കവിത
അങ്ങനെ
കണ്ടു നിൽക്കുമ്പോൾ
പെട്ടെന്നൊരു നിമിഷം
കടൽത്തീരം ശൂന്യമാവും.
കടൽ, കടലല്ലാതാവും
ഞാൻ ഞാൻ മാത്രവും.
സകല ജീവി വംശങ്ങളിൽ നിന്നും
ഒറ്റപ്പെട്ടു പോകുന്ന ഒരു നിമിഷം
സമ്മാനിച്ചുകൊണ്ട്,
ഭൂമിയിൽ അനുഭവിക്കാൻ പറ്റുന്ന
ഏറ്റവും വലിയ ഭയത്തിന്റെ
ആഴങ്ങളിലേയ്ക്ക് എന്നെ
തള്ളിയിട്ട് കൊണ്ട്,
കടൽ
അങ്ങനെ കിടക്കും.
വല്ലാത്തൊരു കിടപ്പു തന്നെ.
തന്റെ മുഴുവൻ ഭാരവും
ഭൂമിയിലേയ്ക്ക് ഇറക്കിക്കൊണ്ട്
ഏത് ജീവിക്കാവും
ഇങ്ങനെ കിടക്കാൻ.
തിരകളെക്കാൾ വേഗത്തിൽ
അവയെക്കാൾ ശബ്ദത്തിൽ
ഭയം അടിച്ചു കേറും.
പ്രപഞ്ചത്തിലെ ഒരേയൊരു ജീവി
അപ്പോൾ ഞാൻ മാത്രമാകും.
ചുറ്റും
കാഴ്ചയെ മാത്രം
തടസ്സം ചെയ്യാത്ത
ഒരിരുട്ട് ബാധിക്കും.
അതെന്റെ മരണമായിരുന്നോ
ജനനനമായിരുന്നോ
എന്ന് ബോധ്യപ്പെടാതെ
ഞാനപ്പോഴും കരയ്ക്ക്
നിൽക്കും.
പ്രിൻസിപ്പൽ
എസ്. എൻ. ട്രസ്റ്റ്സ് എച്ച്. എസ്. എസ്.
തോട്ടട, കണ്ണൂർ