top of page

ഇതാ, കൺമുന്നിൽ ഒരു പരിണാമം

ശാസ്ത്രമലയാളം

പഠനഭാരം ലഘൂകരിക്കുക എന്ന ന്യായീകരണത്തോടെ എൻ. സി. ഇ. ആർ. ടി യുടെ പത്താം ക്ലാസ് പുസ്തകത്തിൽ നിന്ന് വെട്ടിമാറ്റപ്പെട്ട പാഠഭാഗങ്ങളിലൊന്നാണ് ജൈവപരിണാമം. പരിണാമ പഠനത്തിന് ലോകത്തിന്റെ പലഭാഗങ്ങളിലും മതമൌലിക വാദികളുടെ കടുത്ത എതിർപ്പിന് വിധേയമാകേണ്ടിവന്നിട്ടുണ്ട്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും 1925 മുതൽ 1968 വരെ പാഠപുസ്തകങ്ങളിൽ നിന്ന് പരിണാമം അപ്രത്യക്ഷമായിരുന്നു. സൌദി അറേബ്യയിൽ ഇപ്പോഴും പരിണാമം ഒരു നിരോധിത വിഷയമാണ്. എന്നാൽ ഇതാദ്യമായാണ് പരിണാമത്തിന് നമ്മുടെ രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവരുന്നത്.


പരിണാമ പഠനത്തിന്റെ പ്രാധാന്യം

ജീവശാസ്ത്രത്തിന്റെ അടിസ്ഥാന ശിലയാണ് പരിണാമം. പരിണാമ ശാസ്ത്രം എന്തിന് പഠിപ്പിക്കണം എന്ന ചോദ്യത്തിന് ഉത്തരമായി ഇന്നും വ്യാപകമായി ഉദ്ധരിക്കുന്നത് 1973 ൽപ്രസിദ്ധീകരിച്ച, പ്രശസ്ത ജനിതക ശാസ്ത്രജ്ഞനും പരിണാമ ശാസ്ത്രജ്ഞനുമായ തിയോഡോഷിയസ് ഡോബ്ഷാൻസ്കിയുടെ ലേഖനമാണ്. ജീവശാസ്ത്രത്തിലെ പ്രതിഭാസങ്ങൾ പരിണാമ ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ മാത്രമേ വിശദീകരിക്കാൻ കഴിയുകയുള്ളൂ (Nothing in biology makes sense except in the light of evolution) എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ജൈവ വൈവിധ്യം, പുതിയ സ്പീഷീസുകളുടെ ആവിർഭാവം, വംശനാശം, വൈറസ് മുതൽ മനുഷ്യൻ വരെയുള്ള ജീവികളുടെ ജനിത തന്മാത്രകൾ ഡി. എൻ. എ യും ആർ. എൻ. എ യും ആയത്, പ്രോട്ടീനുകളുടെ നിർമ്മിതി തീരുമാനിക്കുന്ന നാലക്ഷരങ്ങൾ മാത്രമുള്ള (അഡിനൈൻ, ഗുവാനിൻ, സൈറ്റോസിൻ, തൈമിൻ) ജനറ്റിക്ക് കോഡ് എല്ലാ ജീവികളിലും ഒരുപോലെയായത്, പ്രോട്ടീൻ നിർമ്മാണരീതി എല്ലാ ജീവികളിലും ഒരുപോലെയായത്, എല്ലാ ജീവികളുടെയും പ്രോട്ടീനുകൾ നിർമ്മിച്ചിരിക്കുന്നത് ഇരുപത് അമിനോ ആസിഡുകളായത്, ശരീരത്തിലെ മിക്ക രാസപ്രവർത്തനങ്ങളും എല്ലാ ജീവികളിലും ഒരുപോലെയായത്, ജീവികളുടെ ശരീരഘടനകളിലെ സാമ്യം, വ്യത്യസ്ത വിഭാഗം ജന്തുക്കളുടെ ഭ്രൂണങ്ങൾ തമ്മിലുള്ള സാമ്യം തുടങ്ങി ഒട്ടനവധി ജൈവ പ്രതിഭാസങ്ങളും വിശദീകരിക്കാൻ കഴിയുന്നത് പരിണാമ സിദ്ധാന്തത്തിന്റെ കണ്ണിലൂടെ മാത്രമാണ്.


