ട്രോൾ
ജൂലി ഡി. എം.
അഭിജാത സാംസ്കാരിക അരിപ്പ വഴി മലയാള കവിത അരിച്ചു വെടിപ്പാക്കി ഒരുക്കി വെച്ച കവിതാ പരിസരങ്ങളെ, കവിതയുടെ ചേരികളിലും പുറമ്പോക്കിലും ഉപേക്ഷിച്ച പദങ്ങളാലും പരിസരങ്ങളാലും ഉടച്ചുവാർക്കുന്ന നിർമ്മാണ പ്രക്രിയയുടെ കാഴ്ചകളാണ് അലീനയുടെ കവിതകൾ വായനക്കാർക്ക് സമ്മാനിക്കുന്നത്.മുഖ്യധാര കവിതാ ലോകം വശങ്ങളിലേക്ക് ഒതുക്കി, ടാർപോളിൻ കൊണ്ട് മറച്ചുവെച്ച ജീവിതത്തെയാണ് ആ കവിതകൾ പ്രദർശനത്തിന് വച്ചിരിക്കുന്നത്. നടപ്പ് ശീലങ്ങളോട്, സൗന്ദര്യബോധങ്ങളോട്, സാമുദായിക പരിഗണനകളോട് അത് കലഹിക്കുകയും സ്വന്തം തട്ടകത്തിലേക്ക് പോരിന് വിളിക്കുകയും ചെയ്യുന്നു.കറുപ്പും പട്ടിണിയും പ്രേതങ്ങളും ഈരും പേനും കലർന്ന ജീവിതങ്ങളും നിറഞ്ഞ ഇരുണ്ട സൗന്ദര്യത്തിന്റെ മാസ്മരികത ആ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു.കറുപ്പിനോട് യുദ്ധം ചെയ്യുന്ന ഒരു ലോകത്തെ കവി 'കറുപ്പ് യുദ്ധം' എന്ന പേരിൽ തന്നെ കവിതയാക്കുന്നുണ്ട്. നമ്മളറിയാത്ത അനുഭവങ്ങളുള്ള നമ്മുടെ ചുറ്റിനുമുള്ള മനുഷ്യർ നമുക്കറിയാത്ത ഭാഷയും
നമ്മൾ പോകാത്ത രാജ്യവുമാകുന്നു. കവിതയിലൂടെ ഇരുണ്ട സൗന്ദര്യത്തിന്റെ ഒരു ലോകം അത് തീർക്കുന്നു.അലീനയുടെ കവിതയിലെ ഇരുളിന്റെ പ്രത്യേകത ,അത് വായനക്കാരുടെ മനസിലെ ഇരുളിനെ അകറ്റുമെന്നതാണ്.ആ കവിതകളിൽ കടന്നുവരാത്ത വിഷയങ്ങളില്ല.പ്രകൃതിനിർദ്ധാരണവും ഗ്രാവിറ്റിയും കറുപ്പിനോട് നിരന്തരം യുദ്ധം ചെയ്യുന്ന സൗന്ദര്യബോധവും ഏലിയനുമൊക്കെ കവിതകളായി നിറയുന്നു.ഇരുണ്ട ജീവിതങ്ങളിൽ കവിതയുടെ പ്രകാശം തെളിയിക്കുകയാണ്
സിൽക്ക് റൂട്ട് എന്ന കവിതാ സമാഹാരത്തിലൂടെ അലീന.'സിൽക്ക് റൂട്ടി'ലെ പൂതപ്പാട്ട്, റിയൽ വെർച്വാലിറ്റി,ഗർഭം എന്നീ കവിതകളെ പരിചയപ്പെടുത്തുന്നു.
അലീനയുടെ പൂതപ്പാട്ട്
ഇടശ്ശേരിയുടെ പൂതപ്പാട്ടിനെ അതേ പേരിൽ തന്നെ അപനിർമിക്കുന്നത് രസകരവും ചിന്തോദ്ദീപകവുമാണ്.പൂതപ്പാട്ടിന്റെ കീഴാള നിർമ്മിതിയാണത്.
