top of page

എഴുത്തുകാരൻ മരണപ്പെടുമ്പോൾ!

കവിത


എഴുതികൊണ്ടിരുന്ന പേനയിലെ

ഒരു തുള്ളിയോളം മാത്രം വരുന്ന

കറുത്തമഷി തറച്ച്

എഴുത്തുകാരൻ മരണപ്പെടുന്നു.


വാർത്തകളുടെ പിന്നാമ്പുറങ്ങളിൽ

എഴുതിയ പേനയും വെടിയൊച്ചയും

കറുത്ത നിറത്തിൽ പൊടിഞ്ഞ

രക്തത്തുള്ളികളും ചർച്ചകൾക്ക്

വിധേയമായി…


എഴുത്തിന്റെ രാഷ്ട്രീയവും

ആശയഭീകരതയുടെ കാണാപ്പുറങ്ങളും

വേദിയിൽ ആടിത്തിമിർക്കുമ്പോൾ

കുഴിമാടത്തിനരികെ കിടന്ന്

എഴുത്തുകാരൻ പത്തുതവണ വീണ്ടും മരിച്ചു.....


കറുപ്പ് പുതച്ചു കിടന്ന എഴുത്തുകാരനെ

കറുത്ത ഈച്ചകൾ പൊതിഞ്ഞു.

ചുറ്റിനും കറുപ്പുമയം കണ്ട ഒരു കൂട്ടം

അയാളുടെ ആധാർകാർഡ് പരിശോധിച്ചു.


ജാതിക്കൂട്ടങ്ങളായി തിരിഞ്ഞ

അവർ കലഹം തുടർന്നു.

ഈ ബഹളങ്ങൾക്കിടയിലും ഒടുവിലും

കറുപ്പുമഷി ഒലിച്ചിറങ്ങിയ

എഴുത്തുകാരന്റെ വാക്കുകൾ

പുസ്തകങ്ങൾക്കിടയിൽ കിടന്നു

വാവിട്ടു കരഞ്ഞു....



 

അനഘ. ടി. ജെ.
ബി എഡ് ഒന്നാം വർഷം
ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ,
കോഴിക്കോട്
2 comments
bottom of page