top of page

വിത്തിലെ സുഷുപ്തി (Seed Dormancy) : അമ്പഴത്തിന്റെ പുനരുജ്ജീവനത്തിലെ പ്രധാന പ്രശ്നം

 

സ്നേഹ ജോൺ

ഗവേഷക

ബോട്ടണി വിഭാഗം , സർക്കാർ വനിതാ കോളേജ് , തിരുവനന്തപുരം

      ഉഷ്ണമേഖല വനങ്ങളിലെ  ജീവിവർഗങ്ങളുടെ വൈവിധ്യത്തിന് ഫലവൃക്ഷങ്ങൾ ഗണ്യമായ സംഭാവനകൾ നൽകുന്നു. വികസ്വര രാജ്യങ്ങളിലെ പോഷകാഹാരത്തിനും പ്രാദേശിക ഭക്ഷണത്തിനും ഇവ നൽകുന്ന സംഭാവനകൾ വളരെ വലുതാണ് . അമിതമായ ചൂഷണം, വികസനം ,  ജനസംഖ്യ വർദ്ധനവ് , രൂക്ഷമായ വനനശീകരണം എന്നിവ നാടൻ പഴങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തെ നേരിടാൻ, കഴിയുന്ന മാർഗങ്ങളിൽ ഫലവൃക്ഷങ്ങളുടെ സംരക്ഷണം , വളർത്തൽ, ഉപയോഗം മെച്ചപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നു. ജനിതക വൈവിധ്യത്തിന്റ സംരക്ഷണത്തിനായി വനസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുപോലെയുള്ള സ്ഥല സംരക്ഷണ രീതികളാൽ ശ്രമങ്ങൾ പൂർത്തീകരിക്കണം. ഫലവൃക്ഷങ്ങളുടെ തിരിച്ചറിയൽ, സംരക്ഷണം , സുസ്ഥിരമായി ഉപയോഗം എന്നിവ വർദ്ധിപ്പിക്കുന്നതിന് മികച്ച ടാക്സോണമിക് (Taxonomic) ഫിനോളജിക്കൽ (Phenological) പ്രാെപഗേഷൻ(Propagation) പഠനങ്ങൾ അത്യന്തം അനിവാര്യമാണ്.

    അന്യം നിന്നുവരുന്ന ഫലവൃക്ഷങ്ങൾക്ക് ഒരു ഉദാഹരണമാണ് അമ്പഴം. അനക്കാർഡിയേസിയ ( Anacardiaceae)കുടുംബത്തിലെ ഒരു ഇല പൊഴിയും വൃക്ഷമാണ് അമ്പഴം (Spondias pinnata). ഇതിനെ സാധാരണയായി ഇംഗ്ലീഷിൽ ഇന്ത്യൻ ഹോഗ് പ്ലം (Indian Hog Plum) എന്നറിയപ്പെടുന്നു. ഏഷ്യയാണ് ഇതിൻറെ ജന്മദേശം. പടിഞ്ഞാറൻ പെൻസുല, ആൻഡമാൻ കൂടാതെ ഇന്ത്യയിൽ ഉടനീളം ഇത് കാണപ്പെടുന്നു. ഈർപ്പമുള്ളതും ചൂടുള്ളതും താഴ്ന്ന പ്രദേശവുമായ ഉഷ്ണമേഖലാ പ്രദേശങ്ങൾ ഇവയുടെ വളർച്ചയ്ക്ക് വളരെ അനുയോജ്യമാണ്. ഭക്ഷ്യയോഗ്യമായതും മധുരമുള്ളതുമായ ഇവയുടെ പഴങ്ങൾക്ക് യൂനാനി,

ആയുർവേദം തുടങ്ങിയവയിൽ ഏറെ പ്രാധാന്യമുണ്ട് . ഈ വൃക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ പരമ്പരാഗതമായി കഠിനമായ രോഗങ്ങൾക്കെതിരെയും വീട്ടുവൈദ്യമായും ഉപയോഗിക്കുന്നുണ്ട്. അമ്പഴത്തിന്റെ ഫലങ്ങൾ ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് പാകമാകുന്നത്. മനുഷ്യനു മാത്രമല്ല വിവിധയിനം പക്ഷികൾക്കും മറ്റു മൃഗങ്ങൾക്കും ഇത് ഭക്ഷ്യയോഗ്യമാണ്. ഈ ഇനത്തിന്റെ വിത്തുകൾ ഹാർഡ് വുഡ്ഡി എൻ്റോ കാർപ്പിനാൽ (Hard Woody Endocarp) സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ആയതിനാൽ അമ്പഴത്തിന്റെ വിത്തിനെ സ്റ്റോൺ (Stone)എന്നാണ് പറയുന്നത്.

  മണ്ണിൽ വീഴുന്ന വിത്തുകൾ അനുകൂല കാലാവസ്ഥയാണെങ്കിൽ പോലും ഉടൻ തന്നെ മുളക്കാറില്ല. മറിച്ച് ഒരു നിശ്ചിത കാലയളവിനു ശേഷമാണ് മുളച്ചു വരുന്നത്. വിത്തു മുളയ്ക്കുന്നതിലെ കാലതാമസം അതിൻറെ കട്ടിയുള്ള പുറന്തോടു കാരണമാണ് എന്നാണ് മുൻ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.