"പറയന്റെ കുന്നിന്റെ ചെരുവിൽ പാറക്കെട്ടുകൾക്കിടയിൽ
ഒരു പൂതം താമസിച്ചിരുന്നു." എന്ന വരികളിൽ കവിത തുടങ്ങുന്നു.സ്വന്തം കാര്യം നോക്കി നടന്നിരുന്ന, തെച്ചിക്കാട്ടിലേക്ക് നീട്ടിത്തുപ്പി തെച്ചിപ്പൂക്കളെ ചോര പോലെ ചുവപ്പിച്ചിരുന്ന പൂതം പയ്യിനെ മേയ്ക്കുന്ന പയ്യന്മാർ മരച്ചോട്ടിൽ കിടന്നുറങ്ങുമ്പോൾ പയ്യിന് കൂട്ടിരിക്കും. കൂലിയായി പാല് കറന്നെടുക്കും. ഒരു ഉച്ചയ്ക്ക് പാറയാകെ പൊള്ളി അവിഞ്ഞ് തിളച്ച് കിടക്കുമ്പോൾ, പള്ളിക്കൂടത്തിൽ പോകാൻ മടിയുള്ള ഒരു കുട്ടി അടിവച്ചടിവച്ച് മല കേറി വന്നിട്ട് പൂമരച്ചോട്ടിൽ വെയില് കായുന്ന പൂതത്തോട് 'വട്ടു കളിക്കാം ,കുട്ടിയും കോലും കളിക്കാം ,സാറ്റ് കളിക്കാം' എന്നെല്ലാം പറഞ്ഞപ്പോൾ പൂതം 'ഇല്ല.. ഇല്ല… ഇല്ല...' എന്ന് നിഷേധാർത്ഥത്തിൽ തലയാട്ടിയതേ ഉള്ളൂ .പിന്നെ സംഭവിച്ചത് ചരിത്രം! സൂര്യൻ താണപ്പോൾ കുട്ടിയുടെ അമ്മ കരഞ്ഞു വിളിച്ചു വന്നു. പൂതം സമാധാനിച്ചു. കുട്ടിയെ കൊണ്ടുപോയ അമ്മ കഥകൾ പരത്തി.
" പൂതത്തിന് സ്വന്തമായി
ചരിത്രകാരന്മാർ ഇല്ലല്ലോ !"
കീഴാള സ്വത്വമുള്ള പൂതത്തിന് മാത്രമല്ല അത്തരം മനുഷ്യർക്കും ചരിത്രമില്ല എന്ന കാര്യം കവിത ഓർമിപ്പിക്കുന്നു.
റിയൽ വെർച്വാലിറ്റി
മനുഷ്യാനുഭവങ്ങളും ജീവിത ദുരന്തങ്ങളും മറ്റുള്ളവർക്ക് കാണാനുള്ള കാഴ്ചയും
വിപണനോൽപ്പന്നങ്ങളുമായി മാറുന്ന, വെർച്വൽ റിയാലിറ്റി അരങ്ങുവാഴുന്ന, ദുരന്ത മുതലാളിത്ത കാലത്തിൽ സാധ്യമാവുന്ന റിയൽ വെർച്വാലിറ്റിയെ അതേ പേരിൽ തന്നെ കവിതയിലാക്കുന്നുണ്ട് കവി.വെള്ളപ്പൊക്കത്തിലോ ഭൂകമ്പത്തിലോ മണ്ണിടിച്ചിലിലോ അകപ്പെട്ടിട്ടില്ലായെങ്കിൽ അതും സമാനമായതുമായ അനുഭവങ്ങൾ തടിക്കൊരു തരി പോലും കേടു പറ്റാതെ അനുഭവിപ്പിക്കാൻ അവസരം ഒരുക്കിത്തരുന്ന ഉപകരണത്തിന്റെ പരസ്യത്തിലാണ് കവിത തുടങ്ങുന്നത്.
"ഈ ഉപകരണം തലയിൽ ഘടിപ്പിച്ചാൽ,
കാറപകടം.
ബലാത്സംഗത്തിന് ഇരയായതിന്റെ ട്രോമ, കുട്ടിയെ കാണാതായ
അഭയാർത്ഥി അമ്മയുടെ വേദന, ഭിക്ഷക്കാരിയുടെ ഒക്കത്തെ
കുഞ്ഞിൻറെ മുഖത്തെ ദൈന്യം, സ്റ്റൈപന്റ് വാങ്ങാൻ
എണീപ്പിച്ചു നിർത്തിയ വിദ്യാർത്ഥി,
അറവു ശാലയിലേക്ക് വിൽക്കപ്പെട്ട മാടുകളുടെ കണ്ണുനീർ,
ജാതിപ്പേര് വിളിക്കപ്പെട്ട
പുലയന്റെ കോപം,
ബസ്സിൽ വച്ച് സ്ഥിരമായി
തോണ്ടലേൽക്കുന്ന പത്താം ക്ലാസുകാരി, ആണുങ്ങൾക്ക് ആർത്തവ വേദന…" ഇങ്ങനെ തങ്ങൾ അനുഭവിക്കാത്ത
അനുഭവങ്ങളനുഭവിക്കാനുള്ള അസുലഭാവസരമാണ് കമ്പനി പരസ്യം ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. നെഗറ്റീവ് വികാരങ്ങളെ പുറന്തള്ളി ആരോഗ്യകരമായ മനസ്സിന് റിയൽ വെർച്വാലിറ്റി എന്ന വമ്പൻ സാധ്യതയാണ് കമ്പനി തുറന്നിടുന്നത്. തങ്ങൾ ഒരിക്കലും നേരിടാൻ സാധ്യതയില്ലാത്ത അനേകം ജീവിതങ്ങൾ അനുഭവിച്ച് ആസ്വദിക്കാനുള്ള
സുവർണ്ണാവസരം ഉപഭോക്താവിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.അത് പുതിയൊരുൾക്കാഴ്ചയിലേക്കുള്ള
കഥാർസിസ് ആണ്. ആത്മാവിൻറെ ശാസ്ത്രീയ ശുദ്ധീകരണം വരുന്ന വഴിയാണതെന്നും പരസ്യം പറയുന്നു.
