സിദ്ധാന്തവിമർശനം
എന്താണ് താരതമ്യസാഹിത്യം? അത് മുന്നോട്ടുവെക്കുന്ന പ്രധാന ഉദ്ദേശ്യങ്ങള്‍ എന്തൊക്കെ? മാറിയ സാഹിത്യാന്തരീക്ഷത്തില്‍ താരതമ്യസാഹിത്യത്തിന്റെ നിര്‍വ്വചനങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും പരിണാമം സംഭവിച്ചിട്ടുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എല്‍മാസ് സഹിന്റെ ലേഖനത്തിലൂടെ ഉരുത്തിരിയുന്നത്. താരതമ്യസാഹിത്യത്തെക്കുറിച്ച് സാമാന്യം വിശാലമായി വിശദീകരിക്കുകയും അതിനെ ദൃഢമാക്കുന്നതിനായി ബോദ്ലെയര്‍, ഫ്രിക്കറ്റ്, ഏലിയറ്റ് എന്നീ മഹാകവികളുടെ രചനകളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. അതിര്‍ത്തികള്‍ എപ്രകാരമാണ് താരതമ്യസാഹിത്യത്തെ സ്വാധീനിക്കുന്നത് എന്നതുകൂടി ഇവിടെ ചര്‍ച്ചാവിഷയമായി തീരുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ചുരുക്കത്തില്‍ താരതമ്യസാഹിത്യപഠനം നടത്തുന്നവര്‍ക്ക് പ്രാഥമികമായ ധാരണ ലഭിക്കാനുതകുന്ന അന്വേഷണമാണിത്. ഇംഗ്ലീഷിലുള്ള ലേഖനം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുകയാണ്.
I
വിവിധഭാഷകളില്‍ എഴുതിയിരിക്കുന്ന സാഹിത്യഗ്രന്ഥങ്ങളെക്കുറിച്ച് സാധാരണവും ലളിതവുമായ അര്‍ത്ഥത്തില്‍ നടത്തുന്ന പഠനമാണ് താരതമ്യസാഹിത്യം. ഭാഷ, സാഹിത്യം, സംസ്കാരം എന്നീ അതിരുകള്‍ക്കുള്ളിലാണ് ഈ പഠനമേഖല വികസിക്കുന്നത്. രണ്ടോ അതിലധികമോ സാഹിത്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പഠനമെന്ന റെനെ വെല്ലക്കിന്റെ നിര്‍വ്വചനം[1], താരതമ്യസാഹിത്യത്തെക്കുറിച്ച് വ്യാപകമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതോടൊപ്പം അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിനും കാരണമായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ ഇന്നുവരെ എത്തിനില്‍ക്കുന്ന സാഹിത്യലോകത്ത് താരതമ്യസാഹിത്യം എന്ന സംജ്ഞ അടയാളപ്പെടത്തക്കവണ്ണം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍, താരതമ്യ സാംസ്കാരികപഠനങ്ങളെക്കൂടി ഇന്ന് താരതമ്യസാഹിത്യം ഉള്‍ക്കൊള്ളുന്നു. താരതമ്യസാഹിത്യത്തില്‍ നിന്ന് ചില സിദ്ധാന്തങ്ങളും രീതികളും ഈ പഠനമേഖല സ്വീകരിക്കുന്നുണ്ട്. ടൊട്ടോസി ഡി സെപെറ്റ്നെക് തന്റെ "താരതമ്യസാഹിത്യത്തില്‍ നിന്ന് താരതമ്യ സാംസ്കാരികപഠനത്തിലേക്ക്" എന്ന ലേഖനത്തില്‍ ഇതുമായി ബന്ധപ്പെട്ട വാദഗതികള്‍ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. താരതമ്യ സാംസ്കാരികപഠനത്തെ മൂന്ന് സൈദ്ധാന്തികതലങ്ങളിലൂടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
സംസ്കാരത്തിന്റെയും അതിന്റെ അച്ചടക്കത്തിന്റെയും പശ്ചാത്തലത്തില്‍ നടത്തുന്ന സാഹിത്യപഠനം.
താരതമ്യസാഹിത്യത്തില്‍നിന്ന് സ്വീകരിച്ച ഘടകങ്ങളുപയോഗിച്ച് (സിദ്ധാന്തങ്ങള്‍, രീതികള്‍) സാഹിത്യത്തെ പഠിക്കുന്ന സാംസ്കക്കാരികപഠനം.
സംസ്ക്കാരപഠനത്തെയും സംയോജിതഭാഗങ്ങളെയും മുന്നോട്ടുവെച്ച താരതമ്യസാംസ്കാരികപഠനത്തിന്റെ രീതിയിലുള്ള പഠനം. ഏകഭാഷാടിസ്ഥാനത്തിലുള്ള നിലവിലെ സമീപനത്തെയും സ്വഭാവത്തെയും പ്രശ്നങ്ങളെയും ഒരൊറ്റ സംസ്കാരത്തിന്റെ കണ്ണിലൂടെ മാത്രം നോക്കുന്ന രീതിയ്ക്ക് ബദലാണ് ഇത്.
താരതമ്യസാഹിത്യം അല്ലെങ്കില്‍ ഒരു നിശ്ചിത അതിര്‍ത്തികള്‍ക്കുള്ളിലെ മറ്റു സാഹിത്യങ്ങളിലുള്ള ഭാഷ, സംസ്കാരം എന്നിവയുടെ താതമ്യപഠനം എന്ന് പൊതുവായി അംഗീകരിക്കപ്പെടുന്നു. താരതമ്യാത്മകസ്വഭാവമുള്ള സാഹിത്യപഠനങ്ങള്‍ പ്രത്യേകിച്ച്, മറ്റു സംസ്കാരങ്ങളും ഭാഷകളും പഠനവിധേയമാക്കുകയാണെങ്കില്‍ സാഹിത്യപഠനം, വിമര്‍ശനപഠനം, സാഹിത്യചരിത്രം, പ്രാദേശിക-ആഗോളപഠനങ്ങള്‍ എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നു. പ്രാദേശിക-ദേശീയസാഹിത്യത്തിന്റെ ഇടപെടലിന്റെ സ്വാധീനവും ചെറുതല്ല.
താരതമ്യസാഹിത്യത്തില്‍ തത്പരരായവര്‍ പല ഭാഷകളിലെയും സാഹിത്യരചനകളെയും സംസ്കാരങ്ങളെയും താരതമ്യാത്മകമായ വീക്ഷണകോണില്‍ ഉള്‍പ്പെടുത്തുക എന്ന അര്‍ത്ഥത്തിലാണ് 'താരതമ്യസാഹിത്യം' എന്ന പദം ഉപയോഗിക്കുന്നത്. ഒരു ദേശത്തിന്റെ സാഹിത്യത്തെയും സാഹിത്യരചനകളെയും സാഹിത്യകാരന്മാരെയും സംബന്ധിച്ച് മാത്രമാണ് പഠനം നടത്തുന്നതെങ്കില്‍ അതിനെ താരതമ്യസാഹിത്യപഠനമായി അംഗീകരിക്കാന്‍ കഴിയില്ല. ഒരൊറ്റ ദേശീയസാഹിത്യത്തിന്റെ എഴുത്തുകാരെ പഠിക്കാനോ താരതമ്യം ചെയ്യാനോ (ഉദാഹരണത്തിന്, ആധുനിക തുര്‍ക്കിസാഹിത്യത്തിലെ കവികള്‍) ആണ് ശ്രമമെങ്കില്‍ ഇത്തരം പഠനത്തെ ആ ദേശത്തിന്റെ സാഹിത്യചരിത്രം/സാഹിത്യഗവേഷണം എന്നു കണക്കാക്കുന്നതാണ് ഉചിതം. സാഹിത്യമൂല്യങ്ങള്‍, ദേശത്തിന്റെ ഭാഷാ-സാഹിത്യ-സംസ്കാരങ്ങളിലുണ്ടായ പുരോഗതി, വികസനങ്ങള്‍ എന്നിവ ഇത്തരമൊരു പഠനത്തിലൂടെ അറിയാന്‍ സാധിക്കും. വ്യത്യസ്ത ഭാഷാ-സാഹിത്യ-സംസ്കാരങ്ങളെക്കുറിച്ച് പഠനവിധേയമാക്കുന്നത് താരതമ്യപഠനമായി പറയാം; ഉദാഹരണത്തിന്, ആധുനിക ടര്‍ക്കിഷ്-ഇംഗ്ലീഷ് സാഹിത്യത്തിലെ കവികളെക്കുറിച്ചുള്ള പഠനം.
II
ലാറ്റിന്‍ പദമായ 'comparativus’ ല്‍ നിന്നാണ് കമ്പാരറ്റീവ് (comparative) എന്ന വാക്കിന്റെ ഉത്ഭവം. രണ്ടോ അതിലധികമോ വരുന്ന ശാസ്ത്രശാഖകളുടെയോ താരതമ്യസാഹിത്യം, താരതമ്യപ്രമാണങ്ങള്‍, താരതമ്യഭാഷ മുതലായവയുടെയോ സമാന-വ്യത്യാസങ്ങളുടെ നിരീക്ഷണങ്ങളാണ് comparare എന്ന സംജ്ഞ ഉള്‍ക്കൊള്ളുന്നത്. ‘...the most comparative, rascalliest, sweet young prince..’ എന്ന് വേല്‍സ് രാജകുമാരന്‍ ഹാലിനോട് ഫാള്‍സ്റ്റാഫ് നടത്തുന്ന സംഭാഷണത്തിലൂടെ താരതമ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1597 ല്‍ 'കിംഗ് ഹെന്‍റി നാലാമന്‍' എന്ന നാടകത്തിന്റെ ഒന്നാംഭാഗത്തിലൂടെ വില്യം ഷേക്സ്പിയറാണ്.[2] 1598ല്‍ ഫ്രാന്‍സിസ് മെറസ് തന്റെ Palladis Tamia എന്ന കൃതിയിലെ 'നമ്മുടെ ഇംഗ്ലീഷ് കവികളും ഗ്രീക്ക്-ലാറ്റിന്‍- ഇറ്റാലിയന്‍ കവികളും - താരതമ്യപഠനം' (A Comparative Discourse of Our English Poets with the Greek, Latin and Italian Poets) എന്ന ലേഖനത്തില്‍ താരതമ്യം എന്ന് ഉപയോഗിക്കുന്നുണ്ട്.
പ്രാചീന ഗ്രീക്ക് കവികളെയും ( ഹോമര്‍, ഓര്‍ഫ്യൂസ്, ലിനസ്, മ്യൂസിയസ്) ലാറ്റിന്‍ കവികളെയും (ജോവ്യാനസ് പൊന്താനസ്, പൊളിറ്റ്യാനസ്, മാറുല്ലസ്) ഇറ്റാലിയന്‍ കവികളെയും (ലിവിയസ് ആന്‍ഡ്രോണിക്കസ്, എന്നിയസ്, പ്ലൂട്ടസ്) ആധുനിക ഇംഗ്ലീഷ് കവികളായ ചോസര്‍, ഗോവര്‍, ലിഡ്ഗേറ്റ് എന്നിവരുമായി മെറസ് താരതമ്യം ചെയ്യുന്നു. ഗ്രീക്ക് കവികളുടെ രാജകുമാരനായ ഹോമര്‍, ഇറ്റാലിയന്‍ കാവ്യകുലപതി പെട്രാര്‍ക്ക്, ഇംഗ്ലീഷ് കവികളുടെ ദൈവമായ ചോസര്‍ എന്നിവരെ മറ്റു പ്രാചീന കവികളുമായി താരതമ്യപ്പെടുത്തുകയും അന്തരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇതാണ് താരതമ്യ സാഹിത്യപഠനത്തിലെ ആദ്യ ലേഖനമെന്ന് പറയാനാകും. പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിലിറങ്ങിയ ചില കൃതികളുടെ ശീര്‍ഷകത്തിലാണ് പിന്നീട് ഈ സംജ്ഞ ഉപയോഗിച്ച് കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ താരതമ്യം, സാഹിത്യം എന്നീ പദങ്ങളെ ഒരുമിച്ചുപയോഗിക്കുന്ന പ്രവണത ഫ്രാന്‍സിലെ പല കൃതികളിലും കണ്ടുവന്നിരുന്നു.
