ട്രോൾ
കഥാകൃത്ത് എന്ന നിലയിൽ അറിയപ്പെടുക. പുതുതായി ഒന്നും ആവിഷ്കരിക്കാൻ കഴിയാതെ വരിക. കഥയുടെ ആവനാഴി നിശ്ശേഷം ശൂന്യമായി പോകുമ്പോഴും നിലനിൽക്കുന്നു എന്നറിയിക്കാൻ വേണ്ടിയോ പ്രതിഫലത്തിനായോ എഴുതേണ്ടി വരിക.അസഭ്യവും അശ്ലീലവും സമാസമം കൂട്ടിക്കലർത്തി മേമ്പൊടിയായി സി വി രാമൻപിള്ള മുതൽ എം കൃഷ്ണൻ നായർ വരെയുള്ളവരുടെയും ബ്രിട്ടീഷ് റോക്ക് ഗായകൻ ഫ്രഡ്ഡി മെർക്കുറി മുതൽ കാഫ്ക വരെയുള്ളവരുടെയും പേരുകളും കൃതികളും കഥകളുംചേർത്ത് എഴുത്തു നിറയ്ക്കുക. പ്രസ്തുത സാധനത്തിന് ഒരു പേരുമിട്ട് മുൻനിര മാധ്യമത്തിനയച്ചു കൊടുക്കുക. 'മഹാനുഭാവനാ'യ എഡിറ്റർ അശ്ലീല സാഹിത്യത്തെ സന്തോഷപൂർവ്വം വായനക്കാർക്ക് വിളമ്പിക്കൊടുക്കുക….ഉണ്ണി ആറിന്റെ 'സ്വയംഭാഗം' എന്ന കഥയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സത്യത്തിൽ കഥാകൃത്തിന് പറയാൻ ഒരു കഥയില്ല. വഷളത്തരവും അസഭ്യവും അശ്ലീലവും കേൾക്കാൻ ആളുണ്ടാവും എന്ന് കഥാകൃത്തിനറിയാം. പക്ഷേ അതുമാത്രം എഴുതിവെച്ചാൽ ഉദാത്ത സാഹിത്യമാവില്ലല്ലോ! അതുകൊണ്ട്
സി ജെ തോമസ്, ഇടശ്ശേരി, പട്ടത്തുവിള, കേസരി,പി കുഞ്ഞിരാമൻ നായർ , എൻ വി തുടങ്ങിയ പ്രമുഖരെ ചേർത്ത് കഥയെ 'ഉദാത്ത'മാക്കുന്നു. നായനാരെ കമ്മ്യുണിസ്റ്റ് കുഞ്ചൻ നമ്പ്യാരെന്നു വിശേഷിപ്പിച്ച് അച്ഛന്റെ പേര് കൂടി സൂചിപ്പിച്ച് ( ഗോവിന്ദൻ നമ്പ്യാർ) ജാതി സ്വത്വവും വെളിപ്പെടുത്തുന്നു. ചട്ടമ്പി സ്വാമിയെ പോലും കഥാകൃത്ത് വെറുതെ വിടുന്നില്ല. കഥയുടെ അവസാനത്തോടടുക്കെ കാഫ്കയുടെ 'ട്രയൽ' ആണ് താൻ ആദ്യം വായിച്ചത് എന്ന് പറയുന്ന നായിക " ആരും
എവിടെവെച്ചും എപ്പോൾ വേണമെങ്കിലും വിചാരണ ചെയ്യപ്പെടാം അല്ലേ?" എന്നു ചോദിക്കുമ്പോൾ ഇതുവരെ പറഞ്ഞതൊന്നുമല്ല , കഥ ശരിക്കും തുടങ്ങാൻ പോകുന്നതേയുള്ളൂ എന്ന് വായനക്കാർ പ്രതീക്ഷാനിർഭരരാകും! എവിടുന്ന് !! കാഫ്കയെയല്ല , ലോകത്തുള്ള മുഴുവൻ എഴുത്തുകാരേയും ചുമന്നു കൊണ്ട് വന്നാലും വഷളത്തരം