “സിൻഡ്രല്ലാക്കഥയിലെ ഫെയ്റി ഗോഡ്‌മദർ സ്ത്രീയുടെ രക്ഷയ്ക്കായി എത്തുന്ന സ്ത്രീയാണ്. ഈ കഥയിൽ ജാന്വേടത്തി എന്ന കഥാപാത്രം ഭാർഗ്ഗവി യുടെ രക്ഷയ്ക്കായി എത്തുന്നു.ജാന്വേടത്തി അവളെ കൊണ്ടുവരുന്നത് കളപ്പുരയിലേയ്ക്കാണ്. അവിടേയ്ക്ക് അരിയും പച്ചക്കറികളും ഉപ്പും പുളിയും മുളകും എണ്ണയുമെല്ലാമെത്തി. പക്ഷെ വരേണ്ടയാൾ മാത്രം വന്നില്ല. കാത്തിരിപ്പാണ് കഥയിൽ പ്രശ്നരൂപത്തിൽ കടന്നുവരുന്നത്. ഇത് രണ്ട് വിധത്തിൽ പരിഹരിക്കപ്പെടാം - കാത്തിരിക്കുന്നയാൾ വരുന്നു, ഒരിക്കലും വരുന്നില്ല. കളപ്പുരയിലേയ്ക്ക് മാറിയതോടെ പ്രശ്നം പരിഹരിയ്ക്കപ്പെടുന്നില്ല; മറിച്ച് കൂടുതൽ സങ്കീർണ്ണമാകുകയാണ്.


പോലീസ് സ്റ്റേഷന്റെ വാതിൽ പോലും കുത്തിയിളക്കി അങ്ങാടിയിൽ കൊണ്ടു പോയി വിറ്റ കള്ളൻ അത്യമാൻ വന്നിരിക്കുന്നു. വീണ്ടും തുണയുടെ ആവശ്യം കഥയിൽ കടന്നുവരുന്നു. കാരണം അവൾ മനുഷ്യസ്ത്രീയാണെന്നതു തന്നെ. ഒടുവിൽ അവളുടെ ഭർത്താവ് എത്തിച്ചേരുന്നുവെങ്കിലും ആ ദാമ്പത്യത്തിൻ്റെ കാത്തിരിപ്പ് അപൂർണ്ണമായി തുടരുന്നു. ശ്രീമതി കെ.എസ്. സുഷമകുമാരി 'പ്രമേയവും ഭാഷയും പെണ്ണെഴുത്തിൽ' എന്ന തൻ്റെ ലേഖനത്തിൽ അഭിപ്രായപ്പെടുന്നതനുസരിച്ച്;


"സ്ത്രീ - പുരുഷ ബന്ധത്തിൻ്റെ അനുസ്യൂതമായ കൂട്ടായ്‌മയാണ് ദാമ്പത്യം. എന്നാൽ, പലപ്പോഴും പൊരുത്തപ്പെടലിൻ്റെയല്ല, സഹനത്തിൻ്റെയും പഴിയുടെയും അസഹിഷ്‌ണുതയുടെയും അവസ്ഥകളിലേയ്ക്ക് അത് വ്യതിചലിക്കുന്നു. മറ്റാർക്കോവേണ്ടി ജീവിച്ചു തീർക്കാൻ വിധിക്കപ്പെടുകയാണ്. അതിനാൽ പെണ്ണെഴു ത്തുകൾ അതിനെ ഒരു സമസ്യയായി കാണുന്നു.""