പോള്‍ ഹസാര്‍ഡുമായിച്ചേര്‍ന്ന് ഫെര്‍നാര്‍ഡ് ബാള്‍ഡെന്‍സ്പെര്‍ജര്‍ എഴുതിയ Revue de literature comparee ( Comparative Literature Review) എന്ന കൃതിയില്‍ ഫ്രഞ്ച് സാഹിത്യത്തിലെ ചരിത്രപരമായ വികാസങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. “1816 ല്‍ നോയലും ലാപ്ലേസും താരതമ്യസാഹിത്യം എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരണങ്ങള്‍ നടത്തുകയും പതിനെട്ടാം നൂറ്റാണ്ടിലെ ടാബ്ലോയ്ക്ക് വില്ലെമെയിന്‍ എഴുതിയ അവതാരികയില്‍ 'സാഹിത്യത്തിന്റെ താരതമ്യപഠനം' എന്നു പ്രയോഗിച്ചതായും കാണാം. അഥീനിയത്തിന്റെ പ്രാരംഭപാഠമായ 'മാര്‍സെയിലി'ല്‍ ജെ. ജെ. ആംപെയര്‍, എല്ലാ ദേശങ്ങളിലെയും കലയുടെയും സാഹിത്യത്തിന്റെയും താരതമ്യചരിത്രത്തിനു പിന്നിലെ തത്ത്വം തീര്‍ച്ചയായും സാഹിത്യത്തെയും കലയെയും ഉപേക്ഷിക്കുന്നതാണ് എന്ന നിരീക്ഷണം അവതരിപ്പിക്കുന്നു[3]”. ആംപെയറിന്റെ വിവിധ പഠനങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ താരതമ്യസാഹിത്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ എല്ലാ രചനകളും എന്ന് തെളിയുന്നു. "ഫ്രാന്‍സിലെ ആധുനിക എഴുത്തുകാരിലൊരാളായ ചൗഡസ് ഐഗസ് 1841 ല്‍ താരതമ്യസാഹിത്യചരിത്രത്തിന്റെയും 1842ലും 1843 ലും വില്ലെമെയിനും പ്യൂബസ്ക്യുവും സാഹിത്യസംരചനയുടെ താരതമ്യചരിത്രത്തിലും തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുകയും ഉറച്ചുനില്‍ക്കുകയും ചെയ്തു. അതുപോലെ, ബെന്‍ല്യു 1849ല്‍ 'താരതമ്യസാഹിത്യചരിത്രത്തിനൊരാമുഖം' അവതരിപ്പിക്കുകയും ചെയ്തു[4].”
മറ്റൊരര്‍ത്ഥത്തില്‍, ഇംഗ്ലീഷ് സാഹിത്യത്തില്‍ താരതമ്യസാഹിത്യമെന്ന് ആദ്യമായി ഉപയോഗിച്ചത് 1848 ല്‍ ആംപെയറിന്റെ താരത്യസാഹിത്യത്തിന്റെ വിവര്‍ത്തകന്‍ കൂടിയായ മാത്യു ആര്‍നോള്‍ഡ് തന്റെ പ്രസിദ്ധീകരിക്കാത്ത ഒരു കത്തിലാണ്[5]. “ കഴിഞ്ഞ അമ്പതുവര്‍ഷമായി താരതമ്യസാഹിത്യത്തിലേക്ക് ശ്രദ്ധയെ ക്ഷണിച്ചിരുന്നെങ്കിലും, ഒരു പ്രത്യേകതലത്തില്‍ നോക്കിയാല്‍ ഇംഗ്ലണ്ട് മറ്റ് ഭൂഖണ്ഡങ്ങളേക്കാള്‍ വളരെ പിന്നിലാണെന്ന് ഇപ്പോള്‍ വളരെ വ്യക്തമാണ്. സംഭാഷണങ്ങളിലും പത്രങ്ങളിലും അത് ആശയങ്ങളുടെയും വേദനകളുടെയും വസ്തുതയുമായി ബന്ധപ്പെട്ടിരിക്കുന്നു[6].” എന്ന് 1895 വരെ പ്രസിദ്ധീകരിക്കാത്ത ഒരു കത്തില്‍ ആര്‍നോള്‍ഡ് അമ്മയ്ക്കെഴുതുന്നു. 1857 നവംബര്‍ 14 നു നടന്ന 'പുതിയ പ്രവണതകള്‍ സാഹിത്യത്തില്‍' എന്ന സമ്മേളനത്തിലാണ് ആര്‍നോള്‍ഡ് താരതമ്യസാഹിത്യം എന്നതിനെ നിര്‍വ്വചിക്കുന്നത്. 1869 ഫെബ്രുവരിയില്‍ മാക്മില്ലന്‍ മാഗസിന്‍ ഇത് പുറത്തിറക്കുകയുണ്ടായി. “എല്ലായിടത്തും ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. എല്ലായിടത്തും അതിന്റെ ചിത്രീകരണങ്ങളുമുണ്ട്. മറ്റ് സംഭവങ്ങളുമായും സാഹിത്യങ്ങളുമായും ബന്ധപ്പെട്ടതൊഴികെ, ഒരു സംഭവവും സാഹിത്യവും വേണ്ടത്ര മനസ്സിലാക്കപ്പെടുന്നില്ല[7]" എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
താരതമ്യസാഹിത്യത്തെ അധികരിച്ച് പ്രസിദ്ധീകരിച്ച കൃതികളെ നോക്കുമ്പോള്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ അക്കാദമികമായ ചലനങ്ങളില്‍ വലിയ പങ്കുവഹിച്ച 1886 ല്‍ പുറത്തിറങ്ങിയ ഐറിഷ് സ്കോളര്‍ ഹചെന്‍സന്‍ മാക്വലി പോസ്നെറ്റിന്റെ 'താരതമ്യസാഹിത്യ' (comparative literature) ത്തിലാണ് ആദ്യമായി ഈ വാക്ക് പ്രത്യക്ഷപ്പെടുന്നത്. ഇന്ന് ഈ മേഖലയില്‍ ഒരുപാട് കൃതികള്‍ വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പോള്‍ വാന്‍ ടൈഗമിന്റെ La Litterature Comparee (1931), റെനെ വെല്ലക്കിന്റെയും ഓസ്റ്റിന്‍ വാറന്റെയും Theory of Literature (1942), മാരിയസ് ഫ്രാങ്കോയിസ് ഗയാര്‍ഡിന്റെ La Litterature Comparee (1951), റെനെ വെല്ലകിന്റെ The Crisis of Comparative Literature; Concepts of Criticism (1963), ക്ലോദ് പികോയിസിന്റെയും റൊസ്സാസ്സോയുടെയും La litterature comparee (1967), ഉള്‍റിച്ച് വെയ്സ്സ്റ്റെയ്നിന്റെ Einfuhrung in die vergleichende Literaturwissenschaft (1968), ജാന്‍ ബ്രാന്‍ഡ്റ്റ് കോഷ്യസിന്റെ Introduction to the Comparative Study of Literature (1968), ഹെന്‍റി ജിഫോര്‍ഡിന്റെ Comparative Literature (1969), സീഗ്ബെര്‍ട് എസ്. പ്രവേറിന്റെ Comparative Literature Studies: An Introduction (1973), റെന്നിന്റെ The Idea of Comparative Literature (1973), ജോണ്‍ ബി അല്‍ഫോണ്‍സോ കാര്‍കലിന്റെ Comparative World Literature: essays (1974), ഹ്യൂഗോ ഡിസെറിന്‍കിന്റെ Komparatistik: eine Einfuhrung (1977), റോബര്‍ട്ട് ജെ. ക്ലമന്റിന്റെ Comparative Literature as Academic Discipline: A Statement of principles, praxis, standards (1987), ഗെര്‍ഹാര്‍ഡ് ആര്‍. കൈസറിന്റെ Einfuhrung in die Vergleichende Literaturwissenschaft (1980), സ്വപന്‍ മജുംദാറിന്റെ Comparative Literature: Indian Dimensions (1987), പീറ്റര്‍. വി. സൈമയുടെയും ജൊഹാന്‍ സ്റ്റ്രുട്സിന്റെയും Komparatistik Einfiihrung in die Vergleichende Literaturwissenchafi (1992), ചെവ്റലിന്റെ La Littérature Comparée (1989), ഗുര്‍ഭഗത് സിംഗിന്റെ Differential Multilogue: Comparative Literature and National Literatures (1991), ആന്‍ദ്രേ ലെഫെവറിന്റെ Translating Literature: Practice and Theory in a Comparative Literature Context (1992), സൂസന്‍ ബാസ്നെറ്റിന്റെ Comparative Literature: A Critical Introduction (1993), ക്ലോഡിയോ ഗ്വില്ലെന്‍സിന്റെ The Challenge of Comparative Literature (1993), ചാള്‍സ് ബേണ്‍ഹെയ്മറിന്റെ Comparative Literature in the Age of Multiculturalism (1995), റേ ചൗവ്വിന്റെ In the Name of Comparative Literature (1995), ജോര്‍ജ്ജ് സ്റ്റെയിനറുടെ What is Comparative Literature (1995), സ്റ്റീവന്‍ ടൊടോസി ദെ സെപെറ്റ്നെക്കിന്റെ Comparative Literature: Theory, Method, Application (1998), ടകയുകി യൊകോട്ട മുരകാമിയുടെ Don Juan East/West: On the Problematics of Comparative Literature (1998), ജോണ്‍ കിര്‍ബിയുടെ The Comparative Reader: A Handlist of Basic Reading in Comparative Literature (1998), ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിന്റെ The Death of a Discipline (2003), ഹോന്‍ സോസ്സിയുടെ Comparative Literature in An Age of Globalization (2006), ഡൊമിനിക് ജുല്ലിയന്‍സിന്റെ oundational Texts of World Literature (2011), ജേക്കബ് എഡ്മണ്ടിന്റെ A Common Strangeness: Contemporary Poetry, Cross-Cultural Encounter, Comparative Literature (2012), സ്റ്റീവന്‍ ടൊടോസി ദെ സെപെറ്റ്നെക്കും ടുടുന്‍ മുഖര്‍ജിയും ചേര്‍ന്നെഴുതിയCompanion to Comparative Literature, World Literatures, and Comparative Cultural Studies (2013) എന്നീ പഠനങ്ങളാണ് ലോകത്തെമ്പാടുമായി ഉണ്ടായിട്ടുള്ളത്.
ഇന്‍കി എന്‍ഗിനന്റെ Mukayeseli Edebiyat (Comparative Literature 1992), കാമില്‍ ഐഡിന്റെ Karşılaştırmalı Edebiyat: Günümüz Postmodern Bağlamda Algılanısı (Comparative Literature and Its Perception in Today's Postmodern Context 2008), എമല്‍ കെഫെലിയുടെ Karşılaştırmalı Edebiyat İncelemeleri (Comparative Literature Studies 2000), ഗുര്‍സല്‍ ഐറ്റാക്കിന്റെ Karşılaştırmalı Edebiyat Bilimi (The Science of Comparative Literature 1997), അലി ഒസ്മാന്റെ Öztürk's Karşılaştırmalı Edebiyat Araştırmaları (Comparative Literature Research 1999), സെയ്ദ ഉല്‍സവെറിന്റെ Karşılaştırmalı Edebiyat ve Edebi Çeviri (Comparative Literature and Literary Translation 2005), ബിന്നാസ് ബെയ്തെക്കിന്റെ Kuramsal ve Uygulamalı Karşılaştırmalı Edebiyat Bilim (Theoretical and Applied Comparative Literature 2006), മെസുട്ട് ടെക്സാന്റെ Karşılaştırmalı Edebiyat Bilimi (The Science of Comparative Literature 2012) എന്നിവയാണ് ടര്‍ക്കിഷ് സാഹിത്യത്തിലെ താരതമ്യസാഹിത്യപഠനങ്ങള്‍.