പറയാൻ മാത്രം ഉദ്ദേശിച്ച് എഴുതപ്പെടുന്ന ഒരു കഥ അതിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കില്ലല്ലോ !!! സ്വയംഭോഗത്തിൽ തുടങ്ങി സംഭോഗത്തിലവസാനിക്കുന്ന, കഥ എന്ന് പേരിട്ടിരിക്കുന്ന ഈ സാധനം മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് പ്രത്യക്ഷപ്പെട്ടത്. നാട്ടിൻപുറങ്ങളിൽ കലുങ്കിലും കടത്തിണ്ണകളിലുമിരുന്ന് വഷളൻ കഥകൾ പറഞ്ഞ് ആൺ കൂട്ടങ്ങളെ കോരിത്തരിപ്പിക്കുന്ന 'നാട്ടുസാഹിത്യകാര'ന്മാരോട് 'എന്നാ താൻ അതൊക്കെ ഒന്നെഴുതി താ ' എന്ന് പറഞ്ഞാൽ അവർ പോലും എഴുതാൻ മടിക്കും. വിളിച്ച് കൂവുന്ന
വഷളത്തരങ്ങളെല്ലാം എഴുതിപ്പിടിപ്പിക്കാൻ പാടില്ലെന്ന വകതിരിവ് അവർക്ക് പോലും കാണും.എന്നാൽ ഒരു മുൻനിര മാധ്യമത്തിലേക്ക് വഷളത്തര
മണിപ്രവാളമെഴുതിക്കൊടുക്കാൻ ഉണ്ണി ആർ - നൊ കിട്ടിയപാടെ വാരികയിൽ വിളമ്പാൻ അതിന്റെ എഡിറ്റർക്കൊ യാതൊരു മടിയുമുണ്ടായില്ല. മഞ്ഞപ്പത്രങ്ങളുടെ കൂട്ടത്തിൽ പെട്ടാലും വേണ്ടില്ല, സർക്കുലേഷൻ കുറയാതിരുന്നാൽ മതിയെന്നാവും എഡിറ്റർക്ക്.ഇങ്ങനെ ഒരു കഥയിൽ തന്നെക്കൂടി കഥാപാത്രമാക്കിയിട്ടുണ്ടെന്നെങ്ങാനും എം കൃഷ്ണൻ നായർ അറിഞ്ഞാൽ, അദ്ദേഹം ഒന്നുകൂടി അവതരിക്കാനുള്ള സാധ്യതയുമുണ്ട്!
മുട്ടിനു മുട്ടിന് മൺമറഞ്ഞ എഴുത്തുകാരുടെ ഉദ്ധരണികളും പേരുകളും കൃതികളും അവരെ കുറിച്ചുള്ള കഥകളും ചേർത്ത് ഉള്ള് പൊള്ളയായ എഴുത്തിനെ ഉദാത്തമാക്കാം എന്ന ധാരണ പലർക്കുമുണ്ട്.അത്തരം എഴുത്തുകൾ മുൻനിര മാധ്യമങ്ങളിൽ അച്ചടിച്ചു വരുകയും അംഗീകരിക്കപ്പെടുകയും
പുരസ്കൃതമാവുകയും ചെയ്യുമ്പോൾ അവ ഉദാത്ത സാഹിത്യം തന്നെയെന്ന തെറ്റിദ്ധാരണയിൽ വായനക്കാരുമെത്തും.
സുപ്രസിദ്ധ എഴുത്തുകാരുടെ പേരുകളും കൃതികളും ഉപയോഗിച്ച് സ്വന്തം എഴുത്തിലെ ഓട്ടയടക്കാൻ ശ്രമിക്കുന്നവർ എഴുത്തു പണി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും പണിക്കു പോകുന്നതാണ് നല്ലത്. എന്തിന് മലയാളസാഹിത്യത്തെ ദ്രോഹിക്കുന്നു?