top of page

സോപ്പുനിർമ്മാണത്തെക്കുറിച്ചുള്ള പാഠപുസ്തകവും ബഷീറിൻ്റെ 'കഥാബീജ 'വും

ഡോ.നൗഷാദ് എസ്സ്.
സാഹിത്യ വിമർശനം

കഥകളും ലേഖനങ്ങളുമാവശ്യപ്പെട്ട് പത്രമുതലാളി അയാളുടെ താമസസ്ഥലത്ത് നിരന്തരം കയറിയിറങ്ങുന്നുണ്ട്. അയാളെഴുതുന്ന എന്തും തേടിപ്പിടിച്ച് വായിക്കാൻ വായനക്കാർ സന്നദ്ധരായിരുന്നു. അയാളെഴുതിയത്, അയാളനുഭവിച്ചതും അയാളെ സ്വാധീനിച്ചതുമായ ജീവിതസാഹചര്യങ്ങളെയായിരുന്നു. പക്ഷേ പുസ്തകപ്രസാധകൻ അയാളോടാവശ്യപ്പെട്ടത് സോപ്പുനിർമ്മാണത്തെക്കുറിച്ചുള്ള പുസ്തകമെഴുതാനായിരുന്നു. അത് പാഠപുസ്തകമാക്കാമെന്നായിരുന്നു പ്രസാധകന്റെ വാഗ്ദാനം. സ്വതന്ത്രചിന്തകനായ ആ എഴുത്തുകാരൻ ആത്മകഥ എന്നു പേരിട്ട തന്റെ ഏറ്റവും പുതിയ കഥ നുറുങ്ങുനുറുങ്ങായി കീറിയെറിഞ്ഞുകൊണ്ട്, ഇരുൾവഴിയിലേക്ക്, ഒട്ടും ശുഭകരമല്ലാത്ത ഭാവിയിലേക്ക് ഇറങ്ങിപ്പോകുന്ന ദൃശ്യത്തിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാബീജം നാടകം അവസാനിക്കുന്നത്(1994:228).


1945 ലാണ് ബഷീർ കഥാബീജമെഴുതുന്നത്. കേരളത്തിൽ പുരോഗമനസാഹിത്യത്തെ സംബന്ധിച്ച ചർച്ചകൾ സജീവമായ കാലമായിരുന്നു, അത്. എഴുത്ത്, എഴുത്തുകാരുടെ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഏടുകളാണെന്നും അവർ ചോര നീരാക്കിയെടുത്ത അധ്വാനത്തിന്റെ ഉല്‌പന്നങ്ങളാണെന്നും അധ്വാനത്തിന് കൂലി നിർബന്ധമാണെന്നും പത്രമുതലാളിമാരോടും പുസ്തകപ്രസാധകരോടും തൊഴിലാളിവർഗ്ഗപക്ഷത്ത് നിന്നാവശ്യപ്പെടുന്ന കൃതിയാണ്, കഥാബീജം. പുസ്തകപ്രസാധകരിൽ നിന്ന് കൃത്യമായി കണക്ക് പറഞ്ഞ് കൂലി വാങ്ങിയ എഴുത്തുകാരനായിരുന്നു, ബഷീർ. മംഗളോദയം നടത്തിപ്പുകാർ ചങ്ങമ്പുഴയ്ക്കും തകഴിക്കും ദേവിനുമൊക്കെ മുപ്പതുശതമാനം റോയൽറ്റി കൊടുത്തിരുന്ന കാലത്ത് തനിക്ക് നാല്പത് കിട്ടണമെന്ന് മംഗളോദയംകാരോട് ബഷീറാവശ്യപ്പെട്ടു; ഒടുവിൽ മുപ്പത്തിമൂന്നിൽ എഗ്രിമെന്റായി(2010:125). കഥാബീജരചനയുടെ മുമ്പായിരുന്നു ആ ഉടമ്പടി. പത്രമുടമസ്ഥർക്കും പുസ്തകപ്രസാധകർക്കും പ്രാബല്യം സിദ്ധിക്കുന്ന മുതലാളിത്തകാലത്ത് എഴുത്തുകാരുടെ അസ്തിത്വവും രചനയുടെ ഉള്ളടക്കവും മൂല്യവും എഴുത്തുകാർക്ക് തന്നെ നിർണ്ണയിക്കാനാവുക എന്നത് അതിസാഹസികമായ പ്രവൃത്തിയാണ് എന്നാണ് കഥാബീജത്തിൽ ബഷീർ പ്രാഥമികമായി പറഞ്ഞുവച്ചത്. പകർപ്പവകാശനിയമങ്ങളും റോയൽട്ടിവ്യവസ്ഥകളും മുതലാളിമാർക്കനുകൂലമായി നിർമ്മിതമാകുമ്പോൾ, സ്വതന്ത്രചിന്തകരായ എഴുത്തുകാർ രചനകളെ കീറിയെറിഞ്ഞും ആക്രിവിലയ്ക്ക് തുക്കിവിറ്റും ആത്മഹത്യയിലേക്കോ അഗതിജീവിതത്തിലേക്കോ നടന്നുപോകും എന്നുതന്നെയാണ് ബഷീർ അർത്ഥമാക്കിയത്. എഴുത്തിനെ പുണ്യവസ്തുവായും എഴുത്തുകാരനെ ദിവ്യപുരുഷനായും മഹത്വവൽക്കരിക്കുന്ന ആത്മീയവാദപരികല്പനകൾ ചൂഷണവ്യവസ്ഥയ്ക്ക് പൂരകമായി പ്രവർത്തിക്കുന്നതെങ്ങനെയെന്നും ആ നാടകത്തിൽ ബഷീർ വിവരിക്കുന്നുണ്ട്.