പ്ലേറ്റോയില്‍ നിന്നു തുടങ്ങി അരിസ്റ്റോട്ടില്‍, ലോംഗിനസ്, ഹോരസ്, വിര്‍ജില്‍, ദാന്തേ, സെനെക, ദെക്കാര്‍ത്തെ, സ്പെന്‍സര്‍, മില്‍ട്ടന്‍, മാര്‍ലവ്, ഷേക്സ്പിയര്‍, പോപെ, സ്വിഫ്റ്റ്, ഡ്രൈഡന്‍, ജോണ്‍സണ്‍, ഫീല്‍ഡിംഗ്, കോളറിഡ്ജ്, വേര്‍ഡ്സ്വര്‍ത്ത്, കീറ്റ്സ്, ഷെല്ലി, റിച്ചാര്‍ഡ്സണ്‍, അഡിസണ്‍, ബൈറോണ്‍, പോ, ഗോയ്ഥെ, ആര്‍നോള്‍ഡ്, വോള്‍ട്ടയര്‍, ഫ്ലോബര്‍ട്ട്, ബല്‍സാക്ക്, ലാമാര്‍ട്ടിന്‍, ദിദറോട്ട്, ബോയ്ല്യു, ടൈനെ, സെയിന്റ് ബ്യുവെ മുതലായവര്‍ സാഹിത്യത്തില്‍ താരതമ്യപഠനത്തിന് വിശാലമായ ജാലകം തുറന്നുകൊടുത്തുവെന്നത് ഒരു വസ്തുതയാണ്. കൂടാതെ, 1827ല്‍ 'ലോകസാഹിത്യം' എന്ന് ഗോയ്ഥെ ഉപയോഗിച്ചതുമുതലാണ് സാഹിത്യങ്ങളുടെ താരതമ്യപഠനം ജനകീയമാകുന്നത്.
III
ആഗോളതലത്തില്‍ പരിശോധിച്ചാല്‍ താരതമ്യസാഹിത്യത്തിന് ഇന്നലെകളില്‍ ഉണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായ അര്‍ത്ഥമാണ് ഇന്നുള്ളത്. സംസ്കാരപഠനം താരതമ്യസാഹിത്യത്തിന്റെ പുനര്‍വിചിന്തനത്തിനും പുനര്‍നിര്‍വ്വചനത്തിനും കാരണമാകുന്നു. താരതമ്യസംസ്കാരപഠനത്തിന്റെ വിശാലതയിലേക്കാണ് ഇന്ന് താരതമ്യസാഹിത്യത്തിന്റെ അതിരുകള്‍ വളരുന്നത്. മുന്‍പ് സൂചിപ്പിച്ച കൃതികളില്‍നിന്ന് താരതമ്യസാഹിത്യത്തിന്റെ രീതികള്‍, സമീപനങ്ങള്‍, വികാസപരിണാമങ്ങള്‍ എന്നിവയെക്കുറിച്ച് തീര്‍ച്ചയായും പഠിക്കാന്‍ കഴിയും. എന്നിരുന്നാലും, അതിന്റെ സിദ്ധാന്തവും പ്രയോഗവും സംഭാവനകളും ശരിയായ രീതിയില്‍ ഇന്നും മനസ്സിലാക്കപ്പെടുന്നില്ല.
കഴിഞ്ഞ കാലം മുതല്‍ ഇന്നുവരെ താരതമ്യസാഹിത്യത്തിനുമേല്‍ പലതരത്തിലുള്ള നിരീക്ഷണങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, എന്താണ് താരതമ്യം ചെയ്യുന്നത് എന്നതിലുള്ള ശ്രദ്ധ എന്നും പ്രധാനപ്പെട്ടതാണ്. എന്താണ്? എന്തുകൊണ്ടാണ്? എങ്ങനെയാണ്? താരതമ്യം ചെയ്യേണ്ടതെന്നോ ഏതു രചനകളെയാണ്/ എഴുത്തുകാരെയാണ് ഉറപ്പായും താരതമ്യം ചെയ്യേണ്ടതെന്നോ ഉള്ള വ്യക്തമായ ധാരണ നമുക്കില്ല. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തുകയാണ് താരതമ്യസാഹിത്യത്തിലേക്കു കടക്കുന്നതിന്റെ ആദ്യപടി. അതുപോലെത്തന്നെയാണ്, താരതമ്യസാഹിത്യം കൃത്യമായി നിര്‍വ്വചിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ഉയര്‍ന്നുവരുന്നത്. ആര്‍ക്കുവേണ്ടിയാണ് അല്ലെങ്കില്‍ എന്തിനുവേണ്ടിയാണ്, എങ്ങനെയാണ് സാഹിത്യപാഠങ്ങളെ താരതമ്യം ചെയ്യുന്നത്? എന്താണ് നമ്മുടെ കണ്ണിലൂടെ കാണുന്നതും വായനക്കാരുടെ കണ്ണിലൂടെ കാണുന്നതും? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളെ തേടലും ആദ്യപടിയുടെ ഭാഗമാണ്. ഗായത്രി സ്പിവാക് "അച്ചടക്കത്തിന്റെ അന്ത്യ" (Death of a Discipline) ത്തില്‍ "നമ്മളെത്ര പേരാണ്? അവര്‍ ആരൊക്കെയാണ്[8]?” എന്നീ ചോദ്യങ്ങളിലൂടെ, താരതമ്യസാഹിത്യത്തിന്റെ പുതിയ കാലം താരതമ്യസംസ്കാരപഠനം എന്ന നിലയില്‍ മുന്നോട്ടുപോകുന്നതും അതിരുകളെ ഭേദിക്കുന്നതും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.
“താരതമ്യസാഹിത്യം അടിസ്ഥാനപരമായി വൈവിധ്യമാര്‍ന്ന സാഹിത്യങ്ങളുടെ പരസ്പര ബന്ധത്തെക്കുറിച്ചുള്ള പഠന"മാണെന്ന വാന്‍ ടൈഗമിന്റെ നിര്‍വ്വചനത്തെ റെനെ വെല്ലക് തന്റെ കൃതിയില്‍ ഉദ്ധരിക്കുന്നുണ്ട്[9]. ഈ ആശയം വിവിധ ഭാഷകളുടെ, സംസ്ക്കാരത്തിന്റെ, സാഹിത്യത്തിന്റെ ലോകത്തിലേക്ക് ഗവേഷകരെ അതിരുകളില്ലാതെ തുറന്നുവിട്ടു. തങ്ങളുടെ മുന്‍ഗാമികളെയും അവരുടെ മാസ്റ്റര്‍പീസുകളെയും സ്വാധീനത്തെയും താരതമ്യസാഹിത്യത്തില്‍ പരിഗണിച്ച് പണ്ഡിതര്‍ ലോകസാഹിത്യത്തെ പോഷിപ്പിച്ചു. ഈ സന്ദര്‍ഭത്തില്‍, അമേരിക്കന്‍ കവിയായ എഡ്ഗര്‍ അലന്‍ പോയുടെ സ്വാധീനം ലോകകവിതയില്‍ എപ്രകാരമാണെന്ന് പരിശോധിക്കാം. ഉദാഹരണത്തിന്, ഫ്രഞ്ച് കവി ചാള്‍സ് ബോദ്ലെയറിന്റെ കവിതകളില്‍ അലന്‍ പോയുടെ സ്വാധീനം, ടി. എസ്. ഏലിയട്ടിന്റെയോ ടര്‍ക്കിഷ് കവിയായ ടെവ്ഫിക് ഫിക്രെറ്റിന്റെയോ കവിതകളിലെ ബോദ്ലെയര്‍ സ്വാധീനം എന്നിങ്ങനെ.... ഇത്തരത്തിലുള്ള പഠനം സാഹിത്യങ്ങള്‍ തമ്മിലുള്ള താരതമ്യത്തില്‍ പ്രധാനപ്പെട്ടതാണ്. ദേശീയസാഹിത്യം ലോകസാഹിത്യത്തില്‍ നിന്ന് ഒറ്റപ്പെട്ടാല്‍, സാഹിത്യഗ്രന്ഥങ്ങളുടെ സ്വാധീനം, പ്രതിധ്വനികള്‍, വിവിധ വശങ്ങള്‍, മൂല്യങ്ങള്‍ എന്നിവ പൂര്‍ണ്ണമായി വിശകലനം ചെയ്യാനോ കണ്ടെത്താനോ വിലയിരുത്താനോ കഴിയാതെ വരും.
"ഷേക്സ്പിയറിന് ഒരു ആമുഖ"ത്തില്‍ "സമാനമായ മറ്റ് കൃതികളുമായി താരതമ്യപ്പെടുത്തുന്നതുവരെ പ്രതിഭയുടെ നിര്‍മ്മാണത്തില്‍ ഒന്നുംതന്നെ മികച്ച രീതിയില്‍ രൂപകല്പന ചെയ്യാന്‍ കഴിയില്ല; ഒരുപാട് പര്‍വ്വതങ്ങളെക്കുറിച്ചും നദികളെക്കുറിച്ചും അറിവില്ലാത്തതിനു തുല്ല്യമാണിതെന്ന്[10]" ഡോ. ജോണ്‍സണ്‍ രേഖപ്പെടുത്തുന്നുണ്ട്. ദേശം, സംസ്കാരം, ഭാഷ, ചരിത്രം, സാമൂഹ്യ-രാഷ്ട്രീയം എന്നീ അതിരുകള്‍ക്കപ്പുറത്തേക്കുള്ള വാതിലുകള്‍ തുറക്കുന്നതിനുള്ള താക്കോലാണ് താരതമ്യസാഹിത്യം. ലോകസാഹിത്യത്തിലേക്ക് ശ്രദ്ധ തിരിച്ചാല്‍, അനുകരണമായോ വിവര്‍ത്തനമായോ മറ്റൊരു ദേശത്തിന്റെ സാഹിത്യത്തെക്കുറിച്ചോ അല്ലെങ്കില്‍ നമ്മുടെത്തന്നെ ഒരു മാസ്റ്റര്‍പീസിന്റെ പ്രതിധ്വനിയെക്കുറിച്ചോ അറിയാന്‍ കഴിയുന്നു. അതോടൊപ്പം രണ്ടാംനിര എഴുത്തുകാര്‍, ചരിത്രാതീതകാലത്തെ കുടിയേറ്റത്തിലൂടെയും വ്യാപനത്തിലൂടെയും കടന്നുവന്ന ആശയങ്ങള്‍, രൂപങ്ങള്‍ എന്നിവയെയും കാണാനാകുന്നു[11]. ദേശീയസാഹിത്യങ്ങളെ പ്രാദേശികസാഹിത്യവുമായി ചേര്‍ത്ത് പഠിക്കുന്ന ഗവേഷകര്‍ക്ക്, ഭാഷ, സാഹിത്യം, സംസ്ക്കാരം എന്നീ ഘടകങ്ങളില്‍ രണ്ടോ അതിലധികമോ ദേശങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളും സാധ്യതകളും താരതമ്യസമീപനത്തിലൂടെ മനസ്സിലാക്കാം. വ്യത്യസ്ത ദേശങ്ങളുടെ സാഹിത്യപാഠങ്ങള്‍ പുലര്‍ത്തുന്ന പൊതുവായ ആശയങ്ങളെ കണ്ടെത്താനുമാകും. ഗ്രന്ഥങ്ങളുടെയും എഴുത്തുകാരുടെയും സ്വാധീനം എത്രത്തോളമാണെന്ന് ആ നിലയില്‍ ഒരു താരതമ്യചിന്തകന് മനസ്സിലാക്കാനുള്ള അവസരവും കൈവരും.
