ട്രോൾ
ജൂലി ഡി.എം.
കാവ്യത്തെ സ്ത്രീയായി കാണുന്ന കൽപ്പനകൾ ഭാരതീയ കാവ്യ ശാസ്ത്രത്തിൽ പണ്ടേയുണ്ട്.എഴുത്തുകാരൻ സൃഷ്ടികർത്താവും എഴുത്ത് സൃഷ്ടിയായ സ്ത്രീയുമാണ്.എഴുത്ത് എന്ന സൃഷ്ടി പ്രക്രിയയിലേക്ക് എഴുത്തുകാരികൾ കൂടി കടന്നു വന്നപ്പോഴും സ്രഷ്ടാവ് പുരുഷനും സൃഷ്ടി സ്ത്രീയുമെന്ന കാവ്യ സങ്കല്പം മാറിയില്ല.കാവ്യം ഭാര്യയെ പോലെ ഉപദേശം നൽകുന്നതാവണമെന്ന് മമ്മടൻ കാവ്യപ്രയോജനത്തെ കുറിച്ച് പറയുന്നുണ്ട്.കാവ്യ രചനയും കാവ്യ സങ്കല്പങ്ങളും അതിൻറെ മട്ടും ഭാവവും വ്യവസ്ഥയുമൊക്കെ കൊഴിച്ചു കളഞ്ഞിട്ടും അതിനെ പഴയ ആലയിൽ കൊണ്ട് ചെന്ന് കെട്ടുന്ന കവിതകൾ രചിക്കപ്പെടുകയും അവ മുൻ നിര മാധ്യമങ്ങളിൽ അച്ചടിച്ചു വരികയും ചെയ്യുന്നു.
വായനയും പുസ്തകങ്ങളുമായുള്ള ഒരു എഴുത്തുകാരന്റെ ആത്മബന്ധം ആവിഷ്കരിക്കുന്ന കവിതയാണ് മാതൃഭൂമിയിൽ വന്ന കൽപ്പറ്റ നാരായണന്റ’എൻറെ കാവൽ മാലാഖ.’
പേരുകൊണ്ടു തന്നെ തൻറെ കവിത പതിറ്റാണ്ടുകൾക്ക് അപ്പുറത്താണ് നിലയുറപ്പിച്ചിരിക്കുന്നത് എന്ന് കവി വിളിച്ചു പറയുന്നു.എഴുത്തുകാരനും പുസ്തകങ്ങളും തമ്മിലുള്ള ആത്മബന്ധമാണ് കവി ആവിഷ്കരിക്കുന്നതെങ്കിലും ഒറ്റ വായനയിൽ കവിയും തന്റെ ജീവിത പങ്കാളിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്കാരമായേ വായനക്കാർക്ക് തോന്നൂ.അല്ലെങ്കിൽ അങ്ങനെ തോന്നുന്ന വിധത്തിലാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. വായനയും വിനീത വിധേയയായ സ്ത്രീയും തമ്മിലുള്ള സമീകരണം കവിതയിലുടനീളം കാണാം. ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാനാവാത്ത വിധം പാട്രിയാർക്കിയാൽ പരിപാലിക്കപ്പെടുന്ന ‘തളർവാതം’ പിടിച്ച പുരുഷൻ ജീവിത പങ്കാളിയിൽ നിന്ന് പ്രതീക്ഷിക്കുന്നതൊക്കെ കവി വായനയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്!
പതിനൊന്നാമത്തെയോ പന്ത്രണ്ടാമത്തെയോ വയസ്സിൽ “കൂടെ നിൽക്കാമോ, നിർത്തുമോ?” എന്ന് സംശയിച്ചു കവിയുടെ കൂടെ കൂടിയതാണവൾ.ആരറിഞ്ഞതിനേക്കാളും കൂടുതലായി തന്നെ അറിഞ്ഞു. ഒന്നും ചെയ്യാനില്ലാത്തപ്പോഴും ഇഷ്ടമില്ലാത്തത് ചെയ്യാനുള്ളപ്പോഴും മുന്നിൽ വന്നു നിന്നു. ഒരു സമാധാനവും കിട്ടാത്തപ്പോൾ എന്തിനുമേതിനും സമാധാനം കൊടുത്തു.ആരറിഞ്ഞതിനേക്കാളും കൂടുതലായി തന്നെ അറിഞ്ഞു.
ഒരുവരും ക്ഷമിക്കാത്തതും ക്ഷമിക്കത്തക്കതായി കണ്ട് ‘അങ്ങനെയല്ലാതെ നിങ്ങൾക്കപ്പോൾ ചെയ്യാനാവുമായിരുന്നില്ല’ എന്ന് ആശ്വസിപ്പിച്ചു. രഹസ്യമായ മുറിവുകളിൽ മരുന്ന് വെച്ചു കെട്ടിക്കൊടുത്തു. തന്റെ കാമുകിമാരെ തന്നെക്കാൾ കൊണ്ടാടി. ഒരിക്കലും പരാതിപ്പെട്ടില്ല. ക്ഷമയോടെ വിളിപ്പുറത്ത് കാത്തു നിന്നു .വിളിച്ചപ്പോൾ എന്തൊരിഷ്ടത്തോടെയാണ് വന്നത് ! എന്നിങ്ങനെ കവി ‘അവളെ’ ഓർക്കുന്നു.
കൂടെ നടന്നവഴികളും തനിക്ക് മാത്രം ഉതകുന്ന രക്ഷാമാർഗ്ഗങ്ങളും കാട്ടിത്തന്നു.
