top of page

ആന്ത്രോപ്പോസീൻ യുഗവും പരിസ്ഥിതിപ്പേടിയും ഭാഗം-2

സിദ്ധാന്തവിമര്‍ശനം

എന്താണ് എക്കോളജി :

എക്കോളജിയുടെ നിർവചനത്തിലേക്കു കടക്കുമ്പോൾ ജീവിജാലങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ചുള്ള വിശേഷപഠനമാണ് അതെന്നു പറയുന്നു. എങ്ങനെയാണ് ആവാസവ്യവസ്ഥകൾ --എക്കോസിസ്റ്റംസ്-- ഉണ്ടായിവരുന്നത് എന്നു പഠിക്കുന്നു. മനുഷ്യനുൾപ്പെടുന്ന ഭൂമിയിലെ ജീവിജാലപ്പരപ്പിലെ ജീവികളുടെ ആവാസവ്യവസ്ഥയിൽ മനുഷ്യൻ, മനുഷ്യേതര ജീവിജാലങ്ങളുടെ ആവാസവ്യവസ്ഥയോട് നിഷേധാത്മകമായ രീതിയിൽ പ്രതികരിക്കുന്നു അഥവാ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ അതിക്രമിച്ചു കയറുന്നു.ആ നിഷേധാത്മകമായ സമീപനത്തെ മാർദ്ദവപ്പെടുത്തുക എന്ന ദൗത്യം നിർവ്വഹിക്കുന്നതിനാണ്‌ എക്കോളജി ഭൂമിയിൽ സംഭവിച്ചിരിക്കുന്നത് എന്നും നിർവചനത്തിൽപറയുന്നു.

എൻവയോൺമെന്റൽ സയൻസിനും എക്കോളജിക്കും നൽകാവുന്ന രണ്ടു മരമണ്ടൻ നിർവചനങ്ങളാണ് മുകളിൽ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തരം വിടുവായത്തങ്ങൾ നിർവ്വചനങ്ങൾ എന്നരൂപത്തിൽ പ്രസാധനം ചെയ്തു പ്രചരിപ്പിക്കുന്നതിന് പിന്നിലെ കുബുദ്ധിയെക്കാൾ നമ്മെ ഞെട്ടിക്കുന്നത് വിദേശ ഫണ്ടും ഇത്തരം നിർവ്വചനങ്ങളും ഉടലോടെ വിഴുങ്ങുന്ന ശുംഭന്മാർ ഇതൊക്കെയും പാഠപുസ്തകഭാഗങ്ങളാക്കുന്നുവെന്നതാണ്; കോപ്പി പേസ്റ്റ് ചെയ്ത ഈ നിർവ്വചനങ്ങളിൽ നിന്ന് ശാസ്ത്രീയവസ്തുതകളെ എങ്ങനെ അരിച്ചെടുക്കാം എന്നാണു തുടർന്നു പരിശോധിക്കുന്നത്.


എൻവയോ മെൻ്റൽ സയൻസിനെക്കുറിച്ചു മുകളിൽകൊടുത്തിട്ടുള്ള നിർവചനത്തിൽ മനുഷ്യനും മനുഷ്യേതര പ്രാണി ജാലങ്ങളും എന്ന വ്യക്തമായ വേർതിരിവില്ല. അത് മനുഷ്യൻ ജൈവമോ അജൈവമോ ആയ ചുറ്റുപാടുകളിൽ കൈവയ്ക്കുമ്പോഴുണ്ടാവുന്ന ബലമർദ്ദത്തെക്കുറിച്ചു പഠിക്കുന്നു. മനുഷ്യൻ ജീവിജാലങ്ങളുടെ ശത്രു ആണെന്ന് ഒരു വിദൂര സൂചനയോ ജീവജാല സമൂഹത്തെക്കുറിച്ചു ഒരുപരാമർശംപോലുമോ അവിടെ ഇല്ല, കാലാവസ്ഥാവ്യതിയാനവും pollution-മാണ് ശത്രുക്കൾ. എൻവയോണ്മെന്റ് നിർവചനത്തിൽ എൻവയോൺമെന്റ് എന്നത് ecological--ആവാസ വ്യവസ്ഥയിലെ മനുഷ്യേതരജീവജാലമാമാണെന്നു പറയുന്നില്ല; കാരണം മനുഷ്യകേന്ദ്രീകൃത വീക്ഷണമാവുമ്പോൾ മനുഷ്യന് ചുറ്റും ജൈവവും അജൈവവുമായ ഭൗമപരിസരമുണ്ട്. ആ ജൈവവും അജൈവവുമായ ഭൗമപരിസരത്തെയാണ് --(- biotic- abiotic - എന്നതിന് ചരാ -അചരം എന്ന പരിഭാഷ കൃത്യമല്ല; എന്തെന്നാൽ എല്ലാ -അചരങ്ങളും പ്രാചീനഭാഷയിൽപറഞ്ഞാൽ പഞ്ചഭൂതങ്ങളും- ചലിക്കുന്നുണ്ട്)എൻവയോണ്മെന്റൽസയൻസിൽ എൻവയോൺമെന്റ് എന്ന് വിവക്ഷിക്കുന്നത് എന്ന് അനുമാനിക്കാം . അത് എൻവയോണ്മെന്റിന്റെ അതിലളിതവൽകൃത ഭാഷ്യമാണ്. അതവിടെ നിൽക്കട്ടെ.


