ട്രോൾ
ജൂലി ഡി എം
സോപ്പ്, തേപ്പ് , ചെരുപ്പ് ഇത്യാദി ഉപയോഗിക്കുന്നതിനനുസരിച്ച് തേഞ്ഞുതീരുന്ന ഒന്നാണോ കവിത ?! എഴുതിയെഴുതി തിടം വയ്ക്കുന്നത്, മൂർച്ചയേറുന്നത്, മനോഹരമാകുന്നത് എന്നൊക്കെയാണ് സങ്കല്പം. പക്ഷേ അനുഭവം മറിച്ചാണ്. മലയാളം വാഴ്ത്തിപ്പാടിയ പല കവികളുടെയും കവിതകൾ പരിശോധിച്ചാൽ ഈ തേയ്മാനം ദൃശ്യമാകും.കവിതയ്ക്ക് എന്തും വിഷയമാകാം. പക്ഷേ അതിൽ കവിതയുണ്ടാകണം എന്നത് പ്രധാനമാണ്.കവിതയില്ലായ്മ കവിതയുടെ
മുഖമുദ്രയാവുന്നത് ശോചനീയമാണ്.കവിതയിൽ സ്ഥിര പ്രതിഷ്ഠ നേടിയവരുടെ ഒരു കവിതയെങ്കിലുമില്ലാതെ ആഴ്ച്ചപ്പതിപ്പ് പുറത്തിറക്കാൻ മടിക്കുന്ന പത്രാധിപന്മാരും
ഈ ശോച്യാവസ്ഥക്ക് ഉത്തരവാദികളാണ്.
കവികളെ മാത്രമായി കുറ്റം പറയാനില്ല. ആനുകാലികങ്ങളിൽ നിന്ന് തലങ്ങും വിലങ്ങും കവിതയ്ക്കായുള്ള മുറവിളി ഉണ്ടായാൽ പാവം കവികൾ പിന്നെന്ത് ചെയ്യും? എന്തെങ്കിലുംഎഴുതിക്കൊടുക്കുകയല്ലാതെ !
ഭാഷാപോഷിണിയിൽ വന്ന സച്ചിദാനന്ദൻറെ മുങ്ങി മരിക്കുന്നവർ എന്ന കവിത നോക്കുക. മുങ്ങി മരിച്ച രണ്ട് സുഹൃത്തുക്കളെ കുറിച്ചാണ് കവിത. കവിതയിൽ ആദ്യന്തം ചോദ്യങ്ങളാണ്. ചോദ്യങ്ങൾ മുങ്ങി മരിച്ച സുഹൃത്തുക്കളോടാണോ വായനക്കാരോടാണോ എഡിറ്ററോടാണോ എന്നൊന്നും അറിയില്ല.
മുങ്ങി മരിക്കുന്നവർ എങ്ങോട്ട്പോകുന്നു ?
അവർ ആണ്ടുപോയത് ഓർമ്മയിലേക്കോ,മറവിയിലേക്കോ?
അതോ പായലുകളിൽ കുരുങ്ങി ജലവിഭ്രാന്തിയിലേക്കോ?
എന്നിങ്ങനെ ചോദ്യങ്ങൾ തുടങ്ങുന്നു.
അവരുടെ കണ്ണുകൾ ശരിക്കും പവിഴങ്ങളാകുമോ?
കാതുകൾ മീനുകളായി രൂപം കൊള്ളുമോ?
ഡോൾഫിനുകൾ ചിറകുകൾ കൊണ്ടെന്ന പോലെ
അവർ തണുത്ത കൈകൾ കൊണ്ട് ദൂരങ്ങൾ തുഴയുമോ?
കാലുകൾ തിമിംഗലത്തിന്റെ വാലുകൾ ആകുമോ?
ആർക്കറിയാം ! കവിയേ എന്ന് പറഞ്ഞ് വായന തുടരുകയേ നിർവാഹമുള്ളൂ! കവിതയിൽ മുങ്ങി മരിക്കാൻ തീരുമാനിച്ചവർക്ക് മുന്നിൽ മറ്റെന്താണ് വഴി?!
അടുത്ത ചോദ്യം
ജല ജീവിതത്തിന്റെ ചടങ്ങുകൾ എന്തായിരിക്കും ? എന്നതാണ്.
മുൻപ് മുങ്ങിമരിച്ചവർ അവരെ ജലഗീതി കൊണ്ട് സ്വാഗതം ചെയ്യുമോ, പിന്നാലെ വരുന്നവരെ വേറൊരു രാഗത്തിൽ അവരും ?
ജലത്തിനടിയിൽ കിടന്ന് കാണുന്ന ആകാശം എങ്ങനെയായിരിക്കും?
സൂര്യരശ്മികൾ അവരെ തലോടുമോ? രാത്രി അവർക്ക് കണ്ണു കാണുമോ?
ചോദ്യ പ്രവാഹത്തിൽ ശ്വാസം മുട്ടിയ വായനക്കാർ ഒരിറ്റു ശ്വാസത്തിനായി പിടയും . പക്ഷേ കവി കരുണാമയനാണ് ! കവിത വായിച്ച് അന്ത്യശ്വാസം വലിക്കുന്നവർക്ക് വലിക്കാനുള്ള അവസാനശ്വാസം പൗരാണികതയുടെ രൂപത്തിൽ കവി കരുതി വെച്ചിട്ടുണ്ട്!!
"അവർ നോഹയുടെ പെട്ടകത്തിൽ
കയറിപ്പറ്റുമോ? അതോ, ഒരു താമരയിലയിൽ അവർ
പൊന്തിക്കിടക്കുമോ, വിരൽ ചപ്പി, പൊക്കിളിൽ പൂവുമായി ?"
നോഹയുടെ പെട്ടകത്തിനും നാഭിയിൽ പൂവുള്ള മഹാവിഷ്ണുവിനും ഒപ്പം ചുരുങ്ങിയത് ഒരു മീസാൻ കല്ലോ സംസം ജലമോ കൂടി ഉണ്ടായിരുന്നെങ്കിൽ സർവ്വമത സാഹോദര്യം ഒത്തേനെ! ആദ്യവസാനം വറ്റി വരണ്ട കവിതയിൽ ഒന്നോ രണ്ടോ പൗരാണിക സൂചനകളാൽ കവിതയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നിടത്താണ് യഥാർത്ഥ കവിത മരണമടയുന്നത്. എന്തായാലും കവിത പരമ്പര ദൈവങ്ങളും മുങ്ങിമരിച്ചു പോയ സുഹൃത്തുക്കളും കവിയോട് പൊറുക്കുമാറാകട്ടെ !!