top of page

വിമർശന സിദ്ധാന്തവും ജ്ഞാനമാതൃകകളും

പ്രഭാഷണം / സാംസ്കാരിക വിമർശനം

''വളരെ ക്രൂരമായ ഒരു സാംസ്കാരിക മൗനത്തിലേക്കാണ് ലോകത്തിലെ ജനങ്ങൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യനും ആശയപരമായ ഫാസിസത്തിൻ്റെ കെണിയിൽ വീഴുമ്പോഴും, മൗലികവാദത്തിൻ്റെ കെണിയിൽ വീഴുമ്പോഴും വളരെ ഉദാസീനനായി നോക്കിയിരുന്നുകൊണ്ട് അതിനെയും ഒരു പത്രവാർത്തയായി കാണുന്ന ഹൃദയം നമുക്കിന്ന് കൈവന്നിട്ടുണ്ട്. ഇന്നാരെയാണ് നിരോധിച്ചിട്ടുള്ളതെന്ന്, ഇന്നാർക്കു നേരെയാണ് വധഭീഷണി വന്നിട്ടുള്ളതെന്ന്, നിരന്തരം വായിച്ചും രസിച്ചും പോരുന്ന നിർവ്വികാരമായൊരു മനഃസാക്ഷി നമുക്കും വളരെ പതുക്കെ ഉണ്ടായിക്കൊണ്ടിരിക്കയാണ്. ഒരു സമൂഹത്തിൻ്റെ ലക്ഷ്യവും മാർഗവും നിർണയിക്കേണ്ടത് സാമൂഹികചിന്തയാണ്, സാങ്കേതികവിദ്യയല്ല എന്ന പ്രാഥമികസത്യം നിസ്സാരമാക്കപ്പെട്ടിരിക്കുന്നു'' . തൊണ്ണൂറുകളിൽ എം.എൻ വിജയൻ ഇപ്രകാരം എഴുതിയിട്ടുണ്ട്. ചില എഴുത്തുകൾ അങ്ങനെയാണ്. പിന്നീട് വരുന്ന കാലമായിരിക്കും കുറച്ചുകൂടി തെളിച്ചത്തിൽ അത് വായിക്കുക. അധികാരം അടിസ്ഥാന വർഗ്ഗങ്ങളിലേക്ക് പോകുന്നതിനെ തടസ്സപ്പെടുത്തുന്ന ഒരു മനോഭാവം കേരളത്തിൽ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. 1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലംപതിക്കുന്നതിന് പിന്നിലും അത്തരമൊരു മനോഭാവമാണെന്നുള്ളത് എന്ന് വ്യക്തമാണ്. നാട്ടിൻപുറങ്ങളിൽ ഒരാൾ കമ്യൂണിസ്റ്റാവുന്നതിലെ ഏറ്റവും വലിയ അപകടമായി ആളുകൾ കണ്ടത്, അയാൾ ജാതിപരമായോ,സാമ്പത്തികമായോ താഴേക്കിടയിലാക്കപ്പെട്ടവരുമായി അടുത്തിടപഴകുന്നു എന്നതാണ്. ഈ മനോഭാവം ഇപ്പോഴും ഏറിയും കുറഞ്ഞും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. പല കാലങ്ങളിൽ ഇത് പുറത്തേക്ക് പ്രകടമായിരുന്ന വഴികൾ പലതായിരുന്നു. എന്നാൽ ഇന്ന് അടിസ്ഥാനവർഗ്ഗ പങ്കാളിത്തത്തെ ചെറുക്കുന്ന ആ മനോഭാവം ഏറ്റവും കൂടുതൽ പ്രകടമാവുന്നത് പത്ര-ദൃശ്യ-ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണെന്നു കാണാം. ''വാർത്തകൾ എത്തിക്കുകയാണ് മാധ്യമങ്ങളുടെ ലക്ഷ്യമെങ്കിലും ഇന്ന് അവയുടെ ഫലം ഇച്ഛകൾ ഉൽപാദിപ്പിക്കുകയാണ്" എന്ന് വളരെ മുമ്പ് തന്നെ എം.എൻ വിജയൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രവചനാത്മകമായി എല്ലാം പറഞ്ഞിരുന്നു എന്നല്ല, അദ്ദേഹത്തെപ്പറ്റി പറയുമ്പോൾ അത്തരം അതീന്ദ്രിയ സംജ്ഞകൾ അസ്ഥാനത്താവും.