തെളിവുകൾ

മറ്റേതൊരു ശാസ്ത്ര ശാഖയേയും പോലെ തന്നെ തെളിവുകളാൽ സമൃദ്ധമാണ് പരിണാമശാസ്ത്രവും. ജനിതക ശാസ്ത്രം, തന്മാത്രാ ജീവശാസ്ത്രം, ബയോ ഇൻഫോർമാറ്റിക്സ് തുടങ്ങിയ ശാസ്ത്ര ശാഖകളുടെ വികാസത്തോടെ പരിണാമ ശാസ്ത്ര പഠനം കൂടുതൽ കൂടുതൽ എളുപ്പമായിക്കൊണ്ടിരിക്കുകയുമാണ്. ഇങ്ങനെയൊക്കെയായിട്ടും സംശയാലുക്കൾ സംതൃപ്തരാകുന്നില്ല എന്നതാണ് നിരഭാഗ്യകരമായ വസ്തുത. പരിണാമം നടക്കുന്നത് നേരിട്ട് കാണുന്നില്ലല്ലോ എന്നാണ് അവരിൽ ചിലരുടെ പരാതി. ആന്റി ബയോട്ടിക്കുകളെ ചെറുക്കാൻ കഴിവുള്ള ബാക്ടീരിയകളുടെയും പുതിയ ഇനം വൈറസുകളുടെയും (ഉദാഹരണം കോവിഡ് വൈറസ്) പരിണാമം അത്തരക്കാരുടെ വായ പൂട്ടാൻ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. പ്രസ്തുത പരിണാമങ്ങൾ മിക്കവയും പ്രകൃതിയിൽ സ്വാഭാവികമായി സംഭവിച്ചതാണ്. എന്നാൽ ഇപ്പോൾ പരീക്ഷണ ശാലയിൽ ശാത്രജ്ഞരുടെ കൺമുമ്പിൽത്തന്നെ അനാവരണം ചെയ്യപ്പെട്ട ഒരു പരിണാമത്തിന്റെ വിശദ വിവരങ്ങൾ സുപ്രസിദ്ധ ഗവേഷണ ജേർണലായ നേച്ചറിന്റെ (Nature) 2023 ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കയാണ്. 2016 ൽകൃത്രിമമായി നിർമ്മിക്കപ്പെട്ട മിനിമൽ കോശത്തിൽ (minimal cell) നടന്ന പരിണാമമാണ് പ്രസ്തുത ലേഖനത്തിലുള്ളത്. അത് വിശദീകരിക്കുന്നതിന് മുമ്പ് എന്താണ് മിനിമൽ കോശം എന്ന് പരിശോധിക്കാം.


മിനിമൽ കോശം

എല്ലാ ജീവികളും കോശങ്ങളാൽ നിർമ്മിതമാണ്. ഏകകോശ ജീവികളും ബഹുകോശജീവികളുമുണ്ട്. അവയിലെല്ലാം ജീനുകളടങ്ങിയ ഡി. എൻ. എ യുമുണ്ട്. ഒരു കോശത്തിലടങ്ങിയ മൊത്തം ജനിതക വസ്തുക്കളെ ജീനോം (Genome) എന്നാണ് പറയുന്നത്. ജീനോമിന്റെ വലുപ്പം ഓരോ ജീവിയിലും വ്യത്യസ്തങ്ങളായിരിക്കും. നമുക്ക് അറിയുന്നതിൽ ഏറ്റവും ചെറിയ ജീനോമുള്ളത് മൈക്കോപ്ലാസ്മ (Mycoplasma) വിഭാഗത്തിൽ പെട്ട ബാക്ടീരിയകൾക്കാണ്. ഒരു കോശത്തിന് അതിന്റെ ജീവൻ നിലനിർത്താനും പ്രത്യുല്പാദനം ചെയ്യാനും ഏറ്റവും ചുരുങ്ങിയത് എത്ര ജീനുകൾ വേണ്ടിവരും? അല്ലെങ്കിൽ അത്തരം ജീനോമിന് എത്ര വലുപ്പം വേണ്ടിവരും. ഇങ്ങനെയൊരു ചോദ്യം ഗവേഷകരുടെ ബുദ്ധിയിൽ കയറിക്കൂടിയത് 1930 കളിലാണ്. അതും ജീവശാസ്ത്രജ്ഞരുടെ ബുദ്ധിയിലല്ല; ഭൌതിക ശാസ്ത്രജ്ഞരുടെ ബുദ്ധിയിൽ.