എക്കോളജിയും ബയോസെൻട്രിസവും

എക്കോളജിയുടെ നിർവചനത്തിൽ മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അവതമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾക്കുമൊപ്പം എക്കോസിസ്റ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നടത്തപ്പെടുന്നതാണ്! എക്കോ സിസ്റ്റത്തെ പ്രാദേശികപരിസ്ഥിതിവാദികൾ, ജീവിവർഗ്ഗം ഓരോന്നിന്റേയും ആവാസവ്യവസ്ഥ എന്നാണ് പരിഭാഷപ്പെടുത്താറുള്ളത്; മനുഷ്യൻ, മനുഷ്യേതര ജീവികളുടെ ആവാസ വ്യവസ്ഥകളെ ഇല്ലായ്‌മചെയ്യുന്നു; മനുഷ്യൻ നടത്തുന്ന മനുഷ്യേതര ആവാസവ്യവസ്ഥയ്‌ക്കെതിരെയുള്ള നിഷേധാത്മകമായ ഇടപെടൽ പരമാവധി കുറച്ചു കൊണ്ട് വരാനുള്ള സൂത്രങ്ങളാണ് എക്കോ ശാസ്ത്രം പഠിപ്പിക്കുന്നത് എന്നാണ് പരക്കെ പ്രചരിപ്പിക്കപ്പെടുന്നത്. ecology-യെക്കുറിസിച്ചും - environment science-നെക്കുറിച്ചും ഇത്രയും വികലമല്ലാത്ത നിർവ്വചനങ്ങൾ ഒരു പക്ഷെ ഉണ്ടായിരിക്കാം.ഇവിടെ അതിവികലമെന്നു ഉറപ്പുള്ള ഈ രണ്ടു നിർവ്വചനങ്ങൾ എടുത്തു പരിശോ ധിക്കുന്നതു അവയിൽ മാനവികതാ വാദവിരുദ്ധമായ---anti-humanist - രാഷ്ട്രീയതന്ത്രം നഗ്നമായിക്കാണുന്നു എന്നത് കൊണ്ടാണ്.


എന്താണ് എക്കോസിസ്റ്റം? എന്താണ് ആവാസവ്യവസ്ഥ?

ബയോളജിയിൽ പണ്ട് പഠിച്ചിട്ടുള്ള-- habitat--ആവാസവ്യവസ്ഥയെയാണ് ഇവിടെ എക്കോസിസ്റ്റം ആയി പരിഷ്കരിച്ചെടുത്തിട്ടുള്ളത്ത്. എക്കോ എന്ന പദത്തിന്റെ അർഥം പാരിടം/പാർപ്പിടം എന്നാണ്. പാർപ്പിടം ഇന്ന്- inhabitation-അധിവാസവുമായി ബന്ധപ്പെട്ടുനിൽക്കുന്ന പദമാണ്. ആവാസതലത്തിൽ തന്നെ ജീവികൾ അധിവാസത്തിന്റെ മറ്റൊരു മാനം നിർമ്മിക്കുന്നു. ജീവിവർഗ്ഗത്തിൽപ്പെട്ട ഓരോന്നും അതിന്റെ ജൈവശാസ്ത്രനിബന്ധത്തിനനുകൂലമായ ജീവിതവാസ ഭൗമപരിസരം കണ്ടെത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്നു.കരയിലും വെള്ളത്തിലും ജീവിക്കുന്ന തവളയുടെ ആവാസം കുളങ്ങളും നീർസ്പർശമുള്ള വയലുകളും ആണ്. മൽസ്യങ്ങളുടെ ആവാസം ജലത്തിലാണ്; കിളികൾ ആകാശസഞ്ചാരം നടത്തുകയും മരങ്ങളിൽ കൂടു കൂട്ടുകയും ചെയ്യുന്നു; പൂച്ചയുടെ ആവാസം മനുഷ്യ ഗൃഹങ്ങൾക്കുള്ളിലും പുറത്തുമാണ്; പട്ടി വീട്ടിനുപുറത്തും വഴിയോരങ്ങളിലുമായി അതിന്റെ ആവാസംതുടരുന്നു.വനമൃഗങ്ങൾക്കു അവയുടെ ആവാസവ്യവസ്ഥയുണ്ട്. മരങ്ങൾക്കും ചെടികൾക്കും അവയുടെ ജീവിതാവാസ പരിസരം ഉണ്ട്.ആവാസപരിസരം പ്രകൃതിദത്തമാണ്. ചേക്കേറാൻ പറ്റിയ പ്രകൃതിഭാഗം ഏതെന്നു പുല്ലുകളും പുഴുക്കളും, പരിസര പ്രതി പ്രവർത്തനത്തിലൂടെ കണ്ടെത്തുന്നു- phylum prtozoa---യിൽപെട്ട ഏകകോശമാത്രങ്ങളായ ജീവികൾക്കും ബാക്റ്റീരിയയ്ക്കും വൈറസ്സിനുമൊക്കെ പ്രകൃതിദത്തങ്ങളായ ആവാസദിശകളുണ്ട് . അലക്സാണ്ടർ ഫ്ലെമിങ് മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലെ മനുഷ്യൻ വരെ ബാക്റ്റീരിയകളോട്, വൈറസ്സുകളോട് എന്ത് ചെയ്യുന്നു എന്നത് ജീവിവർഗ്ഗങ്ങളുടെ ആവാസ വ്യവസ്ഥയെ സംബന്ധിക്കുന്നപ്രശ്നമാണ്. ഒരു കോവിഡ് വൈറസും മനുഷ്യനെ തുലയ്ക്കണമെന്ന ദുരുദ്ദേശത്തോടെയല്ല മനുഷ്യന്റെ ശ്വാസ നാളത്തിൽ ചെന്നെത്തുന്നത്. മനുഷ്യനു അന്യമായ പ്രാണികളോട് മനുഷ്യൻ പ്രതിപ്രവർത്തിക്കുന്നതു അവയെല്ലാം ഇല്ലാതാകുന്ന ഊഷരവും ശൂന്യവുമായ ഭൂമി ആഗ്രഹിക്കുന്നതുകൊണ്ടല്ല. സഹജീവികളുടെ താല്പര്യങ്ങൾ വിപരീതങ്ങളാകുമ്പോൾ ജീവനത്തിനോ അതിജീവനത്തിനോ ഒന്ന് മറ്റൊന്നിന്റെയിടം കൈയേറുന്നു; മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും പ്രകൃതിയിൽ അനിവാര്യമായിത്തീരുന്ന ഈ വൈരുധ്യത്തെ ശത്രുതാപരമല്ലാതാക്കിത്തീർക്കാൻ കഴിയുകയില്ല; മനുഷ്യർക്കിടയിലെ അവസ്ഥതന്നെ നോക്കൂ. മനുഷന്റെ പ്രകൃതിദത്തമമായ ആവാസപരിസരം കരഭൂമിയാണു, ജലത്തിലോ ആകാശത്തോ അല്ല കോരൻ ഒരു കൂര പണിഞ്ഞു അധിവാസമുറപ്പിച്ചു കൃഷിചെയ്തു ജീവിക്കുന്നത്. അതിവേഗ പാത കൂടിയേ തീരൂ എന്നുവരുമ്പോൾ കോരന്റെ കൂടി ഉൾപ്പടെ, പതിനായിരക്കണക്കിന് കുടികളും, പ്രാണികളുടെ ആവാസ അധിവാസസ്ഥലങ്ങളും ഉഴുതുമറിക്കപ്പെടും.ഇവിടെ അതിവേഗത, പ്രകൃതിയുടെ യുക്തിനിയമങ്ങളെ എന്നപോലെ ആവശ്യത്തിന്റെ യുക്തിനിയമങ്ങളെയും ലംഘിക്കുന്നു. താല്പര്യങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങൾ ശത്രുതാപരങ്ങളായിത്തീരുന്നു. അതിരപ്പള്ളിയിലൊരു ജലവൈദ്യുതി നിലയം വന്നാൽ ആവാസ അധിവാസ പരിസരങ്ങൾക്കുണ്ടാവുന്ന ചേതത്തെ ഊർജ്ജസമ്പത്ത് എന്ന ആവശ്യത്തിന്റെയുക്തികൊണ്ടു നീതീകരിക്കാൻ കഴിയും.അതു കൊണ്ട് കാലാവസ്ഥാവ്യതിയാനമോആഗോളതാപനവർദ്ധനവോ ഉണ്ടാവില്ല. ആവശ്യത്തിന്റെ നിയമങ്ങൾ അവിടെസൃഷ്ടിപരമായി ഉപയോഗിക്കപ്പെടുന്നു.മറിച്ചു ഉപരിവർഗ്ഗത്തിന്റെ അതിവേഗ സഞ്ചാര കമ്പം മനുഷ്യന്റെയും പ്രാണികളുടെയും ആവാസാധിവാസങ്ങളെയും കേരളത്തിന്റെ തെക്കുവടക്കുനീളത്തിലുള്ള topography-യെ തന്നെയും മുറിച്ചു കൊണ്ട് ജനവാസ പ്രാണിവാസകേന്ദ്രങ്ങളുടെ മദ്ധ്യേ പാഞ്ഞു കയറുമ്പോൾ, ഊർജ്ജസമ്പത്തിനു സമാനമായ ആവശ്യം അവിടെ നിറവേറ്റപ്പെടുന്നില്ല; പ്രകൃതി നിയമദത്തമായ ആവാസവ്യവസ്ഥയെ നിങ്ങൾ മുറിപ്പെടുത്തുന്നുവെങ്കിൽ ആവശ്യ നിയമങ്ങളുടെ യുക്തികൊണ്ട് മുറിവുണക്കാൻ കഴിയുന്ന പുതിയൊരു ആവാസ- അധിവാസവ്യവസ്ഥ നിങ്ങൾക്കു സൃഷ്ടിക്കുവാൻ കഴിയണം.