എഴുത്തുകാരൻ: സാഹിതീക്ഷേത്രത്തിലെ ദരിദ്രപൂജാരി


ഒറ്റമുറിയിലാണ് എഴുത്തുകാരൻ സദാശിവൻ താമസിക്കുന്നത്. മുറിവാടകയുടെയും ഹോട്ടൽ ഭക്ഷണത്തിന്റെയും കടം പെരുകുന്നുണ്ട്. ഭിക്ഷക്കാരന് നൽകാൻ പോലും കാശില്ലാത്ത അവസ്ഥ. പത്രത്തിൽ പ്രസിദ്ധീകരിച്ച രചനകൾ ഒരു പുസ്തകപ്രസാധകന് നൽകി പണം വാങ്ങാം എന്നതാണ് അയാളുടെ പ്രതീക്ഷ. എന്നാൽ പത്രത്തിൽ പ്രസിദ്ധീകരിച്ച രചനകൾ പത്രത്തിന്റേതാണ് എന്നാണ് പത്രമുടമസ്ഥന്റെ വാദം. കോപ്പിറൈറ്റ് നിയമം അങ്ങനെയാണ്. വിശേഷാൽപ്രതിയിലെ അയാളുടെ കഥ കാരണം വിശേഷാൽപ്രതി രണ്ടാമതും മൂവായിരം കോപ്പി അച്ചടിക്കേണ്ടി വന്നുവെന്നും ജീവരക്തത്തിൽ പേന മുക്കിയെഴുതുന്ന കഥകളാണയാളുടേതെന്നുമൊക്കെയുള്ള വചനങ്ങൾ മുതലാളി യഥേഷ്ടം ന നൽകുന്നുണ്ട്. രചനകൾക്കുള്ള പ്രതിഫലചർച്ച വരുമ്പോൾ, പക്ഷേ, അയാൾ പ്രാരാബ്ധക്കാരനായി മാറുന്നു. പത്രത്തിൽ എഴുതുന്നതിലൂടെ എഴുത്തുകാരന് പ്രശസ്തി ലഭിക്കുന്നുണ്ട് എന്നും മുതലാളി പറയുന്നുണ്ട്. പത്രത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ലേഖനങ്ങൾക്ക് പണം വേണം എന്നു എഴുത്തുകാരൻ ആവശ്യപ്പെടുമ്പോൾ മുതലാളി ക്ഷോഭത്തോടെ പറയുന്ന മറുപടി ഇതാണ്: "ലേഖനങ്ങൾക്ക് പ്രതിഫലം കൊടുക്കുകയോ? സാഹിത്യക്ഷേത്രത്തെ വ്യഭിചാരശാലയാക്കാൻ ഞാനുദ്ദേശിക്കുന്നില്ല."