താരതമ്യസാഹിത്യത്തിന്റെ ശാസ്ത്രീയമാനത്തിലൂടെ എഴുത്തുകാരെയും അവരുടെ രചനകളെയും പരിശോധിക്കുന്ന രീതി താരതമ്യപഠനത്തെ സമീപിക്കുന്നവര്‍ ചെയ്യുന്ന തെറ്റുകളിലൊന്നാണ്. അതതു ദേശങ്ങളിലെ സാഹിത്യരചനകളോടുതന്നെ അതേ ദേശത്തിന്റെ കൃതികള്‍ താരതമ്യം ചെയ്ത് കാണാറുണ്ട്. ഇതൊരിക്കലും താരതമ്യസാഹിത്യത്തിന്റെ പരിധിയില്‍ വരുന്നില്ല. താരതമ്യപഠനമേഖലയിലെത്തന്നെ അതതു ദേശീയസാഹിത്യങ്ങളിലെ പുരോഗതിയായി പരിഗണിക്കുന്നതാകും ഉചിതം. ദേശീയ-പ്രാദേശിക സാഹിത്യോത്പന്നങ്ങളുടെ വളര്‍ച്ചയും ചരിത്രപരതയുമാണ് ഇത്തരം പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യത്യസ്ത രാജ്യങ്ങളുടെ സാഹിത്യം, ഭാഷ, സംസ്ക്കാരം, പാരമ്പര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള താരതമ്യത്ത താരതമ്യസാഹിത്യമായി കണക്കാക്കാം.
ഉദാഹരണത്തിന്, ഇംഗ്ലീഷ് സാഹിത്യത്തിലെ കവികളെയോ നോവലിസ്റ്റുകളെയോ പരസ്പരം താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ തന്നെയാണ് നാം നിന്നുതിരിയുന്നത്. എന്നാല്‍, ഇംഗ്ലീഷ് സാഹിത്യത്തെ ഫ്രഞ്ച്, അമേരിക്കന്‍, ടര്‍ക്കിഷ് സാഹിത്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്തരം സമീപനത്തെ താരതമ്യസാഹിത്യമെന്ന് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പറയാനാകുന്നു. അത്തരമൊരു രീതിയില്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്-ടര്‍ക്കിഷ് സാഹിത്യങ്ങളിലെ വീക്ഷണങ്ങള്‍, സമാന്തരതകള്‍, സാമ്യങ്ങള്‍, പുരോഗതികള്‍ എന്നിവ പരിശോധിക്കാനും ചര്‍ച്ച ചെയ്യാനും താരതമ്യപഠനത്തിലൂടെ സാധ്യമാകുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലെ ഒരു കവിയെ അതേ ഭാഷയിലെ മറ്റു കവികളുമായി താരതമ്യം ചെയ്യേണ്ടതുതന്നെയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇംഗ്ലീഷ് കാവ്യലോകത്തിന്റെ ചരിത്രം, സാമൂഹിക-രാഷ്ട്രീയ പുരോഗതികള്‍, സാമ്യവ്യത്യാസങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ അതുപകരിക്കും. ഇംഗ്ലീഷും ടര്‍ക്കിഷും ആകുമ്പോള്‍ അവിടെ താരതമ്യപഠനത്തിനുള്ള സാധ്യതകള്‍ വിശാലമാകുന്നു.
അതാത് ദേശത്തെ എഴുത്തുകാരെക്കുറിച്ചുള്ള പഠനം ദേശീയസാഹിത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമെന്നതില്‍ സംശയമില്ല. എന്നാല്‍, പഠനമേഖലയ്ക്ക് അതിരുകള്‍ നിര്‍മ്മിക്കുന്നതിന് അത് കാരണമാകും. മറ്റു സാഹിത്യങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ ഭാഷ സൃഷ്ടിക്കുന്ന അതിരുകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാന്‍ തയ്യാറാകണം. അതിലുപരി വെല്ലക് സൂചിപ്പിക്കുന്നതുപോലെ "നമുക്ക് സാഹിത്യചരിത്രവും വിമര്‍ശനവും ഒരുപോലെ വേണം. അതുപോലെത്തന്നെ താരതമ്യസാഹിത്യത്തിനു മാനം നല്‍കാന്‍ കഴിയുന്ന വിശകലനവും വീക്ഷണവും നമുക്ക് വേണം[12]" എന്തിനാണ് സാഹിത്യങ്ങള്‍ താരതമ്യം ചെയ്യുന്നത്? എന്താണ് അതിന്റെ ഗുണങ്ങള്‍? താരതമ്യസാഹിത്യത്തിന്റെ സൈദ്ധാന്തികവും പ്രാവര്‍ത്തികവുമായ തലങ്ങള്‍ അറിയുന്നത് താരതമ്യം ചെയ്യുന്നവരെക്കൂടാതെ പ്രാദേശിക-ദേശീയ-ലോകസാഹിത്യങ്ങള്‍ക്കും ഒരുപാട് ഗുണങ്ങളുണ്ടാക്കുന്നുണ്ട്. വ്യത്യസ്ത സാഹിത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള താരതമ്യപഠനം സാഹിത്യം, ഭാഷ, സംസ്ക്കാരം, മറ്റു ദേശങ്ങളുടെ അസ്തിത്വം എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ നമുക്ക് നല്‍കുന്നതോടൊപ്പം തന്നെ വ്യത്യസ്ത സാഹിത്യങ്ങളെ തിരിച്ചറിയാനും അവയുടെ മൂല്യങ്ങളെ അടുത്തറിയാനുമുള്ള സാഹചര്യംകൂടി നല്‍കുന്നു.
വ്യത്യസ്ത ദേശങ്ങളെയും ഭാഷകളെയും താരതമ്യപ്പെടുത്തുമ്പോള്‍ അതിര്‍ത്തികളെ തീര്‍ച്ചയായും ഭേദിക്കേണ്ടതായി വരും. സാഹിത്യവിഭാഗങ്ങളെയും പാഠങ്ങളെയും സമന്വയിപ്പിക്കുന്നതിനോ താരതമ്യം ചെയ്യുന്നതിനോ നമുക്ക് വിശാലമായ മെറ്റീരിയലുകള്‍ ആവശ്യമാണ്. തീര്‍ച്ചയായും മറ്റൊരു ദേശത്തിന്റെ സാഹിത്യോത്പന്നങ്ങളെ വായിക്കുകയും തിരിച്ചറിയുകയും വിമര്‍ശിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. മറ്റു സാഹിത്യങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നമ്മളറിയേണ്ടതും അവയുമായുള്ള താരതമ്യം വഴി പുരോഗതി പ്രാപിക്കേണ്ടതുമാണ്. ആര്‍നോള്‍ഡ് പറഞ്ഞതുപോലെ, ക്ലാസിക് കാലം മുതല്‍ ആധുനികോത്തരകാലം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും സാഹിത്യങ്ങളെ നമ്മള്‍ കാണേണ്ടതാണ്. താരതമ്യപഠനം നിര്‍വ്വഹിക്കുമ്പോള്‍ സാഹിത്യങ്ങള്‍ തമ്മിലുള്ള സാമ്യവ്യത്യാസങ്ങളെ തിരിച്ചറിയുന്നതു കൂടാതെ, അവര്‍ മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യണം. നമ്മുടെ സാഹിത്യത്തിലെ വിവിധ ഘട്ടങ്ങളെ മറ്റു സാഹിത്യങ്ങളിലെ ഘട്ടങ്ങളുമായി താരതമ്യം ചെയ്യുന്നതിലൂടെ അറിവിന്റെ വികാസത്തിലും ഉല്‍പാദനശക്തിയിലും നമുക്ക് വളരെയധികം അഭിമാനിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. ചിന്തകളും വികാരങ്ങളും പരിഷ്ക്കരിക്കുന്നതിനും താഴ്മയോടെ പഴയ ചിന്താപദ്ധതികളെ സമീപിക്കുന്നതിനും ഇത് സഹായകമാണ്. "മറ്റുള്ളവര്‍ എങ്ങനെ നിലനില്‍ക്കുന്നുവെന്നറിയാന്‍ ആദ്യം നമ്മുടെ നിലനില്‍പ്പിനെക്കുറിച്ചറിയണം. നമ്മുടെ തെറ്റുകള്‍ തിരുത്തുകയും ശരികളെ നേടാന്‍ തയ്യാറാകുകയും ചെയ്താല്‍ മാത്രമേ നമ്മുടെ നിലനില്‍പ്പിനെക്കുറിച്ചറിയാനാകൂ- ഇവിടെയാണ് നമ്മുടെ പ്രശ്നങ്ങളുദിക്കുന്നത് [13]”.
ആഗോളവത്കൃതയുഗത്തില്‍ വിവര്‍ത്തനപഠനത്തിന്റെ പ്രാധാന്യത്തെ താരതമ്യസാഹിത്യത്തിന്റെ ശാസ്ത്രീയതയ്ക്ക് നിഷേധിക്കാനാകില്ല. യഥാര്‍ഥ പാഠങ്ങള്‍ അവരവരുടെ പ്രാദേശികഭാഷകളില്‍, അത് കവിതയോ ഐതിഹ്യമോ കഥയോ പുരാവൃത്തമോ നോവലോ ലേഖനങ്ങളോ എന്തുമാകട്ടെ അവ താരതമ്യപ്പെടുത്തുന്നതും വിശകലനം ചെയ്യുന്നതും അവരുടെ വിവര്‍ത്തനത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും. ഒരു കവിത മറ്റൊരു ഭാഷയിലേക്ക് ശരിയായി വിവര്‍ത്തനം ചെയ്യുന്നത് എത്രമാത്രം ദുഷ്കരമാണെന്ന് നമുക്കറിയാം. യഥാര്‍ത്ഥ പാഠത്തിന്റെ ഭാഷ നമുക്ക് അപരിചിതമാണെങ്കില്‍ അതിന്റെ കൂടുതല്‍ ശരിയായ വിവര്‍ത്തനപാഠത്തെ ആശ്രയിക്കേണ്ടിവരും. അതില്‍ തെറ്റുകള്‍ വരാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. ഇത്തരം സാഹചര്യത്തില്‍ മറ്റൊരു ഭാഷകൂടി അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. താരതമ്യപഠനത്തെ കൂടുതല്‍ കൃത്യമാക്കാന്‍ അത് സഹായകമാകും. അതുകൂടാതെ, വിവിധ ദേശീയസാഹിത്യങ്ങളെ വിശകലനം ചെയ്യുന്നതിന് സമീപിക്കേണ്ട രീതിയെക്കുറിച്ചുള്ള സാമാന്യധാരണയും ലഭിക്കും. സൈദ്ധാന്തികമാനത്തില്‍ താരതമ്യസാഹിത്യത്തെ മനസ്സിലാക്കിയതിനുശേഷം, വ്യത്യസ്ത ദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സാഹിത്യവിഭാഗങ്ങള്‍ താരതമ്യം ചെയ്ത് പരിശീലിക്കണം. എഴുത്തുകാരെയും അവരുടെ സാഹിത്യരചനകളെയും തെരഞ്ഞെടുക്കുന്നതിലും വിശകലനം ചെയ്യുന്നതിലും താരതമ്യം ചെയ്യുന്ന വ്യക്തി ശ്രദ്ധ പുലര്‍ത്തണം. കൂടാതെ താരതമ്യം ചെയ്യുന്ന ദേശീയസാഹിത്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാനമൂല്യം അറിഞ്ഞിരിക്കണം.
