top of page

ക്രൈം ത്രില്ലർ കവിത !

ട്രോള്‍

മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു കൊലപാതകം. വിദഗ്ദ്ധമായ ആസൂത്രണത്തിന്റെ കൃത്യമായ ചിത്രീകരണം.കൊലപാതകത്തിന്റെ തത്സമയ ദൃശ്യങ്ങൾ ഒരു ക്യാമറയിലെന്ന വണ്ണം പകർത്തി കവിതയിലാക്കുക. വെളുത്ത ചില്ലിട്ടു മൂടി വായനക്കാർക്ക് മുന്നിൽ വയ്ക്കുക. ഒരു ക്രൈം ത്രില്ലർ കാണുന്ന മാനസികാവസ്ഥയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുക.കവിത കൊണ്ട് അവരുടെ ഹൃദയമുരുക്കുക. ഒരു ദീർഘയാത്ര എന്ന് കരുതി ചെയ്യുന്ന സഞ്ചാരങ്ങൾ നിഗൂഢമായ ഇടപെടലുകളാൽ ആകസ്മികമായി നിലച്ചു പോകുന്നതിന്റെ ദൃശ്യാവിഷ്കരണമാണ് ഷീജ വക്കത്തിന്റെ 'ഒരു ലോറി ചുരമിറങ്ങുമ്പോൾ' എന്ന കവിത. 2022 ൽ പുറത്തിറങ്ങിയ 'അന്തിക്കള്ളും പ്രണയ ഷാപ്പും' എന്ന സമാഹാരത്തിലാണ് കവിതയുള്ളത്.ഒരു ചെറിയ ക്രൈം ത്രില്ലർ കവിത!

കവിതയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യ പകുതി ക്ലൈമാക്സും രണ്ടാം പകുതി ഫ്ലാഷ് ബാക്കും. ദൃശ്യ ബിംബങ്ങളുടെ സമൃദ്ധിയാൽ വാസ്തവത്തിൽ ഷീജയുടെ കവിത ഒരു ദൃശ്യ കവിതയായി മാറുന്നുണ്ട്. സംഭവത്തിന്റെ ക്ലൈമാക്സിലാണ് കവിത തുടങ്ങുന്നത്. ചിറകുകൾ അടർന്ന് പുല്ലുകൾക്കിടയിലേക്ക് തെറിച്ചുപോയ കോളിഫ്ലവറുകൾ. കെട്ടഴിഞ്ഞ് രക്തപ്പുഴയിൽ കൊടുംകൈ കുത്തിക്കിടക്കുന്ന കറിവേപ്പിലത്തണ്ടുകൾക്കിടയിൽ സംഭവസ്ഥലത്ത് വച്ച് തന്നെ പുറന്തള്ളപ്പെട്ട ഒരാത്മാവ് നിന്നു വിറച്ചു.ആദ്യത്തെ പകപ്പടങ്ങിയപ്പോൾ അത് ലോറിയുടെ പിൻ ടയറുകൾക്കിടയിലേക്ക് പണിപ്പെട്ട് എത്തി വലിഞ്ഞു നോക്കി.ഉലഞ്ഞ മഞ്ഞ സാരി ഞൊറികൾക്കിടയിൽ വെണ്ണത്തൂണുകൾ പോലെ രണ്ട് വെളുത്ത തുടകൾ.ഒന്ന് അമർത്തിത്തൊട്ടാൽ പൊട്ടിപ്പോവുന്ന വെറും ഒരു കൂട് ചോര പോൽ ശരീരം! എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പാക്കിയ മരണം മതിൽ ചാരി നിന്ന് ചിരിച്ചു. പിന്നെ

ഓടിക്കൂടിയ മൊബൈൽ കണ്ണുകൾക്കിടയിലൂടെ ലോറിക്കടിയിലേക്കു ഒന്നേന്തി നോക്കി തൃപ്തനാകുന്നു. ഭാഷയും അവതരണവും ബിംബങ്ങളും കവിതയെ ദൃശ്യമാക്കി പരിണമിപ്പിക്കുന്നു.