ലോകത്തെ എങ്ങനെ പരിവർത്തിപ്പിക്കും എന്ന് ചിന്തിച്ചിരുന്ന ഒരു പഴയ തലമുറയുടെ പാരമ്പര്യം പങ്കുവെച്ചയാളാണ് അദ്ദേഹം. ലോകത്തിനായി തങ്ങൾക്കു ചിലത് ചെയ്യാനുണ്ട് എന്ന ശുപാപ്തി വിശ്വാസം അവരിൽ കാണാം. എന്നാൽ നമുക്ക് ആ ആത്മവിശ്വാസമില്ലെന്ന് മാത്രമല്ല, നാം നമുക്ക് ചുറ്റുമുള്ള ഒരു കമ്പോളത്തിന് തലവെച്ചുകൊടുക്കുകയും ചെയ്തു. എങ്ങനെയാണ് നാം കമ്പോളവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് നമ്മെ പഠിപ്പിച്ചു തുടങ്ങിയത് എം.എൻ വിജയനായിരുന്നു. കേരളത്തിൻ്റെ ചിന്തയുടെ ചരിത്രത്തിൽ എല്ലായ്പ്പോഴും യുക്തിയും മിസ്റ്റിസിസവും കൂടിക്കലർന്നു കാണാം. നാരായണ ഗുരു തൊട്ടുള്ള എല്ലാ ചിന്തകളിലും പ്രത്യേക തരത്തിലുള്ള ഈ യുക്തി പ്രകടമായിത്തന്നെ കാണാം. സന്യാസത്തെ വിട്ട് ദേശീയപ്രസ്ഥാനത്തിലേക്കും പിന്നീട് മാർക്സിലേക്കും തുടർന്ന് ഫ്രോയിഡിലേക്കും കടന്നുവരുന്ന എം എൻ വിജയൻ വിമർശനപദ്ധതിയുമായി നിരന്തരം ഇടപെഴകുന്നുണ്ടെന്നു കാണാം. മാർക്സിൻ്റെ തന്നെ ഏറ്റവും വലിയ സംഭാവന 'വിമർശം' എന്ന പദ്ധതിയെ ലോക മദ്ധ്യത്തിൽ കൊണ്ടുവച്ചു എന്നതാണ്. ലോകത്തെ ആത്മനിഷ്ഠമായിക്കൂടി കാണുന്നതിൽ യാന്ത്രികഭൗതികവാദം പരാജയപ്പെടുന്നതിനെ സംബന്ധിച്ചായിരുന്നു മാർക്സിൻ്റെ ആദ്യവിമർശം. രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിനുള്ള (Critique to Political Economy) വിമർശമായിരുന്നു മാർക്സിൻ്റെ ആദ്യപുസ്തകം. 'ഒരു വ്യക്തി നിലനിൽക്കുന്നതിന് ചുറ്റുപാടുമുള്ള പ്രവർത്തനമണ്ഡലമാണ് അയാളുടെ ബോധത്തെ നിർണയിക്കുന്നത് ' എന്നാണ് മാർക്സ് സൂചിപ്പിക്കുന്നത്. അത്തരമൊരു വിമർശത്തെ തത്ത്വചിന്താപരമായും പ്രായോഗികമായും മലയാളത്തിൽ മുന്നോട്ടു കൊണ്ടുപോയതിൽ എം എൻ വിജയൻ്റെ പ്രയത്നം ശ്രദ്ധേയമാണ്. മാർക്സിനേയും ഫ്രോയിഡിനെയും ഐൻസ്റ്റീനെയും ഡാർവിനെയും വ്യത്യസ്തമായ തരത്തിൽ മലയാളത്തിലേക്ക് കൊണ്ടുവരുന്നത് അദ്ദേഹമാണ്. ഇത്തരത്തിൽ ലോകത്തെ പുതിയ മട്ടിൽ നിർമ്മിച്ച പല ആളുകളിലൂടെയും ജീവിതത്തെ ആഴങ്ങളിലേക്ക് അദ്ദേഹം കൊണ്ടു പോകുന്നു. 'സ്വപ്നം എന്നത് ഒരു കഥയല്ല, ഒരു ചരിത്രമാണെന്ന ബോധം ഉണ്ടാക്കിയത് ഫ്രോയിഡാണ് ' എന്ന് അദ്ദേഹം പറയുന്നുണ്ട്. യാന്ത്രിക ഭൗതികവാദത്തെ ചരിത്രപരമായും ഫ്രോയിഡിനെ ഉപയോഗിച്ചും വിമർശനാത്മകമായി എങ്ങനെ പുനഃസൃഷ്ടിക്കാം എന്നത് എം എൻ വിജയൻ്റെ ഒരു പ്രധാന പ്രൊജക്ടാണെന്നാണ് മനസിലാക്കേണ്ടത്.


