വിഷ്ണു പി. എ.
വെളിച്ചത്തിനു
പച്ച നിറമായിരുന്നുവെങ്കില്‍
ഇരുട്ടിന് എന്തുനിറമായിരിക്കും
ചിത്രകാരന്‍ നല്‍കുക?
പച്ചപ്പിനാല്‍ തളിര്‍ത്ത
കാടിന്റെ പഴുതുകളിലൂടെ
വെളിച്ചം അരിച്ചിറങ്ങുമ്പോള്‍
ചിത്രകാരന്,
അതിനെ വേര്‍തിരിച്ചെടുക്കാനൊക്കുമോ?
ഒരുപക്ഷേ,
മരണത്തിന്റെ സന്നിഗ്ദ്ധതകളില്‍ നിന്ന്
ജീവിതത്തിന്റെ നെരിപ്പോടുകളെ
വേര്‍തിരിക്കും വിധമാകാം അത്.
വെളിച്ചത്തിന് പച്ചനിറമാകുമ്പോള്‍
ഇരുട്ടിന് ഒരുപക്ഷേ
ചുമപ്പു നിറമാകാം.
പച്ചയും ചുമപ്പും
കലര്‍ന്ന് മഞ്ഞ നിറം പിറക്കുമ്പോള്‍
വെളിച്ചത്തിന്റെ പ്രതിച്ഛായകള്‍
ചിത്രകാരനിലൂടെ
കടന്നുപോകും.
അപ്പോള്‍ വെളിച്ചത്തിന്റെ
പൊരുളെന്തെന്ന് ചിത്രകാരന്‍
തിരിച്ചറിയും!