പ്രാണിജാല കേന്ദ്രീകൃത വാദം -biocentrism

ഈ ഉലകത്തിലെ വൈറസും ബാക്റ്റീരിയയും എലിയും പുലിയും പൂച്ചയും പ്രാവും മുതലയും നീർക്കുതിരയും കഴുതയും കഴുതപ്പുലിയുമെന്നപോലെ ഒരു പ്രാണി മാത്രമാണ് മനുഷ്യൻ എന്നതാണു പ്രാണിജാല കേന്ദ്രീകൃത വാദം. അതിനെതിരെ ആരും തർക്കം ഉന്നയിക്കുന്നില്ല. ഓരോ ജീവിയും അതിന്റെ ശരീര ശാസ്ത്രവിധിപ്രകാരം അതിനു ജീവിക്കാൻ അനുകൂലമായ പരിസരത്തെ അതിന്റെ ആവാസതാവളമാക്കുന്നു. പ്രീ കംബ്രിയൻ യുഗം മുതൽ ഹോളോസെനിക് യുഗം വരെ ഭൂമിയിൽ ഒരേ ജീവികൾ തന്നെയാണുണ്ടായിരുന്നത് എന്നും എല്ലാ കാലാവസ്ഥായുഗപരിണിതികളിലും ജീവികളുടെ പാർപ്പിടം അഥവാ പാർക്കുന്ന, വസിക്കുന്ന ഇടം എന്ന ആവാസപരിസരം സ്ഥായിയായി സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും ആരും പറഞ്ഞു കേട്ടിട്ടില്ല. ആരും പറയുമെന്നും തോന്നുന്നില്ല. പക്ഷെ മനുഷ്യൻ മുരിങ്ങമരത്തെയും നാളീകേരവിത്തിനെയും പുൽച്ചെടികളെയും തിന്നുന്നു. നെൽവയലുകൾ റബ്ബർതോട്ടങ്ങളാക്കി മാറ്റുന്നു ആടിനെയും പശുവിനെയും കാളയെയും തിന്നുകയും മൃഗപരിപാലനം നടത്തുകയും ചെയ്യുന്നു. സസ്യലതാദികൾക്കും വൃക്ഷങ്ങൾക്കുമെന്നപോലെ പക്ഷിമൃഗാദികൾക്കും നാശമുണ്ടാക്കുന്നു. സസ്യലതാദികളെയും പക്ഷിമൃഗാദികളെയും തിന്നു അവയെ മനുഷ്യന്റെ ഇരയാക്കുന്നു. ഇത് സഹജീവിവർഗ്ഗപാതകമാണ്. പ്രാണികളുടെ ആവാസവ്യവസ്ഥകളെ അതായി നിലനിർത്തിക്കൊണ്ടു തന്നെ മനുഷ്യന് അവയെ കൊന്നുതിന്നാനാവുന്നു; അതു കൊണ്ട് ആവാസ വ്യവസ്ഥയെ മുൻനിറുത്തിക്കൊണ്ടുള്ള പ്രാണിസംരക്ഷണം എന്നതിന് വലിയ പരിമിതികളുണ്ട്; ആവാസവ്യവസ്ഥയെ തകർത്തു കൊണ്ടും അല്ലാതെയും പ്രാണികളെ ഒറ്റയായും കൂട്ടമായും നശിപ്പിക്കാവുന്നതേ ഉള്ളൂ. വീട് വയ്ക്കാൻ വേണ്ടി വയൽക്കുളം വറ്റിക്കുമ്പോൾ ആവാസവ്യവസ്ഥ ഇല്ലാതായി തീരുന്നതു കൊണ്ട് മൽസ്യങ്ങൾ ചത്തു പോവുന്നു, പക്ഷെ വീട് ഒരു ആവാസ സ്ഥാനമാണ് നമ്മൾ മത്സ്യങ്ങളെ തിന്നുന്നത് കൊണ്ട് മീനുകൾ ചത്ത് പോവുന്നതിൽ നമുക്ക് സങ്കടമില്ല. വീട്ടിനുള്ളിൽ സ്വർണ്ണമത്സ്യങ്ങളെ വളർത്തി നാം മൽസ്യ വിനാശ പാപം പരിഹരിക്കുന്നു. പണ്ടുസീതയെ വീട്ടിൽനിന്നിറക്കി വിട്ടിട്ടു അവളുടെ കാഞ്ചനവിഗ്രഹം വീട്ടിൽ വച്ച് പൂജിച്ചു ശ്രീരാമൻ ഇതിനു മാതൃക കാട്ടിത്തന്നിട്ടുണ്ട്.