ക്ലൈമാക്സിൽ നിന്ന് ക്രൈം ത്രില്ലറിലെന്നപോലെ കവി നമ്മെ ഫ്ലാഷ് ബാക്കിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടെ ലോറിക്കടിയിൽപ്പെട്ട് ഒടുങ്ങിയവളെയും അതിനിടയാക്കിയ ലോറി ഡ്രൈവറെയും മറ്റാരുമറിയാതെ ആ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത മരണത്തെയും പരിചയപ്പെടുന്നു.കൃത്യം അഞ്ചര മണിക്ക് ഒരു കിളിയുടെ ഒച്ചയിലാണ് മരണം ലോറിഡ്രൈവറെ വിളിച്ചുണർത്തിയത്.അഞ്ചരയുടെ തീവണ്ടിയായി അതേ സമയത്ത് തന്നെ അന്നത്തെ "അതിഥി"യെയും അത് വിളിച്ചുണർത്തുന്നു. അയാൾ പച്ചക്കറി നിറച്ച ലോറിയുമായി ചുരമിറങ്ങി. അവൾകുളിക്കുമ്പോൾ പാടുകയും മുലക്കച്ച കെട്ടി നിലക്കണ്ണാടിക്ക് മുന്നിൽ മുടി ഉണക്കുകയും ചെയ്തു.അന്നുച്ചവരെ മരണം ഇരുവർക്കുമിടയിൽ ഒരു ഗൈഡിനെ പോലെ അവിശ്രമം പണിയെടുത്തു.അയാൾ ചെക്ക് പോസ്റ്റ് കടന്നപ്പോൾ അവൾ കുക്കറിൽ കടല വേവിച്ചു. അയാൾ ഉച്ചയൂണ് കഴിക്കുമ്പോൾ അവൾ മഞ്ഞ സാരി ഞൊറിഞ്ഞുടുത്തു. ഇടയിൽ വന്ന ദിശാവ്യതിയാനങ്ങളിലെല്ലാം മരണം വളരെ വിദഗ്ദ്ധമായി ഇടപെട്ടു.ശരിക്കും അയാൾ ബൈപ്പാസ് വഴി കയറേണ്ടതായിരുന്നു. പക്ഷേ അവിടെ ഒരു ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെട്ടു. അവളാകട്ടെ അൽപ്പം കൂടി നേരത്തെ നഗരത്തിലെത്തി രക്ഷപ്പെടേണ്ടതായിരുന്നു.അവളെ വൈകിപ്പിക്കാൻ ചെരിപ്പിന്റെ വാർ പൊട്ടിക്കേണ്ടി വന്നു.ആസൂത്രണത്തിൽ ഒരു ചെറിയ പാകപ്പിഴ പോലും ഇല്ലാതിരുന്നത് കൊണ്ട് നാലും കൂടിയ കവല മുറിച്ചു കടക്കുമ്പോൾ അവർ പരസ്പരം കണ്ടു.പാഞ്ഞു വന്ന ലോറിയുടെ ബ്രേക്ക് പോയോ എന്നവൾ ഭയന്ന, ബ്രേക്ക് പോയി എന്നയാളറിഞ്ഞ ആകസ്മികമായ ആ നിമിഷത്തിൽ അപരിചിതമായ അവരുടെ നോട്ടങ്ങൾ കൂട്ടിമുട്ടി.

"ആസൂത്രിതമായ ആ നിമിഷം വീക്ഷിച്ചുകൊണ്ട് മരണം ആകാംക്ഷയോടെ തൊട്ടടുത്ത മതിലിൽ ചാരി നിന്നു"

എന്ന വരികളിൽ ഫ്ലാഷ് ബാക്കും കവിതയും അവസാനിക്കുന്നു. കവിത കഥയായും ദൃശ്യാവിഷ്കാരമായും മാറുന്നു. മനുഷ്യാനുഭവങ്ങളും ജീവിതദുരന്തങ്ങളും മറ്റുള്ളവർക്ക് കാണാനുള്ള കാഴ്ച മാത്രമായി മാറുന്ന കാലത്ത് മരണം ആസൂത്രണം ചെയ്യുന്ന മനുഷ്യ ജീവിത ക്ഷണികതയെ കവിതയിൽ ദൃശ്യവൽക്കരിച്ചതിന്റെ മികവിന് കവി അഭിനന്ദനം അർഹിക്കുന്നു. പക്ഷേ കവിതയിൽ ഒരു ക്രൈം ത്രില്ലർ കണ്ടതിന്റെ പകപ്പ് മാറാൻ വായനക്കാർക്ക് സമയമെടുക്കും!




 

ജൂലി.ഡി.എം
0 comments

Related Posts

കാടും മനുഷ്യരും : കരിമ്പുലി എന്ന കഥ  ഒരു പഠനം

യമുന . ടി മറ്റു സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭാഷ ശില്പങ്ങളിൽ നിന്നുകൊണ്ട് വൈവിധ്യമായ ജീവിതാനുഭവങ്ങളെ ഏകാഗ്രമായി...

bottom of page