പുറപ്പെടുമ്പോൾതനിക്കായി തുന്നിയ തനിക്കല്ലാതെ പാകമാകാത്ത ഉടുപ്പുകൾ എടുത്തു തന്നു.
“എപ്പോഴും എന്നെ കൊതിച്ചു .
എന്നെ ഒറ്റയ്ക്ക്
മുഴുവനായി ആഗ്രഹിച്ചു.
ഒരുമിച്ചിരിക്കാനുള്ള
ഒഴിഞ്ഞിടങ്ങൾ കണ്ടെത്തി.
ഞാൻ ഭേദപ്പെടുന്നത്
ഉള്ളഴിഞ്ഞറിഞ്ഞു. അതുവരെയായിരുന്നതിൽ നിന്ന്
ഞാനും സന്തോഷത്തോടെ വ്യതിചലിച്ചുകൊണ്ടിരുന്നു.
ഞാൻ ഞാനാകുന്നതിൽ
അവളോളം പ്രയത്നിച്ചവരില്ല.”
തൻറെ എല്ലാ ആലോചനകളിലും തലയിടുന്ന ആ ഗൂഢാലോചനക്കാരിയെ വീട്ടിൽ ആർക്കും അത്രയൊന്നും ഇഷ്ടമായിരുന്നില്ലെന്ന് കവി ഓർക്കുന്നു. താൻ എത്ര അനാഥനാണെന്ന് അവളോളം ആരും അറിഞ്ഞില്ലെന്നും മനുഷ്യപുത്രനോ ദൈവപുത്രനോ തന്റെ പാപങ്ങൾ,പൊറുക്കാനുള്ള ത്രാണി ഇല്ലായെന്നും കൂടി കവിക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ അവൾ പറയുന്നുണ്ട്.
ഇങ്ങനെ ജീവിതപങ്കാളിയായ അല്ലെങ്കിൽ കാമുകിയായ സ്ത്രീയിൽനിന്ന് സാമ്പ്രദായിക പുരുഷൻ പ്രതീക്ഷിക്കുന്ന കാര്യങ്ങളെ വായനയുമായി സമീകരിച്ച് അവതരിപ്പിക്കുകയാണ് കവിതയിലുടനീളം.സ്ത്രീയെ കുറിച്ച് നിലവിലെ പാട്രിയാര്‍ക്കല്‍ സമൂഹം സൃഷ്ടിച്ചു വച്ചിരിക്കുന്നപൈങ്കിളി ധാരണകളെ വായനയുമായി സമീകരിക്കുന്നതിലൂടെ വായനയെയും കവിത പൈങ്കിളിവൽക്കരിക്കുന്നു.
വായനക്കാരന്റെ അഭിരുചി അനുസരിച്ച് വായന അയാളെ പുതുക്കിപ്പണിയുകയോ നിലവിലെ അവസ്ഥയിൽ തുടരാൻ പ്രേരിപ്പിക്കുകയോ പിന്നോട്ടടിക്കുകയോ ചെയ്യാം.മികച്ച കൃതികൾ വായനക്കാരെ സന്തോഷിപ്പിക്കുകയോ രസിപ്പിക്കുകയോ ചെയ്യുന്നതിനപ്പുറം
അതവരെ അസ്വസ്ഥതപ്പെടുത്തുകയും ചിന്തയ്ക്ക് തീ കൊളുത്തുകയും ചെയ്യും.അത് മനുഷ്യന് രക്ഷാമാർഗ്ഗം കാട്ടിത്തരുന്ന ഒന്നോ സമാധാനം പകരുന്ന ഒന്നോ ആവില്ല.വായന ഒരാളുടെ ചിന്തയിൽ അഗ്നി പടർത്തുകയും ഭാവനയെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യും.നിങ്ങളുടെ ആന്തരികലോകത്തെ മാറ്റിമറിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതും സമാധാനന്തരീക്ഷം തകർത്തു കളയുന്നതും ഒക്കെ ആവാമത്.അതിന് നിങ്ങളുടെ മുറിവുണക്കാൻ മാത്രമല്ല നിങ്ങളുടെയുള്ളിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കാനും കഴിയും.
എന്നാൽ കൽപ്പറ്റ നാരായണന് വായന രക്ഷാമാർഗം കാട്ടിക്കൊടുക്കുന്നതും സമാധാനം നൽകുന്നതും തന്നെ മറ്റാരെക്കാൾ നന്നായി അറിയുന്നതും തന്റെ എന്ത് പാപവും ക്ഷമിക്കുന്നതും മുറിവുകളിൽ മരുന്ന് വെച്ച് കെട്ടിക്കൊടുക്കുന്നവളുമായ കാവൽ മാലാഖയാണ്.ഒരിക്കലും പരാതിപ്പെടാത്ത ക്ഷമയോടെ വിളിപ്പുറത്ത് കാത്തുനിൽക്കുന്ന,വലിയ ഇഷ്ടത്തോടെ വിളിക്കുമ്പോൾ ഓടിയെത്തുന്ന,തന്നെ മാത്രം കൊതിക്കുന്ന, തന്നെ ഒറ്റയ്ക്ക് മുഴുവനായി ആഗ്രഹിക്കുന്ന ഒരുവളായി വായനയെ കാണുന്ന കൽപ്പന വായനക്കാരെ ചിരിപ്പിക്കാതിരിക്കില്ല.സ്ത്രീയെ സാഹിത്യം പൈങ്കിളിവൽക്കരിക്കുന്നതുപോലെ വായനയേയും പൈങ്കിളിവൽക്കരിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് കൽപ്പറ്റയുടെ കവിതയിൽ മുഴച്ചു നിൽക്കുന്നത്.