വമ്പൻ ഉത്പാദന സംരംഭങ്ങൾക്കു ഇടമുണ്ടാക്കുമ്പോൾ പ്രാണികൾക്കു വലിയതോതിൽ ആവാസ ഇടം നഷ്ടമാവുമെങ്കിലും അവയ്ക്കു ബദൽ ആവാസ പരിസരങ്ങൾ കണ്ടെത്താൻ കഴിയില്ല എന്നു തീരുമാനിക്കേണ്ട കാര്യമില്ല; മനുഷ്യന്റെ ഇടപെടൽ കൂടാതെ തന്നെ കാട്ടു തീപിടുത്തമോ ഭൂകമ്പമോ പ്രളയങ്ങളോ ഉണ്ടാവുമ്പോൾ മനുഷ്യനെന്നപോലെ പ്രാണികൾക്കും ആവാസ--- അധിവാസ വ്യവസ്ഥാ ഭ്രംശം ഉണ്ടാവുന്നു. ആവാസ വ്യവസ്ഥ പരിസരപരമാണ്. ഓരോ ജീവിക്കും ഇണങ്ങിപ്പോകാവുന്ന ഭൗമ പരിസരമാണ് അതു ആവാസസ്ഥലമായി പരുവപ്പെടുത്തി എടുക്കുന്നത്. വീട്ടിലിരിക്കുന്ന മനുഷ്യനെ പിടിച്ചു ജയിലിൽ ഇടുന്നതും പറന്നു നടക്കുന്ന കിളിയെ പിടിച്ചു കൂട്ടിലടയ്ക്കുന്നതും ആവാസാ -ധിവാസ--- വിരുദ്ധമാണ്. കൂട്ടിലടച്ച കിളിയെ തിന്നുന്ന പ്രാണിഭോജനവും ജയിലിലടച്ച മനുഷ്യനെതിന്നുന്ന നരഭോജനവും കൂടും വീടും തർക്കുന്നതിനേക്കാൾ വലിയ പാതകമാണ്. നരഭോജന കാലതുല്യമായ ഒരു ഹിംസാത്മക കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന ഭയാനക വസ്തുതയെ പിന്തള്ളാൻ, പ്രാണികളുടെആവാസവ്യവസ്ഥയെ മനുഷ്യൻ ശല്യപ്പെടുത്തുന്നതാണ് സർവ വിനാശങ്ങൾക്കും കാരണം എന്ന മട്ടിൽ ഒരു ആവാസവ്യവസ്ഥാ ഭംഗപ്രചാരണം കൊടുമ്പിരി കൊള്ളുന്നു.ഇപ്പറഞ്ഞ ഭൗമ ആവാസവ്യവസ്ഥകളാകെ തകർന്നിട്ടും അതിനെ അതിജീവിച്ചു പ്രാണികൾക്കു മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണു ചരിത്രം പറയുന്നത്.


ഒരു പീഡ ഉറുമ്പിനും വരുത്തരുത് എന്ന് ഗുരു പറയുന്നത് ഉറുമ്പുതീനിഎന്ന ജീവിയോടല്ല, ഉദ്യോഗാർഥികളുടെ ധനകാര്യ ശേഷിയുടെ കരളു പിഴുതു കീശ വീർപ്പിക്കുന്ന മനുഷ്യക്കോലത്തോടാണ്. ഉറുമ്പ് തീനി, ഗുരു പറയുന്നത് അനുസരിക്കുകയില്ല. കാരണം ഉറുമ്പ്, ഉറുമ്പ് തീനിയുടെ, ആവാസവ്യവസ്ഥയുടെ അഖണ്ഡ ഭാഗമാണ്; ഗുരു, തവളയെ തിന്നരുതെന്നു പാമ്പിനോട് പറഞ്ഞാൽ അതു കേട്ട് പാമ്പ് തവളയെ മൃത്യു വിമുക്തനാക്കുമോ? കീരി പാമ്പിനെ വെറുതെ വിടുമോ? പൂച്ച എലിയെ വെറുതെവിടുമോ? ഇതൊക്കെയും പ്രാണികളുടെ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. അതിൽ ഇടപെട്ടു കൊണ്ടാണ് ഗുരു അനുകമ്പാദശകം എഴുതിയത് എന്നും അതിനാൽ ഗുരുതന്നെ ഒരു പരിസ്ഥിതി ആണ് എന്നും ഒരു പണ്ഡിതൻ എഴുതിക്കണ്ടു. ഗുരു ആരാണെന്നോ പരിസ്ഥിതിയെന്താണെന്നോ അറിയാത്തവർ ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്നത് അജ്ഞതയുടെ ആവാസ വ്യവസ്ഥയാണ്.മനുഷ്യർക്കിടയിലുള്ള ഉച്ച നീചത്വ ജീർണ്ണതയെ (അതും ഒരു ആവാസവ്യവസ്ഥയാണ് ) സംബോധന ചെയ്യുന്ന ''വാക്കു'' ആണ് അൻപിനും അനുകമ്പയ്ക്കും ആധാരമായി ഗുരു മുന്നിലോട്ടു വയ്ക്കുന്നത്. മൂവാണ്ടൻ മാവിലെ ഉറുമ്പിൻകൂട് അല്ല ഗുരുവിന്റെ മുന്നിലെ ആവാസ വ്യവസ്ഥ; അത് തീണ്ടടലിന്റെയും തൊടീലിന്റെയും ആവാസവ്യവസ്ഥയാണ്; അധികാരശ്രേണിയാണ്.