Flowers of Evil, Le Spleen de Paris എന്നീ കവിതകളെഴുതിയ ഫ്രഞ്ച് കവി ചാള്‍സ് ബോദ്ലെയറിന്റെ സ്വാധീനം ഇംഗ്ലീഷ് കവി ടി. എസ്. ഏലിയറ്റിലും ടര്‍ക്കിഷ് കവി ടെവ്ഫിക് ഫിക്രെറ്റിലും എപ്രകാരമാണെന്ന താരതമ്യപഠനം ഫ്രഞ്ച്, ഇംഗ്ലീഷ്, ടര്‍ക്കിഷ് സാഹിത്യങ്ങളിലെ ആധുനിക കവികളെക്കുറിച്ചുള്ള കൃത്യമായ ധാരണ രൂപപ്പെടുത്തുന്നത് താരതമ്യസാഹിത്യപഠനത്തിന് ഒരുദാഹരണമാണ്. ബോദ്ലെയറിന്റെ സ്വാധീനം ഏലിയറ്റിലും ഫിക്രെറ്റിലും മാത്രമല്ല അദ്ദേഹത്തിന്റെത്തന്നെ ദേശത്തിലെ കവികളും എഴുത്തുകാരുമായ മല്ലാര്‍മെ, റിംമ്പൗണ്ട്, വെര്‍ലെയ്ന്‍, പ്രൗസ്റ്റ് എന്നിവരിലും ഇംഗ്ലീഷിലെ വാള്‍ട്ടര്‍ ആല്‍ഫ്രഡ് ഡൗഗ്ലസ്, ഓസ്കാര്‍ വൈല്‍ഡ്, വില്ല്യം ബട്ലര്‍ യീറ്റ്സ്, ജോര്‍ജ്ജ് മൂറെ, ആര്‍തര്‍ സിമണ്‍സ്, ആര്‍തര്‍ മാക്കെന്‍, ടര്‍ക്കിഷിലെ കെനാബ് സഹബെറ്റിന്‍, അഹ്മറ്റ് ഹാസിം, യഹ്യ കെമല്‍, അഹ്മറ്റ് ഹംദി ടന്‍പിനാര്‍, നെസിപ് ഫാസില്‍, അഹ്മറ്റ് മുഹിപ് ഡ്രനാസ്, കഹിത് സിത്കി ടറന്‍സി, അഥില ഇല്‍ഹാന്‍ എന്നിവരിലും കാണാം. മറ്റ് ഭാഷകളിലും സാഹിത്യങ്ങളിലും ദേശീയവിനിമയത്തിലൂടെ ഉണ്ടായിട്ടുള്ള സംസ്ക്കാരത്തിന്റെ, സാമൂഹിക-രാഷ്ട്രീയത്തിന്റെ ഭാഷാശാസ്ത്രത്തിന്റെ അതിരുകളെ ഭേദിച്ചതിന്റെ തെളിവുകളാണിത്.
ഓരോ വിമര്‍ശകന്റെയും വീക്ഷണത്തിനനുസരിച്ച് ഓരോ രാജ്യത്തിനും ഓരോ ബോദ്ലെയറുമാര്‍ ഉണ്ടാകും. ആഗോളവത്ക്കരണത്തിന്റെ ഇന്നത്തെ ചുറ്റുപാടില്‍ ലോകസാഹിത്യങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. നിയന്ത്രിതമായ സാങ്കേതികവിദ്യയായിരുന്നിട്ടുകൂടി പണ്ട് ഒരു അമേരിക്കന്‍/ഫ്രഞ്ച് എഴുത്തുകാരന് നേരിട്ടോ അല്ലാതെയോ പാശ്ചാത്യ-പൗരസ്ത്യ എഴുത്തുകാരെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നെങ്കില്‍, നമ്മുടെ തലമുറയില്‍ പലതിനെയും അപേക്ഷിച്ച് ഇത്തരം സ്വാധീനങ്ങള്‍ ഇന്റര്‍നെറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് കൂടുതലായി കാണുന്നത്. ഈ കവികളെല്ലാംതന്നെ അവരവരുടെ ദേശീയസാഹിത്യത്തില്‍ പ്രധാനപ്പെട്ടവരാണ്. ഇതേ പ്രായത്തിലുള്ള വീടുകള്‍ക്കുള്ളിലൊതുങ്ങിപ്പോയ കവികളുടെ അവസ്ഥയെന്താണ്? അവര്‍ക്കിടയിലെ അതിര്‍ത്തികള്‍ ലോകസാഹിത്യത്തില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ടോ? ഈ ചോദ്യങ്ങള്‍ക്കുകൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. താരതമ്യസാഹിത്യത്തില്‍ പഠനം നടത്തുമ്പോള്‍ ഇത്തരം ആളുകളുടെ വ്യക്തിത്വം, സാമ്യ-വ്യത്യാസങ്ങള്‍, ഇടപെടലുകള്‍ എന്നിവയെക്കൂടാതെ അവരുടെ മറഞ്ഞിരിക്കുന്ന ജീവിതത്തെക്കൂടി പഠിക്കേണ്ടതായി വരും.
ലോകത്തിലെത്തന്നെ അറിയപ്പെടുന്ന കവിയാണ് ബോദ്ലെയര്‍. Les fleurs du mal എന്ന അദ്ദേഹത്തിന്റെ കൃതി ഒട്ടുമിക്ക പാശ്ചാത്യ-പൗരസ്ത്യഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കീര്‍ത്തി ഫ്രാന്‍സില്‍ മാത്രം ഒതുങ്ങാതെ ലോകം മുഴുവന്‍ വ്യാപിച്ചത് ഈ കൃതിയിലൂടെയാണ്. ഇംഗ്ലീഷിലേക്ക് Flowers of Evil എന്നും ടര്‍ക്കിഷിലേക്ക് Ser/Kotuluk/Elem Cicekleri എന്നും ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ലോകസാഹിത്യത്തിന്റെ തലതൊട്ടപ്പന്മാരെ ദ്രുതഗതിയില്‍ കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞുവെന്നതാണ് ഈ വിവര്‍ത്തനങ്ങള്‍കൊണ്ടുണ്ടായ മേന്മ. "ഫ്രാന്‍സിലും ഇംഗ്ലണ്ടിലും ബോദ്ലെയറിന്റെ സ്വാധീനം" എന്ന പേരില്‍ ജി. ടര്‍ക്വറ്റ് മില്‍നസ് 1913 ല്‍ ഒരു പഠനവും, “Shadow of Albatross" ലൂടെ ബോദ്ലെയറിന് ടര്‍ക്കിഷ് സാഹിത്യത്തിലുള്ള സ്വാധീനത്തെ 2002 ല്‍ അലി ഇഹ്സാന്‍ കൊല്‍ക്കുവും അടയാളപ്പെടുത്തുകയുണ്ടായി. ഈ രണ്ട് പണ്ഡിതരും ബോദ്ലെയറിന്റെ സ്വാധീനം താരതമ്യസമീപനത്തിലൂടെയും വിശകലനം ചെയ്തിട്ടുണ്ട്. “അദ്ദേഹത്തിന്റെ സ്വാധീനം ഏകദേശം അമ്പത് വര്‍ഷമായി സാഹിത്യചരിത്രത്തിലുണ്ട്. പില്‍ക്കാല എഴുത്തുകാരുടെ രചനകളില്‍ നിന്നും ആ മാന്ത്രികമായ പ്രതിധ്വനി കേള്‍ക്കാന്‍ കഴിയുന്നതിലും ഞങ്ങള്‍ ആനന്ദിക്കുന്നു[14]" എന്ന് ടര്‍ക്വറ്റ് മില്‍നസ് രേഖപ്പെടുത്തുന്നു. ഈ ഫ്രഞ്ച് കവിയുടെ ശബ്ദം ഫ്രാന്‍സിലും ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലും പ്രതിധ്വനിക്കുന്നതുപോലെത്തന്നെ ടര്‍ക്കിഷിലും പ്രതിധ്വനിക്കുന്നു. ബോദ്ലെയര്‍ കവിതകളിലെ സായാഹ്നം, ഏകാന്തത, രക്ഷപ്പെടല്‍, ലൈംഗികത തുടങ്ങിയ ആശയങ്ങള്‍ ടര്‍ക്കിഷ് കവികളിലും സ്വാധീനം ചെലുത്തിയതായി കൊല്‍ക്കുവും സൂചിപ്പിക്കുന്നു[15].
'ബോദ്ലെയറിന്റെ സ്ഥാനം' (The position/place of Baudelaire) എന്ന വിഷയത്തില്‍ നടത്തിയ സമ്മേളനത്തില്‍ "അദ്ദേഹത്തിന്റെ കവിതകള്‍ അതിര്‍ത്തികള്‍ക്കപ്പുറം ലോകം മുഴുവന്‍ വായിക്കപ്പെടുന്നു. ആധുനികതയുടെ സ്വഭാവസവിശേഷതയുള്ള കവിതകളായി സ്ഥാനം നേടുന്നു.....സ്വിന്‍ബണ്‍, ഗബ്രിയേലെ ഡി അനന്‍സിയോ, സ്റ്റീഫന്‍ ജോര്‍ജ്ജ് എന്നിവരെപോലുള്ളവര്‍ വിദേശരാജ്യങ്ങളില്‍ ബോദ്ലെയറിനുള്ള സ്വാധീനത്തിന് സാക്ഷിയായവരാണ്[16]" എന്ന് പോള്‍ വലേറി അഭിപ്രായപ്പെടുന്നു. Fleurs du Mal (1857), എന്ന കവിതയിലെ ചില ഭാഗങ്ങള്‍ എഡ്ഗര്‍ അലന്‍ പോയുടെ കവിതകളില്‍ നിന്ന് സ്വീകരിച്ചവയാണ്. Waste Land (1922), Rubab-Sikeste (1900) എന്നീ കവിതകളില്‍ ബോദ്ലെയറിന്റെ സ്വാധീനവും കാണാം. ടര്‍ക്കിഷ് സാഹിത്യത്തിന് ഫിക്രെറ്റിനെപ്പോലെ ഇംഗ്ലീഷ് സാഹിത്യത്തിന് ഏലിയറ്റും ഫ്രഞ്ച് സാഹിത്യത്തിന് ബോദ്ലെയറും പ്രധാനപ്പെട്ടവരാണ്. ബോദ്ലെയറും ഏലിയറ്റും യൂറോപ്പ്, ഏഷ്യന്‍, അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലാണ് കൂടുതല്‍ അറിയപ്പെട്ടത്. എന്നാല്‍, ഫിക്രെറ്റിന്റെ രചനകള്‍ കൂടുതല്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായില്ല. ടര്‍ക്കിഷ് ദേശത്തും അവിടത്തെ എഴുത്തുകാര്‍ക്കുമിടയില്‍ ഫിക്രെറ്റ് ചുരുങ്ങിപ്പോയി.
ഫിക്രെറ്റിനെ സ്വന്തം ദേശത്തെ എഴുത്തുകാരോ വിമര്‍ശകരോ ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ല അല്ലെങ്കില്‍ തെറ്റായി ഫിക്രെറ്റിനെ വിശകലനം ചെയ്തു എന്നുതന്നെ പറയാം. അദ്ദേഹത്തെ നിരീശ്വരവാദിയായി ചിത്രീകരിക്കുന്നതുവരെ കാര്യങ്ങളെത്തി. Fog, Ancient History, The Credo of Haluk, Prometheus പോലുള്ള ഫിക്രെറ്റിന്റെ കവിതകളിലെ വിവരണാത്മകവും ശക്തവുമായ ശൈലി, ചരിത്രപരത, മതം, സാമൂഹിക-രാഷ്ട്രീയമാനങ്ങള്‍ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന്റെ സമകാലികനായ മെഹ്മത് അകിഫ് എര്‍സോയ് വെറുപ്പോടെ പ്രതികരിക്കുന്നത് എടുത്തുപറയാം. എന്നിരുന്നാലും, ബോദ്ലെയറും ഏലിയറ്റും ദേശ-വിദേശങ്ങളിലെ നിരവധി വായനക്കാരിലേക്ക് വിവര്‍ത്തനങ്ങളിലൂടെ എത്തപ്പെട്ടു. നമ്മുടെ വിവര്‍ത്തനസംഘങ്ങള്‍ പാശ്ചാത്യകൃതികളുടെ വിവര്‍ത്തനം വളരെ വേഗത്തിലാണ് നടത്തുന്നത്. ഇവര്‍തന്നെ സ്വന്തം ദേശത്തെ കൃതികള്‍ വിവര്‍ത്തനം ചെയ്യുന്നതില്‍ ഒച്ചിനെപ്പോലെയാണെന്നത് സങ്കടകരമാണ്. അതുകൊണ്ടുതന്നെ അക്കാദമികമായ പ്രധാന റോളുകളും ഉത്തരവാദിത്തങ്ങളും നമ്മളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ലേഖനങ്ങളിലും പുസ്തകങ്ങളിലും ഉപന്യാസങ്ങളിലും നമ്മുടെ സാഹിത്യവ്യവഹാരങ്ങളെക്കുറിച്ച് അവതരിപ്പിക്കുന്നത് വളരെ കുറവാണ്. നമ്മുടെ സാഹിത്യരൂപങ്ങളെയും രചനകളെയും അവതരിപ്പിക്കുകയും നിലപാടുകളെ ചോദ്യം ചെയ്യുന്നതുംകൊണ്ടാണ് ഇവിടെ താരതമ്യസാഹിത്യത്തിന്റെ പ്രാധാന്യം വിവാദപരമാകാത്തത്.