മിനിമൽ കോശങ്ങൾ

അതിനൊരു കാരണമുണ്ട്. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ ആറ്റങ്ങളുടെ ഘടനയും പ്രവർത്തനവും പഠിക്കാൻ ഭൗതികശാസ്ത്രജ്ഞർ ഹൈഡ്രജൻ ആറ്റമായിരുന്നു ഉപയോഗിച്ചിരുന്നത്. ഏറ്റവും ചെറിയ ഒരു ആറ്റം എന്ന നിലയ്ക്ക് പഠിക്കാൻ എളുപ്പമുള്ള ഒരു മാതൃകയായാണ് അവർ ഹൈഡ്രജൻ തെരഞ്ഞെടുത്തത്. ഈയൊരു ആശയം ജീവശാസ്ത്രത്തിലും പ്രയോഗിക്കാം എന്ന് ചില ഭൗതികശാസ്ത്രജ്ഞർക്ക് തോന്നി. അങ്ങനെയാണ് ഏറ്റവും ചെറിയ കോശം എന്ന ആശയമുണ്ടാകുന്നത്. ജീവൻ നിലനിർത്താനും പ്രത്യുല്പാദനം ചെയ്യാനും ആവശ്യമായ ഏറ്റവും ചെറിയ ജീനോമുള്ള ഇത്തരം കോശങ്ങളെയാണ് മിനിമൽ കോശം (Minimal cell) എന്ന് പറയുന്നത്. 1945 ൽമാക്സ് ഡെൽബ്രക്ക് (Max Delbruck) എന്ന ഭൌതികശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ഈ ലക്ഷ്യം മുൻനിർത്തി അമേരിക്കൻ ഫേജ് ഗ്രൂപ്പ് (American Phage group) എന്ന ഒരു കൂട്ടായ്മ രൂപീകരിച്ചു. ഈ കൂട്ടായ്മയിൽ ഭൗതികശാസ്ത്രജ്ഞർക്ക് പുറമെ രസതന്ത്രജ്ഞരും ജീവശാസ്ത്രജ്ഞരും ഉണ്ടായിരുന്നു. കോശത്തിന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായും അനാവരണം ചെയ്യാൻ ഏറ്റവും ചെറുതും ലളിതവുമായ ഒരു കോശത്തിന്റെ പഠനത്തിലൂടെ സാധ്യമാകുമെന്നായിരുന്നു അവരുടെ വിശ്വാസം. അന്നുമുതലാണ് ഒരു മിനിമൽ കോശത്തിന്റെ നിർമ്മാണത്തിനുള്ള ശ്രമം ആരംഭിക്കുന്നത്. സാങ്കേതികവിദ്യകളുടെ അപര്യാപ്തതയും ബലഹീനതയും കാരണം ആ ലക്ഷ്യത്തിലെത്താൻ ഏഴ് പതിറ്റാണ്ടോളം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 2016 ൽ അത്തരമൊരു മിനിമൽ കോശത്തിന്റെ വിജയകരമായ നിർമ്മാണം പ്രഖ്യാപിക്കപ്പെട്ടു. ക്ളയിഡ് ഹച്ചിസണിന്റെ (Clyde Hutchison) നേതൃത്വത്തിലുളള ഒരു സംഘം ഗവേഷകരുടെ ഈ ചരിത്രനേട്ടം 2016 മാർച്ച് 25 ന് ഇറങ്ങിയ ‘സയൻസ്’ ജേർണലിലാണ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മിനിമൽ കോശത്തിന്റെ നിർമാണത്തിന് ഈസംഘം ഉപയോഗിച്ചത് മൈക്കോപ്ലാസ്മ മൈക്കോയിഡ്സ് JCVI-Syn1.0 (Mycoplasma mycoides JCVI-Syn1.0) എന്ന ബാക്ടീരിയയുടെ ജീനോമാണ്. അനാവശ്യമെന്ന് പഠനത്തിലൂടെ ബോധ്യപ്പെട്ട, തൊണ്ണൂറ് ശതമാനത്തോളം ജീനുകളെ ഒഴിവാക്കിയുണ്ടാക്കിയ ഒരു കൃത്രിമ ജീനോമാണ് ഈ മിനിമൽ കോശത്തിലുള്ളത്. അതിന്റെ പേര് മൈക്കോപ്ലാസ്മ മൈക്കോയിഡ്സ് JCVI-Syn3.0 എന്നാണ്. നിലവിൽ പരീക്ഷണ ശാലകളിൽ വളർത്താൻ കഴിയുന്ന ഏറ്റവും ചെറിയ ജീനോമുള്ള ജീവിയാണിത്. ഈ ജീനോമിൽ നിന്ന് ഒരു ജീൻ എടുത്തുമാറ്റിയാൽ പോലും അതിനെ വഹിക്കുന്ന കോശത്തിന്റെ നിലനിൽപ്പ് അപകടത്തിലാകും. ഈ മിനിമൽ കോശത്തിന് പരിണാമം സാധ്യമാണോ എന്ന അന്വേഷണമാണ് മറ്റൊരു പഠന സംഘം പരീക്ഷണ വിധേയമാക്കിയത്.