സാഹിത്യം വിശുദ്ധക്ഷേത്രമാണ്, രചനാശേഷി വരദാനമാണ്, എഴുത്തുകാർ ശ്രേഷ്ഠജീവികളാണ് തുടങ്ങി കാലങ്ങളായി അടിയുറച്ചുപോയ അഭിജാത-ആത്മീയസങ്കല്പങ്ങൾ നിർമ്മിച്ചത് മന്നവേന്ദ്രവദനത്തെ വാഴ്ത്തുന്ന വഞ്ചീശഗീതികളെയും ഇരപ്പാളികളായ എഴുത്തുകാരെയുമായിരുന്നു. കവനത്തിന് കാശ് കിട്ടണം പോൽ / ശിവനേ സാഹിതി തേവിടിശ്ശിയോ, എന്ന ചോദ്യം ആ അഭിജാതബോധത്തിന്റെ കേരളീയപ്രമാണമായിരുന്നു (1962:320). വരദാനകവിത/ വഞ്ചീശഗീതി, ശ്രേഷ്ഠഎഴുത്തുകാർ/ ഇരപ്പാളികൾ - എന്ന പൂരകദ്വന്ദ്വങ്ങളെ നിർമ്മിക്കുന്ന ആത്മീയവാദപരികല്പനകളെ അടപടലം പൊളിക്കുക എന്നതും കഥാബീജത്തിന്റെ ദൗത്യമായിരുന്നു. എഴുത്ത് വരദാനമായിക്കിട്ടിയ പ്രശസ്ത കഥാകാരൻ സദാശിവൻ മുഴുനീള പട്ടിണിയിലാണ്. അയാളുടെ മുറിപ്പുറത്തെത്തുന്ന ഭിക്ഷക്കാരനെക്കാൾ ദയനീയമായാണ് പത്രമുടമയോട് അയാൾ അധ്വാനത്തിന്റെ കൂലി ആവശ്യപ്പെടുന്നത്. അപ്പോഴാണ് മുതലാളി വേദാന്തിയും സദാചാരനിരതനുമായി മാറുന്നത്. അധ്വാനിക്കുന്നവനെ ഇരപ്പാളിയാക്കി മാറ്റുന്ന ഈ ആത്മീയവേദാന്തം ആത്യന്തികമായെത്തിച്ചേരുന്നത് ശീമത്തമ്പുരാക്കളുടെ ദേഹണ്ഡപ്പുരയിലാണ് എന്നാണ് ബഷീർവ്യക്തമാക്കുന്നത്. കർമ്മം ചെയ്യുക, ഫലം ഇച്ഛിക്കരുത് എന്ന ഗീതാവചനത്തിന് നാവടക്കൂ പണിയെടുക്കൂ എന്നും അർത്ഥമുണ്ടെന്നും അത് ആത്മീയതയ്ക്ക് മുതലാളിത്തകാലത്ത് ലഭിക്കുന്ന അർത്ഥമാണ് എന്നും പിൽക്കാലത്ത് വി.കെ.എന്നും എഴുതുന്നുണ്ട്. (സാഹിതീക്ഷേത്രസങ്കല്‌പം പാത്തുമ്മയുടെ ആടിലും വിമർശനവിധേയമാകുന്നുണ്ട്: "... കാലം 1936 - 37. ധാരാളം എഴുതും. പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ല. പ്രതിഫലം ചോദിക്കാനും വാങ്ങാനും പാടില്ലായിരുന്നു. സാഹിത്യസേവനം! സാഹിതീക്ഷേത്രത്തിലെ നിത്യപൂജ! പക്ഷേ, ഒന്നും തിന്നാനുണ്ടായിരുന്നില്ല. എങ്കിലും എഴുതും. പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തും" 1994:986).


സാഹിത്യത്തിന്റെയും പാഠ്യപദ്ധതിയുടെയും പ്രമേയങ്ങൾ ആരാണ് തീരുമാനിക്കുന്നത്?


