ട്രോൾ വിമർശനം
ജൂലി ഡി.എം.
ഉന്നയിക്കുന്ന വാദങ്ങളിൽ വസ്തുനിഷ്ഠമായ , ചരിത്രപരമായ, ശാസ്ത്രീയമായ പിൻബലം ഉണ്ടായിരിക്കുക എന്നത് ഏത് പണ്ഡിതനും ഉണ്ടായിരിക്കേണ്ട മിനിമം ഗുണമാണ്. വസ്തുതാപരമായും തെളിവുകളുടെ പിൻബലത്തിലും അതിന് നിലനിൽപ്പുണ്ടാവണം.ഒരു വാദത്തെ സ്ഥാപിച്ചെടുക്കാൻ വൈകാരികമൊ ഭാവനാപരമൊ ആയ യാതൊന്നും ഉപയോഗിക്കരുത്.ഇതൊന്നും
അറിയാത്തവരല്ല നമ്മുടെ ഭാഷാ പണ്ഡിതരും അക്കാദമിക്കുകളുമൊന്നും.പക്ഷേ മലയാളഭാഷയുടെ ക്ലാസിക് പദവിക്കുവേണ്ടിയുള്ള വാദമുഖങ്ങൾ ഉന്നയിക്കുമ്പോൾ ഇവിടത്തെ ഭാഷാ പണ്ഡിതരും അക്കാദമിക്കുകളും മേൽപ്പറഞ്ഞ വസ്തുതകൾ പാടെ വിസ്മരിക്കുകയും കേവലം ‘ഭാഷാ സ്നേഹികൾ’ മാത്രമായിപരിണമിക്കുകയും ചെയ്ത കാഴ്ചകൾ ഭാഷാ ചരിത്രത്തെയും ഭാഷാശാസ്ത്ര തത്വങ്ങളെയും എത്രത്തോളം അപഹാസ്യമാക്കുന്നു എന്ന് തെളിയിക്കുന്ന ഒരു പുസ്തകം മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. തങ്ങൾക്ക് ദഹിക്കാത്ത, ഖണ്ഡിക്കാൻ കഴിയാത്ത എന്തിനെയും ഒന്നുകിൽ തെറി വിളിച്ചോ അല്ലെങ്കിൽ ശ്മശാനമൂകത നടപ്പിൽ വരുത്തിയോ എതിരേൽക്കുന്ന ഒരു രീതിയാണ് ദൗർഭാഗ്യവശാൽ നിലനിൽക്കുന്നത്.ഡോ. രവിശങ്കർ എസ് നായർ എഴുതിയ ‘മലയാളം എന്തുകൊണ്ട് ക്ലാസിക്കൽ ഭാഷ അല്ല?’ എന്ന പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞു
വരുന്നത്. ഭാഷ കൊണ്ട് ഉപജീവനം നടത്തുന്നവരുടെ നേട്ടങ്ങൾക്ക് വേണ്ടിയോ , പ്രശസ്തിക്കുവേണ്ടിയോ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും വ്യാജ റിപ്പോർട്ടുകൾ ചമയ്ക്കുകയും ചെയ്യുമ്പോൾ ഇല്ലാതാകുന്നത് അക്കാദമികമായ സത്യസന്ധതയും വിശ്വാസ്യതയുമാണെന്ന് ഈ
കൃതി അടിവരയിട്ട് പറയുന്നു.
ക്ലാസിക്കൽ ഭാഷാ പദവി നിർണയിക്കാനായി ഇന്ത്യാ ഗവൺമെൻറ് നാല് മാനദണ്ഡങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്.
1. 1500 - 2000 വർഷങ്ങൾക്കു മേൽ പഴക്കമുള്ള വരമൊഴി സാഹിത്യം അല്ലെങ്കിൽ രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടായിരിക്കണം
2. മഹത്തായ പാരമ്പര്യമായി പല തലമുറകളായി പരിഗണിക്കപ്പെടുന്ന പ്രാചീന സാഹിത്യം / ലിഖിത പാഠങ്ങൾ ഉണ്ടാവണം.
3. സാഹിത്യ പാരമ്പര്യം സ്വകീയമായിരിക്കണം, കടംകൊണ്ടതാവരുത്.
4. ഒരു ക്ലാസിക്കൽ ഭാഷ അതിൻറെ പിൽക്കാല / സമകാലിക രൂപത്തിൽ നിന്ന് വ്യത്യസ്തമായിരിക്കാം . അല്ലെങ്കിൽ അതിൽനിന്നും രൂപപ്പെട്ട പുത്രി ഭാഷകളുമായി തുടർച്ച ഇല്ലാതിരിക്കാം. ലത്തീൻ റോമൻ, സംസ്കൃതം പാലി / പ്രാകൃതം എന്നിവ പോലെ.