 അമ്പഴത്തിന്റെ സ്വാഭാവിക പുനരുജ്ജീവനത്തിലെ പ്രധാന പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:

  • കട്ടിയുള്ള എൻഡോകാർപ് (Endocarp) വിത്ത് മുളക്കുന്നതിന് ഒരു പ്രശ്നം സൃഷ്ടിക്കുന്നു.

  • പഴത്തിന്റെ ഔഷധ ആവശ്യങ്ങൾക്കായുള്ള അമിത ചൂഷണം.

  • പരമ്പരാഗത അറിവിൻറെ അഭാവം.

  • പക്ഷികളും കുരങ്ങുകളും മറ്റു മൃഗങ്ങളും പഴങ്ങൾ കഴിക്കുന്നതിനാൽ വിത്തുകൾ കേടാകുന്നു.

  • രോഗകാരികളായ കീടങ്ങളുടെയും പ്രാണികളുടെയും ആക്രമണത്തിനാൽ വിത്തുകളുടെ മുളയ്ക്കാനുള്ള കഴിവ് നഷ്ടമാകുന്നു.


ഇല പൊഴിയും മരങ്ങൾ വലിയ അളവിൽ വിത്തുകൾ ഉൽപാദിപ്പിക്കുന്നവയാണ്. പല സ്പീഷീസുകളും (Species) സീഡ് ഡോർമൻസീ (Seed dormancy) കാണിക്കുന്നു. ഡോർമൻസി എന്നാൽ വിത്ത് മുളയ്ക്കുന്നതിനുള്ള തടസ്സം എന്നാണ് അർത്ഥമാക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ തൈകളുടെ നിലനിൽപ്പ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് വിത്തുകൾ ഡോർമൻസി കാണിക്കുന്നത്. അത് ദിവസങ്ങൾ, മാസങ്ങൾ മുതൽ വർഷങ്ങൾ വരെ നീളാം. മുളയ്ക്കുന്നതിനായി വിത്തുകൾ വെള്ളം ആഗിരണം ചെയ്യുന്നത് മൂന്ന് ഘട്ടങ്ങളായാണ്. വെള്ളം വിത്തിന് ഉള്ളിലേക്ക് പ്രവേശിക്കുന്ന ഒന്നാം ഘട്ടത്തെ ഇംബൈബിഷൻ (lmbibition) എന്ന് പറയുന്നു. രണ്ടാം ഘട്ടത്തിൽ വിത്തിനുള്ളിലെ ഉപാപചയ പ്രവർത്തനങ്ങൾ (Metabolic activities) ആരംഭിക്കുന്നു. റാഡിക്കിൾ ( Radicle) പുറത്തേക്ക് വരുന്ന പ്രക്രിയയാണ് മൂന്നാംഘട്ടത്തിന്റെ സവിശേഷത. ഇതിനെയാണ് വിത്ത് മുളക്കൽ (Seed Germination) എന്ന് പറയുന്നത്. ഡോർമൻറ് (dormant) വിത്തുകൾ മൂന്നാംഘട്ടത്തിലേക്ക് എത്തിപ്പെടാതെ രണ്ടാംഘട്ടത്തിൽ തന്നെ തുടരുന്നു.

  വിത്ത് പാകപ്പെടുന്നതിലും തുടർന്ന് മുളക്കുന്നതിലും സസ്യ വളർച്ചാ റെഗുലേറ്ററുകൾ ( Plant Growth regulators) നിർണ്ണായക പങ്കുവഹിക്കുന്നു. ഒരു വിത്തിന്റെ വികസന ഘടകങ്ങളും പാരിസ്ഥിതിക സൂചനകളും ഫൈറ്റോ ഹോർമോണുകളുടെ (Phytohormone) ഉത്പാദനത്തിലൂടെയും ശേഖരണത്തിലൂടെയും അതിൻറെ സുഷുപ്തിയെയും (dormancy) മുളയ്ക്കുന്നതിനെയും സ്വാധീനിക്കുന്നു. വിത്തിന്റെ വളർച്ചയെയും മുളപ്പിക്കലിനെയും നിർണയിക്കുന്ന പ്രധാന സംവിധാനം അബ്സിസിക്

ആസിഡിന്റെയും ജിബറലിക് ആസിഡിന്റെയും (Abscisic Acid & Gibberellic Acid) അളവുകളുടെ ഏറ്റക്കുറച്ചിലുകൾ ആണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ അബ്സിസിക് ആസിഡ് വിത്തിന്റെ സുഷുപ്തിക്കും ജിബറലിക് ആസിഡ് വിത്ത് മുളക്കലിനും വേണ്ടി പ്രവർത്തിക്കുന്നു. ഇതു കൂടാതെ മറ്റു സസ്യ ഹോർമോണുകളായ ഓക്സിൻ (Auxin ), സൈറ്റോകെനിൻ (Cytokinin),ബ്രാസിനോസ്റ്റിറോയിഡ് (Brassinosteroid), എഥിലീൻ (Ethylene) തുടങ്ങിയവയും ഒരു വിത്തിന്റെ സുഷുപ്തി നിലനിർത്തുന്നതിനും മുളക്കലിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