ഫാസിസത്തിൻ്റെ അബോധതന്ത്രങ്ങളെ തിരിച്ചറിയുകയും അതിനെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സംഭാവന. ചരിത്രത്തിൽ നിന്നുകൊണ്ടും അതിനെ ഉപയോഗിച്ചുകൊണ്ടും ഫാസിസം ഏത് അബോധതലങ്ങളിലൂടെയാണ് ഭാവിയിൽ അവതരിക്കാൻ പോകുന്നതെന്ന് തൊണ്ണൂറുകളിൽ മലയാളികളോട് ആദ്യമായും അവസാനമായും പറയുന്നത് അദ്ദേഹമാണ്. 'ഭൂതകാലമാണ് സാദ്ധ്യമായ എല്ലാ വീണ്ടെടുപ്പിൻ്റെയും താക്കോൽ. അപായത്തിൻ്റെ ഒരു നിമിഷത്തിൽ തെളിച്ചു കാണിക്കുന്ന ഓർമ്മയെ പിടിച്ചെടുക്കലാണ് ചരിത്രം. അതു കൊണ്ട് ചില ഓർമ്മകൾ നിർണായകമാണ്. ഏത് സമയത്തും ഒരു സമരത്തിൽ സുപ്രധാനമായ ഒരു പങ്ക് വഹിക്കുച്ചേക്കാവുന്ന നിമിഷങ്ങളുടെ ഒരു ശേഖരം എന്ന നിലയിൽ ഭൂതകാലം നിലനിൽക്കുന്നുണ്ട്' എന്ന് വാൾട്ടർ ബെന്യാമിൻ ( A Theory of History of Philosaphy) പറയുന്നുണ്ട്. പല കാലങ്ങളെ മലയാളികൾക്ക് മുന്നിൽ കൂട്ടിയോജിപ്പിക്കുകയാണ് എം.എൻ വിജയൻ ചെയ്തത്. കേസരി നടത്തിയ പഠനങ്ങളെ മറ്റൊരു നിലക്ക് വീണ്ടും അവതരിപ്പിച്ചത് അദ്ദേഹമാണ്. പല കാലങ്ങളെയും സ്ഥലങ്ങളെയും യോജിപ്പിച്ച് മലയാളിയുടെ ബോധത്തെ വികസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അകത്തും പുറത്തും നടത്തുന്ന വിമർശനം എന്ന അർത്ഥത്തിൽ, വൈലോപ്പിളളിയിലേക്ക് അദ്ദേഹമെത്തിയത് അത്രയും സ്വാഭാവികമായിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ മലയാളകവിതയിലെ സ്വകാര്യസ്വത്ത് അവസാനിപ്പിച്ചത് അദ്ദേഹമായിരുന്നു. കവിയുടെ അധികാരം ആർക്കാണ് എന്ന പ്രശ്നമാണ് അദ്ദേഹം ഉന്നയിച്ചത്. കവിതക്ക് പിന്നിലുള്ള ആൾക്കൂട്ട മനഃശാസ്ത്രത്തിനെ പിടിച്ചിറക്കിക്കൊണ്ടു വന്നതാണ് എം എൻ വിജയൻ നടത്തിയ ഏറ്റവും വലിയ സമരമെന്ന് പറയാം. അനുകരണത്തിൻ്റെ അനുകരണമായ കലയെ സമൂഹത്തിൽ നിന്ന് പുറന്തള്ളാൻ പ്ലേറ്റോ പറയുന്നുണ്ട്. എന്നാൽ പിന്നീട് വരുന്ന കല മുതലാളിത്തം നിർമ്മിച്ച ആധുനിക നാഗരികതക്കും അതിൻ്റെ ഉപകരണാത്മക യുക്തിക്കും ശാസ്ത്രം കൊണ്ടുവരുന്ന യാന്ത്രിക ഭൗതികവാദത്തിനും എല്ലാമെതിരെയുള്ള ഒരു വിമർശമായി മാറുന്നുണ്ട്. ഇത്തരത്തിൽ വിമർശനാത്മകമായി കല പ്രവർത്തിക്കണം എന്ന ആശയത്തെ പിൻപറ്റിക്കൊണ്ടു തന്നെയാണ് എം എൻ വിജയൻ്റെ സാഹിത്യത്തിലുള്ള എല്ലാ ഇടപെടലുകളും സംഭവിച്ചിട്ടുള്ളത്. അതിനാലാണ് വിജയൻ മാഷ് ഇങ്ങനെ എഴുതുന്നത്: ''അതുകൊണ്ട് തീർച്ചയായും ഇവിടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന കലാകാരന്മാരുടെ സംഘം രാജ്യം പിടിച്ചടക്കാനുള്ള സംഘമല്ല, മറിച്ച് നമ്മുടെ അയലുകളിലെല്ലാം ചെന്നായ്ക്കൾ വന്നെത്തിയിരിക്കുന്നു എന്ന് വിളിച്ചു പറയാൻ നിയുക്തമായ സംഘമാണ്".