മലയാളത്തിന് ക്ലാസിക്കൽ പദവി ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ ആദ്യമായി സമർപ്പിച്ചത് 2010 ൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന സർക്കാർ ആയിരുന്നു. അതിനായി റിപ്പോർട്ട് സമർപ്പിക്കാൻ നിയുക്തമായ സമിതിയുടെ റിപ്പോർട്ട് വിദഗ്ധസമിതി ‘ക്ലാസിക്കൽ ഭാഷയായി പരിഗണിക്കാനുള്ള പഴക്കം മലയാളത്തിന് ഇല്ല ‘എന്ന് വിധിച്ചു തള്ളുകയായിരുന്നു. എന്നാൽ 2012 ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്നതോടെ ക്ലാസിക്കൽ പദവി നേടിയെടുക്കാനുള്ള രാഷ്ട്രീയ തീരുമാനം ഉണ്ടാവുകയും അതിനുള്ള സമ്മർദ്ദ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.മലയാള സർവകലാശാല വൈസ് ചാൻസലർ കെ ജയകുമാർ, ഡോക്ടർ നടുവട്ടം ഗോപാലകൃഷ്ണൻ, ഭാഷാ വിദഗ്ധൻ ഡോ. ബി ഗോപിനാഥൻ നായർ എന്നിവർ ഉൾപ്പെട്ട വിദഗ്ധസമിതിയുടെ വാദങ്ങൾ ഒന്നും തന്നെ മലയാളത്തെ ക്ലാസിക്കൽ ഭാഷയാക്കാൻ പര്യാപ്തമായിരുന്നില്ല.എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തിനായി മലയാളം ശ്രേഷ്ഠഭാഷാ പദവിക്ക് അർഹമാണെന്ന് സ്ഥാപിക്കുന്ന ഒരു രേഖയുണ്ടാവുക എന്ന ഔപചാരികത നടപ്പിലാവുകയും ജയിപ്പിക്കാൻ മുൻകൂട്ടി തീരുമാനിച്ച കുട്ടിയുടെ പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തും പോലെ സമിതി റിപ്പോർട്ട് അംഗീകരിക്കുകയുമായിരുന്നു എന്ന് ശ്രീ. രവിശങ്കർ ചൂണ്ടിക്കാണിക്കുന്നു.
മലയാളം എന്തുകൊണ്ട് ക്ലാസിക്കൽ ഭാഷ അല്ല എന്ന കൃതിയുടെ ഒന്നാം ഭാഗത്തിൽ ക്ലാസിക്കൽ ഭാഷയുടെ പ്രത്യേകതകൾ ഗ്രന്ഥ കർത്താവ് വിശദമാക്കുന്നുണ്ട്.ഒരു ഭാഷയെ ക്ലാസിക്കൽ ആക്കുന്നത് ഭാഷയുടെ പഴക്കത്തിനേക്കാൾ അതിൻ്റെ സാംസ്കാരിക സാമൂഹിക ചരിത്രത്തിലെ ചില ഘടകങ്ങളാണ്. ക്ലാസിക്കൽ ഭാഷകൾ ഒരു പ്രത്യേക പ്രദേശത്ത് ഒതുങ്ങിക്കഴിഞ്ഞ ചെറു സമൂഹങ്ങളുടെ ഭാഷ ആയിരുന്നില്ല എന്നും വലിയ നാഗരിക സമൂഹങ്ങൾക്കൊപ്പമാണ് ആ ഭാഷകൾ വികസിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.ക്ലാസിക്കൽ ഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സൂചകം അതിൻ്റെ പഴക്കത്തേക്കാൾ അത് എത്ര നേരത്തേ വരമൊഴിയായി എന്നതാണ്. വാമൊഴി ഭാഷകൾക്കില്ലാത്ത വിപുലമായ വൈജ്ഞാനിക സമ്പത്താണ് പുരാതനകാലത്ത് തന്നെ വരമൊഴി രൂപം ഉണ്ടായ ഭാഷകളെ ക്ലാസിക്കൽ ആക്കി മാറ്റിയത്. അതായത് ക്ലാസിക്കൽ എന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന
ഭാഷകൾ ലോകത്തെ ഏറ്റവും പഴയ ലിഖിത ഭാഷകളാണ്. ഉദാ :ലത്തീൻ, പേർഷ്യൻ, സംസ്കൃതം, അറബിക്, ഹീബ്രു. ക്ലാസിക്കൽ എന്നറിയപ്പെടുന്ന ഭാഷകൾ എല്ലാം തന്നെ വൈജ്ഞാനിക സാഹിത്യത്താൽ സമ്പന്നമാണ്. പല ദേശങ്ങളിലെ പല ഭാഷകളെയും സാഹിത്യത്തെയും സ്വാധീനിച്ച ഭാഷകളാണ് ക്ലാസിക്കൽ ഭാഷകൾ. ക്ലാസിക്കൽ ഭാഷകൾക്ക് വളരെ പഴക്കമുള്ള വ്യാകരണ പാരമ്പര്യവും നിഘണ്ടു പാരമ്പര്യവും ഉണ്ട്.