ഇവിടെ അയാൾ തൻ്റെ യാഥാർത്ഥ്യത്തെ അവൾക്ക് വ്യക്തമാക്കിക്കൊടുക്കുന്നത് ഒരിക്കലും ഭാർഗ്ഗവിയിലെ സ്ത്രീയെ അറിയാൻ കഴിയാത്ത തരത്തിൽ രോഗ ങ്ങൾ തന്നെ വലയം ചെയ്‌തിരിക്കുന്നു എന്നാണ്. പുരുഷാധിപത്യം നിലനിൽക്കുന്ന ഒരു ദാമ്പത്യവ്യവസ്ഥ തന്നെ വലയം ചെയ്ത‌ിരിക്കുന്നതിനാൽ ഈ പ്രശ്നത്തെ പരി ഹരിക്കാനോ, ലംഘിക്കുവാനോ മറികടക്കുവാനോ അവൾക്ക് കഴിയുന്നില്ല. അതു കൊണ്ടാണ്; നദീതീരത്തെ ഇരുട്ടിലെ പൊന്തകളും, മണ്ടകത്തിലെ വിളക്കും അവൾ കാണുന്നതും, നിഗൂഢതയിലെ ഒരു രോദനം അവൾ കേൾക്കുന്നതും.

ഒരു ചോദ്യവും അവശേഷിക്കാതെ അവളിൽ ഒരു മൗനം മാത്രമാണ്

 ശേഷിച്ചത്. അവളുടെ വിലാപമായിട്ടല്ല മറിച്ച് ഒരു സമൂഹം എത്രമാത്രം ഒരു സ്ത്രീയെ നിസ്സഹായയായി ഒറ്റപ്പെടുത്തുന്നു എന്ന ദൃഷ്ടാന്തമാണിതിലൂടെ തെളിയുന്നത്. വൈകിയറിയുന്ന യാഥാർത്ഥ്യത്തിനെതിരെ പൊട്ടിത്തെറിക്കുകയല്ല, അതിനെ നേരിടാനുള്ള മനോധൈര്യമാണ് ആ മൗനത്തിലൂടെ അവൾ ആർജ്ജിക്കുന്നതും മറിച്ചൊന്നും ചോദിക്കാത്തതും. ശ്രീ. ഇ.പി. രാജഗോപാലൻ സമർത്ഥിക്കുന്നതു പോലെ  “കഥയ്ക്ക് ഒന്നും പറയാനാകുന്നില്ല എന്നത് പ്രശ്‌നഘടനയെ മനസ്സിലാക്കാനോ, അതിനെ മറി കടക്കാനോ, പകരമൊരു ജീവിതക്രമത്തെ സൃഷ്ടിക്കാനായി ഒരു ചുവടെങ്കിലൊരു ചുവട് മുന്നോട്ടു വയ്ക്കാനോ കഴിയാത്ത സ്ത്രൈണസത്തയെയാണ് കാട്ടിത്തരുന്നത് “ഒടുവിൽ ഭാർഗ്ഗവിയും മണ്ടകത്തിലെ ദേവിയെപ്പോലെ അടഞ്ഞ വ്യക്തിത്വമായി മാറുന്നതായി കഥയിൽ കാണാം. "അവളുടെ ഉള്ളിൽ ഒരു കല്ലു വീണു. അതു വലുതായി അവളോളം വളർന്നു. അവളൊരു കല്ലായി. ഓർമ്മകൾ കൂടി വച്ച ഒരു മണ്ടകമായി അങ്ങനെ വിചാരവികാരങ്ങളില്ലാതെ, ഒരു മനുഷ്യസ്ത്രീയായി ഭാർഗ്ഗവി മാറുന്നു. സ്ത്രീ പ്രശ്നങ്ങൾക്ക് സാറാ ജോസഫിൻ്റെ കഥയിലേതുപോലെ ലളിത പരിഹാരങ്ങൾ ഒന്നും നിർദ്ദേശിക്കുന്നില്ല. സാമൂഹിക കാരണങ്ങളെ ഉന്നയിക്കുംവിധം സ്ത്രീ പ്രശ്നങ്ങളെ അവതരിപ്പിക്കുകയാണിവിടെ.സിൻ ഡ്രെല്ലമിത്തിനെ സാമൂഹികവത്കരിക്കാനുള്ള ശ്രമം ഇതിൽ കാണാം


 


0 comments

Related Posts

bottom of page