''ലാവണ്യത്തെ ഒരു കേവലമാനമാക്കുവാനോങ്ങുന്ന എല്ലാ കാലയളവുകളിലും അടിത്തറയെ ക്ഷുഭിതമാക്കുന്ന സാംസ്കാരിക പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത് ' എന്ന് എം എൻ വിജയൻ പറയുന്നുണ്ട്. നിരന്തരമായ ആത്മവിമർശത്തിലൂടെ നടക്കേണ്ട ഒരു പ്രക്രിയയാണ് മാർക്സിസം, അല്ലാതെ അതൊരു കറതീർത്ത ഉൽപന്നമാകേണ്ട ഒന്നല്ല. 'ഡാർവിൻ അവസാനിക്കുന്നിടത്തു നിന്നാണ് മാർക്സ് തുടങ്ങുന്നത്. ഡാർവിൻ ജൈവാവസ്ഥയിൽ അവസാനിപ്പിക്കുകയും മാർക്സ് സാമൂഹ്യാവസ്ഥയിൽ തുടങ്ങുകയുമാണ് ' എന്ന് എം എൻ വിജയൻ പറയുന്നു. ഒരു പ്രക്രിയ എന്ന നിലക്കു മാത്രമേ എം എൻ വിജയനെയും നമുക്ക് ഓർക്കാനാവൂ. അതു കൊണ്ട് തന്നെയാവും ഒരു പ്രത്യേക കാലത്തുവന്ന വിമർശരഹിതമായ ആധുനിക സയൻസിനെ അദ്ദേഹം എതിർത്തതും എതിർക്കേണ്ടി വന്നതും. ഇന്ത്യൻ സയൻസിൽ പോലും ഈ അടുത്ത കാലത്തു മാത്രം പ്രകടമായ വിമർശനമാണ് ഇത്രയും കാലങ്ങൾക്കു മുമ്പ് അദ്ദേഹം തുടങ്ങിവെച്ചത്. 'ശാസ്ത്രം രാഷ്ട്ര പുരോഗതിക്ക്' എന്നതിലെ ശാസ്ത്രത്തിലൂടെ മാത്രമേ രാഷ്ട്ര പുരോഗതി സാധ്യമാവൂ എന്ന യാന്ത്രിക വാദത്തെ എം എൻ വിജയനും സമകാലികരും വളരെ ശക്തമായി വിമർശിച്ചു. പ്രത്യേകിച്ച് ക്വാണ്ടം ഫിസിക്സിന് ശേഷം വരുന്ന ആധുനിക ശാസ്ത്രത്തിൻ്റെ തത്ത്വചിന്തയോട് വളരെ അടുത്ത ഒരു നിലപാടായിരുന്നു അതെന്ന് മനസിലാക്കാനാവും. ശാസ്ത്രത്തിൻ്റെ രീതിശാസ്ത്രത്തെ സാമൂഹ്യ ശാസ്ത്രത്തിലേക്കും പകർത്തുക എന്നത് പോസറ്റീവിസ്റ്റുകളുടെ മാർഗ്ഗമായിരുന്നല്ലോ. മാർക്സിസത്തെ പോസറ്റീവിസവുമായി സൂക്ഷ്മതലത്തിൽ കൂട്ടിക്കെട്ടിയത് മുതലാളിത്തത്തിൻ്റെ തന്നെ ഒരു കാലത്തെ സൂത്രപ്പണിയാണോ എന്ന് സംശയിക്കണം. മാർക്സിസത്തെ യാന്ത്രികമായ സയൻസായി