മനുഷ്യൻ പ്രാണികൾക്കായി ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുമ്പോഴാണ് ഒരു മണിയൻ കാള സാഹിത്യത്തിലുണ്ടാവുന്നതു; വെള്ളപ്പൊക്കത്തിലെ വീട്ടുനായ പ്രളയ ജലത്തിന് മീതെ തല പൊന്തിച്ചു നിൽക്കുന്നത് .മുൻപ്‌കാലത്തെ മദാമ്മമാരുടെ ലാപ്ഡോഗ് നായയുടെ ഒരു ആവാസ വ്യവസ്ഥയായിരുന്നു. പിന്നീട് നമ്മുടെ വീടുകളിൽ പൊമേറേനിയൻ ആവാസവ്യവസ്ഥ വരുകയും നാട്ടുനായകൾ ഗാർഹിക ആവാസ പരിസരത്തു നിന്ന് ഏതാണ്ടു പുറന്തള്ളപ്പെടുകയുംചെയ്തു.ഈയിടെ......കൊച്ചു കുട്ടിയെ നായ കടിച്ചു കീറി കൊല്ലുന്നതിന്റെ വിവരണം കേട്ടു അസ്തപ്രജ്ഞരായ നാം തകഴിയുടെ വീട്ടുനായയെ ഓർത്ത് പോവുന്നു. ആവാസാ - ധിവാസവ്യവസ്ഥകളെ ഒഴുക്കിക്കളയുന്ന പ്രളയജലത്തിനു മുകളിലാണ് തകഴിയുടെ വീട്ടുമൃഗം തലപൊന്തിച്ചിരിക്കുന്നതു. ഉപേക്ഷിക്കപ്പെട്ടു പോയവൻ!! ഇപ്പോഴും വീടിനു കാവലിരിക്കുകയാണു. മറുഭാഗത്തു, വീടുകളിൽ നിന്ന് ബഹിഷ്കൃതരായ നാട്ടുനായകൾ കുട്ടികളെ കടിച്ചു കൊല്ലാൻ പോന്നവിധം അക്രമാസക്തരാവുകയാണ്. ആഗോളതാപനമാണോ കാരണം? പൊലൂഷൻ ആണോ കാരണം? വിദേശ ബ്രീഡുകളുടെ വരവോടെ വീട്ടുമൃഗം എന്ന ആവാസ പരിസരം നഷ്ടപ്പെട്ട നാട്ടുനായ്ക്കൾ കൂറ്റൻ വിദേശബ്രീഡുകളുടെ ഹിംസാത്മകതയെ അനുകരിക്കുകയാണോ? വിദേശ ബ്രീഡ് പ്രബന്ധങ്ങൾ കോപ്പി അടിച്ചു പൂജിക്കുന്ന ബുദ്ധിജീവികളെ അനുകരിക്കയാണോ?


എന്താവണം എക്കോളജി, എന്താവണം എൻവയോൺമെന്റൽ സയൻസ് എന്ന പരിസ്ഥിതിശാസ്ത്രം ?

ഇവിടെ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്ന ecology-യുടെ നിർവചനം ഒരു രാഷ്ട്രീയ പ്രോപഗണ്ടയുടെ കണ്ഠനാളമാണ്; ലോകം നരഭോജികളുടെ ഭരണത്തിലമരുമ്പോൾ, ജനാധിപത്യത്തെ നാം ഫാസിസിസ്റ് വിപണിയുടെ ആക്ഷേപഹാസ്യനാടകമാക്കി മാറ്റുമ്പോൾ പ്രാണികളുടെ ആവാസ വ്യവസ്ഥയെ മനുഷ്യൻ മർദ്ദിക്കുന്നു എന്നും ലോകത്തിലെ മുഖ്യ ശത്രുതാവൈരുദ്ധ്യം മനുഷ്യനും ഇതര പ്രാണിവർഗ്ഗ ആവാസവും തമ്മിലാണെന്നും പ്രചരിപ്പിക്കുക ഒരു നവകൊളോണിയൽ പൊളിറ്റിക്കൽ എക്കണോമിയുടെ ബ്രഹ്മസൂത്രമാണ്. അത് കൊണ്ടാണ് ഇത്രയ്ക്കുസങ്കുചിതമായ ഒരു നിർവചനം ecology-യുടെ മേൽവിലാസത്തിൽ പ്രചരിക്കപ്പെടുന്നത്.