അമ്പഴത്തിന്റെ പ്രത്യുൽപാദന ചക്രം ഏപ്രിലിൽ പൂക്കുന്നതിൽ ആരംഭിച്ച് നവംബറിൽ പഴങ്ങൾ പാകമായി വീഴുന്നതോടു കൂടി എട്ടുമാസങ്ങളിലായാണ് പൂർത്തീകരിക്കുന്നത്. പുതുതായി വീഴുന്ന വിത്തുകൾ അതിൻറെ ആവാസവ്യവസ്ഥയിൽ അനുകൂല സാഹചര്യങ്ങളിൽ മുളക്കാൻ വിമുഖത കാണിക്കുന്നതായി കണ്ടെത്തി. അമ്പഴത്തിൻ്റെ വിത്തിൽ മെക്കാനിക്കൽ (Mechanical), ഫിസിയോളജിക്കൽ (Physiological) ഡോർമൻസി ഉണ്ട്. ഇതിൽ ഫിസിയോളജിക്കൽ സുഷുപ്തിക്ക് കാരണമാകുന്നത് അബ്സിസിക്ആസിഡ് ഹോർമോണാണ്. പൂർണ്ണ വളർച്ചയെത്തിയ വിത്തിൽ അബ്സിസിക് ആസിഡിൻ്റെ അളവ് കൂടുതലാവുമ്പോൾ വിത്ത് മുളക്കുന്നതിന് കാരണമാകുന്ന പ്രക്രിയകളെ തടസ്സപ്പെടുത്തുന്നു. 4 മുതൽ 6 മാസത്തോളം ഉണങ്ങുന്ന വിത്തിലും അബ്സിസിക് ആസിഡിൻ്റെ അളവ് കൂടി തന്നെ നിൽക്കുന്നു. ഈ കാലയളവിൽ ഉണങ്ങുന്ന വിത്തിന്റെ എന്റോകാർപ്പിന്റെ ( Endocarp) കട്ടി കുറയുകയും വെള്ളം വിത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ആയതിനാൽ ഉള്ളിലുള്ള അബ്സിസിക് ആസിഡിൻ്റെ അളവ്കുറയുകയും പകരം ജിബറലിക് ആസിഡിൻ്റെ അളവ് കൂടുകയും ചെയ്യുന്നു. തന്മൂലം വിത്ത് മുളയ്ക്കുന്നതിന് കാരണമാകുന്നു. ഈ കാലയളവിനുള്ളിൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് വരുന്ന വിത്തുകളുടെ എണ്ണം വളരെ കുറവായിരിക്കും .ആയതിനാൽ വിത്തുകളുടെ പരിപാലനം അത്യന്തം അനിവാര്യമായി വരുന്നു.

  നമുക്ക് ചുറ്റും കാണപ്പെടുന്ന പല ചെടികളുടെയും പ്രജനനം വളരെ സങ്കീർണമാണ്. അതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്.  വിപുലമായ ഗവേഷണത്തിലൂടെ ഇത്തരം ജനുസ്സിൽപ്പെട്ട സസ്യങ്ങളുടെ സംരക്ഷണവും പുനരുജ്ജീവനവും മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നു. ശാസ്ത്രീയ ഗവേഷണം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന രീതിയിൽ പ്രായോഗികമാകുമ്പോൾ മാത്രമേ അവ പൂർണ്ണമായ അർത്ഥത്തിൽ വിജയിച്ചു എന്ന് പറയുവാൻ സാധിക്കുകയുള്ളൂ. ഈ മേഖലയിലുള്ള ഗവേഷണങ്ങൾ, സുഷുപ്തിയിൽ ആണ്ടു പോയി വംശനാശഭീഷണിയിലേക്ക് പോകുന്ന സസ്യങ്ങളുടെ സംരക്ഷണം സാധ്യമാക്കുന്നു. അതിനാൽ തന്നെ വിത്തുകളെ പറ്റിയുള്ള കൂടുതൽ ഗവേഷണങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്നു. കുളമാവ് ,കല്ലുവാഴ തുടങ്ങിയ സസ്യങ്ങൾ നമ്മുടെ ചുറ്റുപാടിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതിന് ഒരു പരിധിയിൽ കൂടുതൽ കാരണമാകുന്നത് അമ്പഴത്തിൽ നടക്കുന്ന പ്രതിഭാസം പോലെ ആവാം. ഈ ചെടികളിൽ ഉള്ള ഇതേ രീതിയിലുള്ള ശാസ്ത്രീയ പഠനങ്ങൾ അവയുടെ സംരക്ഷണത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള മാർഗ്ഗങ്ങളിലേക്ക് ഗവേഷണ സമൂഹത്തെ എത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

Kommentare

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page