രേഖപ്പെടുത്തിയാൽ അതിനെ വളരെ എളുപ്പത്തിൽ എതിർക്കാമെന്നുള്ളത് മുതലാളിത്തം നേരത്തേ മനസിലാക്കിയിട്ടുണ്ട്. അതിനെയാണ് എം എൻ വിജയൻ നിരന്തരമായി എതിർത്തത്. മനുഷ്യൻ ഒറ്റക്കൊറ്റക്ക് നിൽക്കുന്ന സിവിൽ സമൂഹവാദത്തിൽ ശാസ്ത്രത്തിൻ്റെ പൂർവ്വമാതൃകകളുടെ പ്രേരണകൾ കാണാം, എല്ലാ ഘടനകൾക്കും പിന്നിൽ ആറ്റങ്ങളാണെന്ന യാഥാർത്ഥ്യം. എന്നാൽ പിന്നീട് വന്ന അറിവുകൾ ആറ്റങ്ങൾക്കിടയിൽ വലിയ സ്ഥലങ്ങളുണ്ടെന്നും, അതിലൂടെ പ്രവർത്തിക്കുന്ന ആകർഷണ/വികർഷണ ബലങ്ങളാണ് പ്രപഞ്ചത്തെ നിലനിർത്തുന്നതെന്നും പറഞ്ഞു തരുന്നുണ്ട്. പ്രപഞ്ചം തിരശ്ചീനമായ ഒരു 'Systemic Network' ആണെന്ന് ഇന്ന് നമുക്കറിയാം. ഇത്തരമൊരു ബോധത്തിൽ നിന്ന് തന്നെയാണ് എം എൻ വിജയൻ എത്രയോ മുമ്പ് നമ്മളോട് സംസാരിച്ചത് . "ജനകീയ അധികാരം ശാസ്ത്രത്തെ ഉപയോഗിക്കുന്നതിന് പകരം മുതലാളിത്ത ശാസ്ത്രയുക്തി പാർട്ടിയെ ഉപയോഗിക്കുക എന്ന നിലയിലായി "- ആവർത്തിച്ച് വായിക്കേണ്ട ഒരു വാചകം. ഫ്രോയിഡിനെപ്പോലും എം എൻ വിജയൻ സ്വാംശീകരിച്ചത് വളരെ മുമ്പെ ഏറ്റെടുത്ത വിമർശനത്തെ വിപുലീകരിക്കാൻ തന്നെയായിരിക്കണം.'''വർഗബോധത്തെ വകവരുത്താനാണ് വർഗീയതയുടെ ജൈവായുധ ശേഖരം മുതലാളിത്തം വികസിപ്പിച്ചെടുക്കുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഗീയതക്കും ആത്മഹത്യ ചെയ്യാൻ സമയമായിട്ടുണ്ടാവും'' എന്ന അദ്ദേഹത്തിൻ്റെ വാചകം ഇന്ന് വായിക്കുമ്പോൾ അത് ഇന്ത്യയുടെയും ലോകത്തിൻ്റെയും വർത്തമാനവും ഭാവിയുമായി നമുക്ക് വായിക്കേണ്ടി വരും.


(എം എൻ വിജയൻ അനുസ്മരണത്തോടനുബന്ധിച്ച് പ്രൊഫ.കെ.ബി.റോയ് നടത്തിയ പ്രഭാഷണം. ഷഹാന കെ.ടി.തയ്യാറാക്കിയത് )

 

പ്രൊഫ.കെ.ബി.റോയ്






0 comments

Related Posts

bottom of page