എക്കോളജി എന്ന ശാസ്ത്രവിഭാവന തികച്ചും സൃഷ്ടിപരമാണ്. അത് മനുഷ്യനും അന്യ പ്രാണികളുടെ ആവാസ വ്യവസ്ഥയും തമ്മിലുള്ള കത്തിശണ്ഠയല്ല. മറിച്ചു geology-യും biology-യും തമ്മിലുള്ള സന്തുലനത്തിലൂടെ രൂപപപ്പെടുത്താവുന്ന പരിണതി (eventuality ) ശാസ്ത്രമാണ്. പ്രീ കംബ്രിയൻ യുഗങ്ങൾ തൊട്ടു ഭൗമഘടനയിലുണ്ടായിട്ടുള്ളതും ഹോൾസെനിക് യുഗത്തിലെ ഭൗമ സ്ഥായിത്വത്തിലുണ്ടാവുന്നതും ഇനി ഉണ്ടാകാവുന്നതുമായ അജൈവ -abiotic- ഭൗമഘടക ആഘാതങ്ങൾ പ്രാണികളുടെ ഉല്പത്തിമുതൽ ഇന്ന് വരെയും പ്രാണിവർഗ്ഗങ്ങളെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്നും ഇനി എങ്ങനെ ബാധിക്കാവുന്നതാണ് എന്നുമുള്ള പരിണതിശാസ്ത്രപഠനമാണ് എക്കോളജി എന്ന് നിർവചിക്കാം. പ്രാണികളുടെ ആവാസാ -ധിവാസ ഘടനകളെ തകർക്കുന്നതിൽ അജൈവഭൗമ ഘടകങ്ങൾക്കുള്ള പങ്കു geology-എന്ന ഭൗമഘടനാ പരിണതി ശാസ്ത്രം പഠിക്കുന്നവർക്ക് മനസ്സിലാവും. ദശലക്ഷക്കണക്കിനു നീണ്ടു നിൽക്കുന്ന ഭൗമവ്യവസ്ഥ ആകെ കീഴ്മേൽമറിഞ്ഞു മറ്റൊരു യുഗപരിസരം രൂപം കൊള്ളുന്നതിൽ മനുഷ്യനുൾപ്പടെയുള്ള പ്രാണികൾക്കു പറയത്തക്ക പങ്കുള്ളതായി ഭൗമഘടനാ പരിണതി ശാസ്ത്രം -geology- പറയുന്നില്ല. ബയോളജിയും അങ്ങനെ പറയുന്നില്ല. പക്ഷെ ഈ ബൃഹത്തായ പരിണതികൾക്കുള്ളിലുംദത്തമാവുന്ന പരിസരത്തെ പാരിടം അല്ലെങ്കിൽ ആവാസ സ്ഥലമാക്കി പരുവപ്പെടുത്തിടുക്കാൻ പ്രാണികൾക്കു കഴിയുന്നുണ്ട്. ബയോളജിയിൽ ജീവികളുടെ -habitat- ആവാസം നിർവചിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ്; ബയോളജിയെ ജിയോളജിയുമായി ബന്ധിപ്പിച്ചു പഠിച്ചാൽ ഡാർവിൻ പറയുന്ന സർവൈവൽ എന്ന പ്രക്രിയയിൽ,മാറിവരുന്ന പ്രതികൂലമായ ഭൗമ ചുറ്റുപാടുകളിലും, ഒട്ടു മിക്ക പ്രാണികളും അവരുടെ പാരിടം പുതുതായി പരുവപ്പെടുത്തിയും സ്വയം മെരുങ്ങിയുമാണ് ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും; അത് കൊണ്ട് അജൈവ ഭൗമഘടനാ പരിണതികളെ ഒഴിവാക്കിക്കൊണ്ട് എക്കോളജി എന്നത് മനുഷ്യനും മനുഷ്യേതര പ്രാണികളുടെ ആവാസവ്യവസ്ഥയും തമ്മിലുള്ള സംഘർഷമാണെന്നു പറഞ്ഞുകൊണ്ട് അത് പ്രാണിപ്രമാണ കേന്ദ്രീകൃത ശാസ്ത്രമാണ് എന്ന നിലയിൽ അതിനെ സങ്കോചിപ്പിക്കാൻ പാടുള്ളതല്ല; പാറമടയും പുഴമണ്ണും അജൈവമാണ്. അത്തരം അജൈവഭൗമ ഭാഗങ്ങളിൽമനുഷ്യൻ ഏല്പിച്ചിട്ടുള്ള ആഘാതങ്ങളെക്കാൾ എത്രയോ മടങ്ങു വമ്പൻ ആഘാതങ്ങൾ ഭൗമഘടനയിൽ സ്വയം ഭൂവായി സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടു മനുഷ്യൻ അജൈവ -abiotic- ഭൗമ ഘടനയിൽ നടത്തുന്ന കൈയേറ്റങ്ങൾ ന്യായമാണ്എന്നുപറയുകയല്ല മനുഷ്യന് യാതൊരു പങ്കുമില്ലാത്ത ഭൂമി ഘടനാ പരിണതികളെയും മനുഷ്യനിർമിതമായ പരിണതികളെയും ചേർത്തു വച്ച് പഠിക്കണം എന്നാണ് പറയുന്നത്. ഈസാഹചര്യത്തിൽ എക്കോളജിയെ ജൈവപാരിട- ഭൗമ പരിണതശാസ്ത്രം എന്ന് നിർവചിക്കാം.


പരിസ്ഥിതി

ദത്തമായ ആവാസ വ്യവസ്ഥയിൽ --habitat- മനുഷ്യൻ അധിവാസം - inhabitation- തുടങ്ങുന്നതോടെയാണ് പരിസ്ഥിതി -environment - രൂപം കൊള്ളുന്നത്. ഈ അധിവാസ പരിസ്ഥിതിയുടെ പഠനത്തെ പരിസ്ഥിതിശാസ്ത്രം എന്ന് നിർവചിക്കാം. ആവാസം അത്ര കൃത്യമായല്ലെങ്കിൽപോലും അനിവാര്യതയും അധിവാസം ആവശ്യവുമാണ്. അങ്ങനെ വരുമ്പോൾ പ്രകൃതിനിയമമായ ആവാസവും ആവശ്യത്തിന്റെ നിയമമായ അധിവാസവും തമ്മിലുള്ള സമന്വയത്തിൽ നിന്നാണ് എൻവയോൺമെന്റ് -പരിസ്ഥിതി-- രൂപം കൊള്ളുന്നത്.