മിനിമൽ കോശത്തിന്റെ പരിണാമം

പരിണാമ ഗവേഷണത്തിന് ഉപയോഗിച്ചത് മേൽപ്പറഞ്ഞ രണ്ട് മൈക്കോപ്ലാസ്മകളെയാണ് (JCVI-Syn1.0, JCVI-Syn3.0). ആദ്യത്തേത് മുഴുവൻ ജീനുകളുള്ളതും രണ്ടാമത്തേത് ജീനുകൾ നീക്കം ചെയ്തതും. മുന്നൂറ് ദിവസമാണ് പരീക്ഷണം നീണ്ടു നിന്നത്. ആ കാലയളവിൽ രണ്ടായിരം തലമുറകളാണുണ്ടായത്. മനുഷ്യരുടെ 40000 വർഷങ്ങൾക്ക് തുല്യമാണ് ഈ മുന്നൂറ് ദിവസങ്ങൾ. മൈക്കോപ്ലാസ്മയിൽ മൂന്ന് തരം ജീനുകളാണുള്ളത്. അവശ്യ ജീനുകൾ (Essential genes), അനാവശ്യ ജീനുകൾ (Non-essential genes ),

മൈക്കോപ്ലാസ്മ മൈക്കോയിഡ്സ് (ചിത്രകാരന്റെ ഭാവനയിൽ)

അർദ്ധാവശ്യ ജീനുകൾ (Quasi-essential genes). ഇവയിൽ അനാവശ്യ ജീനുകളാണ് മുറിച്ചു നീക്കിയത്. ഇങ്ങനെ നീക്കം ചെയ്തപ്പോൾ അവയുടെ അതിജീവനക്ഷമത (fitness) കുറഞ്ഞു പോയിരുന്നു. ഒരു പ്രത്യേക ചുറ്റുപാടിൽ അതിജീവിക്കാനുള്ള കഴിവിനെയാണ് ഫിറ്റ്നെസ്സ് എന്ന് പറയുന്നത്. ഫിറ്റ്നെസ്സ് കുറയുമ്പോൾ ചുറ്റുപാടിലുമുള്ള ചെറിയ മാറ്റങ്ങൾ പോലും അവയുടെ അതിജീവനത്തെ ബാധിക്കും. ഇങ്ങനെ നഷ്ടപ്പെട്ടുപോയ ഫിറ്റ്നെസ്സ് തിരിച്ചുപിടിക്കാൻ മിനിമൽ കോശത്തിന് കഴിയുമോ എന്ന അന്വേഷണമായിരുന്നു പരീക്ഷണത്തിന്റെ കാതൽ. എന്താണ് പരീക്ഷണത്തിലൂടെ നിരീക്ഷിക്കപ്പെട്ടത് എന്ന് പറയും മുമ്പ് പരിണാമത്തിന്റെ ചില അടിസ്ഥാന തത്ത്വങ്ങൾ പരിശോധിക്കാം.