" 'ഞങ്ങളുടെ അനുഭവങ്ങൾ വിൽക്കരുത്' എന്ന് ബോർഡ് പിടിച്ച
ചെറിയ കൂട്ടത്തെ ശ്രദ്ധിക്കേണ്ട .
ശാസ്ത്ര വിരോധികൾ, മനുഷ്യ വിരോധികൾ! "എന്ന അറിയിപ്പിൽ കവിത അവസാനിക്കുന്നു.ദുരന്തങ്ങൾ അനുഭവിക്കുന്ന മനുഷ്യർ നരകിച്ചൊടുങ്ങുമ്പോൾ അവരുടെ ദുരന്താനുഭവങ്ങളെപ്പോലും കച്ചവടത്തിന് വയ്ക്കുന്ന ദുരന്ത മുതലാളിത്ത കാല വിപണിയെയാണ് കവിത പ്രശ്നവൽക്കരിക്കുന്നത്.
തികച്ചും വിവരണാത്മകമായി മാത്രം അവതരിപ്പിക്കാൻ കഴിയുന്ന സങ്കീർണമായ ഒരു വിഷയത്തെ അനായാസമായി അലീന കവിതയിലാക്കിയിരിക്കുന്നു.
കോട്ടയത്ത് എന്തുകൊണ്ട് ക്രിസ്തു ജനിച്ചില്ല!
കോട്ടയത്ത് ക്രിസ്തു ജനിക്കാതെ പോയതിന്റെ കാരണം വെളിപ്പെടുത്തുന്നുണ്ട് 'ഗർഭം' എന്ന കവിത!
ഫെബ്രുവരി മാസം പീരീഡ്സ് ആകാഞ്ഞപ്പോഴാണ് കോളേജിൽ പോകുന്ന വഴി മേരി ഐ കെയർ വാങ്ങി പരീക്ഷിച്ചു നോക്കിയത്. അപ്പോൾ വയറ്റിൽ കിടക്കുന്ന കൊച്ച് ചുവന്ന രണ്ടു വരകളായിരുന്നു. എങ്ങനേലും കളയാൻ വേണ്ടി ഓമക്കയും കൈതച്ചക്കയും കട്ട് പറിച്ചു തിന്നു നോക്കി.വയർ അങ്ങനെ വീർത്ത് വരവേ ഗ്യാസാണ്. ഭയങ്കര ഗ്യാസ് എന്ന് പറഞ്ഞു , മേരി. ജലൂസിൽ കുറെ കുടിച്ചിട്ടും മേരിയെ കൊച്ച് ചവിട്ടാനും തൊഴിക്കാനുമൊക്കെ തുടങ്ങി.ഒടുവിൽ മേരിയുടെ ഗ്യാസ് ലീക്കായി! 'മാനം കളഞ്ഞല്ലോടീ നീ… ആരാടീ… പറയടീ ."എന്ന് കഴുത്തിന് പിടിച്ച അന്നക്കുട്ടിയോടും ആങ്ങളയോടും മേരി "പ..പരിശുദ്ധാത്മാവ്" എന്നാണ് പറഞ്ഞത്. "ദൈവവിശ്വാസി അല്ലാതിരുന്ന ആങ്ങള മേരിയുടെ സുവിശേഷം കീറി പറിച്ചു കളഞ്ഞു.
അന്നക്കുട്ടി തെളിവ് നശിപ്പിച്ചു." അങ്ങനെയാണ് കോട്ടയത്ത് ക്രിസ്തു ജനിക്കാതെ പോയത്!
ഇവിടെ, വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന മതബോധങ്ങളെയും മിത്തുകളെയും നീറുന്ന ജീവിത യാഥാർത്ഥ്യങ്ങളിൽ കൊരുത്ത് ഐറണിയാക്കുന്നത് കാണാം.മലയാള കവിത പടിക്ക് പുറത്ത് നിർത്തിയിരിക്കുന്ന പൊള്ളുന്ന ജീവിതങ്ങളെ നർമ്മവും പാരഡിയും ഐറണിയും സർക്കാസവും കലർത്തി ഉമ്മറത്ത് കൈപിടിച്ചിരുത്താനുള്ള ആർജ്ജവമുള്ള കവിയാണ് അലീനയെന്ന് സിൽക്ക് റൂട്ട് എന്ന കവിത സമാഹാരം തെളിയിക്കുന്നുണ്ട്.