ആത്മകഥ, യാചകൻ, തട്ടിപ്പ് എന്നർത്ഥമുള്ള ഡക്ക് വേല, കോപ്പിറൈറ്റ്, ചക്കാത്തു വായനക്കാർ, ജേർണലിസ്റ്റ്, രണ്ടാം വേളി, എഴുത്തുകാരുടെ സംഘടന, മാധവി, പ്രഭാകരൻ- അയാളനുഭവിച്ച സകലതും അയാൾക്ക് സാഹിത്യപ്രമേയങ്ങളാണ്. പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പ് പക്ഷേ അയാളുടേതാണെന്ന് മാത്രം. ജീവരക്തം തന്നെയാണ് അയാളുടെ എഴുത്ത്. "ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ / ഭൂവിനാ വെളിച്ചത്തിൽ വെണ്മ ഞാനുളവാക്കി" എന്നത് അയാളുടെ രചനാദർശനമാകുന്നത് അതുകൊണ്ടാണ്. പകർപ്പവകാശപ്രശ്നം കാരണം പുസ്തകപ്രസാധകന് പുതിയ കഥകൾ എഴുതിക്കൊടുക്കാം എന്നതാണ് എഴുത്തുകാരന്റെ തീരുമാനം. പക്ഷേ, പ്രസാധകനാവശ്യം സോപ്പുനിർമ്മാണത്തെക്കുറിച്ചുള്ള പുസ്തകമാണ്. പത്തുരൂപ കൈക്കൂലി കൊടുത്താൽ സോപ്പുനിർമ്മാണത്തെക്കുറിച്ചുള്ള പുസ്തകം പാഠപുസ്തകമാകുമെന്ന് പ്രസാധകന് ഉറപ്പുണ്ട്. എഴുത്തുകാരന്റെ നിലവിലുള്ള രചനകളിൽ വിപ്ലവമുണ്ടെന്നും അതുകൊണ്ട് പാഠപുസ്തകക്കാർ അവ അംഗീകരിക്കില്ലെന്നും പ്രസാധകൻ പറയുന്നു. "എഴുതുമ്പോൾ അത് പാഠപുസ്തകക്കമ്മറ്റി അംഗീകരിക്കുന്നതായിരിക്കണം" എന്നതാണ് എഴുത്തുകാരന് പ്രസാധകൻ നൽകുന്ന ഉപദേശം.