മലയാളത്തെ സംബന്ധിച്ച് ആയിരം വർഷത്തേക്കാൾ പഴക്കമുള്ള ഒരു രേഖയും മലയാളത്തിൽ ഇല്ല എന്ന കാര്യം ഭാഷാ ചരിത്രത്തെക്കുറിച്ച് സാമാന്യധാരണയെങ്കിലും ഉള്ളവർക്ക് അറിയാം.ഒമ്പതാം നൂറ്റാണ്ടിലെ വാഴപ്പള്ളി ശാസനത്തേക്കാൾ പഴയ ഒരു രേഖയും മലയാളത്തിൽ ഇല്ല. ഭാഷയുടെ
സ്വതന്ത്രാസ്തിത്വത്തിന്റെ സൂചനയായ ഭാഷയുടെ പേര് ആധുനികകാലത്ത് മാത്രമാണ് മലയാളത്തില്‍ ഉണ്ടായതെന്നും രണ്ടു ഭാഷണ ഇനങ്ങളെ (Speech forms ) വ്യത്യസ്ത ഭാഷകളാണോ ഒരു ഭാഷയുടെ ഭാഷാഭേദങ്ങൾ ആണോ എന്ന് തീരുമാനിക്കുന്ന പരസ്പര ഗ്രാഹ്യത മലയാളത്തിനും തമിഴിനും തമ്മിൽ കൂടുതലാണെന്നും ഗ്രന്ഥകർത്താവ് വിശദീകരിക്കുന്നുണ്ട്. പദാവലിയുടെ കാര്യം പരിശോധിച്ചാൽ മലയാളത്തെ തമിഴിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകം കടംകൊണ്ട സംസ്കൃത വാക്കുകളാണ്. ഇവയെ നീക്കം ചെയ്താൽ മലയാളത്തെ ഇന്നും തമിഴിന്റെ പ്രാദേശിക ഭേദമായി വിശേഷിപ്പിക്കാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
മലയാളത്തിന്റെ ചരിത്രത്തെക്കുറിച്ച് അന്നോളം ഉണ്ടായിരുന്ന ധാരണകളെ
തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള ശിലാശാസനങ്ങളോ പ്രാചീന ഗ്രന്ഥങ്ങളോ പുതുതായി കണ്ടെത്തിയിട്ടുണ്ടായിരുന്നില്ലെങ്കിലും ഒരേസമയം ദുർബലവും ഭാഷാചരിത്ര തത്വങ്ങൾക്ക് നിരക്കാത്തതുമായ ചില വ്യാഖ്യാനങ്ങൾ തെളിവുകളായി ഉന്നയിച്ചു കൊണ്ടാണ് കേരളത്തിലെ ഒരു സംഘം പണ്ഡിതന്മാർ ശ്രേഷ്ഠഭാഷാ വാദം ഉയർത്തിയത് എന്ന് ഗ്രന്ഥകർത്താവ് ചൂണ്ടിക്കാട്ടുന്നു.മലയാള ഭാഷയിൽ ഉണ്ടായിരുന്ന സംസ്കൃത സ്വാധീനത്തിൽ വലിയ അഭിമാനം ഉണ്ടായിരുന്നവർ പൊടുന്നനെ തമിഴ് പാരമ്പര്യത്തെ ഉയർത്തിക്കാട്ടാൻ തുടങ്ങുകയും തമിഴിനേക്കാൾ പ്രാചീനമായ ഭാഷാ സവിശേഷതകൾ മലയാളത്തിനുണ്ടെന്നും പൂർവ്വദ്രാവിഡത്തിൻ്റെ സവിശേഷ ഘടനകളും പദങ്ങളും മലയാളത്തിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നുമുള്ള കണ്ടെത്തലുകൾ പ്രചരിപ്പിച്ചു തുടങ്ങി.തൊൽക്കാപ്പിയം മലയാളത്തിന്റെയും കൂടി വ്യാകരണം ആണെന്നും സംഘസാഹിത്യത്തിന്റെ തുടർച്ചയാണ് പഴയ മലയാളസാഹിത്യം എന്നും പറയാൻ അവർക്ക് യാതൊരു മടിയും ഉണ്ടായില്ല.