അർഹതയുള്ളവയുടെ അതിജീവനം (Survival of the fittest)

ഒരു ജീവിസമൂഹത്തിൽ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സ്വഭാവങ്ങളിൽ ഉണ്ടാവുന്ന ഏതൊരു മാറ്റത്തിനും ജീവപരിണാമം എന്ന് പറയാം. പരിണാമപ്രക്രിയ ജീവികൾക്കിടയിൽ വൈവിധ്യത്തിന് കാരണമാകുന്നു. ജീനുകളുടെ മ്യൂട്ടേഷനാണ് ഈ വൈവിധ്യത്തിന് മൂലകാരണം. അതുകൊണ്ടുതന്നെ പരിണാമത്തിന്റെ സുപ്രധാനമായ ഒരു ചാലക ശക്തിയാണ് മ്യൂട്ടേഷൻ. ചില മ്യൂട്ടേഷനുകൾ നിലവിലുള്ള സാഹചര്യത്തിൽ അതിജീവിക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതായിരിക്കും. എന്ന് പറഞ്ഞാൽ ജീവികളുടെ ഫിറ്റ്നെസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയായിരിക്കും. ജീവിസമൂഹത്തിൽ അംഗസംഖ്യ പെരുകുമ്പോൾ ഭക്ഷണത്തിനും ഇണകൾക്കുള്ള വാസസ്ഥലത്തിനും മറ്റുമായുള്ള കിടമൽസരം വർദ്ധിക്കും. അത്തരം സാഹചര്യത്തിൽ ഫിറ്റ്നെസ്സ് കൂടിയവ അതിജീവിക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യും. ഈ പ്രക്രിയയാണ് അർഹതയുള്ളവയുടെ അതിജീവനം (Survival of the fittest) എന്നറിയപ്പെടുന്നത്. ഇങ്ങനെ മൽസരത്തിൽ വിജയിക്കുന്നവ കൂടുതലായി പ്രത്യുല്പാദനം ചെയ്യുകയും അടുത്ത തലമുറകളിലേക്ക് ഫിറ്റ്നെസ്സ് കൂട്ടുവാൻ സഹായിച്ച ജീനുകൾ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. ഈ പ്രക്രിയയെ പ്രകൃതിനിർദ്ധാരണം എന്നാണ് പറയുന്നത്. ഇത്തരം പ്രകൃതിനിർദ്ധാരണം മിനിമൽ കോശങ്ങളിൽ സംഭവിച്ചിട്ടുണ്ടോ എന്നതായിരുന്നു മേൽസൂചിപ്പിച്ച പരീക്ഷണം.