ഒരുതരത്തില്‍, തുര്‍ക്കിയില്‍ ഫിക്രെറ്റിസം ഉള്ളതുപോലെത്തന്നെയാണ് ബോദ്ലെറിസം ഫ്രാന്‍സിലും ഏലിയറ്റിസം ഇംഗ്ലണ്ടിലും ഉള്ളത്. പക്ഷെ, ബോദ്ലെറിസം ഫ്രാന്‍സിലുള്ളതുപോലെയല്ല ഇംഗ്ലണ്ടിലും തുര്‍ക്കിയിലും ഉള്ളത്. അതിര്‍ത്തികള്‍ കടന്നാല്‍ ഏലിയറ്റിനും ഫിക്രെറ്റിനും ഇതുതന്നെയാണ് അവസ്ഥ. ഓരോ ദേശീയ താത്പര്യങ്ങളും മറ്റുള്ളവയില്‍ നിന്ന് വ്യത്യാസപ്പെടുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ബോദ്ലെയറിന്റെ സ്വാധീനം ഷെല്ലി, മല്ലാര്‍മെ, വെര്‍ലെയിന്‍, റിംബൗഡ്, കോപീ എന്നിവരിലൂടെ ഇംഗ്ലീഷ്/ടര്‍ക്കിഷ് സാഹിത്യത്തിലേക്കു കടന്നുവരുന്നുണ്ട്. ഫിക്രെറ്റില്‍ കവിതയുമായി ബന്ധപ്പെട്ട സ്വാധീനമാണ് സിംബലിസത്തേക്കാള്‍ കൂടുതല്‍ കാണുന്നതും. കോപിയില്‍നിന്ന് ഫിക്രെറ്റിലേക്കും ലാഫോഗില്‍നിന്ന് ഏലിയറ്റിലേക്കുമുള്ള സ്വാധീനതലങ്ങള്‍ നോക്കിയാല്‍ ഫിക്രെറ്റാണ് തുര്‍ക്കിയിലെ ഏറ്റവും മികച്ച സ്വതന്ത്രസമീപനത്തിന്റെ ഉപജ്ഞാതാവ് എന്നു കാണാം; ഇംഗ്ലണ്ടിലാകട്ടെ ഏലിയറ്റും.
താരതമ്യസാഹിത്യപരിശീലനത്തിന്റെ ഭാഗമായി താരതമ്യം ചെയ്യുമ്പോള്‍ ബോദ്ലെയറും ഏലിയറ്റും ഫിക്രെറ്റും വ്യത്യസ്ത ദേശങ്ങളിലെ കവികളാണെങ്കിലും അവര്‍ക്കിടയില്‍ വ്യത്യാസങ്ങളേക്കാളധികം സാമ്യതകളാണ് കാണാന്‍ കഴിയുന്നത്. കവികളുടെ ചിന്ത, കാഴ്ച, സമീപനം, കാവ്യശൈലി എന്നിവയിലുള്ള സമാനത എടുത്തുകാണിക്കുന്നു. ഈ കവികളെ എങ്ങനെയാണ് താരതമ്യം ചെയ്യുക? പ്രാഥമികമായി ഈ കവികളെക്കുറിച്ചുള്ള സാമാന്യധാരണ ആവശ്യമാണ്. പിന്നീട് അവരുടെ രചനകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം. മൂന്നുപേരുടെയും സമാനവീക്ഷണങ്ങള്‍, സാമ്യങ്ങള്‍, വ്യത്യാസങ്ങള്‍ എന്നിവ താരതമ്യപ്പെടുത്തുമ്പോള്‍ മനസ്സിലാക്കണം. അവരുടെ കാലഘട്ടത്തില്‍ തികച്ചും മരണാസന്നമായ രചനകളായിരുന്നു ഈ കവികളുടേതെന്ന് രചനകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഒരേസമയം ഗദ്യകവിതകളുടെയും ഇന്ദ്രിയ-ധാര്‍മ്മിക-മാനസിക-അതിന്ദ്രിയ കവിതകളുടെയും സ്രഷ്ടാക്കളാണ് ഈ കവികള്‍. പ്രതീകാത്മകത, ഇംപ്രഷനിസ്റ്റ്, എക്സ്പ്രഷനിസ്റ്റ് സമീപനങ്ങളിലൂടെയും പ്രകൃതി, ഭാവന, ശബ്ദം എന്നിവയിലൂടെയും അവര്‍ കവിതകള്‍ മെനഞ്ഞെടുത്തു.
അവര്‍ കവികള്‍ മാത്രമായിരുന്നില്ല, കവിതയെക്കുറിച്ചുള്ള ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന ബുദ്ധിമാന്മാരായ വിമര്‍ശകരും കൂടിയായിരുന്നു. ഏലിയറ്റിന്റെയും ഫിക്രെറ്റിന്റെയും കവിതകളിലെ കവിതാസംബന്ധിയായ വശങ്ങളും നമുക്ക് കാണാന്‍ കഴിയും. ചരിത്രം, തത്ത്വജ്ഞാനം, സാമൂഹിക-രാഷ്ട്രീയപ്രശ്നങ്ങള്‍ എന്നിവ വ്യക്തമായി ആവിഷ്ക്കരിക്കുന്ന കവിതകളാണവരുടേത്. ഈ ആശയങ്ങളേക്കാള്‍ സ്നേഹം, ശുദ്ധ പ്രതീകാത്മകത എന്നിവ ബോദ്ലെയര്‍ കവിതകളില്‍ മികച്ചുനില്‍ക്കുന്നു. സാമൂഹികപ്രശ്നങ്ങളേക്കാള്‍ സംഗീതം, ഹാര്‍മണി എന്നിവയ്ക്കാണ് പ്രധാനമായും ബോദ്ലെയര്‍ പ്രാധാന്യം നല്‍കിയത്. മറ്റുള്ളവര്‍ സംഗീതത്തിന് പ്രാധാന്യം നല്‍കുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ഏലിയറ്റിന്റെയും ഫിക്രെറ്റിന്റെയും കവിതകളില്‍ സാമൂഹിക-രാഷ്ട്രീയ-മത-ദാര്‍ശനികതയെ കണ്ടുമുട്ടുന്നെങ്കില്‍ക്കൂടിയും അവരുടെ പൊതുവായ മുദ്രാവാക്യം കല കലയ്ക്കു വേണ്ടിയാണ് എന്നതാണ്. ബോദ്ലെയറിന്റെ Le Spleen de Paris, Fleurs du mal എന്നീ കവിതകളില്‍ പാരീസ് ദൃശ്യമാകുന്നതെപ്രകാരമാണോ അതുപോലെയാണ് ഏലിയറ്റിന്റെ Waste Land ല്‍ ലണ്ടനും ഫിക്രെറ്റിന്റെ Broken Instrumentല്‍ ഇസ്താംബൂളും ദൃശ്യമാകുന്നത്. പാരീസിലെ വിവിധ കാഴ്ചകള്‍, പ്രണയം, വീഞ്ഞ്, മത്സരം, മരണം, തിന്മയുടെ പൂക്കള്‍, നന്മ-തിന്മകള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍, വ്യക്തികള്‍, ധനികര്‍, ദരിദ്രര്‍, ദുഃഖം ഇവയെല്ലാം ബോദ്ലെയര്‍ കവിതകളില്‍ കാണാം.
പ്രത്യേകിച്ച്, അഭിനിവേശത്തിന്റെയും വികാരങ്ങളുടെയും ഇരിപ്പിടമെന്ന ആശയം മാരകമായ രോഗം പോലെയാണ് അവരുടെ കവിതകളില്‍ പ്രവര്‍ത്തിക്കുന്നത്. ഈ ആശയത്തിന്റെ പാരിസ് പതിപ്പ് ഇംഗ്ലീഷ്-ടര്‍ക്കിഷ് കവികളുടെ രചനകളെ സ്പര്‍ശിച്ചിരിക്കുന്നു. ഇതുപോലെ ലണ്ടന്‍ പതിപ്പ് വേസ്റ്റ് ലാന്‍ഡിലും ഇസ്താംബൂള്‍ പതിപ്പ് ഫിക്രെറ്റിന്റെ സമ്പൂര്‍ണ്ണ കൃതിയിലെ ഫോഗ്, ഇക്തിറാബ് എന്നീ കവിതകളിലും സ്വാധീനം ചെലുത്തുന്നുണ്ട്. ഹോമര്‍, സാഫോ, കാറ്റുലസ് എന്നിവരടങ്ങുന്ന ഗ്രീക്ക്-ലാറ്റിന്‍ കാലഘട്ടങ്ങളില്‍നിന്ന് ക്ലാസിക്-ആധുനിക-ഉത്തരാധുനിക കാലഘട്ടത്തിലെത്തുമ്പോള്‍ ചോസര്‍, മില്‍ട്ടണ്‍, ഷേക്സ്പിയര്‍, എഡ്ഗര്‍ അലന്‍ പോ, ബോദ്ലെയര്‍, മല്ലാര്‍മെ, റിംബൗഡ്, വെര്‍ലെയിന്‍, യീറ്റ്സ്, ഏലിയറ്റ്, ഷെല്ലി, കീറ്റ്സ്, ഫിക്രെറ്റ്, യെഹ്യ കെമാല്‍, അഹ്മദ് ഹാസിം, കാഹിത് സിത്കി എന്നിവരടക്കമുള്ളവര്‍ സാഹിത്യമൂല്യങ്ങളെ പരസ്പരം അതിരുകള്‍ക്കപ്പുറത്തേക്ക് കൈമാറിയതായി നമുക്ക് മനസ്സിലാക്കാം. സാഹിത്യചരിത്രത്തില്‍നിന്ന് അവര്‍ക്കുള്ളത് ഓരോന്നും അവര്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും അവര്‍ക്കില്ലാത്തത് മറ്റുള്ളവരില്‍നിന്ന് സ്വീകരിക്കുകയും ചെയ്തു.
ബോദ്ലെയറിനൊപ്പം അദ്ദേഹത്തിന്റെ കാലഘട്ടവും നൂറ്റാണ്ടിന്റെ അസ്വാസ്ഥ്യത്താൽ മൂടപ്പെട്ടിരുന്നതാണ് (റൊമാന്റിക് കാലത്തിന്റെ ഉദയം) അതിരുകളിലൂടെ സഞ്ചരിച്ചിരുന്ന അവരുടെ വിഷാദത്തിനടിസ്ഥാനം. ഏലിയറ്റ് തന്റെ കവിതയായ വേസ്റ്റ് ലാന്‍ഡില്‍ വെബ്സ്റ്ററിനെയും ബോദ്ലെയറിനെയും ഉദ്ധരിക്കുകയും സ്വന്തം കാവ്യശൈലിയെ പരിപോഷിപ്പിക്കുകയും ചെയ്തു. വേസ്റ്റ് ലാന്‍ഡിലെ ആദ്യ ഭാഗത്തെ അവസാന പദ്യശകലത്തില്‍ ബോദ്ലെയറിന്റെ Au Lecteur ല്‍ നിന്ന് അവസാനവരി ഏലിയറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. “ You! Hypocrite lecteur! -mon semblable -mon frere[17]” ഇതേ വരികള്‍ കൊണ്ടാണ് ബോദ്ലെയര്‍ തന്റെ കവിത അവസാനിപ്പിക്കുന്നത്; “Hypocrite lecteur! -mon semblable -mon frere[18]” ബോദ്ലെയറിന്റെ വരികള്‍ അങ്ങനെത്തന്നെ ഉപയോഗിക്കുന്നതിനു പകരം അതേ ഭാഷയും ഭാവവും ആശയവുമാണ് ഫിക്രെറ്റ് തന്റെ Rubab-i Sikesteയില്‍ സ്വീകരിച്ചത്.
