ട്രോൾ
ജൂലി ഡി എം
ഗൃഹാതുരത്വത്തിന് ജീവിതത്തിലും സാഹിത്യത്തിലും നല്ല മാർക്കറ്റാണ്.അളിഞ്ഞതും
ചീഞ്ഞതുമാണെങ്കിലും ചിലവാകും. ഹൈന്ദവ വർഗീയ പാർട്ടിയുടെ മുന്നണി പോരാളിയാവാൻ കിണഞ്ഞ് പരിശ്രമിക്കുന്ന മലയാള സിനിമയിലെ പിൻ നിര നടന്റെ ‘കുഴികുത്തി കഞ്ഞി കൊടുക്കൽ ‘നൊസ്റ്റാൾജിയ
കേട്ടിട്ടുണ്ടായ കോരിത്തരിപ്പ് മലയാളിക്ക് മാറിയിട്ടില്ലല്ലോ.”കുഴികുത്തി പഴങ്കഞ്ഞി ഒഴിച്ചു കൊടുക്കുമ്പോൾ പാടത്തും പറമ്പിലും പണിയെടുത്ത് വിയർത്തു തളർന്നു വരുന്നവർ ആർത്തിയോടെ വന്നു കഴിക്കും. എന്ത് രസാ കണ്ടിരിക്കാൻ!
ഇവിടേം അതുപോലെ പഴങ്കഞ്ഞി ഇഷ്ടപ്പെടുന്ന ഒരാളുണ്ട് “ എന്ന് പറയുമ്പോൾ ഗൃഹാതുരത്വത്തിന്റെ മധുരസ്മരണകൾ പ്രേക്ഷകരിലേക്ക്
കിനിഞ്ഞിറങ്ങും. തന്റെ മകൾക്കും അതുപോലെ പഴങ്കഞ്ഞി കുടിക്കാൻ ഇഷ്ടമാണെന്ന് നടൻ പറയുമ്പോൾ കുഴികുത്തി പഴങ്കഞ്ഞി കുടിക്കാൻ വിധിക്കപ്പെട്ടിരുന്ന ഒരു വിഭാഗത്തിന്റെ ദൈന്യതയെ, ദുരിതത്തെ, ആത്മാഭിമാനത്തെ ഒക്കെ റദ്ദ് ചെയ്യാൻ സാധിക്കുന്നു.കൊല്ലാക്കൊല ചെയ്ത് പണിയെടുപ്പിച്ചിരുന്നവർ കുഴി കുത്തി പഴങ്കഞ്ഞി ഒഴിച്ചു കൊടുത്ത കാരുണ്യ പ്രവർത്തകരായും മാറുന്നു.ഇത് ഒരാളിന്റെ ഭൂതകാലക്കുളിരല്ല. ഫ്യൂഡൽ
രാജവാഴ്ചക്കാലത്തെ ഉപരിവർഗ്ഗ മനശാസ്ത്രം ജനാധിപത്യകാലത്തും പിന്തുടർന്നുപോരുന്ന ഒരു ജനതയുടെ വെളിപ്പെടലാണ്.
അതുകൊണ്ടാണ് ജനധിപത്യ കാലത്തെ ‘യുവ രാജാവ്’ താൻ “രാജാവാണെങ്കിലും ആരോടും
മിണ്ടാതൊന്നുമിരുന്നിട്ടില്ല” എന്ന് ഉദാരനാവുന്നത്.
നായരായ സിനിമാ നടൻ ബ്രാഹ്മണനാവാൻ ആഗ്രഹിക്കുന്നത്. ഇത്തരം എഴുന്നള്ളിപ്പുകൾക്ക് മാധ്യമങ്ങളിൽ കൂടുതൽ സ്ഥലവും സമയവും കിട്ടുന്നത്. ഇത്തരം ഫ്യൂഡൽ എഴുന്നള്ളിപ്പുകളുടെ ഒരു തനിയാവർത്തനം മണമ്പൂർ രാജൻ ബാബുവിന്റെ ഭാഷാപോഷിണിയിൽ പ്രത്യക്ഷപ്പെട്ട കവിതയിൽ കാണാം. ചക്കക്കുരുവിന്റെ ഇതിഹാസം എന്നാണ് കവിതയുടെ പേര്. ചക്കക്കുരു ഒരു മോശം കുരു അല്ല! അതിനും വേണ്ടേ ഒരു ഇതിഹാസം ?! പ്രസ്തുത കവിത വായിച്ചാൽ പഴയ ഫ്യൂഡൽ കാലം ഒന്ന് തിരിച്ചുവന്നെങ്കിൽ എന്ന് ഏത് കേശവനും ആഗ്രഹിച്ചു പോകും!
വീട് വെക്കാൻ മരം
വേണമല്ലോ എന്നോർത്തപ്പോൾ ഭൃത്യനായ കേശവൻ തിരുമേനിയെ ചെന്ന് കണ്ടു. ദേഷ്യം വന്നാൽ കൊശവൻ എന്നേ വിളിക്കാറുള്ളൂവെങ്കിലും അദ്ദേഹം സ്നേഹാർദ്രനാണെന്നറികയാൽ തിരുമേനിയുടെ പറമ്പിലെ വരിക്കപ്ലാവിലാണ് കേശവന്റെ കണ്ണുടക്കിയത്. നാട്ടിലെ വിലയെന്നും തരാനില്ലെങ്കിലും ഒരു ദക്ഷിണ വയ്ക്കാമെന്നും മരം തന്ന് അനുഗ്രഹിക്കണമേ എന്നും തൊഴുതു പറഞ്ഞു. കേശവൻ മരം മുറിച്ചു കൊണ്ട് പോയതറിഞ്ഞ കാര്യസ്ഥൻ
“ നാലിരട്ടിയെങ്കിലും കിട്ടുമാ
വൻ പ്ലാവിനെ
തുച്ഛമാം തുകയ്ക്കങ്ങ്
തുലച്ചുകളഞ്ഞൂലോ “
എന്ന് പരിഭവിച്ച് ഉറഞ്ഞെത്തി. അതിന് ലോകത്തിൽ വച്ച് ഏറ്റവും ഉദാരനായ തിരുമേനി പറഞ്ഞ മറുപടി മാന്യ വായനക്കാർ ചില്ലിട്ട് വയ്ക്കണം! “കാര്യസ്ഥൻ അടങ്ങുക
കേവലം ഒരു ചക്കക്കുരുവിൽ
കിളിർത്തുള്ളതല്ലേ ആ വൻ പ്ലാവ്
കുരുവൊന്നു ഞാൻ ദാനം കൊടു ത്തെന്നോർത്താൽ മതി
പുതു കൂരയിൽ പാവം
കേശവൻ പുലരട്ടെ “
ഇതു വായിച്ച് വീട് വയ്ക്കാൻ കഷ്ടപ്പെടുന്നവർ അന്ത തിരുമേനിയെയും ആ തിരുമേനി വാണ അന്ത നല്ല
കാലത്തേയുമോർത്ത് കുളിരാതിരിക്കുമോ?!
ഭൂതകാലക്കുളിർ കോരി നിറയ്ക്കാൻ കവിക്ക് അവസരം കൊടുത്ത ഭാഷാപോഷിണിക്ക് കൊടുക്കാം നിറഞ്ഞ കൈയ്യടി ! ഇനിയും ഇത്തരം
തിരുമേനിക്കവിതകളുടെ
പ്രസാധകരാകാൻ കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു. അഭിവാദ്യങ്ങൾ !