മനുഷ്യൻ ഉൽപ്പാദനം ആരംഭിക്കുന്നതോടെയാണ് ആധിവാസം ആവശ്യമായിത്തീരുന്നതെങ്കിലും അധിവാസം, ജീവിനിർമ്മിതമായ അകവും പുറവും ഒരു പ്രകൃതി പ്രേരണയാണ്; കിളികൾ ചില്ലകൾ പെറുക്കി കൂടുണ്ടാക്കുന്നതും തേനീച്ചകൾ അറകളുടെ കൂടുകളുണ്ടാക്കുന്നതും പാമ്പ് പൊത്തുകളുണ്ടാക്കുന്നതും അധിവാസ പ്രേരണയിലാണ്. ഉൽപ്പാദനമില്ലെങ്കിൽ അവിടെ പ്രത്യുത്പാദനം നടക്കുന്നത് കൊണ്ടാണ് പാമ്പുകൾക്ക് അധിവാസത്തിന്റെ മാളവും പറവകൾക്കു കൂടുമുണ്ടാകുന്നത്. പക്ഷെ അധിവാസം ഒരു ചരിത്ര പ്രക്രിയ ആയിത്തീരുന്നത് മനുഷ്യൻ ഉൽപ്പാദനം ആരംഭിക്കുന്നതോടെയാണ്. ആകാശത്തിലെ പറവകളെ നോക്കൂ അവ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല കളപ്പുരകളിൽ ശേഖരിക്കുന്നില്ല വിതയ്ക്കുകയും കൊയ്യുകയും കളപ്പുരകളുണ്ടാവുകയും ചെയ്യുന്നതോടെയാണ്, മൃഗ പരിപാലനത്തിന്റെയും കാർഷികോത്പാദനത്തിന്റെയും തുടക്കത്തോടെയാണ്, കളപ്പുരകളും കാലിത്തൊഴുത്തിലുകളുമടക്കമുള്ള കാർഷിക ഉത്പാദനം ആരഭിക്കുന്നതോടെയാണ്, മനുഷ്യൻ ദത്തമായ വന്യ ആവാസങ്ങളിൽ കാർ ഷികപരിസ്ഥിതി നിർമ്മിക്കുകയും പാരിടത്തിൽ പാർപ്പിടങ്ങൾ ഉയരുകയും ജലസേചനത്തിന്റെ തോടുകൾ നെൽവയലുകളുടെ ഓരത്ത് കൂടി നീന്തി ഇറങ്ങുകയും ചെയ്തത്. പാരിടത്തിൽ പാർപ്പിടത്തിനു സ്ഥലം വേണമെന്നായപ്പോൾ മനുഷ്യൻ മല കയറി; കുടിയേറ്റ കർഷകനുണ്ടായി; ആവാസ പരിസരത്തെ വിധേയത്വപ്പെടുത്തുന്ന അധിവാസ പ്രവർത്തനമായിരുന്നുഅത്; ജലവും ആകാശവും മനുഷ്യന്റെ ആവാസ ഭാഗമല്ലെങ്കിൽപ്പോലും നൗകകൾ പാർപ്പിടങ്ങളാക്കിത്തീർക്കുന്ന മനുഷ്യകുടുംബങ്ങളുണ്ടാവുകയും ആകാശ സഞ്ചാരം പക്ഷിയെപോലെ മനുഷ്യന്റെ ആവാസ പ്രകൃതമായിരുന്നില്ലെങ്കിൽക്കൂടി മനുഷ്യൻ ആകാശത്തിലൂടെ പറന്നിറങ്ങി അന്യ ഭൂഖണ്ഡങ്ങളിൽ ചേക്കേറി പാർപ്പുറപ്പിക്കുകയും ചെയ്തു. ഉത്പാദനത്തിലൂടെ മനുഷ്യൻ അവന്റെ കഴിവുകളെ വികസിപ്പിക്കുകയും അതിനായി പുതിയ സാങ്കേതിക വിദ്യകൾ കണ്ടെത്തുകയും ചെയ്യുന്നതോടെ കാർഷിക പരി സ്ഥിതിയെ തള്ളിനീക്കിക്കൊണ്ടു വ്യാവസായിക പരിസ്ഥിതിയും സാങ്കേതിക വിദ്യാ പരിസ്ഥിതിയും ചരിത്രത്തിൽ രൂപം കൊണ്ടു. ഹോളോസെനിക് യുഗത്തിന്റെ ഭൂമി സ്ഥായിത്വത്തിലാണ് ഇതൊക്കെയും സംഭവിക്കുന്നത്. കൂട്ടിനു വൃക്ഷങ്ങളും പൂമരങ്ങളും പൂച്ചയും ആടും പശുവും കോഴിയുമൊക്കെ ആവശ്യമാണ് എന്ന ബോധം മനുഷ്യനിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടു. പാത്തുമ്മായുടെ ആട് ഒരു മനുഷ്യജന്മമായിട്ടാണ് ഗാർഹിക പരിസരത്തിൽ വിലസുന്നത് എന്നോർക്കുക. അടുക്കളയിൽ നിന്ന് മീൻ കട്ടെടുത്തു കൊണ്ടു പുറത്തേക്കു പോകും വഴി അബദ്ധത്തിൽ എന്റെ മുന്നിൽപെട്ടുപോയ പൂച്ച ക്ഷമാപണപുരസ്സരം മീനിനെ എന്റെമുന്നിൽ സമർപ്പിച്ചിട്ടു പുറത്തിറങ്ങി ഞാൻ എന്ത് ചെയ്യുന്നു എന്ന് ഒളിഞ്ഞു നോക്കുന്ന കാഴ്ചയും ഇന്നില്ല; സസ്യങ്ങളോ മൃഗങ്ങളോ നമ്മുടെഅധിവാസപരിസരത്തു നിന്ന് പുറന്തള്ളപ്പെടുകയുംനമ്മുടെആവശ്യങ്ങളും ആർഭാടങ്ങളും എവിടെയും വേർതിരിയുന്നില്ല എന്ന് വിപണി നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. അത് കൊണ്ടു വീട്ടിൽ വിദേശ ബ്രീഡ് ഹോൾസ്റ്റെയൻ പശുക്കളുടെ തൊഴുത്തിലും ജിംനേഷ്യവും നീന്തൽക്കുളവും കൂടാതെ ഒരു ഹെലിപാഡ് കൂടിയായാൽ എന്ത് നാം ആലോചിക്കുമ്പോൾ ആവാസത്തിന്റെ പ്രകൃതിനിയമങ്ങളും അധിവാസത്തെ രൂപപ്പെടുത്തുന്ന ആവശ്യത്തിന്റെ നിയമങ്ങളും ഒരേപോലെ ശിരഃ ഛേദം ചെയ്യപ്പെടുന്നു. ഇതിനെയാണ് പരിസ്ഥിതിഭംഗം എന്ന് പറയുന്നത്.


ഉത്പാദനാധികാരം നമ്മുടെ കൈകളിൽ നിന്ന് തട്ടിപ്പറിച്ചെടുക്കുന്നതിനു കാരണമായി വികസിതരാജ്യങ്ങൾ മുന്നോട്ടു വച്ചതു ആവാസവ്യവസ്ഥാ സംരക്ഷണമാണ്. ഫലത്തിൽ നമ്മുടെ ആവശ്യങ്ങളെന്തെന്നു തീരുമാനിക്കുന്നത് നമ്മളല്ലതായി മാറി ആവശ്യത്തിന്റെയും ഉപയോഗത്തിന്റെയും നിയമങ്ങൾനമുക്കന്യമായി. നമ്മൾ സ്ഥായിയായ ഒരു അധിവാസവ്യവസ്ഥയിൽ നിന്നു വായ്പയുടെ ചഞ്ചലമായ സാമ്പത്തിക ആവാസ വ്യവസ്ഥയിലേക്കു മാറ്റി എഴുതപ്പെട്ടു.