മലയാളത്തിൻ്റെ ക്ലാസിക്കൽ സ്വഭാവം വിശദീകരിച്ചുകൊണ്ട് അക്കാലത്ത് പുറത്തുവന്ന തൊൽക്കാപ്പിയത്തിലെ മലയാളത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന് നാനൂറിൽ പരം പേജുകൾ ഉണ്ടെന്നും നാനൂറു പുറങ്ങളിൽ നിരത്തി വയ്ക്കാവുന്ന മലയാളം തൊൽക്കാപ്പിയത്തിൽ ഇത്രയും കാലം ആരുമറിയാതെ മറഞ്ഞു കിടന്നത് എങ്ങനെയെന്ന് ആരും അത്ഭുതപ്പെട്ടു പോകുമെന്നും അദ്ദേഹം തുടർന്നെഴുതുന്നു. ഭാഷാചരിത്രത്തെയും എല്ലാ വസ്തുതകളെയും വളച്ചൊടിച്ചുകൊണ്ട് മലയാളത്തിന് 2000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് വാദിക്കുന്ന പണ്ഡിതന്മാർ മുളച്ചു വരികയും ഭാഷാ ശാസ്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് കടകവിരുദ്ധമായ കാര്യങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്തിയ മഹാ സത്യങ്ങളായി ഉദ്ഘോഷിക്കുകയും ചെയ്തു.വ്യാജമായ ഭാഷാഭിമാനം സൃഷ്ടിക്കാനും ഇത്തരക്കാർ ശ്രമിച്ചു. ഭാഷാശാസ്ത്രത്തെയും ഭാഷാചരിത്ര പ്രഭവങ്ങളെയും അടിസ്ഥാനമാക്കി മലയാള ഭാഷയുടെ ചരിത്രത്തിന്റെ നിജ സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്തവരെ പൊതുശത്രുക്കളായാണ് അവർ കണ്ടത്. ‘മലയാള ഭാഷ തൊൽക്കാപ്പിയത്തിൽ’ എന്ന കൃതിയിലൂടെ ആർ ഗോപിനാഥനും ‘മലയാളം ക്ലാസിക് ഭാഷ പഴക്കവും വ്യക്തിത്വവും’ എന്ന കൃതിയിലൂടെ നടുവട്ടം ഗോപാലകൃഷ്ണനും ഭാഷാചരിത്രത്തെക്കുറിച്ച് പച്ചക്കള്ളങ്ങൾ തന്നെ എഴുതി വിടുകയുണ്ടായി(ഇക്കാര്യങ്ങൾ വളരെ വിശദമായി തന്നെ ഈ കൃതി ചർച്ചചെയ്യുന്നുണ്ട്).
സത്യസന്ധത , വസ്തുനിഷ്ഠത , എന്നിവയെ പൊള്ളയായ ഭാഷാഭിമാനം കൊണ്ട് തുടച്ചുനീക്കുന്ന പ്രവണത ഒരു ആധുനിക സമൂഹത്തിന് ഒട്ടും ചേർന്നതല്ല എന്ന സുധീരമായ നിലപാടാണ് ‘മലയാളം എന്തുകൊണ്ട് ക്ലാസിക്കൽ ഭാഷയല്ല?’ എന്ന കൃതിയിൽ ഡോ. രവിശങ്കർ ഉയർത്തിക്കാട്ടുന്നത്.
ഭാഷാസ്നേഹത്തിനും ഭാഷാഭിമാനത്തിനും മുൻപ് ഗവേഷകർക്ക് വേണ്ടത് അക്കാദമികമായ സത്യസന്ധതയാണെന്ന വസ്തുത അദ്ദേഹം ഊന്നിപ്പറയുന്നു. മലയാള ഭാഷാ ചരിത്രത്തെക്കുറിച്ച് അപഹാസ്യമായ വാദമുഖങ്ങൾ ഉന്നയിച്ചപ്പോഴും വ്യാജഭാഷാ ശാസ്ത്രജ്ഞരും വ്യാജഭാഷാ ചരിത്രകാരന്മാരും പൊട്ടിമുളച്ചപ്പോഴും മലയാളത്തിലെ അക്കാദമിക സമൂഹം പുലർത്തിയ നിശബ്ദതയെ ഗ്രന്ഥകർത്താവ് നിശിതമായി വിമർശിക്കുകയും ചെയ്യുന്നു.ഗവേഷകർക്ക് മാർഗ്ഗദർശികൾ ആകേണ്ടവർ തന്നെ തെറ്റായതും അപഹാസ്യവുമായ വാദമുഖങ്ങൾ വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നത് അക്കാദമിക ജീർണ്ണതയുടെ പാരമ്യത്തെയാണ് കാണിക്കുന്നത്. മലയാളത്തിലെ ഗവേഷണ പ്രബന്ധങ്ങൾ പലതും വേസ്റ്റ് കൂമ്പാരങ്ങളായി മാറുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനുള്ള ഉത്തരം വേറെങ്ങും തേടേണ്ടതില്ല എന്നർത്ഥം.