റൂബെന്‍, വിന്‍സി, റെംബ്രാന്‍ഡ്, മൈക്കല്‍, പഗറ്റ്, പറ്റ്യൂ, ഗോയ, ഡെലോക്രോയിക്സ് എന്നീ എട്ടു കവികളെ Les Phares എന്ന ശീര്‍ഷകത്തോടുകൂടി ബോദ്ലെയര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതുപോലെത്തന്നെ ഫിക്രെറ്റ് ഫുസുലി, സെനാബ് (Sahabettin) നെദീം, ഉസ്താദ് ഇക്റം (Rezaizade Mahmut), നെഫി, ഹാമിദ് (Abdülhak) എന്നീ ടര്‍ക്കിഷ് കവികളെ "Aveng-i Tesavir" (Sequence of the Descriptions) എന്ന കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്[19]. അലി ഇഹ്സാന്‍ കൊല്‍ക്കു ബോദ്ലെയറിന്റെ Moesta et Errabunda," three 'Spleen' poems, 'Paris Spleen' എന്നീ കവിതകളെ ഫിക്രെറ്റിന്റെ 'Terennüm' (Singing), 'Bir Ömr-i Muhayyel' (Imaginary of A lifetime), 'Bir an-ı Huzur' (A Moment of Peace), 'Ne Isterim' (What Would I like) and 'Sis' (Fog) എന്നീ കവിതകളോട് താരതമ്യപ്പെടുത്തിയിട്ടുണ്ട്. രണ്ടു കവികളുടെയും രചനകളില്‍ അഭിനിവേശത്തിന്റെയും വികാരങ്ങളുടെയും ഇരിപ്പിടം, രക്ഷപ്പെടല്‍, അശുഭാപ്തിവിശ്വാസം എന്നീ ആശയങ്ങളില്‍ സമാനതകള്‍ കണ്ടെത്താന്‍ കൊല്‍ക്കുവിനു കഴിഞ്ഞു[20].
പാരീസ്, ലണ്ടന്‍, ഇസ്താംബൂള്‍ എന്നീ തലസ്ഥാനനഗരങ്ങളെ ബോദ്ലെയറും ഏലിയറ്റും ഫിക്രെറ്റും അവരവരുടെ കവിതകളില്‍ അവതരിപ്പിക്കുന്നുണ്ട്. “ആശുപത്രികള്‍, വേശ്യാലയങ്ങള്‍, ശുദ്ധീകരണശാലകള്‍, നരകം, ജയില്‍ ഇവയൊക്കെ ചേരുന്ന നഗരമാണ് പാരീസ്[21]" എന്ന് Épilogue' of Paris Spleen ല്‍ ബോദ്ലെയര്‍ പറയുന്നു. അതുപോലെത്തന്നെ ഫിക്രെറ്റിന്റെ 'ഫോഗി'ല്‍ ഇസ്താംബൂളിനെ, "കൊലയാളി ഗോപുരങ്ങള്‍, കോട്ടകളും തടവറകളും ഉള്ള കൊട്ടാരങ്ങള്‍" എന്നിങ്ങനെ അവതരിപ്പിക്കുന്നു[22].
ലണ്ടന്‍ അയഥാര്‍ത്ഥമായ ഒരു നഗരത്തിന്റെ ചിത്രമായാണ് കടന്നുവരുന്നത്. ലണ്ടന്‍ ബ്രിഡ്ജിലൂടെ ഒരുകൂട്ടം ആളുകള്‍ ബോദ്ലെയറിന്റെ 'Paris le fourmillante tableau' പ്രതിധ്വനിപ്പിച്ചുകൊണ്ട് ഏലിയറ്റിന്റെ വേസ്റ്റ് ലാന്‍ഡില്‍ ഒഴുകുന്നു. "ശൈത്യകാലത്തെ തവിട്ടുനിറത്തിലുള്ള ഒരു മൂടല്‍മഞ്ഞിലാണ് നഗരം[23]”; "ചക്രവാളങ്ങളെ മുഴുവന്‍ പൊതിഞ്ഞിരിക്കുന്ന ധാര്‍ഷ്ട്യമുള്ള മൂടല്‍മഞ്ഞ്[24]"പോലെ നഗരത്തെ ഒരു പുക മറച്ചിരിക്കുകയാണ്. ശപിക്കപ്പെട്ട നഗരമായാണ് ഇസ്താംബൂള്‍ ഫിക്രെറ്റിന്റെ ദി ഫോഗില്‍ വരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ സുല്‍ത്താന്‍ അബ്ദുള്‍ ഹാമിത്തിന്റെ രാജവാഴ്ച മൂലമുണ്ടാകുന്ന ഭാവനാപരമായ ശാപമാണിത്. ഇവിടെ ഇസ്താംബൂള്‍ ഒരു പ്രതീകമാണ്. യഥാര്‍ത്ഥത്തില്‍ ശാപം നഗരത്തിനല്ല, രാജവാഴ്ചയുടെ കാലഘട്ടത്തിനായിരുന്നു. "ഇസ്താംബൂളിനെ ടര്‍ക്കിഷ് സാഹിത്യത്തില്‍ ശപിക്കപ്പെട്ട നഗരമായി ആദ്യം പ്രഖ്യാപിക്കുന്നത് ദി ഫോഗില്‍ ആണ്[25]”.
ഫിക്രെറ്റിന്റെ കവിതകളില്‍, ഇസ്താംബൂളിനെ വേശ്യകളുമായി ഉപമിക്കുന്നു. എന്നാല്‍ ബോദ്ലെയര്‍ പാരീസിന്റെ എല്ലാ സൗന്ദര്യത്തെയും വൃത്തികേടുകളെയും വേശ്യകളെയും ഒരുപോലെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നു. “ അപ്രസിദ്ധമായ നഗരമേ, വേശ്യകളെ, നിന്നെ ഞാന്‍ സ്നേഹിക്കുന്നു[26].” പാപത്തില്‍ മുഴുകിയ നഗരത്തെ, വേശ്യാലയത്തിന്റെയും ശുദ്ധീകരണശാലയുടെയും ജയിലിന്റെയും ചീത്തവശമുള്‍ക്കൊള്ളുന്ന നരകത്തെക്കുറിച്ചോര്‍മ്മപ്പെടുത്തിക്കൊണ്ട് ബോദ്ലെയര്‍ ഈ കുപ്രസിദ്ധിയെ സ്വയം സ്വീകരിക്കുന്നു. ഫിക്രെറ്റിന് ഇസ്താംബൂളിനോട് കനത്ത വിദ്വേഷമാണ്. “വിശാലമായ, പഴഞ്ചനായ, വയസ്സനായ, സുന്ദരനായ വിഡ്ഢി. വിധവയായ സ്ത്രീ, ആയിരം ഭര്‍ത്താക്കന്മാരുടെ അവശിഷ്ടം ഇതൊക്കെയാണ് ഇസ്താംബൂള്‍[27]"
പാരീസിലായാലും ലണ്ടനിലായാലും ഇസ്താംബൂളിലായാലും ക്രോധം, മരണം, കൊലയാളികള്‍, നരകത്തിന്റെ വാതിലുകള്‍ തുടങ്ങിയവയെല്ലാമുണ്ട്. ഈ നഗരങ്ങളില്‍ നിന്നുള്ള രക്ഷപ്പെടലാണ് കവികള്‍ ആഗ്രഹിക്കുന്നത്. പക്ഷെ അവര്‍ എങ്ങോട്ടും പോകുന്നില്ല, അവര്‍ക്ക് പോകാന്‍ കഴിയുന്നില്ല. എല്ലാം അടങ്ങുന്ന സൗന്ദര്യമാണ് ലണ്ടനും പാരീസിനും. പക്ഷെ, ഇസ്താംബൂള്‍ ഫിക്രെറ്റിനെ ഒരിക്കലും ഭ്രമിപ്പിക്കുന്നില്ല. കാപട്യം, അഴുക്ക്, വെറുപ്പ്, അസൂയ എന്നിവ നിറഞ്ഞതാണ് ആ നഗരം. “ലോകത്തിന്റെ അത്രയും പഴയ അവശിഷ്ടമേ... മൂടുക, ശാശ്വതമായി ഉറങ്ങുക" എന്ന വരികളില്‍ കവി ഇസ്താംബൂളിനെ അപമാനിക്കുകയും ശപിക്കുകയും ചെയ്യുന്നു. ഏലിയറ്റിന്റെ ലണ്ടന്‍ ഒരു മൃതഭൂമിയാണ്. ജനന-മരണങ്ങള്‍ക്കിടയിലെ പോരാട്ടത്തില്‍ ആളുകളെല്ലാം അശക്തരാണ്. “ചെറുതും അപൂർവവുമായ നെടുവീർപ്പുകൾ പുറന്തള്ളപ്പെട്ടു, ഓരോരുത്തരും കാലിനു മുൻപിൽ കണ്ണുകൾ ഉറപ്പിച്ചു. കുന്നിൻ മുകളിലേക്കും താഴെ വില്യം രാജാവിന്റെ നാമത്തിലുള്ള തെരുവിലേക്കും ഒഴുകുന്നു, അവിടെ വിശുദ്ധ മേരി വൂൾനോത്ത് ഒൻപതിന്റെ അവസാന തലോടലോടെ, ഒരു ശബ്ദത്തോടെ മണിക്കൂറുകൾ സൂക്ഷിച്ചു[28].” എന്ന വരികളില്‍ കവി നഗരത്തെ വര്‍ണ്ണിക്കുന്നു.
പാരീസ് നരകത്തിന്റെ കവാടമാണ്, ലണ്ടന്‍ തരിശുഭൂമിയാണ്, ഇസ്താംബൂള്‍ പഴയ അവശിഷ്ടവും. ഇവയെല്ലാം തരിശിടങ്ങളാണ്; അഭിനിവേശത്തിന്റെയും വൈകാരികതയുടെയും നഗരമാണ്. താമസിയാതെ അവരുടെ ആളുകള്‍ ഏലിയറ്റിന്റെ വാക്കുകളിലെ പൊള്ളയായ മനുഷ്യരാകും. തീര്‍ച്ചയായും മൂന്നുകവികളെക്കുറിച്ചും കവിതകളെക്കുറിച്ചും ഒരുപാട് വസ്തുതകളുണ്ട്. താരതമ്യസാഹിത്യത്തിനുള്ള ഒരു പരിശീലനാര്‍ത്ഥമാണ് ഇവിടെ ഇത്രയും കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചത്.