എഴുത്തുകാരുടെ സംഘടനകളുണ്ടാക്കുക, സ്വതന്ത്രചിന്തയ്ക്കും ആശയാവിഷ്കാരത്തിനുമുള്ള എഴുത്തുകാരുടെ അവകാശത്തെ സംരക്ഷിക്കുക - ഇതൊക്കെയായിരുന്നു 1936ൽ ലക്നോവിൽ വച്ച് ചേർന്ന ആദ്യ അഖിലേന്ത്യാപുരോഗമനസമ്മേളനം അംഗീകരിച്ച മാനിഫെസ്റ്റോ (1987:198). എഴുത്തിന്റെ പ്രമേയനിർണ്ണയത്തിനും ആവിഷ്കാരത്തിനുമുള്ള എഴുത്തുകാരന്റെ സ്വതന്ത്രാവകാശത്തെക്കുറിച്ച് തന്നെയാണ് പുരോഗമനസാഹിത്യപക്ഷത്ത് നിന്നുകൊണ്ട് കഥാബീജം സംസാരിക്കുന്നത്. പണം മുടക്കുന്നവർ നായകരൂപികളായിത്തീരുന്ന കാലത്ത് അവർ എഴുത്തുകാരെ അവാർഡിലേക്കും അംഗീകാരത്തിലേക്കും പ്രലോഭിപ്പിക്കുമെന്നും അവരെക്കൊണ്ട് സോപ്പുനിർമ്മാണത്തെക്കുറിച്ചും വളംനിർമ്മാണത്തെക്കുറിച്ചും പുസ്തകങ്ങളെഴുതിക്കുമെന്നും പാഠപുസ്തകക്കാരെ വശപ്പെടുത്തി അവ പാഠപുസ്തകങ്ങളാക്കുമെന്നുമാണ് ബഷീർ പറയുന്നത്. പണം മുടക്കുന്നവർ പുസ്തകങ്ങളെ മാത്രമല്ല, പാഠപുസ്തകങ്ങളെയും നിർമ്മിക്കുന്നു എന്നാണ് ബഷീർ അർത്ഥമാക്കുന്നത്. ജീവിതത്തെ അഗാധമായി അനുഭവിക്കുകയും സ്നേഹിക്കുകയും ചെയ്തുകൊണ്ട് എഴുത്തുകാർ സ്വയം എരിഞ്ഞുകൊണ്ട് നിർവ്വഹിക്കുന്ന അധ്വാനാത്മകപ്രക്രിയയെയാണ് സാഹിത്യമെന്ന് കഥാബീജം നിർവ്വചിക്കുന്നത്. കഥാബീജത്തിലെ സാഹിത്യകാരന്റെ കഥയുടെ പേര് ആത്മകഥ എന്നായിത്തീരുന്നതും യാദൃച്ഛികമല്ല. സ്വയം എരിഞ്ഞു കൊണ്ട് എഴുത്തുകാർ നിർവ്വഹിച്ച രചനകൾ മാറ്റിവയ്ക്കപ്പെടുകയും പത്തുരൂപയുടെ ഒറ്റുപ്രവർത്തനത്താൽ പാഠപുസ്തകങ്ങളുടെ നിർണ്ണയാവകാശം പ്രസാധകമുതലാളിമാർക്ക് തീറെഴുതിക്കൊടുക്കപ്പെടുകയും ചെയ്യുന്നു എന്നാണ് ബഷീറെഴുതിയത്. സോപ്പുനിർമ്മാണഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങളായിത്തീരുന്ന കാലത്ത് സ്വതന്ത്രചിന്തയുള്ള എഴുത്തുകാർ സ്വന്തം കൃതികൾ ആക്രി വിലയ്ക്ക് വിൽക്കുകയോ നുറുങ്ങുനുറുങ്ങായി കീറിയെറിയുകയോ ചെയ്തുകൊണ്ട് തോറ്റമനുഷ്യരായി ഇരുളിലേക്കിറങ്ങിപ്പോകും എന്നതാണ് കഥാബീജത്തിന്റെ അവസാനദൃശ്യം. തന്റെ രണ്ടാമത്തെ സമാഹാരം ഒരു പാഠ്യപുസ്തകമാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരു യുവനിരൂപകനും ഇന്നു മലയാളത്തിലില്ല എന്ന് എം.എൻവിജയൻ സ്വർണ്ണമത്സ്യങ്ങളിലെഴുതുന്നുണ്ട്(1990: 104). ഈ പ്രസ്താവന തന്നെയും കാലഹരണപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. തന്റെ ഒന്നാമത്തെ പുസ്തകത്തെത്തന്നെ അല്ലെങ്കിൽ എഴുതപ്പെടാത്ത പുസ്തകത്തെതന്നെ പാഠപുസ്തകമാക്കാൻ ഡക്കുവേലകളിറക്കുന്നവർ ജീവിക്കുന്ന വർത്തമാനകാലത്താണ് കഥാബീജം തോറ്റ മനുഷ്യരുടെയും കാണാതായ മനുഷ്യരുടെയും സാധ്യതകളന്വേഷിക്കുന്ന പാഠപുസ്തകമായി സ്വയം മാറുന്നത്.


ഗ്രന്ഥസൂചി

1. ഉണ്ണിക്കൃഷ്ണൻ നായർ, വി, വള്ളത്തോൾ, മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പനി, കോഴിക്കോട്, 1962

2. ഗോപാലകൃഷ്ണൻ, പി.കെ, പുരോഗമനസാഹിത്യപ്രസ്ഥാനം: നിഴലും വെളിച്ചവും, കേരള സാഹിത്യ അക്കാഡമി, 1987

3. ബഷീർ, വൈക്കം മുഹമ്മദ് ബഷീർ, ബഷീർ - സമ്പൂർണ്ണ കൃതികൾ ഒന്നാംവാല്യം, ഡി.സി.ബുക്സ്, 1994

4. വിജയൻ, എം.എൻ, ചിതയിലെ വെളിച്ചം, കറന്റ് ബുക്സ്, തൃശൂർ, 1990

5. സാനു, എം.കെ, ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, ഡി.സി.ബുക്സ്, 2010


 


0 comments
bottom of page