ഉൽപ്പാദന പരിസ്ഥിതിയിൽ നിന്ന്, ഉപയോഗത്തിന്റെ മൂല്യബോധത്തിൽ നിന്ന്, ഉപഭോഗത്തിന്റെ സംത്രാസത്തിലേക്കു ജനങ്ങൾ ഒഴുകി ഇറങ്ങുന്നതോടെ മാനുഷിക പരിസ്ഥിതിക്കു നാശം സംഭവിക്കുകയും വിപണികളുടെ ഇരകൾ എന്ന ആവാസ വ്യവസ്ഥയിലേക്കു നാം നമ്മളെ നഷ്ടപ്പെടുത്തുകയും ചെയ്തു. മാനുഷിക പരിസ്ഥിതിയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് കീഴ്പ്പെടുത്തിയാലുണ്ടാവുന്ന അപമാനവികമായ ഒരു ആവാസവ്യവസ്ഥയിലേക്കാണ് നാം സഞ്ചരിക്കുന്നത്. നാം മനുഷ്യനിർമ്മിതമായ അധിവാസപരിസ്ഥിതിയെ സാങ്കേതികവിദ്യാബഹുലമായ ഒരു സാമ്പത്തികാവാസ വ്യവസ്ഥയ്ക്ക് വിട്ടുകൊടുകൊടുത്തു കൊണ്ട് സ്വയം ജപ്തിചെയ്യുന്ന ഒരവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നു.


പ്രാണികളുടെ ആവാസവ്യവസ്ഥയെ കുറിച്ച് പറയുമ്പോൾ ബലവാൻ ബലഹീനമായതിനെ പിടിച്ചു തിന്നുന്നതിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. ഉറുമ്പുതീനി, ഉറുമ്പിനെയും വലിയമൽസ്യങ്ങൾ ചെറിയ മൽസ്യങ്ങളെയും കടുവാ മാൻകുട്ടിയെയും കൊന്നു തിന്നുന്നുന്നിടത്തു'' ബല''മാണ് അധികാരമായി മാറുന്നത്. ഉത്പാദനം ആരംഭിച്ച ശേഷം ചരക്കായിമാറുന്ന ഉത്പന്നങ്ങളുടെയും ഉല്പാദനോപകരണങ്ങളുടെയും ഉടമസ്ഥതയാണ് ,''സമ്പത്താ''ണ്, ബലമായി മാറുന്നത്. പ്രാണികളുടെആവാസ വ്യവസ്ഥയിലെന്ന പോലെ മനുഷ്യന്റെ അധിവാസ സ്ഥായിത്വപരിസ്ഥിതിയിലും ഒന്ന് മറ്റൊന്നിന്റെ പാരിടത്തെ ചഞ്ചലമാക്കുന്നെങ്കിൽ അതിന്റെ അടിസ്ഥാനം ബലമാണ്. ഇന്നത്തെ മാനുഷിക പരിസ്ഥിതിയിൽ ബലം എന്നത്, സാങ്കേതികവിദ്യാധിപത്യമാണ്, ഉത്പാദന ഉടമസ്ഥതയാണ്, വിപണിയാണ്,---ചുരുക്കത്തിൽ ''സമ്പത്താണ്''.വായ്പയിൽ ജീവിതം കഴിക്കുന്ന ഒരു കുടുംബം അധിവാസസ്ഥായിത്വത്തിൽ നിന്ന് ചൂഷണത്തിന്റെ സാമ്പത്തിക ആവാസ വ്യവസ്ഥയിലേക്കു ഒഴുകി മറിയുകയാണ്; ഉക്രൈനും നാറ്റോയും റഷ്യയും തമ്മിൽ യുദ്ധം ചെയ്യുമ്പോൾ അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുമ്പോൾ യൂഎസ്സിൽ വഴിയാത്രക്കാരെ അജ്ഞാതൻ വെടിവച്ചു കൊല്ലുമ്പോൾ, ടെററിസം കത്തിക്കയറുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്ന് പുറപ്പെട്ട അഡോണിസ് ഞാൻ നരഭോജികളുടെ നാട്ടിൽ നിന്നാണ് വരുന്നതെന്ന് പറയുമ്പോൾ, നമ്മൾ ത്രേതായുഗത്തിൽ പുഷ്പകവിമാനങ്ങളിൽ പറക്കുകയാണ് എന്ന് അഹങ്കരിക്കുമ്പോൾ, മാർക്വിസ് പറഞ്ഞ പറഞ്ഞപോലെ, ഹിംസയുടെ രക്തം തെരുവിലൂടെ ഒഴുകിയിറങ്ങി എന്റെ എഴുത്തുമേശയ്ക്കു കീഴെ എത്തുമ്പോൾ, അധിവാസപരിസ്ഥിതി ഹിംസാത്മക സാമ്പത്തിക ആവാസവ്യവസ്ഥയിലേക്കു ഒഴുകിമറിയുകയാണ്. ആവശ്യങ്ങളുടെ നിയമങ്ങൾമനപ്പൂർവ്വം മറന്നു കളയുന്ന ഉപഭോഗക്കൊതിയുടെ വിപണിയിൽ ജനം തള്ളിക്കയറുമ്പോൾ മനുഷ്യ പരിസ്ഥിതിയുടെ ഭൂപടം ഛിദ്രീകരിക്കപ്പെടുകയാണ്. മനുഷ്യന്റെ അധിവാസ ഇടങ്ങളെ പിഴുതെറിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൈകാലുകളിൽ സഞ്ചരിക്കുമ്പോൾ----- അതെല്ലാംമറന്നേക്കൂ മനുഷ്യേതര പ്രാണികളുടെആവാസ വ്യവസ്ഥ നില നിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് പറയുന്നവർ സർവലോക പ്രാണിജാലങ്ങളുടെ എന്നപോലെ മനുഷ്യപരിസ്ഥിതിയുടെയും ശത്രുവാണ്. കൃഷിയും വ്യവസായവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ചു കൊണ്ട് ആവശ്യാധിഷ്ഠിത പരിസ്ഥിതി സജ്ജീകരിക്കുക. പ്രാണിവർഗ്ഗങ്ങൾ നില നിൽക്കും. യെരുശലേം പുത്രിമാർ അവരുടെ ദുരവസ്ഥതിരിച്ചറിയുന്ന കാലം വരും എന്ന് നമുക്ക് പ്രത്യാശിക്കാം.

 

എസ്. സുധീഷ്‌

നിരൂപകന്‍, അദ്ധ്യാപകന്‍


122 views1 comment
bottom of page