ഫിറ്റ്നെസ്സ് കൂടുന്നു

രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷണം നടന്നത്. ആദ്യത്തേതിൽ മിനിമൽ കോശങ്ങളിൽ മ്യൂട്ടേഷനുകൾ നടക്കുന്നുണ്ടോ എന്ന അന്വേഷണവും ഉണ്ടെങ്കിൽ സാധാരണ മൈക്കോപ്ലാസ്മയുമായി (JCVI-Syn1.0) അതിനെ താരതമ്യ പഠനം ചെയ്യുക. എന്നതുമാണ് ഉദ്ദേശിച്ചത്. രണ്ടാമത്തേതിലാണ് രണ്ടുതരം കോശങ്ങളേയും മുന്നൂറ് ദിവസങ്ങൾ വളർത്തി അവയിലുണ്ടാകുന്ന പരിണാമപരമായ മാറ്റങ്ങൾ പഠനവിധേയമാക്കിയത്. രണ്ടു തരം മൈക്കോപ്ലാസ്മയിലും മ്യൂട്ടേഷനുകൾ നടക്കുന്നുണ്ടെകിലും മ്യൂട്ടേഷൻ നിരക്കിൽ വ്യത്യാസമുണ്ട് എന്നതായിരുന്നു ആദ്യത്തെ പരീക്ഷണത്തിലെ കണ്ടെത്തൽ. മിനിമൽ കോശങ്ങളിൽ ചില മ്യൂട്ടേഷനുകളുടെ സാധ്യത സാധാരണ കോശങ്ങളിലേതിനെക്കാൾ മൂന്നിരട്ടിയിലധികമാണെന്ന് അവർ കണ്ടെത്തി. ഇതിന് കാരണം മുറിച്ചു മാറ്റപ്പെട്ട ചില ജീനുകൾ അത്തരം മ്യൂട്ടേഷനുകളെ തടയുന്നതുകൊണ്ടായിരിക്കാമെന്നാണ്അനുമാനം. രണ്ടാമത്തെ പരീക്ഷണഫലമായിരുന്നു അൽഭുതകരം. മ്യൂട്ടേഷനുകൾ, കിടമൽസരം, പ്രകൃതിനിർദ്ധാരണം തുടങ്ങിയ പ്രക്രിയകൾ വഴി മിനിമൽ കോശങ്ങളുടെ ജീനോമുകളിൽ മാറ്റമുണ്ടാവുകയും നഷ്ടപ്പെട്ട ഫിറ്റ്നെസ്സ് തിരിച്ചു കിട്ടുകയും ചെയ്തു. സാധാരണ കോശങ്ങൾക്കും മാറ്റമുണ്ടായി. പരീക്ഷണാന്ത്യമാകുമ്പോഴേക്കുംഅവയുടെ വലുപ്പം കൂടി. കാരണം വലുപ്പം കൂടുന്നതിലൂടെയാണ് അവയുടെ ഫിറ്റ്നെസ്സ് കൂടിയത്. എന്നാൽ മിനിമൽ കോശങ്ങളുടെ വലുപ്പത്തിൽ വർദ്ധനവ് ഉണ്ടായില്ല. കാരണം ഫിറ്റ്നെസ്സ് കൂടുവാൻ അവയുടെ വലുപ്പം കൂടേണ്ട ആവശ്യമുണ്ടായിരുന്നില്ല. സാധാരണ കോശങ്ങളുടെ വലുപ്പ വർദ്ധനവിന് കാരണമായതും മിനിമൽ കോശങ്ങളെ വലുതാകാതിരിക്കാൻ സഹായിച്ചതും ഒരേ ജീനിലുള്ള വ്യത്യസ്ത തരം മ്യൂട്ടേഷനുകളാണെന്നതാണ് കൌതുകകരമായ മറ്റൊരു കാര്യം. ഇത് സൂചിപ്പിക്കുന്നത് പരിണാമത്തിന് മുൻ നിശ്ചയിച്ച ഒരു ദിശ ഇല്ലെന്നതാണ്. ഏത് മാറ്റമാണോ ജീവികൾക്ക് ഗുണകരമാകുന്നത് ആ ദിശയിലേക്കായിരിക്കും പരിണാമത്തിന്റെ യാത്ര. സാധാരണ കോശങ്ങകൾക്ക് വലുപ്പം കൂടുന്നതായിരുന്നു ഗുണകരമെങ്കിൽ മിനിമൽ കോശങ്ങൾക്ക് വലുപ്പം കൂടാത്തതായിരുന്നു ഗുണകരം.

പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ പറ്റുന്ന ഒരു ശാസ്ത്ര സിദ്ധാന്തമാണ് പരിണാമമെന്ന് അടിവരയിട്ടുറപ്പിക്കുന്ന സുപ്രധാനമായ ഒരു കണ്ടെത്തൽ തന്നെയാണ് ഈ പഠനത്തിലൂടെ നടന്നതെന്നതിൽ ശാസ്ത്രജ്ഞർക്കിടയിൽ ഭിന്നാഭിപ്രായമില്ല.


അധിക വായനയ്ക്ക്

Dobzhansky T (1973). Nothing in Biology Makes Sense except in the Light of Evolution. The American Biology Teacher, 35 (3): 125-129

Glass JI, Merryman C, Wise KS, Hutchison, CA and Smith HO. (2017). Minimal cells- Real and Imagined. Cold springs harbor perspectives in biology 9:a023861.

Hutchison CA, Chuang RY, Noskov VN, Assad-Garcia N, Deerinck TJ, Ellisman MH, Gill J, Kannan K, Karas BJ, Ma L, et al. (2016). Design and synthesis of a minimal bacterial genome. Science 351:6253.

Moger-Reischer RZ, Glass JI, Wise KS, Sun L, Bittencourt MC, Lehmkuh BK, Schoolmaster DR, Lynch M and Lennon JT (2023). Evolution of a Minimal cell. Nature. Published online on 5 July 2023.

 

ഡോ. പി . കെ. സുമോദൻ
മുൻ സുവോളജി അസോസ്സിയേറ്റ് പ്രൊഫസ്സർ,
ഗവ. കോളേജ് ,
മടപ്പള്ളി


129 views0 comments
bottom of page