top of page

മരിച്ചവരുടെ ലോകത്ത് മിച്ചമെന്ത്?

കവിത

മരിച്ചവരുടെ ലോകത്ത് എന്താണ് ബാക്കിയാവുക..?

സ്വപ്നങ്ങളുടെ വിൽപ്പത്രം, കേട്ടുതീരാത്ത കഥകൾ, അറിയാവിളികൾ,

ഭഗ്നമോഹങ്ങൾ പെറ്റ യാത്രകൾ..

ഇവയൊക്കെ ശൂന്യതയുടെ വഴികളിൽ ചൂളം വിളിച്ചു നിർത്താതെ പായുന്നു...

ചിതല് തിന്ന ഡയറിക്കുറിപ്പിൽ ഓർമ്മയുടെ അവസാനത്തെ ചുവപ്പും തേഞ്ഞു തീരുന്നു....

മരിച്ചവർക്കു വേണ്ടി

ഇരുമ്പുസത്തയുള്ള വെയിൽ

തുമ്പപ്പൂ കോർക്കുന്നു..

മിച്ചം വച്ച സ്നേഹത്തിൻ്റെ കടങ്ങൾ പെരുകിപ്പതയുമ്പോൾ,

മഞ്ഞിച്ചുപോവുന്നു

മരിച്ചവൻ്റെ ഛായാചിത്രം..

കർമ്മബന്ധത്തിൻ്റെ അവസാന തുമ്പിൽ കണ്ണീരിൻ്റെ അമ്ലരസം

ചിരിയായി ചവയ്ക്കുന്നു നാം…

അവർ നടന്ന കാലടികളിൽ കുതിരപ്പുല്ലുകൾ മുളയ്ക്കും..

മണ്ണിടങ്ങൾ കാട് വിഴുങ്ങും...

അവരിടങ്ങളിൽ മെർക്കുറി പൊട്ടുകൾ തിളങ്ങും..

മുള്ള് കൂർപ്പിച്ച വാക്കുകൾ കൊണ്ട് ബാക്കിയാവുന്ന ജീവിതം അവർക്ക് ശേഷക്രിയ നടത്തും....

ഒരിക്കലും വരാനിടയില്ലാത്ത ഗോദോയ്ക്കായി

അവൾ മാത്രം കാത്തിരിക്കും…

മരിച്ചവനും ജീവിക്കാത്തവനും തമ്മിലുള്ള ദ്വിമാനസമവാക്യം ഒരുത്തരം തന്നെ ആവർത്തിച്ചു തരും...

തികട്ടിവരുന്ന പഴന്തുണി മണത്തിൽ ഇടയ്ക്കൊരു ചെറുനാരങ്ങ മണമായി

മനസ്സിൽ അവർ വന്നു പോകും അത്രമാത്രം...

ഇതെത്ര ലളിതമായി

എങ്കിലും

ഒരു മരണവും

മറ്റൊന്നായി

ആവർത്തിക്കുന്നില്ല

ഒരു ജീവിതവും

മറ്റൊന്നായി ആവർത്തിക്കാത്തതു പോലെ


(കവിതയുടെ തലക്കെട്ട് വി.പി ശിവകുമാറിൻ്റെ കഥയിൽ നിന്നും സ്വീകരിച്ചത്)

*ജീവിക്കാത്തവരും മരിച്ചവരും ഒന്നല്ല

* ഗോദോ - ഒരു കഥാപാത്രം(Waiting for Godot -Samuel Beckett)

 

അമൃത പ്രദീപ്

എം.എ

കേരളപഠന വിഭാഗം

കേരളസർവ്വകലാശാല

90 views3 comments
bottom of page