IV
പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും കാലഘട്ടം മുതല്‍ ഇന്നുവരെ, മറ്റുള്ളവരുടെ സാഹിത്യം, ഭാഷ, സംസ്ക്കാരം, രീതികള്‍ എന്നിവയില്‍ മനുഷ്യന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാനും അവര്‍ മുന്നോട്ടുവന്നിരുന്നു. അക്കാദമിക് തലം പരിശോധിച്ചാല്‍ പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ താരതമ്യസാഹിത്യം വളരുകയും സൈദ്ധാന്തികമാനത്തിലെത്തുകയും ചെയ്തിരുന്നു. താരതമ്യസാഹിത്യത്തിന്റെ ശാസ്ത്രീയത താരതമ്യസാഹിത്യസിദ്ധാന്തത്തിന്റെയും സാഹിത്യവിമര്‍ശനത്തിന്റെയും പക്ഷത്തോട് ചായ്വ് പ്രകടിപ്പിക്കുന്നുണ്ട്. ഒരു കുടവാക്യമെന്ന നിലയില്‍ താരതമ്യസാഹിത്യം, ലോകസാഹിത്യത്തിലേക്ക് ആകാംക്ഷാപൂര്‍ണ്ണമായ ശ്രദ്ധ ക്ഷണിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നുണ്ട്.
വെല്ലകും വാറനും താരതമ്യസാഹിത്യത്തിന്റെ തത്ത്വങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ ടൊറ്റോസി ഡി സെപെറ്റ്നെക് താരതമ്യസാഹിത്യത്തിന് പ്രാഥമികമായി വേണ്ട രണ്ട് വഴികളെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, ഒന്നിലധികം ദേശീയഭാഷകളെയും സാഹിത്യങ്ങളെയും കുറിച്ചുള്ള അറിവ് ഉണ്ടാകലാണ് താരതമ്യസാഹിത്യം. അതിനായി സാഹിത്യങ്ങളെ പഠിക്കാനുള്ള ആപ്ലിക്കേഷനുകളും അറിഞ്ഞിരിക്കണം. രണ്ട്, താരതമ്യസാഹിത്യത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരെക്കൂടി ഉള്‍പ്പെടുത്തേണ്ടത് ധാര്‍മികതയാണ്. അത് ഏതു തരത്തിലുള്ള അരികുവല്‍ക്കരണമായാലും[29]. എന്താണ് താരതമ്യസാഹിത്യം കൊണ്ടര്‍ത്ഥമാക്കുന്നത്? ഏതൊക്കെ സംസ്ക്കാരങ്ങളാണ് ഭാഷകളാണ് അല്ലെങ്കില്‍ ആരുടെ സാഹിത്യമാണ് പരിഗണിക്കേണ്ടത്? ലോകസാഹിത്യവുമായി ഇതിനു വല്ല ബന്ധവുമുണ്ടോ? ദേശീയസാഹിത്യവും അന്തര്‍ദേശീയസാഹിത്യവും തമ്മിലുള്ള ബന്ധമെന്താണ്? ലോകസാഹിത്യത്തിലെ താരതമ്യാത്മക സമീപനങ്ങളേതൊക്കെയാണ്? എന്നീ ചോദ്യങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നമുക്കെന്താണ് നല്‍കുക? എല്ലാ രാജ്യങ്ങളിലെയും താരതമ്യസാഹിത്യത്തിലൂടെയുള്ള സഞ്ചാരമാണോ? ആരാണ് ഇതില്‍ തത്പരരായിരിക്കുന്നത്? എന്താണ് താരതമ്യസാഹിത്യം നമുക്ക് നല്‍കുന്നത്?
1827 ജനുവരി 31 ന് രാത്രിഭക്ഷണത്തിനു ശേഷം ഗോയ്ഥെ എക്കര്‍മാനോട് സംസാരിക്കുന്ന വേളയില്‍ "പ്രത്യേകിച്ച്, പലതവണ പലതരത്തില്‍ വായിച്ച ഒരു ചൈനീസ് നോവലിനെക്കുറിച്ച് പറഞ്ഞാല്‍, വളരെ ശ്രദ്ധേയമായി തോന്നുന്ന തരത്തില്‍ അത് അവനെ ഉള്‍ക്കൊള്ളുന്നുണ്ട്. ഒരു പ്രതികരണമെന്ന നിലയിലാണെങ്കില്‍ നോവല്‍ ഭയങ്കര വിചിത്രമായി തോന്നുന്നു" എന്ന് എക്കര്‍മാന്‍ അഭിപ്രായപ്പെടുകയുണ്ടായി. “നിങ്ങള്‍ കരുതുന്നതുപോലെ ഒന്നും ഇല്ല" എന്ന ഗോയ്ഥേയുടെ മറുപടി ചൈനീസ്-ജര്‍മന്‍-ഇംഗ്ലീഷ് നോവലിസ്റ്റുകളെ താരതമ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ സമീപനത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കാം. “ചൈനയിലെ മനുഷ്യര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അനുഭവിക്കുന്നതും ഏകദേശം നമ്മുടേതുപോലെയാണ്. ചെയ്യുന്ന പ്രവൃത്തികളിലെ കൃത്യത, സത്യസന്ധത, അലങ്കാരാത്മകത എന്നിവയിലൊഴികെ നമ്മള്‍ അവരെപ്പോലെയാണെന്ന് പിന്നീട് തിരിച്ചറിയുന്നു. അവരോടൊപ്പം എല്ലാം ചിട്ടയുള്ളതും പൗരനെപ്പോലെയുള്ളതും വലിയ അഭിനിവേശമോ കാവ്യാത്മകതയോ ഇല്ലാത്തതുമാകുന്നു. എന്റെ 'ഹെര്‍മനും ദൊറോത്തിയും' നോവലിനോടും റിച്ചാര്‍ഡ്സന്റെ ഇംഗ്ലീഷ് നോവലുകളോടും ശക്തമായ സാമ്യത അവര്‍ പുലര്‍ത്തുന്നുണ്ട്. അവര്‍ നമ്മളില്‍ നിന്ന് വ്യത്യസ്തരായിരിക്കാം. ബാഹ്യപ്രകൃതിയില്‍ എല്ലായ്പ്പോഴും മനുഷ്യാകാരത്തോട് ബന്ധപ്പെട്ടതാണ് അവരും. സ്വര്‍ണ്ണമത്സ്യം കുളത്തില്‍ നീന്തിത്തുടിക്കുന്നതും പക്ഷികള്‍ പാടുന്നതും ദിവസങ്ങള്‍ ശാന്തവും പ്രകാശപൂരിതമാകുന്നതും തെളിഞ്ഞ രാത്രിയും നമുക്കെപ്പോഴും കാണാനും കേള്‍ക്കാനും കഴിയും[30]"
വായനയെ ആസ്വദിക്കുന്നവരും മറ്റു ഭാഷകളിലെ രചനകളെയും സംസ്ക്കാരത്തെയും വിശകലനം ചെയ്യുന്നവരും ഗോളാന്തരപഠനം നടത്തുന്നവരും അന്തര്‍ദ്ദേശീയ ബന്ധങ്ങളില്‍ താത്പര്യമുള്ളവരുമായ വായനക്കാര്‍ക്കും ഗവേഷകര്‍ക്കും താരതമ്യസാഹിത്യം തനതായ ഒരു ഉപകരണമാണ്. മുന്‍പ് പറഞ്ഞതുപോലെ, വ്യത്യസ്ത ദേശങ്ങളിലെ, സംസ്കാരങ്ങളിലെ, ഭാഷകളിലെ സാഹിത്യപാഠങ്ങളാണ് താരതമ്യസാഹിത്യത്തില്‍ അടിസ്ഥാനമായി ആവശ്യമുള്ളത്. ഒരു താരതമ്യപഠിതാവിന് അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഭൂഗോളത്തിലെവിടെയുമുള്ള സാഹിത്യങ്ങളെ പഠനവിധേയമാക്കാം. ദേശങ്ങളുടെ അതിര്‍വരമ്പുകള്‍ കടന്ന് രണ്ടോ അതിലധികമോ സാഹിത്യപാഠങ്ങളെ താരതമ്യം ചെയ്യാം. ഉദാഹരണത്തിന്, ടര്‍ക്കിഷ് ഭാഷയും സാഹിത്യവും പഠിക്കുന്ന ഒരാള്‍ക്ക് ഒരു വിദേശഭാഷ മനസ്സിലാകുന്നതോടൊപ്പം തന്നെ സ്വന്തം സംസ്കാരം, സാഹിത്യം എന്നിവയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും; അത് ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, ചൈനീസ് തുടങ്ങിയ ഏതു ഭാഷയായാലും.
നമ്മുടേയും മറ്റുള്ളവരുടേയും സാഹിത്യമൂല്യങ്ങളില്‍ പര്യവേക്ഷണം നടത്താന്‍ താരതമ്യസാഹിത്യം സഹായിക്കും. ഒരു ദേശത്തെ രചനകളെ താരതമ്യം ചെയ്ത് പഠിക്കുന്നത് ഒരിക്കലും താരതമ്യസാഹിത്യമാകില്ല എന്നത് മറക്കരുത്. അത്തരം ഉദ്യമം ഒരു സാഹിത്യപഠനമായോ ഒരു ദേശത്തിന്റെ സാഹിത്യചരിത്രത്തിന്റെ താരതമ്യപഠനമായോ മാത്രമേ പരിഗണിക്കാനാകൂ. ഒരു ദേശത്തെ സാഹിത്യവളര്‍ച്ച സാഹിത്യഗവേഷണമാണെന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. താരതമ്യസാഹിത്യം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്, വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും സാഹിത്യങ്ങളും തമ്മിലുള്ള പഠനമാണ്. ചുരുക്കത്തില്‍, എന്താണ് താരതമ്യസാഹിത്യം നമുക്ക് നല്‍കുന്നത് എന്നതിനെക്കുറിച്ചാണ് മുകളില്‍ ചര്‍ച്ച ചെയ്തത്. ലോകസാഹിത്യത്തിന് അനിവാര്യമാണ് താരതമ്യസാഹിത്യം. ഫ്രഞ്ചില്‍ വോള്‍ട്ടയറിന്റെയും ഇംഗ്ലീഷില്‍ സ്പെന്‍സറിന്റെയും ഇറ്റാലിയനില്‍ ദാന്തെയുടെയും റഷ്യനില്‍ ടോള്‍സ്റ്റോയിയുടെയും ടര്‍ക്കിഷില്‍ അല്‍ ഫരാബിയുടെയും പ്രാധാന്യത്തെ പരിശോധിച്ചറിയുന്നതോടൊപ്പം ലോകസാഹിത്യത്തെ മുഴുവന്‍ താരതമ്യസാഹിത്യത്തിന്റെ വെളിച്ചത്തില്‍ മികച്ച രീതിയില്‍ വിശകലനം ചെയ്യാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.
എല്‍മാസ് സഹിന്‍
ഇമെയില്‍ - elmassahin@cag.edu.tr
വിവ : നജ മെഹ്ജ ബിൻ കെ ബി
[1] Wellek & warren, 1949, page 40 [2] Shakespeare, 1773, page 235 [3] Baldensperger 1921, page 8 [4] Baldensperger, 1921, page 9 [5] Wellek & Warren, Theory of Literature, 1949, page 38. [6] Arnold, 1895, page 10 [7] Arnold, 1914, page 456 [8] Spivak, 2003, page 70 [9] Wellek, 1970, page 15 [10] Johnson, 1842, page 40 [11] Wellek & Warren, Theory of Literature, 1949, page 40 [12] Wellek, 1970, page 36. [13] Arnold, 1914, page 457. [14] Turquet-Milnes, 1913, page vi [15] Kolcu, 2002, page 449. [16] Valery, 1924. [17] Eliot, 1930, page 16 [18] Baudelaire, Les Fleurs du Mal, 1857, page 7. [19] Fikret, 1910, pp. 310-325. [20] Kolcu, 2002, pp. 121-167 [21] Baudelaire, 1917, page 179. [22] Fikret, 1910, page 291. [23] Eliot,1930, page 14. [24] Fikret, 1910, page 289 [25] Kaplan, 1998, page 110 [26] Baudelaire, 1917, page 180 [27] Fikret, `1910, page 290 [28] Eliot, 1930, page 15 [29] Totosy de Zeptnek, 1998, page 13 [30] Goethe, 1850, page 349
നജ മെഹ്ജബിൻ കെ ബി
ഗവേഷക
മലയാളവിഭാഗം
കേരളസർവകലാശാല,കാര്യവട്ടം